ശബാബ് മുഖാമുഖം 2013_sept_6

  • Posted by Sanveer Ittoli
  • at 4:34 AM -
  • 0 comments

ശബാബ് മുഖാമുഖം 2013_sept_6



പൊതു ആവശ്യങ്ങള്‍ക്ക്‌ സകാത്ത്‌ തുക കൊടുക്കാമോ?

സകാത്ത്‌ വിതരണത്തില്‍ ഇന്നും മിക്കയിടങ്ങളിലും പഴയതുപോലെ കുടുംബ-സംഘടനാ-അയല്‍പക്ക പക്ഷപാതിത്വങ്ങള്‍ നിലനില്‌ക്കുന്നു. വ്യക്തിക്കു പകരം ഏതെങ്കിലും പേരുള്ള ഒരു സമിതി നിര്‍വഹിക്കുന്നുവെന്ന മാറ്റമാണ്‌ പ്രധാനമായും ഈ രംഗത്ത്‌ ഉണ്ടായിട്ടുള്ളത്‌. കൈനീട്ടി ചോദിച്ചു ചെല്ലുന്നതിനു പകരം അപേക്ഷയായി മാറിയെന്ന വ്യത്യാസവുമുണ്ട്‌.
എന്നാല്‍ ഈയിടെ അറിയാനിടയായ ഒരു വിഷയമാണ്‌ എന്റെ ചോദ്യം. കുടിവെള്ളം, റോഡ്‌, അറ്റകുറ്റപ്പണികള്‍, ബസ്‌സ്റ്റോപ്പ്‌ നിര്‍മാണം തുടങ്ങിയ പൊതു ആവശ്യങ്ങള്‍ക്ക്‌ സകാത്ത്‌ തുക വിനിയോഗിക്കാം എന്നതാണത്‌. വിശുദ്ധ ഖുര്‍ആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ ഇതിന്റെ വിധി എങ്ങനെയായിരിക്കും?
അബ്‌ദുല്‍മജീദ്‌ പാലക്കാട്‌

ഉ:സകാത്ത്‌ കമ്മിറ്റികള്‍ക്ക്‌ ഭാരിച്ച ഉത്തരവാദിത്തമുണ്ട്‌. കമ്മിറ്റിയുടെ പരിധിയിലുള്ള ദരിദ്രന്മാരില്‍ നിന്നും അഗതികളില്‍ നിന്നും ഏറ്റവും അര്‍ഹരായവരെ അവഗണിച്ചുകൊണ്ട്‌ മറ്റാര്‍ക്കെങ്കിലും സകാത്ത്‌ തുക നല്‌കുന്നത്‌ ഗുരുതരമായ തെറ്റാണ്‌. ഖുര്‍ആന്‍ പറഞ്ഞ എട്ട്‌ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക്‌ ആനുപാതികമായിട്ടാണ്‌ നല്‌കേണ്ടത്‌. അപേക്ഷ നില്‌കുന്നവരെ മാത്രം പരിഗണിക്കുന്നത്‌ തെറ്റാണ്‌. സകാത്ത്‌ കമ്മിറ്റി അന്വേഷണം നടത്തിയിട്ട്‌ ഉത്തമ ബോധ്യമുള്ളവര്‍ക്കാണ്‌ നല്‌കേണ്ടത്‌. സകാത്തിന്റെ അവകാശികള്‍ക്ക്‌ സകാത്ത്‌ ഫണ്ട്‌ ഉപയോഗിച്ച്‌ കുടിനീര്‍ വിതരണം ചെയ്യാവുന്നതാണ്‌. അത്തരക്കാര്‍ക്കുവേണ്ടി കിണര്‍ കുഴിക്കാനും സകാത്ത്‌ ഫണ്ട്‌ ഉപയോഗിക്കാം. റോഡ്‌ നിര്‍മാണത്തിന്‌ ഇപ്പോള്‍ പൊതുഫണ്ട്‌ വേണ്ടത്ര ലഭ്യമാകുന്ന സ്ഥിതിക്ക്‌ അതിനുവേണ്ടി സകാത്ത്‌ തുക ഉപയോഗിക്കേണ്ടതില്ല. ഇതുതന്നെയാണ്‌ ബസ്‌ സ്റ്റോപ്പിന്റെയും സ്ഥിതി. പാവപ്പെട്ടവരുടെ വീടുകളുടെ അറ്റകുറ്റപ്പണിക്ക്‌ സകാത്ത്‌ ഫണ്ട്‌ ഉപയോഗിക്കാം.

പലിശപ്പണം കൊണ്ട്‌ സകാത്ത്‌ കൊടുക്കാമോ?

മുസ്‌ലിംകളില്‍ പെട്ട ചിലര്‍ ഭീമമായ ബാങ്ക്‌ എക്കൗണ്ടിലെ പലിശപ്പണം എടുത്ത്‌ സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവര്‍ക്ക്‌ സകാത്ത്‌ നല്‌കിവരാറുണ്ട്‌. ഹറാമായ പലിശ നമ്മള്‍ വാങ്ങുന്നില്ലെങ്കിലും ബാങ്കിന്‌ കൊടുക്കുന്നതിന്നു പകരം പാവപ്പെട്ടവന്ന്‌ സഹായകമാകുമെന്ന ഉദ്ദേശമാണിതിലെങ്കിലും, ഈ പണം ഇസ്‌ലാം കല്‍പ്പിച്ച യഥാര്‍ഥ സകാത്തില്‍ ഉള്‍പ്പെടുമോ?
ബി എം അശ്‌റഫ്‌ മമ്പാട്‌

ഉ:പലിശത്തുക ദുഷിച്ച വരുമാനമാണ്‌. സകാത്ത്‌ പരിശുദ്ധമായ ദാനമാണ്‌. ദുഷിച്ച വരുമാനം സകാത്തായി അല്ലാഹു സ്വീകരിക്കുകയില്ലെന്ന്‌ വിശുദ്ധഖുര്‍ആനിലെ 2:267 സൂക്തത്തില്‍ നിന്ന്‌ ഗ്രഹിക്കാം. പലിശത്തുക ബാങ്കിനു വിട്ടുകൊടുക്കാമോ എന്ന കാര്യത്തില്‍ വീക്ഷണവ്യത്യാസത്തിന്‌ സാധ്യതയുണ്ട്‌. `മുസ്‌ലിം' മനസ്സിലാക്കിയേടത്തോളം അത്യാവശ്യത്തിന്‌ ലോണെടുത്തിട്ട്‌ പലിശ അടയ്‌ക്കാന്‍ വിഷമിക്കുന്നവര്‍ക്ക്‌ പലിശത്തുക നല്‌കുകയാണ്‌ ഉചിതം. എന്നാല്‍ അത്‌ സകാത്തിന്‌ മതിയാകുകയില്ല. അത്‌ നല്‌കുന്നത്‌ പുണ്യകരമായ ദാനമാകുമെന്ന്‌ പ്രതീക്ഷിക്കാവുന്നതുമല്ല. ദുഷിച്ച പണം താരതമ്യേന നിര്‍ദോഷമായി വിനിയോഗിക്കാമെന്ന്‌ മാത്രം.

സ്‌ത്രീ ജമാഅത്തിന്‌  ഇഖാമത്ത്‌ മതിയോ?

സ്‌ത്രീകള്‍ ജമാഅത്തായി നമസ്‌കരിക്കുമ്പോള്‍ ബാങ്ക്‌ കൊടുക്കണോ? അല്ലെങ്കില്‍ ഇഖാമത്ത്‌ മതിയോ?
നിഷ ഷാനവാസ്‌ മങ്കട

ഉ:ഏതെങ്കിലും സ്‌ത്രീയോട്‌ നബി(സ) ബാങ്ക്‌ വിളിക്കാന്‍ നിര്‍ദേശിച്ചതായോ, സ്വഹാബി വനിതകളാരെങ്കിലും ബാങ്ക്‌ വിളിച്ചതായോ പ്രാമാണികമായ ഹദീസില്‍ കാണുന്നില്ല.

വീണുകിട്ടിയ വസ്‌തുക്കള്‍

കളഞ്ഞുകിട്ടിയ വസ്‌തുക്കളെ സംബന്ധിച്ച്‌ മതപരമായ കാഴ്‌ചപ്പാടെന്താണ്‌? ഏറെക്കാലം കഴിഞ്ഞിട്ടും ഉടമസ്ഥന്‍ തിരിച്ചുവന്നില്ലെങ്കില്‍ എന്താണ്‌ ചെയ്യേണ്ടത്‌?
അഹ്‌മദ്‌ കണ്ണൂര്‍

ഉ:സൈദ്‌ബ്‌നു ഖാലിദില്‍(റ) നിന്ന്‌ ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ``ഒരാള്‍ റസൂലിന്റെ(സ) അടുത്തുവന്നിട്ട്‌ വീണുകിട്ടിയ വസ്‌തുക്കളെക്കുറിച്ച്‌ ചോദിച്ചു. അവിടുന്ന്‌ ഇപ്രകാരം മറുപടി നല്‌കി: താങ്കള്‍ അതിന്റെ മൂടിയും അത്‌ കെട്ടിയ കയറും നോക്കി മനസ്സിലാക്കിയശേഷം ഒരു വര്‍ഷത്തേക്ക്‌ ആ വിവരം വിളംബരം ചെയ്യുക. അതിന്റെ ഉടമസ്ഥന്‍ വന്നാല്‍ അതയാള്‍ക്ക്‌ നല്‌കുക. അല്ലെങ്കില്‍ താങ്കളുടെ ഇഷ്‌ടംപോലെ പ്രവര്‍ത്തിക്കാം.
അയാള്‍ ചോദിച്ചു: വഴിതെറ്റി വന്ന ആടിനെ എന്തുചെയ്യണം? റസൂല്‍ പ്രതിവചിച്ചു: അത്‌ ഒന്നുകില്‍ താങ്കള്‍ക്കോ അല്ലെങ്കില്‍ (അതിന്റെ ഉടമസ്ഥനായ) താങ്കളുടെ സഹോദരനോ അതുമല്ലെങ്കില്‍ ചെന്നായയ്‌ക്കോ ഉള്ളതാണ്‌. അയാള്‍ വീണ്ടും ചോദിച്ചു: വഴിതെറ്റിവന്ന ഒട്ടകമോ? നബി(സ) പ്രതിവചിച്ചു: താങ്കള്‍ അതുമായി ഇടപെടുന്നതെന്തിന്‌? ഉടമസ്ഥന്‍ കണ്ടുമുട്ടുന്നത്‌ വരെ അതിന്റെ ഉദരവും കുളമ്പുമായി വെള്ളം കുടിച്ചും വൃക്ഷങ്ങള്‍ ഭുജിച്ചും കൊണ്ട്‌ അത്‌ സ്വയം നടന്നുകൊള്ളട്ടെ.''
``ആര്‍ക്കെങ്കിലും വല്ല വസ്‌തുവും വീണുകിട്ടിയാല്‍ നീതിമാന്മാരായ രണ്ടുപേരെ അതിന്‌ സാക്ഷിനിര്‍ത്തുകയും അതിന്റെ മൂടിയും അത്‌ കെട്ടിയ കയറും സൂക്ഷിക്കുകയും ചെയ്യണം. ആ വിവരം മറച്ചുവെക്കുകയോ വസ്‌തു ഒളിപ്പിക്കുകയോ ചെയ്യരുത്‌. അതിന്റെ ഉടമസ്ഥന്‍ വന്നാല്‍ അത്‌ അയാള്‍ക്ക്‌ അവകാശപ്പെട്ടതത്രെ. ഇല്ലെങ്കില്‍ അത്‌ അല്ലാഹുവിന്റെ സ്വത്താണ്‌. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അത്‌ നല്‌കുന്നു'' എന്ന്‌ നബി(സ) പറഞ്ഞതായി ഇയാദ്വുബ്‌നുഹിമാറില്‍ നിന്ന്‌ ഇമാം അഹ്‌മദും മറ്റും ഉദ്ധരിച്ചിട്ടുണ്ട്‌. ഹജ്ജ്‌ തീര്‍ഥാടകന്റെ പക്കല്‍ നിന്ന്‌ വീണുപോയ സാധനങ്ങള്‍ എടുക്കുന്നത്‌ നബി(സ) വിലക്കിയതായി അബ്‌ദുര്‍റഹ്‌മാനിബ്‌നു ഉസ്‌മാനില്‍ നിന്ന്‌ ഇമാം മുസ്‌ലിം റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നു.

സ്‌നേഹിക്കാത്ത മാതാപിതാക്കളോട്‌ ബാധ്യതയുണ്ടോ?

മാതാപിതാക്കളോട്‌ നല്ല നിലയില്‍ വര്‍ത്തിക്കാന്‍ വിശുദ്ധഖുര്‍ആനും നബി(സ)യും നമ്മെ പഠിപ്പിക്കുന്നു. എന്നാല്‍ മക്കളോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കാത്ത, അവരെ സ്‌നേഹിക്കാത്ത, അവരെ ഇസ്‌ലാമികമായ ചുറ്റുപാടില്‍ വളര്‍ത്താന്‍ സാധിക്കാത്ത മാതാപിതാക്കളെ ഒരാള്‍ക്ക്‌ ആത്മാര്‍ഥമായി സ്‌നേഹിക്കാന്‍ കഴിയില്ല. സ്‌നേഹം മനസ്സില്‍ നിന്നും ഉത്ഭൂതമാവേണ്ട ഒരു വികാരമെന്ന നിലയ്‌ക്ക്‌ അത്‌ നല്‌കിയവര്‍ക്കല്ലേ അത്‌ തിരിച്ചുകിട്ടുകയുള്ളൂ. ഇത്‌ സത്യമല്ലേ?
ആര്‍ കെ കോഴിക്കോട്‌

ഉ:മക്കളോടുള്ള ബാധ്യത നിറവേറ്റിയില്ലെങ്കില്‍ അതിന്റെ പേരില്‍ മാതാപിതാക്കള്‍ കുറ്റക്കാരാകും. അതുപോലെ തന്നെ മാതാപിതാക്കളോടുള്ള ബാധ്യത നിറവേറ്റിയിട്ടില്ലെങ്കില്‍ മക്കളും കുറ്റക്കാരാകും. സത്യനിഷേധികളായ മാതാപിതാക്കളോട്‌ പോലും നല്ല നിലയില്‍ വര്‍ത്തിക്കണമെന്നാണ്‌ വിശുദ്ധ ഖുര്‍ആനില്‍ കല്‌പിച്ചിട്ടുള്ളത്‌. നബി(സ)യുടെ കാലത്ത്‌ മക്കളോട്‌ മോശമായി പെരുമാറിയിരുന്ന പല മാതാപിതാക്കളും ഉണ്ടായിരുന്നു. അവരോടും ബാധ്യതകള്‍ നിറവേറ്റാന്‍ തന്നെയാണ്‌ അവരുടെ മക്കളോട്‌ അവിടുന്ന്‌ കല്‌പിച്ചിട്ടുള്ളത്‌. കുടുംബബന്ധം കൂട്ടിയിണക്കുക എന്നത്‌ പകരത്തിന്‌ പകരമായാല്‍ പോരാ എന്നും ഇങ്ങോട്ട്‌ ബന്ധം മുറിക്കുന്ന ബന്ധുക്കളോട്‌ പോലും ബന്ധം കൂട്ടിയിണക്കിക്കൊണ്ടുപോകണമെന്നും നബി(സ) അനുശാസിച്ചിട്ടുണ്ട്‌.
ശത്രുത കാണിച്ചവരോട്‌ പോലും സ്‌നേഹത്തില്‍ വര്‍ത്തിച്ച പ്രവാചകന്റെ മാതൃകയാണ്‌ നാം പിന്തുടരേണ്ടത്‌. സ്‌നേഹം നല്‌കിയവര്‍ക്കേ തിരിച്ചുകിട്ടൂ എന്നത്‌ ഒരു സാമാന്യ അനുഭവമാണ്‌. സത്യവിശ്വാസികള്‍ക്ക്‌ ഈ പൊതുതത്വത്തെക്കാള്‍ ഉയര്‍ന്നുനില്‍ക്കാന്‍ കഴിയണം. കാരണം, അവര്‍ അല്ലാഹുവിന്റെ സ്‌നേഹത്തില്‍ വിശ്വസിക്കുന്നവരും അതിന്‌ നന്ദി രേഖപ്പെടുത്തുന്നവരുമാണ്‌. അല്ലാഹുവില്‍ നിന്ന്‌ ലഭിക്കുന്ന അപാരമായ സ്‌നേഹത്തിന്റെ ചെറിയൊരു വിഹിതം ബന്ധുമിത്രാദികള്‍ക്ക്‌ നല്‌കാന്‍ നാം തയ്യാറായാല്‍ മതി. 

അഭിഭാഷകയാകുന്നതിന്‌ വിലക്കുണ്ടോ?

ഒരു മുസ്‌ലിംസ്‌ത്രീ അഭിഭാഷകയാവുന്നതിന്‌ ഇസ്‌ലാമില്‍ വിലക്കുണ്ടോ? ഈ മേഖലയില്‍ കളവ്‌ പറയാന്‍ നിര്‍ബന്ധിതയാകുമോ?
ഉമ്മുസല്‍മ ആലപ്പുഴ

ഉ:ഇസ്‌ലാമികമായ വിധിവിലക്കുകള്‍ പാലിച്ചുകൊണ്ട്‌ സ്‌ത്രീക്ക്‌ നിഷിദ്ധമല്ലാത്ത ഏത്‌ തൊഴിലും ചെയ്യാവുന്നതാണ്‌. അന്യപുരുഷന്മാരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ സ്‌ത്രീകള്‍ മുഖവും കൈപ്പടങ്ങളും ഒഴികെ ശരീരം മുഴുവന്‍ മറയ്‌ക്കണമെന്ന ഖുര്‍ആനിക വിധി എല്ലാ സന്ദര്‍ഭങ്ങളിലേക്കും ബാധകമാണ്‌. കളവ്‌ പറയല്‍ സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ എല്ലായ്‌പ്പോഴും ഹറാമാണ്‌. സത്യം പറഞ്ഞാല്‍ ജീവന്‍ അപകടത്തിലാവുകയോ കടുത്ത ഭീഷണി നേരിടേണ്ടിവരുകയോ ചെയ്യുന്നത്‌ പോലുള്ള നിര്‍ബന്ധിതസാഹചര്യത്തില്‍ മാത്രമേ കള്ളംപറയല്‍ അനുവദനീയമാവുകയുള്ളൂ. സത്യവിശ്വാസികളായ അഭിഭാഷകര്‍ ചെയ്യേണ്ടത്‌ കുറ്റവാളികളുടെയോ കള്ളന്മാരുടെയോ വക്കാലത്ത്‌ ഏല്‍ക്കാതിരിക്കുകയാണ്‌. ന്യായമായ കേസേ ഏറ്റെടുക്കുകയുള്ളൂവെന്ന്‌ നിഷ്‌കര്‍ഷിച്ചാല്‍ ഒരുപക്ഷേ വരുമാനം കുറഞ്ഞേക്കുമെന്നല്ലാതെ അഭിഭാഷകജോലി തുടരാന്‍ പറ്റാത്ത അവസ്ഥയൊന്നും ഉണ്ടാവില്ലെന്നാണ്‌ `മുസ്‌ലിം' കരുതുന്നത്‌. ഏതായാലും വക്കീലാകുന്നതോടെ കളവ്‌ പറയല്‍ ഹലാലാകുമെന്നൊരു ധാരണ മുസ്‌ലിംകള്‍ക്കാര്‍ക്കും ഉണ്ടാകന്‍ പാടില്ല.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: