സര്‍വ ആചാരങ്ങള്‍ക്കും അംഗീകാരം നല്‍കുകയോ?

  • Posted by Sanveer Ittoli
  • at 4:33 AM -
  • 0 comments

സര്‍വ ആചാരങ്ങള്‍ക്കും അംഗീകാരം നല്‍കുകയോ?


നെല്ലുംപതിരും -

എ അബ്‌ദുസ്സലാം സുല്ലമി


മയ്യിത്തിന്റെ അടുത്തുവെച്ച്‌ ഖുര്‍ആന്‍ ഓതല്‍, വുദൂഇല്‍ തലയും ചെവിയും മൂന്നു തവണ വീതം തടവല്‍, നമസ്‌കാര ശേഷം കൂട്ടുപ്രാര്‍ഥന നടത്തല്‍, ജുമുഅ ദിവസത്തെ മഅ്‌ശറ വിളി തുടങ്ങി യാഥാസ്ഥിതിക വിഭാഗം ചെയ്‌തുകൊണ്ടിരിക്കുന്ന നിരവധി ബിദ്‌അത്തുകള്‍ മുജാഹിദുകള്‍ ചെയ്യാറില്ല. കാരണം അവയൊന്നും പ്രവാചകന്‍ ചെയ്യുകയോ ചെയ്യാന്‍ നിര്‍ദേശിക്കുകയോ ചെയ്‌തത്‌ അംഗീകരിക്കുകയോ ചെയ്‌തിട്ടില്ല.
എന്നാല്‍ ജിന്നുവാദികള്‍ വിത്‌റിലെ ഖുനൂത്ത്‌ സ്ഥാപിച്ചെടുക്കുന്ന അതേ ന്യായത്തില്‍ മേല്‍പറഞ്ഞവയെല്ലാം സുന്നത്താണെന്ന്‌ യാഥാസ്ഥിതികര്‍ക്കും വാദിക്കാന്‍ അവസരം ലഭിക്കുന്നു. ഇത്‌ ഗുരുതരമായ പ്രശ്‌നമാകുന്നു.
``വിത്‌റിലെ ഖുനൂത്തുണ്ടെന്ന്‌ മനസ്സിലായല്ലോ. എന്നാല്‍ അതിന്റെ കാലം എന്നാകുന്നു എന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ട്‌. എന്നും ഖുനൂത്ത്‌ നിര്‍വഹിക്കുന്നവര്‍ റമദ്വാനില്‍ ഇമാമാണെങ്കില്‍ അവസാന പകുതിയില്‍ മാത്രം ഖുനൂത്ത്‌ നിര്‍വഹിക്കുന്നതിനാണ്‌ ന്യായം കാണുന്നത്‌ (ഇസ്വ്‌ലാഹ്‌ മാസിക 2006 ഒക്‌ടോബര്‍, പേജ്‌ 20).
2006-ലെ ലക്കങ്ങളില്‍ ജിന്നുവാദികള്‍ വിത്‌റിലെ ഖുനൂത്തിനെ സുന്നത്താക്കിക്കൊണ്ടു ധാരാളം ലേഖനങ്ങള്‍ എഴുതുകയുണ്ടായി. എന്നാല്‍ യാതൊരു പള്ളിയും ഇവരുടെ നിയന്ത്രണത്തില്‍ ആയിട്ടില്ലാത്തതിനാല്‍ ഈ അനാചാരം (ബിദ്‌അത്ത്‌) നടപ്പാക്കിയിരുന്നില്ല. ഇപ്പോള്‍ ചില പള്ളികളില്‍ ഈ അനാചാരം സുന്നത്തിനെ ജീവിപ്പിക്കുകയാണെന്ന ജല്‌പനത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്‌. റമളാനിന്റെ പകുതിയില്‍ റുകൂഅ്‌ന്‌ മുമ്പോ റുകൂഅ്‌ന്‌ ശേഷമോ നബി(സ) ഖുനൂത്ത്‌ ഓതിയത്‌ ഒരു ദുര്‍ബലമായ ഹദീസ്‌ കൊണ്ടെങ്കിലും തെളിവാക്കുവാന്‍ ഇവര്‍ക്ക്‌ സാധ്യമല്ല. യാഥാസ്ഥിതികര്‍ ചെയ്യുന്ന സര്‍വ അനാചാരങ്ങളും സ്ഥാപിക്കുവാന്‍ ഇവരുടെ ഈ ഖുനൂത്ത്‌ കൊണ്ടു സാധിക്കുന്നതാണ്‌. ചില ഉദാഹരണങ്ങളിലൂടെ ഇത്‌ വ്യക്തമാക്കാം.
1. നബിദിനാഘോഷം: ഇതു അനാചാരമാണെന്നാണ്‌ മുജാഹിദുകള്‍ പറയുന്നത്‌. ഇതിനു ള്ള തെളിവ്‌ നബി(സ) ഇപ്രകാരം പ്രവര്‍ത്തിക്കുകയോ പ്രവര്‍ത്തിക്കുവാന്‍ പറയുകയോ അംഗീകരിക്കുകയോ ചെയ്‌തിട്ടില്ല എന്നതാണ്‌. റമദാനില്‍ വിത്‌റില്‍ പ്രത്യേകം ഖുനൂത്ത്‌ ചൊല്ലാറില്ല. നബി(സ) ഇപ്രകാരം ഖുനൂത്ത്‌ ചൊല്ലുകയോ ചൊല്ലാന്‍ പറയുകയോ ചെയ്‌തത്‌ ഒരു ദുര്‍ബല ഹദീസുകൊണ്ടെങ്കിലും തെളിയിക്കാന്‍ കഴിയില്ല എന്നതാണതിനുള്ള ന്യായം.
2. ബാങ്കിന്റെ മുമ്പ്‌ സ്വലാത്ത്‌ ചൊല്ലല്‍: ബാങ്കിന്റെ മുമ്പ്‌ സ്വലാത്ത്‌ ചൊല്ലലും സ്വലാത്ത്‌ ചൊല്ലാന്‍ പ്രത്യേകം സദസ്സുകള്‍ ഉണ്ടാക്കലും സ്വലാത്ത്‌ ഫണ്ടും സ്വലാത്ത്‌ വാര്‍ഷികവും എല്ലാം അനാചാരമാണെന്നാണ്‌ മുജാഹിദുകളുടെ വാദം. അതിന്ന്‌ അവര്‍ക്കുള്ള തെളിവ്‌ നബി(സ) ഇപ്രകാരം ചെയ്യുകയോ ചെയ്യുവാന്‍ കല്‌പിക്കുകയോ ചെയ്‌തിട്ടില്ല എന്നതാണ്‌. നബി(സ) പഠിപ്പിച്ചു തന്നെ ഇരുപത്തിമൂന്നു വര്‍ഷത്തെ ഇസ്‌ലാമില്‍ ഇപ്രകാരം ഇല്ല എന്നതുമാണ്‌. മതം എന്ന നിലക്കുതന്നെ റമദാനിലെ പകുതിക്കുശേഷം റുകൂഅ്‌നു മുമ്പും റുകൂഅ്‌നു ശേഷവുമായി ചിലര്‍ വിത്‌റില്‍ ഖുനൂത്ത്‌ ചൊല്ലുന്നു. ഇത്‌ ദുര്‍ബലമായ ഒരു ഹദീസ്‌ കൊണ്ടെങ്കിലും നബി(സ) ചെയ്‌തതായോ ചെയ്യുവാന്‍ കല്‌പിച്ചതായോ നിങ്ങള്‍ക്ക്‌ തെളിയിക്കുവാന്‍ സാധിക്കുമോ എന്ന്‌ വെല്ലുവിളിച്ചുകൊണ്ട്‌ യാഥാസ്ഥിതിക വിഭാഗം തങ്ങള്‍ ചെയ്യുന്ന മുകളില്‍ വിവരിച്ച അനാചാരങ്ങളെ സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നു.
മുസ്‌ലിം സമുദായത്തിലെ, ഭൂരിപക്ഷം വരുന്ന വിഭാഗം ഇസ്‌ലാമിന്റെ പേരില്‍ പല കാര്യങ്ങളും ചെയ്‌തുവരുന്നുണ്ട്‌. ഇതര മതവിഭാഗങ്ങളില്‍ നിന്ന്‌ കടന്നുവന്ന തനി നിഷിദ്ധമായവയും നല്ലതല്ലേ എന്ന നിലയില്‍ ചിലര്‍ ചെയ്‌തുവരുന്ന ബിദ്‌അത്തുകളും ദുര്‍ബല ഹദീസുകളുടെ അടിസ്ഥാനത്തിലും ചില മദ്‌ഹബുകളിലെ വീക്ഷണ പ്രകാരവും നടത്തപ്പെടുന്ന ആചാരങ്ങളും അക്കൂട്ടത്തിലുണ്ട്‌. ഇവയത്രയും നെല്ലും പതിരും വേര്‍തിരിച്ച്‌ പ്രമാണബദ്ധമായവ അംഗീകരിക്കുകയും പ്രമാണ വിരുദ്ധമായവ നിരാകരിക്കുകയും ചെയ്യുക എന്ന അതീവ ശ്രമകരമായ ദൗത്യം ഏറ്റെടുത്തുകൊണ്ടാണ്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനം കഴിഞ്ഞ നൂറ്റാണ്ട്‌ പ്രവര്‍ത്തിച്ചുവന്നത്‌. എന്നാല്‍ നാട്ടില്‍ നടക്കുന്ന സര്‍വ ആചാരങ്ങള്‍ക്കും പ്രാമാണികത ചാര്‍ത്തിക്കൊടുക്കുന്ന യാഥാസ്ഥിതികതക്കു ചൂട്ടുപിടിച്ചുകൊണ്ട്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ പേരില്‍ ചിലര്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ട്‌. അത്തരം ആചാരങ്ങള്‍ക്കുള്ള ഒരു ഉദാഹരണമാണ്‌ വിത്‌ര്‍ നമസ്‌കാരത്തിലെ ഖുനൂത്ത്‌.
4. സുബ്‌ഹ്‌ നമസ്‌കാരത്തിലെ ഖുനൂത്ത്‌- യാഥാസ്ഥിതികര്‍ക്ക്‌ ഇതിന്‌ ദുര്‍ബലമായ ഹദീസിന്റെ പിന്‍ബലമെങ്കിലുമുണ്ട്‌. റമദാന്‍ പകുതിയിലെ വിത്‌റിലെ ഖൂനൂത്തിന്‌ ജിന്നുവാദികള്‍ക്ക്‌ ദുര്‍ബല ഹദീസിന്റെ പിന്‍ബലം പോലുമില്ല.
പ്രവാചകന്റെ മാതൃകയില്ലാത്ത ധാരാളം അനാചാരങ്ങള്‍ ഇനിയും മതത്തില്‍ ഉണ്ടാക്കാന്‍, റമദാന്‍ പകുതിയില്‍ വിത്‌റില്‍ ഇവര്‍ ഓതുന്ന ഖുനൂത്തിനെ തെളിവായി യാഥാസ്ഥിതികര്‍ക്ക്‌ അവലംബിക്കാന്‍ സാധിക്കുന്നതാണ്‌. ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്‌ യാതൊരു ബിദ്‌അത്തിനെയും പ്രവാചകന്റെ മാതൃകയില്ലെന്ന്‌ പറഞ്ഞു എതിര്‍ക്കുവാന്‍ സാധ്യമല്ലാതെ വരികയും ചെയ്യുന്നു. മതം പൂര്‍ത്തിയാക്കിത്തന്നു, പ്രവാചകനില്‍ നിങ്ങള്‍ക്ക്‌ ഉത്തമ മാതൃകകയുണ്ട്‌ മുതലായ ആയത്തുകള്‍ ഉദ്ധരിക്കാനും അവകാശമില്ലാതെയായി.
മതത്തില്‍ വല്ലതും പുതിയതായി ഉണ്ടാക്കിയാല്‍ അതു തള്ളിക്കളയാമെന്ന ഹദീസിന്റെ പ്രസക്തി ജിന്നുവാദികള്‍ ഇല്ലാതെയാക്കി. ദുര്‍ബല ഹദീസിന്റെ പിന്‍ബലം പോലും ഇല്ലാത്തത്‌ മതമായി ഇവര്‍ അംഗീകരിക്കുന്നതിനാല്‍ ദുര്‍ബല ഹദീസിന്റെ പിന്‍ബലമുള്ളത്‌ അത്യുത്തമം എന്ന നിലക്ക്‌ അനുഷ്‌ഠിക്കാന്‍ ഇവര്‍ യാഥാസ്ഥിതികര്‍ക്ക്‌ തെളിവുണ്ടാക്കിക്കൊടുത്തു. മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ആദര്‍ശത്തെ ഇവര്‍ ഖബറടക്കം ചെയ്‌തു. മുജാഹിദ്‌ പണ്ഡിതന്മാരെ ഇവര്‍ വിഡ്‌ഢികളും സുന്നത്തു വിരോധികളുമാക്കി. ഒരു നിലക്കും മാപ്പര്‍ഹിക്കാത്ത ഒരു കാര്യമാണിത്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: