`കാന്തപുരത്തിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു'

  • Posted by Sanveer Ittoli
  • at 9:38 AM -
  • 0 comments
`കാന്തപുരത്തിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു'



- അഭിമുഖം -
ഡോ. ബഹാവുദ്ദീന്‍ നദ്‌വി /സുഫ്‌യാന്‍ അബ്‌ദുസ്സത്താര്‍
ഒരിടവേളക്ക്‌ ശേഷം കാന്തപുരം കൊണ്ടുവന്ന വ്യാജ കേശം വീണ്ടും പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്‌. ഇത്‌ തികച്ചും സാമ്പത്തിക ചൂഷണമാണെന്ന്‌ നിങ്ങള്‍ കരുതുന്നുണ്ടോ?
ഏതൊരു സാധാരണക്കാരനും അതിന്റെ നിജസ്ഥിതി മനസ്സിലായിട്ടുണ്ട്‌. വ്യക്തമായ സാമ്പത്തിക ചൂഷണം തന്നെയാണ്‌ ലക്ഷ്യം. വ്യാജമായ സനദ്‌ വായിച്ചാല്‍ അതില്‍ ജനങ്ങള്‍ വീണുപോകുമെന്ന്‌ അദ്ദേഹം തെറ്റിദ്ധരിച്ചു.
കാന്തപുരത്തിന്റെ കണക്കു കൂട്ടലുകള്‍ മുഴുവന്‍ പിഴച്ചു. സനദ്‌ വ്യാജമാണെന്ന്‌ കൈയോടെ പിടികൂടപ്പെട്ടു. അപ്പോള്‍ സനദ്‌ വേണ്ടതില്ല എന്ന വാദവുമായി രംഗത്തെത്തി. സനദ്‌ അബൂദാബിയിലാണെന്നും അവിടെ ചെന്നാല്‍ കാണിച്ചുതരാമെന്നും പറഞ്ഞ്‌ നിരവധി തവണ മലക്കം മറിഞ്ഞിട്ടുണ്ട്‌.
ഈ വിഷയകമായി കാന്തപുരം ഉയര്‍ത്തുന്ന ഒരു വാദമുണ്ട്‌. ഇത്‌ വിശ്വാസത്തിന്റെ ഭാഗമാണ്‌, തബര്‍റുക്കിന്റെ കാര്യമാണ്‌. വിശ്വാസമുള്ളവര്‍ ചെയ്യട്ടെ. സനദ്‌ വേണ്ടതില്ല.
അങ്ങനെ സനദ്‌ വേണ്ടതില്ല എന്നു അദ്ദേഹം തന്നെ അംഗീകരിക്കില്ല. ഇസ്‌ലാം പരമ്പര ബന്ധിതമാണെന്ന അബ്‌ദുല്ലാഹിബ്‌നു മുബാറക്കിന്റെ ഉദ്ധരണി അദ്ദേഹം എടുത്തു പറയുന്നുണ്ട്‌. അതുകൊണ്ടാണ്‌ സനദ്‌ വ്യാജമാണെങ്കിലും വായിക്കാന്‍ നിര്‍ബന്ധിതനായത്‌. പക്ഷേ കണക്കുകൂട്ടലുകള്‍ എല്ലാം പിഴച്ചു.
തുര്‍ക്കിയിലെ സഈദ്‌ നൂര്‍സിയുടെ ഫതാവ ഇതു സംബന്ധിച്ച്‌ ഉദ്ധരിക്കാറുണ്ട്‌.
അത്‌ കാന്തപുരം ഒരു സുപ്രഭാതത്തില്‍ കൊണ്ടുവന്ന മുടിയെക്കുറിച്ചല്ല. മറിച്ച്‌ പരമ്പരാഗമായി മുസ്‌ലിംകള്‍ വിശ്വസിച്ചുപോരുന്ന ഒരു കാര്യത്തിന്‌ പ്രത്യേക സനദ്‌ വേണ്ടതില്ല എന്നതാണ്‌. പ്രവാചകന്‍ വഫാത്തായി പതിനാല്‌ നൂറ്റാണ്ടിനു ശേഷം യാതൊരടിസ്ഥാനവുമില്ലാതെ ചൂഷണത്തിനു വേണ്ടി മാത്രമാണ്‌ ഇപ്പോള്‍ മുടിയുമായി രംഗത്തുവന്നിട്ടുള്ളത്‌.
ഇപ്പോള്‍ മദീനയില്‍ നിന്ന്‌ മണ്ണും രംഗത്തു വന്നിട്ടുണ്ടല്ലോ.
അതും ചൂഷണത്തിനു മേല്‍ ചൂഷണം എന്നു മാത്രം പറയാം. അവിടെ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിട്ടുള്ള ആളുകള്‍ക്കറിയാം മണ്ണും പൊടിയുമൊന്നും അവിടുന്ന്‌ കിട്ടുകയില്ല എന്ന്‌. ഇനി കിട്ടുമെങ്കില്‍ തന്നെ അതൊന്നും അവിടെ നിന്ന്‌ കൊണ്ടുവരാന്‍ പാടില്ല എന്ന്‌ കാന്തപുരത്തിന്റെ ഹജ്ജ്‌ എന്ന പുസ്‌തകത്തില്‍ തന്നെ പറയുന്നുണ്ട്‌. മക്കയിലോ മദീനയിലോ ഉള്ള മണ്ണ്‌ പുറത്തേക്കു കൊണ്ടുവരാന്‍ പാടില്ല. അഥവാ ആരെങ്കിലും കൊണ്ടുവന്നാല്‍ തിരിച്ചുകൊടുക്കണമെന്നു കൂടി അദ്ദേഹം പറയുന്നുണ്ട്‌. സനദ്‌ വിവാദം കൊഴുത്തപ്പോള്‍ ആളുകള്‍ക്കുണ്ടായ വിശ്വാസ ദൗര്‍ബല്യം പരിഹരിക്കാനാണ്‌ ഇപ്പോള്‍ മണ്ണുമായി രംഗത്തു വന്നിരിക്കുന്നത്‌.
കേരള സര്‍ക്കാര്‍ ഈ വിഷയത്തില്‍ നല്‌കിയ സത്യവാങ്‌മൂലത്തിനെതിരെ പല സംഘടനകളും രംഗത്തു വന്നിട്ടുണ്ട്‌. സര്‍ക്കാര്‍ പോലും ചൂഷണത്തിനനുകൂലമായി നിലപാടെടുക്കാന്‍ കാരണമെന്താവും?
തികച്ചും വഞ്ചനാത്മകമാണ്‌ സര്‍ക്കാറിന്റെ നിലപാട്‌. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമൊത്തുള്ള ചര്‍ച്ചയില്‍ ഞാനും പങ്കെടുത്തിരുന്നു. രണ്ടാഴ്‌ചക്കുള്ളില്‍ അന്വേഷണത്തിന്‌ ഉത്തരവിടുമെന്നാണ്‌ ഞങ്ങള്‍ക്ക്‌ ഉറപ്പുതന്നിരുന്നത്‌. ഭരണ കക്ഷിയിലെ ചില മുസ്‌ലിം നാമധാരികളാണ്‌ ഈ സത്യവാങ്‌മൂലത്തിനുള്ള കരുക്കള്‍ നീക്കിയിരുന്നത്‌. അവര്‍ കാന്തപുരത്തിന്റെ സ്വന്തം ആളുകളാണ്‌. അവരുടെ രാഷ്‌ട്രീയ മേല്‍ക്കോയ്‌മയില്‍ മുസ്‌ലിം ലീഗിന്‌ മുന്നോട്ടുപോകാന്‍ കഴിയുന്നുമില്ല എന്നാണ്‌ മനസ്സിലാക്കപ്പെടുന്നത്‌. സത്യവാങ്‌മൂലം തിരുത്തിക്കൊടുക്കണമെന്നാണ്‌ ലീഗിന്റെ നിലപാടെന്ന്‌ പത്രങ്ങളിലൂടെ അറിയാന്‍ സാധിച്ചിട്ടുണ്ട്‌.
സി പി എം അടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഈ ചൂഷണത്തിനെതിരെ രംഗത്തു വന്നിരുന്നു. അന്ന്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ മതകാര്യങ്ങളില്‍ ഇടപെടേണ്ട എന്നാണ്‌ കാന്തപുരം പറഞ്ഞത്‌.
പൊതുസമൂഹത്തിന്റെ ഇടയില്‍ സജീവമായ ഒരു വിഷയമെന്ന നിലയില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കഭിപ്രായമറിയിക്കാം. ഇതൊരിക്കലും മതകാര്യങ്ങളില്‍ ഇടപെടുകയല്ല. മതത്തിന്റെ പേരില്‍ ചൂഷണം നടത്തരുതെന്നാണ്‌ അവരൊക്കെ പറഞ്ഞിട്ടുള്ളത്‌.
ഇപ്പോള്‍ സമസ്‌ത സുപ്രഭാതം എന്നൊരു പത്രം ആരംഭിക്കാന്‍ പോവുകയാണല്ലോ. വ്യാജ കേശവുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി അതിനെ കൂട്ടിവായിക്കാമോ?
മുസ്‌ലിം സമുദായത്തില്‍ ഒരുപാട്‌ അവാന്തര വിഭാഗങ്ങളുണ്ട്‌. പലര്‍ക്കും ദിനപത്രങ്ങളുമുണ്ട്‌. സമസ്‌തക്കും ഒരു പത്രം വേണമെന്നത്‌ വളരെക്കാലമായുള്ള ആഗ്രഹമാണ്‌. സമാകാലിക സാഹചര്യങ്ങള്‍ അതിന്റെ അനിവാര്യതക്ക്‌ അടിവരയിടുന്നു എന്നുമാത്രം.
മുസ്‌ലിം ലീഗിന്റെ പത്രമായ ചന്ദ്രിക ഉണ്ടായിരിക്കേ സുപ്രഭാതം തുടങ്ങുന്നതില്‍ അനൗചിത്യമുണ്ടോ?
ചന്ദ്രിക ഉണ്ടായിരിക്കേ ആണ്‌ മാധ്യമവും തേജസ്സും വര്‍ത്തമാനവും തുടങ്ങിയത്‌. സമസ്‌ത പത്രം തുടങ്ങുമ്പോള്‍ മാത്രം വിവാദമാക്കേണ്ടതില്ല. ഇതുവരെ ഞങ്ങള്‍ മാറിനില്‌ക്കുകയായിരുന്നു. അതിന്റെ പുണ്യമൊന്നും ഞങ്ങള്‍ക്ക്‌ വകവെച്ചു കിട്ടിയിട്ടില്ല.
മുസ്‌ലിം സംഘടനകള്‍ ചാനല്‍ രംഗത്തേക്കും പ്രവേശിച്ചിരിക്കയാണ്‌...
മുസ്‌ലിംകള്‍ മാത്രമായി മാറിനില്‍ക്കുന്നതും ശരിയല്ല. എന്തുചെയ്യുന്നതിലും മുസ്‌ലിംകള്‍ക്ക്‌ പരിധിയുണ്ട്‌ എന്നതുപോലെ ഇതിലും പരിധികളുണ്ട്‌. ഫണ്ട്‌ കണ്ടെത്തുകയാണ്‌ പ്രധാന വെല്ലുവിളി. അതിനുവേണ്ടി മറ്റു പ്രൊജക്‌ടുകള്‍ ആരംഭിക്കുകയും ലാഭം ഉപയോഗിച്ച്‌ ചാനല്‍ നടത്തുകയുമാവാം.
കേരളത്തിലെ അറിയപ്പെടുന്ന മതവിദ്യാഭ്യാസ കേന്ദ്രത്തിന്റെ തലപ്പത്തിരിക്കുന്ന ഒരാളെന്ന നിലയില്‍ താങ്കളുടെ പഠനകാലത്തെക്കുറിച്ച്‌ അറിയാന്‍ താല്‌പര്യമുണ്ട്‌.
കോട്ടക്കലിനടുത്ത കൂരിയാടാണ്‌ എന്റെ ജന്മദേശം. പിതാവ്‌ മുഹമ്മദ്‌ ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, മാതാവ്‌ ഫാത്തിമ. അക്കാലത്ത്‌ പ്രദേശത്ത്‌ ഏറെ സ്വാധീനമുണ്ടായിരുന്ന തേനു മുസ്‌ലിയാര്‍ എന്റെ മാതാവിന്റെ ഉപ്പയാണ്‌. നാട്ടിലെ മദ്‌റസയിലും കൂരിയാട്ടെ എ എം യു പി സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 8-ാം ക്ലാസ്‌ മുതല്‍ തിരൂരങ്ങാടി ഓറിയന്റല്‍ ഹൈസ്‌കൂളില്‍ ചേര്‍ന്നു. അതോടൊപ്പം താഴെ ചെന പള്ളിയിലെ ദര്‍സ്‌ വിദ്യാര്‍ഥി കൂടിയായിരുന്നു ഞാന്‍. പിന്നീട്‌ പട്ടിക്കാട്‌ ജാമിഅ നൂരിയയില്‍ രണ്ടുവര്‍ഷം പഠിച്ചു. അതിനു മുമ്പേ 1970-ല്‍ അറബിക്‌ മുന്‍ഷീസ്‌ പരീക്ഷ പാസായിരുന്നു. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ അഫദലുല്‍ ഉലമയും ലക്‌നൗ നദ്‌വത്തുല്‍ ഉലമയില്‍ നിന്ന്‌ ഫളീലത്ത്‌ ബിരുദവും അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ എം എയും കരസ്ഥമാക്കി. അന്ന്‌ നദ്‌വയില്‍ എന്റെ കൂടെ മൂന്ന്‌ മലയാളികള്‍ ഉണ്ടായിരുന്നു. കെ ടി അബ്‌ദുര്‍റഹ്‌മാന്‍, മുഹമ്മദലി മഞ്ചേരി, താജുദ്ദീന്‍ കൊല്ലം എന്നിവര്‍. 94-ല്‍ കാലിക്കറ്റില്‍ നിന്ന്‌ ഡോക്‌ടറേറ്റ്‌ ബിരുദം നേടി. ഇമാം ജലാലുദ്ദീന്‍ സുയൂത്വിയുടെ സംഭാവനകളെ അധികരിച്ചുള്ള ഗവേഷണം നടത്തിയിരുന്നത്‌ ഡോ. ഇഹ്‌തിശാം അഹമ്മദ്‌ നദ്‌വിയുടെ കീഴിലായിരുന്നു. കൂടെ ദാറുല്‍ഹുദായുടെ തുടക്കം മുതലേ അതിന്റെ വൈസ്‌ പ്രിന്‍സിപ്പലായിരുന്നു.
മതവിദ്യാഭ്യാസ രംഗത്തെ പുതിയൊരു തുടക്കമായിരുന്നു ദാറുല്‍ഹുദാ. അതിലേക്ക്‌ നയിച്ച ഘടകങ്ങള്‍ എന്തൊക്കെയാണ്‌? വ്യവസ്ഥാപിത സംവിധാനത്തില്‍ നിന്ന്‌ മാറിനില്‌ക്കാന്‍ പ്രേരിപ്പിച്ചതെന്താണ്‌?
1986-ലാണ്‌ ദാറുല്‍ഹുദാ പ്രവര്‍ത്തനമാരംഭിക്കുന്നത്‌. അതിനു മുന്‍പേ മറ്റൊരു പരീക്ഷണം ദര്‍സ്‌ സംവിധാനങ്ങളില്‍ നടപ്പാക്കിയിരുന്നു. കോട്ടക്കല്‍, മമ്പുറം, കടലുണ്ടി പോലുള്ള സ്ഥലങ്ങളിലെ ദര്‍സ്‌ വിദ്യാര്‍ഥികള്‍ക്ക്‌ ഇംഗ്ലീഷ്‌, അറബി, ഉറുദു ഭാഷകള്‍ ഉള്‍പ്പെടുത്തിയുള്ള സിലബസായിരുന്നു നടപ്പാക്കിയിരുന്നത്‌. പക്ഷേ, പ്രായോഗികമായി അത്‌ വിഷമമാണെന്ന്‌ മനസ്സിലായി. വ്യത്യസ്‌ത ഭാഷകള്‍ പഠിപ്പിക്കാന്‍ സുലഭമായി ആളുകളെ ലഭിക്കുമായിരുന്നില്ല. ഒരാള്‍ തന്നെ പല സ്ഥലങ്ങളിലും എത്തേണ്ട അവസ്ഥായിയിരുന്നു. ഇത്‌ പ്രയാസങ്ങള്‍ സൃഷ്‌ടിച്ചു. അതുകൊണ്ട്‌ ഇതെല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള കേന്ദ്രം വേണമെന്ന ആഗ്രഹമുണ്ടായി. സുന്നീ മഹല്ല്‌ ഫെഡറേഷന്റെ വേദികളിലാണ്‌ ഈ ചിന്ത ആദ്യമുണ്ടായത്‌. കേരളത്തിലെ മഹല്ലുകളില്‍ നിന്നുള്ള പ്രധാനപ്പെട്ട വ്യക്തികള്‍ക്കുള്ള പൊതു ഇടമാണ്‌ സുന്നി മഹല്ല്‌ ഫെഡറേഷന്‍. അന്നതിന്റെ ട്രഷററായിരുന്ന ഡോ. യു ബാപ്പുട്ടി ഹാജി അടക്കമുള്ളവരുടെ ശ്രമഫലമാണ്‌ ഈ കാമ്പസ്‌.
ദാറുല്‍ഹുദായെ മറ്റു മതസ്ഥാപനങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമാക്കുന്നത്‌ അതിന്റെ പഠനരീതിയും സിലബസുകളും തന്നെയാണ്‌.
നടപ്പുമാതൃകയില്‍ നിന്നുള്ള ഒരു മാറ്റമാണ്‌ ഞങ്ങള്‍ ഉദ്ദേശിക്കുന്നത്‌. അഞ്ചാംക്ലാസ്‌ കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കാണ്‌ പ്രവേശനം. പന്ത്രണ്ട്‌ വര്‍ഷത്തെ ദൈര്‍ഘ്യമുള്ള കോഴ്‌സാണ്‌. പുറത്തിറങ്ങുമ്പോള്‍ കാലിക്കറ്റ്‌ പോലുള്ള ഏതെങ്കിലും സര്‍വകലാശാലയുടെ ബിരുദവും ദാറുല്‍ഹുദായുടെ പി ജിയും അവര്‍ നേടിയിരിക്കും. എസ്‌ എസ്‌ എല്‍ സി, പ്ലസ്‌ ടു എന്നിവ നേടാന്‍ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ഓപ്പണ്‍ സ്‌ട്രീമിലാണ്‌ ബിരുദം നേടുന്നത്‌. എന്തുകൊണ്ട്‌ എസ്‌ എസ്‌ എല്‍ സി, പ്ലസ്‌ ടു ചെയ്യാന്‍ കുട്ടികളെ അനുവദിക്കുന്നില്ല എന്ന്‌ നിങ്ങള്‍ ചോദിച്ചേക്കാം.
തീര്‍ച്ചയായും, പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമായ അവയെ എന്തുകൊണ്ട്‌ മാറ്റിനിര്‍ത്തുന്നുവെന്ന്‌ അറിഞ്ഞാല്‍ കൊള്ളാം.
അത്‌ കൊടുക്കാതിരിക്കാന്‍ കാരണം അവ ഞങ്ങളുടെ ലക്ഷ്യത്തിന്‌ എതിരാണ്‌ എന്നതുകൊണ്ട്‌ തന്നെ. എസ്‌ എസ്‌ എല്‍ സി യും പ്ലസ്‌ ടുവും അനുവദിച്ചാല്‍ പന്ത്രണ്ട്‌ വര്‍ഷത്തെ ഹുദവി കോഴ്‌സ്‌ പൂര്‍ത്തിയാക്കാന്‍ വിദ്യാര്‍ഥികള്‍ തയ്യാറായില്ലെന്ന്‌ വരാം. വിദ്യാര്‍ഥികളും രക്ഷിതാക്കളും തീരുമാനിച്ചാല്‍ തന്നെയും ചിലപ്പോള്‍ എതിര്‍പ്പുകളുണ്ടാവാം, നല്ല മാര്‍ക്ക്‌ നേടിയിട്ടും പിന്നെന്തിനാണ്‌ മതവിദ്യാഭ്യാസം തുടരുന്നതെന്ന്‌. വളരെ ബ്രില്ല്യന്റായ വിദ്യാര്‍ഥികളെ പരീക്ഷയിലൂടെയാണ്‌ ഞങ്ങള്‍ തെരഞ്ഞെടുക്കുന്നത്‌. അനധികൃതമായി എസ്‌ എസ്‌ എല്‍ സിയും പ്ലസ്‌ ടുവുമൊക്കെ എഴുതി ഉയര്‍ന്ന മാര്‍ക്കും മെഡിക്കല്‍ എന്‍ട്രന്‍സില്‍ നല്ല റാങ്കും നേടിയ വിദ്യാര്‍ഥികളുണ്ടായിട്ടുണ്ട്‌.
എസ്‌ എസ്‌ എല്‍ സിയും പ്ലസ്‌ ടുവും ഇല്ലാത്തതുകൊണ്ട്‌ ദാറുല്‍ ഹുദായുടെ വിദ്യാര്‍ഥികള്‍ പൊതുധാരയില്‍ നിന്ന്‌ മാറ്റിനിര്‍ത്തപ്പെടുന്നുവെന്ന്‌ തോന്നുന്നുണ്ടോ?
പറയപ്പെടുന്ന പൊതുധാരയെ ഞങ്ങള്‍ നിര്‍ദാക്ഷിണ്യം അവഗണിക്കുകയാണ്‌. ലോകത്തിന്‌ പുതിയൊരു മാതൃക പരിചയപ്പെടുത്തുകയാണ്‌. `സമുദായത്തിലെ മിടുക്കരെ നിങ്ങള്‍ നാലാം വേദത്തിന്റെ ആളുകളാക്കി മാറ്റുന്നു' എന്ന്‌ ഞങ്ങളെക്കുറിച്ച്‌ ആരോപിക്കാറുണ്ട്‌. ഞങ്ങള്‍ 0.05 ശതമാനം കുട്ടികളെ മാത്രമേ തെരഞ്ഞെടുക്കുന്നുള്ളൂ. ബാക്കിയുള്ളവരെ മറ്റു മേഖലകളിലേക്ക്‌ തിരിച്ചുവിട്ടോളൂ എന്നാണ്‌ അതിനുള്ള സാമാന്യ മറുപടി. ഈയൊരു ധാരയില്‍ പഠിച്ചുമുന്നേറിയ വിദ്യാര്‍ഥികള്‍ ശോഭനമായ നിലയിലെത്തിയിട്ടുണ്ട്‌. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി, അലിഗര്‍ ഓഫ്‌ കാമ്പസ്‌, അല്‍ശഖ്‌റ യൂണിവേഴ്‌സിറ്റി, ബി ബി സി, അല്‍ജസീറ, മനോരമ, ചന്ദ്രിക തുടങ്ങിയ പല മേഖലകളിലും ഇവിടുത്തെ പൂര്‍വ വിദ്യാര്‍ഥികള്‍ തങ്ങളുടേതായ പങ്ക്‌ നിര്‍വഹിക്കുന്നുണ്ട്‌. ഇവിടെ നിന്ന്‌ പുറത്തിറങ്ങുന്നവര്‍ സമൂഹത്തിനു വേണ്ടി തയ്യാറാക്കപ്പെട്ടവരാണ്‌. അതുകൊണ്ട്‌ തന്നെ സോഷ്യോളജി, പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷന്‍ പോലുള്ള മേഖലകളിലേക്കിറങ്ങാനാണ്‌ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്‌.
മീഡിയ രംഗത്തേക്ക്‌ പ്രത്യേക പരിശീലനം നല്‌കാറുണ്ടോ?
ഉണ്ട്‌. ഇപ്പോള്‍ പല ചാനലുകളിലും ഇവിടുത്തെ പൂര്‍വ വിദ്യാര്‍ഥികള്‍ ജോലി ചെയ്യുന്നുണ്ട്‌. പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചില ക്യാമ്പുകള്‍ സംഘടിപ്പിക്കാറുണ്ട്‌. അതിലൊന്നാണ്‌ ജേര്‍ണലിസം. വിദ്യാര്‍ഥികള്‍ തന്നെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുന്ന തെളിച്ചം മാസിക വര്‍ഷങ്ങളായി ഇവിടെ നിന്ന്‌ പുറത്തിറങ്ങുന്നുണ്ട്‌.
ഈയടുത്ത്‌ ദാറുല്‍ഹുദാ അസമില്‍ ഓഫ്‌ കാമ്പസ്‌ തുറക്കുകയുണ്ടായി. എന്താണ്‌ അതിന്റെ പ്രചോദനം? കേരളത്തിലെ പല മുസ്‌ലിം സംഘടനകളും ഉത്തരേന്ത്യ ഒരു പ്രവര്‍ത്തന മണ്ഡലമായി ഇപ്പോള്‍ സ്വീകരിക്കുന്നുണ്ട്‌.
ദാറുല്‍ഹുദായുടെ ഈ സിലബസില്‍ സമുദായത്തിലെ പലരും തല്‍പരരായി. അങ്ങനെ ഏകദേശം പതിനേഴോളം അണ്ടര്‍ ഗ്രാജ്വേറ്റ്‌ സ്ഥാപനങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്‌. അക്കാദമിക മാര്‍ഗനിര്‍ദേശം മാത്രമേ മാതൃകാമ്പസിന്‌ ബാധ്യതയുള്ളൂ. 1999-ല്‍ പൂര്‍ണമായും ഉറുദു മീഡിയത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇസ്‌ലാമിക്‌ കണ്ടംപററി സ്റ്റഡീസ്‌ (NIICS) ആരംഭിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ധാരാളം വിദ്യാര്‍ഥികള്‍ ഇവിടെ പഠനം നടത്തുന്നുണ്ട്‌. അവര്‍ക്ക്‌ മലയാള ഭാഷക്ക്‌ പകരം `പാര്‍സി'യാണ്‌ പഠിപ്പിക്കുന്നത്‌. അവര്‍ക്ക്‌ കൂടുതല്‍ സൗകര്യത്തോടെ സ്വന്തം നാട്ടില്‍ വിദ്യ അഭ്യസിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന അവിടത്തുകാരുടെ അഭ്യര്‍ഥന മാനിച്ചാണ്‌ പുറത്ത്‌ ഓഫ്‌ കാമ്പസുകള്‍ തുടങ്ങാന്‍ തീരുമാനമാവുന്നത്‌. അങ്ങനെ ആന്ധ്രയിലെ ചിറ്റൂര്‍, ബംഗാളിലെ ബാര്‍ഭോം എന്നീ സ്ഥലങ്ങളില്‍ ഓഫ്‌ കാമ്പസുകള്‍ തുടങ്ങി. ഇപ്പോള്‍ അസമിലും ഓഫ്‌ കാമ്പസിനുള്ള തറക്കല്ലിട്ടു. ഇവിടങ്ങളിലൊക്കെ ദാറുല്‍ഹുദായുടെ സിലബസ്‌ പഠിപ്പിക്കുന്നത്‌ പൂര്‍വ വിദ്യാര്‍ഥികള്‍ തന്നെയാണ്‌.
ഉത്തരേന്ത്യയിലെ സാമൂഹിക സാഹചര്യത്തെ എങ്ങനെ നോക്കിക്കാണുന്നു?
വളരെ ദയനീയം എന്ന്‌ ചുരുക്കിപ്പറയാം. ബംഗാളില്‍ മത വിദ്യാഭ്യാസത്തിലും മതേതര വിദ്യാഭ്യാസത്തിലും മുസ്‌ലിംകള്‍ വളരെ പിറകിലാണ്‌. കാണാത്ത ഒരാള്‍ക്ക്‌ അവിടുത്തെ സാഹചര്യത്തെക്കുറിച്ച്‌ പറഞ്ഞാല്‍ വിശ്വാസമാവുകയില്ല. എഴുപത്തഞ്ച്‌ വര്‍ഷത്തിന്‌ മുമ്പുള്ള കേരളത്തിന്റെ സാമൂഹികാവസ്ഥയിലേക്ക്‌ പോലും ഇന്നുവരെ അവര്‍ എത്തിയിട്ടില്ല. ഇസ്‌ലാമിന്റെ ബാലപാഠങ്ങള്‍ അറിയാത്ത നിരവധി പേര്‍ ഉത്തരേന്ത്യയിലുണ്ട്‌. ജന്മിമാരുടെ വയലുകളില്‍ എല്ലുമുറിയെ പണിയെടുക്കുന്നവരും റിക്ഷ വലിക്കുന്നവരും മുസ്‌ലിംകള്‍ തന്നെയാണ്‌. ശഹാദത്ത്‌ കലിമയോ, ഇസ്‌ലാമിന്റെ മറ്റ്‌ അധ്യാപനങ്ങളോ പോലും അറിയാത്തവര്‍ അവിടെയുണ്ട്‌.
മുസ്‌ലിം ചെറുപ്പക്കാര്‍ക്കിടയില്‍ നടക്കുന്ന തീവ്രവാദ വേട്ടയെക്കുറിച്ച്‌?
തീവ്രവാദ വേട്ട എന്ന പേരില്‍ കുറേ അരുതായ്‌മകളും നെറികേടുകളും അവിടങ്ങളിലുണ്ട്‌. ഭരണാധികരികളും ബന്ധപ്പെട്ടവരും കൂടുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. മഅ്‌ദനിയടക്കമുള്ള നിരവധി പേര്‍ മനുഷ്യാവകാശ ലംഘനമാണ്‌ നേരിട്ടുകൊണ്ടിരിക്കുന്നത്‌. കുറ്റവാളികളെ വിചാരണ ചെയ്യണമെന്നത്‌ സമാന്യ നീതിയാണ്‌. എല്ലാമറിയുന്ന അല്ലാഹു ശിക്ഷ നടപ്പാക്കുന്നത്‌ വിചാരണക്ക്‌ ശേഷമാണ്‌. വിചാരണയില്ലാതെ തടവ്‌ നീണ്ടുപോകുന്നത്‌ ന്യായീകരിക്കാനാവാത്തതാണ്‌. താടിവച്ചവരെയും മറ്റും തീവ്രവാദികളായി ടാര്‍ജറ്റ്‌ ചെയ്യുന്നതും ഭൂരിപക്ഷ വര്‍ഗീയതയെക്കുറിച്ച്‌ സംസാരിക്കുന്നവരെ ഒറ്റപ്പെടുത്തുന്നതും ആശ്വാസകരമല്ല. നീതിയും സത്യവും എവിടെയും നടപ്പാക്കാനുള്ള ആര്‍ജവം ഭരണകൂടങ്ങള്‍ കാണിക്കണം.
ഇപ്പോള്‍ മുജാഹിദ്‌, ജമാഅത്ത്‌ സംഘടനകളടക്കമുള്ളവര്‍ ഉത്തരേന്ത്യ കേന്ദ്രീകരിച്ച്‌ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നുണ്ട്‌.
അങ്ങനെ ചെയ്യുന്നവരോടൊക്കെ നമുക്ക്‌ നിര്‍ദേശിക്കാനുള്ളത്‌ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണം എന്നാണ്‌. വിദ്യാഭ്യാസത്തിലൂടെയോ ഒരു തലമുറയെ മാറ്റിയെടുക്കാനാവൂ. അവര്‍ക്ക്‌ ഒരു വീടുണ്ടാക്കി നല്‌കിയാല്‍ അവിടെ താമസിച്ചേക്കാം, ഒരു ചാക്ക്‌ അരി കൊടുത്താല്‍ പട്ടിണി താല്‌ക്കാലികമായി മാറിയേക്കാം, എന്നാല്‍ അടിസ്ഥാപരമായി മാറ്റം സംഭവിക്കണമെങ്കില്‍ വിദ്യാഭ്യാസപരമായ മുന്നേറ്റമുണ്ടാകണം.
ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഇസ്വ്‌്‌ലാഹി മൂവ്‌മെന്റിന്റെ വലിയ ലക്ഷ്യം തന്നെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുക എന്നതാണ്‌.
അങ്ങനെയെങ്കില്‍ നല്ലതാണ്‌. ആദ്യം വിദ്യാഭ്യാസം നല്‌കണം. അതുകൊണ്ടാണ്‌ ദാറുല്‍ഹുദാ ഈ വിഷയത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്നത്‌. വിദ്യാഭ്യാസം കൊണ്ട്‌ മാത്രമേ അടിസ്ഥാനപരമായ മാറ്റം ഉണ്ടാകൂ. നഗര കേന്ദ്രീകൃതമായി ചില പുരോഗതികള്‍ അവിടെയുണ്ട്‌. പക്ഷേ, ഗ്രാമങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുകയാണ്‌ അനിവാര്യമായും വേണ്ടത്‌.
കേരളത്തിലെ സാഹചര്യം ഇതില്‍ നിന്നെല്ലാം തികച്ചും വിഭിന്നമാണല്ലോ? അവിടെ മുസ്‌ലിംകള്‍ക്ക്‌ സംഘടിത രാഷ്‌ട്രീയ ശക്തിയില്ലാത്തതാണോ കാരണം?
അത്‌ മാത്രമല്ല കാരണം. മുസ്‌ലിംകളെ അരികുവത്‌കരിക്കുന്നതിന്റെ ചരിത്രത്തിന്‌ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. ബംഗാളില്‍ 1750-കളില്‍ ബ്രിട്ടീഷുകാര്‍ സിറാജുദ്ദൗലയെ പരാജയപ്പെടുത്തി. അന്ന്‌ അവിഭക്ത ബംഗാളിന്റെ മേധാവിയാണ്‌ സിറാജുദ്ദൗല. അദ്ദേഹത്തിന്റെ അനുയായികളാണ്‌ മുസ്‌ലിംകളെന്ന നിലയില്‍ ബ്രിട്ടീഷുകാര്‍ അവരെ മര്‍ദിക്കാനും നിന്ദിക്കാനും തുടങ്ങി. പിന്നീട്‌ നൂറ്‌ വര്‍ഷങ്ങള്‍ക്കു ശേഷം 1857-ല്‍ ശിപായി ലഹള ഉണ്ടായി. ബംഗാളിനു പുറത്തും മുസ്‌ലിംവിരുദ്ധ മനസ്ഥിതി വ്യാപിക്കാന്‍ അത്‌ കാരണമായി. നൂറ്‌ വര്‍ഷത്തിനു ശേഷം ഇന്ത്യാ വിഭജനവുമുണ്ടാ യി. അത്യാവശ്യം നിലനില്‌പുള്ളവരെല്ലാം പാകിസ്‌താനിലേക്ക്‌ കുടിയേറി. അവശേഷിച്ചതില്‍ ഭൂരിപക്ഷവും മഹാ ദുര്‍ബലരായിരുന്നു. പിന്നീട്‌ അധികാരത്തില്‍ വന്നത്‌ സവര്‍ണ വിഭാഗങ്ങളാണ്‌. ഇതൊന്നും കേരളത്തിനെ ബാധിച്ചിട്ടില്ല. കേരളം മറ്റൊരു `രാജ്യ'മെന്ന പോലെയായിരുന്നു. ഇസ്‌ലാമിന്റെ ആവിര്‍ഭാവം, മുസ്‌ലിം സംഘടനാ പ്രവര്‍ത്തനങ്ങള്‍, ശാഫിഈ മദ്‌ഹബിന്റെ സ്വാധീനം തുടങ്ങി പല വിഷയങ്ങളിലും കേരളം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമാണ്‌. അറബ്‌ രാജ്യങ്ങളുമായുള്ള നേരിട്ടുള്ള ബന്ധം തന്നെ അതിനു കാരണമായിട്ടുണ്ട്‌.
ഇസ്‌ലാമിന്റെ കേരളത്തിലേക്കുള്ള വരവിന്‌ പല വ്യാഖ്യാനങ്ങളുമുണ്ട്‌.
നബിയുടെ കാലത്തു തന്നെ ഇവിടെ ഇസ്‌ലാം എത്തിയിട്ടുണ്ടെന്നതില്‍ സംശയമില്ല. കാരണം ഇസ്‌ലാമിനു മുമ്പേ കച്ചവടാവശ്യാര്‍ഥം അറബികള്‍ വരാറുണ്ടായിരുന്നു. കഴിഞ്ഞ കൊല്ലം അമുസ്‌ലിമായി വന്നവര്‍ ഇത്തവണ മുസ്‌ലിമായി വരുന്നു. നബിയുടെ പ്രബോധനത്തില്‍ കച്ചവടക്കാരും മുസ്‌ലിംകളായിട്ടുണ്ടല്ലോ? മുസ്‌ലിമായെന്നു കരുതി കച്ചവടം അവസാനിപ്പിക്കുകയില്ല. അവരിലൂടെയാണ്‌ ഇസ്‌ലാം ആദ്യമായി കേരളത്തിലെത്തുന്നത്‌ പക്ഷെ, അവര്‍ക്ക്‌ മിഷനറി ദൗത്യമുണ്ടായിരുന്നില്ല എന്ന്‌ മാത്രം. ദീര്‍ഘകാലം ഇവിടെ താമസിക്കേണ്ടി വരുന്നതിനാല്‍ അവര്‍ ഇവിടെ നിന്ന്‌ വിവാഹം കഴിച്ചിരുന്നു. സ്വാഭാവികമായും ഇവിടെ മുസ്‌ലിംകള്‍ വളര്‍ന്നുവരികയും ചെയ്‌തു.
മാലിക്‌ബ്‌നു ദീനാറും സംഘവും എത്തുന്നതിന്‌ മുമ്പേ ഇസ്‌ലാം കേരളത്തിന്റെ മണ്ണിലെത്തിയിട്ടുണ്ടെ ന്നാണോ?
ഇല്ലെന്ന്‌ വിശ്വസിക്കാന്‍ ഒരു ന്യായവുമില്ല. പ്രത്യേക ദൗത്യവുമായി കടന്നുവന്ന സംഘമാണ്‌ മാലിക്‌ബ്‌നു ദീനാര്‍. മാലിക്‌ബ്‌നു ദീനാര്‍ സ്വഹാബിയല്ല എന്നാണ്‌ എന്റെ അഭിപ്രായം. പൂര്‍വികരുടെ ജീവചരിത്രം ക്രോഡീകരിച്ചിരിക്കുന്ന ത്വബഖാത്ത്‌ എന്ന ഗ്രന്ഥത്തില്‍ മാലിക്‌ബ്‌നു ദീനാര്‍ ഹിജ്‌റ 223-ലോ 225-ലോ 227-ലോ ബഗ്‌ദാദില്‍ മരണപ്പെട്ടു എന്നാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. അദ്ദേഹത്തിന്‌ മുമ്പ്‌ അതേ പേരില്‍ ആരും തന്നെയില്ല. സൈനുദ്ദീന്‍ മഖ്‌ദൂം അഭിപ്രായപ്പെടുന്ന പോലെ രണ്ടാംനൂറ്റാണ്ടില്‍ തന്നെയാണ്‌ മാലിക്‌ബ്‌നു ദീനാറും കൂട്ടരും ഇവിടെയെത്തിയിട്ടുള്ളത്‌. ഇസ്‌ലാം അവര്‍ക്ക്‌ മുമ്പേ എത്തിയിട്ടുണ്ട്‌. കേരളത്തിന്റെ പല ഭാഗങ്ങളിലും സ്വഹാബിമാരുടെ ഖബറുകള്‍ ഉണ്ടെന്നത്‌ ഇതിനു തെളിവാണ്‌. കച്ചവടാവശ്യാര്‍ഥം വന്ന നബിയുടെ അനുചരന്മാരായിരിക്കാം അവര്‍. മാലിക്‌ബ്‌നു ദീനാര്‍ സ്വഹാബിയാണെന്ന്‌ പറയുന്നവര്‍ തെളിവാക്കുന്നത്‌ ഐതിഹ്യങ്ങളെയും കിനാവുകളെയുമാണ്‌. ഇത്‌ ഇസ്‌ലാമില്‍, വിശിഷ്യ ചരിത്രത്തില്‍ തെളിവല്ലല്ലോ?
മഹത്തായ ഇസ്‌ലാമിക പൈതൃകം മലയാളികള്‍ക്ക്‌ അവകാശപ്പെടാനുണ്ട്‌. തീര്‍ച്ചയായും കേരളത്തിലുണ്ടായ മുസ്‌ലിം നവോത്ഥാനവും അതിനൊരു കാരണമാണ്‌. എങ്ങനെയാണ്‌ അതിനെ നോക്കിക്കാണുന്നത്‌?
അതിനെക്കുറിച്ച്‌ ഇപ്പോള്‍ നാം ചര്‍ച്ച ചെയ്യാതിരിക്കുകയാണ്‌ നല്ലത്‌. ഖുര്‍ആന്‍ പറഞ്ഞപോലെ ഓരോ വിഭാഗവും അവരുടെ പക്കലുള്ളതിനെ തൊട്ട്‌ സന്തോഷഭരിതരാണ്‌ (ചിരി). ഓരോരുത്തരും അവരുടേതായ റോള്‍ നവോത്ഥാന രംഗത്ത്‌ നിര്‍വഹിച്ചിട്ടുണ്ട്‌ എന്ന്‌ ചുരുക്കിപ്പറയാം.
ആഗോളതലത്തില്‍ തന്നെ ശീഅ-സുന്നി പണ്ഡിതന്മാര്‍പോലും ഒന്നിക്കുന്ന സമകാലിക സാഹചര്യത്തില്‍ കേരളത്തിലെ മുസ്‌ലിം ഐക്യത്തെ നമുക്ക്‌ എങ്ങനെ അര്‍ഥവത്താക്കാം?
മുസ്‌ലിംകളെ ബാധിക്കുന്ന പൊതു വിഷയങ്ങളിലൊക്കെ തന്നെ നമുക്ക്‌ ഒരുമിച്ചിരിക്കാനും സഹകരിക്കാനും സാധിക്കണം. പല പ്രശ്‌നങ്ങളോടും യോജിക്കാന്‍ പറ്റാത്തവര്‍ ഉണ്ടാകും. ആഗോള ശീഅ-സുന്നി ഐക്യത്തെ എതിര്‍ക്കുന്നവരും അംഗീകരിക്കുന്നവരുമുണ്ട്‌. കഴിയുന്നത്ര സഹകരണത്തിന്റെ വഴി തേടുക എന്നതു മാത്രമാണ്‌ പോംവഴി. സഹകരണം തീരെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിഭാഗങ്ങള്‍ എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: