സാമ്പത്തികത്തകര്‍ച്ചയും ആഡംബരജീവിതവും
ഏതൊരു ഇന്ത്യക്കാരനും ആശങ്കയുളവാകത്തക്കവിധം സാമ്പത്തികത്തകര്‍ച്ചാ ഭീഷണിയും നമ്മുടെ ജീവിതത്തിന്റെ ആധാരമായ രൂപയുടെ മൂല്യശോഷണവുമാണ് ഇന്നത്തെ ഏറ്റവും വലിയ ചര്‍ച്ചാവിഷയം.
ദിനംപ്രതി വില കുറഞ്ഞു കൊണ്ടിരിക്കുന്ന രൂപയുടെ സ്ഥിതി 1991-ലെ സാമ്പത്തികത്തകര്‍ച്ച പോലെ ആയിത്തീരുമോ എന്ന് സാമ്പത്തിക വിദഗ്‌ധര്‍ ആശങ്കിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷം മുന്‍പ് ലോകം മൊത്തത്തില്‍, അമേരിക്ക മുതലായ വന്‍കിട വികസിത രാഷ്‌ട്രങ്ങള്‍ ഉള്‍പ്പെടെ, സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലമര്‍ന്നപ്പോള്‍ പോലും ഒരു പരിധി വരെ പിടിച്ചുനിന്ന ഇന്ത്യയുടെ സാമ്പത്തിക നയനിലപാടുകള്‍ പ്രശംസിക്കപ്പെട്ടിരുന്നു. ഇന്നിപ്പോള്‍ മറ്റുള്ളവര്‍ കരകയറി വരികയും ഇന്ത്യ (രൂപ) കരകാണാതെ കഷ്‌ടപ്പെടുകയുമാണ്. അതിനിടയിലാണ് കേരളം കടക്കെണിയിലാണെന്നും രക്ഷ അകലെയാണെന്നും അല്ലെന്നും പറഞ്ഞ് ഉത്തരവാദപ്പെട്ട മന്ത്രിമാര്‍ പരസ്‌പരം പഴിപറയുന്ന ദുരവസ്ഥ കേരളീയരുടെ ഉറക്കം കെടുത്തുന്നത്. ഇതിന്റെയൊക്കെ ആത്യന്തികഫലം വിലക്കയറ്റവും ജനജീവിതം ദുസ്സഹമാവുക എന്നതും ആണല്ലോ.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി ആറര പതിറ്റാണ്ട് പിന്നിട്ട ശേഷമാണ് രാജ്യം ഒരു ഭക്ഷ്യസുരക്ഷാ ബില്‍ പാസ്സാക്കിയെടുത്തത്. പ്രതിപക്ഷങ്ങള്‍ക്കു പോലും എതിര്‍ക്കാന്‍ കഴിയാത്ത ഒരു സംഗതിയാണ് ബില്ലിന്റെ പരിധിയില്‍ വരുന്ന 82 കോടി ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്ന ഉത്തരവാദിത്തം ഗവണ്‍മെന്റ് ഏറ്റെടുത്തുകൊണ്ടുള്ള നിയമനിര്‍മാണം. അതിന്നായി പ്രതിവര്‍ഷം വേണ്ടിവരുമെന്ന് കണക്കാക്കിയ ഇരുപത്തി അയ്യായിരം കോടിയുടെ സബ്‌സിഡി അധികബാധ്യത ഒരു ഭാഗത്തും ധനക്കമ്മി കുറയ്‌ക്കാനായി സബ്‌സിഡികള്‍ കുറച്ചുകൊണ്ടുവരിക എന്ന സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ച നിലപാടുകള്‍ മറുഭാഗത്തും ഏറ്റുമുട്ടേണ്ടിവരും. സാമ്പത്തിക വര്‍ഷാരംഭത്തില്‍ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ കൂടി കണക്കിലെടുത്ത് അവതരിപ്പിക്കപ്പെടുന്ന ജനപ്രിയ ബജറ്റുകളും പെട്രോളിനും മറ്റും കേന്ദ്രം വില കൂട്ടുമ്പോള്‍ ജനരോഷം മറികടക്കാന്‍ സംസ്ഥാന തീരുവ വേണ്ടെന്നു വയ്‌ക്കുന്ന താല്‌ക്കാലിക പരിപാടികളും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തിക പ്രതിസന്ധിയെയാണ് ക്ഷണിച്ചുവരുത്തുന്നത്.
ഭരണകൂടം നിലകൊള്ളുന്നത് ആത്യന്തികമായി ജനങ്ങള്‍ക്കു വേണ്ടിയാണ്. വിഭിന്ന രാഷ്‌ട്രീയ കാഴ്‌ചപ്പാടുകള്‍ വെച്ചുപുലര്‍ത്തുന്ന പാര്‍ട്ടികള്‍ ഭരണപ്രതിപക്ഷ സ്ഥാനങ്ങള്‍ അലങ്കരിക്കുമ്പോള്‍ താല്‍ക്കാലിക രാഷ്‌ട്രീയ ലാഭങ്ങള്‍ക്കു വേണ്ടി അടിസ്ഥാന നിലപാടുകളില്‍ മാറ്റംവരുത്താന്‍ പാടില്ല. യോജിച്ചുനിന്ന് രാജ്യപുരോഗതിക്കുവേണ്ടി നിലകൊള്ളണം. ഇന്ത്യയുടെ ഭരണകക്ഷിയുടെ നയങ്ങളാണ് സാമ്പത്തിക പ്രതിസന്ധിക്കു കാരണമെന്ന് പ്രതിപക്ഷ കക്ഷിക്കഭിപ്രായമുണ്ടെങ്കില്‍ അവര്‍ ബദല്‍ സംവിധാനം വസ്‌തുനിഷ്‌ഠമായി അവതരിപ്പിക്കണം. ജനങ്ങള്‍ അതംഗീകരിക്കും. കാരണം ജനങ്ങള്‍ക്ക് ഇന്ന കക്ഷിയേ ഭരിച്ചുകൂടൂ എന്ന വാശിയില്ല. എന്നാല്‍ ബദല്‍ സംവിധാനം കാണാതിരിക്കുമ്പോള്‍ ജനങ്ങളില്‍ നിസ്സംഗത സ്വാഭാവികം. പ്രശസ്‌ത സാമ്പത്തിക വിദഗ്‌ധന്‍ കൂടിയായ ഇന്ത്യന്‍ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള സാമ്പത്തിക ബുദ്ധികേന്ദ്രങ്ങള്‍, കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ കടുത്ത സാമ്പത്തിക മാന്ദ്യത്തിനു കാരണം ഊഹക്കച്ചവടങ്ങളും പലിശയധിഷ്‌ഠിതമായ സാമ്പത്തിക വ്യവസ്ഥയുമാണെന്നു തിരിച്ചറിയുകയും പലിശ രഹിത സാമ്പത്തിക സംവിധാനവും ലോകത്ത് പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇസ്‌ലാമിക് ബാങ്കിങുമാണ് ഇതിന് പരിഹാരമെന്ന് നിര്‍ദേശിക്കുകയും ചെയ്‌ത സാഹചര്യം ഓര്‍ക്കുക. `ഇസ്‌ലാമിക്' എന്ന പദത്തോടു പോലും അലര്‍ജി പ്രകടിപ്പിച്ചുകൊണ്ട് എത്ര നല്ലതായാലും ആ പരീക്ഷണം വേണ്ട എന്ന് പറയാതെ പറഞ്ഞവരെത്രയായിരുന്നു! ജനനന്മയ്‌ക്കപ്പുറം സ്ഥാപിത താല്‌പര്യങ്ങളാണ് ഭരിക്കുന്നവരെ ഭരിക്കുന്നത് എന്നതാണ് ഏതു പ്രതിസന്ധിക്കും ഒരു കാരണം.
പൊതുമേഖലാ ബാങ്കുകളുടെ മൂലധനം വര്‍ധിപ്പി ക്കുക എന്നതാണ് സാമ്പത്തിക സ്ഥിരതയ്‌ക്കായി മുന്നോട്ടുവയ്‌ക്കുന്ന ഒരു നിര്‍ദേശം. സര്‍ക്കാര്‍ പല തരത്തില്‍ ശതകോടികളുടെ നിക്ഷേപപദ്ധതികള്‍ ആസൂത്രണം ചെയ്‌തു പ്രഖ്യാപിക്കുന്നത് നാം കാണുന്നു. അതിലെ സാമ്പത്തിക നേട്ട കോട്ടങ്ങള്‍ സൂക്ഷ്‌മമായി സാധാരണക്കാര്‍ക്കറിയില്ല. ഇത്തരം രംഗത്താണ് യഥാര്‍ഥത്തില്‍ മീഡിയയുടെ പങ്കു കാണേണ്ടത്. `മലയാല'ത്തില്‍ `ടോക്ക്' ചെയ്യാന്‍ `ഡിഫിക്കല്‍റ്റായ' ചില വെള്ളാനകളുടെ വാചാടോപങ്ങള്‍ ഏതാനും മിനിറ്റ് ലൈവ് ആയി അവതരിപ്പിക്കുക എന്നതിനു പകരം ജനങ്ങളുടെ ഭാഷയില്‍ സാമ്പത്തിക രംഗത്തെ യഥാര്‍ഥ സ്ഥിതിയും അത് മെച്ചപ്പെടുത്താന്‍ ഓരോ തലത്തിലുള്ളവര്‍ക്ക് എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്ന കാര്യങ്ങളും ജനങ്ങളെ ബോധവത്‌കരിച്ചാല്‍ അത് വലിയ നേട്ടമാണ്.
എന്നാല്‍ ജനങ്ങള്‍ക്കറിയാവുന്നത് സാമ്പത്തിക മാന്ദ്യത്തിന്റെ മറുമരുന്നായ നിക്ഷേപ സമാഹരണ യജ്ഞമല്ല, നാട്ടില്‍ നടക്കുന്ന ശതകോടികളുടെയും സഹസ്രകോടികളുടെയും നിക്ഷേപത്തട്ടിപ്പുകളും സര്‍ക്കാറിന്റെ - അല്ല ജനങ്ങളുടെ- നികുതിപ്പണത്തില്‍ നിന്ന് ലക്ഷക്കണക്കിന് കോടികളുടെ തട്ടിപ്പു തടത്തുന്ന വീരന്‍മാരുടെ കഥകളുമാണ്. തന്റെ രാജ്യത്തിന്റെ സ്ഥിതിയെന്താണെന്ന തിരിച്ചറിവിന്റെ പ്രാഥമിക പാഠങ്ങള്‍ പോലും അറിയാത്ത രാഷ്‌ട്രീയ പാര്‍ട്ടിക്കാരാണ് ജനാധിപത്യത്തിന്റെ അടിക്കല്ലുകള്‍ എന്നത് നമ്മുടെ ഈ രംഗത്തെ മറ്റൊരു ശാപമാണ്. ആദ്യമായി തന്റെ രാജ്യം, പിന്നെ തന്റെ പാര്‍ട്ടി എന്ന നിലപാടിനുപകരം രാജ്യത്തിന് എന്തു സംഭവിച്ചാലും തന്റെ പാര്‍ട്ടി വളരണം എന്ന വില കുറഞ്ഞ ചിന്താഗതിയില്‍ നിന്നു വീണ്ടും അധപ്പതിച്ച് രാജ്യവും പാര്‍ട്ടിയും എങ്ങനെയായാലും വേണ്ടില്ല താനും തന്റെ ഗ്രൂപ്പും എന്ന ജുഗുപ്‌സാവഹമായ നിലപാടിലേക്ക് രാഷ്‌ട്രീയം തരം താഴുന്നില്ലേ?!
ഈയൊര പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ജനങ്ങളും ജനങ്ങളെ നയിക്കുന്ന രാഷ്‌ട്രീയപ്പാര്‍ട്ടികളും എല്ലാറ്റിന്റെയുമിടയില്‍ കണ്ണിയായി വര്‍ത്തിക്കുന്ന ദൃശ്യ ശ്രാവ്യ അച്ചടി മാധ്യമങ്ങളും രാഷ്‌ട്ര പുരോഗതി ലക്ഷ്യംവെച്ച് നേരെ ചൊവ്വെ നിലകൊള്ളുകയാണെങ്കില്‍ വീക്ഷണ വ്യത്യാസങ്ങള്‍ വെച്ചുപലര്‍ത്തിക്കൊണ്ടു തന്നെ രാഷ്‌ട്ര പുരോഗതി കൈവരിക്കാനാവും. വിദേശത്തു നിന്ന് പണം സമ്പാദിക്കുന്നവര്‍, വന്‍ ബിസിനസ്സുകാര്‍, വ്യവസായികള്‍, ഉന്നത ഉദ്യോഗസ്ഥര്‍, ദശലക്ഷം കോടികള്‍ ഒന്നിച്ചു വാരിക്കൂട്ടുന്ന സിനിമാ നടന്മാര്‍, കായിക താരങ്ങള്‍ തുടങ്ങിയവരുടെ കൈവശം കുന്നുകൂടിയ പണം ശരിയായ തോതില്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ അവര്‍ക്ക് ന്യായമായ നേട്ടം ലഭിക്കുന്നതോടൊപ്പം രാജ്യത്തിനു മുതല്‍ക്കൂട്ടാവുകയും ചെയ്യും. എന്നാല്‍ സുരക്ഷിതത്വ ഭയം, സാങ്കേതികതയുടെ നൂലാമാലകള്‍, മെനക്കെടാനുള്ള സ്വാഭാവിക മടി എല്ലാം കൂടിയാകുമ്പോള്‍ സ്വകാര്യ നിക്ഷേപങ്ങളിലേക്കും വന്‍ ഓഫറുകളിലേക്കും അത്തരക്കാര്‍ നീങ്ങുന്നു. ഈ മാനസികാവസ്ഥ ചൂഷണം ചെയ്യുന്നിടത്താണ് നിക്ഷേപത്തട്ടിപ്പുകാരുടെ വിജയം. ടോട്ടല്‍ ഫോര്‍ യു, സോളാര്‍ തട്ടിപ്പ് മുതലായവ ഈ `കുപ്പ'യിലാണ് തഴച്ചുവളര്‍ന്നത്. അതിലകപ്പെട്ടത് പൂത്ത പണമുള്ള കുറെ ആളുകളും അധ്വാനിച്ച പണം നഷ്‌ടപ്പെട്ട കുറെ സാധാരണക്കാരും. മില്യന്‍ കോടികള്‍ തട്ടിപ്പുനടത്തിയിട്ടും കേസുകള്‍ വരുന്നത് വളരെ തുച്ഛം. കാരണമെന്തായിരിക്കും? നഷ്‌ടപ്പെടുന്നു എന്നു പറയപ്പെടുന്ന പണം എവിടെ നിന്നു കിട്ടി എന്ന ചോദ്യത്തിനുത്തരം പറയാന്‍ കഴിയാത്തതു തന്നെയാണ് മൗനം ഭൂഷണമായി കാണുന്നത്. കള്ളപ്പണത്തിനാണ് നാട്ടില്‍ `മെജോറിറ്റി.'
തട്ടിപ്പില്‍ നിന്ന് ജനങ്ങളെ രക്ഷിക്കേണ്ട രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ തട്ടിപ്പുകാര്‍ക്ക് സൗകര്യം ചെയ്യുന്നു. പങ്കുപറ്റുന്നു. തന്മൂലം നന്ദി കാണിക്കുന്നു. തത്‌ഫലമായി തട്ടിപ്പ് പിടിച്ച നിയമപാലകന്‍ സ്ഥലംമാറ്റപ്പെടുന്നു. തട്ടിപ്പു ശൃംഖല അനന്തമായി നീളുന്നു. ഇത് തുറന്നുകാട്ടേണ്ട മീഡിയ മസാലകളില്‍ പൊതിഞ്ഞ ബ്രെയ്‌ക്കിങ് ന്യൂസിനും സംഭ്രമജനകമായ സ്‌കൂപ്പുകള്‍ക്കും പിന്നാലെ പായുന്നു. ടീം സോളാറിന്റെ തട്ടിപ്പ് എന്ന അപരാധത്തിന് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനു പകരം ശാലു സരിതമാരുടെ മാറും മോറും ക്ലോസപ്പു ചെയ്‌ത് ആഘോഷിക്കുകയായിരുന്നല്ലോ രണ്ടു മാസമായി മലയാള മാധ്യമങ്ങള്‍! സമര കോലാഹലങ്ങള്‍ നടത്തി മനുഷ്യരെ അപമാനിച്ച പ്രതിപക്ഷവും അത് കൈകാര്യം ചെയ്‌ത ഭരണപക്ഷവും യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്ന് ഒളിച്ചോടിയില്ലേ? ഈയൊരു സാമൂഹിക പശ്ചാത്തലമാണ് ഇന്ത്യയുടെ -കേരളത്തിന്റെയും- ശാപം. ഇവിടെ വേവുന്ന പുരയില്‍ നിന്ന് ഊരുന്ന കഴുക്കോല്‍ ലാഭം; തട്ടിപ്പുകാര്‍ക്ക്. സാധാരണക്കാര്‍ എന്നും നഷ്‌ടത്തിലും കഷ്‌ടത്തിലും.
ആരെയെങ്കിലും കുറ്റം പറഞ്ഞ് തടിതപ്പാന്‍ നമുക്കാവില്ല. `ആഡംബര പൂര്‍ണമായ ജീവിതം, അതിന് പണം വേണം. പണത്തിന് ഏത് മാര്‍ഗവും ഉപയോഗിക്കാം' എന്ന ഒരു തലത്തിലേക്ക് സമൂഹമനസ്സാക്ഷി മാറ്റിനിര്‍ത്തപ്പെട്ടിരിക്കുകയാണ്. ജീര്‍ണതയുടെ ഈ വളര്‍ച്ചയില്‍ പലര്‍ക്കും പങ്കുണ്ട്. പുതിയ തലമുറയുടെ മുന്നില്‍ നടക്കുന്ന മുതിര്‍ന്നവരില്‍ നിന്ന് ആദര്‍ശ നിഷ്‌ഠമായ ജീവിതം കാണുന്നില്ല. മൂല്യങ്ങള്‍ പഠിപ്പിക്കുന്ന മതപ്രവര്‍ത്തകരില്‍ നിന്നു പോലും വേണ്ടത്ര മാതൃക ലഭിക്കുന്നില്ല. നവ തലമുറ കാണുന്നത് മുറ്റത്ത് ആഡംബര കാറുകളുടെ നീണ്ടനിര തന്നെ വാങ്ങിക്കൂട്ടിയ കായിക താരം. ശതകോടികള്‍ നികുതി വെട്ടിപ്പു നടത്തിയ വെള്ളിത്തിര താരം. അംബരചുംബികളില്‍ മത്സരം നടത്തുന്ന മറ്റു പണക്കാര്‍.... മലയാളി കടത്തില്‍ നീന്തിക്കളിച്ച് ജീവിതം ആസ്വദിക്കുന്നു എന്ന് പഠനങ്ങള്‍ പറയുന്നു. നേരിയ സാമ്പത്തിക മാന്ദ്യം അവരെ മാനസിക തകര്‍ച്ചയിലേക്കു നയിക്കുന്നു. കൂട്ട ആത്മഹത്യയുടെ പ്രേരകഘടകങ്ങള്‍ ഒന്ന് ഇതാണ്.
നാടോടുമ്പോള്‍ നടുവെ ഓടാതെ വിശ്വാസി സമൂഹം ചിന്തിക്കേണ്ടതിവിടെയാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: മനുഷ്യന് സമ്പത്തിനോടുള്ള ആര്‍ത്തി അതികഠിനമാണ് (100:8). മുന്‍കഴിഞ്ഞ സമൂഹങ്ങളില്‍ പലതിനെയും അല്ലാഹു നശിപ്പിക്കാന്‍ നിമിത്തമായത് അവരിലെ സുഖലോലുപരുടെ ദുഷ്‌ചെയ്‌തികളുടെ വ്യാപനമായിരുന്നു (16:16). ജീവിതലാളിത്യവും സാമ്പത്തിക സൂക്ഷ്‌മതയും കൈമുതലാക്കിയ ഭരണാധികാരികള്‍ (ഖലീഫമാര്‍) ജമക്ഷേമത്തിനും നീതിക്കും പര്യായമായി വര്‍ത്തിച്ചു. അതിന്നവരെ പ്രേരിപ്പിച്ചത് പ്രവാചകന്റെ താക്കീതായിരുന്നു: `വിധി നിര്‍ണയ നാളില്‍ ഒരോരുത്തരുടെയും പാദങ്ങള്‍ ഒരടി മുന്നോട്ടു നീങ്ങണമെങ്കില്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണം. ഒന്ന്, തന്റെ സമ്പത്ത്; എവിടെ നിന്ന് സമ്പാദിച്ചു? ഏതു വഴിയില്‍ വിനിയോഗിച്ചു?
0 comments: