ഏകറാവി റിപ്പോര്‍ട്ടിന്റെ പ്രാമാണികത
- ഇസ്‌ലാമിലെ പ്രമാണങ്ങള്‍-16 -
എ അബ്‌ദുല്‍ഹമീദ് മദീനി
ഒരാളോ രണ്ടാളോ ആയിക്കൊണ്ട് റിപ്പോര്‍ട്ട് ചെയ്‌തു നബി(സ)യിലേക്ക് എത്തുന്ന ഹദീസുകള്‍ക്കാണ് ഏകറാവി റിപ്പോര്‍ട്ട് (ഖബറുല്‍ആഹാദ്) എന്ന് പറയുന്നത്. ഡോ. മുസ്‌തഫസ്സിബാഇ ഖബര്‍ ആഹാദിനെ വിലയിരുത്തുന്നു: ``ഭൂരിപക്ഷ പണ്ഡിതന്മാരും ആഹാദിന്റെ ഹദീസുകള്‍ തെളിവാണെന്നും അതനുസരിച്ച് പ്രവര്‍ത്തിക്കല്‍ നിര്‍ബന്ധമാണെന്നും പറയുന്നു. അത് ദൃഢമല്ലാത്ത അറിവ് മാത്രമേ നല്‍കുകയുള്ളൂ.'' (സുന്നത്തും ഇസ്‌ലാമില്‍ അതിന്റെ സ്ഥാനവും, 167)
ഈ വിഷയത്തില്‍ സ്വഹാബിമാരുടെ ഇജ്‌മാഅ് ഉണ്ടെന്ന് ഇമാം റാസി മഹസൂല്‍ എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്. മറ്റൊരു കൂട്ടര്‍ ഇത് ഉറപ്പായ അറിവ് നല്‍കുമെന്നും അതനുസരിച്ച് പ്രവര്‍ത്തിക്കല്‍ നിര്‍ബന്ധമാണെന്നും പറഞ്ഞിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം മനസ്സിലാക്കാവുന്നത് ആഹാദിന്റെ ഹദീസനുസരിച്ച് പ്രവര്‍ത്തിക്കല്‍ നിര്‍ബന്ധമാണെന്ന് എല്ലാവരും സമ്മതിക്കുന്നുവെന്നാണ്. ഇതാണ് ശരിയായ അഭിപ്രായം. വിശ്വസ്‌തനായ ഒരാള്‍ ഒരു കാര്യം പറഞ്ഞാല്‍, അത് സ്വീകരിക്കേണ്ടതാണ്. എന്നാല്‍ ശീഅകളും മുഅ്‌തസിലികളും ആഹാദായ ഹദീസ് മൊത്തമായി തള്ളുകയും അതിന്റെ പ്രാമാണികതയെ നിഷേധിക്കുകയും ചെയ്യുന്നു. ഇതൊരിക്കലും ശരിയായ അഭിപ്രായമല്ല.
ഡോ. മുസ്‌തഫസ്സിബാഇ ശീഅകളുടെയും മുഅ്‌തസിലികളുടെയും അഭിപ്രായത്തെ ഖണ്ഡിച്ചുകൊണ്ടു പറയുന്നു: ``മതത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങളിലും വിശ്വാസകാര്യങ്ങളിലും ദൃഢമല്ലാത്ത അറിവ് ഒരിക്കലും സ്വീകരിക്കാന്‍ പാടില്ലെന്ന് ഇജ്‌മാഅ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ശാഖാപരമായ കാര്യങ്ങളില്‍ ദൃഢമല്ലാത്ത അറിവ് മതിയാവുന്നതാണ്.'' (സുന്നത്തും ഇസ്‌ലാമില്‍ അതിന്റെ സ്ഥാനവും 170)
രണ്ട് സാക്ഷികളുടെ മൊഴിയെ ആധാരമാക്കി കേസുകളില്‍ വിധി കല്പിക്കാമെന്നും പണ്ഡിതന്മാരുടെ ഫത്‌വകളെ ആധാരമാക്കി അറിവില്ലാത്ത ആളുകള്‍ക്ക് മതകാര്യങ്ങള്‍ അനുഷ്‌ഠിക്കാമെന്നും എല്ലാവരും സമ്മതിക്കുന്ന സ്ഥിതിക്ക്, ആഹാദായ ഹദീസ് ഖണ്ഡിതമായ അറിവ് നല്‍കുന്നില്ലെന്ന പേരില്‍ അതിനെ തള്ളിക്കളയണമെന്ന വാദം സ്വയം പൊളിഞ്ഞു. അടിസ്ഥാനപരവും അല്ലാത്തതും തമ്മില്‍ വ്യത്യാസമുള്ള സ്ഥിതിക്ക് അതെങ്ങനെ സംഭവിക്കാതിരിക്കും? അടിസ്ഥാനപരമായ വിശ്വാസകാര്യങ്ങളിലും രിസാലത്തിലും മാത്രമേ ഖണ്ഡിതമായ തെളിവ് വേണമെന്ന നിബന്ധനയുള്ളൂ. ഇത്തരം വിഷയങ്ങളില്‍ ദൃഢമല്ലാത്ത അറിവ് മതിയാവുകയില്ല. എന്നാല്‍ അടിസ്ഥാനപരമല്ലാത്ത കാര്യങ്ങളില്‍ ദൃഢമല്ലാത്ത അറിവ് മതി. (അല്‍ഇഹ്‌കാം ഫീ ഉസൂലില്‍ അഹ്‌കാം, ആമുതി 1:177)
മുസ്‌തഫസ്സിബാഈയൂടെ നബിചര്യയും ഇസ്‌ലാമില്‍ അതിന്റെ സ്ഥാനവും എന്ന ഗ്രന്ഥത്തിന്റെ പരിഭാഷയില്‍ അമാനി മൗലവി പറയുന്നു: ``മൗലികവും അടിസ്ഥാനപരമായ കാര്യങ്ങളിലും ശാഖാപരമായ കാര്യങ്ങളിലും ഒരേ മാനദണ്ഡം സ്വീകരിക്കുന്നത് ന്യായമല്ല. മൗലിക വിഷയങ്ങളിലും അടിസ്ഥാനനിയമങ്ങളിലും ദൃഢമല്ലാത്ത തെളിവുകള്‍ മതിയാവുകയില്ലെന്നും ഖണ്ഡിതമായ തെളിവുകള്‍ തന്നെ വേണമെന്നും ഇജ്‌മാഅ് സ്ഥാപിതമായിട്ടുള്ളതും ശാഖാപരമായ വിഷയങ്ങളില്‍ അങ്ങനെ ഇജ്‌മാഅ് ഇല്ലാതിരുന്നതും ഇതിന്ന് തെളിവാണ്. രണ്ടു സാക്ഷികളുടെ മൊഴിയെ ആധാരമാക്കി കേസുകളില്‍ വിധി കല്പിക്കാമെന്നും പണ്ഡിതന്മാരുടെ ഫത്‌വകളെ ആധാരമാക്കി അറിവില്ലാത്ത ആളുകള്‍ക്ക് കാര്യങ്ങള്‍ അനുഷ്‌ഠിക്കാമെന്നും ഇരുകൂട്ടരും സമ്മതിക്കുന്ന സ്ഥിതിക്ക്, ആഹാദിന്റെ ഹദീസ് ഖണ്ഡിതമായ തെളിവ് നല്‌കുന്നില്ല എന്നതിന്റെ പേരില്‍ അതിന്റെ തെളിവ് സ്വീകരിച്ചുകൂടാ എന്ന വാദം സ്വയം പൊളിഞ്ഞുപോകുന്നതാണ്. ഈ രണ്ടു തെളിവുകളും ഖണ്ഡിതമായതല്ലെന്നും കളവോ അബദ്ധമോ ആയിരിക്കാന്‍ സാധ്യതയുള്ളതാണെന്നും വ്യക്തമാണല്ലോ. തൗഹീദ്, പ്രവാചകത്വം, സ്വര്‍ഗം, നരകം, പരലോകം, നിര്‍ബന്ധ നമസ്‌കാരം, സകാത്ത് തുടങ്ങിയ കാര്യങ്ങളെ സ്ഥാപിക്കാനുള്ളതിന്നും ആവശ്യമായത്ര തന്നെ സ്‌പഷ്‌ടവും ശക്തവുമായ തെളിവുകള്‍ മാത്രമേ, ഫാതിഹാ സൂറത്തില്‍ ബിസ്‌മി ഉറക്കെ ചൊല്ലണമോ, എന്നതുപോലുള്ള കാര്യങ്ങളിലും സ്വീകാര്യമാവുകയുള്ളൂ എന്ന് വാദിക്കുന്നത് ഏറ്റവും ലഘുവായി പറഞ്ഞാല്‍, മൗഢ്യവും ബാലിശവുമാകുന്നു. ഇതില്‍ ന്യായം കെട്ടി തര്‍ക്കിക്കുവാന്‍ മുതിരുന്നതാകട്ടെ കേവലം പിടിവാശിയോ, അഹങ്കാരമോ, സ്ഥാപിത താല്‌പര്യമോ ആയിരിക്കുന്നതാണ്.'' (പേജ് 162)
ഇതേ ആശയം തന്നെയാണ് ഇസ്‌ലാമിലെ നിദാന ശാസ്‌ത്ര ഗ്രന്ഥങ്ങളിലും കാണാന്‍ കഴിയുന്നത്. മുഹമ്മദ് അബൂസുഹ്‌റ ഉസൂലുല്‍ ഫിഖ്‌ഹ് എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ``ആഹാദിന്റെ ഹദീസ് സത്യമാണെന്നതിന്ന് മുന്‍ഗണന നല്‌കുന്നത് ദൃഢമല്ലാത്ത തെളിവാണ്. അതൊരിക്കലും ഖണ്ഡിതമായ അറിവ് നല്‌കുന്നില്ല. കാരണം അത് നബി(സ)യിലേക്ക് ചെന്നുചേരുന്നതില്‍ സംശയമുണ്ട്.'' (പേജ് 108)
ഇതേ ആശയം തന്നെയാണ് ഇസ്‌ലാമിലെ നിദാന ശാസ്‌ത്ര ഗ്രന്ഥങ്ങളിലും കാണാന്‍ കഴിയുന്നത്. മുഹമ്മദ് അബൂസുഹ്‌റ ഉസൂലുല്‍ ഫിഖ്‌ഹ് എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ``ആഹാദിന്റെ ഹദീസ് സത്യമാണെന്നതിന്ന് മുന്‍ഗണന നല്‌കുന്നത് ദൃഢമല്ലാത്ത തെളിവാണ്. അതൊരിക്കലും ഖണ്ഡിതമായ അറിവ് നല്‌കുന്നില്ല. കാരണം അത് നബി(സ)യിലേക്ക് ചെന്നുചേരുന്നതില്‍ സംശയമുണ്ട്.'' (പേജ് 108)
ഹദീസിന്റെ പരമ്പരയില്‍ സംശയം ഉള്ളതുകൊണ്ട് (അതായത് ഒറ്റ ആള്‍ മാത്രമേ ഓരോ കണ്ണിയിലും ഉള്ളൂ എന്ന കാരണത്താല്‍) പണ്ഡിതന്മാര്‍ പറഞ്ഞു. അതിന്നെതിരായി വേറെ പ്രമാണങ്ങള്‍ ഇല്ലെങ്കില്‍, അതനുസരിച്ചു അമല്‍ ചെയ്യല്‍ നിര്‍ബന്ധമാണ്. പക്ഷെ, വിശ്വാസകാര്യങ്ങളില്‍ (ഏകറാവി റിപ്പോര്‍ട്ട്) സ്വീകാര്യമല്ല. കാരണം വിശ്വാസ കാര്യങ്ങള്‍ ഉറപ്പായ, ശക്തമായ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കണം. ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ ആയാല്‍ പോരാ. ഊഹത്തില്‍ ശരിയുടെ ഭാഗത്തിന്ന് മുന്‍തൂക്കമുണ്ടെങ്കിലും സ്വീകാര്യമല്ല. (ഉസൂലുല്‍ ഫിഖ്‌ഹ്, അബൂസുഹ്‌റ 109)
ഇബ്‌നു ഖുദ്ദാം അല്‍മഖ്‌ദിസി പറയുന്നു: ഏകറാവി റിപ്പോര്‍ട്ടുകൊണ്ട് ഉറപ്പായ അറിവ് ലഭിക്കുമോ എന്ന വിഷയത്തില്‍ നമ്മുടെ ഇമാമില്‍ (അഹ്‌മദ്‌ബ്‌നു ഹന്‍ബല്‍) നിന്ന് വ്യത്യസ്‌ത റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഉറപ്പായ അറിവ് ലഭിക്കുകയില്ലെന്നാണ് (പ്രബലമായി) വന്നത്. ഈ അഭിപ്രായം തന്നെയാണ് നമ്മുടെ (ഹന്‍ബലീ മദ്‌ഹബ്‌കാരുടെ) പൂര്‍വീകരും അല്ലാത്തവരുമായ അധിക പണ്ഡിതന്മാരുടെയും അഭിപ്രായം. നമുക്ക് അധികം ചിന്തിക്കാതെ അനിവാര്യമായ നിലക്ക് മനസ്സിലാക്കാം, നാം കേള്‍ക്കുന്ന എല്ലാ വാര്‍ത്തകളും സത്യമല്ലെന്ന്. കേട്ട വാര്‍ത്ത ഉറപ്പു നല്‌കുമെങ്കിലും (എപ്പോഴും സത്യപ്പെടുത്തുകയില്ല). അങ്ങനെയെങ്കില്‍ വൈരുധ്യമായ രണ്ടു വാര്‍ത്തകള്‍ വരുമായിരുന്നില്ല. കാരണം രണ്ടു വൈരുധ്യങ്ങള്‍ ഒരുമിച്ചു കൂടല്‍ അസംഭവ്യമാണ്. മാത്രമല്ല, (ഏകറാവി റിപ്പോര്‍ട്ട് ഉറപ്പ് നല്‌കുമെങ്കില്‍) അതുകൊണ്ട് ഖുര്‍ആനെയും മുതവാതിറായ ഹദീസിനെയും ദുര്‍ബലപ്പെടുത്താമായിരുന്നു. കാരണം (ഏകറാവി റിപ്പോര്‍ട്ട്) ഉറപ്പായ അറിവ് നല്‌കുമെങ്കില്‍ അതും ഖുര്‍ആനും മുതവാതിറായ ഹദീസും തുല്യമാണെന്ന് പറയേണ്ടി വരും (അതൊരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്) (റൗദ്വത്തുന്നാദ്വിര്‍ ഫിജന്നത്തില്‍ മുനാദ്വിര്‍, പേജ് 52)
മദീനാ യൂണിവേഴ്‌സിറ്റി പ്രഫസറും സലഫി പണ്ഡിതനും മസ്‌ജിദുന്നബവി മുഫ്‌തിയുമായിരുന്ന ശൈഖ് മുഹമ്മദുല്‍ അമീനുബ്‌നുല്‍ മുഖ്‌താറു ശന്‍ഖീത്വി(റ) പറയുന്നു: ഏകറാവി റിപ്പോര്‍ട്ടുകള്‍ ധാരണ മാത്രമേ നല്‌കുന്നുള്ളൂ. ഒരിക്കലും ഉറപ്പായ അറിവ് നല്‌കുന്നില്ലെന്നാണ് നിദാനശാസ്‌ത്ര പണ്ഡിതന്മാരുടെ അഭിപ്രായം. ഈ അഭിപ്രായക്കാരുടെ തെളിവ്, ഏകറാവി റിപ്പോര്‍ട്ടര്‍മാരില്‍ ഏറ്റവും നീതിമാനായ ഒരാള്‍, കളവ് പറയാനും അയാള്‍ക്ക് തെറ്റ് പറ്റാനും സാധ്യതയുണ്ടോ എന്ന് നിന്നോടൊരാള്‍ ചോദിച്ചാല്‍, ഉണ്ട് എന്ന മറുപടി പറയാന്‍ നിര്‍ബന്ധിതനായിത്തീരുന്നതാണ്. അപ്പോള്‍, കളവ് പറയാനും തെറ്റുപറ്റാനും സാധ്യത ഉണ്ടെങ്കില്‍ അയാളുടെ വാക്ക് സത്യമാണെന്ന് ഖണ്ഡിതമായി ഉറപ്പിച്ചു പറയുന്നതിന്ന് യാതൊരര്‍ഥവും ഇല്ല. (മുദക്കിറതു ഉസൂലുല്‍ ഫിഖ്‌ഹ് 102).
ശാഫിഈ മദ്‌ഹബിലെ പ്രഗത്ഭ പണ്ഡിതന്‍ ഇമാം നവവി പറയുന്നു: തീര്‍ച്ചയായും ഭൂരിപക്ഷ പണ്ഡിതന്മാര്‍ പറഞ്ഞു: ബുഖാരി മുസ്‌ലിമിന്റെ മുതവാതിര്‍ അല്ലാത്ത ഹദീസുകള്‍ അവ ഏകറാവി റിപ്പോര്‍ട്ടുകള്‍ ആയതുകൊണ്ട് ധാരണ മാത്രമേ നല്‌കുകയുള്ളൂ. ഏകറാവി റിപ്പോര്‍ട്ടുകള്‍ ധാരണ മാത്രമേ നല്‌കൂ എന്ന വസ്‌തുത സ്ഥിരീകരിക്കപ്പെട്ട കാര്യവുമാണ്. ഈ വിഷയത്തില്‍ ബുഖാരിയും മുസ്‌ലിമും മറ്റു ഹദീസ് ഗ്രന്ഥങ്ങളും തമ്മില്‍ വ്യത്യാസമില്ല. സമുദായം (ബുഖാരിയെയും മുസ്‌ലിമിനെയും) അംഗീകരിച്ച വസ്‌തുത നമുക്ക് മനസ്സിലാക്കിത്തരുന്നത് അതനുസരിച്ചു പ്രവര്‍ത്തിക്കല്‍ നിര്‍ബന്ധമാണ് എന്നാണ്. ഇതൊരു സര്‍വാംഗീകൃത തത്വവുമാണ്. എന്നാല്‍ ബുഖാരി, മുസ്‌ലിം ഒഴികെയുള്ള ഹദീസ് ഗ്രന്ഥങ്ങളില്‍ വന്ന ഏകറാവി റിപ്പോര്‍ട്ടുകള്‍ അതിന്റെ പരമ്പര ശരിയാണെങ്കില്‍ അതനുസരിച്ചും അമല്‍ ചെയ്യല്‍ നിര്‍ബന്ധമാണ്. ഈ ഹദീസുകള്‍ ധാരണ മാത്രമേ നല്‌കുന്നുള്ളൂ. ഇതുപോലെ തന്നെയാണ് ബുഖാരിയും മുസ്‌ലിമും. (മുഖദ്ദിമതു മുസ്‌ലിം, പേജ് 39)
ഡോ. മുസ്‌തഫസ്സിബാഇ പറയുന്നു: നാം മുമ്പ് പ്രസ്‌താവിച്ചപോലെ മൗലികമായ വിഷയങ്ങളിലും അടിസ്ഥാനപരമായ നിയമങ്ങളിലും മാത്രമേ ഖണ്ഡിതമായ അറിവ് ലഭിക്കേണ്ടതുള്ളൂ. മതത്തിന്റെ അടിസ്ഥാനപരമല്ലാത്ത ശാഖാപരമായ കാര്യങ്ങളില്‍ (ഖണ്ഡിതമായ അറിവ്) ആവശ്യമില്ല. അതു പ്രായോഗികവുമല്ല. എന്നാല്‍ ധാരണ മാത്രം നല്‌കുന്ന തെളിവനുസരിച്ചു പ്രവര്‍ത്തിക്കല്‍ നിര്‍ബന്ധവുമാണ്. അങ്ങനെ മാത്രമേ അമല്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഖുര്‍ആന്റെ സ്‌പഷ്‌ടമായ പ്രസ്‌താവനകളെ മനസ്സിലാക്കുന്നതില്‍ പോലും മനുഷ്യബുദ്ധി ഒരേ തരത്തിലല്ലെന്ന് താങ്കള്‍ കാണുന്നില്ലേ? മുജ്‌തഹിദുകളായ പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്‌തമായ അഭിപ്രായങ്ങള്‍ ഉണ്ടാവുന്നതും ഇതുകൊണ്ടാണ്. അവരില്‍ ഒരാളും തന്നെ തന്റെ അഭിപ്രായം ഉറപ്പായും ശരിയാണെന്ന് പറയുന്നില്ല. അതോടുകൂടി ഓരോ മുജ്‌തഹിദും തന്റെ ഇജ്‌തിഹാദനുസരിച്ചു പ്രവര്‍ത്തിക്കല്‍ നിര്‍ബന്ധമാണെന്ന് ഇജ്‌മാഅ് ഉണ്ടായിട്ടുണ്ട്. ഇങ്ങനെ അമല്‍ ചെയ്യുന്നതിന് ധാരണയെ ആസ്‌പദമാക്കുകയല്ലാതെ വേറെ വഴിയില്ല.'' (അസ്സുന്നത്തു വ മകാനതുഹാ 169)
ഇമാം ഇബ്‌നുറുശ്‌ദ് പറയുന്നു: സുന്നത്തില്‍ നാലാമത്തേത് അമല്‍ ചെയ്യല്‍ നിര്‍ബന്ധമായതും എന്നാല്‍ ഖണ്ഡിതമായ അറിവ് നല്‌കാത്തതുമാണ്. അത് ഒരു വിശ്വസ്‌തന്‍ മറ്റൊരു വിശ്വസ്‌തനില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസാണ്. ഇത്തരം ഹദീസുകള്‍ ശറഇന്റെ എല്ലാ വിഭാഗങ്ങളിലും ധാരാളമായി കാണാം. അത് കളവായിരിക്കാന്‍ സാധ്യതയുണ്ടെങ്കിലും (അതനുസരിച്ചു പ്രവര്‍ത്തിക്കല്‍ നിര്‍ബന്ധമാണ്). നീതിമാന്മാരായ രണ്ടു സാക്ഷികളുടെ മൊഴിയനുസരിച്ചു വിധിക്കുന്നത് പോലെയാണത്. അവരുടെ സാക്ഷിത്വം കളവും തെറ്റായ അനുമാനവും ആയിരിക്കാന്‍ സാധ്യതയുള്ളതോടുകൂടി, ആ സാക്ഷിമൊഴി അനുസരിച്ചു വിധി നല്‌കല്‍ നിര്‍ബന്ധമാണ്.'' (അല്‍ മുഖദ്ദിമാതുല്‍ മുംഹിദാത്ത്, 1:17)
ഇമാം ശാഫിഈ പറഞ്ഞതായി അബൂസുഹ്‌റ ഉദ്ധരിക്കുന്നു: പണ്ഡിതന്മാര്‍ മാത്രം കൈകാര്യം ചെയ്യുന്ന ആഹാദിന്റെ ഹദീസ് അത് ആ പണ്ഡിതന്മാരെ അതനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാക്കും. അവര്‍ക്കതിനെ തള്ളിക്കളയാന്‍ പറ്റുകയില്ല. നീതിമാനായ ഒരാളുടെ മൊഴി തള്ളിക്കളയാന്‍ പറ്റാത്തതുപോലെ. പക്ഷെ, ഹദീസ് ഒറ്റയൊറ്റ വ്യക്തികളുടെ വഴിയില്‍ കൂടി വന്നതിനാല്‍ അതില്‍ ആരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ നീ പശ്ചാത്തപിക്കണമെന്നയാളോട് നാം പറയുകയില്ല. എങ്കിലും നാം അയാളോട് പറയും: സാക്ഷിക്ക് തെറ്റ് പറ്റാന്‍ സാധ്യത ഉണ്ടെങ്കിലും താങ്കള്‍ക്ക് നീതിമാനായ സാക്ഷിയുടെ മൊഴി അനുസരിച്ചു വിധി പറയാതിരിക്കാന്‍ സാധിക്കുകയില്ല. താങ്കള്‍ പ്രത്യക്ഷത്തില്‍ അയാളുടെ സത്യസന്ധത കണക്കിലെടുത്തു വിധിപറയേണ്ടതാണ്. (അല്‍ഇമാമുശ്ശാഫിഇ, പേജ് 225)
റിപ്പോര്‍ട്ടര്‍മാര്‍ക്ക് തെറ്റ് പറ്റാനുള്ള സാധ്യതയെപ്പറ്റി അലിയ്യുബ്‌നു അബീത്വാലിബില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ടു നിസാമുദ്ദീനുശ്ശാസി ഉദ്ധരിക്കുന്നു: അലിയ്യുബ്‌നു അബീത്വാലിബ് റിപ്പോര്‍ട്ട്: അദ്ദേഹം പറഞ്ഞു: റിപ്പോര്‍ട്ടര്‍മാര്‍ മൂന്നു തരക്കാരാണ്.
1) വിശ്വാസിയായ ആത്മാര്‍ഥതയുള്ള വ്യക്തി: അദ്ദേഹം നബി(സ)യുടെ കൂടെ സഹവസിച്ചു അദ്ദേഹത്തിന് വാക്കിന്റെ അര്‍ഥം ശരിക്കും മനസ്സിലായി.
2) ഒരു ഗോത്രത്തില്‍ നിന്നുവന്ന ഒരു ഗ്രാമീണ അറബി: അദ്ദേഹം നബി(സ)യില്‍ നിന്ന് ചിലതെല്ലാം കേട്ടു. അദ്ദേഹത്തിന്റെ വാക്കുകളുടെ യഥാര്‍ഥ ഉദ്ദേശ്യം മനസ്സിലാക്കിയിട്ടില്ല. പിന്നെ അയാള്‍ അയാളുടെ ഗോത്രത്തില്‍ തിരിച്ചെത്തി. റസൂല്‍(സ) മൊഴിയാത്ത വാക്കുകളിലൂടെ അയാള്‍ കേട്ട കാര്യം റിപ്പോര്‍ട്ടു ചെയ്‌തു. അങ്ങനെ ആശയത്തിന് മാറ്റം വന്നു. അയാള്‍ വിചാരിച്ചത് ആശയത്തിന് ഒരു മാറ്റവും വരുകയില്ലെന്നാണ്.
3) കപടവിശ്വാസി: അയാളുടെ കാപട്യം ജനങ്ങളില്‍ അറിയപ്പെട്ടിട്ടില്ല. അയാള്‍ കേള്‍ക്കാത്ത കാര്യം റിപ്പോര്‍ട്ട് ചെയ്‌തു നബി(സ)യുടെ പേരില്‍ കളവ് പറഞ്ഞു. അയാളില്‍ നിന്ന് ജനങ്ങള്‍ കേട്ടു. അയാള്‍ യഥാര്‍ഥ വിശ്വാസിയാണെന്നു ജനങ്ങള്‍ ധരിച്ചു. അങ്ങനെ ആ സംഭവം ജനങ്ങളില്‍ പ്രസിദ്ധമായി. ഇത്തരം കാരണങ്ങളാല്‍ ഹദീസുകള്‍ ഖുര്‍ആനുമായും പ്രസിദ്ധമായ ഹദീസുമായും ഒത്തുനോക്കേണ്ടതുണ്ട്. (അല്‍ ഉസൂലുശ്ശാസി, 1:21)
മേല്‍പറഞ്ഞ രൂപത്തിലെല്ലാം ഏകറാവി റിപ്പോര്‍ട്ടുകളില്‍ തെറ്റുകളും അബദ്ധങ്ങളും സംഭവിക്കാന്‍ സാധ്യതകള്‍ ധാരാളമുണ്ട്. ഏതു ഹദീസാണെങ്കിലും ഖുര്‍ആന്റെ ആശയത്തോട് വിയോജിച്ചു വന്നാല്‍ സ്വീകാര്യമല്ല. ഇതു ഹദീസിനെ ചെറുതായി കാണുകയല്ല. വിശുദ്ധ ഖുര്‍ആന്റെ മഹത്വത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ് എന്നാണ് നാലാം ഖലീഫ അലി(റ) പറഞ്ഞത്. അതിനാല്‍ ഏകറാവി റിപ്പോര്‍ട്ടില്‍ നിന്നു കിട്ടുന്ന അറിവ് ഖുര്‍ആനില്‍ നിന്നും മുതവാതിര്‍ ആയ ഹദീസില്‍ നിന്നും കിട്ടുന്ന അറിവുപോലെയല്ല. അത് സംശയാസ്‌പദമാണ്.
തീര്‍ച്ചയായും ഏകറാവി ഉദ്ധരിക്കുന്ന ഹദീസില്‍ കളവും അബദ്ധവും മറവിയും സംഭവിക്കാനുള്ള സാധ്യതകള്‍ ഏറെയുണ്ട്. അക്കാരണത്താല്‍ ഏകറാവി റിപ്പോര്‍ട്ട് കൊണ്ടു ഉറപ്പു ലഭിക്കുകയില്ല. (അത്തബ്‌സിറതു ഫീ ഉസൂലില്‍ ഫിഖ്‌ഹ് 1:298, അബൂഇസ്‌ഹാഖു ഇബ്‌റാഹീമു ശീറാസി).
നാട്ടില്‍ നടന്ന ഒരു വലിയ സംഭവം ഏകറാവി റിപ്പോര്‍ട്ട് ചെയ്‌തു. എന്നാല്‍ സാധാരണ നിലക്ക് ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ജനങ്ങള്‍ അറിയേണ്ടതാണ്. ഇത്തരം സംഭവം ജനങ്ങളില്‍ പ്രചാരത്തില്‍ വരാതെ ഏകറാവി റിപ്പോര്‍ട്ട് ചെയ്‌താല്‍ അത് കളവാണെന്ന് വ്യക്തമാണ്. (അല്‍ ബുര്‍ഹാന്‍ ഫീ ഉസൂലില്‍ ഫിഖ്‌ഹ് 1:224). ഈ അടിസ്ഥാനത്തില്‍ നബി(സ)ക്ക് സിഹര്‍ ബാധിച്ചു എന്ന ഹദീസിനെ പറ്റി ചിന്തിച്ചുനോക്കുക. സത്യം വേഗം മനസ്സിലാകും.
ഹുജ്ജത്തുല്‍ ഇസ്‌ലാം അബൂഹാമിദുല്‍ ഗസ്സാലി പറയുന്നു: ഏകറാവി റിപ്പോര്‍ട്ടര്‍ ഉറപ്പായ അറിവ് നല്‌കുന്നില്ല എന്നത് അധികം ചിന്തിക്കാതെ തന്നെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. (അല്‍മുസ്‌തസ്വ്‌ഫാ 1:116)
ഒരാളുടെ വാര്‍ത്തകൊണ്ട് ഉറപ്പ് ലഭിക്കുമോ? ചില ഹദീസ് പണ്ഡിതന്മാര്‍ ഉറപ്പ് ലഭിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് അസംഭവ്യമാണ്. ബുദ്ധിപരമായി ചിന്തിച്ചാലും ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ചിന്തിച്ചാലും ഒരാളുടെ മാത്രം വാക്ക് സത്യമാണെന്ന് മനസ്സിലാക്കാന്‍ സാധ്യമല്ല. ഒരാള്‍ക്ക് കളവ് പറയാമെങ്കില്‍ അയാളുടെ വാക്ക് പൂര്‍ണമായും സത്യമാണെന്നെങ്ങനെ മനസ്സിലാക്കും. (ഗസ്സാലി, അല്‍മന്‍ഖൂല്‍ 1:341)
ഏകറാവി റിപ്പോര്‍ട്ട് അനുസരിച്ചു പ്രവര്‍ത്തിക്കല്‍ അനിവാര്യമാണ്. എന്നാല്‍ അതൊരിക്കലും ഉറപ്പായ അറിവ് നല്‌കുന്നില്ല. അതായത് ഉറപ്പ് നല്‌കുന്ന അറിവും മനസ്സമാധാനം നല്‌കുന്ന അറിവും ഒരിക്കലും ലഭിക്കുന്നില്ല. ഇതാണ് ഭൂരിപക്ഷ പണ്ഡിതന്മാരുടെയും ഒരു കൂട്ടം ഫുഖഹാക്കളുടെയും അഭിപ്രായം. (കശ്‌ഫുല്‍ അസ്‌റാര്‍, ഉസൂലുല്‍ ബസ്‌ദവി 2:30)
ബുഖാരി മുസ്‌ലിമിന്റെ ഹദീസിനെ പറ്റി സൂക്ഷ്‌മമായി പറഞ്ഞാല്‍ അത് അധികവും സത്യമാവാന്‍ സാധ്യതയുള്ള ദൃഢമല്ലാത്ത അറിവ് നമുക്ക് നല്‌കുന്നു. കാരണം, ഹദീസിനെ സൂക്ഷ്‌മമായി വിലയിരുത്തുന്നതിലും റിപ്പോര്‍ട്ടര്‍മാരെ നിരൂപണം ചെയ്യുന്നതിലും ശക്തമായി പരിശ്രമിക്കുന്നവരായിരുന്നു അവര്‍. എന്നാല്‍ ബുഖാരി മുസ്‌ലിമിന്റെ ഹദീസ് ഉറപ്പായ അറിവ് നല്‌കുമെന്ന് ആഗ്രഹിക്കുകയേ വേണ്ട (സുലൈമാന്‍ബ്‌നു അബ്‌ദുല്‍ഖവിയ്യ് തൂഫി, ശറഹുല്‍ മുഖ്‌തസിദ റൗദ്വ 1:111)
ഏകറാവി റിപ്പോര്‍ട്ടുകള്‍ സ്വന്തം നിലക്ക് ഉറപ്പായ അറിവ് നല്‌കുന്നില്ല. (ഇമാം ശൗക്കാനി, ഇര്‍ശാദുല്‍ഫുഹൂല്‍ 1:133)
ഏകറാവി റിപ്പോര്‍ട്ടുകൊണ്ട് അറിവ് കിട്ടുന്നതിനെപ്പറ്റി ഇമാം അഹ്‌മദുബ്‌നു ഹന്‍ബലിന് രണ്ടഭിപ്രായമുണ്ട്. അതില്‍ ഒരഭിപ്രായം ഉറപ്പായ അറിവ് ലഭിക്കുകയില്ല എന്നതാണ്. ഇതാണ് തന്റെ അനുയായികളില്‍ അധിക പണ്ഡിതന്മാരുടെയും പില്‍ക്കാല പണ്ഡിതന്മാരുടെയും അഭിപ്രായം. തൂഫി പറഞ്ഞു: ഇതാണ് ഏറ്റവും വ്യക്തമായ അഭിപ്രായം (ഇബ്‌നു ബദറാന്‍, അല്‍മദ്‌ഖല്‍ ഇലാ മദ്‌ഹബില്‍ ഇമാം അഹ്‌മദ്‌ബ്‌നു ഹന്‍ബല്‍ 1:204)
ആധുനികരും പൂര്‍വികരുമായ പണ്ഡിതന്മാരുടെ അഭിപ്രായങ്ങളാണ് നാം ഉദ്ധരിച്ചത്. ഈ ഉദ്ധരണികളില്‍ നിന്ന് എത്തിച്ചേരാവുന്ന നിഗമനം ഇതാണ്: ഏകറാവി റിപ്പോര്‍ട്ടുകള്‍ ദീനിന്റെ അടിസ്ഥാനപരമായ കാര്യങ്ങളിലും വിശ്വാസകാര്യങ്ങളിലും പ്രമാണപരമായി അംഗീകരിക്കാന്‍ പറ്റുകയില്ല. എന്നാല്‍ കര്‍മപരമായ കാര്യങ്ങളിലും അടിസ്ഥാനപരമല്ലാത്ത കാര്യങ്ങളിലും അവ സ്വീകരിക്കല്‍ നിര്‍ബന്ധമാണ്.
എല്ലാ കാര്യങ്ങളിലും നൂറു ശതമാനം ഉറപ്പ് വരുത്തിയ ശേഷമേ സ്വീകരിക്കാവൂ എന്ന് വന്നാല്‍ ജനങ്ങളുടെ സാമൂഹ്യജീവിതം താറുമാറാവും. ഒരു പണ്ഡിതന്റെ ഫത്‌വ അനുസരിച്ചു പ്രവര്‍ത്തിക്കുന്നത് അത് പൂര്‍ണമായും സത്യമാണെന്ന് ഉറപ്പ് വരുത്തിയ ശേഷമല്ല. ഈ പണ്ഡിതന്റെ അഭിപ്രായമാണ് ഈ വിഷയത്തല്‍ ശരിയോടടുത്തത് എന്നു തോന്നിയതു കൊണ്ടാണ്. പക്ഷേ, അദ്ദേഹത്തിന്റെ നിഗമനത്തില്‍ അബദ്ധങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇതുപോലെ രണ്ടു സാക്ഷികളുടെ മൊഴി അനുസരിച്ചു ജഡ്‌ജി വിധി പറയുന്നത് സാക്ഷിമൊഴി പൂര്‍ണമായും സത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷമല്ല. സത്യമാണെന്ന് ഉറപ്പ് ലഭിച്ച ശേഷമേ വിധി പറയൂ എന്നു വന്നാല്‍ ജനങ്ങളുടെ സാമൂഹ്യജീവിതം തകര്‍ന്നുപോകുകയും അരക്ഷിതാവസ്ഥ നിലവില്‍ വരികയും ചെയ്യും. സാക്ഷികള്‍ കളവ് പറഞ്ഞാല്‍, കുറ്റം അവര്‍ക്ക് മാത്രമാണ്. അതനുസരിച്ചു വിധി പറഞ്ഞ ഖാസി തന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുകയാണ് ചെയ്‌തത്.
നബി(സ)യുടെ മുന്നില്‍ വന്ന പല കേസുകളിലും അവിടുന്ന് വിധി പ്രസ്‌താവിച്ചത് സാക്ഷികളുടെ മൊഴിയെ അടിസ്ഥാനപ്പെടുത്തിയാണ്. സാക്ഷികളുടെ മൊഴി സത്യമാണെന്ന് ഉറപ്പു വരുത്തിയ ശേഷമല്ല നബി(സ) വിധി പ്രസ്‌താവിച്ചത്. കള്ളമായ മൊഴികളിലൂടെ മറ്റുള്ളവരുടെ അവകാശം തട്ടിയെടുക്കുന്നവരെ അവിടുന്ന് ശക്തമായി താക്കീത് നല്‌കുകയും ചെയ്‌തു.
ഉമ്മുസലമ റിപ്പോര്‍ട്ടു ചെയ്യുന്നു: നബി(സ) പറഞ്ഞു: തീര്‍ച്ചയായും ഞാനൊരു മനുഷ്യനാണ്. എന്റെ അടുത്തു തര്‍ക്കിച്ചുവരുന്ന നിങ്ങളില്‍ ചിലര്‍ മറ്റുള്ളവരെക്കാള്‍ തന്റെ വാദം സമര്‍ഥിക്കാന്‍ വാചാലത ഉള്ളവരായിരിക്കും. ഞാന്‍ കേട്ടതനുസരിച്ചാണ് വിധിക്കുക. തന്റെ സഹോദരന്റെ അവകാശത്തില്‍ പെട്ട വല്ലതും എന്റെ വിധിയിലൂടെ ഞാന്‍ വേറൊരാള്‍ക്ക് പതിച്ചുകൊടുത്താല്‍ അവന്‍ സ്വീകരിക്കരുത്. തീര്‍ച്ചയായും അത് നരകത്തിന്റെ ഒരു കഷ്‌ണമാണെന്ന് മനസ്സിലാക്കിക്കൊള്ളുക. (ബുഖാരി, മുസ്‌ലിം)
ഇതാണ് വിധിപ്രസ്‌താവിക്കുന്നവരുടെ അവസ്ഥ. സാക്ഷിമൊഴി തെറ്റായിരിക്കാം. അല്ലെങ്കില്‍ ശരിയായിരിക്കാം. വിധി കര്‍ത്താവിന് അത് തിരിച്ചറിയാനും തീര്‍ച്ചപ്പെടുത്താനും ഒരിക്കലും കഴിയുകയില്ല. അല്ലാഹുവിനും സാക്ഷി പറയുന്നവര്‍ക്കും മാത്രമേ അതറിയൂ. എന്നാലും സാക്ഷിമൊഴി സത്യമാണെന്ന ധാരണയില്‍ വിധികല്‌പിക്കല്‍ ഖാസിയുടെ കടമയാണ്. സാക്ഷിമൊഴിയുടെ സത്യാവസ്ഥ മനസ്സിലായ ശേഷമേ വിധി പ്രസ്‌താവിക്കുകയുള്ളൂ എന്നു വന്നാല്‍, ജനങ്ങളുടെ സാമൂഹ്യ ജീവിതത്തിലെ ഭദ്രതയും കെട്ടുറപ്പും തകര്‍ന്നു നാട്ടില്‍ അരക്ഷിതാവസ്ഥ വ്യാപകമാകും. ഇതേ അവസ്ഥ തന്നെയാണ് ഏകറാവി റിപ്പോര്‍ട്ട് സ്വീകരിച്ച് അമല്‍ ചെയ്യുന്നിടത്തും സംഭവിക്കുന്നത്. അതിനാല്‍ ഏകറാവിയായ ഹദീസിന്റെ റിപ്പോര്‍ട്ടമാര്‍ സത്യസന്ധരാണെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കല്‍ നിര്‍ബന്ധമാണ്. അതു മാത്രമേ നമുക്ക് സാധിക്കുകയുള്ളൂ.
ഖണ്ഡിതമായ തെളിവിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കര്‍മങ്ങള്‍ ചെയ്യുകയുള്ളൂ എന്നു വന്നാല്‍ പിന്നെ ഒരു കര്‍മവും ചെയ്യാന്‍ സാധിക്കുകയില്ല. നേരെ മറിച്ച് വിശ്വാസ കാര്യങ്ങള്‍ അങ്ങനെയല്ല. അത് അനിഷേധ്യവും ഖണ്ഡിതവുമായിരിക്കേണ്ടതാണ്. അല്ലാഹുവിലുള്ള വിശ്വാസം, മലക്കുകളിലുള്ള വിശ്വാസം, പ്രവാചകന്മാരിലുള്ള വിശ്വാസം, അല്ലാഹുവിന്റെ ഗ്രന്ഥങ്ങളിലുള്ള വിശ്വാസം, പരലോകം, നരകം, സ്വര്‍ഗം, വിചാരണ പോലെയുള്ള അടിസ്ഥാനപരമായ വിശ്വാസ കാര്യങ്ങള്‍ ഖുര്‍ആന്‍ കൊണ്ടോ മുതവാതിര്‍ ആയ ഹദീസുകൊണ്ടോ സ്ഥിരപ്പെടേണ്ടതാണ്. ഇതാണ് ബഹഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായം.
0 comments: