ഇറാഖ്‌: അധിനിവേശത്തിന്റെ പത്തുവര്‍ഷങ്ങള്‍

ഇറാഖ്‌: അധിനിവേശത്തിന്റെ പത്തുവര്‍ഷങ്ങള്‍


അധികമൊന്നും മാധ്യമ ചര്‍ച്ചകളില്‍ ഇടം പിടിക്കാതെ, മാര്‍ച്ച്‌ 20 ന്‌ ഇറാഖ്‌ അധിനിവേശത്തിന്റെ പത്താം വാര്‍ഷികം കടന്നുപോയി. 2003 മാര്‍ച്ച്‌-20 നായിരുന്നു, അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍, സദ്ദാം ഹുസൈന്‍ കൂട്ട നശീകരണായുധം കൈവശം വെക്കുന്നുണ്ടെന്ന്‌ ആരോപിച്ച്‌ ഇറാഖിനെതിരെ യുദ്ധം അഴിച്ചുവിട്ടത്‌. നിയമപരവും ധാര്‍മികവുമായ എല്ലാ അന്തര്‍ദേശീയ തത്വങ്ങളും ചവിട്ടിമെതിച്ചുകൊണ്ടാണ്‌ അമേരിക്ക ഇറാഖിലേക്ക്‌ പട നയിച്ചത്‌. സദ്ദാമിന്റെ കൈവശം കൂട്ടനശീകരണായുധങ്ങളും ജൈവായുധങ്ങളുമുണ്ടെന്ന വാദം, യുദ്ധം ന്യായീകരിക്കാന്‍ അമേരിക്ക കെട്ടിച്ചമച്ച ഒരു കഥ മാത്രമായിരുന്നുവെന്ന്‌ ഈ ദശാബ്‌ദത്തിനകം തന്നെ അമേരിക്കക്ക്‌ സമ്മതിക്കേണ്ടിവന്നു. മാത്രമല്ല, സദ്ദാമിന്റെ വധവും ഇറാഖിലെ കൂട്ടക്കൊലയും തങ്ങളുടെ സാമ്രാജ്യത്വപരമായ ലക്ഷ്യം നേടിയെടുക്കുന്നതിന്‌ അമേരിക്ക ആസൂത്രണം ചെയ്‌ത പദ്ധതിയുടെ ഭാഗമാണെന്നും ഇന്ന്‌ ലോകം അംഗീകരിച്ചിരിക്കുന്നു.
അമേരിക്കന്‍ സൈന്യം തേര്‍വാഴ്‌ച നടത്തിയ ഇറാഖ്‌ ഇന്ന്‌ ഒരു അസ്ഥിക്കൂടം മാത്രമാണ്‌. ഭൂമിയിലെ നരകമായി ആ രാജ്യം അധപ്പതിച്ചിരിക്കുന്നു. സാംസ്‌കാരിക പാരമ്പര്യങ്ങള്‍ കൊണ്ടും സാമ്പത്തിക വിഭവങ്ങള്‍ കൊണ്ടും ലോകത്ത്‌ ഉയര്‍ന്നു നിന്നിരുന്ന ഇറാഖ്‌ ദേശം ഒരു വലിയ ചാരക്കൂമ്പാരം പോലെ നിര്‍ജീവമായിരിക്കുന്നു. 2003 ലെ അധിനിവേശത്തിന്റെ പന്ത്രണ്ട്‌ വര്‍ഷം മുമ്പുതന്നെ അമേരിക്ക ഇറാഖിനോടുള്ള പ്രതികാര നടപടി ആരംഭിച്ചിരുന്നു. നീണ്ട ഉപരോധമേര്‍പ്പെടുത്തിയും യുദ്ധം ചെയ്‌തും നിരന്തരം ബോംബാക്രമണം നടത്തിയും ആ രാജ്യത്തിന്റെ ഭൗതിക സൗകര്യങ്ങള്‍ ഒട്ടുമുക്കാലും അന്നുതന്നെ തകര്‍ത്തിരുന്നു. ഗള്‍ഫു യുദ്ധത്തില്‍ രണ്ട്‌ ദശലക്ഷവും ഉപരോധത്തിലും യുദ്ധാനന്തര സാഹചര്യങ്ങളിലും 1.7 ദശലക്ഷവും ഇറാഖികള്‍ കൊല്ലപ്പെട്ടിരുന്നു.
2003 ല്‍ ആരംഭിച്ച അധിനിവേശ യുദ്ധത്തില്‍ അമേരിക്ക 1.5 മില്യന്‍ ഇറാഖികളെയാണ്‌ കൊന്നുതള്ളിയത്‌. മുറിവേറ്റും രോഗബാധിതരായും മരിച്ചത്‌ 2.7 മില്യന്‍. 1990 മുതല്‍ 2011 വരെ അമേരിക്ക കൊല ചെയ്‌ത ഇറാഖികള്‍ ഏതാണ്ട്‌ 4.6 മില്യന്‍ വരുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. ഏറെ ദയനീയമായത്‌, യുദ്ധം ഒരുവിധം അവസാനിച്ചിട്ടും ദുരിതങ്ങള്‍ക്ക്‌ ഒട്ടും കുറവു വന്നിട്ടില്ലെന്നതാണ്‌. രാഷ്‌ട്രീയ അനിശ്ചിതത്വം ഇപ്പോഴും തുടരുന്നു. ശിയാ, സുന്നി വിഭാഗീയത മൂര്‍ച്ഛിച്ച്‌ അത്‌ പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുന്നു. യുദ്ധത്തില്‍ അംഗവൈകല്യം സംഭവിച്ചവരും നിത്യരോഗികളായിത്തീര്‍ന്നവരും വിധവകളായി മാറിയവരും ഭവനരഹിതരും തൊഴില്‍ രഹിതരുമായവരും ഗതിയില്ലാതെ അലഞ്ഞുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ ഇറാഖില്‍ മതിയായ പോഷകാഹാരമോ ഭക്ഷണമോ ലഭിക്കുന്നില്ല, ചികിത്സാ സൗകര്യമോ മരുന്നോ ഡോക്‌ടര്‍മാരോ ഇല്ല. യുദ്ധത്തില്‍ മാരകായുധങ്ങള്‍ പ്രയോഗിച്ചതിനെ തുടര്‍ന്ന്‌ വിവിധ ജനിതക രോഗങ്ങളും കാന്‍സറും മറ്റും പിടിപെട്ട കുട്ടികള്‍ അടക്കമുള്ള രോഗികള്‍ ചികിത്സ കിട്ടാതെ അനുദിനം മരിച്ചുകൊണ്ടിരിക്കുന്നു. തൊഴിലില്ലായ്‌മ 27-60 ശതമാനമാണ്‌. നാണയപ്പെരുപ്പം 75 ശതമാനമായി കുതിച്ചുയര്‍ന്നിരിക്കുന്നു. എണ്ണ സമ്പത്തില്‍ ലോകത്ത്‌ രണ്ടാമതോ, നാലാമതോ നില്‌ക്കുന്ന ഇറാഖിന്റെ ജി ഡി പി 3400 ഡോളറില്‍ നിന്ന്‌ 800 ഡോളര്‍ ആയി കുത്തനെ ഇടിഞ്ഞിരിക്കുന്നു. ഈ ദുരന്തപര്‍വത്തിന്‌ ഉത്തരവാദി അമേരിക്കന്‍ സഖ്യസേന മാത്രമാണ്‌.
`ഭീകരതയ്‌ക്കെതിരെ' എന്ന ലേബലൊട്ടിച്ച്‌ ഭീകരതാണ്ഡവമാടുന്ന യു എസ്‌ നേതൃത്വത്തിലുള്ള പാശ്ചാത്യ അധിനിവേശ ശക്തികള്‍ കഴിഞ്ഞ ഒരു ദശകത്തില്‍ നടത്തിയ മനുഷ്യക്കുരുതികളുടെ കണക്ക്‌ ഞെട്ടിക്കുന്നതാണ്‌. അത്‌ ഇപ്രകാരം: ഇറാഖ്‌ (4.6 മില്യന്‍), അഫ്‌ഗാന്‍ (5.6 മില്യന്‍), ഫലസ്‌തീന്‍ (2 മില്യന്‍), സോമാലിയ (2.2 മില്യന്‍), സിറിയ (0.1 മില്യന്‍), ലിബിയ (0.1 മില്യന്‍). ഇതൊക്കെയും മുസ്‌ലിം രാജ്യങ്ങളാണെന്നത്‌ കൂടി ഓര്‍മിക്കണം. ഈ കുരുതി ഇവിടെ അവസാനിക്കുമെന്ന്‌ പറയാനാകില്ല. യമനും മാലിയും പാകിസ്‌താനും ഇറാനുമൊക്കെ അടുത്ത ലക്ഷ്യങ്ങളില്‍ പെടുന്നു. യുദ്ധ വെറിയന്മാരായ അമേരിക്കയിലെ നിയോകോണുകള്‍, അമേരിക്കന്‍ ഭരണകൂടത്തെ ഉപദേശിച്ചിട്ടുള്ളത്‌ പത്തു വര്‍ഷത്തില്‍ ഒന്ന്‌ എന്ന നിലയില്‍ `തെമ്മാടികളായ കൊച്ചു രാഷ്‌ട്രങ്ങള്‍' നിലം പരിശാക്കണമെന്നാണ്‌.
എന്നാല്‍ അമേരിക്കയിലെ സാധാരണ പൗരന്മാര്‍ക്ക്‌ ഈ ചോരക്കളി മടുത്തിട്ടുണ്ടെന്ന്‌ വേണം കരുതാന്‍. ഇറാഖ്‌ യുദ്ധത്തിന്‌ അമേരിക്ക ചെലവിട്ടത്‌ മൂന്നു ട്രില്യന്‍ ഡോളറാണ്‌. നാലായിരം യു എസ്‌ ഭടന്മാരുടെ ജീവന്‍ കൊടുക്കേണ്ടി വന്നു. രണ്ടായിരത്തോളം ഭടന്മാര്‍ ആത്മഹത്യ ചെയ്‌തു. മാറാരോഗികളും വികലാംഗരുമായവര്‍ ആയിരക്കണക്കാണ്‌. ഇറാഖ്‌ അധിനിവേശത്തിന്റെ പത്താം വാര്‍ഷികത്തില്‍, ഗുരുതരമായ പരിക്കേറ്റ്‌ കിടപ്പിലായ തോമസ്‌ യങ്‌ എന്ന യു എസ്‌ ഭടന്‍, യുദ്ധത്തിന്റെ ആസൂത്രകരായ മുന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷിനും വൈസ്‌ പ്രസിഡന്റ്‌ ഡിക്‌ ചെനിക്കുമെഴുതിയ കത്ത്‌ മനസ്സാക്ഷിയുള്ള ഏതു അമേരിക്കക്കാരനെയും സ്‌പര്‍ശിക്കാതിരിക്കില്ല. ``മിസ്റ്റര്‍ ബുഷ്‌, താങ്കള്‍ പറയൂ: ക്രൈസ്‌തവനെന്ന്‌ നടിക്കുന്ന താങ്കള്‍ കളവു പറയുന്നതും കൊള്ളയും കൊലയും നടത്തുന്നതും സ്വജനപക്ഷപാതം പിടിക്കുന്നതും പാപമാണെന്ന്‌ കരുതുന്നില്ലേ...? താങ്കള്‍ ചെയ്‌തുകൂട്ടിയ ക്രൂരതകള്‍ക്ക്‌ സമാധാനം പറയാനും ഇറാഖി ജനതയോട്‌ മാപ്പു ചോദിക്കാനും ഒരുനാള്‍ നിങ്ങള്‍ തയ്യാറാകേണ്ടി വരും.'' 

0 comments:

കുരിശ്‌ പറയുന്ന സത്യം

കുരിശ്‌ പറയുന്ന സത്യം


കുരിശ്‌ ക്രൈസ്‌തവ മതത്തിന്റെ പ്രതീകമായി മാറിയതിന്റെ ചരിത്രവഴികള്‍ പരിശോധിക്കുന്നു
ദൈവപുത്രനായ യേശുക്രിസ്‌തു ആദി മനുഷ്യന്‍ ആദം മുതല്‍ മനുഷ്യവര്‍ഗത്തെ മുഴുവന്‍ ബാധിച്ചിരിക്കുന്ന പാപഭാരം ഏറ്റെടുത്ത്‌ കുരിശിലേറി മരിക്കുകയും അങ്ങനെ ഭൂമിയിലുള്ള മുഴുവന്‍ മനുഷ്യരുടെയും ജന്മപാപം ഇല്ലാതാക്കുകയും സര്‍വരുടെയും രക്ഷകനാവുകയും ചെയ്‌തുവെന്നാണ്‌ ക്രൈസ്‌തവ വിശ്വാസം. ദൈവപുത്രന്‌ മരണം വരിക്കാന്‍ ശത്രുക്കളായ യഹൂദര്‍ നല്‌കിയ കുരിശ്‌ ത്യാഗത്തിന്റെ പ്രതീകമായി കരുതപ്പെടുന്നതില്‍ മാത്രം ഒതുക്കാതെ ആദരിക്കപ്പെടുകയും കാലക്രമേണ കത്തോലിക്ക വിഭാഗങ്ങള്‍ക്കിടയില്‍ ആദരവിന്നപ്പുറം ആരാധ്യമനോഭാവത്തിലെത്തിപ്പെടുകയും ചെയ്‌തു. കുരിശിലേറ്റിയ യേശുവിന്റെ രൂപം മാലയായി ശരീരത്തിലണിയുകയും വീടുകളിലും ആരാധനാ ഭവനങ്ങളിലും തൂക്കിയിടുകയും വിശുദ്ധ കുരിശ്‌ (Holy Cross) എന്നു വിളിച്ച്‌ പ്രത്യേകത കല്‌പിക്കുകയും ചെയ്‌തുവരുന്നു. കാത്തോലിക്കേതര ക്രൈസ്‌തവര്‍ ഇതിനെതിരെ ശക്തമായി രംഗത്തുവരുകയും യേശുക്രിസ്‌തു കുരിശിലേറ്റപ്പെട്ടിട്ടുണ്ടെങ്കിലും പ്രസ്‌തുത കുരിശിന്‌ വണക്കവും ബഹുമാനവും നല്‌കാന്‍ പാടില്ലെന്നും അത്‌ വിഗ്രഹാരാധനയുടെ ഭാഗമാണെന്നും അവര്‍ ശക്തിയായി പ്രചരിപ്പിക്കുകയും ചെയ്യുന്നു.
കുരിശ്‌ വന്ന വഴി
ലോകക്രൈസ്‌തവരില്‍ ഭൂരിപക്ഷം വരുന്ന കാത്തോലിക്ക വിഭാഗം കുരിശിന്‌ ആദരവും ആരാധ്യപദവിയുമൊക്കെ നല്‌കുന്നതുകൊണ്ട്‌ തന്നെ കുരിശ്‌ ഇന്ന്‌ ക്രൈസ്‌തവ ദര്‍ശനത്തിന്റെ പ്രതീകം തന്നെയാണ്‌. ബൈബിളിലോ യേശുവിന്റെ കാലഘട്ടത്തിലോ ഇത്തരം പ്രത്യേകതകള്‍ കല്‌പിക്കപ്പെട്ടിട്ടില്ലെങ്കിലും യേശുവിന്റെ കാലഘട്ടത്തിന്‌ വളരെ മുമ്പുതന്നെ കുരിശിന്‌ ചരിത്രപരമായ വിശേഷണവും മഹത്വവും പുണ്യവുമൊക്കെ ചില പ്രാകൃതമതങ്ങളില്‍ നിലനിന്നിരുന്നു; പല കാരങ്ങളിലും പ്രാകൃത മതങ്ങളില്‍ നിന്നും സമ്പ്രദായങ്ങളില്‍ നിന്നും കടമെടുത്ത്‌ ആദര്‍ശമായി സ്വീകരിച്ചുവരുന്ന ക്രൈസ്‌തവ ദര്‍ശനം കുരിശിന്റെ കാര്യത്തിലും അതു തന്നെയാണ്‌ ചെയ്‌തത്‌.
എ ഡി 4-ാം നൂറ്റാണ്ടുവരെ ക്രൈസ്‌തവര്‍ കുരിശിനെയോ കുരിശ്‌ രൂപത്തെയോ തങ്ങളുടെ ആദര്‍ശ ആരാധ്യചിഹ്‌നമായി സ്വീകരിച്ചിട്ടില്ല. ആദ്യകാല ക്രിസ്‌ത്യാനികള്‍ മത്സ്യത്തെ അടയാളമായി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നുണ്ട്‌. എ ഡി 325-ലെ നിക്യാ കൗണ്‍സിലിനു (Nicean Creed) ശേഷം കുരിശ്‌ റോമക്കാരുടെ മിത്രദേവന്റെ പ്രതീകമായും ത്യാഗത്തിന്റെ ചിഹ്‌നമായും ശേഷം ക്രൈസ്‌തവതയുടെ തന്നെ ചിഹ്നമായും അറിയപ്പെട്ടു.
വിഗ്രഹാരാധകരായ മിത്രാസ്‌ മതക്കാരെ പ്രീണിപ്പിച്ചും തങ്ങളുടെ ആശയാധികാരങ്ങള്‍ റോമിന്റെ മണ്ണില്‍ നിലനിര്‍ത്താനും വിജാതീയരുടെ ആദര്‍ശങ്ങളെ കൊണ്ടും കൊടുത്തും തങ്ങളുടെ നിലനില്‍പ്‌ ലക്ഷ്യംവെച്ച്‌ ക്രൈസ്‌തവര്‍ മുന്നോട്ടുനീങ്ങി. തുടര്‍ന്നങ്ങോട്ട്‌ അന്യരുടെ പലതും സ്വീകരിക്കുകയും തങ്ങളുടെ പലതും തിരസ്‌കരിക്കുകയും ചെയ്‌ത ക്രിസ്‌തുമതം യേശുക്രിസ്‌തുവില്‍ നിന്നും ബൈബിളിന്റെ അധ്യാപനങ്ങളില്‍ നിന്നും അതിവിദൂരമാവുകയായിരുന്നു.
കുരിശും തമ്മൂസും
തമ്മൂസ്‌ ബാബിലോണിയന്‍ ദൈവമായാണ്‌ അറിയപ്പെടുന്നത്‌. സൂര്യദേവന്‍ തമ്മൂസ്‌ മനുഷ്യനായി അവതരിച്ച്‌ മനുഷ്യരുടെ പാപങ്ങള്‍ക്കു വേണ്ടി ക്രൂരമായി വധിക്കപ്പെട്ട്‌ ഉയിര്‍ത്തെഴുന്നേറ്റു. സൂര്യദേവനായ തമ്മൂസിന്റെ പ്രതീകം T ആകൃതിയിലുള്ള കുരിശായിരുന്നു. ഇത്‌ ലിംഗാരാധനയുമായി ബന്ധപ്പെട്ടതാണെന്ന അഭിപ്രായവുമുണ്ട്‌. തമ്മൂസിന്റെ നാമത്തിലെ ആദ്യാക്ഷരമായ താവ്‌ (ഗ്രീക്കില്‍) ഇംഗ്ലീഷിലെ Tക്ക്‌ സമാനമാണ്‌. അത്‌ തമ്മൂസിന്റെ പ്രതീകമായും ഈ മതത്തിന്റെ ചിഹ്‌നമായും ബാബിലോണിയയിലും അയല്‍രാജ്യങ്ങളിലും ഭക്തര്‍ ഉപയോഗിക്കുകയും പ്രസ്‌തുത കുരിശിനെ ആദരിക്കുകയും ചെയ്‌തു. തമ്മൂസും അമ്മ സെറാമീസും, യേശുവും അമ്മ മര്‍യമും സമാനതകളുള്ള ബന്ധങ്ങളായി വിലയിരുത്തപ്പെട്ടിരുന്നു.
കുരിശും മിത്രമതവും
യേശുവിന്‌ നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ പേര്‍ഷ്യയില്‍ ഉത്ഭവിക്കുകയും റോമാസാമ്രാജ്യത്തില്‍ പ്രചാരം ലഭിക്കുകയും ചെയ്‌ത മതമാണ്‌ മിത്രമതം. സൂര്യദേവന്റെ അവതാരമായിട്ടായിരുന്നു റോമന്‍ ജനത മിത്രനെ മനസ്സലാക്കിയിരുന്നത്‌. ഇതിന്റെ പ്രതീകവും മിത്രമതത്തിന്റെ ചിഹ്‌നവും കുരിശായിരുന്നു. ഒലീവ്‌ മരത്തിന്റെ കൊമ്പുകള്‍ കൊണ്ടാണ്‌ ഇവര്‍ തങ്ങളുടെ കുരിശുണ്ടാക്കിയിരുന്നത്‌. എ ഡി 4-ാം നൂറ്റാണ്ടില്‍ റോം ഭരിച്ചിരുന്ന കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി (ഇദ്ദേഹത്തിന്റെ നേതൃത്തിലാണ്‌ സര്‍വ ആചാരങ്ങളും ക്രൈസ്‌തവതയിലേക്ക്‌ കടന്നുവന്നത്‌) മിത്ര മതക്കാരനായിരുന്നു. സൂര്യദേവന്റെ അടയാളമായ പ്രകാശകുരിശിനെ ഇദ്ദേഹം ആരാധിച്ചിരുന്നു. റോമക്കാരാണെങ്കില്‍ ഇത്‌ പുരാതന ഈജിപ്‌തുകാരില്‍ നിന്നും സ്വീകരിച്ചതാണ്‌.
ഈജിപ്‌ഷ്യന്‍ ത്രിമൂര്‍ത്തികളും കുരിശും
പുരാതന ഈജിപ്‌തുകാരുടെ പ്രധാന ദേവീദേവന്‍മാരാണ്‌ ഹോറസ്‌, ഓസിറസ്‌, ഐസിസ്‌ ത്രിമൂര്‍ത്തികള്‍. ഈജിപ്‌തുകാര്‍ ഇവയ്‌ക്ക്‌ കുരുശിന്റെ പ്രതീകം നല്‌കിയിരുന്നു. സൂര്യദേവനായ ഓസിറസിനെ അവര്‍ ആരാധിച്ചിരുന്നു. ഓസിറസിന്റെ പ്രതീകം ആകൃതിയിലുള്ള കുരിശാണ്‌. ബി സി 1500-നു മുമ്പുതന്നെ കുരിശാഭരണങ്ങളും വസ്‌ത്രങ്ങളില്‍ കുരിശടയാളങ്ങളും അവര്‍ ഉപയോഗിച്ചിരുന്നുവെന്നാണ്‌ ചരിത്രം പറയുന്നത്‌.
എന്ന പ്രതീകം (xp ആകൃതിയില്‍) ക്രൈസ്‌തവ ദേവാലയങ്ങളില്‍ കാണാം. പുരാതന ഈജിപ്‌തുകാരില്‍ നിന്ന്‌ അപ്പടി പകര്‍ത്തിയതിന്റെ വ്യക്തമായ തെളിവാണിത്‌. ക്രിസ്‌തുവിന്‌ വളരെ നൂറ്റാണ്ടു മുന്‍പുതന്നെ ഈജിപ്‌ത്‌, ബാബിലോണിയ, പേര്‍ഷ്യ, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ പ്രാകൃതമതങ്ങള്‍ നിലനിന്നിരുന്നുവല്ലോ. അവ മിത്രാസ്‌, തമ്മൂസ്‌, ഹോറസ്‌, ബാല്‍ തുടങ്ങിയ നാമങ്ങളിലായിരുന്നു അറിയപ്പെട്ടിരുന്നത്‌. സൂര്യദേവന്റെ അവതാരങ്ങളായിട്ടായിരുന്നു വിശ്വാസികള്‍ ഇവയെ കണ്ടിരുന്നത്‌. മാത്രമല്ല, ഇവയുടെയെല്ലാം പ്രതീകങ്ങള്‍ കുരിശായിരുന്നുവെന്നത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌. ഈജിപ്‌തുകാരുടെ ദേവന്മാരായ ഓസിറസ്‌, ഐസിസ്‌, കറസ്റ്റ, സെറാപിസ്‌, ഹോറസ്‌ തുടങ്ങിയവയും ഗ്രീക്കുകാരുടെ ബാകസും കുരിശ്‌ രൂപത്തില്‍ പ്രതീകവല്‍ക്കപ്പെട്ടിരുന്നു.
``സമകോണുകളില്‍ രേഖകള്‍ കുറുകെ വെക്കുന്ന ഏറ്റവും ലളിതമായ വിധത്തില്‍ പ്രതിനിധാനം ചെയ്യുന്ന കുരിശ്‌ അടയാളം പാശ്ചാത്യ പൗരസ്‌ത്യ ദേശങ്ങളിലും ക്രിസ്‌തു മതത്തിന്റെ അവതരണത്തിന്‌ വളരെ മുമ്പുതന്നെയുണ്ട്‌. അത്‌ മാനവ സംസ്‌കാരത്തിന്റെ വളരെ വിദൂരമായ ഒരു ഘട്ടത്തിലേക്ക്‌ പിന്നോട്ട്‌ പോകുന്നുണ്ട്‌.'' (Catholic Encyclopedia -1968, Vol-4, p-517)
ബ്രിട്ടാണിക്ക എഴുതുന്നു: ``കുരിശു രൂപങ്ങള്‍ മതത്തിന്റെയോ അല്ലാത്ത രൂപത്തിലോ ആയി ക്രിസ്‌തുവര്‍ഷങ്ങള്‍ക്ക്‌ വളരെ മുമ്പ്‌ തന്നെ നിലവിലുണ്ടായിരുന്നു. എന്നാല്‍ ഇത്‌ ഒരു തിരിച്ചറിയല്‍ രൂപത്തിലാണോ ആരാധനാ മനോഭാവത്തോടെയാണോ എന്നത്‌ വ്യക്തമല്ല. ജീവിതത്തിന്റെ പ്രതീകമായി പുരാതന ഈജിപ്‌തുകാര്‍ ഇതിനെ കണ്ടിരുന്നു..... 4-ാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിക്കു മുമ്പ്‌ ക്രൈസ്‌തവര്‍ കുരിശു രൂപകല്‌പനയെ പറ്റി മൗനം പാലിച്ചിരുന്നു. കോണ്‍സ്റ്റന്റൈന്‍ ക്രിസ്‌തുമതത്തിലേക്ക്‌ വന്നപ്പോള്‍ ക്രൂശീകരണം അനിവാര്യ മരണമാവുകയും ക്രിസ്‌തുമതത്തിന്റെ വിശ്വാസമാവുകയും ചെയ്‌തു. അങ്ങനെ എ ഡി 350-നു ശേഷം ഈ ചിഹ്‌നം പ്രചാരത്തിലാവുകയും ഒരുതരം സ്‌മരണ (funerary monuments) ആവുകയും ചെയ്‌തു.'' (Britanica -1992, 15th Edition, vol-3, p.763)
കറസ്റ്റ്‌, സെറാപിസ്റ്റ്‌
ഈജിപ്‌തുകാര്‍ ആരാധിച്ചിരുന്ന മറ്റു സൂര്യദേവന്മാരില്‍ പ്രമുഖരാണ്‌ കറസ്റ്റ്‌, സെറാപ്പിസ്റ്റ്‌ തുടങ്ങിയവര്‍. ടി ഡബ്ല്യു ഡണ്‍, Bible Myths എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നത്‌ ബാലസൂര്യനായി അറിയപ്പെട്ടിരുന്ന കറസ്റ്റിന്റെ പ്രതീകം കുരിശായിരുന്നുവെന്നാണ്‌. ഈജിപ്‌തിലെ സെറാപ്പിസ്റ്റ്‌ ദേവാലയത്തിന്റെ അവശിഷ്‌ടങ്ങളില്‍ നിന്നും പുരാവസ്‌തു ഗവേഷകര്‍ `കുരിശ്‌' കണ്ടെത്തിയതായി പറയുന്നു.
യേശുവോ യേശുവിന്റെ സച്ചരിതരായ അനുയായിവൃന്ദമോ പഠിപ്പിക്കാത്ത കുരിശ്‌ ആദര്‍ശം ക്രിസ്‌തുമാര്‍ഗത്തിന്‌ തീര്‍ത്തും അന്യമാണെന്നും പ്രവാചകരില്‍ നിന്നും മതഗ്രന്ഥത്തില്‍ നിന്നും വിദൂരമാകുമ്പോള്‍ പൗരോഹിത്യം സമാന്യ ജനതയെ ഏല്‌പിക്കുന്ന അധിക ഭാണ്ഡങ്ങളാണിവയൊക്കെയെന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു. ``ക്രിസ്‌തുവിന്റെ ക്രൂശീകരണ സ്‌മരണയായും മരണത്തിനും പിശാചിനുമെതിരായുള്ള വിജയമായും കുരിശ്‌ ക്രിസ്‌തുമതത്തിന്റെ പ്രധാന പ്രതീ കമായി (principle symbol) കടന്നുവന്നത്‌ എ ഡി 4-ാം നൂറ്റാണ്ടിലാണ്‌. (Long man illustrated Encyclopedia of world History - 19th London P- 214)
കുരിശ്‌ ആദരവുള്ള വസ്‌തുവായി കരുതുന്നതും ശരീരത്തിലണിയുന്നതും വീടുകളിലും ആരാധനാലയങ്ങളിലും ചാര്‍ത്തുന്നതും ഒരുതരം വിഗ്രഹാരാധനയുടെ ഭാഗമാണെന്ന്‌ ക്രൈസ്‌തവ പക്ഷം തന്നെ അഭിപ്രായപ്പെടുന്നുണ്ട്‌. വണക്കവും ആരാധനയുമെല്ലാം ഏകനായ സത്യദൈവത്തിന്‌ മാത്രമേ സമര്‍പ്പിക്കാവൂ എന്ന വേദഗ്രന്ഥങ്ങളുടെ അഭിപ്രായത്തോട്‌ യോജിക്കുന്ന ബൈബിള്‍, ഏകദൈവാരാധനയില്‍ നിന്ന്‌ മനുഷ്യനെ വ്യതിചലിപ്പിക്കുന്ന വിഗ്രഹ-വസ്‌തു ആരാധനയിലേക്കു വഴിതെളിക്കുന്ന യാതൊരു സമീപനവുമായും പൊരുത്തപ്പെടുകയില്ല തന്നെ.
വിഗ്രഹവും പ്രതിമയും
ബൈബിള്‍ പറയുന്നു: ``അതുകൊണ്ടുതന്നെ ഇസ്‌റാഈല്‍ ഭവനത്തോട്‌ പറയുക, കര്‍ത്താവായ ദൈവം അരുളിചെയ്‌തു. പശ്ചാത്തപിച്ച്‌ നിങ്ങളുടെ വിഗ്രഹങ്ങളില്‍ നിന്ന്‌ പിന്തിരിയുക. നിങ്ങളുടെ മ്ലേച്ഛങ്ങളില്‍ നിന്ന്‌ മുഖം തിരിക്കുക.'' (എസെകിയേല്‍ 14:6)
``വിഗ്രഹങ്ങളുടെ മ്ലേച്ഛതകളെയും മോശമായ വാക്കുകളെയും അകറ്റിനിര്‍ത്തുക.'' (വി.ഖു 22:30)
പ്രത്യേക വസ്‌തുക്കളോടും വിഗ്രഹ പ്രതിമകളോടുമുള്ള മനുഷ്യന്റെ താല്‌പര്യത്തെ ബൈബിള്‍ ശക്തിയായി എതിര്‍ക്കുന്നുണ്ട്‌. ``കര്‍ത്താവ്‌ അരുള്‍ ചെയ്യുന്നു: ജനതകളുടെ മാര്‍ഗം പഠിക്കരുത്‌. ആകാശത്തിലെ അടയാളങ്ങള്‍ കൊണ്ട്‌ പരിഭ്രമിക്കരുത്‌. ജനതകളാണ്‌ ഇവയെക്കുറിച്ച്‌ ഭയപ്പെടുന്നത്‌, ഈ ജനങ്ങളുടെ ആചാരം അര്‍ഥശൂന്യമാണ്‌. വനത്തിലെ ഒരു മരം മുറിക്കുന്നു; അവരുടെ വിഗ്രഹങ്ങള്‍ വെള്ളരിത്തോട്ടത്തിലെ നോക്കുകുത്തികള്‍ പോലെയാണ്‌. അവക്ക്‌ സംസാരിക്കാന്‍ കഴിയില്ല, നടക്കാന്‍ കഴിയാത്തതുകൊണ്ട്‌ അവയെ ചുമക്കണം. അവയെ ഭയപ്പെടരുത്‌, കര്‍ത്താവേ.... നീ വലിയവനാണ്‌ നിന്നെപ്പോലെ ആരുമില്ല.'' (യിരമ്യാ 10:2-6)
ദൈവം മോശാപ്രവാചകനോട്‌ പറയുന്നു: ``ഞാനല്ലാതെ, മറ്റു ദേവന്മാര്‍ നിനക്കുണ്ടാവരുത്‌. ഒരു വിഗ്രഹവും നനക്കായി ഉണ്ടാക്കരുത്‌. മുകളില്‍ സ്വര്‍ഗത്തിലുള്ളതോ താഴെ ഭൂമിയിലുള്ളതോ ഭൂമിക്കടിയില്‍ വെള്ളത്തിലുള്ളതോ ആയ യാതൊന്നിന്റെയും ബിംബം ഉണ്ടാക്കരുത്‌, നീ അവയ്‌ക്ക്‌ മുമ്പില്‍ തല കുനിക്കുകയോ സേവിക്കുകയോ അരുത്‌.'' (പുറപ്പാട്‌ 20:4,5)
കുരിശ്‌ ദൈവമല്ലെന്നും അതിനെ ആരാധിക്കുന്നില്ലെന്നും വിശദീകരിക്കുന്ന കാത്തോലിക്കാ വിഭാഗം ഉപര്യുക്ത വചനങ്ങളെ വിലയിരുത്തലിനു വിധേയമാക്കട്ടെ. ആരാധനയ്‌ക്കായാലും മറ്റെന്തിനായാലും പ്രതിമ, പ്രതിഷ്‌ഠ സമ്പ്രദായങ്ങളും അവയെ ശരീരത്തിലോ മറ്റോ വഹിക്കുന്നതും പ്രമാണങ്ങള്‍ക്ക്‌ തീര്‍ത്തും വിരുദ്ധവും അര്‍ഥശൂന്യരായ ആളുകളുടെ പ്രവൃത്തിയുമാണ്‌. ധാരാളം പ്രവചനങ്ങള്‍ നടത്തിയ ക്രിസ്‌തു താന്‍ കുരിശിലേറ്റപ്പെടുമെന്നും കൊല്ലപ്പെടുമെന്നും പ്രസ്‌തുത കുരിശ്‌ തന്റെ അനുയായികള്‍ പ്രതീകമായി സൂക്ഷിക്കണമെന്നും പഠിപ്പിച്ചിട്ടില്ല. ക്രിസ്‌തുവിന്റെ അപ്പോസ്‌തലന്മാരും 3-ാം നൂറ്റാണ്ട്‌ വരെയുള്ള ക്രിസ്‌തുവിന്റെ പിന്‍ഗാമികളാരും കുരിശിനെ മഹത്വപ്പെടുത്തുകയോ പുണ്യം കല്‌പിക്കുകയോ ചെയ്‌തിട്ടില്ല. എങ്കില്‍ ഈ കുരിശും ക്രിസ്‌തു പഠിപ്പിച്ച ഐകദൈവ വിശ്വാസത്തിനെതിരെ ക്രൈസ്‌തവരില്‍ നിന്ന്‌ ഉയര്‍ന്നുവന്ന `കുരിശ്‌' തന്നെയല്ലേ!
തങ്ങളുടെ ആത്മീയ നായകനെ വധിക്കാന്‍ ഉപയോഗിച്ച ആയുധത്തെ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്നതിലെ യുക്തി എന്താണ്‌? യേശു ക്രൂശീകരിക്കപ്പെടാന്‍ കാരണക്കാരനായ ഒറ്റുകാരന്‍ യൂദാസിനെ ശത്രുവായിക്കാണുകയും യൂദാസ്‌ കാരണം പിലാത്തോസിന്റെ പടയാളികള്‍ യേശുവിനെ ക്രൂശിക്കാന്‍ ഉപയോഗിച്ചു എന്ന്‌ പറയുന്ന `കുരിശ്‌' പ്രിയങ്കരമാകുകയും ചെയ്‌തതിലെ യുക്തിയെന്താണ്‌?
അവസാനിക്കാത്ത ചോദ്യങ്ങളുമായി കുരിശും കുരിശുമരണവും ഉയിര്‍ത്തെഴുന്നേല്‌പം പാപപരിഹാരവുമെല്ലാം ക്രൈസ്‌തവ ദര്‍ശനത്തിന്റെ ബലിഷ്‌ഠമല്ലാത്ത സ്‌തംഭങ്ങളായി ചരിത്രത്തിലെന്നും നിലനില്‌ക്കുന്നു. ക്രൈസ്‌തവര്‍ക്കിടയില്‍ പോലും ആധികാരികത ആവശ്യപ്പെട്ടുകൊണ്ടുള്ള ചര്‍ച്ച നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. വിശ്വാസവും അന്ധവിശ്വാസവും പ്രമാണവും പൗരോഹിത്യവും തമ്മിലുള്ള അന്തരം തന്നെയാണ്‌ ഇവിടെ പ്രകടമാകുന്നത്‌.
``അവരുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും മര്‍യമിന്റെ മകനായ മസീഹിനെയും അല്ലാഹുവിന്‌ പുറമെ അവര്‍ രക്ഷിതാക്കളായി സ്വീകരിച്ചു, എന്നാല്‍ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്‌പിക്കപ്പെട്ടിരുന്നത്‌. അവനല്ലാതെ ഒരു ദൈവവുമില്ല, അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന്‌ അവനെത്രയോ പരിശുദ്ധന്‍.'' (വി.ഖു 9:31) 

0 comments:

പ്രവാചക കീര്‍ത്തനവും ബുര്‍ദ ബെയ്‌തും

പ്രവാചക കീര്‍ത്തനവും ബുര്‍ദ ബെയ്‌തും


- കുറിപ്പുകള്‍ -
മുസ്‌തഫ നിലമ്പൂര്‍
മനുഷ്യരില്‍ നിന്ന്‌ അല്ലാഹു തെരഞ്ഞെടുക്കുകയും ശ്രേഷ്‌ഠരാക്കുകയും ചെയ്‌ത മഹാന്മാരാണ്‌ പ്രവാചകന്മാര്‍. അവരില്‍ അവസാന പ്രവാചകനായ മുഹമ്മദ്‌്‌നബി(സ) മുഴുവന്‍ ലോകര്‍ക്കുമായി നിയോഗിക്കപ്പെട്ടവ്യക്തിയാണ്‌. ഓരോ പ്രവാചകന്മാര്‍ക്കും അല്ലാഹു ചില ദൃഷ്‌ടാന്തങ്ങളും സവിശേഷതകളും നല്‌കിയിട്ടുണ്ട്‌. മുഹമ്മദ്‌ നബി(സ)യെയും പല സവിശേഷതകളും നല്‍കി പദവികള്‍ ഉയര്‍ത്തിയിട്ടുണ്ട്‌.അല്ലാഹുവിനോടുള്ള സ്‌നേഹം കഴിഞ്ഞാല്‍ ഒരു വിശ്വാസി കൂടുതലായി സ്‌നേഹിക്കേണ്ടത്‌ നബി(സ)യെയാണ്‌. സ്വന്തത്തെക്കാളും മറ്റുള്ളവരെക്കാളും നബി(സ)യെ സ്‌നേഹിക്കാത്തവന്‍ വിശ്വാസിയല്ല. റസൂല്‍(സ) കൊണ്ടുവന്നതിനെ പിന്തുടരുക എന്നത്‌ തന്റെ ഇച്ഛയാവുക അഥവാ സുന്നത്ത്‌ ജീവിപ്പിക്കുകയും പിന്‍തുടരുകയും ചെയ്യുക എന്നതാണ്‌ പ്രവാചക സ്‌നേഹം. പ്രവാചകനെ അല്ലാഹു അറിയിച്ച കാര്യങ്ങള്‍ അഥവാ സ്വര്‍ഗപ്രവേശത്തിന്‌ നിമിത്തമാകുന്നതും നരകമോക്ഷത്തിന്‌ നിദാനമാകുന്നതുമായ മുഴുവന്‍ കാര്യങ്ങളും അവിടുന്ന്‌ നമുക്ക്‌ അറിയിച്ചു തന്നിട്ടുണ്ട്‌. സംശയലേശമെന്യേ ഇത്‌ ഉറപ്പിച്ച്‌ അംഗീകരിക്കല്‍ ശഹാദത്തിന്റെ പൊരുളുകളില്‍ പെട്ടതാണ്‌. പ്രവാചകന്‍ പഠിപ്പിക്കാത്ത പുതുനിര്‍മിതികള്‍ പ്രവാചകനെ വഞ്ചകനായി കാണുന്നതിന്‌ തുല്യമാണ്‌.
പ്രവാചകന്റെ(സ) പദവി ഇസ്‌ലാം വ്യക്തമാക്കുന്നുണ്ട്‌. അതിനുമപ്പുറം അതിരുവിട്ട്‌ പുകഴ്‌ത്തുന്നവന്‍ പ്രവാചകനെ ഇകഴ്‌ത്തുകയാണ്‌ ചെയ്യുന്നത്‌. അല്ലാഹു നബി(സ)ക്ക്‌ നല്‌കിയ സ്ഥാനമഹത്വങ്ങള്‍ അംഗീകരിക്കുന്നവന്‍ മാത്രമേ മുഅ്‌മിനാവുകയുള്ളൂ എന്നപോലെ അല്ലാഹു നല്‌കാത്ത സ്ഥാനത്തേക്ക്‌ ഉയര്‍ത്തുന്നത്‌ കുഫ്‌റിലേക്കെത്തിക്കും എന്ന്‌ വ്യക്തമാണ്‌.
പാപസുരക്ഷിതനായ മുഹമ്മദ്‌ നബി(സ) ലോകജനതയുടെ നേതാവാണ്‌. സ്‌തുതിപതാകയേന്തിയെ നബി(സ)യുടെ പിന്നില്‍ പരലോകത്ത്‌ മറ്റു പ്രവാചകന്മാരുള്‍പ്പെടെ മുഴുവന്‍ ജനങ്ങളും അണിനിരക്കുന്നതായിരിക്കും. വിശേഷ ഹൗദ്വുല്‍ കൗസറില്‍ നിന്ന്‌ സുന്നത്ത്‌ പിന്‍പറ്റിയ അനുയായികള്‍ക്ക്‌ പാനജലം നല്‌കുന്ന നബി(സ)യാണ്‌ അല്ലാഹുവിങ്കല്‍ ശുപാര്‍ശ തേടാന്‍ അനുമതി ചോദിക്കുകയും ലഭിക്കുകയും ചെയ്യുന്ന ആദ്യവ്യക്തി. പരലോകത്ത്‌ വാഴ്‌ത്തപ്പെട്ട സ്ഥാനവും വസീലയും ലഭിക്കാന്‍ സാധ്യതയുള്ള റസൂലാണ്‌ (സ) അന്ത്യനാളില്‍ ഖബ്‌റില്‍ നിന്ന്‌ ആദ്യമായി എഴുന്നേല്‌ക്കുന്നതും സ്വര്‍ഗകവാടത്തിങ്കല്‍ മുട്ടുന്നതും സ്വര്‍ഗപ്രവേശം നേടുന്നതും.
അദ്ദേഹത്തെ അനുസരിക്കല്‍ അല്ലാഹുവിനെ അനുസരിക്കലും അദ്ദേഹത്തെ പിന്‍പറ്റല്‍ ദൈവസ്‌നേഹത്തിന്‌ കാരണവുമാണ്‌. ലോകത്തുള്ള വിശ്വാസികള്‍ അദ്ദേഹത്തിന്‌ സ്വലാത്തും സലാമും ചെയ്യുക മാത്രമല്ല, അല്ലാഹുവിന്റെ അനുഗ്രഹാശിസ്സുകളും മലക്കുകളുടെ പ്രാര്‍ഥനകളും അദ്ദേഹത്തിന്റെ മേല്‍ ചൊരിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. ലോകത്ത്‌ മുഴുക്കെയും ബാങ്കൊലിയിലും ഇഖാമത്തിലും മറ്റും അദ്ദേഹത്തിന്റെ നാമം കീര്‍ത്തിപ്പെടുന്നു.
അല്ലാഹു പറഞ്ഞു: ``നിനക്ക്‌ നിന്റെ കീര്‍ത്തി നാം ഉയര്‍ത്തുകയും ചെയ്‌തിരിക്കുന്നു.'' (വി.ഖു 94:4). അല്ലാഹു ആദരിച്ച പ്രവാചകനെ(സ) അല്ലാഹു നല്‌കാത്ത സ്ഥാനത്തേക്ക്‌ ഉയര്‍ത്തരുത്‌ എന്ന്‌ താക്കീതു ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌.
അനസ്‌(റ) പറയുന്നു: ഒരാള്‍ മുഹമ്മദേ, ഞങ്ങളുടെ നേതാവേ, നേതാവിന്റെ പുത്രരേ, ഞങ്ങളില്‍ ഉത്തമരേ, ഉത്തമന്റെ പുത്രരേ എന്നിങ്ങനെ വിളിച്ചു. അപ്പോള്‍ നബി(സ) പറഞ്ഞു: ജനങ്ങളേ, നിങ്ങള്‍ ഭക്തിയുള്ളവരാകണമെന്ന്‌ ഞാന്‍ കല്‌പിക്കുന്നു. പിശാചിന്റെ താല്‌പര്യങ്ങള്‍ക്ക്‌ നിങ്ങള്‍ കീഴ്‌പ്പെടരുത്‌. ഞാന്‍ അബ്‌ദുല്ലയുടെ പുത്രന്‍ മുഹമ്മദാകുന്നു. ഞാന്‍ അല്ലാഹുവിന്റെ അടിമയും ദൂതനുമാകുന്നു. അല്ലാഹു തന്നെയാണ്‌ സത്യം. മഹോന്നതനും പ്രതാപശാലിയുമായ അല്ലാഹു എനിക്ക്‌ അവരോധിച്ച സ്ഥാനത്തിനപ്പുറം നിങ്ങളെന്നെ പുകഴ്‌ത്തുന്നത്‌ ഞാന്‍ ഒരിക്കലും ഇഷ്‌ടപ്പെടുന്നില്ല.'' (അഹ്‌മദ്‌ 12094)
ഇബ്‌നുഅബ്ബാസ്‌(റ) പറയുന്നു: ക്രിസ്‌ത്യാനികള്‍ മര്‍യമിന്റെ പുത്രന്‍ ഈസാ(അ)യെ പുകഴ്‌ത്തിയ പോലെ നിങ്ങളെന്നെ അമിതമായി പുകഴ്‌ത്തരുത്‌. തീര്‍ച്ചയായും ഞാന്‍ അവന്റെ ദാസന്‍ മാത്രമാകുന്നു. അതിനാല്‍ അല്ലാഹുവിന്റെ ദാസനും അവന്റെ ദൂതരും' എന്ന്‌ നിങ്ങള്‍ (എന്നെപ്പറ്റി) പറയുക.'' (ബുഖാരി 3189)
ഈ ഹദീസുകളില്‍ നിന്ന്‌ പ്രവാചക പ്രകീര്‍ത്തനത്തിന്റെ ശൈലിയും അതിര്‍വരമ്പും വ്യക്തമാകുന്നുണ്ട്‌. നാളത്തെ കാര്യം അറിയുന്ന പ്രവാചകന്‍ ഞങ്ങളിലുണ്ടെന്ന്‌ പാടിയ കുട്ടികളെ അതില്‍ നിന്ന്‌ വിലക്കിയ പ്രവാചകന്‍(സ) അവിടുത്തെ ബഹുമാനിച്ച്‌ എഴുന്നേല്‌ക്കുന്നത്‌ പോലും വിലക്കി.
എന്നാല്‍ യാഥാസ്ഥിതികരും മറ്റും പ്രവാചകകീര്‍ത്തനത്തിന്റെ ഭാഗമായി പാരായണം ചെയ്‌തുകൊണ്ടിരിക്കുന്ന മൗലീദുകളിലും ബുര്‍ദയിലുമൊക്കെ നബി(സ)യോട്‌ പ്രാര്‍ഥിക്കുകയും ദൈവിക വിശേഷണങ്ങള്‍ അദ്ദേഹത്തില്‍ ചാര്‍ത്തുകയും ചെയ്യുന്നു. ശാദുലി ത്വരീഖത്തിനെ പുകഴ്‌ത്തിയിരുന്ന സൂഫി കവി മുഹമ്മദ്‌ബ്‌നു സഈദ്‌ അല്‍ബുസൂരി (ജനനം 608) രചിച്ച അല്‍കവാകിബു ദുര്‍രിയ്യ ഫീ മദ്‌ഹി ഖൈരില്‍ ബരിയ്യ എന്ന ബുര്‍ദകവിതയില്‍ പ്രവാചക കീര്‍ത്തനങ്ങളായി പറഞ്ഞത്‌ കടുത്ത ശിര്‍ക്കന്‍ വിശ്വാസമാണ്‌.
ഫഇന്നമിന്‍ ജൂദിക
ദുന്‍യാ വളറര്‍തുഹാ
വമിന്‍ ഉലൂമിക
ഇല്‍മുല്ലൗഹി വല്‍ ഖലമി
(തീര്‍ച്ചയായും ഇഹലോകവും പരലോകവും അങ്ങയുടെ ഔദാര്യമാണ്‌. ലൗഹുല്‍ മഹ്‌ഫൂദ്വിലെയും ഖലമിലെയും അറിവുകള്‍ അങ്ങയുടെ അറിവുകളില്‍ പെട്ടതാണ്‌)
ഇഹത്തിലെയും പരത്തിലെയും കാര്യങ്ങള്‍ നബി(സ)യുടെ അനുഗ്രഹം കൊണ്ടാണ്‌ നടപ്പിലാകുന്നതെന്നും അദൃശ്യങ്ങളില്‍ തന്നെ അതീവ രഹസ്യമായ സുരക്ഷിത ഫലകത്തിലെ വിജ്ഞാനം പോലും നബി(സ)യുടെ അറിവില്‍ പെട്ടതാണെന്നുമുള്ള വാദം ഗുരുതരമായ അപരാധമാണ്‌. ആത്മാവിനെ സംബന്ധിച്ച്‌ ചോദിച്ചപ്പോള്‍ അത്‌ അല്ലാഹുവിന്റെ പക്കലാണെന്ന്‌ നബി(സ) പറഞ്ഞത്‌ ഖുര്‍ആന്‍ വ്യക്തമാക്കിയതാണ്‌. ലൗഹുല്‍ മഹ്‌ഫൂദ്വിലെ ജ്ഞാനം നബി(സ)ക്കുണ്ടായിരുന്നെങ്കില്‍ അത്‌ വ്യക്തമാക്കാമായിരുന്നുവല്ലോ. ജിബ്‌രീല്‍(അ) അന്ത്യനാളിനെപ്പറ്റി ചോദിച്ചപ്പോള്‍ ചോദ്യകര്‍ത്താവും ചോദിക്കപ്പെട്ടവനും ഈ കാര്യത്തില്‍ തുല്യമാണെന്ന്‌ പറഞ്ഞ നബി(സ)ക്ക്‌ അദൃശ്യജ്ഞാനം മൊത്തമായി നല്‍കപ്പെട്ടിട്ടില്ലെന്ന്‌ വ്യക്തമാണ്‌.
അല്ലാഹു പറയുന്നു: ``തീര്‍ച്ചയായും നമുക്കുള്ളതാകുന്നു പരലോകവും ഇഹലോകവും.'' (വി.ഖു 92:13). ``നിനക്കറിഞ്ഞുകൂടേ, അല്ലാഹുവിന്‌ തന്നെയാണ്‌ ആകാശഭൂമികളുടെ ആധിപത്യമെന്നും, നിങ്ങള്‍ക്ക്‌ അല്ലാഹുവെ കൂടാതെ ഒരു രക്ഷകനും സഹായിയും ഇല്ലെന്നും.'' (വി.ഖു 2:107)
``ആകാശഭൂമികളിലെ അദൃശ്യ യാഥാര്‍ഥ്യങ്ങളെപ്പറ്റിയുള്ള അറിവ്‌ അല്ലാഹുവിന്നാണുള്ളത്‌. അവങ്കലേക്ക്‌ തന്നെ കാര്യമെല്ലാം മടക്കപ്പെടുകയും ചെയ്യും. ആകയാല്‍ നീ അവനെ ആരാധിക്കുകയും അവന്റെ മേല്‍ ഭരമേല്‌പിക്കുകയും ചെയ്യുക. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും നിന്റെ രക്ഷിതാവ്‌ അശ്രദ്ധനല്ല.'' (വി. ഖു 11:123)
നബി(സ)യോട്‌ പറയാനായി ഖുര്‍ആനിന്റെ നിര്‍ദേശം ശ്രദ്ധിക്കുക: ``പറയുക: അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ പക്കലുണ്ടെന്ന്‌ ഞാന്‍ നിങ്ങളോട്‌ പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുകയുമില്ല.'' (വി.ഖു 6:50)
ബുര്‍ദയില്‍ നിന്നുള്ള മറ്റൊരു വരി:
യാ അക്‌റമല്‍ ഖല്‍ഖി
മാലീമന്‍ അലുദുബിഹി
സിവാക ഇന്‍ദ
ഹുലുലില്‍ ഹാദിഥില്‍ ഇമമി
(സൃഷ്‌ടികളില്‍ ശ്രേഷ്‌ഠരായ പ്രവാചകരേ, എന്റെ എണ്ണമറ്റ പ്രയാസങ്ങള്‍ക്ക്‌ എനിക്ക്‌ അഭയമായി അങ്ങല്ലാതെ മറ്റാരുമില്ല.)
ശര്‍റഫല്‍ അനാം മൗലിദില്‍ പറയുന്നു:
ഫ അഗ്‌ഥ്‌നീ വഅജിര്‍നീ
യാ മുജീറു മിനസ്സഈര്‍
യാ ഗിയാഥീ യാമലാദീ
ഫീ മുഹിമ്മതില്‍ ഉമൂര്‍
(അതുകൊണ്ട്‌ എന്നെ രക്ഷിക്കുകയും സഹായിക്കുകയും ചെയ്യേണമേ, നരകത്തില്‍ നിന്ന്‌ രക്ഷിക്കുന്നവരേ, വിഷമവേളയില്‍ എന്റെ സഹായവും അഭയവുമായവരേ)
നബി(സ)യാണ്‌ രക്ഷകനും സഹായകനുമെന്ന്‌ മാലക്കാരും ബുര്‍ദക്കാരും പറയുന്നു. എന്നാല്‍ സ്വന്തം കാര്യത്തില്‍ പോലും നിസ്സഹായനാണ്‌ താനെന്ന്‌ പ്രഖ്യാപിക്കാന്‍ നബി(സ)യോട്‌ അല്ലാഹു നിര്‍ദേശിച്ചു: ``(നബിയേ) പറയുക: ഞാന്‍ ദൈവദൂതന്മാരില്‍ ഒരു പുതുമക്കാരനൊന്നുമല്ല. എന്നൊക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്തു ചെയ്യപ്പെടും എന്ന്‌ എനിക്ക്‌ അറിയുകയുമില്ല. എനിക്ക്‌ ബോധനം നല്‍കപ്പെടുന്നതിനെ പിന്‍തുടരുക മാത്രമാകുന്നു ഞാന്‍ ചെയ്യുന്നത്‌. ഞാന്‍ വ്യക്തമായ താക്കീതുകാരന്‍ മാത്രമാകുന്നു.'' (46:9)
പിതൃവ്യന്‍ അബൂത്വാലിബിന്റെ കാര്യത്തില്‍ നിസ്സഹായനായ നബി(സ) സ്വന്തത്തെ നരകത്തില്‍ നിന്ന്‌ കാക്കണമെന്ന്‌ പ്രിയപുത്രി ഫാത്വിമ(റ)യോട്‌ ഉപദേശിക്കുന്നത്‌ വിശ്വാസികള്‍ക്ക്‌ പാഠമാകാനാണ്‌.
തെറ്റുകള്‍ പൊറുക്കാനും നരകത്തില്‍ നിന്നും രക്ഷപ്പെടുത്താനും അല്ലാഹുവിന്‌ മാത്രമേ സാധിക്കൂ. ``വല്ല നീചകൃത്യവും ചെയ്‌തുപോയാല്‍ അഥവാ സ്വന്തത്തോടു തന്നെ വല്ല ദ്രോഹവും ചെയ്‌തുപോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക്‌ മാപ്പു തേടുകയും ചെയ്യുന്നവര്‍ക്കു വേണ്ടി. പാപങ്ങള്‍ പൊറുക്കാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്‌.'' (വി.ഖു 3:135)
പ്രവാചക കീര്‍ത്തനമെന്ന പേരിലുള്ള ഈ അപരാധങ്ങള്‍ നരകത്തിലേക്കുള്ള പാതയാണ്‌. അല്ലാഹുവിനോടും റസൂലിനോടുമുള്ള ധിക്കാരമാണ്‌.

0 comments:

താബിഉകളുടെ ചരിത്രം

താബിഉകളുടെ ചരിത്രം


- പുസ്‌തകപരിചയം -
സി കെ റജീഷ്‌
വര്‍ത്തമാനകാല സമൂഹത്തില്‍ ഇന്നലെകളെ കുറിച്ച അറിവ്‌ പ്രദാനം ചെയ്യുന്നതാണ്‌ ചരിത്രം. അടര്‍ത്തി മാറ്റാന്‍ കഴിയാത്ത അതിലെ അധ്യായങ്ങള്‍ അണയാത്ത ആവേശം പകര്‍ന്ന്‌ ഭാവിയിലേക്കുള്ള വികാസത്തിന്‌ ദിശാബോധം നല്‌കുന്നു. സ്ഥലകാല പ്രാധാന്യത്തോടെ സംഭവ കഥനം നടത്തുന്ന ശൈലിയില്‍ നിന്ന്‌ വ്യത്യസ്‌തമായി പകര്‍ത്താനും പ്രയോഗവത്‌കരിക്കാനുമുള്ള ജീവിതപാഠങ്ങളുടെ അധ്യാപനമാണ്‌ ഇസ്‌ലാമിലെ ചരിത്രം. വിജ്ഞാനത്തിന്റെ സ്രോതസ്സുകളിലൊന്നായി ചരിത്രത്തെ എണ്ണിയ വിശുദ്ധ ഖുര്‍ആനില്‍ പ്രവാചകരുടെയും പൂര്‍വിക സമുദായങ്ങളുടെയും ചരിത്രവായന അര്‍ഥപൂര്‍ണമാവുന്നത്‌ ഗുണപാഠങ്ങള്‍ ഉള്‍ക്കൊണ്ട്‌ ജീവിതം മാറ്റിപ്പണിയുമ്പോഴാണ്‌.മുഹമ്മദ്‌ നബി(സ)യുടെ മാതൃകാജീവിതത്തെ മനസ്സിലാക്കുന്നത്‌ പ്രവാചകചര്യകളെ അനുധാവനം ചെയ്യാന്‍ മത്സരിച്ചിരിക്കുന്ന അനുചരന്മാരുടെ ജീവിതവും കൂടി അനുബന്ധമായി വായിക്കപ്പെടുന്നതിലൂടെയാണ്‌. നബി(സ)യോടൊപ്പം സഹവസിക്കാന്‍ ഭാഗ്യം സിദ്ധിച്ചതിലൂടെ തിരുചര്യകളെ നേരില്‍ പകര്‍ത്തിയ സ്വഹാബികള്‍ സച്ചരിത ശാഖയിലെ ഒന്നാം തലമുറയാണ്‌. ഉത്തമ തലമുറയില്‍ പെട്ട സ്വഹാബികളില്‍ നിന്ന്‌ പഠിക്കുകയും പകര്‍ത്തുകയും ചെയ്‌തവരാണ്‌ താബിഉകള്‍. അന്ത്യപ്രവാചകന്റെ പ്രബോധിത സമൂഹത്തിന്റെ രണ്ടാം തലമുറയായ താബിഉകള്‍ ആദര്‍ശ ദാര്‍ഢ്യവും ജന്മവിശുദ്ധിയും കാത്തുസൂക്ഷിച്ച മാതൃകാ പുരുഷനായിരുന്നു. ഭൗതിക ഭക്തിയും ഭൗതിക വിരക്തിയും സമ്മേളിച്ച ആ ജീവിതത്തെ മനസ്സിലാക്കിത്തരുന്ന കൃതികള്‍ മലയാളത്തില്‍ വിരളമാണെന്ന്‌ പറയാം. ഈ വിടവ്‌ നികത്തുന്നതിനുള്ള പ്രശംസനീയ ശ്രമമാണ്‌ ഉത്തമ തലമുറയിലെ ഏതാനും താബിഉകളുടെ ജീവിതചരിത്രം പ്രതിപാദ്യമാക്കി ചരിത്രാന്വേഷകനായ അബ്‌ദുര്‍റഹ്‌മാന്‍ മങ്ങാട്‌ രചിച്ച സച്ചരിതര്‍ - താബിഉകളുടെ ജീവിതം (ഭാഗം-1) എന്ന കൃതി. ഈയിടെ അന്തരിച്ച പ്രമുഖ ഈജിപ്‌ഷ്യന്‍ പണ്ഡിതനായിരുന്ന അബ്‌ദുര്‍റഹ്‌മാന്‍ റഅ്‌ഫത്‌ ബാഷയുടെ സ്വുവറുല്‍ മിന്‍ ഹയാത്ത്‌ താബിഈന്‍ എന്ന ഗ്രന്ഥത്തിന്റെ ആശയ വിവര്‍ത്തനമായ ഈ പുസ്‌തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌ യുവത ബുക്‌ഹൗസ്‌ ആണ്‌.
മക്കയിലെ ഒരു സാധാരണ സ്‌ത്രീയുടെ അടിമയായി വളര്‍ന്ന്‌ മസ്‌ജിദുല്‍ ഹറമിലെ മുഫ്‌തി എന്ന ആദരണീയ പദവിയിലേക്കുയര്‍ന്ന അത്വാഅ്‌ബ്‌നു അറബി റബാഹ്‌, ഭൗതിക സുഖാഡംബരങ്ങളില്‍ കഴിയാന്‍ അവസരങ്ങളെല്ലാമുണ്ടായിട്ടും വിരക്തി കാണിച്ച്‌ രാത്രിയുടെ അന്ത്യയാമങ്ങളില്‍ ആരാധനാനിരതമാവുന്ന ആമിര്‍ബ്‌നു അബ്‌ദുല്ലാഹിത്തമീമി, വിശ്വാസത്തിന്റെ കരുത്തുകൊണ്ട്‌ ദൈവിക പരീക്ഷണങ്ങളെ അതിജയിക്കുകയും ഉദാരതയുടെ ഏറ്റവും നല്ല ഉദാഹരണമായിത്തീരുകയും ചെയ്‌ത ഉര്‍വത്‌ബ്‌നു സുബൈര്‍, യുവാവായിരിക്കെ ബസ്വറിയലെ ന്യായാധിപസ്ഥാനം അലങ്കരിച്ച ബുദ്ധിശാലിയായ ഇയാസ്‌ബ്‌നു മുആവിയ, ഖിലാഫത്തിന്റെ പദവി വഹിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ച ഭക്തനായ ഉമര്‍ബ്‌നു അബ്‌ദുല്‍അസീസ്‌, മതകാര്യത്തില്‍ അദ്ദേഹത്തെ സഹാക്കുന്ന മകന്‍ മലിക്‌, പരലോകഭയം കാരണം പാപങ്ങളെക്കുറിച്ച്‌ ഓര്‍ത്ത്‌ കരഞ്ഞ കൂഫയിലെ ശൈഖായിരുന്ന റബീഉബ്‌നു ഖുസൈം തുടങ്ങിയ താബിഉകളുടെ ജീവിതം വിവരിക്കുന്ന ഈ കൃതി ഇസ്‌ലാമിക വ്യക്തിത്വ രൂപീകരണത്തിനുള്ള മികച്ച പാഠങ്ങളാണ്‌ പകര്‍ന്നു തരുന്നത്‌.
അചഞ്ചലമായ വിശ്വാസവും അഗാധമായ വിജ്ഞാനവും കൈമുതലാക്കിയ താബിഉകളുടെ ജീവിതം തന്നെ പ്രബോധനമായിരുന്നുവെന്ന്‌ ഓരോ ചരിത്രവും പറഞ്ഞുതരുന്നു. ഐഹിക വിഭവങ്ങളുടെ സുഖലോലുപതയില്‍ ആകൃഷ്‌ടരാവാതെ ആരാധനകള്‍ കൊണ്ട്‌ നിര്‍വൃതിയടയുന്ന സച്ചരിതര്‍ ജീവിതത്തിന്റെ സമസ്‌ത മണ്ഡലങ്ങളിലും കാത്തുസൂക്ഷിക്കേണ്ട വിശുദ്ധിയെ പഠിപ്പിക്കുന്നു. ത്വാബിഉകളില്‍ പ്രമുഖരായ പതിനഞ്ച്‌ പേരുടെ ജീവിത ചരിത്രം സംക്ഷിപ്‌തവും ആകര്‍ഷകവുമായ ശൈലിയില്‍ പ്രതിപാദിക്കുന്ന ഈ കൃതി അനുവാചക മനസ്സില്‍ അനല്‌പ സ്വാധീനം ചെലുത്തുക തന്നെ ചെയ്യും.

0 comments:

ഏകദൈവവിശ്വാസവും സ്വയംകഴിവും

ഏകദൈവവിശ്വാസവും സ്വയംകഴിവും


- നെല്ലുംപതിരും -
എ അബ്‌ദുസ്സലാം സുല്ലമി
ജിന്നുവാദിയായ ഒരു മൗലവി എഴുതുന്നു: ആകയാല്‍ സൃഷ്‌ടികഴിവിന്നപ്പുറമുള്ള ഒരു കാര്യം അദ്ദേഹത്തിനുള്ള സിദ്ധിമൂലം ഒരു സൃഷ്‌ടിക്ക്‌ സാധ്യമാണെന്നോ അല്ലെങ്കില്‍ സ്വയം കഴിവ്‌ ഉണ്ടെന്നോ ഉള്ള വിശ്വാസമാണ്‌ ഭക്തിയാദരവു വരാനുള്ള കാരണം. അല്ലാഹുവിനെക്കുറിച്ച്‌ പലപ്പോഴും നാം അറിയാതെ തന്നെ നമുക്ക്‌ ഭക്തിയാദരവുണ്ടാകും. റസൂലുല്ലാഹി(സ)യെ നാം ഓര്‍ക്കുമ്പോള്‍ നമുക്ക്‌ അങ്ങേയറ്റത്തെ ആദരവുണ്ട്‌. ഭക്തിയാദരമില്ല. ആദരവോടെയല്ലാതെ സ്വദ്ദീഖി(റ)നെ നമുക്ക്‌ ഓര്‍ക്കാന്‍ കഴിയുകയില്ല. പക്ഷേ, ഭക്തിയാദരമില്ല. ഭക്തിയാദരവോടെ ഒരു സൃഷ്‌ടിയോടൊരു കാര്യം ആവശ്യപ്പെട്ടാല്‍ അത്‌ സൃഷ്‌ടിയോടുള്ള പ്രാര്‍ഥനയായി.'' (പി എ ജെ തുറക്കല്‍, ഇസ്വ്‌ലാഹ്‌ മാസിക -2013 ഫെബ്രുവരി, പേജ്‌ 28).
ഇത്‌ കാന്തപുരം മുസ്‌ലിയാരോ ഇ കെ ഹസന്‍ മുസ്‌ലിയാരോ മറ്റു ഖുബൂരി മുസ്‌ലിയാന്മാരോ എഴുതിയതല്ല. ജിന്നുവാദികളുടെ നേതാവിന്റേതാണീ വരികള്‍. ഇയാള്‍ നേരത്തെ ഖുബൂരികളുടെ പാളയത്തിലായിരുന്നു. ശേഷം മുജാഹിദ്‌ പ്രസ്ഥാനത്തിലേക്ക്‌ കടന്നുവന്നയാളാണ്‌. ആരുടെ നേരെയാണോ നാം ഭക്തിയാദരവ്‌ പ്രകടിപ്പിക്കുന്നത്‌ അയാള്‍ക്ക്‌ സ്വയം കഴിവ്‌ ഉണ്ടെന്ന്‌ വിശ്വസിച്ചാലാണത്രെ ശിര്‍ക്കാകുന്ന ഭക്തിയാദരവ്‌ ആയിത്തീരുന്നത്‌! സ്വയം കഴിവുണ്ടെന്ന ഭക്തിയാദരവോടെ ഒരു സൃഷ്‌ടിയോടൊരു കാര്യം ആവശ്യപ്പെട്ടാല്‍ മാത്രമാണ്‌ അത്‌ സൃഷ്‌ടിയോടുള്ള പ്രാര്‍ഥനയാവുകയുള്ളൂ എന്നാണ്‌?!
ഇതിന്‌ ഇയാള്‍ക്കുള്ള തെളിവ്‌ അല്ലാഹുവിനെക്കുറിച്ച്‌ പലപ്പോഴും നാം അറിയാതെ തന്നെ നമുക്ക്‌ പ്രാര്‍ഥനയായ ഭക്തിയാദരവുണ്ടാകുന്നത്‌ അല്ലാഹുവിന്‌ സ്വയം കഴിവുണ്ടെന്ന്‌ നാം വിശ്വസിക്കുമ്പോഴാണെന്നാണ്‌. റസൂലുല്ലാഹി(സ)യെയും സിദ്ദീഖി(റ) നെയും ഓര്‍ക്കുമ്പോള്‍ പ്രാര്‍ഥനയാകുന്ന ഭക്തിയാദരവ്‌ ഇല്ലാതിരിക്കാന്‍ കാരണം അവര്‍ക്കു സ്വയം കഴിവുണ്ടെന്ന്‌ വിശ്വസമില്ലാത്തതുകൊണ്ടാണെന്നും എഴുതുന്നു. അല്ലാഹുവിനെ കുറിച്ചു നമുക്ക്‌ ഓര്‍മ വരുമ്പോള്‍ അവന്‌ സ്വയം കഴിവ്‌ ഉണ്ടെന്ന ചിന്തയല്ല ആദ്യമായി നമുക്കുണ്ടാവുക. പ്രത്യുത അല്ലാഹുവാണ്‌ നമ്മെ സൃഷ്‌ടിച്ചതും നമ്മെ സംരക്ഷിക്കുന്നവനും നമ്മെ നശിപ്പിക്കുന്നവനും എല്ലാറ്റിനും കഴിവുറ്റവനും എന്ന ചിന്തയാണ്‌. അപ്പോള്‍ ഈ സ്വഭാവഗുണങ്ങള്‍ ഉണ്ടെന്ന്‌ വിശ്വസിച്ചാലാണ്‌ പ്രാര്‍ഥനയാകുന്ന സഹായതേട്ടവും ഭക്തിയാദരവും ആകുകയുള്ളൂ എന്നും അടുത്തു തന്നെ ഇവര്‍ എഴുതാന്‍ സാധ്യതയുണ്ട്‌. ഈ ജല്‌പനത്തിലൂടെ ഇവര്‍ താഴെ പറയുന്ന കാര്യങ്ങളാണ്‌ ഉന്നയിക്കുന്നത്‌.
1). മുഹമ്മദ്‌ നബി(സ)യെയും അബൂബക്കര്‍ സിദ്ദീഖിനെയും അവര്‍ക്ക്‌ സ്വയംകഴിവ്‌ ഇല്ലെന്നു വിശ്വസിച്ച്‌ അവരോട്‌ ഒരു കാര്യം ആവശ്യപ്പെട്ടാല്‍ അതു ശിര്‍ക്കാകുന്ന ഭക്തിയാദരവാകുകയില്ല. പ്രാര്‍ഥനയുമല്ല.
2). ദൂരെയുള്ള ഒരു മനുഷ്യനെയോ ഒരു ഡോക്‌ടറെയോ ആധുനിക സംവിധാനങ്ങള്‍ ഇല്ലാതെ വിളിച്ച്‌ സഹായംതേടിയാല്‍ അതു ശിര്‍ക്കാകുകയില്ല. സ്വയംകഴിവ്‌ ഉണ്ടെന്ന്‌ വിശ്വസിച്ചാലാണ്‌ പ്രാര്‍ഥനയും ശിര്‍ക്കുമാകുന്നത്‌.
3). മക്കാമുശ്‌രിക്കുകള്‍ മലക്കുകളെയും ജിന്നുകളെയും ലാത്ത, ഉസ്സ, മനാത്ത പോലെയുള്ളവരെയും വദ്ദ്‌, സുവഅ്‌, യഗൂസ്‌ മുതലായവരെയും വിളിച്ച്‌ സഹായംതേടിയത്‌ പ്രാര്‍ഥനയോ ശിര്‍ക്കാകുന്ന ഭക്തിയാദരവോ ആകുന്നില്ല. കാരണം മക്കാ മുശ്‌രിക്കുകള്‍ അല്ലാഹുവിന്‌ മാത്രമാണ്‌ സ്വയംകഴിവ്‌ ഉണ്ടെന്ന്‌ വിശ്വസിച്ചിരുന്നതെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ തന്നെ നൂറില്‍പരം സൂക്തങ്ങളിലൂടെ വ്യക്തമാക്കുന്നു. അല്ലാഹു നല്‌കിയ കഴിവ്‌ അല്ലാതെ യാതൊരു കഴിവും ഇല്ലെന്നും അവര്‍ വിശ്വസിച്ചിരുന്നു. നിരീശ്വരവാദികള്‍ മാത്രമാണ്‌ വസ്‌തുക്കളിലും മറ്റും സ്വയംകഴിവിനെ സ്ഥാപിക്കുന്നത്‌.
4). ഒരു ഖബറാളിയെ അയാള്‍ക്ക്‌ സ്വയംകഴിവ്‌ ഇല്ലെന്നും അല്ലാഹു നല്‌കിയ കഴിവ്‌ മാത്രമാണ്‌ ഉള്ളതെന്നും വിശ്വസിച്ചുകൊണ്ട്‌ സമീപിച്ച്‌ ഒരു കാര്യം സഹായംതേടിയാല്‍ അതു ശിര്‍ക്കാകുന്ന ഭക്തിയാദരവോ പ്രാര്‍ഥനയോ പ്രാര്‍ഥനക്കും ശിര്‍ക്കിനും ഇവര്‍ നല്‌കുന്ന പുതിയ വ്യാഖ്യാനപ്രകാരം ആകുന്നില്ല. ഏറിയാല്‍ അബദ്ധവും വിഡ്‌ഢിത്തവും മാത്രമാണ്‌ ആയിത്തീരുന്നത്‌. ശിയാക്കള്‍ ജല്‌പിക്കുന്നതുപോലെ. കിണറ്റില്‍ ചാടിയ ഒരു മനുഷ്യന്‍ തന്റെ അടുത്തുള്ള കറുത്ത പാറയെ ഇലാഹാക്കാതെയും സ്വയം കഴിവ്‌ ഉണ്ടെന്ന്‌ വിശ്വസിക്കാതെയും വിളിച്ച്‌ സഹായം തേടിയാല്‍ അത്‌ ശിര്‍ക്കാവുകയില്ലെന്നും പരമാവധി ഒരു വിഡ്‌ഢിത്തം ആവുകയുള്ളൂ എന്നും ശീഅകള്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളില്‍ കാണാം. (ഉദാ: ഇറാന്‍ എംബസി വിതരണം ചെയ്യുന്ന അത്തൗഹീദ്‌ എന്ന ഗ്രന്ഥം)
5). ഒരു മനുഷ്യന്റെ അടുത്തുള്ള മറ്റൊരു മനുഷ്യനോട്‌ അവന്റെ കഴിവില്‍ പെട്ടത്‌ ചോദിക്കല്‍ പ്രാര്‍ഥനയല്ല. ശിര്‍ക്കുമല്ല. സ്വയം കഴിവ്‌ ഉണ്ടെന്ന്‌ വിശ്വസിച്ചു ചോദിച്ചാല്‍ ശിര്‍ക്കും പ്രാര്‍ഥനയുമാകും. ഇതുപോലെ തന്നെയാണ്‌ മലക്കുകളെയും ജിന്നുകളെയും വിളിച്ച്‌ തേടുന്നതും എന്ന്‌ ഇവര്‍ക്ക്‌ പറയേണ്ടിവരും. തന്റെ അടുത്തുള്ള മനുഷ്യനെ വിളിച്ച്‌ സഹായംതേടല്‍ ചിലപ്പോള്‍ നിര്‍ബന്ധമാകും. അയാള്‍ അപകടത്തില്‍ ചാടുകയാണെങ്കില്‍ ചിലപ്പോള്‍ അനുവദനീയമാകുകയും ചെയ്യും. ഇത്‌ ഹറാമോ ശിര്‍ക്കിലേക്കുള്ള മാര്‍ഗമോ ആകുന്നില്ല. ഇതുപോലെ തന്നെയായിത്തീരും മലക്കുകളെയും ജിന്നുകളെയും ദൂരെയുള്ള മനുഷ്യരെയും വിളിച്ച്‌ ഒരു കാര്യം ആവശ്യപ്പെടുന്നതും. മുജാഹിദുകളുടെ തൗഹീദിനോടും ശത്രുത കാരണം ഇതെല്ലാം മനസ്സിലാക്കുന്നതില്‍ നിന്നും ഇവരെ അന്ധന്മാരും ബധിരന്മാരുമാക്കിയിരിക്കുകയാണ്‌.
മക്കാ മുശ്‌രിക്കുകള്‍ അവര്‍ വിളിച്ച്‌ പ്രാര്‍ഥിക്കുന്നവര്‍ക്ക്‌ സ്വയംകഴിവ്‌ ഉണ്ടെന്ന്‌ വിശ്വസിച്ചിരുന്നുവെന്ന്‌ ഒരൊറ്റ ആയത്തുകൊണ്ടെങ്കിലും ജിന്നുവാദികള്‍ സ്ഥാപിക്കുമോ? ഒരൊറ്റ സ്വഹീഹായ ഹദീസുകൊണ്ടും തെളിയിക്കുമോ?
1). മലക്കുകളോടും ജിന്നുകളോടുമുള്ള സഹായതേട്ടം അഭൗതികവും അദൃശ്യവുമായ നിലക്കുള്ള സഹായം ആവശ്യപ്പെടല്‍ എപ്പോഴാണ്‌ ആയിത്തീരുക.
2). മലക്കുകളുടെയും ജിന്നുകളുടെയും കഴിവില്‍ പെട്ട കാര്യങ്ങള്‍ ഏതെല്ലാമാണ്‌? കഴിവില്‍ പെടാത്തത്‌ ഏതെല്ലാമാണ്‌.
3). കഴിവില്‍ പെട്ടത്‌ ചോദിക്കല്‍ എങ്ങനെയാണ്‌ ഹറാമും ശിര്‍ക്കിലേക്കുള്ള മാര്‍ഗവുമായിത്തീരുന്നത്‌?
4). മലക്കുകള്‍ക്കും ജിന്നുകള്‍ക്കും നല്‌കിയ ഭൗതിക കഴിവുകള്‍ ഏതെല്ലാം?
5). ഭൗതിക കഴിവുകള്‍ ചോദിക്കുന്നതിന്റെ മതവിധി എന്ത്‌?
6). ഒരു സഹായതേട്ടം പ്രാര്‍ഥനയും ശിര്‍ക്കുമാകുന്നതിന്റെ അടിസ്ഥാന തത്വം സ്വയം കഴിവിന്റെ പ്രശ്‌നമാണോ?
7). സ്വയം കഴിവിന്റെ പ്രശ്‌നത്തില്‍ മക്കാ മുശ്‌രിക്കുകളുടെ വിശ്വാസം എന്തായിരിക്കും.
8). പ്രാര്‍ഥനയുടെ നിര്‍വചനം എന്താണ്‌?
9). മക്കാ മുശ്‌രിക്കുകള്‍ അല്ലാഹുവിനെ മാത്രം വിളിച്ച്‌ സഹായംതേടി തൗഹീദ്‌ നിഷ്‌കളങ്കമാക്കിയ സംഭവങ്ങളും രംഗങ്ങളും ഖുര്‍ആന്‍ വിവരിക്കുന്നു, ഈ രംഗങ്ങളില്‍ അവര്‍ മലക്കുകളെയും ജിന്നുകളെയും വിളിച്ച്‌ സഹായം ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ അതു തൗഹീദിന്‌ എതിരാകുമോ?
10). മരണപ്പെട്ടവരെ വിളിച്ചു സഹായംതേടിയാല്‍ (ഇസ്‌തിഗാസ) ചെയ്‌താല്‍ ശിര്‍ക്കാകുമെന്നതിന്‌ നാം ഓതിയിരുന്ന ആയത്തുകളുടെ പരിധിയില്‍ മലക്കുകളും ജിന്നുകളും ഉള്‍പ്പെടുമോ?
12). മക്കാ മുശ്‌രിക്കുകളുടെ തല്‍ബിയത്ത്‌ എന്തായിരുന്നു?
13). മലക്കുകളെയും ജിന്നുകളെയും വിളിച്ച്‌ ഇസ്‌തിഗാസ (സഹായതേട്ടം) ചെയ്‌താല്‍ എപ്പോഴാണ്‌ ശിര്‍ക്കും പ്രാര്‍ഥനയുമാകുക?
ഇസ്വ്‌ലാഹീ പ്രസ്ഥാനം ഒരു നൂറ്റാണ്ടു കാലമായി ജനങ്ങളെ പഠിപ്പിച്ചുകൊണ്ടിരുന്ന തൗഹീദില്‍ നിന്ന്‌ ജിന്നുവാദികള്‍ എത്രയോ കാതം അകലെ എത്തിയിരിക്കുന്നു. അവര്‍ തന്നെ ആദ്യം പറഞ്ഞതും ഇപ്പോള്‍ പറയുന്നതും എന്താണെന്ന്‌ തിരിച്ചറിയാതാവും വിധം അവര്‍ക്ക്‌ അന്ധത ബാധിച്ചിരിക്കുന്നു. മുജാഹിദുകളെ എതിര്‍ത്തുകൊണ്ട്‌ യാഥാസ്ഥിതിക വിഭാഗം എന്തെല്ലാം ന്യായങ്ങള്‍ നിരത്തിയിരുന്നുവോ അതെല്ലാം മുജാഹിദുകളെന്ന വ്യാജേന ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നു.

0 comments:

വെളുത്ത പുകയുടെ കറുത്ത ചുരുളുകള്‍

വെളുത്ത പുകയുടെ കറുത്ത ചുരുളുകള്‍


എം ഐ മുഹമ്മദലി സുല്ലമി
കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ലോകം ഉറ്റുനോക്കിയത്‌ വത്തിക്കാന്‍ സിറ്റിയിലേക്കായിരുന്നു. കത്തോലിക്കരുടെ ആത്മീയ തലസ്ഥാന നഗരി മാധ്യമ പ്രവര്‍ത്തകരെക്കൊണ്ട്‌ കഴിഞ്ഞദിവസം വരെ നിബിഡമായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 11-ന്‌ അജ്ഞാതകാരണങ്ങളാല്‍ ബെനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പ സ്ഥാനത്യാഗം പ്രഖ്യാപിക്കുകയും 28-ന്‌ അദ്ദേഹം സ്ഥാനത്യാഗം നടത്തുകയും ചെയ്‌തു.
അന്നുമുതല്‍ അടുത്ത മാര്‍പ്പാപ്പയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി. പുതിയ മാര്‍പാപ്പയെ കണ്ടെത്താനുള്ള കോണ്‍ക്ലേവ്‌ മാര്‍ച്ച്‌ 12-ന്‌ ആരംഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 115 കര്‍ദിനാള്‍മാര്‍ അതില്‍ പങ്കെടുത്തു. ആദ്യത്തെ മൂന്നുറൗണ്ട്‌ വോട്ടെടുപ്പുകളില്‍ മാര്‍പാപ്പയെ അവര്‍ക്ക്‌ കണ്ടെത്താനായില്ല. സിസ്റ്റര്‍ ചാപ്പലിനു മുകളില്‍ ചിമ്മിനിയില്‍ നിന്ന്‌ കറുത്ത പുകയായിരുന്നു ഉയര്‍ന്നത്‌. നാലാമത്തെ റൗണ്ടിലാണ്‌ പോപ്പിനെ തീരുമാനിച്ചുവെന്ന്‌ കുറിക്കുന്ന വെളുത്തപുക ഉയര്‍ന്നത്‌. അങ്ങനെ അര്‍ജന്റീനയിലെ കര്‍ദിനാള്‍ ജോര്‍ജ്‌ മരിയോ ബെര്‍ഗോഗ്‌ളിയോ `ഫ്രാന്‍സിസ്‌ ഒന്നാമന്‍ എന്ന സ്ഥാനപ്പേരോടെ' മാര്‍പ്പാപ്പയുടെ സിംഹാസനങ്ങളില്‍ ആരോഹിതനായി. യൂറോപ്പിലും അമേരിക്കയിലും ശക്തമായ വേരുകളുള്ള കത്തോലിക്കാ സഭയുടെ അധ്യക്ഷ പദവി ലോക ശ്രദ്ധയാകര്‍ഷിച്ചതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.
പൗരോഹിത്യവും കത്തോലിക്കാ സഭയും
ഏറ്റവും കൂടുതല്‍ വിശ്വാസികളുള്ള സഭയെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന റോമന്‍ കത്തോലിക്കാ സഭയില്‍ പൗരോഹിത്യത്തിനും പുരോഹിതന്മാര്‍ക്കും ചോദ്യംചെയ്യപ്പെടാത്ത സ്ഥാനം കല്‌പിക്കപ്പെടുന്നു. ഇടവകയിലെ പുരോഹിതന്‍ മുതല്‍ വത്തിക്കാനിലെ മാര്‍പാപ്പ വരെയുള്ള പുരോഹിതശൃംഖലക്ക്‌ വിവിധ ശ്രേണികളുണ്ട്‌. ഓരോ പദവിയിലുള്ളവര്‍ക്കും ആത്മീയരംഗത്ത്‌ വിവിധ സ്ഥാനങ്ങളും പദവികളും സങ്കല്‍പിക്കപ്പെടുന്നു. ദൈവജനത്തില്‍ നിന്നും ദൈവജനത്തിനു വേണ്ടി ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെടുന്നവരാണ്‌ പുരോഹിതര്‍ എന്ന്‌ കത്തോലിക്കര്‍ വിശ്വസിക്കുന്നു. ഒരു കുട്ടിയെ ക്രിസ്‌ത്യാനിയായി അംഗീകരിക്കാനുള്ള `കൂദാശ'യായ `മാമോദീസ' മുതല്‍ ക്രിസ്‌ത്യാനിയായി മരിപ്പിക്കാനുള്ള `രോഗീ ലേപന' കൂദാശവരെ നിര്‍വഹിക്കുന്നതിന്‌ പുരോഹിതന്റെ സാന്നിധ്യം അനിവാര്യമാണ്‌. പാപങ്ങള്‍ ഏറ്റുപറഞ്ഞു പരിഹാരം തേടുന്ന `കുമ്പസാരം', ഒരാള്‍ യഥാര്‍ഥ വിശ്വാസിയാണെന്ന്‌ സാക്ഷ്യപ്പെടുത്തുന്ന `സ്ഥൈര്യലേപനം' തുടങ്ങിയ കൂദാശകള്‍ നിര്‍വഹിക്കുന്നതിനും അധികാരമുള്ള പുരോഹിതന്മാര്‍ തന്നെ വേണം. മരിച്ചുപോയ പല ഉന്നതരെയും വിശുദ്ധന്മാരും വിശുദ്ധകളുമായി പ്രഖ്യാപിക്കാന്‍ മാര്‍പ്പാപ്പമാര്‍ക്ക്‌ അധികാരമുണ്ട്‌.
മതത്തിലെ നിയമങ്ങള്‍ തീരുമാനിക്കുന്നതും അനുവദനീയ-നിഷിദ്ധങ്ങള്‍ പ്രഖ്യാപിക്കുന്നതും, ആചാരാനുഷ്‌ഠാനങ്ങള്‍ നിശ്ചയിക്കുന്നതുമെല്ലാം പുരോഹിതന്മാരോ പുരോഹിത സഭകളോ ആണ്‌. ചില ആംഗ്ലിക്കന്‍ ചര്‍ച്ചുകള്‍ ഗര്‍ഭഛിദ്രം, സ്വവര്‍ഗ വിവാഹം തുടങ്ങിയവ അനുവദിച്ചത്‌ ഇടക്കാലത്ത്‌ വിവാദമായിരുന്നു. പുരോഹിതന്മാര്‍, മെത്രാന്‍മാര്‍, ബിഷപ്പുമാര്‍, കര്‍ദിനാള്‍മാര്‍ തുടങ്ങി മാര്‍പ്പാപ്പ വരെയുള്ളവര്‍ക്ക്‌ കത്തോലിക്കര്‍ പരിശുദ്ധതയുടെ പട്ടം ചാര്‍ത്തുന്നു. അതിന്നവര്‍ എടുത്തുകാണിക്കുന്ന രേഖതന്നെയും പൗരോഹിത്യത്തിന്‌ അവര്‍ കല്‌പിക്കുന്ന അപ്രമാദിത്തം വിളിച്ചറിയിക്കുന്നു.
തന്റെ ശിഷ്യന്‍ പത്രോസിനെക്കുറിച്ച്‌ യേശു പറഞ്ഞതായി പുതിയ നിയമത്തില്‍ ഇപ്രകാരം കാണാം: ``നീ പത്രോസ്‌ ആകുന്നു. ഈ പാറമേല്‍ ഞാന്‍ എന്റെ സഭയെ പണിയും. പാതാള ഗോപുരങ്ങള്‍ അതിനെ ജയിക്കില്ല എന്ന്‌ ഞാന്‍ നിന്നോടു പറയുന്നു. സ്വര്‍ഗരാജ്യത്തിന്റെ താക്കോല്‍ ഞാന്‍ നിനക്കു തരുന്നു. നീ ഭൂമിയില്‍ കെട്ടുന്നതു ഒക്കെയും സ്വര്‍ഗത്തില്‍ കെട്ടപ്പെട്ടിരിക്കും. നീ ഭൂമിയില്‍ അഴിക്കുന്നതൊക്കെയും സ്വര്‍ഗത്തില്‍ അഴിഞ്ഞിരിക്കും'' (മത്തായിയുടെ സുവിശേഷം 16:18,19)
പുരോഹിതന്മാരെ പൊതുവില്‍ തന്നെ കത്തോലിക്കര്‍ പത്രോസിന്റെ പിന്‍ഗാമികളായാണ്‌ കാണുന്നത്‌. മാര്‍പ്പാപ്പയെയാകട്ടെ പത്രോസിന്റെ `വിശുദ്ധ സിംഹാസനത്തില്‍' ആരോഹിതനാവുന്ന `ഇടയനായി' അവര്‍ വിലയിരുത്തുന്നു. തങ്ങളുടെ സ്വര്‍ഗരാജ്യത്തിന്റെ താക്കോല്‍ കൈവശം വെക്കുന്ന ഒരാളെ കണ്ടെത്തിയോ എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ 120 കോടി വിശ്വാസികളുണ്ടെന്ന്‌ അവകാശപ്പെടുന്ന കത്തോലിക്കന്‍ സഭ. ആഗോള മാധ്യമങ്ങളെ അത്‌ ആകര്‍ഷിച്ചുവെന്നത്‌ സ്വാഭാവികം മാത്രം.
പൗരോഹിത്യവും ഇസ്‌ലാമും
അല്ലാഹു ഏകനാണ്‌. അവന്‌ പങ്കാളിയോ സഹായിയോ മധ്യവര്‍ത്തിയോ ഇല്ല എന്ന്‌ ഇസ്‌ലാം അസന്നിഗ്‌ധമായി പ്രഖ്യാപിക്കുന്നു. മനുഷ്യന്‍ ദൈവത്തിന്റെ ആജ്ഞകള്‍ അനുസരിക്കുകയും ദൈവനിരോധനങ്ങള്‍ സൂക്ഷിച്ചു ജീവിക്കുകയും ചെയ്യേണ്ടതാണ്‌. മത കല്‌പനകളും നിര്‍ദേശങ്ങളും നിരോധനങ്ങളുമെല്ലാം തീരുമാനിക്കുന്നതും നിശ്ചയിക്കുന്നതും അല്ലാഹു മാത്രമാണ്‌. ഖുര്‍ആനിലൂടെയും പ്രവാചക ചര്യയിലൂടെയും അത്‌ മനുഷ്യരെ പഠിപ്പിക്കുന്നുണ്ട്‌.
അതിനാല്‍ ഏതെങ്കിലും പണ്ഡിതനോ കര്‍മശാസ്‌ത്ര വിശാരദനോ ഹദീസ്‌ ജ്ഞാനിക്കോ എന്തിനധികം പ്രവാചകശിഷ്യര്‍ക്കു പോലുമോ ഇസ്‌ലാം പരിശുദ്ധതയോ അപ്രമാദിത്വമോ കല്‌പിക്കുന്നില്ല. ഉന്നതസ്ഥാനീയരായ ഖലീഫമാര്‍ പോലും ഇസ്‌ലാമില്‍ ദൈവികനിയമങ്ങള്‍ സ്വയം പ്രഖ്യാപിക്കാന്‍ അര്‍ഹരല്ല. അല്ലാഹുവിന്റെ ദൂതന്‍പോലും ദൈവികസന്ദേശങ്ങള്‍ക്ക്‌ വിധേയമായാണ്‌ മതനിയമങ്ങള്‍ പഠിപ്പിച്ചിരുന്നത്‌. ``അവനാണ്‌ നിരക്ഷരരായ സമൂഹങ്ങളിലേക്ക്‌ അവരില്‍ നിന്നുള്ള ദൂതനെ നിയോഗിച്ചത്‌. അദ്ദേഹം അവര്‍ക്ക്‌ ദൈവികവചനങ്ങള്‍ ഓതിക്കേള്‍പ്പിക്കുകയും, അവരെ സംസ്‌കരിക്കുകയും അവര്‍ക്ക്‌ വേദഗ്രന്ഥവും തത്വവചനങ്ങളും പഠിപ്പിക്കുകയും ചെയ്യുന്നു.'' (വി.ഖു. 62:02)
പൗരോഹിത്യം മതവിരുദ്ധം
ദൈവിക നിയമങ്ങള്‍ സ്വയം നിര്‍മിക്കുകയും ഹലാല്‍ ഹറാമുകള്‍ സ്വയം കണ്ടെത്തുകയും ചെയ്യുന്ന പൗരോഹിത്യത്തിന്റെ ചെയ്‌തികളെ ഏറ്റവും വലിയ പാപമായ ബഹുദൈവ വിശ്വാസത്തിന്റെ ഗണങ്ങളില്‍ പെട്ടതായി ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നു. ``അല്ലാഹുവിന്റെ ആജ്ഞയില്ലാതെ മതനിയമങ്ങള്‍ നിശ്ചയിക്കുന്ന പങ്കാളികള്‍ അവര്‍ക്കുണ്ടോ? (വി.ഖു 42:21). പണ്ഡിത പുരോഹിതര്‍ക്ക്‌ അനുവദനീയങ്ങളും നിഷിദ്ധങ്ങളും തീരുമാനിക്കാന്‍ അവകാശം നല്‌കിയിരുന്ന ജൂത ക്രൈസ്‌തവര്‍ തങ്ങളുടെ പുരോഹിതരെയും മെത്രാന്‍മാരെയും ദൈവങ്ങളാക്കുകയാണ്‌ ചെയ്യുന്നതെന്ന്‌ ഖുര്‍ആന്‍ 9:31-ല്‍ പ്രസ്‌താവിക്കുന്നു.
പുരോഹിതന്മാരുടെ കര്‍ത്തവ്യവും അവകാശവുമായി കത്തോലിക്കന്‍സഭ ആചരിക്കുന്ന പ്രധാന കൂദാശകളെല്ലാം ഇസ്‌ലാമിക പ്രമാണങ്ങളിലൂടെ പരിശോധിക്കുകയാണെങ്കില്‍ നിരര്‍ഥകങ്ങളും അബദ്ധങ്ങളുമാണ്‌. മാമോദീസയാണ്‌ അവയിലൊന്ന്‌. കത്തോലിക്കന്‍ കുടുംബത്തില്‍ പിറന്ന ഒരു കുഞ്ഞിനെ ക്രിസ്‌ത്യാനിയായി സഭ അംഗീകരിക്കുന്നത്‌ മാമോദീസ നടത്തപ്പെടുമ്പോഴാണ്‌. അതിന്‌ ഒരു പുരോഹിതന്റെ സാന്നിധ്യം കൂടിയേ തീരൂ. ഇസ്‌ലാമിക വീക്ഷണത്തില്‍ ഭൂമിയിലുള്ള എല്ലാ കുഞ്ഞുങ്ങളും പിറക്കുന്നത്‌ ശുദ്ധപ്രകൃതിയോടെയാണ്‌. അതിനാല്‍ മുസ്‌ലിം കുടുംബത്തില്‍ ജനിച്ച കുഞ്ഞിനെ മുസ്‌ലിമായിത്തന്നെ ഇസ്‌ലാം അംഗീകരിക്കുന്നു. അവനെ മുസ്‌ലിമായി വളര്‍ത്തുന്നത്‌ അവന്റെ മാതാപിതാക്കളാണ്‌. ഒരു പുരോഹിതന്റെയും ആശീര്‍വാദമോ സാന്നിധ്യമോ അനിവാര്യമല്ല.
ഉത്തമ വിശ്വാസിയായി ഒരാളെ പ്രഖ്യാപിക്കുന്ന കര്‍മത്തിനാണ്‌ കത്തോലിക്കന്‍ സഭ `സ്ഥൈര്യലേപനം' എന്നു വിളിക്കുന്നത്‌. അതിന്‌ കാര്‍മികത്വം വഹിക്കാനുള്ള അധികാരം `മെത്രാനില്‍' നിക്ഷിപ്‌തമായിരിക്കുന്നു. മനുഷ്യരുടെ നിഷ്‌കളങ്കതയും പ്രവര്‍ത്തനങ്ങളിലെ ആത്മാര്‍ഥതയും അറിയുന്നവന്‍ അല്ലാഹുവാണെന്ന്‌ ഖുര്‍ആന്‍ പ്രസ്‌താവിക്കുന്നു. ``നാമാണ്‌ മനുഷ്യനെ സൃഷ്‌ടിച്ചത്‌. അവന്റെ മനസ്സ്‌ മന്ത്രിക്കുന്നത്‌ നാം അറിയുന്നു.'' (വി.ഖു 50:16)
പുരോഹിതനോ മെത്രാനോ പണ്ഡിതനോ മനുഷ്യ മനസ്സിലെ രഹസ്യങ്ങള്‍ ഗ്രഹിക്കാന്‍ സാധ്യമല്ല. മലക്കുകള്‍ക്കു പോലും നിഷ്‌കളങ്കതയും ആത്മാര്‍ഥതയും ഗ്രാഹ്യമാവില്ലെന്നാണ്‌ ഇസ്‌ലാം പഠിപ്പിക്കുന്നത്‌. മാമോദീസ പോലെത്തന്നെ `സ്ഥൈര്യ ലേപനവും' ഇസ്‌ലാമിക വീക്ഷണത്തില്‍ നിരര്‍ഥകമാണ്‌. കത്തോലിക്കന്‍ വിശ്വാസികള്‍ നടത്തുന്ന സുപ്രധാനമായ ഒരു കൂദാശയാണ്‌ കുമ്പസാരം. പാപങ്ങള്‍ പൊറുക്കപ്പെടാനും കുറ്റങ്ങള്‍ പരിഹരിക്കാനുമാണിത്‌ നടത്തുന്നത്‌. ഇതിനുള്ള അധികാരവും പുരോഹിതനാണ്‌. പാപങ്ങളില്‍ നിന്ന്‌ മോചിതമാവണമെങ്കില്‍ ചെയ്‌ത പാപവും, അതിന്റെ എണ്ണങ്ങളും വിശദാംശങ്ങളുമെല്ലാം പുരോഹിതനോട്‌ ഏറ്റുപറയേണ്ടതാണ്‌. തുടര്‍ന്ന്‌ പുരോഹിതന്‍ നിര്‍ദേശിക്കുന്ന ആചാരാനുഷ്‌ഠാനങ്ങള്‍ അയാള്‍ നടത്തുകയും ചെയ്യണം. ഈ കൂദാശയും ഖുര്‍ആനിക വീക്ഷണത്തില്‍ ദൈവനിന്ദാപരവും ബഹുദൈവാരാധനാപരവുമാണ്‌. പാപങ്ങളില്‍ നിന്ന്‌ ഖേദിച്ചു മടങ്ങുകയും അല്ലാഹുവിനോട്‌ പാപമോചനത്തിനായി ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയും ചെയ്യുന്നതാണ്‌ ഇസ്‌ലാം നിര്‍ദേശിക്കുന്ന പാപപരിഹാരം. ``സ്വയം അതിക്രമങ്ങള്‍ ചെയ്‌ത എന്റെ ദാസന്മാരേ, നിങ്ങള്‍ ദൈവിക കാരുണ്യത്തെക്കുറിച്ച്‌ നിരാശരാവരുത്‌. അല്ലാഹു എല്ലാ പാപങ്ങളും പൊറുക്കുന്നവനാണ്‌.'' (വി.ഖു 39:53)
ഒരു വ്യക്തി മറ്റൊരുത്തനോട്‌ അതിക്രമം ചെയ്‌തിട്ടുണ്ടെങ്കില്‍ അവനോട്‌ മാപ്പു ചോദിക്കാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നു. ഏതെങ്കിലും പുരോഹിതനോടോ സിദ്ധനോടോ കുറ്റം ഏറ്റുപറയുന്ന പൗരോഹിത്യ ആചാരത്തെ ഇസ്‌ലാം അംഗീകരിക്കുന്നില്ല. രോഗശയ്യയിലായ കത്തോലിക്കന്‍ വിശ്വാസിക്ക്‌ സ്വര്‍ഗം ലഭിക്കാന്‍ പുരോഹിതന്‍ നടത്തുന്ന `രോഗിലേപന' കൂദാശയും ഇസ്‌ലാമിന്‌ പരിചയില്ലാത്തതും ഖുര്‍ആനികാധ്യാപനങ്ങള്‍ക്ക്‌ വിരുദ്ധവുമാണ്‌. സ്വര്‍ഗത്തിന്റെ താക്കോല്‍ വാഹകനായി ഒരാളെയും ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഏതൊരാള്‍ക്കും തന്റെ സഹോദരന്‌ സ്വര്‍ഗം ലഭിക്കാനും നരകത്തില്‍ നിന്നവനെ മോചിപ്പിക്കാനും അല്ലാഹുവോട്‌ പ്രാര്‍ഥിക്കാവുന്നതാണ്‌. അതിന്‌ ഒരു പുരോഹിതന്റെ ആവശ്യം പോലുമില്ല.
പൗരോഹിത്യത്തെ ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഇതിനോടനുബന്ധിച്ച എല്ലാ ആചാരങ്ങളെയും ഇസ്‌ലാം താത്വികമായിത്തന്നെ നിരാകരിക്കുന്നു. ഇതിനുവേണ്ടിയുള്ള അനുഷ്‌ഠാനങ്ങളും ആചാരങ്ങളുമെല്ലാം ജനങ്ങളെ ചൂഷണംചെയ്യാന്‍ പുരോഹിതര്‍ സ്വീകരിക്കുന്ന കുതന്ത്രങ്ങളായി ഇസ്‌ലാം കാണുന്നു. ``സത്യവിശ്വാസികളെ, ധാരാളം പുരോഹിതന്മാരും വികാരികളും ജനങ്ങളുടെ സമ്പത്ത്‌ അന്യായമായി ഭക്ഷിക്കുന്നു.'' (വി.ഖു 9:34)
മുസ്‌ലിം പുരോഹിതന്മാര്‍
ഇസ്‌ലാമില്‍ പൗരോഹിത്യമില്ലെന്ന്‌ നബി(സ) പ്രസ്‌താവിച്ചിരിക്കുന്നു. നിങ്ങള്‍ ക്രിസ്‌തീയ-ജൂത ചര്യകളെ മുഴത്തിനു മുഴമായും ചാണിനു ചാണായും അനുകരിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിരിക്കുന്നു. മുസ്‌ലിം സമൂഹത്തിലെ ആചാരങ്ങളെല്ലാം കടന്നുവന്ന വഴി പരിശോധിക്കുകയാണെങ്കില്‍ ഈ നബിവചനങ്ങള്‍ സാര്‍ഥകങ്ങളാണെന്ന്‌ കാണാം.
പുരോഹിതരുടെയും പൗരോഹിത്യത്തിന്റെയും അവസ്ഥയും ഇതില്‍നിന്ന്‌ ഭിന്നമല്ല. പൗരോഹിത്യത്തിന്റെ ചൂഷണങ്ങള്‍ മുസ്‌ലിം സമൂഹത്തെയും വലയംചെയ്‌തിട്ടുണ്ട്‌. പള്ളികളിലെ മുസ്‌ലിയാക്കളും തീര്‍ഥാടക കേന്ദ്രങ്ങളിലെ പൂജാരികളും സിദ്ധന്മാരുമെല്ലാം ഭക്തരുടെ സമ്പത്ത്‌ തട്ടിയെടുക്കുന്ന ചൂഷകരായിത്തീര്‍ന്നിരിക്കുന്നു. പല തീര്‍ഥാടക കേന്ദ്രങ്ങളോടനുബന്ധിച്ചും അത്‌ വലിയ ഒരു മാഫിയ കണക്കെ വളര്‍ന്നിട്ടുണ്ട്‌. അനുകരണങ്ങള്‍ വരുത്തിവെക്കുന്ന അനര്‍ഥങ്ങള്‍ എത്ര ദയനീയം

0 comments:

ക്രിമിനല്‍ ഭേദഗതി ബില്ലും വ്യഭിചാര പ്രായപരിധി നിര്‍ണയവും

ക്രിമിനല്‍ ഭേദഗതി ബില്ലും വ്യഭിചാര പ്രായപരിധി നിര്‍ണയവും


രാജ്യത്തെ നടുക്കിക്കൊണ്ട്‌ 2012 ഡിംസബര്‍ 16-ന്‌ ന്യൂഡല്‍ഹിയില്‍ നടന്ന ക്രൂരവും നീചവുമായ കൂട്ടബലാത്സംഗവും കൊലപാതകവും വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. കേന്ദ്ര ഗവണ്‍മെന്റ്‌ ആദ്യമൊന്ന്‌ ഉറക്കം നടിച്ചെങ്കിലും
സ്ഥിതിഗതികള്‍ വിലയിരുത്തിയപ്പോള്‍ ഉണര്‍ന്നെണീറ്റ്‌ ഊര്‍ജസ്വലമായി നീങ്ങേണ്ടിവന്നു. സംഭവത്തിന്റെ ഏഴാംദിവസം അന്വഷണ കമ്മീഷന്‍ നിയമനം. ഒരു മാസം കൊണ്ട്‌ കമ്മീഷന്‍ റിപ്പോര്‍ട്ട്‌. കമ്മീഷന്‍ ശിപാര്‍ശ ചെയ്‌തതിലും ശക്തമായ നിലപാടില്‍ ക്രിമിനല്‍ നിയമ ഭേദഗതികള്‍ ഓര്‍ഡിനന്‍സ്‌ (03-02-13). ഓര്‍ഡിനന്‍സിന്റെ കാലാവധി തീരുമ്പോഴേക്ക്‌ നിയമഭേദഗതി ലോക്‌ സഭ പാസ്സാക്കി (19-03-13). എല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍. സര്‍ക്കാര്‍ സംവിധാനത്തെ ഇത്രമാത്രം സജീവമാക്കാന്‍ പോന്നതായിരുന്നു ഡല്‍ഹി സംഭവം.
ജസ്റ്റിസ്‌ ജെ എസ്‌ വര്‍മ കമ്മീഷന്‍ ബലാത്സംഗത്തിനും അനുബന്ധ കൊലപാതകത്തിനും നിലവിലുള്ള ശിക്ഷാനിയമങ്ങള്‍ അപര്യാപ്‌തമാണെന്ന്‌ കണ്ടെത്തുകയും ഭേദഗതി നിര്‍ദേശിക്കുകയുമായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടിച്ചട്ടം, തെളിവുനിയമം, കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം തുടങ്ങിയവയില്‍ ഭേദഗതി വരുത്തിയാണ്‌ ബില്‍ അവതരിപ്പിച്ചത്‌. രാജ്യസഭയും അത്‌ ഉടനെ പാസ്സാക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. ഇന്ത്യയൊട്ടാകെ ഉറ്റുനോക്കിയ ഈ നിയമം ലോക്‌സഭ ഐകകണ്‌ഠ്യേനയാണ്‌ പാസ്സാക്കിയത്‌ എന്നതും ശ്രദ്ധേയമാണ്‌.
ബലാത്സംഗത്തിന്റെ ഇര മരിക്കുകയോ ജീവച്ഛവമാകുകയോ ചെയ്‌താല്‍ പ്രതിക്ക്‌ വധശിക്ഷയോ മരണം വരെ തടവോ ശിക്ഷ വിധിക്കാവുന്നതാണ്‌. ആസിഡ്‌ ആക്രമണവും ഒളിഞ്ഞുനോട്ടവും പിന്‍തുടരലും കുറ്റകരമാക്കിയിട്ടുണ്ട്‌. ഇരകള്‍ക്ക്‌ ഏത്‌ ആശുപത്രികളിലും സൗജന്യചികിത്സ നല്‌കണമെന്നും ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ലില്‍ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌.
എന്നാല്‍ ഈ ബില്ല്‌ സഭയില്‍ അവതരിപ്പിക്കുന്നതിനു മുന്‍പ്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സമവായമുണ്ടാകാതെ പോയ ഒരു കാര്യം അറുവഷളനും അതീവ ഗുരുതരവുമായി മാത്രമേ സംസ്‌കാരിക സമൂഹത്തിനു കാണാന്‍ കഴിയൂ. അതായത്‌ ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്‌ കോണ്‍ഗ്രസ്‌ നിശ്ചയിച്ച പതിനാറു വയസ്സ്‌ പ്രായപരിധി ഇതര പാര്‍ട്ടികള്‍ അംഗീകരിച്ചില്ല. ഒടുവില്‍ അത്‌ പതിനെട്ടു വയസ്സാക്കി സ്ഥിരപ്പെടുത്തിയത്രെ! എന്താണീ പറഞ്ഞത്‌? ബലാത്‌ക്കാരമായി ഒരു പെണ്ണിനെ ഉപയോഗിച്ചാല്‍ ശിക്ഷ നല്‌കണമെന്ന കാര്യത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ തര്‍ക്കമില്ലാത്തതുപോലെ ബലാത്‌ക്കാരമല്ലെങ്കില്‍ അത്‌ അനുവദനീയമാണെന്ന കാര്യത്തിലും ഏകാഭിപ്രായക്കാരാണ്‌ എന്നര്‍ഥം. വിവാഹിതരല്ലാത്ത സ്‌ത്രീപുരുഷന്മാര്‍ ഉഭയ സമ്മതത്തോടെ നടത്തുന്ന ലൈംഗിക ബന്ധത്തിനാണ്‌ മലയാളത്തില്‍ വ്യഭിചാരമെന്ന്‌ പറയുന്നത്‌.
വ്യഭിചാരം കുറ്റകരമായ പ്രവൃത്തി മാത്രമല്ല, ദൂരവ്യാപകമായ സാമൂഹിക പ്രശ്‌നമുണ്ടാക്കുന്ന ജീര്‍ണത കൂടിയാണ്‌. വ്യഭിചാരം തിന്മയും മ്ലേച്ഛവുമായി കാണാത്ത ഒരു മതവുമില്ല. മതമില്ലാത്ത യുക്തിവാദികള്‍ക്ക്‌ വിവാഹമെന്ന `മതകീയ സംസ്‌കാര'ത്തിന്‌ ന്യയീകരണമില്ലെങ്കിലും വ്യഭിചാരം അവരും ചീത്തകാര്യമായി കാണുന്നു. `വ്യഭിചാരത്തിന്‌ എന്താണ്‌ തെറ്റ്‌' എന്ന ചോദ്യത്തിന്‌ സഖാവ്‌ ലെനിന്‍ പോലും പറഞ്ഞത്‌, `ഓരോരുത്തര്‍ക്ക്‌ ഓരോ പാത്രം ഉണ്ടാവുന്നതല്ലേ നല്ലത്‌' എന്ന യുക്തിസഹമായ ഒരു മറുചോദ്യമായിരുന്നു. 
ഇരുപതാം നൂറ്റാണ്ടില്‍ ലോകത്തിനു മീതെ ആപതിച്ച മഹാമാരിയായ അക്വയേര്‍ഡ്‌ ഇമ്യൂണ്‍ ഡിഫിഷ്യന്‍സി സിന്‍ഡ്രം എന്ന എയ്‌ഡ്‌സിന്‌ മുഖ്യഹേതു അനിയന്ത്രിതമായ ലൈംഗികതയാണ്‌ എന്ന്‌ ലോകത്തോട്‌ വിളിച്ചു പറഞ്ഞത്‌ ശാസ്‌ത്രമാണ്‌. ഇതിനര്‍ഥം വഴിവിട്ട ലൈംഗികത മനുഷ്യപ്രകൃതിക്കു വിരുദ്ധമാണ്‌ എന്നാണ്‌. വംശവര്‍ധനവെന്ന ജന്മബോധത്തിനപ്പുറം ഇണചേരാന്‍ ശ്രമിക്കാത്ത ഇതര ജന്തുക്കളില്‍ ലൈംഗിക രോഗങ്ങളില്ല എന്ന വസ്‌തുത വിസ്‌മരിക്കരുത്‌. മനുഷ്യപ്രകൃതി വിവാഹ ജീവിതമാണ്‌. അഥവാ ലൈംഗികത എന്ന ജൈവതൃഷ്‌ണ ക്ലിപ്‌തപ്പെടുത്തുകയും നിയന്ത്രിക്കുകയും അതേയവസരം യഥേഷ്‌ടം അനുഭവിക്കുകയും ചെയ്യുക എന്നതാണ്‌ മാനുഷികത. വ്യഭിചാരമെന്ന ജീര്‍ണത എക്കാലത്തുമുണ്ടെങ്കിലും അത്‌ മ്ലേച്ഛമാണെന്ന സമൂഹസങ്കല്‌പം അത്‌ ഗോപ്യമാക്കാനും കര്‍ശനമായി നിയന്ത്രിക്കപ്പെടാനും കാരണമായിത്തീരുന്നു. നിര്‍ഭാഗ്യവശാല്‍ മാനവികതയുടെ ഈ അടിസ്ഥാന വസ്‌തുത കളഞ്ഞുകുളിച്ചുകൊണ്ടുള്ള ഒരു പോക്കാണ്‌ പാശ്ചാത്യലോകത്തുനിന്ന്‌ കേട്ടുകൊണ്ടിരിക്കുന്നത്‌. താരതമ്യേന മതമൂല്യങ്ങളില്‍ ഉറച്ചുനില്‌ക്കുന്ന നമ്മുടെ നാടിനെ പാശ്ചാത്യവത്‌കരിക്കുന്നതിന്റെ ഭാഗമാണോ കേന്ദ്ര ഗവണ്‍മെന്റിന്റെ `വ്യഭിചാരനയം' എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.
രഹസ്യമായി നടക്കുന്ന വ്യഭിചാരത്തിന്‌ ശിക്ഷ വിധിക്കാന്‍ ഗവണ്‍മെന്റിനോ കോടതിക്കോ ആവില്ലെന്നത്‌ നേര്‌. വിവാഹേതര ലൈംഗികബന്ധം കടുത്ത ശിക്ഷയുള്ള വലിയ കുറ്റമായി കാണുന്ന ഇസ്‌ലാമിക നിയമത്തിലും രഹസ്യാന്വേഷണത്തിലൂടെ കുറ്റങ്ങള്‍ കണ്ടെത്തി ശിക്ഷിക്കണമെന്ന്‌ പറഞ്ഞിട്ടില്ല. പരാതിയും സാക്ഷികളും ഉണ്ടെങ്കില്‍ മാത്രമേ കുറ്റവാളി ശിക്ഷിക്കപ്പെടൂ. എന്നാല്‍ പതിനെട്ടു വയസ്സായാല്‍ വ്യഭിചാരമാവാം എന്നാണല്ലോ ഇന്ത്യന്‍ നിയമത്തില്‍ നിന്ന്‌ വായിച്ചെടുക്കാവുന്നത്‌. ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്‌ പ്രായപരിധി പതിനെട്ടാക്കി എന്നതില്‍ എത്രയെത്ര വൈരുധ്യങ്ങള്‍ നിലനില്‌ക്കുന്നു എന്ന്‌ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല.
പ്രണയ കേളികളും ചാടിപ്പോക്കും വീടുവിട്ടിറങ്ങലുമെല്ലാം ഉഭയസമ്മത പ്രകാരമാണല്ലോ നടക്കുന്നത്‌! ഇതിന്റെ പേരില്‍ എത്ര കേസുകള്‍ കുടംബക്കോടതിയിലും മറ്റും നിലനില്‌ക്കുന്നു! വിവാഹപൂര്‍വ ലൈംഗികതയും വിവാഹബാഹ്യബന്ധങ്ങളും ഉഭയസമ്മതമാണെങ്കില്‍ ആവാമെന്നു പറയുന്ന സര്‍ക്കാര്‍ നിയമത്തിന്റെ മുന്നില്‍ ഒരു പുരുഷന്‍ രണ്ടാമതൊരു സ്‌ത്രീയെ നിയമ പ്രകാരം സമൂഹത്തിന്റെ അംഗീകാരത്തോടെ വിവാഹം കഴിച്ച്‌ ജീവിതം നയിക്കുന്നത്‌ തെറ്റും കുറ്റവുമാണ്‌! പച്ചയായി പറഞ്ഞാല്‍, ബലാല്‌ക്കാരമില്ലെങ്കില്‍ വ്യഭിചാരമാവാം; വിവാഹം പാടില്ല! സര്‍ക്കാറുദ്യോഗസ്ഥന്‍ രണ്ടാം വിവാഹം കഴിച്ചാല്‍ നിരവധി കടമ്പകള്‍ കടക്കണം. ഒളിഞ്ഞുനോട്ടവും പിന്‍തുടരലും പുതിയ നിയമപ്രകാരം കുറ്റമാണ്‌. അതിനും പ്രായപരിധി പതിനെട്ടെങ്കില്‍ ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററി തലത്തില്‍ യഥേഷ്‌ടമാവാം!
ബീവറേജസ്‌ കോര്‍പ്പറേഷന്റെ വിദേശമദ്യ വില്‌പന ശാലയില്‍ ക്യൂ നിന്ന്‌ മദ്യം വാങ്ങണമെങ്കില്‍ പതിനെട്ടു വയസ്സാകണമെന്ന്‌ പറയുന്നതുപോലെ തന്നെയാണ്‌ വ്യഭിചരിക്കാന്‍ പതിനെട്ടു വയസ്സാകണമെന്ന്‌ പറയുന്നതും. സംസ്‌കാരമുള്ള സമൂഹത്തില്‍ ഈ നിയമങ്ങളുടെയൊക്കെ ദുസ്സ്വാധീനം എത്ര വലുതായിരിക്കും! പ്രായപൂര്‍ത്തിയും തന്റേടവുമെത്തിയ ആണ്‍-പെണ്‍ കുട്ടികള്‍ പതിനേഴര വയസ്സില്‍ വിവാഹിതരായാല്‍ അത്‌ നിയമത്തിന്‌ മുന്നില്‍ കുറ്റം. കാരണം വിവാഹ പ്രായം പതിനെട്ട്‌. കോണ്‍ഗ്രസ്‌ കൊണ്ടുവന്ന വ്യഭിചാര പ്രായപരിധി പതിനാറായിരുന്നു. അതനുസരിച്ച്‌ പതിനാറു മുതല്‍ പതിനെട്ടു വയസ്സുവരെ യുവതീയുവാക്കള്‍ക്ക്‌ വ്യഭിചരിക്കാം; നിയമവിധേയം. വിവാഹം ചെയ്‌തുകൂടാ; നിയമവിരുദ്ധം!
ഏതായാലും ബി ജെ പി ഉള്‍പ്പെടെ ഇതര പാര്‍ട്ടികള്‍ ചേര്‍ന്ന്‌ വ്യഭിചാര പ്രായപരിധി പതിനെട്ടാക്കി നിശ്ചയിച്ചുവത്രെ. മനുഷ്യ സംസ്‌കാരത്തിന്റെ മുഖത്തു കരിതേക്കുന്ന ഇത്തരം നിയമങ്ങള്‍ ജനാധിപത്യത്തിന്റെ പേരിലായാലും സ്വീകരിക്കാനാവില്ല. മദ്യവും മദിരയും ഒഴുകുന്ന നാട്ടില്‍ ഇത്തരം നിയമ പരിരക്ഷയും കൂടിയായാല്‍ അത്‌ കുരങ്ങിന്‌ ഏണിവച്ചുകൊടുക്കലായിരിക്കും. ഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ മുഖ്യ പ്രതിയായ `പ്രായപൂര്‍ത്തിയാകാത്ത'വന്റെ കൊടും ക്രൂരതയാണത്രെ പെണ്‍കുട്ടിയുടെ മരണകാരണം. എന്നിട്ടും അവന്‌ നിയമപരിരക്ഷയും മൃദുലമായ ജുവനൈല്‍ വിചാരണയും! കുറ്റവാളിയുടെ പ്രായം പരിഗണിക്കണമെന്നത്‌ നേര്‌. ബാലകൗമാര കുറ്റവാളികള്‍ വര്‍ധിക്കുന്നതെന്തുകൊണ്ട്‌ എന്ന ചിന്തയും പഠനവും പരിഹാരവും ഉത്തരവാദപ്പെട്ടവരുടെ ബാധ്യതയാണെന്നു കൂടി ഓര്‍മപ്പെടുത്തട്ടെ. 

0 comments:

മണ്ണിനെപ്പറ്റിയും വേണം വ്യാകുലതകള്‍

മണ്ണിനെപ്പറ്റിയും വേണം വ്യാകുലതകള്‍

- കാക്കനോട്ടം -
എ പി കുഞ്ഞാമു
കേരളത്തിലെ ഏറ്റവും ചലനാത്മകമായ ജനവിഭാഗമാണ്‌ മുസ്‌ലിംകള്‍. സാമൂഹ്യ മുന്നേറ്റങ്ങളിലൂടെ മുസ്‌ലിം സമുദായം സദാ സ്വയം നവീകരിച്ചുകൊണ്ടിരിക്കുന്നു. വിവിധ മതവിഭാഗങ്ങള്‍, രാഷ്‌ട്രീയ ധാരകള്‍ എന്നിവ വളരെ പ്രബലമാണ്‌ മുസ്‌ലിം സമുദായത്തില്‍. അവ പരസ്‌പരം സഹകരിച്ചും തര്‍ക്കിച്ചും കലഹിച്ചുമൊക്കെ സദാ അരങ്ങ്‌ കൊഴുപ്പിച്ചുകൊണ്ടിരിക്കുന്നു. പ്രബോധന പ്രവര്‍ത്തനങ്ങള്‍ മറ്റേതു സമുദായത്തിലുള്ളതിനേക്കാളുമേറെ മുസ്‌ലിംകള്‍ നടത്തുന്നു.
പത്രങ്ങളും ഇതര പ്രസിദ്ധീകരണങ്ങളും മുസ്‌ലിം സാക്ഷരതയുടെ തോതും ജനസംഖ്യയും വെച്ചു നോക്കുമ്പോള്‍ കേരളത്തില്‍ കൂടുതലാണ്‌. ഇലക്‌ട്രോണിക്‌ മാധ്യമങ്ങളുടെ ലോകത്തും പുതിയ സംരംഭങ്ങളുണ്ടാവുന്നു. ഹോം സിനിമ എന്ന പേരില്‍ മുസ്‌ലിംകള്‍ക്കിടയില്‍ മാത്രം കാണികളുള്ള ഒരു ദൃശ്യമാധ്യമരൂപമുണ്ട്‌. വിദ്യാഭ്യാസരംഗത്ത്‌ അമ്പരപ്പിക്കുന്ന മുന്നേറ്റമാണ്‌ മുസ്‌ലിം സമുദായത്തില്‍ കാണാനാവുന്നത്‌. പ്രാദേശിക മദ്‌റസകള്‍ ഒട്ടുമുക്കാലും ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളായി പരിണമിച്ചുകഴിഞ്ഞു. ഉന്നത വിദ്യാഭ്യാസരംഗത്തും മുസ്‌ലിം മുന്‍കൈകള്‍ പ്രബലമാണ്‌. കേരളത്തില്‍ ഇത്രയും `ആക്‌ടീവ്‌' ആയ സമുദായം വേറെയില്ല. അവരുണ്ടാക്കുന്ന `ഒച്ചപ്പാടു'കള്‍ ഇതര സമുദായങ്ങളെ അമ്പരപ്പിക്കുന്നുണ്ട്‌ എന്നതും സത്യം.
ഈ മുസ്‌ലിം സാന്നിധ്യത്തെ പല നിലയ്‌ക്കും നാം നോക്കിക്കാണുന്നു. ഒരര്‍ഥത്തില്‍ കേരളത്തിലെ മുസ്‌ലിം സമുദായ പൊതുജീവിതത്തില്‍, സ്വയം പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്ന ഈ ഇടം, അവരുടെ വ്യക്തിത്വ രൂപീകരണത്തില്‍ വലിയ പങ്കു വഹിക്കുന്നു. ആശയങ്ങളോട്‌ നമുക്ക്‌ യോജിക്കാന്‍ കഴിഞ്ഞാലുമില്ലെങ്കിലും മുസ്‌ലിം രാഷ്‌ട്രീയം, കേരളത്തില്‍ മുസ്‌ലിം സമുദായത്തിന്റെ സ്വത്വ രൂപീകരണത്തില്‍ പ്രസക്തമായ പങ്കുവഹിച്ചിട്ടുണ്ട്‌ എന്നത്‌ നിരാകരിക്കാനുമാവുകയില്ല. കേരളത്തിന്റെ പൊതു രാഷ്‌ട്രീയ മണ്ഡലം രൂപപ്പെടുത്തുന്നതിലും, അത്‌ അതിന്റേതായ പങ്കു വഹിച്ചു. മതപാരമ്പര്യങ്ങളും അവക്കിടയിലെ കിടമത്സരങ്ങളുമാണ്‌ മുസ്‌ലിം മുന്നേറ്റത്തെ ത്വരിതപ്പെടുത്തിയ മറ്റൊരു ഘടകം. കേരളത്തിന്റെ സാമൂഹ്യഘടനയെ ആഴത്തില്‍ ബാധിച്ച രണ്ടു കുടിയേറ്റങ്ങളും- മലബാറിലേക്ക്‌ തിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റവും ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക്‌ മലബാറില്‍ നിന്നുള്ള കുടിയേറ്റവും-ഒരു സമുദായമെന്ന നിലയില്‍ ഏറ്റവും ബാധിച്ചത്‌ മുസ്‌ലിംകളെയാണ്‌. തിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റം മലാബാറിന്റെ സാമൂഹ്യ-വിദ്യാഭ്യാസ സാംസ്‌കാരിക മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിച്ചു. വിദ്യാഭ്യാസ രംഗത്ത്‌ മുസ്‌ലിംകളുടെ പുരോഗതിയെ ഈ പുനര്‍നിര്‍ണയം ത്വരിതപ്പെടുത്തി. ആധുനികതയുടെ മൂല്യങ്ങള്‍ സ്വാംശീകരിക്കാന്‍ അതു മുസ്‌ലിംകളെ പ്രേരിപ്പിച്ചു. അതേ സമയം ഗള്‍ഫിലേക്കുള്ള കുടിയേറ്റം, അവരുടെ അവസ്ഥ അടിമുടി മാറ്റി. സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുസ്‌ലിം സമുദായത്തിന്റെ മുഖച്ഛായ തന്നെ അതു മറ്റിക്കളഞ്ഞു. ഈ മാറ്റങ്ങളോടൊപ്പം സാമുദായിക സംഘടനകള്‍ നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ കൂടി ആയപ്പോള്‍, പുതിയൊരു സമുദായ രൂപീകരണം സംഭവിച്ചു. മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ കേരളത്തില്‍ അനാശാസ്യമായ തോതില്‍ കലഹങ്ങളും തര്‍ക്കങ്ങളും നടക്കുന്നുവെന്നും, മുസ്‌ലിം ഐക്യം അടിയന്തിരമായും സാധിച്ചെടുക്കേണ്ട ഒരു ലക്ഷ്യമാണെന്നും മറ്റും പറയാറുണ്ട്‌. അനൈക്യം സമുദായത്തെ ദുര്‍ബലപ്പെടുത്തും എന്ന തിരിച്ചറിവും അതേച്ചൊല്ലിയുള്ള ആശങ്കയുമാണ്‌ ഈ പറച്ചിലിന്‌ പ്രേരകമായി ഭവിക്കുന്നത്‌. എന്നാല്‍ ഒരു തരത്തില്‍ പറഞ്ഞാല്‍ കേരളത്തില്‍ മുസ്‌ലിം സമുദായം നേടിയ സാമൂഹ്യ-സാംസ്‌കാരിക പുരോഗതിയുടെ അടിത്തറ ഈ `അനൈക്യം' കൂടി പണിതുണ്ടാക്കിയതാണെന്ന വസ്‌തുത കാണാതിരുന്നകൂടാ. തികച്ചും `മോണോലിത്തിക്‌ ആയും, നിശ്ചലമായുമാണ്‌ മുസ്‌ലിം സമുദായം നിലകൊള്ളുന്നതെങ്കില്‍, അതിന്‌ കേരളീയ സമൂഹത്തില്‍ ഇത്രയും പ്രാമുഖ്യം കൈവരിക്കാന്‍ സാധിക്കുമായിരുന്നില്ല. ആന്തരിക സംഘര്‍ഷങ്ങളാണ്‌ മുസ്‌ലിം സമുദായത്തെ നവീകരിച്ചത്‌. അതിന്റെ ബാഹ്യാവിഷ്‌കാരങ്ങള്‍ ഒരുപക്ഷേ സമുദായ സ്‌നേഹികളെ നൊമ്പരപ്പെടുത്തി എന്നു വരാം. ജിന്നിന്റെയും സിഹ്‌റിന്റെയും പേരില്‍, സമുദായത്തിലെ പണ്ഡിതന്മാര്‍ മൈക്ക്‌ കെട്ടി തര്‍ക്കവും ബഹളവും കൊഴുപ്പിക്കുമ്പോള്‍ ഒരുപാട്‌ ഊര്‍ജം വെറുതെയാവുന്നുണ്ട്‌. പള്ളികളും മതപ്രസംഗങ്ങളും ദിക്‌ര്‍ ഹല്‍ഖകളും മറ്റും വര്‍ധിക്കുമ്പോഴും ഒരുപാട്‌ പണം വ്യര്‍ഥമാക്കുന്നുണ്ട്‌, ശരിതന്നെ. എന്നാല്‍ മുസ്‌ലിം സമുദായ രൂപീകരണത്തില്‍ അത്തരം മുന്‍കൈകള്‍ വഹിച്ച പങ്ക്‌, സാമൂഹ്യശാസ്‌ത്രപരമായി വിലയിരുത്തുമ്പോള്‍, നിഷേധാത്മകമെന്നതിനേക്കാളേറെ ക്രിയാത്മകമാണ്‌, മുസ്‌ലിംകളുടെ സാമൂഹ്യ സ്ഥാനം അടയാളപ്പെടുത്തുന്നതിനും അവരുടെ ആത്മബോധത്തിനും കരുത്തു നല്‌കുന്നതിനും അവര്‍ക്കിടയിലെ ആന്തരിക ശൈഥില്യം വലിയൊരു പ്രേരണയായി എന്നതാണ്‌ വസ്‌തുത. സമുദായ ഐക്യത്തിന്നുവേണ്ടി ആവേശപൂര്‍വം മുന്നിട്ടിറങ്ങുമ്പോള്‍, `അനൈക്യം' നിറവേറ്റിയ സാമൂഹ്യശാസ്‌ത്രപരമായ പരിവര്‍ത്തന പ്രക്രിയയെക്കൂടി ഉള്‍ക്കൊള്ളണമെന്നാണ്‌ പറയുന്നത്‌. അതിന്റെ ഗുണദോഷവിചാരം മറ്റൊരു വിഷയമാണ്‌.
പുരോഗതിയും മൂല്യവിചാരങ്ങളും
മുസ്‌ലിംകള്‍ ഇത്രയും ചലനാത്മകവും സക്രിയവുമാണെങ്കിലും, അവര്‍ക്ക്‌ എന്തുകൊണ്ടാണ്‌ അവരുടെ മൂല്യബോധ രൂപീകരണത്തില്‍, ചലനാത്മകതയുടെ ഈ അന്തരീക്ഷത്തെ ഉപയോഗപ്പെടുത്താന്‍ സാധിക്കാത്തത്‌? ഇക്കണ്ട രീതിയില്‍ നവീകരണം സംഭവിച്ചുകഴിഞ്ഞ ഒരു സമുദായത്തിന്റെ മൂല്യബോധത്തിന്‌ വേണ്ടത്ര ആരോഗ്യകരമായ ഉള്ളടക്കമുണ്ടാവാതെ പോയത്‌ എന്തുകൊണ്ടാണ്‌? മുസ്‌ലിംകളില്‍ നിന്ന്‌ അവരുടെ മതം ജീവിതത്തില്‍ കര്‍ശനമായ അച്ചടക്കം ആവശ്യപ്പെടുന്നുണ്ട്‌. പ്രത്യയശാസ്‌ത്രപരമായും ചരിത്രപരമായും ആധുനിക പാശ്ചാത്യ സംസ്‌കാരത്തെ ഇസ്‌ലാമിക ജീവിതം നിരാകരിക്കുന്നു. കൊളോണിയല്‍ സങ്കല്‌പങ്ങള്‍ ഇസ്‌ലാമിക വിരുദ്ധമാണ്‌. അതേപോലെ തന്നെ ലാഭേച്ഛയില്‍ അധിഷ്‌ഠിതമായ പാശ്ചാത്യ ക്യാപിറ്റലിസ്റ്റ്‌ രീതികളും ഇസ്‌ലാമിനോട്‌ പൊരുത്തപ്പെട്ടു പോകുന്നതല്ല. പടിഞ്ഞാറന്‍ സാമ്രാജ്യത്വ അജണ്ടകളോടുള്ള മുസ്‌ലിംകളുടെ എതിര്‍പ്പിന്‌ സമകാലിക രാഷ്‌ട്രീയത്തില്‍ മാത്രമല്ല വേരുകളുള്ളത്‌ എന്ന്‌ ചുരുക്കം. അതിന്ന്‌ അതിന്റേതായ പ്രത്യയശാസ്‌ത്ര ഉള്ളടക്കം തന്നെയുണ്ട്‌. ബാഹ്യാവിഷ്‌കാരങ്ങളില്‍ കേരളത്തിലെ മുസ്‌ലിംസംഘടനകളെല്ലാം ഈ ആശയാടിത്തറ വെളിപ്പെടുത്താറുമുണ്ട്‌. സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭങ്ങളുടെ മുന്നണിയില്‍ മുസ്‌ലിം സംഘടനകളുണ്ട്‌. എന്നാല്‍ എന്തുകൊണ്ട്‌ പാശ്ചാത്യ മൂല്യങ്ങള്‍ ഏറ്റവുമധികം ഉള്‍ക്കൊള്ളുന്ന സമുദായമായി മുസ്‌ലിംകള്‍ മാറുന്നു എന്ന വൈരുദ്ധ്യം പിടികിട്ടാത്ത ഒന്നാണ്‌. മതത്തിന്റെ കര്‍ക്കശമായ വിലക്കുകള്‍ ഇല്ലായിരുന്നുവെങ്കില്‍, കേരളത്തിലെ മുസ്‌ലിംകളായേനെ പടിഞ്ഞാറന്‍ സംസ്‌കൃതിയുടെ എല്ലാ അധാര്‍മിക രൂപങ്ങളെയും ഏറ്റവും കൂടുതല്‍ ഉള്‍ക്കൊള്ളുന്നവര്‍. വേഷത്തിലും ആചാരങ്ങളിലും ഭക്ഷ്യശീലങ്ങളിലും ഉപഭോക്ത സങ്കല്‌പങ്ങളിലുമെല്ലാം ഇപ്പോള്‍ തന്നെ പടിഞ്ഞാറന്‍ വിപണി മൂല്യങ്ങളെ ഏറ്റവും കൂടുതല്‍ സ്വീകരിക്കുന്നത്‌ മുസ്‌ലിംകളാണ്‌. ഈ ശീലമാണ്‌ മുസ്‌ലിം സമുദായത്തില്‍ പ്രകടമാവുന്ന ആഢംബരശീലത്തിന്റെയും പൊങ്ങച്ചങ്ങളുടെയും അടിത്തറ. കമ്പോളവ്യവസ്ഥയുടെ അനിസ്‌ലാമികത തിരിച്ചറിയാന്‍ മുസ്‌ലിംകള്‍ക്ക്‌ സാധിക്കുന്നില്ല. പുറമേക്ക്‌ പടിഞ്ഞാറിന്നെതിരായി മുക്തകണ്‌ഠം കുരയ്‌ക്കുന്നുണ്ടെങ്കിലും പാശ്ചാത്യമൂല്യങ്ങള്‍ക്ക്‌ ഒരു കടി പറ്റിയ്‌ക്കാന്‍ കേരള മുസ്‌ലിംകളുടെ ഇസ്‌ലാമിക ബോധത്തിന്ന്‌ സാധ്യമാവുന്നില്ല എന്നത്‌ ഒരു വസ്‌തുതയാണ്‌.
മലയാളിയുടെ പാരമ്പര്യങ്ങളില്‍, ഒരുതരം പ്രാചീന വിശുദ്ധിയുടെ അംശങ്ങളുണ്ട്‌. പ്രകൃതിയോട്‌ ഇണങ്ങിപ്പോവുന്ന ശീലം. ഭക്ഷണത്തിലും ആചാരരീതികളിലും മരുന്നുകളിലുമെല്ലാം, ഈ തനിമ നാം നിലനിര്‍ത്തിപ്പോന്നു. എന്നാല്‍ ഇന്ന്‌ നാടന്‍ ഭക്ഷണത്തെ, ഏറ്റവും കൂടുതല്‍ ഉപേക്ഷിച്ചിട്ടുള്ളത്‌ മുസ്‌ലിം സമുദായമാണ്‌. `തേങ്ങാച്ചോറും താളിച്ചതും' ഇന്ന്‌ മലപ്പുറത്തിന്റെ ഓര്‍മയിലേയുള്ളൂ. `പത്തിരിക്കറി കൂട്ടി മണവാട്ടി നുണയുന്ന ഒപ്പനപ്പാട്ടി'ന്റെ നാടല്ല ഇന്ന്‌ മലപ്പുറം. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണ്‌ ഇന്ന്‌ ഏറ്റവുമധികം ഫാസ്റ്റ്‌ ഫുഡ്‌ കടകള്‍ ഉള്ളത്‌. കബ്‌സയും മന്തിയും ഷവര്‍മയുമെന്നല്ല ഹോട്ട്‌ഡോഗും ബര്‍ഗറുമാണ്‌ നമ്മുടെ ഇഷ്‌ട വിഭവങ്ങള്‍. കേരളത്തില്‍ ഏറ്റവുമധികം ഇംഗ്ലീഷ്‌ മരുന്നുഷാപ്പുകളുള്ളത്‌ തൃശൂരിനും കാസര്‍ഗോഡിനുമിടയ്‌ക്കാണ്‌ പോലും. ചികിത്സയിലെ നാട്ടറിവുകള്‍ ഏറ്റവുമാദ്യം കൈവെടിഞ്ഞത്‌ മുസ്‌ലിംകളാണ്‌. വന്‍തോതിലുള്ള ചികിത്സാ വ്യവസായത്തിന്‌ യാതൊരുവിധ എതിര്‍പ്പുമില്ലാതെ നാം വഴങ്ങിക്കൊടുക്കുന്നു. മുസ്‌ലിം പ്രദേശങ്ങളില്‍ വളര്‍ന്നുവരുന്ന ഹൈടെക്‌ ആസ്‌പത്രികള്‍ അതിന്റെ സൂചകങ്ങളാണ്‌. പടിഞ്ഞാറിന്റെ കൈയൊപ്പോടെ വരുന്ന എന്തിനെയും സ്വീകരിക്കാന്‍, പാശ്ചാത്യ വിരോധത്തിന്റെ എല്ലാ പുറം പൂച്ചുകള്‍ക്കുമിടയിലും മുസ്‌ലിം സമുദായം തയ്യാര്‍. നമുക്കും നമ്മുടെ മണ്ണിനുമിടയിലുള്ള ബന്ധം നഷ്‌ടപ്പെടുകയാണോ?
ആര്‍ഭാടത്തിന്റെ ആശയാടിത്തറ
ഇതൊരു ധൃതിപിടിച്ച സാമാന്യവല്‌ക്കരണമാണെന്ന്‌ തോന്നിയേക്കാം. എന്നാല്‍ സൂക്ഷ്‌മ വിശകലനത്തില്‍ മുസ്‌ലിം സമുദായത്തിന്റെ പെരുകിക്കൊണ്ടിരിക്കുന്ന എല്ല ആര്‍ഭാട രൂപങ്ങള്‍ക്കും പിന്നില്‍, സ്വന്തം പാരമ്പര്യങ്ങളെ നിഷേധിക്കാനുള്ള വഞ്ചനയുടെ പ്രതിഫലനങ്ങള്‍ ഉണ്ട്‌ എന്നാണ്‌ എനിക്കു തോന്നുന്നത്‌. നവ സമ്പന്നതയുടെയും പുതുതായി കൈവരിച്ച സാമൂഹ്യ ശ്രേണിയിലെ ഉയര്‍ച്ചയുടെയും പിന്‍ബലത്തില്‍, നാം പുതിയൊരു മൂല്യവ്യവസ്ഥ പടുത്തുയര്‍ത്തുകയാണോ എന്ന്‌ സംശയിക്കണം. ഈയിടെ ഞാന്‍ പുതുതായി ചില മുസ്‌ലിം സമ്പന്നര്‍ പണിയുന്ന വീടുകള്‍ കാണാനിടയായി. നാല്‌പതിനായിരം ചതുരശ്ര അടി വിസ്‌തൃതിയുള്ള വീട്‌, വീടിനോടനുബന്ധിച്ച്‌ നീന്തല്‍കുളങ്ങള്‍, ടെന്നീസ്‌ കോര്‍ട്ട്‌, നൃത്തമണ്ഡപം ഓരോ വീടിനും നാല്‌പതോ അമ്പതോ കോടി ചെലവ്‌. ഇതിലൊന്നും യാതൊരു അതിശയോക്തിയുമില്ല. അല്ലാഹു നല്‌കിയ അനുഗ്രഹങ്ങള്‍ അവര്‍ നാട്ടുകാര്‍ക്ക്‌ വെളിവാക്കിക്കൊടുക്കട്ടെ (വി.ഖു 93:11). അതിലൊട്ട്‌ എതിര്‍പ്പുമില്ല. പക്ഷെ, ഇത്രയുമധികം ആര്‍ഭാടജീവിതം ഈ മണ്ണിന്ന്‌ താങ്ങാനാവുമോ എന്ന പ്രാഥമിക പാഠം മുസ്‌ലിം സമൂഹം സാമാന്യേന ഉള്‍ക്കൊള്ളുന്നുണ്ടോ? പ്രകൃതിയെക്കുറിച്ച്‌ ഏറെ വ്യാകുലപ്പെടുന്ന ഗ്രന്ഥമാണ്‌ ഖുര്‍ആന്‍. ഏറെ ഉത്‌ക്കണ്‌ഠാ ഭരിതമായ മതമാണ്‌ ഇസ്‌ലാം. എന്നാല്‍ നമ്മുടെ മതപണ്ഡിതന്മാരുടെ ആലോചനകളില്‍ പൊതുവെ പരിസ്ഥിതി ഒരു പ്രശ്‌നമായി വന്നിട്ടില്ല. അവര്‍ നോക്കുന്നില്ലേ ഒട്ടകത്തെ എങ്ങനെ സൃഷ്‌ടിച്ചുവെന്ന്‌, ആകാശത്തെ ഏതുവിധം ഉയര്‍ത്തിയെന്ന്‌, പര്‍വതത്തെ എങ്ങനെ പ്രതിവചിച്ചുവെന്ന്‌, ഭൂമിയെ എപ്രകാരം പ്രവിശാലമാക്കി'യെന്ന്‌ എന്നെല്ലാം വിവരിക്കുന്ന അല്‍ഗാശിയ സൂറത്ത്‌ നമസ്‌കാരത്തില്‍ ഓതുമെങ്കിലും ആ സൂക്തങ്ങളുടെ വിവക്ഷകളെപ്പറ്റി ഇസ്‌ലാമിക പണ്ഡിതര്‍ ശരിയായ ബോധമുള്‍ക്കൊണ്ടു എന്നു പറഞ്ഞുകൂടാ. കുന്നിടിക്കുന്നതും തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതും മഹാപാപങ്ങളായി ഇസ്‌ലാമിക സദാചാര ബോധത്തില്‍ പ്രതിഷ്‌ഠിക്കപ്പെട്ടിട്ടില്ല. കേരളത്തിലെ ക്രിസ്‌തീയ സഭാനേതൃത്വം പരിസ്ഥിതി നശീകരണം കുമ്പസരിക്കാവുന്ന മഹാപാപങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയത്‌, മരിച്ചുകൊണ്ടിരിക്കുന്ന ഭൂമിയെക്കുറിച്ചുള്ള ആധി മൂലമാണ്‌. എന്തുകൊണ്ട്‌ ജിന്നുകളെക്കുറിച്ചും ഇഫ്‌രീത്തുകളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്കിടയില്‍ അവ സൈ്വരവിഹാരം നടത്തുന്ന ഭൗമമണ്ഡലത്തെപ്പറ്റിയും നമുക്കൊന്ന്‌ ആലോചിച്ചു കൂടാ?
ആഢംബരശീലം, പ്രത്യക്ഷമായും പരോക്ഷമായും പ്രകൃതിയുടെ സന്തുലനത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്‌. ഒരുദാഹരണം പറയാം; വിശാലമായ ബാത്ത്‌ ടബ്ബുകള്‍ ആഢംബരം തുളുമ്പുന്ന കുളിമുറികളിലെ അനിവാര്യതയാണ്‌; അറുനൂറ്‌ ലിറ്റര്‍ വെള്ളം നിറയ്‌ക്കാവുന്ന ബാത്ത്‌ ടബ്ബുകള്‍ ഉണ്ട്‌. അവയില്‍ ദിവസം രണ്ടു നേരം, സുഖകരമായ നീരാട്ട്‌. എത്ര വെള്ളമാണ്‌ നാം പാഴാക്കിക്കളയുന്നത്‌! കുടിവെള്ള ലഭ്യത, ലോകത്തിന്റെ തന്നെ ഏറ്റവും പൊള്ളുന്ന പ്രശ്‌നമായിക്കഴിഞ്ഞ കാലത്താണ്‌ ആഢംബര ത്വരയുടെ ഈ ദുര്‍വിനിയോഗം. ഇതൊക്കെ താരതമ്യേന ചെറിയ കാര്യങ്ങളാണ്‌; ഗൗരവം കുറഞ്ഞവ, ആശയ ഗാംഭീര്യം കമ്മിയായവ. പക്ഷേ, ഇത്തരം ചെറിയ കാര്യങ്ങളില്‍, നമ്മുടെ മഹാപ്രപഞ്ചത്തിന്റെ ഭാവി കുരുങ്ങിക്കിടക്കുന്നു എന്നു തീര്‍ച്ച.
ആര്‍ഭാടങ്ങള്‍ക്കെതിരില്‍ മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ ചില ഉണര്‍വുകളുണ്ട്‌ എന്നത്‌ മറക്കുന്നില്ല. പക്ഷേ, അത്തരം പ്രവര്‍ത്തനങ്ങള്‍ പോലും വിവാഹം, സ്‌ത്രീധനം തുടങ്ങിയ വിഷയങ്ങളില്‍ പരിമിതപ്പെട്ടുകിടക്കുകയാണ്‌. ഈ നില മാറണം. ആര്‍ഭാടത്തിന്റെ റേഞ്ച്‌ എത്രത്തളം വ്യാപിച്ചുകിടക്കുന്നു എന്ന്‌ ശരിയായ തിരിച്ചറിവുണ്ടാകണം. മുസ്‌ലിം സമുദായം കൈവരിച്ചുകൊണ്ടിരിക്കുന്ന ഉന്നതികള്‍ ഇസ്‌ലാമികമായി പരിവര്‍ത്തിക്കപ്പെടണമെങ്കില്‍, അവയ്‌ക്ക്‌ ഇത്തരം മാനങ്ങള്‍കൂടി ഉണ്ടായേ തീരൂ. 

0 comments:

തളര്‍ച്ച നേരിടുന്ന പോപ്പും സഭയും

തളര്‍ച്ച നേരിടുന്ന പോപ്പും സഭയും


ജോസഫ്‌ പുലിക്കുന്നേല്‍
ലോകത്തെമ്പാടുമുള്ള കത്തോലിക്കര്‍ തങ്ങളുടെ ആധ്യാത്മിക ആചാര്യനായി അംഗീകരിച്ചിട്ടുള്ള ഒരു സ്ഥാനിയാണ്‌ റോമിലെ മാര്‍പാപ്പാ. ഇറ്റാലിയന്‍ ഭാഷയില്‍ പാപ്പാ എന്നാല്‍ പിതാവ്‌ എന്നര്‍ഥം. യേശുവിന്റെ മരണശേഷം വിശ്വാസകൂട്ടത്തെ നയിക്കുന്നതിനായി യേശു തന്റെ പ്രേഷ്‌ടശിഷ്യനായ പത്രോസിനെ ഏല്‌പിച്ചു എന്നും ആ പത്രോസിന്റെ പിന്‍ഗാമിയാണ്‌ മാര്‍പാപ്പാ എന്നുമാണ്‌ സങ്കല്‌പനം. മാര്‍പാപ്പാ മുതല്‍ ഇങ്ങോട്ട്‌ 267 മാര്‍പാപ്പാമാരാണ്‌ ചരിത്രത്തിലുള്ളത്‌.
യേശു ഒരു ഇസ്രായേലിയനായിരുന്നു. യഹൂദരുടെ ജന്മദേശം എന്ന്‌ അവര്‍ കരുതുന്ന ജറുശലേമിലാണ്‌ യേശു ജനിച്ചതും യേശുവിന്റെ സന്ദേശം പ്രചരിച്ചതും. പത്രോസാണ്‌ റോമില്‍ സഭ സ്ഥാപിച്ചതെന്നുള്ള സങ്കല്‌പനമാണ്‌ സഭയുടെ കേന്ദ്രം റോമായി തീരാനിടയാക്കിയത്‌.
പക്ഷേ പത്രോസ്‌ റോമില്‍ പോയതായ തെളിവുകളൊന്നും സുവിശേഷത്തിലില്ല. എന്നാല്‍ പൗലോസ്‌ -യേശുവിന്റെ നേരിട്ടുള്ള ശിഷ്യനല്ല- റോമില്‍ പോയതായി സുവിശേഷത്തില്‍ കാണുന്നു. എങ്കിലും നാലാം നൂറ്റാണ്ടിലെ ഒരു രേഖ അനുസരിച്ച്‌ പത്രോസ്‌ റോമില്‍ പോയിരുന്നു എന്ന്‌ കത്തോലിക്കാ സഭ പഠിപ്പിക്കുന്നു. എ ഡി 313 വരെ റോമന്‍ സാമ്രാജ്യത്തിനുള്ളില്‍ ക്രൈസ്‌തവര്‍ പീഡിപ്പിക്കപ്പെടുകയായിരുന്നു. എ ഡി 313-ല്‍ റോമന്‍ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റന്റൈനാണ്‌ ക്രൈസ്‌തവര്‍ക്ക്‌ മതസ്വാതന്ത്ര്യം അനുവദിച്ചുകൊടുത്തത്‌. ക്രിസ്‌തുമതസ്ഥാപകായ യേശുവോ പിന്‍ഗാമിയായ പത്രോസോ സമ്പന്നരായിരുന്നില്ല. 313-നു ശേഷമാണ്‌ മാര്‍പാപ്പാ ഒരു രാഷ്‌ട്രശക്തിയായി വളരുന്നത്‌. രണ്ടാം നൂറ്റാണ്ടില്‍ റോമാ സാമ്രാജ്യം രണ്ടായി വിഭജിച്ചു. പൗരസ്‌ത്യ റോമന്‍ സാമ്രാജ്യമെന്നും പാശ്ചാത്യ റോമന്‍ സാമ്രാജ്യമെന്നും. പൗരസ്‌ത്യ റോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം കോണ്‍സ്റ്റാന്റിനോപ്പിളും പാശ്ചാത്യ റോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം റോമും ആയിരുന്നു. പിന്നെങ്ങനെയാണ്‌ മാര്‍പാപ്പാ ഒരു രാഷ്‌ട്രത്തലവനായത്‌?
പേപ്പല്‍ സ്റ്റേറ്റ്‌
313-ല്‍ റോമാസാമ്രാജ്യത്തില്‍ സഭ സ്വതന്ത്രമായപ്പോള്‍ ആരാധനാനുഷ്‌ഠാനങ്ങള്‍ നിര്‍വഹിക്കുന്നതിനും വസ്‌തുവകകള്‍ കൈവശം വയ്‌ക്കുന്നതിനുമുള്ള സ്വാതന്ത്ര്യം സഭയ്‌ക്കു സിദ്ധിച്ചു. അതേ തുടര്‍ന്ന്‌ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയും ഉദാരമതികളായ നരവധി പ്രഭുക്കന്മാരും സഭയ്‌ക്ക്‌ ഭൗതികാവശ്യങ്ങള്‍ക്കായി വിസ്‌തൃതമായ ഭൂപ്രദേശങ്ങള്‍ ദാനംചെയ്‌തു. ക്രമേണ ഇറ്റലിയിലെ ഏറ്റവും വലിയ ഭൂവുടമ മാര്‍പാപ്പയായി. റോമാ കേന്ദ്രമായി വടക്കേ ഇറ്റലി, ദല്‍മേഷ്യാ, തെക്കേ ഇറ്റലി, സിസിലി എന്നിവയുള്‍പ്പെടെ അതിവിസ്‌തൃതമായ ഒരു ഭൂപ്രദേശം രൂപംകൊണ്ടു. പേപ്പല്‍ സ്റ്റേറ്റിന്റെ ആരംഭമായിരുന്നു അത്‌. ഈ പ്രദേശത്തുനിന്നുള്ള ആദായം സഭാഭരണത്തിനായി മാര്‍പാപ്പാ വിനിയോഗിച്ചിരുന്നു. എന്നാല്‍ എട്ടാംനൂറ്റാണ്ടിന്റെ അവസാനത്തോടെ ഈ ഭൂപ്രദേശങ്ങളില്‍ കുറെ നഷ്‌ടപ്പെടുകയുണ്ടായി.
ബാഹ്യ സമ്മര്‍ദം
പേപ്പല്‍ സ്റ്റേറ്റിന്റെ രൂപീകരണത്തിന്‌ വഴിതെളിച്ച സംഭവങ്ങള്‍ പലതാണ്‌. അതില്‍ മുഖ്യമായത്‌ ബാഹ്യസമ്മര്‍ദവും അതേത്തുടര്‍ന്നുണ്ടായ സുരക്ഷിതത്വത്തിന്റെ ആവശ്യകതയുമാണ്‌.
ലൊമ്പാര്‍ഡുകളെന്നറിയപ്പെടുന്ന ജര്‍മ്മന്‍ വംശജരായ ഒരു വര്‍ഗം ആളുകള്‍ എ ഡി 568-ല്‍ ഇറ്റലിയുടെ വടക്കുഭാഗത്തു നിന്നും ആക്രമണമാരംഭിച്ചു. ഇറ്റലിക്കാകമാനം ഇതൊരു ഭീഷണിയായിത്തീര്‍ന്നു. ഇറ്റലിയുടെ ഐക്യത്തെയും സുരക്ഷിതത്വത്തെയും ഇത്‌ സാരമായി ബാധിച്ചു. അന്ന്‌ ഇറ്റലി ബൈസന്റയിന്‍ സാമ്രാജ്യത്തിലായിരുന്നു (പൗരസ്‌ത്യ റോമാസാമ്രാജ്യം). പക്ഷേ ലൊമ്പാര്‍ഡുകളെ തടയാന്‍ ചക്രവര്‍ത്തിക്ക്‌ കഴിഞ്ഞില്ല. ഇക്കാര്യത്തില്‍ ചക്രവര്‍ത്തി തീരെ ശ്രദ്ധ ചെലുത്തിയുമില്ല. കാരണം മധ്യപൗരസ്‌ത്യദേശത്തുനിന്ന്‌ മൂഹമ്മദീയരുടെ കൂടെക്കൂടെയുള്ള ആക്രമണത്തിനെതിരായുള്ള പ്രതിരോധനീക്കങ്ങളിലായിരുന്നു അദ്ദേഹം ശ്രദ്ധയൂന്നിയിരുന്നത്‌. ബൈസന്റയിന്‍ ചക്രവര്‍ത്തിയില്‍ നിന്നും സുരക്ഷിതത്വം ലഭിക്കുകയില്ലെന്നു മനസ്സിലാക്കിയ ജനങ്ങള്‍ ഇറ്റലിയിലെ അന്നത്തെ പ്രബലശക്തിയായ മാര്‍പാപ്പായെ അഭയം പ്രാപിക്കാന്‍ നിര്‍ബന്ധിതരായി. മാര്‍പാപ്പാ ഇറ്റലിയ്‌ക്ക്‌ നേതൃത്വം നല്‍കാന്‍ മുമ്പോട്ടുവന്നു. അങ്ങനെ മാര്‍പാപ്പായുടെ നേതൃത്വം ഇറ്റലിയില്‍ അംഗീകരിക്കപ്പെട്ടു. മഹാനായ ഗ്രിഗറി ഒന്നാമന്‍ മാര്‍പാപ്പാ (590-604) ലൊബാര്‍ഡുകളുമായി ഒരു സഖ്യത്തിലേര്‍പ്പെടുകയും ആക്രമണം ഭാഗികമായി തടയുകയും ചെയ്‌തു. ഈ സംഭവം മാര്‍പാപ്പായുടെ ശക്തി ഇറ്റലിയില്‍ പ്രബലപ്പെടുത്തുകയും രാഷ്‌ട്രീയരംഗത്തുള്ള അദ്ദേഹത്തിന്റെ നേതൃത്വവും സ്വാധീനവും അംഗീകരിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ മാര്‍പാപ്പാ ബൈസന്റയിന്‍ ചക്രവര്‍ത്തിയുടെ ഇറ്റലിയിലെ അനൗദ്യോഗിക പ്രതിനിധിയെന്നവണ്ണം വര്‍ത്തിച്ചു പോന്നു.
മതപരമായ സംഭവവികാസങ്ങള്‍
പേപ്പല്‍ സ്റ്റേറ്റിന്റെ രൂപീകരണത്തിന്‌ പരോക്ഷമായി സ്വാധീനിച്ച ചില മതപരമായ സംഭവവികാസങ്ങളുണ്ട്‌. 717 മുതല്‍ 740 വരെ കോണ്‍സ്റ്റാന്റിനോപ്പിള്‍ ചക്രവര്‍ത്തിയായിരുന്ന ലെയോ മൂന്നാമന്‍ മതകാര്യങ്ങളിലും കൈകടത്താന്‍ തുടങ്ങി. മിശിഹായുടെയും വിശുദ്ധരുടെയും പ്രതിമകളും രൂപങ്ങളും വിഗ്രഹാരാധനയ്‌ക്ക്‌ വഴി തെളിക്കുമെന്നു ഭയന്ന്‌ ചക്രവര്‍ത്തി അവയെല്ലാം നശിപ്പിക്കാന്‍ തീരുമാനിച്ചു. മാര്‍പാപ്പായും മറ്റു സഭാധികാരികളും പ്രസ്‌തുത നീക്കത്തെ എതിര്‍ത്തു. പക്ഷേ അതൊന്നും ചക്രവര്‍ത്തി വകവച്ചില്ല. സാമ്രാജ്യത്തില്‍ പ്രതിമകളും രൂപങ്ങളും നശിപ്പിക്കപ്പെട്ടു. ലെയോയുടെ പന്‍ഗാമി കോണ്‍സ്റ്റന്റൈയിന്‍ അഞ്ചാമനും ഇതേ നയം തുടര്‍ന്നു. വിയോജിച്ച മെത്രാന്മാരെയും ക്രിസ്‌ത്യാനികളെയും പീഡിപ്പിച്ചു. നാടുകടത്തി. അനേകായിരം പേര്‍ (50,000?) ഇറ്റലിയില്‍ അഭയം പ്രാപിച്ചു.
എന്നാല്‍ കോണ്‍സ്റ്റന്റൈയിന്‍ ആറാമന്റെ കാലത്ത്‌ ഈ നിലപാടില്‍ വ്യതിയാനമുണ്ടായി. ഒരു കൗണ്‍സിലിലൂടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ രണ്ടുപക്ഷത്തു നിന്നും നിര്‍ദേശമുണ്ടായി. മാര്‍പാപ്പാ അത്‌ സമ്മതിച്ചു. അതിന്റെ ഫലമായി 787-ല്‍ 7-ാം എക്യൂമെനിക്കല്‍ കൗണ്‍സില്‍ നിഖിയായില്‍ സമ്മേളിച്ചു. പ്രതിമകള്‍ വഴി വിശുദ്ധരെ വണങ്ങുന്നതില്‍ തെറ്റില്ലെന്ന്‌ കൗണ്‍സില്‍ വിധിച്ചു. 
പ്രതിമകള്‍ നശിപ്പിക്കുന്ന പ്രവണത തെറ്റാണെന്ന്‌ കൗണ്‍സില്‍ പ്രഖ്യാപിച്ചു. ഈ സംഭവം ഇറ്റലിയുടെയും കോണ്‍സ്റ്റാന്റിനോപ്പിളിന്റെയും അകല്‍ച്ചയ്‌ക്ക്‌ കാരണമായി. മാര്‍പാപ്പായ്‌ക്ക്‌ രാഷ്‌ട്രീയമായും സഭാസംബന്ധമായും സ്വന്തം അധികാരവും നിലപാടും ഉറപ്പിക്കാന്‍ ഇത്‌ സഹായകവുമായി. തന്നെയുമല്ല, കോണ്‍സ്റ്റാന്റിനോപ്പിളില്‍ നിന്നും മാര്‍പാപ്പായ്‌ക്കും ഇറ്റലിക്കും അനിഷ്‌ടകരമായി പലതും പ്രതീക്ഷിക്കാമെന്ന അവബോധവും അവരില്‍ ഉളവായി.
മാര്‍പാപ്പാമാരുടെ നീക്കങ്ങള്‍
പേപ്പല്‍ സ്റ്റേറ്റിന്റെ രൂപീകരണത്തില്‍ മാര്‍പാപ്പാമാരുടെ നീക്കങ്ങള്‍ നിര്‍ണായകമാണ്‌. നിരവധി പ്രതിസന്ധികളുടെ മധ്യേ പാപ്പാ സ്ഥാനം വഹിച്ച വ്യക്തിയാണ്‌ ഗ്രിഗറി രണ്ടാമന്‍ (715-731). ഇദ്ദേഹം റോമാക്കാരനും ലൊമ്പാര്‍ഡുകളുടെ നേതാവ്‌ ലിറ്റിപ്രാന്റിന്റെ (712-744) സമകാലീനനുമായിരുന്നു. ലെയോ മൂന്നാമന്‍ ചക്രവര്‍ത്തി വര്‍ധിച്ച നികുതിവഴിയും മറ്റും ജനങ്ങളെ വളരെ ബുദ്ധിമുട്ടിച്ചിരുന്ന അവസരമായിരുന്നു അത്‌. ജനങ്ങള്‍ ചക്രവര്‍ത്തിക്കെതിരെ ആഭ്യന്തര കലഹത്തിന്‌ മുമ്പോട്ടുവന്നു.
ഇറ്റലിയില്‍ പുതിയൊരു രാജാവിനെ വാഴിക്കാന്‍ അവര്‍ ശ്രമിച്ചുതുടങ്ങി. ഈ തക്കംനോക്കി ലൊബാര്‍ഡുകള്‍ ഇറ്റലിയിലേക്ക്‌ കുതിച്ചു. പക്ഷേ ഗ്രിഗറിയുടെ അഭ്യര്‍ഥനപ്രകാരം അവര്‍ പിന്‍വാങ്ങുകയാണുണ്ടായത്‌. ഇറ്റലിയില്‍ ഉയര്‍ന്നുവന്ന ആഭ്യന്തരകലഹം അവസാനിപ്പിക്കാന്‍ ചക്രവര്‍ത്തിക്ക്‌ ഗ്രിഗറിയുടെ സഹായം തേടേണ്ടിവന്നു. മാര്‍പാപ്പായെ കൂടാതെ ഇറ്റലിയില്‍ ഒന്നും ചെയ്യാന്‍ ചക്രവര്‍ത്തിക്ക്‌ സാധിക്കാത്ത ഒരു സ്ഥിതിവിശേഷം സംജാതമായി. ഗ്രിഗറി എന്നും ചക്രവര്‍ത്തിക്കു വേണ്ടി നിലകൊള്ളുകയായിരുന്നു.
കോണ്‍സ്റ്റന്റൈന്റെ ദാനം
മാര്‍പാപ്പാ രാഷ്‌ട്രാധിപനും കൂടിയായതിന്റെ പിന്‍ബലമായിവേണം `കോണ്‍സ്റ്റന്റൈന്റെ ദാന'ത്തെ വീക്ഷിക്കാന്‍. പാശ്ചാത്യ റോമാസാമ്രാജ്യത്തിന്റെയും സാര്‍വത്രികസഭയുടെയും മേല്‍ മാര്‍പാപ്പായ്‌ക്ക്‌ പരമാധികാരം നല്‌കിക്കൊണ്ട്‌ റോമാ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റന്റയിന്‍ (305-337) ചക്രവര്‍ത്തി സില്‍വെസ്റ്റര്‍ ഒന്നാമന്‍ മാര്‍പാപ്പായ്‌ക്ക്‌ (314-336) നല്‍കിയ ഒരു വിളംബരമായി ഇതിനെ കണക്കാക്കിപ്പോന്നു. പക്ഷേ എട്ടാം നൂറ്റാണ്ടില്‍ മാര്‍പാപ്പായുടെ രാഷ്‌ട്രീധികാരത്തിനുള്ള പിന്‍ബലമായി ആരോ കെട്ടിച്ചമച്ച ഒരു വ്യാജരേഖയാണിത്‌.
നവോത്ഥാനകാലം വരെ ഇതിന്റെ സാധുതയെ ആരും ചോദ്യംചെയ്‌തിരുന്നില്ല. ഈ വ്യാജരേഖയില്‍ ചക്രവര്‍ത്തിക്കുണ്ടായ ഒരു ദിവ്യദര്‍ശനത്തെക്കുറിച്ചും ചക്രവര്‍ത്തി കുഷ്‌ഠരോഗത്തില്‍ നിന്ന്‌ അത്ഭുതകരമായി വിമുക്തനായതിനെക്കുറിച്ചും നാടകീയമായി ചിത്രീകരിച്ചിട്ടുണ്ട്‌. ദര്‍ശനത്തില്‍ വി. പത്രോസും വി. പൗലോസും ചക്രവര്‍ത്തിയോട്‌ ക്രിസ്‌തുമതം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടെന്നും കാണാം.
ഈ രേഖയനുസരിച്ച്‌ അന്ത്യോക്യാ, അലക്‌സാണ്ട്രിയാ, ജറുസലെം, കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നീ നാലു റോമന്‍ പ്രവിശ്യകളിലും മാര്‍പാപ്പായ്‌ക്ക്‌ അധികാരം നല്‌കിയിട്ടുണ്ടത്രേ! രാജകീയമായ വേഷവിധാനങ്ങളും സ്ഥാനമാനങ്ങളും മാര്‍പാപ്പായ്‌ക്കും മറ്റു സഭാധികാരികള്‍ക്കും പിന്‍ഗാമികള്‍ക്കും കോണ്‍സ്റ്റന്റയിന്‍ ഈ രേഖ വഴി അനുവദിച്ചിരിക്കുന്നു. സഭാധികാരികളെല്ലാം -മാര്‍പാപ്പാ, കര്‍ദിനാളന്മാര്‍, മെത്രാന്മാര്‍, വൈദികര്‍ -റോമാസാമ്രാജ്യത്തിലെ രാജകീയവും ഉന്നതവുമായ വേഷവിധാനങ്ങള്‍ സ്വീകരിച്ചതിന്റെ പശ്ചാത്തല കാരണവും ഈ രേഖയില്‍ വ്യക്തമായി കാണുന്നുണ്ട്‌. റോമാസാമ്രാജ്യത്തിലെ വിവിധ സ്ഥാനപദവികള്‍ റോമാ സാമ്രാജ്യാതിര്‍ത്തിക്കുള്ളിലുള്ള സഭ സ്വീകരിച്ചതിനുള്ള സാധൂകരണവും ഈ വ്യാജരേഖയിലുണ്ട്‌. അധികാരത്തിനും പദവിക്കും പിറകേ പോകുന്ന സഭാനേതൃത്വത്തെ കൊണ്ടെത്തിക്കുന്ന വക്രതയിലേക്കും ധാര്‍മികാധപ്പതനത്തിലേക്കും ഇതു വിരല്‍ചൂണ്ടുന്നു!
പത്താം നൂറ്റാണ്ടായപ്പോഴേക്കും യൂറോപ്പിലെ രാജാക്കന്മാരുടെ കീരീടങ്ങള്‍വരെ പന്താടാനുള്ള ശക്തി മാര്‍പാപ്പാ സ്ഥാനിക്കു ലഭിച്ചു. മാര്‍പാപ്പായുടെ അംഗീകാരമില്ലാതെ യൂറോപ്പില്‍ ഒരു രാജാവിനും ഭരിക്കാനാകുമായിരുന്നില്ല. എന്നാല്‍ 1870-ല്‍ ഗാരിബാള്‍ഡി എന്ന നേതാവിന്റെ കീഴില്‍ ഇറ്റലി സംഘടിതമാകുകയും പേപ്പല്‍ സ്റ്റേറ്റ്‌ പിടിച്ചെടുക്കുകയും ചെയ്‌തു. അങ്ങനെ 1870-ല്‍ പേപ്പല്‍ സംസ്ഥാനങ്ങള്‍ ഇല്ലാതായി. റോമിലെ ഒരു സാധാരണ പൗരനായി ജീവിക്കാനുള്ള സ്വാതന്ത്ര്യം മാര്‍പാപ്പായ്‌ക്കു ലഭിച്ചു.1922-ല്‍ ഇറ്റലിയില്‍ അധികാരത്തില്‍ വന്ന മുസ്സോളിനിയാണ്‌ പിന്നീട്‌ വത്തിക്കാനില്‍ 108 ഏക്കര്‍ സ്ഥലവും പണവും ദാനമായികൊടുത്ത്‌ മാര്‍പാപ്പായെ രാഷ്‌ട്രത്തലവനാക്കിയത്‌. ഇന്ന്‌ റോമിലുള്ള 108 ഏക്കര്‍ സ്ഥലത്തിന്റെ രാജാവാണ്‌ മാര്‍പ്പാപ്പാ.
പുതിയ മാര്‍പാപ്പായായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സിസ്‌ ഒന്നാമന്‍ 267-ാം മാര്‍പാപ്പായാണ്‌. 267 മാര്‍പാപ്പാമാരില്‍ 112 പേര്‍ റോമാക്കാരും 65 പേര്‍ ഇറ്റലിക്കാരുമായിരുന്നു. അങ്ങനെ 177 പേര്‍ ഇറ്റലിക്കാര്‍ തന്നെയാണ്‌. യൂറോപ്പിനു പുറത്തുനിന്നും അപൂര്‍വമായി മാത്രമേ മാര്‍പാപ്പാമാരെ തെരഞ്ഞെടുക്കാറുള്ളൂ. അടുത്തയിടെ തെരഞ്ഞെടുത്ത ഫ്രാന്‍സീസ്‌ ഒന്നാമന്‍ മാര്‍പാപ്പാ അര്‍ജന്റീനാക്കാരനാണെന്നു പറയുന്നെങ്കിലും അദ്ദേഹത്തിന്റ ഇറ്റലിക്കാരനായ മുത്തച്ഛന്‍ അര്‍ജന്റീനയിലേക്ക്‌ കുടിയേറി പാര്‍ത്തതാണ്‌. അതായത്‌ ജന്മനാ ഒരു യൂറോപ്യന്‍.
മാര്‍പാപ്പാമാരെ തെരഞ്ഞെടുക്കുന്നത്‌ കര്‍ദിനാള്‍ സംഘമാണ്‌. ഈ കര്‍ദിനാള്‍ സംഘത്തിലെ അംഗങ്ങളെ മാര്‍പാപ്പായാണ്‌ നോമിനേറ്റ്‌ ചെയ്യാറ്‌. ലോകത്തെമ്പാടുമുള്ള മെത്രാന്മാര്‍ക്കോ അല്‍മായര്‍ക്കോ ഈ തെരഞ്ഞെടുപ്പില്‍ ഒരു പങ്കുമില്ല. കര്‍ദിനാള്‍മാരായി നിയമിക്കുന്നവരില്‍ ഭൂരിപക്ഷംപേരും വെള്ളക്കാരാണ്‌. തന്മൂലം യൂറോപ്പിനു പുറത്ത്‌ ഒരു മാര്‍പാപ്പാ എന്നത്‌ ഇന്നും സങ്കല്‌പിക്കാനാകില്ല.

0 comments: