ഇസ്‌ലാം സമ്പന്നമാക്കിയ വിശ്രുത നഗരങ്ങള്‍

  • Posted by Sanveer Ittoli
  • at 8:18 PM -
  • 0 comments

ഇസ്‌ലാം സമ്പന്നമാക്കിയ വിശ്രുത നഗരങ്ങള്‍




ഡോ. ഇ കെ അഹ്‌മദ്‌കുട്ടി



നഗരങ്ങള്‍ നാഗരികതയുടെ മടിത്തട്ടുകളാണ്‌. ലോക ചരിത്രത്തിലെന്നപോലെ ഇസ്‌ലാമിക ചരിത്രത്തിലും നഗരങ്ങള്‍ക്ക്‌ വലിയ പ്രാധാന്യമുണ്ട്‌. ഗ്രാമങ്ങളില്‍ നിന്ന്‌ ഊര്‍ജം സംഭരിച്ച്‌ രൂപാന്തരപ്പെട്ടുവരുന്നവയാണ്‌ നഗരങ്ങള്‍. ആദ്യകാലത്ത്‌ മുസ്‌ലിം പട്ടണങ്ങളെല്ലാം ചെറുതും പതിനായിരത്തില്‍ കവിയാത്ത ജനസംഖ്യ ഉള്‍ക്കൊള്ളുന്നതുമായിരുന്നു. അതിര്‍ത്തികളെ ഭദ്രമാക്കാന്‍ കോട്ടകളും സാംസ്‌കാരിക കേന്ദ്രങ്ങളായി പള്ളികളും മുസ്‌ലിം പട്ടണങ്ങളുടെ പൊതു സവിശേഷതയാണ്‌. ഇസ്‌ലാമിക സംസ്‌കാരവും വിജ്ഞാനങ്ങളും കലാ-സാഹിത്യ രൂപങ്ങളും വികസിപ്പിക്കുന്നതിലും വ്യാപിപ്പിക്കുന്നതിലും നഗരങ്ങള്‍ക്ക്‌ വലിയ പങ്കുണ്ട്‌. ഇസ്‌ലാമിക ചരിത്രത്തിലെ പ്രോജ്ജ്വല അധ്യായങ്ങളായ നിരവധി നഗരങ്ങളുണ്ട്‌. അവയില്‍ ചിലതിനെക്കുറിച്ച്‌ ലഘുപരാമര്‍ശം മാത്രമാണിവിടെ ഉദ്ദേശിക്കുന്നത്‌.
ഇസ്‌ലാം മതവും സംസ്‌കാരവും നാഗരികതകളും ഉദിച്ചുയര്‍ന്ന കഅ്‌ബ സ്ഥിത ചെയ്യുന്ന പ്രവാചകന്റെ ജന്മദേശമാണ്‌ മക്ക. `മക്ക വിജയത്തോടെ' അത്‌ പൂര്‍ണമായും ഇസ്‌ലാമിന്റെ നഗരമായി മാറി. ഹിജ്‌റക്കു ശേഷം മദീനയില്‍ വ്യവസ്ഥാപിതമായ ഇസ്‌ലാമിക സംസ്‌കാരവും നാഗരികതയും നിലവില്‍ വന്നു. ഒന്നും രണ്ടും മൂന്നും ഖലീഫമാരുടെ കാലത്ത്‌ ഇസ്‌ലാമിക രാഷ്‌ട്രത്തിന്റെ തലസ്ഥാന നഗരിയായിരുന്നു മദീന. ഇപ്പോള്‍ സഊദിയുടെ തലസ്ഥാനമായ റിയാദും സുഊദയിലെ തന്നെ ജിദ്ദയും ത്വാഇഫുമെല്ലാം ആധുനികവും പൗരാണികവുമായ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന നഗരങ്ങളാണ്‌.
നാലാം ഖലീഫ അലി(റ) തലസ്ഥാനമായി നിശ്ചയിച്ചിരുന്നത്‌ ഇറാഖിലെ കൂഫയായിരുന്നു. സഅദ്‌ബ്‌നു അബീവഖാസ്‌, ഖാദിസിയ്യ യുദ്ധത്തിനു ശേഷം (ക്രി. 638) യൂഫ്രട്ടീസ്‌ നദീതീരത്ത്‌ സ്ഥാപിച്ച കൂഫ അലി(റ)യുടെ അനുയായികളെന്നറിയപ്പെടുന്ന ശീആ വിശ്വാസികളുടെ ശക്തി കേന്ദ്രം കൂടിയാണ്‌. അതിനടുത്ത്‌ സ്ഥിതിചെയ്യുന്ന നജഫും, മശ്‌ഹദും നിരവധി മത, വ്യാകരണ പണ്ഡിതന്മാരെ സംഭാവന ചെയ്‌ത ബസ്വറയും ഇസ്‌ലാമിക വിജ്ഞാനങ്ങളുടെയും സംസ്‌കാരത്തിന്റെയും പ്രമുഖ കേന്ദ്രങ്ങളാണ്‌. ഭാഷാശാസ്‌ത്ര വിജ്ഞാനങ്ങളും വ്യാകരണവും (നഹ്‌വ്‌) വളര്‍ന്ന്‌ വികസിച്ച അബ്ബാസിയ്യാ ഭരണകാലത്തെ, വിജ്ഞാനങ്ങളുടെ കളിത്തൊട്ടിലാണ്‌ ബസ്വറയും കൂഫയും. അറബി വ്യാകരണ രംഗത്ത്‌ ഈ രണ്ടു നഗരങ്ങളെ കേന്ദ്രീകരിച്ച വ്യത്യസ്‌ത ധാരകളുണ്ടായിരുന്നുവെന്നത്‌ ശ്രദ്ധേയമാണ്‌.
ഖുലഫാഉര്‍റാശിദുകള്‍ക്കു ശേഷമുള്ള ഉമവിയ്യ ഭരണം (ക്രി 660-750) തലസ്ഥാനമായി സ്വീകരിച്ചിരുന്നത്‌ ദമസ്‌കസ്‌ (ദിമശ്‌ഖ്‌) ആയിരുന്നു. പഴയ `ശാം' രാജ്യത്തിന്റെ കേന്ദ്രവും ഇന്നത്തെ സിറിയയുടെ തലസ്ഥാനവും അതാണ്‌. ക്രി. 635 ല്‍ ഖാലിദിബ്‌നി വലീദിന്റെ നേതൃത്വത്തിലുള്ള സേന കീഴടക്കിയ, അയ്യായിരം വര്‍ഷത്തെ പഴക്കമുള്ള, ലോകത്തിലെ പുരാതന നഗരങ്ങളിലൊന്നായ സിറിയ, ഉമവിയ്യ കാലത്ത്‌ പ്രതാപത്തിന്റെ പൂര്‍ണതയിലെത്തിയിരുന്നു. `ഭൂമിയിലെ ഉദ്യാനം' എന്നാണറിയപ്പെട്ടിരുന്നത്‌. ഒരു ലക്ഷത്തില്‍ പരം പൂന്തോട്ടങ്ങള്‍, നൂറോളം ജലധാരയും പൊതു കുളിമുറികളും മുആവിയ പണികഴിപ്പിച്ച ആര്‍ഭാടപൂര്‍ണമായ കൊട്ടാരം, നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥിതിചെയ്യുന്ന 572 പള്ളികള്‍ തുടങ്ങിയവ അതിനെ സമൃദ്ധമാക്കിയിരുന്നു. ഉമവിയ്യ ഭരണകാലത്തിന്റെ ചില സുവര്‍ണ ശേഷിപ്പുകള്‍ ഇപ്പോഴും സിറിയയിലുണ്ട്‌. ദമസ്‌കസിലെ പ്രസിദ്ധമായ ഉമവിയ്യാ പള്ളി (അല്‍ജാമിഉല്‍ ഉമവി) എന്ന വലിയ പള്ളി (ഗ്രാന്റ്‌ മോസ്‌ക്‌) വിശാലവും ശില്‌പ സൗന്ദര്യം വിളിച്ചോതുന്നതുമാണ്‌. ക്രി. 750-ലാണ്‌ സ്ഥാപിച്ചത്‌. നിരവധി സ്വഹാബികള്‍, പണ്ഡിതന്മാര്‍, ഉമവിയ്യ ഭരണ സ്ഥാപകനായ മുആവിയ, സ്വലാഹുദ്ദീന്‍ അയ്യൂബി തുടങ്ങിയവരുടെ ഖബറുകള്‍ അവിടെയുണ്ട്‌.
സിറിയയിലെ മറ്റൊരു പ്രധാന നഗരമാണ്‌ `ഹലപ്പോ' (ഹലബ്‌). ദമസ്‌കസിനെപ്പോലെ തന്നെ പുരാതനമായ ഈ നഗരം ക്രി. 637-ല്‍ ഉബൈദുല്ലബ്‌നുല്‍ ജര്‍റാഹിന്റെ മുസ്‌ലിം സൈന്യത്തിനു മുന്‍പില്‍ കീഴടങ്ങി. പിന്നീട്‌ ഹമദാനീ വംശത്തിലെ ഭരണാധികാരിയായ സൈഫുദ്ദൗല തലസ്ഥാനമായി നിശ്ചയിച്ചിരുന്നതും പ്രസ്‌തുത നഗരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സിറിയയില്‍ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര കലാപം ഉമവിയ്യ പള്ളിയുള്‍പ്പെടെ നിരവധി ചരിത്ര സ്‌മാരകങ്ങള്‍ക്ക്‌ പരിക്കേല്‌പിച്ചിട്ടുണ്ട്‌. ക്രി. 636-ല്‍ അറബികള്‍ കീഴടക്കിയ മറ്റൊരു സിറിയന്‍ നഗരമാണ്‌ ഹിംസ്‌. സൈഫുദ്ദൗലയുടെ ഹലബ്‌ ഭരണകൂടത്തിന്റെ ഭാഗമായി മാറുകയും പിന്നീട്‌ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ ഭരണത്തിന്‍ കീഴിലാവുകയും ചെയ്‌തു. ഖാലിദ്‌ ബിന്‍ വലീദിന്റെ പേരിലുള്ള വലിയ പള്ളി (ജാമിഉ ഖാലിദ്‌ ബിന്‍ വലീദ്‌) നഗരത്തിലെ പ്രധാന ചരിത്ര സ്‌മാരകമാണ്‌. `എപിഫാനിയ' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നഗരമാണ്‌ ഹമാ: (ഹമാത്ത്‌). പൗരാണിക ഇസ്‌ലാമിക സംസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്ന നഗരമാണിത്‌.
ഉമവീ ഭരണത്തിന്‌ ശേഷം അധികാരത്തില്‍ വന്ന അബ്ബാസിയാക്കള്‍ അവരുടെ തലസ്ഥാനമായി സ്വീകരിച്ചത്‌ ബാഗ്‌ദാദിനെയാണ്‌. ഇസ്‌ലാമിക ചരിത്രത്തില്‍ സംസ്‌കാരങ്ങളുടെയും വിജ്ഞാനങ്ങളുടെയും ഏറ്റവും ഉജ്വലമായ കേന്ദ്രമാണ്‌ ബഗ്‌ദാദ്‌. അറബിക്കഥകളിലൂടെ (ആയിരത്തൊന്നു രാവ്‌) ശാശ്വതീകിരക്കപ്പെട്ട ഈ അത്ഭുതനഗരം ഇന്നും ഇറാഖിന്റെ തലസ്ഥാനമാണ്‌. അബ്ബാസി ഖലീഫ അബൂജഅ്‌ഫറുല്‍ മന്‍സ്വൂര്‍ ടൈഗ്രീസ്‌ നദീതീരത്ത്‌ മദീനത്തുസ്സലാം എന്ന പേരില്‍ സ്ഥാപിച്ച ഇത്‌, ഹാറൂന്‍ റശീദിന്റെ കാലത്ത്‌ പ്രൗഢിയുടെയും പ്രതാപത്തിന്റെയും ഉത്തുംഗതയിലെത്തി. പിന്നീട്‌ വന്ന ഖലീഫമാര്‍ അതിന്റെ സൗന്ദര്യവും ശില്‌പചാതുര്യവും വര്‍ധിപ്പിക്കുന്നതില്‍ പരസ്‌പരം മത്സരിച്ചു. അനേകം പള്ളികളും, പാത്രങ്ങളും, ഉദ്യാനങ്ങളും, ഗ്രന്ഥശാലകളും കലാലയങ്ങളും ആസ്‌പത്രികളും നിര്‍മിക്കപ്പെട്ടു. വിജ്ഞാന കുതുകികള്‍ക്ക്‌ എന്നും പ്രാധാന്യമര്‍ഹിക്കുന്ന `ബൈത്തുല്‍ ഹിക്‌മ' ബാഗ്‌ദാദിന്റെ മികച്ച സംഭാവനയാണ്‌. വിജ്ഞാനങ്ങളെയും സാഹിത്യത്തെയും കലയെയും ഖലീഫമാര്‍ ഏറെ പ്രോത്സാഹിപ്പിച്ചു. വിവിധ ദേശങ്ങളില്‍ നിന്ന്‌ പണ്ഡിതരും സാഹിത്യകാരന്മാരും ബാഗ്‌ദാദ്‌ ലക്ഷ്യമാക്കി വന്നു. അവരെ ഭരണാധികാരികള്‍ കയ്യഴിഞ്ഞു സഹായിച്ചു. ഹാറൂന്‍ റഷീദിന്റെ മകന്‍ മഅ്‌മൂന്‍ ഇക്കാര്യത്തില്‍ മുന്‍പന്തിയിലായിരുന്നു. അങ്ങനെ അക്കാലത്ത്‌ ലോകത്തിലെ ഏറ്റവും മഹത്തരമായ വൈജ്ഞാനിക-സാംസ്‌കാരിക-നാഗരിക കേന്ദ്രമായി ബാഗ്‌ദാദ്‌ മാറി. 1258ല്‍ താര്‍ത്താരികളുടെ ആക്രമണ ഫലമായി ബാഗ്‌ദാദിന്റെ പ്രഭാവത്തിന്‌ മങ്ങലേറ്റു.
ടൈഗ്രീസ്‌ തീരത്ത്‌ സ്ഥിതി ചെയ്യുന്ന മൊസൂള്‍, ശീഅകളുടെ പുണ്യനഗരമായ നജഫ്‌, അലി(റ) രക്തസാക്ഷിയായ മശ്‌ഹദ്‌ അലി, പ്രവാചക പൗത്രന്‍ ഹുസൈന്‍(റ) രക്തസാക്ഷിത്വം വഹിച്ച മശ്‌ഹദ്‌ ഹുസൈന്‍, ഇഥ്‌നാ അശരീ ശീആ വിഭാഗത്തിന്റെ ഇമാമായ മൂസബ്‌നു ജഅ്‌ഫറുല്‍ ഖാദിമിന്റെയും മറ്റു ചില ശീഅ നേതാക്കളുടെ ഖബറിടമുള്ള ഖാദിമിയ്യയും ഇവിടുത്തെ സുപ്രധാനമായ നഗരങ്ങളാണ്‌.
ലോകത്തിലെ ഏറ്റവും പുരാതന ദേവാലയങ്ങളിലൊന്നും മുസ്‌ലിംകളുടെ ആദ്യഖിബ്‌ലയുമായ മസ്‌ജിദുല്‍ അഖ്‌സ സ്ഥിതി ചെയ്യുന്ന ജറൂസലം, ഇസ്‌ലാമിക ചരിത്രത്തിലെ മറ്റൊരു പ്രധാന നഗരമാണ്‌. അല്‍ബൈതുല്‍ മുഖദ്ദസ്‌, മുഖദ്ദസ്‌, ബൈതുല്‍ മഖ്‌ദിസ്‌, അല്‍ഖുദ്‌സ്‌, ഔര്‍ശലിം എന്നീ പേരുകളിലറിയപ്പെടുന്ന ഈ നഗരം മുസ്‌ലിംകളുടെയും ക്രിസ്‌ത്യാനികളുടെയും ജൂതന്മാരുടെയും പുണ്യനഗരമാണ്‌. പ്രവാചകനും രാജാവുമായ ദാവൂദ്‌(അ) സ്ഥാപിച്ച ഈ നഗരം ക്രി. 638ലാണ്‌ അറബികളുടെ കീഴിലാവുന്നത്‌. കുരിശുയുദ്ധക്കാലത്ത്‌ ക്രിസ്‌ത്യാനികള്‍ പിടിച്ചടക്കുകയും 1187ല്‍ സ്വലാഹുദ്ദീന്‍ അയ്യൂബി തിരിച്ചുപിടിക്കുകയും ചെയ്‌തു. സുലൈമാന്‍ നബി പണികഴിപ്പിച്ച ഒരു പുരാതന ദേവാലയത്തിന്റെ സ്ഥാനത്ത്‌ ക്രി. 691ല്‍ ഉമവിയ്യ ഖലീഫ അബ്‌ദുല്‍ മാലികുബ്‌നു മര്‍വാന്‍ സ്ഥാപിച്ച ഖുബ്ബതുസ്സഖ്‌റ (Dome of the Rock) പള്ളിയും അതിനടുത്ത്‌ തന്നെ അദ്ദേഹത്തിന്റെ മകനായ ഖലീഫ അല്‍വലീദ്‌ ക്രി. 705ല്‍ പണിത മസ്‌ജിദുല്‍ അഖ്‌സ എന്ന പേരില്‍ തന്നെയുള്ള പള്ളിയും ഉള്‍പ്പെടുന്ന വിശാലമായ സ്ഥലമാണ്‌ ഇന്ന്‌ മസ്‌ജിദുല്‍ അഖ്‌സ. ജൂതന്മാരുടെ പുണ്യസ്ഥലമായ വിലാപമതിലും ക്രിസ്‌ത്യാനികളുടെ ദേവാലയമായ ചര്‍ച്ച്‌ ഓഫ്‌ റിസറക്‌ഷനും ഇതിനടുത്താണ്‌ സ്ഥിതി ചെയ്യുന്നത്‌. യേശുക്രിസ്‌തു (ഈസാ നബി) ജനിച്ചതെന്ന്‌ വിശ്വസിക്കപ്പെടുന്ന ബെത്‌ലഹേം, ഇബ്‌റാഹീം നബിയുടെ മകന്‍ ഇസ്‌മാഈല്‍(അ)യുടെ ഖബ്‌ര്‍ സ്ഥിതി ചെയ്യുന്ന ഹെബ്‌റോണ്‍ നഗരവും ഫലസ്‌തീനിലെ ചരിത്ര നഗരങ്ങളാണ്‌. അറബിയില്‍ അല്‍ഖലീല്‍ എന്നും ഹറമുല്‍ ഇബ്‌റാഹീമി എന്നും ഈ സ്ഥലം വിളിക്കപ്പെടുന്നു.
ഇറാനിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലം അതിന്റെ തലസ്ഥാനനഗരി കൂടിയായ ടെഹ്‌റാനാണ്‌. സ്വഫവീ ഭരണകൂടത്തിന്റെ തലസ്ഥാനമായ അസ്വ്‌ഫഹാന്‍, തൈമൂര്‍ രാജാവ്‌ ആക്രമിക്കുകയും ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെടുകയും ചെയ്‌തു. 17-ാം നൂറ്റാണ്ടില്‍ അബ്ബാസ്‌ മൂന്നാമന്‍ അതിനെ തന്റെ തലസ്ഥാനമാക്കി നിശ്ചയിച്ചു. അദ്ദേഹം നിര്‍മിച്ച മസ്‌ജിദ്‌ നിരവധി സാഹിത്യ പടുക്കളുടെയും പണ്ഡിതരുടെയും കേന്ദ്രമായി മാറി. അദര്‍ബൈജാനിന്റെ തലസ്ഥാനമായ തബ്‌റീസ്‌, ശിറാസ്‌തുടങ്ങിയവയും പ്രധാന നഗരങ്ങളാണ്‌. ശീറാസിനെ, ഉസ്‌മാന്റെ(റ) അവസാനകാലത്ത്‌ അബൂമൂസല്‍ അശ്‌അരിയും ഉസ്‌മാനുബ്‌നു അബിഅംറും ചേര്‍ന്ന്‌ കീഴടക്കുകയും ഖലീഫ മാലികിന്റെ കാലത്ത്‌ നവീകരണത്തിന്‌ വിധേയമാവുകയും ചെയ്‌തു.
തുര്‍ക്കിയിലെ ഏറ്റവും പ്രമുഖമായ നഗരമാണ്‌ ഇസ്‌താംബൂള്‍. ബൈസാന്റിയം എന്നാണ്‌ പഴയ പേര്‌. ഏഴാം നൂറ്റാണ്ടില്‍ പുരാതന ഗ്രീക്കുകാര്‍ സ്ഥാപിച്ചതാണിത്‌. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി അതിനെ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കി കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്ന്‌ നാമകരണം ചെയ്‌തു. 1453ല്‍ ഓട്ടോമന്‍ (ഉസ്‌മാനിയ) തുര്‍ക്കിയെ കീഴടക്കി. അന്നുമുതല്‍ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയായി മാറി. 1923-ല്‍ മുസ്‌തഫ കമാല്‍ പാഷ അധികാരത്തില്‍ വന്നപ്പോള്‍ അന്‍കാറയെ തുര്‍ക്കിയുടെ തലസ്ഥാനമാക്കുകയും കോണ്‍സ്റ്റാന്റിനോപ്പിളിനെ ഇസ്‌താംബൂള്‍ എന്ന്‌ നാമകരണം ചെയ്യുകയും ചെയ്‌തു. സൈനികവും രാഷ്‌ട്രീയപരവുമായ തന്ത്രപ്രാധാന്യമുള്ള ഒരു നഗരമാണിത്‌. രണ്ടു വന്‍കരകളിലാണിത്‌ (യൂറോപ്പ്‌, ഏഷ്യ) സ്ഥിതിചെയ്യുന്നതെന്ന പ്രസക്തി കൂടിയുണ്ട്‌. ആദ്യം ക്രിസ്‌ത്യന്‍ പള്ളിയായും പിന്നീട്‌ മസ്‌ജിദായും മാറിയ ഹാജിയ സോഫിയ, സുല്‍ത്താന്‍ സലീം മസ്‌ജിദ്‌ തുടങ്ങിയവ ഈ നഗരത്തിലെ ചരിത്രസ്‌മാരകങ്ങളാണ്‌. തുര്‍ക്കിയിലെ മറ്റു പ്രധാന നഗരങ്ങള്‍ അന്‍കാറ, അന്‍ത്വാക്കിയ, ഇസ്‌മീര്‍, ഇസ്‌കന്‍ദറൂന തുടങ്ങിയവയാണ്‌.
മധ്യേഷ്യയില്‍ നിരവധി ഇസ്‌ലാമിക ചരിത്ര നഗരങ്ങളുണ്ട്‌. ഖുറാസാനിലെ നൈസാപൂര്‍, ഹറാത്ത്‌, ബല്‍ഖ്‌, മര്‍വ, ത്വൂസ്‌ തുടങ്ങിയ വൈജ്ഞാനിക കേന്ദ്രങ്ങള്‍ ഉദാഹരണമാണ്‌. ഇമാം ബുഖാരിയുടെ ജന്മദേശമായ ബുഖാറ, പഴയ സോവിയറ്റ്‌ യൂണിയനിലെ ഉസ്‌ബക്കിസ്ഥാനിന്റെ വൈജ്ഞാനിക കേന്ദ്രം കൂടിയായിരുന്നു. തൈമൂര്‍ലങ്ക്‌ തന്റെ ഭരണസിരാ കേന്ദ്രമാക്കി മാറ്റിയ സമര്‍ഖന്ദ്‌, 1229 ലെ ചെങ്കിസ്‌ഖാന്റെ ആക്രമണത്തിന്റെ ഫലമായി ഏതാണ്ട്‌ നശിപ്പിക്കപ്പെട്ടു.
ആഫ്രിക്കയിലെ പുരാതന നഗരങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്നത്‌ ഈജിപ്‌തിലെ കൈറോ ആണ്‌. 969 ല്‍ ഫാത്വിമിയ്യ സേനാനായകനായ ജൗഹറുല്‍ ഫാത്വിമി സ്ഥാപിച്ചു. നിരവധി കോട്ടകളും വിജ്ഞാന കേന്ദ്രങ്ങളും പള്ളികളും ഉള്‍ക്കൊള്ളുന്ന തരത്തില്‍ ഫുസ്‌താത്വിനടുത്ത്‌ ഫാത്വിമികളും പിന്നീട്‌ മംലൂക്കളും സ്ഥാപിച്ചതാണിത്‌. മുഹമ്മദലി പാഷയും പിന്‍ഗാമികളും അത്‌ കൂടുതല്‍ സൗന്ദര്യവല്‌ക്കരിക്കുകയും പ്രൗഢമാക്കുകയും ചെയ്‌തു. അഹമ്മദുബ്‌നു ത്വലൂന്‍ മസ്‌ജിദ്‌, മുഹമ്മദലി കോട്ട, സുല്‍ത്താന്‍ ഹസന്‍ മസ്‌ജിദ്‌, ഖലാവുന്‍ മസ്‌ജിദ്‌, അംറിബ്‌നില്‍ അസ്വ്‌ ക്രി. 641-ല്‍ നിര്‍മിച്ച പള്ളി, ലോകത്തിലെ ഏറ്റവും പുരാതനമായ അല്‍അസ്‌ഹര്‍ യൂണിവേഴ്‌സിറ്റി, കൈറോ യൂണിവേഴ്‌സിറ്റി, ലോകപ്രസിദ്ധമായ പിരമിഡുകള്‍ തുടങ്ങിയ നിരവധി ചരിത്രശേഷിപ്പുകള്‍ അവിടെയുണ്ട്‌.
ഈജിപ്‌തിലെ മറ്റൊരു പ്രധാന നഗരമാണ്‌ അലക്‌സാണ്ട്രിയ. പുരാതന ഈജിപ്‌തിന്റെ തലസ്ഥാനമായ ഈ നഗരം ഇപ്പോള്‍ ഈജിപ്‌തിന്റെ രണ്ടാം തലസ്ഥാനമാണ്‌. ബി സി 332 ല്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി മധ്യധരണ്യാഴിയുടെ തീരത്ത്‌ സ്ഥാപിച്ചു. പുരാതന റോമന്‍ ഭരണത്തിന്റെ നിരവധി ചരിത്ര സ്‌മാരകങ്ങള്‍ അവിടെയുണ്ട്‌. പ്രവാചക കീര്‍ത്തന കാവ്യങ്ങളില്‍ പ്രസിദ്ധമായ ബുര്‍ദയുടെ കര്‍ത്താവ്‌ ഇമാം ബൂസ്വീരിയുടെ കബറും, മംലൂക്ക്‌ രാജാവായിരുന്ന കെയ്‌ത്ത്‌ ബേയുടെ കോട്ട, ദേശീയ നേതാവായ സഅദ്‌ സഗലൂല്‍ പാഷയുടെ പേരിലുള്ള ചത്വരം, ഖലീഫ ഉമറിന്റെ(റ) കല്‌പന പ്രകാരം ചുട്ടെരിക്കപ്പെട്ടുവെന്ന്‌ തെറ്റായി പ്രചരിപ്പിക്കപ്പെടുന്ന പുരാതന ലൈബ്രറി നിന്നിരുന്ന സ്ഥാനത്ത്‌ സ്ഥിതിചെയ്യുന്ന അതി ബൃഹത്തായ അലക്‌സാണ്ട്രിയ ലൈബ്രറി തുടങ്ങിയവ ഇവിടുത്തെ പ്രത്യേകതകളാണ്‌.
മെറോക്കോയുടെ തലസ്ഥാനമായ റബാത്വ്‌ 12-ാം നൂറ്റാണ്ടില്‍ സുല്‍ത്താന്‍ മുവഹിദ്‌ ആണ്‌ സ്ഥാപിച്ചത്‌. അദ്ദേഹത്തിന്റെ പൗത്രന്‍ യഅ്‌ഖൂബുല്‍ മന്‍സ്വൂര്‍ അതിനെ ശക്തിപ്പെടുത്തി തന്റെ ഭരണകേന്ദ്രമാക്കി മാറ്റി. ശല്ലു മതില്‍, ഹസന്‍ ഗോപുരം തുടങ്ങിയ ചരിത്ര സ്‌മരണകള്‍ അവിടെയാണ്‌. യൂറോപ്യന്‍, ഇസ്‌ലാമിക സംസ്‌കാരങ്ങളുടെ സ്‌മാരകങ്ങള്‍ ഉള്‍ക്കൊള്ളുന്ന അള്‍ജീരിയ (അല്‍ജസാഇര്‍) ഇസ്‌ലാമിക നാഗരികതകയില്‍ സുപ്രധാന സ്ഥാനം വഹിക്കുന്നു. ഫിനീഷ്യക്കാരും അറബികളും, തുര്‍ക്കികളും ഭരിക്കുകയും സ്വാതന്ത്ര്യം ലഭിക്കുന്നതു വരെ ഫ്രഞ്ച്‌ ഭരണം നിലനില്‌ക്കുകയും ചെയ്‌തു. ട്യൂണിഷ്‌ (തുനീസ്‌), ഉഖ്‌ബത്തു നാഫിഅ്‌ സ്ഥാപിച്ച ഖൈറുവാന്‍ എന്നിവ തുനീഷ്യയിലെ പ്രധാന നഗരങ്ങളാണ്‌.
എട്ട്‌ നൂറ്റാണ്ട്‌ മുസ്‌ലിം ഭരണം നിലനിന്നിരുന്ന യൂറോപ്യന്‍ നഗരമാണ്‌ സ്‌പെയിന്‍. നാഗരികതയുടെയും, വിജ്ഞാനങ്ങളുടെയും സാഹിത്യത്തിന്റെയും കലയുടെയും സുവര്‍ണ യുഗമായിരുന്നു അത്‌. യൂറോപ്യന്‍ നാഗരികതക്കും നവോത്ഥാനത്തിനും വഴിതെളിയിച്ചതില്‍ സ്‌പെയിനിന്‌ നിര്‍ണായക പങ്കുണ്ട്‌. കൊര്‍ദോവയാണ്‌ ഏറ്റവും പ്രമുഖമായ നഗരം. ഫിനീഷ്യക്കാര്‍ സ്ഥാപിക്കുകയും പിന്നീട്‌ റോമാക്കാര്‍ വികസിപ്പിക്കുകയും തുടര്‍ന്ന്‌ അറബികളുടെ കീഴിലാവുകയും ചെയ്‌തു. ഉമവിയ്യ ഭരണകാലത്ത്‌ അബ്‌ദുര്‍റഹ്‌മാന്‍ ദാഖില്‍ സമാന്തരമായി കൊര്‍ദോവ ആസ്ഥാനമാക്കി ഭരണം സ്ഥാപിച്ചു. തുടര്‍ന്നുവന്ന ഭരണാധികാരികളുടെ കീഴില്‍ നഗരം ഉത്തരോത്തരം വളര്‍ന്ന്‌ വികസിച്ചു. അന്നത്തെ ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായി മാറി. എഴുപത്‌ വലിയ ഗ്രന്ഥശാലകള്‍, നിരവധി പുസ്‌തകശാലകള്‍, പള്ളികള്‍, പൊതു കുളിമുറികള്‍, കൊട്ടാരങ്ങള്‍, രമ്യഹര്‍മ്യങ്ങള്‍, ദീപാലംകൃതമായ കല്ലുപതിച്ച റോഡുകള്‍, കൊര്‍ദോവയിലെ യൂണിവേഴ്‌സിറ്റി മുതലായവ പ്രാധാന്യമര്‍ഹിക്കുന്നു. കൊര്‍ദോവ യൂണിവേഴ്‌സിറ്റി യൂറോപ്പില്‍ വിജ്ഞാനത്തിന്റെ വെളിച്ചം പ്രസരിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. സ്‌പെയിനിലെ മറ്റു പ്രധാന നഗരങ്ങള്‍ ഗ്രാനഡ, സെവില്ല, ടോളിസോ, ബര്‍സലോണ എന്നിവയാണ്‌. യൂറോപ്പില്‍ തന്നെയുള്ള സിസിലി മുസ്‌ലിം ആധിപത്യം നിലനിന്നിരുന്ന നഗരമാണ്‌. പാലര്‍മോ ആണ്‌ തലസ്ഥാനം. കറ്റാനിയ, മെസ്സീനാ, ട്രപ്പാനി തുടങ്ങിയവ ഇസ്‌ലാമിക ചരിത്ര സ്‌മാരകങ്ങളും ശേഷിപ്പുകളും ഉള്‍ക്കൊള്ളുന്ന നഗരങ്ങളാണ്‌.
യമനിലെ സന്‍ആ, ജോര്‍ദാനിലെ അമ്മാന്‍, ലബനാനിലെ ബയ്‌റൂത്ത്‌ തുടങ്ങിയവ മറ്റു ചില മുസ്‌ലിം നഗരങ്ങളാണ്‌. റോമന്‍ കാലഘട്ടത്തില്‍ വളര്‍ന്നു വികസിച്ച ബയ്‌റൂത്ത്‌ അറബ്‌ വിജ്ഞാനങ്ങളുടെയും ശാസ്‌ത്രങ്ങളുടെയും പ്രസാധനരംഗത്ത്‌ ഗൗരവപൂര്‍വമായ ഇടപെടലുകള്‍ ഇന്നും നടത്തുന്നുണ്ട്‌.
ഇന്ത്യയിലും കേരളത്തിലും ഇസ്‌ലാമിക സംസ്‌കാരം പ്രതിഫലിപ്പിക്കുന്ന നഗരങ്ങള്‍ കാണാവുന്നതാണ്‌. ഇവയെ മുസ്‌ലിം നഗരങ്ങളെന്നോ മുസ്‌ലിം പ്രാമുഖ്യമുള്ള നഗരങ്ങളെന്നോ പറയാവുന്നതാണ്‌. ന്യൂദല്‍ഹി, ആഗ്ര, ലക്‌നോ, അഹ്‌മദാബാദ്‌, ഹൈദരാബാദ്‌, ഭോപ്പാല്‍ തുടങ്ങിയവ ഉദാഹരണം. കേരളത്തിലെ കോഴിക്കോട്‌, പഴയ ചാലിയം, തിരൂരങ്ങാടി, കൊല്ലം, പന്തലായനി (കൊയിലാണ്ടി), കൊടുങ്ങല്ലൂര്‍, കണ്ണൂര്‍, കാസര്‍കോഡ്‌ തുടങ്ങിയവയും ഇസ്‌ലാമിക ചരിത്ര ശേഷിപ്പുകള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങളാണ്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: