ശബാബ് മുഖാമുഖം 2013_sept_20

  • Posted by Sanveer Ittoli
  • at 9:19 AM -
  • 0 comments

ശബാബ് മുഖാമുഖം 2013_sept_20




ഓണപ്പായസം കഴിക്കാമോ?


ഞങ്ങളുടെ വീടിന്‌ അടുത്ത്‌ അമുസ്‌ലിംകളായ അയല്‍വാസികള്‍ ഉണ്ട്‌. ഞങ്ങളുമായി നല്ല സൗഹാര്‍ദത്തിലാണ്‌. ഓണം, വിഷു പോലുള്ള അവരുടെ ആഘോഷങ്ങളുടെ ഭാഗമായി പായസം, പലഹാരങ്ങള്‍ പോലുള്ള സാധനങ്ങള്‍ കൊണ്ടുവരാറുണ്ട്‌. അത്‌ ഭക്ഷിക്കുന്നതില്‍ തെറ്റുണ്ടോ? വേണ്ടാ എന്ന്‌ പറഞ്ഞ്‌ മടക്കി അയക്കാന്‍ പാടുണ്ടോ?
സഫ വൈലത്തൂര്‍


മുസ്‌ലിം:-


വിശുദ്ധ ഖുര്‍ആനിലെ 6:145 സൂക്തത്തിന്റെ പരിഭാഷ ഇപ്രകാരമാകുന്നു: ``(നബിയേ,) പറയുക: എനിക്ക്‌ ബോധനം നല്‌കപ്പെട്ടിട്ടുള്ളതില്‍ ഭക്ഷണം കഴിക്കുന്നവന്‌ തിന്നാന്‍ പാടില്ലാത്തതായി യാതൊന്നും ഞാന്‍ കാണുന്നില്ല; അത്‌ ശവമോ ഒഴുക്കപ്പെട്ട രക്‌തമോ, പന്നിമാംസമോ ആണെങ്കിലൊഴികെ. കാരണം, അത്‌ മ്ലേച്ഛമത്രെ. അല്ലെങ്കില്‍ അല്ലാഹുവല്ലാത്തവരുടെ പേരില്‍ പ്രഖ്യാപിക്കപ്പെട്ടതിനാല്‍ അധാര്‍മികമായിത്തീര്‍ന്നിട്ടുള്ളതും ഒഴികെ. എന്നാല്‍ വല്ലവനും (ഇവ ഭക്ഷിക്കാന്‍) നിര്‍ബന്ധിതനാവുകയാണെങ്കില്‍ - അവന്‍ നിയമലംഘനം ആഗ്രഹിക്കാത്തവനും അതിരുവിട്ടുപോകാത്തവനുമാണെങ്കില്‍ നിന്റെ രക്ഷിതാവ്‌ തീര്‍ച്ചയായും ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.''
`അല്ലാഹുവല്ലാത്തവരുടെ പേരില്‍ പ്രഖ്യാപിക്കപ്പെട്ടത്‌' എന്ന വാക്കിന്റെ വിവക്ഷ വ്യാജദൈവങ്ങളുടെ പേരില്‍ നേര്‍ച്ചയായോ ബലിയായോ അറുത്ത ജന്തു എന്നാണെത്രെ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ നല്‌കിയ വിവരണം. വ്യാജ ദൈവത്തിന്‌ നിവേദ്യമായി അര്‍പ്പിക്കപ്പെട്ട വസ്‌തുക്കളും വ്യാജദൈവത്തിന്റെ പേരില്‍ പ്രസാദം എന്ന നിലയില്‍ നല്‌കപ്പെടുന്ന വസ്‌തുക്കളും ഇതിനോട്‌ സാമ്യമുള്ളതായതിനാല്‍ സത്യവിശ്വാസികള്‍ വര്‍ജിക്കേണ്ടതാണ്‌. എന്നാല്‍ ഇതൊന്നുമല്ലാത്ത വസ്‌തുക്കള്‍ ആര്‌ നല്‌കിയാലും ഭക്ഷിക്കുന്നതിന്‌ വിരോധമില്ലെന്നാണ്‌ ഇസ്‌ലാമിക പ്രമാണങ്ങളില്‍ നിന്ന്‌ ഗ്രഹിക്കാന്‍ കഴിയുന്നത്‌. അല്ലാഹുവും റസൂലും(റ) നിഷിദ്ധമായി പ്രഖ്യാപിച്ചതല്ലാത്ത എല്ലാ ആഹാര പാനീയങ്ങളും അനുവദനീയമാണ്‌ എന്നതാണ്‌ ഇസ്‌ലാമിന്റെ പൊതുവായ നിയമം.


രണ്ടാം റക്‌അത്തില്‍ താഴെയുള്ള സൂറത്തോ?


നമസ്‌കാരത്തില്‍ ഫാതിഹ പാരായണം ചെയ്‌ത ശേഷം ഏതെങ്കിലും സൂറത്ത്‌ പാരായണം ചെയ്യുന്നത്‌ സുന്നത്തുള്ള കാര്യമാണല്ലോ. അപ്രകാരം ചെയ്യുമ്പോള്‍ ഒന്നാം റക്‌അത്തില്‍ പാരായണം ചെയ്‌ത സൂറത്തിന്റെ താഴെയുള്ള സൂറത്തേ രണ്ടാം റക്‌അത്തില്‍ പാരായണം ചെയ്യാവൂ എന്ന്‌ നിബന്ധനയുണ്ടോ? അല്ലെങ്കിലും മേലെ സൂറത്ത്‌, താഴെ സൂറത്ത്‌ എന്നതിന്റെ അടിസ്ഥാനമെന്താണ്‌?
മുഹമ്മദ്‌ കടവത്തൂര്‍


മുസ്‌ലിം:-


ഒന്നാമത്തെ റക്‌അത്തില്‍ ഓതുന്ന സൂറത്തിന്റെ താഴെയുള്ള സൂറത്തായിരിക്കണം രണ്ടാമത്തെ റക്‌അത്തില്‍ ഓതുന്നതെന്ന്‌ നബി(സ) നിര്‍ദേശിച്ചതായി പ്രബലമായ ഹദീസുകളില്‍ കാണുന്നില്ല. രാത്രി നമസ്‌കാരത്തിലെ ഒന്നാമത്തെ റക്‌അത്തില്‍ തന്നെ ആദ്യമായി സൂറത്തുല്‍ ബഖറയും രണ്ടാമതായി സൂറത്തുന്നിസാഉം മൂന്നാമതായി സൂറത്തു ആലുഇംറാനും നബി(സ) ഓതിയതായി ഹുദൈഫ(റ)യില്‍ നിന്ന്‌ മുസ്‌ലിം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. നമസ്‌കാരത്തില്‍ ഖുര്‍ആന്‍ ഓതുന്നത്‌ മുസ്‌ഹഫിലുള്ള അതേ ക്രമത്തില്‍ തന്നെ ആകണമെന്നില്ലെന്നാണ്‌ ഇതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌.
ജനങ്ങള്‍ക്ക്‌ ഇമാമായി നമസ്‌കരിക്കുമ്പോള്‍ വശ്ശംസി വദ്വുഹാഹാ, സബ്ബിഹിസ്‌മ റബ്ബികല്‍ അഅ്‌ലാ, ഇഖ്‌റഅ്‌ ബിസ്‌മി റബ്ബിക്ക, വല്ലൈലി ഇദാ യഗ്‌ശാ എന്നീ ഏറെ ദൈര്‍ഘ്യമില്ലാത്ത സൂറത്തുകള്‍ ഓതണമെന്ന്‌ മുആദി(റ)നോട്‌ നബി(സ) കല്‌പിച്ചതായി മുസ്‌ലിമിന്റെ ഒരു ഹദീസില്‍ കാണാം. ഈ സൂറത്തുകള്‍ നബി(സ) എടുത്തുപറഞ്ഞത്‌ മുസ്‌ഹഫിലുള്ള ക്രമത്തിലല്ല. ഇവ ഏതേത്‌ റക്‌അത്തുകളില്‍ ഓതണമെന്ന്‌ നബി(സ) നിര്‍ണയിച്ചിട്ടുമില്ല.
താഴെയുള്ള സൂറത്ത്‌, മേലെയുള്ള സൂറത്ത്‌ എന്നീ വാക്കുകള്‍ നബിവചനങ്ങളില്‍ കാണുന്നില്ല. മേലേ പതിനഞ്ച്‌, താഴേ പതിനഞ്ച്‌ എന്നീ പ്രയോഗങ്ങള്‍ മലയാളികള്‍ക്കിടയില്‍ മാത്രമുള്ളതാണെന്ന്‌ തോന്നുന്നു. ദീര്‍ഘമായ സൂറത്തുകള്‍, ചുരുങ്ങിയ സൂറത്തുകള്‍ എന്നീ പ്രയോഗങ്ങള്‍ ചില ഹദീസുകളില്‍ കാണാം. ഗ്രഹണനമസ്‌കാരത്തെ സംബന്ധിച്ച ഒരു ഹദീസില്‍ ഓരോ നിര്‍ത്തവും അതിന്റെ മുമ്പത്തേതിനേക്കാള്‍ ദൈര്‍ഘ്യം കുറഞ്ഞതായിരുന്നുവെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. രണ്ടാമത്തെ റക്‌അത്തില്‍ നബി(സ) ഓതിയ സൂറത്ത്‌ ഒന്നാമത്തേതില്‍ ഓതിയതിനേക്കാള്‍ ദൈര്‍ഘ്യം കുറഞ്ഞതായിരുന്നുവെന്ന്‌ ഈ ഹദീസില്‍ സൂചനയുണ്ട്‌. ഏതെങ്കിലുമൊരു സൂറത്ത്‌ താഴെ കിടയാണെന്ന്‌ കരുതാന്‍ യാതൊരു ന്യായവുമില്ല.


വസ്‌ത്രധാരണവും നബിചര്യയും


മുസ്‌ലിംകള്‍ തങ്ങള്‍ ജീവിക്കുന്ന നാട്ടിലെ ആളുകള്‍ ധരിക്കുന്ന വസ്‌ത്രമല്ല ധരിക്കേണ്ടത്‌ എന്നും, നബി(സ) ധരിച്ചിരുന്ന (ഇന്ന്‌ അറബികള്‍ ധരിക്കുന്ന) വസ്‌ത്രധാരണരീതിയാണ്‌ പിന്തുടരേണ്ടത്‌, അതാകുന്നു സുന്നത്ത്‌ എന്നും ചിലര്‍ പ്രചരിപ്പിക്കുന്നു. യഥാര്‍ഥത്തില്‍ നബി(സ)യുടെ വസ്‌ത്രധാരണരീതി എങ്ങനെയായിരുന്നു? മുസ്‌ലിംകള്‍ സ്വന്തം രാജ്യത്തെ വസ്‌ത്രം ധരിക്കുന്നതില്‍ അനൗചിത്യമുണ്ടോ?
അന്‍സാര്‍ ഒതായി


മുസ്‌ലിം:


ഒരു പ്രത്യേക തരം വസ്‌ത്രം മാത്രമേ ധരിക്കാവൂ എന്ന്‌ നബി(സ) പറഞ്ഞതായി പ്രാമാണികമായ ഹദീസുകളിലൊന്നും കാണുന്നില്ല. നബി(സ)യും സ്വഹാബികളില്‍ ചിലരും ഇസാര്‍ അഥവാ മലയാളികള്‍ ധരിക്കുന്നതിനോട്‌ സാമ്യമുള്ള ഉടുതുണി ധരിച്ചിരുന്നതായി ചില ഹദീസുകളില്‍ നിന്ന്‌ ഗ്രഹിക്കാം. പൈജാമ പോലുള്ള വസ്‌ത്രം ധരിക്കുന്നവരും നബി(സ)യുടെ കാലത്തുണ്ടായിരുന്നു. ഏത്‌ വസ്‌ത്രമായാലും നെരിയാണി വിട്ട്‌ താഴോട്ട്‌ ഇറങ്ങരുതെന്ന്‌ നബി(സ) വിലക്കിയിട്ടുണ്ട്‌. അവയവങ്ങള്‍ മുഴപ്പിച്ചു കാണിക്കുന്ന തരത്തിലുള്ള ഇറുകിയ വസ്‌ത്രവും ശരീരം നല്ലവണ്ണം മറയാത്ത വിധത്തിലുള്ള വളരെ നേര്‍ത്ത വസ്‌ത്രവും അനഭിലഷണീയമാണെന്ന്‌ നബിവചനങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നു. കാവി വസ്‌ത്രം ധരിക്കുന്നത്‌ നബി(സ) വിലക്കിയിട്ടുണ്ട്‌. നമസ്‌കാരത്തിലും മറ്റുള്ളവര്‍ക്കിടയിലായിരിക്കുമ്പോഴും പൊക്കിളിനും കാല്‍മുട്ടുകള്‍ക്കും ഇടയിലുള്ള ഭാഗം വെളിപ്പെടാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നതായും ഹദീസുകളില്‍ നിന്ന്‌ മനസ്സിലാക്കാം. ഉടുതുണിക്ക്‌ പുറമെ കുപ്പായവും തലപ്പാവും അദ്ദേഹം പലപ്പോഴും ധരിച്ചിരുന്നു. ഏത്‌ രാജ്യത്തെ വസ്‌ത്രധാരണരീതി സ്വീകരിക്കണമെന്നതല്ല നബി(സ)യുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക്‌ വിരുദ്ധമല്ലാത്ത വസ്‌ത്രധാരണ രീതിയായിരിക്കണമെന്നതാണ്‌ സത്യവിശ്വാസികള്‍ നിഷ്‌കര്‍ശിക്കേണ്ട കാര്യം.


രണ്ടു ബാങ്കും റവാതിബ്‌ സുന്നത്തും


സുന്നികള്‍ ജുമുഅക്ക്‌ രണ്ട്‌ ബാങ്കുകള്‍ കൊടുക്കുന്നതുകൊണ്ട്‌, അവയ്‌ക്കിടയില്‍ രണ്ട്‌ റക്‌അത്ത്‌ റവാതിബ്‌ സുന്നത്ത്‌ നമസ്‌കരിക്കാന്‍ കഴിയുന്നു. മുജാഹിദുകള്‍ക്ക്‌ അതിനു കഴിയുന്നില്ല. അപ്പോള്‍ സുന്നികള്‍ ചെയ്യുന്നതല്ലേ ശരി?
കെ കെ അബ്‌ദുല്‍ മജീദ്‌ പൊന്നാനി


മുസ്‌ലിം:-


സുന്നി എന്ന വാക്കിന്റെ ശരിയായ അര്‍ഥം നബിചര്യ അഥവാ നബിതിരുമേനി പറഞ്ഞതും പ്രവര്‍ത്തിച്ചതും അംഗീകരിച്ചതുമായ മാതൃക പിന്തുടരുന്നവന്‍ എന്നാണ്‌. നബി(സ)യുടെയും അബൂബക്കര്‍, ഉമര്‍(റ) എന്നീ ഖലീഫമാരുടെയും കാലത്ത്‌ ജുമുഅക്ക്‌ ഒരു ബാങ്ക്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന്‌ ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത പ്രാമാണികമായ ഹദീസില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്‌. ജുമുഅക്ക്‌ മുമ്പ്‌ നബി(സ) റവാതിബ്‌ സുന്നത്ത്‌ നമസ്‌കരിക്കുകയോ നമസ്‌കരിക്കാന്‍ അനുചരരോട്‌ കല്‌പിക്കുകയോ ചെയ്‌തിട്ടില്ല. എന്നാല്‍ പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ സുന്നത്തുള്ള തഹിയ്യത്ത്‌ നമസ്‌കാരം ജുമുഅക്ക്‌ എത്തുമ്പോഴും സുന്നത്താണ്‌. നബി(സ) ഖുത്വ്‌ബ നിര്‍വഹിക്കുന്നതിനിടയില്‍ പള്ളിയില്‍ കടന്ന്‌ ഇരുന്ന അനുചരനോട്‌ എഴുന്നേറ്റ്‌ രണ്ടു റക്‌അത്ത്‌ നമസ്‌കരിക്കാന്‍ അവിടുന്ന്‌ കല്‌പിച്ചതായി പ്രബലമായ ഹദീസില്‍ കാണാം. 

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: