ഇസ്‌ലാമിക നാഗരികതയുടെ പ്രോജ്വലഭാവങ്ങള്‍
ഡോ. മുസ്‌തഫസ്സിബാഈ /വിവ. അബ്‌ദുല്‍അലി മദനി
മനുഷ്യര്‍ക്ക് സാംസ്‌കാരികമായ ഉല്‍പന്നങ്ങള്‍ വിളയിച്ചെടുക്കാന്‍ സഹായകമാകുന്ന സാമൂഹ്യ വ്യവസ്ഥിതിയാണ് മാനവനാഗരികതയെന്ന് നാഗരികതകളുടെ ഉത്ഥാനപതനങ്ങള്‍ വിശദീകരിച്ച ചരിത്രകാരന്മാരില്‍ ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സുപ്രധാനങ്ങളായ നാല് അടിസ്ഥാന ഘടകങ്ങളെ ആശ്രയിച്ചാണ് പൊതുവെ നാഗരികതകള്‍ നിലകൊള്ളുന്നതെന്നാണ് അവരുടെ അഭിപ്രായം. സാമ്പത്തിക സ്രോതസ്സ്, രാഷ്‌ട്രീയ വ്യവസ്ഥ, സ്വഭാവചര്യകള്‍, വൈജ്ഞാനികവും കലാപരവുമായ മുന്നേറ്റം എന്നിവയത്രെ അത്.
ഏതൊരു നാഗരികതയുടെയും ചരിത്രം പരിശോധിച്ചാല്‍ അതിന്റെ അഭിവൃദ്ധിക്കും അധപ്പതനത്തിനും വ്യക്തമായ നിമിത്തങ്ങള്‍ കാണാം. ആത്മീയവളര്‍ച്ച, സാമ്പത്തിക പുരോഗതി, ഭൂമിശാസ്‌ത്രപരമായ സാധ്യതകള്‍ മുതലായവ നാഗരികതയുടെ ഔന്നത്യത്തിനു പ്രചോദനമേകുന്നതാണെങ്കില്‍ സാംസ്‌കാരിക തകര്‍ച്ച, ചിന്താപരമായ ബലഹീനത, ദുര്‍ബല നിയമവാഴ്‌ച, ദാരിദ്ര്യവും അരാജകത്വവും വരുത്തിയ ഭീതി, നിസ്വാര്‍ഥരായ നേതാക്കളുടെ അഭാവം എന്നിവ അതിന്റെ പതനത്തിനുള്ള കാരണങ്ങളുമാണ്.
മനുഷ്യോല്‍പത്തിയുടെ ആദ്യഘട്ടം മുതല്‍ തന്നെ മാനവനാഗരികതയുടെ ചരിത്രവും ആരംഭിക്കുന്നുണ്ട്. പിന്നീട് തലമുറകളിലൂടെ കൈമാറി വന്നതും ഒന്ന് മറ്റൊന്നിനോട് ചേര്‍ന്നു നില്‍ക്കുന്നതുമായ കണ്ണികളൊന്നായിട്ടാണ് നാഗരികതയെ ഓരോ തലമുറയും അഭിമുഖീകരിക്കുന്നത്. തന്നെയുമല്ല, മാനവപുരോഗതിയുടെ ചരിത്രത്തില്‍ കുറച്ചെങ്കിലും സംഭാവന നല്‍കിയിട്ടില്ലാത്ത ഒരൊറ്റ സമുദായത്തെയും നമുക്ക് കാണാനാവില്ല. എന്നാല്‍ ചിലര്‍ മറ്റു ചിലരെക്കാള്‍ ഔന്നത്യം കൈവരിച്ചതായി നമുക്ക് തോന്നുന്നത് അവരുടെ നാഗരികതയുടെ അടിസ്ഥാന ഘടകങ്ങളുടെ ശക്തികൊണ്ടും അവരില്‍ അത് വരുത്തിയ ആഴത്തിലുള്ള സ്വാധീനങ്ങള്‍ കൊണ്ടുമാണ്.
മനുഷ്യ സംസ്‌കാരത്തിന്റെ ദൗത്യനിര്‍വഹണത്തില്‍ സാര്‍വജനീന പ്രതിഭാസമാവുകയും വിചാര വികാരങ്ങളില്‍ മാനുഷികമാവുകയും അതിന്റെ സമര്‍പ്പണത്തിലും സംഭവ്യതയിലും അത്യുന്നതമാവുകയും ചെയ്‌താല്‍ അതെന്നെന്നും നിലനില്‍ക്കുന്നതും സമാദരണീയമായതുമായ നാഗരികതയായി ജ്വലിച്ചുനില്‍ക്കും. ഈ നിലയില്‍ വീക്ഷിക്കുമ്പോള്‍ ഇസ്‌ലാമിക മുന്നേറ്റത്തെയും മാനവ നാഗരികതകളുടെ കണ്ണികളിലൊന്നായി നാം കാണുന്നു. അതിനു മുമ്പ് എത്രയോ നാഗരികതകള്‍ പൊലിഞ്ഞു പോയിട്ടുണ്ട്. ഇനിയും ഒട്ടനേകം സംസ്‌കാരങ്ങള്‍ വരാനിരിക്കുകയുമാണ്. മേല്‍ ചൂണ്ടിക്കാട്ടിയ പോലെ ഇസ്‌ലാമിക നാഗരികതയുടെ ഉന്നതിക്കും പതനത്തിനും അടിസ്ഥാനപരമായ കാരണങ്ങളുണ്ട്.
എന്നാല്‍ കേവലമൊരു നാഗരികതക്കു സംഭവിച്ച വിജയപരാജയങ്ങളെന്ന നിലയില്‍ ഇസ്‌ലാമിക സംസ്‌കാരത്തെ ചര്‍ച്ച ചെയ്യാനല്ല ഉദ്ദേശിക്കുന്നത്. മറ്റിതര നാഗരികതകളെ അപേക്ഷിച്ച് ഇസ്‌ലാമിക സംസ്‌കാരം മാനവ ചരിത്രത്തിനും സംസ്‌കാരത്തിനും നല്‍കിയ അത്യുല്‍കൃഷ്‌ടമായ സംഭാവനകള്‍ ശ്രദ്ധയില്‍ കൊണ്ടുവരികയാണ്. ജീവിതത്തിന്റെ ശക്തമായ കുതിച്ചോട്ടത്തില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന അപകടകരങ്ങളായ പലതും ഇന്ന് നാം കാണുമ്പോള്‍ ഇസ്‌ലാം മാനവരാശിക്കായി നല്‍കിയ പരിപാവനങ്ങളായ സമ്മാനങ്ങള്‍ എന്തുകൊണ്ടും ശ്രേഷ്‌ഠമായവ തന്നെയാണെന്ന് ബോധ്യമാവും.
വിശ്വാസം, അറിവ്, സ്വഭാവശുദ്ധി, ദാര്‍ശനികത, കലാസാഹിത്യം തുടങ്ങിയ തുറകളിലെല്ലാം ദൈവിക മതമെന്ന നിലക്ക് ഇസ്‌ലാം സമര്‍പ്പിച്ച പൈതൃകങ്ങള്‍ അത്യുജ്വലമായി തന്നെ ഇന്നും നിലനില്‍ക്കുന്നു. മറ്റിതര നാഗരികതകള്‍ക്കില്ലാത്തതും ഇസ്‌ലാമികമായ പുരോഗതിക്കു മാത്രം ഉയര്‍ത്തിക്കാണിക്കാനുള്ളതുമായ സവിശേഷതകളെ ഇങ്ങനെ സംഗ്രഹിക്കാം:
1). അധീശാധികാരങ്ങളില്‍ പങ്കുകാരില്ലാത്ത ഒരേയൊരു നാഥനില്‍ നിരുപാധികം വിശ്വാസമര്‍പ്പിക്കാന്‍ ലോകത്തോട് പ്രഖ്യാപിക്കുന്ന ആദ്യത്തെ നാഗരികത ഇസ്‌ലാമിന്റേതു മാത്രമായിരിക്കും. അവന്‍ മാത്രമാണ് ആരാധനക്കര്‍ഹന്‍. അവനാണ് പ്രതാപം നല്‍കുന്നതും നല്‍കാതിരിക്കുന്നതും. അവന്‍ മാത്രമാണ് സര്‍വതിന്റെയും സ്രോതസ്സ്. ആകാശ ഭൂമികള്‍ക്കിടയിലുള്ള ഒന്നും തന്നെ അവന്റെ പിടിയിലൊതുങ്ങാത്തതായി ഇല്ല തന്നെ. ഈയൊരു അടിസ്ഥാന തത്വത്തില്‍ പടുത്തുയര്‍ത്തിയ സംസ്‌കാരമെന്ന നിലക്ക് ലോക നാഗരികതകളില്‍ നിന്നും ഇസ്‌ലാം അതിന്റെ തനിമയോടെ വേറിട്ടുനില്‍ക്കുന്നു.
മതാധ്യക്ഷന്മാരും ശക്തരായ പ്രമാണിമാരും അതിക്രമകാരികളായ രാജാക്കന്മാരും അടിച്ചമര്‍ത്തി വാണിരുന്ന ജനതതികള്‍ക്ക് മനുഷ്യത്വത്തിന്റെ മഹത്വം ഉള്‍ക്കൊണ്ട് ഉയര്‍ന്നെഴുന്നേല്‍ക്കാനും അതുവഴി സ്വാതന്ത്ര്യത്തിന്റെ മാധുര്യമാസ്വദിക്കാനും സാധിച്ചുവെന്നത് ഇസ്‌ലാമിക നാഗരികതയുടെ വശ്യമായ സ്വാധീനം നിമിത്തമായിരുന്നു. ഭരണാധിപന്മാരും ഭരണീയരും തമ്മില്‍ നിലനിന്നിരുന്ന ബന്ധങ്ങളെയും ബന്ധനങ്ങളെയും ശരിപ്പെടുത്തിയെന്ന് മാത്രമല്ല, മാനുഷിക പരിഗണനയില്‍ ഇരു വിഭാഗവും ഒരേ രീതിയില്‍ വര്‍ത്തിക്കണമെന്നും ഇസ്‌ലാം ഉദ്‌ഘോഷിച്ചു. രണ്ടു വിഭാഗത്തിന്റെയും സാക്ഷാല്‍ അധിപതി സ്രഷ്‌ടാവും നാഥനുമായ അല്ലാഹു മാത്രമാണെന്നും പ്രപഞ്ചങ്ങളുടെ മുഴുവനും ഉടമസ്ഥന്‍ അവനാണെന്നുമുള്ള ഒരമൂല്യ വിശ്വാസ സംഹിതയുടെ അടിസ്ഥാനത്തില്‍ രൂപംപൂണ്ട ഇസ്‌ലാമിക നാഗരികതക്ക് സമാനമായി മറ്റൊന്ന് ലോകചരിത്രത്തില്‍ ഉടലെടുത്തിട്ടില്ല. ഇനിയൊരിക്കലും ഉണ്ടാവുകയുമില്ല. ഈ നിലക്ക് വിലയിരുത്തിയാല്‍ വരണ്ടു മുരടിച്ച തത്വങ്ങളും ബഹുദൈവ വിശ്വാസവും വീരാരാധനയും വരുത്തിയ സങ്കീര്‍ണങ്ങളായ വിനകളില്‍ നിന്ന് മാനവസംസ്‌കാരത്തെ മോചിപ്പിച്ചെടുത്ത കിടയറ്റൊരു നിയമസംഹിതയായി ഇസ്‌ലാം തലയുയര്‍ത്തി നില്‍ക്കുന്നു.
ബിംബാരാധനയെയും അതിന്റെ പ്രേരകഘടകങ്ങളെയും തകര്‍ത്തു തരിപ്പണമാക്കും വിധമുള്ള സംഘട്ടനങ്ങള്‍ക്ക് ബുദ്ധിപരമായ നേതൃത്വം വഹിക്കുകയും തലമുറകളിലൂടെ കൈമാറി വന്ന ഇതിഹാസ പുരാണങ്ങളെ ഇസ്‌ലാം തുടച്ചു നീക്കാന്‍ ശ്രമിക്കുകയും ചെയ്‌തു. പ്രതിഷ്‌ഠകള്‍ സ്ഥാപിക്കലും ഭക്തിപൂര്‍വം അവയെ സമീപിക്കലും പൂര്‍വിക നാഗരികതകളുടെ അവിഭാജ്യഘടകമായിരുന്നു. മഹാന്മാര്‍, സജ്ജനങ്ങള്‍, പ്രവാചകന്മാര്‍, ജേതാക്കള്‍ തുടങ്ങിയ മഹദ് വ്യക്തിത്വങ്ങളുടെ പ്രതിമകള്‍ പൂവിട്ടു പൂജിച്ചുപോന്നിരുന്ന പഴയതും പുതിയതുമായ നാഗരികതകളില്‍ നിന്നെല്ലാം തന്നെ തികച്ചും വിഭിന്നമായ ഇസ്‌ലാമിക ശൈലി പ്രപഞ്ചനാഥന്റെ ഏകത്വം വിളിച്ചുണര്‍ത്തുന്നതും പ്രതിമകളും പ്രതിഷ്‌ഠകളുമില്ലാത്ത, പുതിയതും എന്നാല്‍ ആത്മീയത നിറഞ്ഞതുമായ ഒരു നാഗരികക്രമമാണ് ലോകത്തിനു സമര്‍പ്പിച്ചത്. വിശ്വാസരംഗത്ത് ഇസ്‌ലാം നല്‍കിയ സത്യത്തിന്റെ പ്രകാശം സൃഷ്‌ടിപൂജകളില്‍ മുരടിച്ചുകഴിഞ്ഞിരുന്ന മനസ്സുകള്‍ക്ക് വെളിച്ചവും നിര്‍വൃതിയും പകരുന്നതായിരുന്നു. തന്മൂലം വിശ്വസാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും കെട്ടുറപ്പുള്ളൊരു നവലോകം അവിടെ സൃഷ്‌ടിക്കപ്പെട്ടു.
1). ഇസ്‌ലാമിക നാഗരികതയില്‍ കാണപ്പെടുന്ന ഏറ്റവും ശ്രദ്ധേയമായൊരു വസ്‌തുത പ്രവാചകദൗത്യം, നിയമസംഹിത, പൊതുനന്മ, സാമൂഹ്യവ്യവസ്ഥിതി, ജീവിതസരണി, ചിന്ത എന്നിവയിലെ ഒരേകീകൃത ശൈലിയാണ്. ഇസ്‌ലാമിക കലാവിരുതുകളെ പഠനവിധേയമാക്കിയ ഗവേഷകന്മാര്‍ ഈ സത്യം അംഗീകരിക്കുന്നുണ്ട്. സ്‌പെയിന്‍, ഈജിപ്‌ത്, സിറിയ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലെ കൊത്തുവേല, നെയ്‌ത്തുകല, ലോഹം, കളിമണ്‍ എന്നിവകളുടെ നിര്‍മിതി തുടങ്ങിയവയിലെല്ലാം തന്നെ അവയുടെ ഭംഗിയും ആകൃതിയും വിഭിന്നമാണെങ്കിലും അതിന്റെ പ്രചോദനവും ലക്ഷ്യവും ശൈലിയും ഒന്നുതന്നെയാണെന്നത് ശ്രദ്ധമായൊരു സവിശേഷതയായി അവര്‍ വിലയിരുത്തിയിട്ടുണ്ട്.
2). ഇസ്‌ലാമികമായ മുന്നേറ്റത്തിന്റെ രണ്ടാമത്തെ സവിശേഷത അതിന്റെ ലക്ഷ്യം പൂര്‍ണമായും മാനവികവും ദൗത്യം സാര്‍ വജനീനവുമാണെന്നതാണ്. മനുഷ്യരുടെ നിറത്തിലും വര്‍ഗത്തിലും തറവാടിത്തത്തിലും പ്രത്യേകിച്ചൊന്നും കുടികൊള്ളുന്നില്ലെന്ന് തുറന്നടിക്കുകയും സര്‍വ മനുഷ്യരും ഒരേ മാതാപിതാക്ക ളുടെ സന്തതികളാണെന്ന് മനുഷ്യരോട് വിളിച്ചറിയിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഖുര്‍ആന്‍ പരിപൂര്‍ണ മാനവികതയാണ് ഉയര്‍ത്തിക്കാട്ടുന്നത്. ഖുര്‍ആനിന്റെ പ്രഖ്യാപനം കാണുക: ``മനുഷ്യരേ, നിശ്ചയമായും നിങ്ങളെ നാം സമുദായങ്ങളും ഗോത്രങ്ങളുമാക്കിയിട്ടുള്ളത് പരസ്‌പരം തിരിച്ചറിയാന്‍ വേണ്ടി മാത്രമാകുന്നു. നിശ്ചയമായും നിങ്ങളില്‍ അല്ലാഹുവിങ്കല്‍ ഏറ്റവും ആദരീണയന്‍ കൂടുതല്‍ ഭക്തനാരോ അവനാകുന്നു.'' (വി.ഖു 49:13)
ഈ വിളംബരം ലോകത്തോടും മനുഷ്യരോടും തന്നെയാണ്. ഈ ശബ്‌ദത്തിന്റെ ശക്തമായ സ്വാധീനഫലമാണ് ഇസ്‌ലാമിക വിജയങ്ങള്‍ സഫലീകൃതമായും ഇസ്‌ലാമിന്റെ യശസ്സ് വിഹായസ്സില്‍ ഉയര്‍ന്നു പൊങ്ങിയതും. ലോകത്ത് അറിയപ്പെട്ടിരുന്ന മറ്റു സംസ്‌കാരങ്ങള്‍ ചില പ്രത്യേക ജനതയെയും വര്‍ഗത്തെയും മത്സര രംഗത്തിറക്കിയപ്പോള്‍, വര്‍ഗ വര്‍ണ ജാതീയതകള്‍ക്കതീതമായ ഒരാശയത്തിലൂന്നി നിന്നുകൊണ്ടാണ് ഇസ്‌ലാം അവയെ ചെറുത്തുതോല്‍പിച്ചത്. ഇമാം അബൂഹനീഫ(റ), മാലിക് (റ), ശാഫിഈ(റ), അഹ്‌മദ്, സീബവൈഹി, കിന്‍ദി, ഖലീല്‍ അഹ്‌മദ്, ഗസ്സാലി, ഫാറാബി, ഇബ്‌നുറുശ്‌ദ് തുടങ്ങിയ മഹാരഥന്മാര്‍ അവരുടെ നാടും കുടുംബവും വ്യത്യസ്‌തമായിരുന്നെങ്കിലും ഇസ്‌ലാമിക നാഗരികതയുടെ ഈ വ്യക്തിത്വം തലമുറയില്‍ നിന്നും തലമുറയിലേക്ക് പകര്‍ന്നു നല്‍കിയവരായിരുന്നു. കറുത്തവരില്‍ കറുത്തവനായ ബിലാലിനും സുഹൈബിനും സല്‍മാനുല്‍ ഫാരിസിക്കുമെല്ലാം അത്യുന്നതമായ പദവി നല്‍കിയാദരിച്ച ഇസ്‌ലാമിനോട് കിടപിടിക്കാന്‍ ആര്‍ക്കാണ് കഴിയുക?
3). ഇസ്‌ലാമിക സംസ്‌കാരം മനുഷ്യജീവിതത്തിന്റെ സകല മേഖലകളിലും സ്വഭാവ സംസ്‌കരണത്തിന് ഒന്നാംസ്ഥാനം നല്‍കിയിരുന്നു. വ്യക്തി, സമൂഹം, രാഷ്‌ട്രം മുതലായവയുടെ നേട്ടത്തിന് മാത്രമല്ല, യുദ്ധം, സമാധാനം, സാമ്പത്തികം, ഗാര്‍ഹികം, വൈജ്ഞാനികം എന്നീ തുറകളിലും സ്വഭാവവിശുദ്ധി അത്യന്താപേക്ഷിതമാണെന്ന് ഇസ്‌ലാം ഉദ്‌ഘോഷിക്കുന്നുണ്ട്. അതുവഴി അതുല്യമായൊരു പൈതൃകം ലോകത്തിനു സമര്‍പ്പിച്ചുകൊണ്ടാണ് ഇസ്‌ലാമിക നാഗരികത മനുഷ്യര്‍ക്ക് സൗഭാഗ്യം ചൊരിഞ്ഞത്.
4). ജ്ഞാനസമ്പാദനത്തിനും ഉയര്‍ന്ന ചിന്തകള്‍ക്കും പഠനങ്ങള്‍ക്കും അടിത്തറപാകിയ ശേഷം അതിന്റെ വിജയത്തിന്നാധാരമായ സത്യവിശ്വാസത്തെ ജനമനസ്സുകളില്‍ ഊട്ടിയുറപ്പിക്കുകയെന്ന മൗലികമായ ദൗത്യം പൂര്‍ണമായും നിര്‍വഹിക്കപ്പെട്ടു കാണുന്നത് ഇസ്‌ലാമിക നാഗരികതയില്‍ മാത്രമാണ്.
മനുഷ്യബുദ്ധിയോടും ഹൃദയത്തോടും ഒരേ രീതിയില്‍ ബന്ധപ്പെടുന്ന ഇസ്‌ലാമിക നിയമങ്ങള്‍ മനുഷ്യരുടെ വിചാര വികാര ഭാവനകളെ സദാ തട്ടിയുണര്‍ത്തി കൊണ്ടേയിരിക്കുന്നു. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പിന്നിട്ട മറ്റു നാഗരികതകളിലൊന്നും തന്നെ മാനുഷിക ചിന്തക്കും ബുദ്ധിക്കും പൂര്‍ണസ്വാതന്ത്ര്യം നല്‍കപ്പെട്ടു കാണുന്നില്ല. സത്യത്തിന്റെയും നീതിയുടെയും ആധ്യാത്മിക അടിത്തറിയിലാണ് ഇസ്‌ലാമിക നാഗരികത പണിതുയര്‍ത്തപ്പെട്ടിരുന്നത്. കാരണം, മതത്തിനും വിശ്വാസ സംഹിതക്കും സ്ഥാനം കല്‍പിക്കാത്ത പുരോഗതിയെ നാഗരികതയായി ഇസ്‌ലാം പരിഗണിക്കുന്നില്ല. ബഗ്‌ദാദ്, കയ്‌റോ, കൊര്‍ദോവ, സ്‌പെയിന്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള മുസ്‌ലിം പള്ളികളുടെ ചുമരുകള്‍ക്കിടയില്‍ നിന്ന് വിജ്ഞാനത്തിന്റെ പ്രഭാകിരണങ്ങള്‍ ലോകത്തുടനീളം വ്യാപകമായി. സങ്കുചിതത്വവും സ്വാര്‍ഥതയും വിജ്ഞാനരംഗത്തു നിന്ന് ഇസ്‌ലാം തുടച്ചുനീക്കി. മതചിന്തകളെ രാഷ്‌ട്ര പുനര്‍നിര്‍മാണ രംഗത്തുനിന്ന് ഒഴിച്ചുനിര്‍ത്തി മധ്യനൂറ്റാണ്ടുകളിലെ യൂറോപ്യന്‍ നാഗരികതയും മനുഷ്യജീവിതത്തില്‍ ആത്മീയത കൈവെടിയാതെ കാത്തുസൂക്ഷിച്ച ഇസ്‌ലാമിക നാഗരികതയും പഠനവിധേയമാക്കുമ്പോള്‍ ഈ സത്യങ്ങള്‍ ബോധ്യമാകും. ഇസ്‌ലാമില്‍ രാഷ്‌ട്രത്തലന്‍ സത്യവിശ്വാസികളുടെ നേതാവും നീതിയോടെ നിയമം നടപ്പില്‍ വരുത്തുന്നവനുമാകുന്നു. സത്യത്തിന്റെയും ധര്‍മത്തിന്റെയും മുന്നില്‍ എല്ലാവരും തുല്യരാണ്. ഇത് പറയുക മാത്രമല്ല, അതു പ്രാവര്‍ത്തികമാക്കുകയും ചെയ്‌തിരുന്നു. മുഹമ്മദിന്റെ മകള്‍ ഫാത്തിമയാണ് മോഷ്‌ടിച്ചതെങ്കില്‍ പോലും ഞാന്‍ അവളുടെ കൈ മുറിക്കുമെന്ന പ്രഖ്യാപനം തന്നെ മതിയാകും ലോകനായകരെ ഇരുത്തിച്ചിന്തിപ്പിക്കാന്‍.
സാധാരണഗതിയില്‍ മതങ്ങളിലോ ദൈവത്തിലോ വിശ്വാസമില്ലാത്ത ഒരാള്‍ അയാള്‍ക്കു മുന്നില്‍ കാണുന്ന മുഴുവന്‍ മതങ്ങളെയും ദര്‍ശനങ്ങളെയും ഒരേ രീതിയില്‍ വീക്ഷിക്കുകയെന്നത് സ്വാഭാവികമാണ്. മതവിശ്വാസികള്‍ ധാരാളം നേട്ടങ്ങളും നന്മയും ഉണ്ടാക്കിക്കൊടുത്താല്‍ പോലും അത്തരക്കാരുടെ കാഴ്‌ചപ്പാടില്‍ മാറ്റമുണ്ടാവാന്‍ സാധ്യതയില്ല. എന്നാല്‍ നൂറു ശതമാനവും തന്റെ മതവും ആദര്‍ശവും വിശ്വാസങ്ങളും സത്യമാണെന്ന് കരുതുന്ന ഒരാള്‍ക്ക് അധികാരത്തിന്റെ ചെങ്കോല്‍ ഉപയോഗിച്ചു മുഴുവനും വെട്ടിപ്പിടിക്കാനും അക്രമത്തിന്റയും അനീതിയുടെയും മാര്‍ഗത്തിലൂടെ തേര്‍വാഴ്‌ച നടത്താനും സാധ്യമാകുന്ന ഒരവസ്ഥ വന്നാലോ സ്വാഭാവികമായും അയാള്‍ എന്തായിരിക്കും ചെയ്യുക? അവിടെയാണ് ചരിത്രത്തില്‍ കഴിഞ്ഞുപോയ മറ്റു നാഗരികതകളുടെ നടപടിക്രമങ്ങളില്‍ നിന്ന് തികച്ചും വിഭിന്നമായൊരു സമീപനം ഇസ്‌ലാം നടപ്പില്‍ വരുത്തിക്കാണിച്ചത്. അത് പരിപൂര്‍ണ വിട്ടുവീഴ്‌ചയുടെയും പൊതുമാപ്പിന്റെയും മാര്‍ഗമാണ്. തങ്ങളുടെ ബദ്ധശത്രുക്കളെ നിരുപാധികം മാപ്പുനല്‍കി വിട്ടയക്കുന്ന അതുല്യമായൊരു മാതൃക ലോകനാഗരികതകളുടെ ചരിത്രത്തില്‍ ഇസ്‌ലാമിനു മാത്രം പറയാനുള്ള കഥയാണ്. താന്‍ ഏതൊരു ആദര്‍ശമാണോ ഉയര്‍ത്തിപ്പിടിക്കുന്നത് അതിനെതിരെ ആളും അര്‍ഥവും നല്‍കി സഹായിച്ചവരും അതിനെ നഖശിഖാന്തം എതിര്‍ത്തവരും ഒരുപോലെ തന്നെ. പിറന്ന നാട്ടില്‍ നില്‍ക്കാനനുവദിക്കാതെ ആട്ടിപ്പറഞ്ഞയച്ചവരും ഒന്നടങ്കം തന്റെ അധീനതയില്‍ വന്നപ്പോള്‍ പ്രവാചകന്‍ മുഹമ്മദ് (സ) പ്രകടിപ്പിച്ച ഹൃദയവിശാലതയും വിട്ടുവീഴ്‌ചയും ലോകനായകരില്‍ അദ്ദേഹത്തെ ഒന്നാമനാക്കാന്‍ തികഞ്ഞതു തന്നെയാണ്. ഖുര്‍ആനിന്റെ ആഹ്വാനം കാണുക: നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അതുകൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റ ബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവനല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല.'' (വി.ഖു 41:34,35)
ലോക നാഗരികതകളുടെ ചരിത്രത്തില്‍ ഇസ്‌ലാമിക പൈതൃകങ്ങളുടെ എടുത്തുപറയത്തക്ക മേന്മകളില്‍ ചിലതുമാത്രമാണ് പറഞ്ഞുവന്നത്. നിഷ്‌പക്ഷ ചിന്തകരും ബുദ്ധിജീവികളും ലോകജനത തന്നെയും അത്ഭുതത്തോടെ വീക്ഷിക്കുന്ന വസ്‌തുതകളാണിതെല്ലാം. എന്നാല്‍ ഭരണവും സംസ്‌കരണപ്രക്രിയയും വൈജ്ഞാനിക മുന്നേറ്റവും മറ്റും നടത്തിയിരുന്ന സുവര്‍ണ കാലഘട്ടം കഴിഞ്ഞു. ഇസ്‌ലാമിക ഭരണവും അതുവരെ പടുത്തുയര്‍ത്തിയ സംസ്‌കാരവും ക്ഷയിച്ചുതുടങ്ങി. പൊളിഞ്ഞുവീണുകൊണ്ടിരുന്നു എന്നുതന്നെ പറയാം. അതിനുശേഷം സ്വാഭാവിക പരിണാമമെന്നോണം മറ്റു ചില നടപടിക്രമങ്ങള്‍ ലോകത്ത് നിലവില്‍വന്നു. ഇസ്‌ലാം ലോകത്ത് കാഴ്‌ചവെച്ച മഹനീയ നേട്ടങ്ങളെ പുകഴ്‌ത്തിയവരും ഇകഴ്‌ത്തിയവരുമുണ്ടായി. വീക്ഷണവ്യത്യാസങ്ങള്‍ക്കനുസരിച്ച് ഇന്നും ഇത്തരം ചിന്താഗതികള്‍ ചരിത്രകാരന്മാരിലും ചിന്തകരിലും നാം കാണാറുള്ളതുമാണ്. പക്ഷേ, ഇസ്‌ലാമിക നാഗരികതയുടെ പതനാനന്തരം നിലവില്‍വന്ന ഭരണകൂടങ്ങളും ഭരണാധിപരും ദുര്‍ബല ജനതയെ ശക്തിയുപയോഗിച്ച് അടിച്ചൊതുക്കുന്നവരും പാവങ്ങളെ ഞെക്കിപ്പിഴിയുന്നവരും തന്നെയായിരുന്നു.
ഇസ്‌ലാമിക ഭരണം നിലവില്‍വന്നപ്പോള്‍ പ്രവാചകന്‍(സ) നടപ്പില്‍ വരുത്തിയ സംവിധാനങ്ങളുടെ നേരെ വിപരീതസ്വഭാവം വീണ്ടും തലപൊക്കി. മിക്കവാറും ഇസ്‌ലാമിന്റേതല്ലാത്ത എല്ലാ നാഗരികതകളിലും പൊതുവെ കാണപ്പെടുന്ന ഒരുതരം ഉച്ചനീചത്വമാണിതെന്ന് പറയാം.
ഇസ്‌ലാമിക നാഗരികതക്കെതിരില്‍ അതിരൂക്ഷമായ എതിര്‍പ്പുകളും തികഞ്ഞ പക്ഷപാതിത്വവും സ്വീകരിച്ചുപോന്നവരെ വേണ്ടവിധം നേരിടാന്‍ ആവശ്യമായ കോപ്പുകള്‍ മുസ്‌ലിംകള്‍ ഒരുക്കിയിരുന്നില്ലെന്ന് ദു:ഖകരമായൊരു വസ്‌തുതയാണ്. സാമുദായികതയുടെയും മതത്തിന്റെയും പേരില്‍ അന്ധമായി നിലകൊള്ളുന്നവരായിരുന്നു അവരിലധികവും. എന്നാല്‍ ഇടക്കൊക്കെ നൂറ്റാണ്ടുകളോളം ലോകം മുഴുവനും മുട്ടുമടക്കേണ്ടിവന്ന ഇസ്‌ലാമിക നാഗരികതയുടെ നേട്ടങ്ങളെ ചെറുതായി കാണുന്ന അല്‌പം ചില മുസ്‌ലിം നാമധാരികളും ഉണ്ടാവാതിരുന്നിട്ടില്ല. പക്ഷെ, ഇന്നത്തെ നാഗരികക്രമങ്ങളുടെ ഒഴുക്കും അവയുടെ പുരോഗതിയും നൂതനങ്ങളായ കണ്ടുപിടുത്തങ്ങളും അതുമൂലം സംഭവിച്ച ദുരന്തങ്ങളും നീതിയോടെ തുലനം ചെയ്‌താല്‍ ഇസ്‌ലാമിന്റെ സവിശേഷത മികച്ചുനില്‌ക്കുക തന്നെ ചെയ്യുമെന്നതില്‍ സംശയമില്ല.
സാധാരണഗതിയില്‍ രണ്ടു വസ്‌തുതകളാണ് നാഗരികതകളെ അടിസ്ഥാനപരമായി ചൂഴ്‌ന്നുനില്‌ക്കുന്നത്. ഒന്ന്) ആത്മീയവും സ്വഭാവപരവുമായ ഘടകം. രണ്ട്) ഭൗതികമുന്നേറ്റവും തദനുസൃതനേട്ടങ്ങളും.
ഇതില്‍ ഭൗതികമായ അഭിവൃദ്ധി ഒന്നിനുപുറമെ മറ്റൊന്നായി സംഭവിക്കുന്ന നാഗരികതകളില്‍ ആപേക്ഷിക മെച്ചം കണ്ടേക്കാം. കാരണം അത് മാനുഷ്യ ജീവിതഘട്ടങ്ങളുടെ അനിവാര്യത തന്നയാണല്ലോ. പക്ഷേ, ഭൗതികമുന്നേറ്റം കൊണ്ടുമാത്രം നാഗരികതകളുടെ ശാശ്വതവിജയം പ്രതീക്ഷിക്കാവതല്ല. നമ്മുടെ വീക്ഷണപ്രകാരം സ്വഭാവശുദ്ധിയും ആത്മീയ ചൈതന്യവുമാണ് നാഗരികതകള്‍ക്ക് ശാശ്വതത്വമുണ്ടാക്കുന്നത്. ആ നിലക്ക് വിലയിരുത്തിയാല്‍ ഇസ്‌ലാമിക നാഗരികതക്ക് മുമ്പ് കഴിഞ്ഞതും ശേഷം നിലവില്‍ വന്നതുമായ നാഗരികക്രമങ്ങളില്‍ നിന്ന് തികച്ചും വേറിട്ടൊരസ്‌തിത്വം പ്രാപിക്കാന്‍ ഇസ്‌ലാമിനു കഴിഞ്ഞിട്ടുണ്ടെന്നത് സത്യമാണ്.
നാഗരികതകളുടെ യഥാര്‍ഥ ലക്ഷ്യം മനുഷ്യസമൂഹത്തിന് സൗഭാഗ്യവും നിര്‍ഭയത്വവും പ്രധാനം ചെയ്യുകയെന്നതായിരിക്കണം. ഇവിടെയാണ് കിഴക്കും പടിഞ്ഞാറും രൂപംപൂണ്ട സംസ്‌കാരങ്ങളില്‍ നിന്ന് വേറിട്ടതും എന്നാല്‍ മനുഷ്യ പ്രകൃതിയോട് ചേര്‍ന്നതുമായ ശൈലി ഇസ്‌ലാം സ്വീകരിച്ചുകാണുന്നത്. നാഗരികതകളുടെ നേട്ടകോട്ടങ്ങളെ അളന്നുകണക്കാക്കാന്‍ കേവലം അവയുടെ ഭൗതികാഭിവൃദ്ധിയോ ആഡംബര ജീവിതമോ മാത്രം ഒരിക്കലും പര്യാപ്‌തമാവില്ല. മറിച്ച്, മാനവചരിത്രത്തില്‍ അവയുടെ വകയായി വിട്ടേച്ചുപോകുന്ന പൈതൃകങ്ങളും അവശിഷ്‌ടങ്ങളും അതിന്റെ അമൂല്യതയും നോക്കിക്കൊണ്ടായിരിക്കണം.
ധാരാളം പ്രദേശങ്ങള്‍ കയ്യടക്കാന്‍ സാധിച്ചു എന്നതുകൊണ്ടോ ലോകത്തെയാകമാനം വിറപ്പിച്ച സംഘട്ടനങ്ങള്‍ നടത്തിയതുകൊണ്ടോ ഏതൊരു നാഗരികതയും മികവുറ്റതായിക്കൊള്ളണമെന്നില്ല. നേരെ മറിച്ച്, യുദ്ധങ്ങള്‍ക്ക് പ്രേരകമായ ഘടകങ്ങളും അതുവഴി ലോകത്തുണ്ടായ പ്രത്യാഘാതങ്ങളും പരിണിതഫലങ്ങളും വിലയിരുത്തേണ്ടതുണ്ട്. ഇവിടെയാണ് ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളും അതിന്റെ നിമിത്തങ്ങളും അതുമൂലം മനുഷ്യലോകത്തിന് വരുത്തിവെച്ച നാശങ്ങളും ഭാരങ്ങളും സ്വന്തം നിലനില്‌പിന്നായി ഗത്യന്തരമില്ലാതെ വന്നപ്പോള്‍ ചെയ്യേണ്ടിവന്ന ആദര്‍ശ സംഘട്ടനങ്ങളും അവയുടെ ഫലങ്ങളും വമ്പിച്ച വ്യത്യാസങ്ങളുള്ളതായി നാം കാണുന്നത്.
ആയുധ ബലവും ആള്‍ബലവും അധികാരത്തിന്റെ ഹുങ്കുമാണ് നിലനില്‌പും അസ്‌തിത്വവുമുണ്ടാക്കുന്നതെന്ന ധാരണയെ തിരുത്തിക്കുറിച്ച, ധീരോദാത്തമായ ഏറ്റുമുട്ടലുകള്‍ മുഖേന ചരിത്രത്തിന്റെ താളുകളില്‍ പുതിയൊരുധ്യായവും ധാരണയും എഴുതിച്ചേര്‍ക്കുകയാണ് ഇസ്‌ലാം ചെയ്‌തത്.
(മിന്‍ റവായിഇ ഹദ്വാറത്തിനാ എന്ന കൃതിയുടെ മുഖവുരയില്‍ നിന്ന്)
0 comments: