ജിന്നുവാദം `തെളിയിക്കാന്‍' ദുര്‍ബല ഹദീസുകള്‍ പൊടിതട്ടിയെടുക്കുന്നു
- നെല്ലുംപതിരും -
എ അബ്‌ദുസ്സലാം സുല്ലമി
മുജാഹിദ് പ്രസ്ഥാനത്തില്‍ പെട്ട ചിലരെങ്കിലും ദുര്‍ബല ഹദീസുകളാല്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ടെന്ന് കെ കെ സകരിയ്യ സ്വലാഹി 2005-കളിലെ അല്‍മനാറില്‍ ധാരാളം ഉദാഹരണങ്ങള്‍ ഉദ്ധരിച്ചുകൊണ്ടു സ്ഥാപിച്ചിരുന്നു. ഇവയില്‍ സനദും (പരമ്പര) മത്‌നും (ആശയം) രണ്ടും സ്ഥിരപ്പെട്ട ഹദീസുകള്‍ വരെ തന്റെ ബുദ്ധിക്ക് എതിരാണ് എന്ന് പ്രഖ്യപിച്ചുകൊണ്ട് ഇദ്ദേഹം ദുര്‍ബലമാക്കുകയുണ്ടായിട്ടുണ്ട്. (ഉദാ: അല്‍മനാര്‍ മാസിക, 2005 ഫെബ്രുവരി, പേജ് 12)
എന്നാല്‍ ഇതേ മനുഷ്യന്‍ ജിന്ന്, സിഹ്‌ര്‍, കണ്ണേറ്, റുഖ്‌യ്യ ശറഇയ്യ: ഒരു പ്രാമാണിക പഠനം എന്ന പേരില്‍ പ്രസിദ്ധീകരിച്ച തന്റെ പുസ്‌തകത്തില്‍ പിശാചുക്കള്‍ സര്‍വ രോഗവും ഉണ്ടാക്കുമെന്നും പിശാച് ഉണ്ടാക്കിയ രോഗങ്ങള്‍ പിശാച് ഉണ്ടാക്കാത്ത രോഗങ്ങളില്‍ നിന്നു തിരിച്ചറിയുമെന്നും സ്ഥാപിക്കാന്‍ നിര്‍മിതമായ (മൗദ്വൂഅ്) ധാരാളം ഹദീസുകള്‍ പ്രമാണമായി ഉദ്ധരിച്ചതുകാണാം. ചില ഉദാഹരണങ്ങള്‍:
1. ഇബ്‌നു അബീശൈബയുടെ മറ്റൊരു രിവായത്തിലുള്ളത് എന്റെ ഈ കുട്ടിക്ക് ഒരു ദിവസം തന്നെ പലതവണ പിശാചുബാധയുണ്ടാകുന്നു എന്നാണ്. (മേല്‍പുസ്‌തകം, പേജ് 90)
ദുര്‍ബലമായ ഹദീസാണിത്. ഇതിന്റെ പരമ്പരയില്‍ ഇസ്‌മാഈലുബ്‌നു അബ്‌ദില്‍മലിക് എന്നയാളുണ്ട്. ഹദീസ് പണ്ഡിതന്മാരായ ഇബ്‌നുമഈന്‍, നസാഈ, അബൂഹാതിം, ഇബ്‌നു മഹ്‌ദി, ഇബ്‌നു ഹിബ്ബാന്‍, ഇബ്‌നു അബീസ്വഫീര്‍, ഇബ്‌നു ജാറൂദ്, ഇമാം സാജി, ഇബ്‌നു അമ്മാര്‍, ഇമാം അബൂദാവൂദ്(റ) എന്നിവര്‍ ഇയാള്‍ ദുര്‍ബലനാണെന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്. (തഹ്‌ദീബ് 1:276). ഇമാം ദഹബിയും ഇബ്‌നു മഹ്‌ദിയും യഹ്‌യല്‍ ഖത്വാനുമെല്ലാം ഇയാള്‍ ദുര്‍ബലനാണെന്ന് പറഞ്ഞിട്ടുണ്ട്. (മീസാന്‍ 1:255)
2. ദാരിമിയുടെ റിപ്പോര്‍ട്ടിലുള്ളത് `എന്റെ ഈ കുട്ടിക്ക് ജിന്നുബാധയുണ്ട് എന്നാണ്.' (മേല്‍പുസ്‌തകം, പേജ് 90). ഈ റിപ്പോര്‍ട്ടും ദുര്‍ബലമാണ്. ഇതിന്റെ പരമ്പരയില്‍ ഹര്‍ഖദുസ്സബഈ എന്നയാളുണ്ട്. ഇമാം ബുഖാരിയും മുസ്‌ലിമും ഇയാളെ പരിഗണിക്കാറില്ല. ഹദീസ് പണ്ഡിതന്മാര്‍ ഇയാളെക്കുറിച്ച് പറയുന്നത് ശ്രദ്ധേയമാണ്: ഇമാം അയ്യൂബ്(റ) പറയുന്നു: ഇയാള്‍ യാതൊരു പരിഗണനയും അര്‍ഹിക്കുന്നില്ല. ഇയാള്‍ ഹദീസിന്റെ ആളുമല്ല. യഹ്‌യല്‍ ഖത്വാന്‍(റ) പറയുന്നു: ഇയാളില്‍ നിന്ന് ഹദീസ് ഉദ്ധരിക്കുന്നതു എന്നെ വളരെ അത്ഭുതപ്പെടുത്തുന്നു. ഇമാം അഹ്‌മദ്(റ) പറയുന്നു: ഇയാള്‍ ദുര്‍ബലനാണ്. ഇബ്‌നുമഈന്‍(റ) പറയുന്നു: ഇയാള്‍ ബലമുള്ളവനല്ല. ഇമാം ബുഖാരി(റ) പറയുന്നു: ഇയാളുടെ ഹദീസുകളില്‍ നിഷിദ്ധങ്ങളുണ്ട്. ഇമാം തിര്‍മിദി(റ) പറയുന്നു: ഇയാളെ യഹ്‌യാ(റ) വിമര്‍ശിച്ചിട്ടുണ്ട്. ഇമാം നസാഈ(റ) പറയുന്നു: ഇയാള്‍ വിശ്വസ്‌തനല്ല. ഇബ്‌നുശൈബ(റ) പറയുന്നു: ഇയാളുടെ ഹദീസുകള്‍ ദുര്‍ബലമാണ്. ഇബ്‌നുസഅ്‌ദ്(റ) പറയുന്നു: ഇയാള്‍ ദുര്‍ബലനാണ്. ഇമാം സാജി(റ) പറയുന്നു: ഇയാള്‍ തെളിവിന് കൊള്ളുകയില്ല. ഇമാം ഹാക്കിം(റ) പറയുന്നു: നിഷിദ്ധമായ ഹദീസിന്റെ മനുഷ്യന്‍. ഇബ്‌നിഹിബ്ബാന്‍(റ) പറയുന്നു: ഇയാള്‍ക്ക് അശ്രദ്ധയും ഓര്‍മക്കുറവുമുണ്ട്. പരമ്പര മുറിഞ്ഞതു നബിയിലേക്കു ഇയാള്‍ ചേര്‍ത്തിപ്പറയാറുണ്ട്. (തഹ്‌ദീബ് 8:236)
ഈ അഭിപ്രായമെല്ലാം ഇമാം ദഹബി(റ) മീസാനില്‍ ഉദ്ധരിക്കുന്നുണ്ട്. ഇമാം ദാറഖുത്വ്‌നി(റ) പറയുന്നു: ഇയാള്‍ ദുര്‍ബലനാണ്. ഇയാള്‍ അര്‍മീനയിലെ ക്രിസ്‌ത്യാനികളില്‍ പെട്ടവനാണ്. ഇബ്‌നു മൂസാ പറയുന്നു: ഇയാള്‍ ദുര്‍ബലനാണ് (മീസാന്‍ 3:335). ഒരു ക്രിസ്‌ത്യാനിയുടെ വാക്കുകളാണ് ഹദീസായി ഇദ്ദേഹം ഉദ്ധരിച്ചിട്ടുള്ളത്. ഇബ്‌നുഹജറി(റ)ന്റെ തഹ്‌ദീബിലും ഇയാള്‍ ക്രിസ്‌ത്യാനിയാണെന്ന് പറയുന്നു.
ഈ വാറോല ഉദ്ധരിച്ചുകൊണ്ടാണ് ഈ കുട്ടിയുടെ മാതാവിന് തന്റെ കുട്ടിയുടെ രോഗം പിശാച്‌ബാധ മൂലമാണെന്ന് അറിഞ്ഞില്ലേ? അതിനാല്‍ നബിയല്ലാത്തവര്‍ക്കും പരിചയം മൂലം ജിന്നുകൂടിയതാണെന്ന് അറിയുമെന്ന് സ്ഥാപിക്കാന്‍ സക്കരിയ്യ സ്വലാഹി തെളിവ് പിടിക്കുന്നത്?!
3. ഇബ്‌നു അബീശൈബ, യഅ്‌ലബ്‌നു മുറഃ(റ)യില്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസും ജിന്നുകളാണ് അപസ്‌മാര രോഗമുണ്ടാക്കുന്നതെന്ന് ജല്‌പിക്കാന്‍ ഇയാള്‍ ഉദ്ധരിച്ചിരിക്കുന്നുണ്ട് (മേല്‍പുസ്‌തകം, പേജ് 89). ഈ വിഷയത്തില്‍ കുറച്ചെങ്കിലും ബലമുള്ള ഹദീസാണിത്. എന്നാല്‍ ഇതില്‍ എന്റെ കുട്ടിക്ക് ജിന്ന് ബാധയുണ്ടെന്നോ എന്റെ കുട്ടിയെ പിശാച് ബാധിച്ചിട്ടുണ്ടെന്നോ മാതാവ് പറയുന്നില്ല. എന്റെ ഈ കുട്ടിക്ക് വിപത്ത് ബാധിച്ചിട്ടുണ്ട് എന്ന് മാത്രമാണ് പറയുന്നത്.
ഈ ഹദീസിന്റെ സനദ് പരിശോധിക്കുമ്പോള്‍ ഇതും ദുര്‍ബലമാണെന്ന് കണ്ടെത്താനാവും. ഇതിന്റെ പരമ്പരയില്‍ അബ്‌ദുര്‍റഹ്‌മാനിബ്‌നു അബ്‌ദില്‍ അസീസ് എന്നയാളുണ്ട്. ഇയാളെ കുറിച്ച് ഇമാം അബൂഹാതിം(റ) പറയുന്നു: ഇയാളുടെ ഹദീസുകള്‍ വൈരുധ്യം നിറഞ്ഞതാണ്. ഇബ്‌നുമഈന്‍(റ) പറയുന്നു: അജ്ഞാതനായ കിഴവനാണ്. ഇമാം അസ്‌ദി(റ) പറയുന്നു: ഇയാള്‍ ദുര്‍ബലനാണ്. (തഹ്‌ദീബ് 6-200). ഇബ്‌നു അദിയ്യ്(റ) പറയുന്നു: ഇയാള്‍ അറിയപ്പെടുന്നയാളല്ല, അബൂഹാതിം(റ) പറയുന്നു: ഇയാള്‍ ഉദ്ധരിച്ച ഹദീസുകള്‍ വൈരുധ്യമുള്ളതാണ് (മീസാന്‍ 2-445). ഇമാം ബുഖാരി ഇയാളുടെ യാതൊരു ഹദീസും ഉദ്ധരിക്കാറില്ല. ഇമാം മുസ്‌ലിം നികാഹിന്റെ അധ്യായത്തില്‍ ആവര്‍ത്തന ഹദീസായി വന്ന ഒരു ഹദീസ് മാത്രമാണ് ഇയാളില്‍ നിന്ന് ഉദ്ധരിച്ചിട്ടുള്ളത്.
4. പ്ലേഗ് രോഗവും പിശാചും എന്ന അധ്യായത്തില്‍ പ്ലേഗ് രോഗം ഉണ്ടാക്കുന്നത് പിശാചാണെന്ന് ജല്‌പിക്കാന്‍ ഇയാള്‍ എഴുതുന്നു: നബി(സ) പറഞ്ഞു: പ്ലേഗ് രോഗം ജിന്നില്‍ പെട്ട നിങ്ങളുടെ ശത്രുക്കളുടെ ഒരു കുത്താകുന്നു. അതു നിങ്ങള്‍ക്ക് രക്തസാക്ഷിത്വമുണ്ടാക്കുന്നു (ഹാക്കിം). (മേല്‍പുസ്‌തകം പേജ് 52)
എതിരാളികളെ തോല്‌പിക്കാനും ശിര്‍ക്കും കുഫ്‌റും പ്രചരിപ്പിക്കാനും ഏതു വാറോലയും ഇവര്‍ ഉദ്ധരിക്കുമെന്നതിന് മറ്റൊരു തെളിവാണിത്. പ്ലേഗ് രോഗത്തിന്റെ കാരണം ശാസ്‌ത്രലോകം കണ്ടുപിടിച്ചിട്ടുണ്ട്. ഇതിന് ചികിത്സയും മരുന്നും ലഭ്യമാണ്. ഈ രോഗം നിയന്ത്രണവിധേയമാണ്. എന്നിട്ടും ഇവര്‍ എഴുതുന്നത് പിശാചാണ് ഈ രോഗം ഉണ്ടാക്കുന്നത് എന്നാണ്.
പ്ലേഗ് പിശാചാണ് ഉണ്ടാക്കുന്നതെന്ന് പറയുന്ന സര്‍വ ഹദീസുകളും ദുര്‍ബലമായവയാണ്. ഒരു മനുഷ്യന്‍ അബൂമൂസാ(റ) യില്‍ നിന്ന് നിവേദനം ചെയ്യുന്നു എന്നാണ് പറയുന്നത്. ദുര്‍ബലന്മാരായ ധാരാളം വ്യക്തികളും ഇവയുടെ പരമ്പരയില്‍ ഉണ്ട്. അബൂബല്‍ജ് എന്ന മനുഷ്യനെക്കുറിച്ച് ഹദീസ് പണ്ഡിതന്മാര്‍ പറയുന്നതു കാണുക: ഇമാം ബുഖാരി പറയുന്നു: ഇയാള്‍ വിമര്‍ശനവിധേയനാണ്. ഇബ്‌നു ഹിബ്ബാന്‍(റ) പറയുന്നു: ഇയാള്‍ക്ക് പിഴവ് സംഭവിക്കാറുണ്ട്. ഇബ്‌നുമഈന്‍(റ) പറയുന്നു: ഇയാള്‍ ദുര്‍ബലനാണ്. ഇമാം അഹ്‌മദ്(റ) പറയുന്നു: ഇയാള്‍ നിഷിദ്ധമായ ഹദീസുകള്‍ ഉദ്ധരിക്കാറുണ്ട് (മീസാന്‍, തഹ്‌ദീബ്).
മറ്റൊരു വ്യക്തി അബൂബക്‌റു അഹ്‌ശലിയാണ്. ഇമാം ഇബ്‌നുഹിബ്ബാനും മറ്റും ഇയാളെ വിമര്‍ശിക്കുന്നു. ഇബ്‌നുഹിബ്ബാന്‍ ഇയാളെ കുറിച്ചു പറയുന്നു: ഇയാളുടെ സ്ഥിതി മോശമാവുകയും അവസാനം പലതും ഊഹിച്ചു പറയുകയും ചെയ്യാറുണ്ട്. എന്താണ് പറയുന്നതെന്ന് ഇയാള്‍ക്ക് അറിയുകയില്ല. ഇമാം അബൂഹാതിം(റ) പറയുന്നു: ഇയാള്‍ അടിസ്ഥാനരഹിതമായ ഹദീസുകള്‍ ഉദ്ധരിക്കുന്ന മനുഷ്യനാണ്. അബൂദാവൂദ്(റ) പറയുന്നു: ഇയാള്‍ മുര്‍ജിഅ് കക്ഷിക്കാരനാണ്(മീസാന്‍). (വിശദവിവരത്തിന് ഞാന്‍ എഴുതിയ ജിന്ന്, പിശാച്, സിഹ്‌റ് എന്ന പുസ്‌തകം നോക്കുക, പേജ് 42, 43, 44)
നബി(സ) പറയുന്നു: ഒരു പ്രദേശത്ത് പ്ലേഗ് ഉണ്ടായാല്‍ അവിടെയുള്ളവര്‍ മറ്റു പ്രദേശത്തേക്ക് ഓടിപ്പോവുകയോ മറ്റു പ്രദേശത്തുള്ളവര്‍ പ്ലേഗ് രോഗം ബാധിച്ച സ്ഥലത്തേക്ക് പോവുകയോ ചെയ്യരുത് (ബുഖാരി, മുസ്‌ലിം). രോഗം പകരാതിരിക്കാന്‍ വേണ്ടി നബി(സ) നിര്‍ദേശിച്ചതാണിത്. പിശാചാണ് പ്ലേഗ് രോഗം ഉണ്ടാക്കുന്നതെങ്കില്‍ നബി(സ)യുടെ ഈ നിര്‍ദേശം അടിസ്ഥാനരഹിതമാകും.
സഹോദരങ്ങളേ, ചിന്തിക്കുക: പിശാചിന്റെ മിത്രങ്ങളായ അമുസ്‌ലിംകള്‍ക്കും ദുര്‍മാര്‍ഗികള്‍ക്കും പിശാച് പ്ലേഗ് രോഗം ഉണ്ടാക്കി അവരെ ഉപദ്രവിക്കുമോ? മുസ്‌ലിംകള്‍ക്ക് മാത്രമാണോ പ്ലേഗ് രോഗം ഉണ്ടാവുക? മുസ്‌ലിംകള്‍ക്ക് രക്തസാക്ഷിയുടെ പുണ്യം ലഭിക്കുവാന്‍ പിശാച് അവര്‍ക്ക് പ്ലേഗ് രോഗം ഉണ്ടാക്കുമോ?
0 comments: