അത്ഭുതങ്ങള്‍ സംഭവിക്കും! ( തര്‍ബിയ )
ആറു കുട്ടികളുടെ പ്രിയപ്പെട്ട ഉമ്മ. ചെറിയ കുഞ്ഞിനെ പ്രസവിച്ച് ഒന്നൊര വര്‍ഷമേ ആയിട്ടുള്ളൂ. കനത്ത മഴയും കാറ്റുമുള്ളൊരു പകലില്‍, മഴ തോര്‍ന്ന നേരം നോക്കി തൊടിയിലേക്കിറങ്ങിയതായിരുന്നു. വീണു കിടക്കുന്ന നാളികേരങ്ങള്‍ പെറുക്കിക്കൂട്ടുന്നതിനിടയില്‍, പൊട്ടിവീണ വൈദ്യുതി ലൈനില്‍ ചവിട്ടി പിടഞ്ഞുവീണു. കാറ്റും മഴയും കളിചിരികളുമുള്ള ലോകത്തു നിന്ന് കുഞ്ഞുമക്കളെ ബാക്കിയാക്കി ആ പാവം ഉമ്മ വേര്‍പ്പിരിഞ്ഞുപോയി.
ഒന്നര വയസ്സുള്ള കുഞ്ഞ് നിലയറിയാതെ കരയുകയായിരുന്നു പിന്നീടുള്ള ദിവസങ്ങള്‍. എന്തു ചെയ്യണമെന്നറിയാതെ ചുറ്റുമുള്ളവര്‍ വലഞ്ഞു. സങ്കടം തളംകെട്ടിയ വീട്ടില്‍ ആ കുഞ്ഞുകരച്ചില്‍ രാവും പകലും പെയ്‌തുകൊണ്ടേയിരുന്നു. ഉപ്പയുടെ ഉമ്മയായിരുന്നു പിന്നീട് ആ കുഞ്ഞിന്റെ എല്ലാമെല്ലാം. അവര്‍ താരാട്ടു പാടിയും താലോലിച്ചും അവനെ വളര്‍ത്തിയെടുക്കാന്‍ പാടുപെട്ടു. പരമ ദയാലുവായ അല്ലാഹുവിനോട് പാതിരാവുകളില്‍ തനിച്ചിരുന്ന് പ്രാര്‍ഥിച്ചുകരഞ്ഞു. കാരുണ്യവാനായ സ്‌നേഹനാഥന്‍ ആ വല്യുമ്മക്ക് ഒരത്ഭുത സമ്മാനം കൊടുത്തു. എഴുപത് വയസ്സിലേക്ക് കടന്ന ആ വൃദ്ധമാതാവിന്റെ നെഞ്ചില്‍ നിന്ന് മുലപ്പാലു കിനിയുന്നു. അവിശ്വസനീയമായ ആ അത്ഭുതം കണ്ട് വല്യുമ്മ കരഞ്ഞു, സന്തോഷം സുജൂദുകളായിക്കുനിഞ്ഞു. വാത്സല്യത്തിന്റെ ആ സ്‌നേഹാമൃതം ആവോളം നുകര്‍ന്ന് ആ കുഞ്ഞ് പുഞ്ചിരിച്ചു.
ഈ കഥ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നുണ്ടോ?
വിശ്വസിക്കുകയല്ലാതെ നിവൃത്തിയില്ല. ആ വല്യുമ്മ ഒരു യാഥാര്‍ഥ്യമാണ്. ആ കുഞ്ഞിനു ഇന്ന് മുപ്പത്തേഴ് വയസ്സ്. 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌നേഹനിധിയായ വല്യുമ്മ വിടചൊല്ലി. മുലപ്പാലും മാതൃത്വവും ആവോളം ചൊരിഞ്ഞ് പതിനാറു കൊല്ലം വല്യുമ്മ അവനോടൊപ്പമുണ്ടായിരുന്നു. അഥവാ, ഇങ്ങനെയൊക്കെയാണ് അല്ലാഹു അത്ഭുതങ്ങള്‍ കാത്തുവെക്കുന്നത്.
മൂസാ നബിയുടെ അര്‍പ്പണശക്തിക്കു മുന്നില്‍ കടലിനെ രണ്ടായി പിളര്‍ത്തിയവനല്ലേ അവന്‍? ഇബ്‌റാഹിം നബിയുടെ ത്യാഗബോധത്തിനു മുന്നില്‍ അഗ്‌നിയെ തണുപ്പിച്ചവനല്ലേ അവന്‍? യൂനുസ് നബിയുടെ ഉള്ളലിഞ്ഞ പ്രാര്‍ഥനക്കു മുന്നില്‍ മത്സ്യത്തില്‍ നിന്നും കടലിന്റെ കൂരിരുട്ടില്‍ നിന്നും രക്ഷയേകിയവനല്ലേ അവന്‍? പ്രവാചകന്മാരുടെ ജീവിതത്തില്‍ മാത്രമല്ല, സൂക്ഷ്‌മ ജീവിതം ശീലമാക്കുന്ന സച്ചരിതരുടെ പ്രാര്‍ഥനയോടൊപ്പവും അത്ഭുതങ്ങള്‍ സംഭവിക്കുമെന്നത് അല്ലാഹുവിന്റെ വാഗ്‌ദാനമാണല്ലോ. `എല്ലാത്തിനും കഴിയുന്ന സര്‍വശക്തനാണവന്‍' എന്ന് നിരന്തരമായി നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് പിന്നെന്തിനാണ്?
ചെറുതോ വലുതോ ആയ ഇങ്ങനെയൊരനുഭവമെങ്കിലും നമ്മുടെ ജീവിതത്തിലുമുണ്ടായിട്ടില്ലേ? പ്രതിസന്ധിയില്‍ നിന്ന് കരപറ്റാനാകാതെ ഉഴലുന്ന നേരത്ത്, ഒരിക്കലും വിചാരിച്ചിട്ടില്ലാത്ത വിധമൊരു സഹായം നമുക്കും കൈവന്നിട്ടില്ലേ? ഇന്നുമോര്‍ക്കുമ്പോള്‍ ആശ്ചര്യപ്പെടുന്ന വിധത്തിലുള്ള ഒരു രക്ഷപ്പെടലായിരിക്കും അത്. നമ്മുടെ സങ്കല്‍പങ്ങളുടെയെല്ലാം അപ്പുറത്ത് സര്‍വവും നിരീക്ഷിച്ചും നിയന്തിച്ചും അത്യുന്നതനായ ഒരാള്‍ കാവലുണ്ടെന്ന് ബോധ്യപ്പെടുന്ന നിമിഷങ്ങളായിരിക്കും അത്. അത്തരം അനുഭവങ്ങളിലൂടെ പലവട്ടം കടന്നുപോയിട്ടും ആ കാവല്‍ക്കാരനെ ഓര്‍മിച്ചെടുക്കാത്തവരാണ് പക്ഷേ മനുഷ്യരില്‍ അധികപേരും.
`എന്റെ നാഥാ നിനക്ക് നന്ദി' എന്ന് നമ്മുടെ ഓരോ ശ്വാസത്തിലും പറഞ്ഞാല്‍ പോലും ആ നാഥനോടുള്ള കടപ്പാടിന്റെ ഒരംശം പോലുമാകില്ല. അത്രയേറെ ഇഷ്‌ടം കൊണ്ടും കരുണകൊണ്ടും നമ്മെ സദാ സംരക്ഷിക്കുകയാണ് അവന്‍. നന്ദി ചെയ്യാന്‍ മറക്കുകയും നന്ദികേടിലൂടെ ജീവിക്കുകയും ചെയ്യുന്നവരായിട്ടും ആ നാഥന്‍ പിന്നെയും നമുക്ക് മാപ്പ് തരുന്നു. `നിശ്ചയമായും മനുഷ്യന്‍ നന്ദിയില്ലാത്തവനാണ്' എന്ന ഖുര്‍ആന്‍ വചനം നമ്മുടെയെല്ലാം ജീവിതത്തെ വിചാരണ ചെയ്യേണ്ടതാണ്. ചെറിയൊരു സഹായത്തിന്റെ പേരില്‍ പോലും പലരോടും അനേക വര്‍ഷത്തെ കടപ്പാട് സൂക്ഷിക്കുന്നവരാണല്ലോ നാം. ചെറുതും വലുതുമായ സഹായങ്ങള്‍ കൊണ്ട് ഈ ജീവിതത്തെ തന്നെ ശോഭയുള്ളതാക്കിയവനോട് എത്ര കടപ്പാട് സൂക്ഷിച്ചിട്ടുണ്ടാകും? അനുഗ്രഹങ്ങളെല്ലാം വിചാരണ ചെയ്യപ്പെടുന്ന ആ നിമിഷത്തേക്ക് ഉത്തരമുണ്ടോ കയ്യില്‍?
0 comments: