അഭൗതിക ശക്തി അല്ലാഹു മാത്രമോ?

  • Posted by Sanveer Ittoli
  • at 3:23 AM -
  • 3 comments

അഭൗതിക ശക്തി അല്ലാഹു മാത്രമോ?


നെല്ലുംപതിരും -

എ അബ്‌ദുസ്സലാം സുല്ലമി


അഭൗതിക ശക്തിയായി ഏകനായ അല്ലാഹു മാത്രമേയുള്ളൂ.'' (അല്‍ഇസ്വ്‌ലാഹ്‌ മാസിക -മാര്‍ച്ച്‌, പേജ്‌ 19).
അഭൗതികവും അദൃശ്യവുമായ ശക്തി അല്ലാഹു മാത്രമാണ്‌. മലക്കുകളും ജിന്നുകളും ദൃശ്യവും ഭൗതികവുമായ അല്ലാഹുവിന്റെ സൃഷ്‌ടികളാണ്‌. വിജനമായ പ്രദേശത്ത്‌ അകപ്പെട്ട മനുഷ്യന്‍ ജിന്നുകളെയും മലക്കുകളെയും വിളിച്ച്‌ സഹായം തേടിയാല്‍ ആ സഹായതേട്ടം ശിര്‍ക്കല്ലെന്ന്‌ സ്ഥാപിക്കാന്‍ ജിന്നുവാദികള്‍ കണ്ടുപിടിച്ച പുതിയ ആദര്‍ശമാണിത്‌. മലക്കുകളെ പ്രകാശത്തില്‍ നിന്നും ജിന്നുകളെ അഗ്നിയില്‍ നിന്നുമാണ്‌ സൃഷ്‌ടിച്ചത്‌. പ്രകാശവും അഗ്നിയും ദൃശ്യവും ഭൗതികവുമായ വസ്‌തുക്കളാണ്‌. അതിനാല്‍ ഇവയില്‍ നിന്ന്‌ സൃഷ്‌ടിക്കപ്പെട്ട മലക്കുകളും ജിന്നുകളും ദൃശ്യവും ഭൗതികവുമാണ്‌. ഇതാണ്‌ ഈ വിഭാഗത്തിന്റെ കണ്ടുപിടുത്തം.
മലക്കുകളെ പ്രകാശത്തില്‍ നിന്നും ജിന്നുകളെ അഗ്നിയില്‍ നിന്നുമാണ്‌ സൃഷ്‌ടിച്ചത്‌ എന്ന അറിവ്‌ പോലും അദൃശ്യവും അഭൗതികവുമായ അറിവാണ്‌. അദൃശ്യം, അഭൗതികം എന്നതിന്റെ ഉദ്ദേശ്യം എന്താണെന്ന്‌ ഗ്രഹിക്കാത്തതുകൊണ്ടാണ്‌ ഇത്തരം വിഡ്‌ഢിത്തം എഴുതിവിടുന്നത.്‌ അതിനാല്‍ ആദ്യമായി അദൃശ്യം, അഭൗതികം എന്നതിന്റെ ഉദ്ദേശ്യം നമുക്ക്‌ മനസ്സിലാക്കാം.
1). അവര്‍ അദൃശ്യത്തില്‍ വിശ്വസിക്കുന്നവരാണ്‌ (അല്‍ബഖറ 3) ഈ സൂക്തത്തെ വിശദീകരിച്ചുകൊണ്ട്‌ അമാനി മൗലവി എഴുതുന്നു: ഗ്വയ്‌ബില്‍ വിശ്വസിക്കുക എന്നതുകൊണ്ടു ഉദ്ദേശ്യം അല്ലാഹുവിന്റെ സത്ത, മലക്കുകള്‍, പരലോക വിചാരണ, സ്വര്‍ഗം, നരകം, ഖബറിലെ അനുഭവങ്ങള്‍ ആദിയായ ബാഹ്യേന്ദ്രിയങ്ങള്‍ വഴിയോ ആന്തരേന്ദ്രിയങ്ങള്‍ വഴിയോ, അല്ലെങ്കില്‍ ബുദ്ധികൊണ്ടോ സ്വയം കണ്ടെത്താന്‍ കഴിയാത്തതും വേദഗ്രന്ഥങ്ങളുടെയും പ്രവാചകന്‍മാരുടെയും പ്രസ്‌താവനകള്‍ കൊണ്ടു മാത്രം അറിയാന്‍ കഴിയുന്നതുമായ കാര്യങ്ങളാകുന്നു.'' (വിശുദ്ധ ഖുര്‍ആന്‍ വിവരണം 1:124)
മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടും അവയുടെ ശക്തിയെ വികസിപ്പിക്കുന്ന ആധുനികമായ യന്ത്രങ്ങള്‍ കൊണ്ടും കണ്ടുപിടിക്കാന്‍ സാധ്യമല്ലാത്തതും വേദ ഗ്രന്ഥങ്ങളുടെയും പ്രവാചകന്മാരുടെയും പ്രസ്‌താവനകള്‍ കൊണ്ടുമാത്രം അറിയാന്‍ കഴിയുന്നതുമായ കാര്യങ്ങള്‍ക്കാണ്‌ അദൃശ്യം അല്ലെങ്കില്‍ അഭൗതികം എന്നു പറയുന്നത്‌. മലക്കുകളുടെയും ജിന്നുകളുടെയും അസ്‌തിത്വം ഇപ്രകാരം മാത്രം മനസ്സിലാക്കാന്‍ സാധിക്കുന്നവയില്‍ ഉള്‍പ്പെട്ടതാണ്‌.
2). ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ ഇമാം എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഇബ്‌നുജരീര്‍(റ) അദൃശ്യത്തില്‍ വിശ്വസിക്കുക എന്നതിന്റെ ഉദ്ദേശ്യത്തില്‍ സ്വര്‍ഗം, നരകം, അല്ലാഹു, മലക്കുകള്‍ മുതലായവ ഉള്‍പ്പെടുമെന്ന്‌ സ്വഹാബിമാരില്‍ നിന്നും അവരെ കണ്ടുമുട്ടിയവരില്‍ നിന്നും ഉദ്ധരിച്ച്‌ സ്ഥിരപ്പെടുത്തുന്നു. (ഇബ്‌നുജരീര്‍ 1:166,167)
3). തഫ്‌സീര്‍ ഇബ്‌നുകസീറില്‍ അദൃശ്യം എന്നതില്‍ അല്ലാഹു, മലക്കുകള്‍, സ്വര്‍ഗം, നരകം മുതലായവ ഉള്‍പ്പെടുമെന്ന്‌ എഴുതിയ ശേഷം പറയുന്നു: ഇവയെല്ലാം തന്നെ അദൃശ്യമായവയാണ്‌. (ഇബ്‌നുകസീര്‍ 1:58)
4). ഇമാം ശൗക്കാനി(റ) അദൃശ്യത്തില്‍ അല്ലാഹുവും മലക്കുകളും ഉള്‍പ്പെടുമെന്നു എഴുതുന്നു. (ഫത്‌ഹുല്‍ഖദീര്‍ 1:44)
5). ഇമാം റാസി(റ) മലക്കുകള്‍ അദൃശ്യശക്തിയാണെന്ന്‌ എഴുതുന്നു (റാസി 1:32)
6). ഇമാം റശീദുറിദാ(റ) എഴുതുന്നു: അല്ലാഹുവിന്റെ സത്തയും മലക്കുകളും അദൃശ്യത്തില്‍ ഉള്‍പ്പെടുന്നവരാണ്‌. (തഫ്‌സീറുല്‍ മനാര്‍ 1:126)
ചുരുക്കത്തില്‍ മലക്കുകള്‍ അദൃശ്യകാര്യങ്ങളില്‍ അഥവാ ഗൈ്വബില്‍ ഉള്‍പ്പെടുമെന്നാണ്‌ മുകളില്‍ കൊടുത്ത വിശുദ്ധ ഖുര്‍ആന്‍ തഫ്‌സീറുകളുടെ വ്യക്തമായ അഭിപ്രായം. 
ജിന്നുകളെപ്പറ്റി മുഫസ്സിറുകള്‍ എന്തുപറയുന്നു എന്നു നോക്കാം. ജിന്നുകളെക്കുറിച്ച്‌ അമാനി മൗലവി എഴുതുന്നു: എല്ലാവര്‍ക്കും സുപരിചിതമായ രണ്ട്‌ വാക്കുകളാണ്‌ ജിന്നും ശൈത്വാനും. നമ്മുടെ ബാഹ്യദൃഷ്‌ടിക്ക്‌ അതീതമായ ഒരുതരം അദൃശ്യസൃഷ്‌ടികളാണ്‌ അവരെന്ന്‌ പരക്കെ അറിയപ്പെട്ടതാണ്‌. (വിശുദ്ധ ഖുര്‍ആന്‍ വിവരണം 2:169)
സൂറതു ഹിജ്‌റിന്റെ വ്യാഖ്യാനക്കുറുപ്പില്‍ അദ്ദേഹം വീണ്ടും എഴുതുന്നു: മനുഷ്യരെ സംബന്ധിച്ചിടത്തോളം ജിന്നുവര്‍ഗവും മലക്കുകളും ഒരുപോലെ അദൃശ്യങ്ങളാണ്‌. ചില നിഘണ്ടുക്കളില്‍ ജിന്ന്‌ എന്നതിന്‌ മലക്കുകളും കൂടി ഉള്‍പ്പെടുന്ന അര്‍ഥം നല്‌കിയിട്ടുണ്ട്‌ (2:1681)
മലക്കുകള്‍, ജിന്നുകള്‍ എന്നീ വിഭാഗങ്ങള്‍ സൃഷ്‌ടിയില്‍ തന്നെ അദൃശ്യമായിട്ടാണ്‌ (ഗൈ്വബ്‌) ഉള്ളത്‌. വഹ്‌യിലൂടെ മാത്രമേ മനുഷ്യര്‍ക്ക്‌ അവരുടെ അസ്‌തിത്വത്തെപ്പറ്റിയുള്ള വിവരം പോലും ലഭിക്കുകയുള്ളൂ. എന്നാല്‍ പ്രകൃത്യാ അദൃശ്യലോകത്തെ ജീവിയല്ലാത്ത, ഭൗതികജീവിയായ, മനുഷ്യനു തന്നെ അഭൗതികമായ അവസ്ഥയുണ്ടാകും. കാര്യകാരണ ബന്ധങ്ങള്‍ക്കു വിധേയമായി എത്തിച്ചേരാന്‍ കഴിയുന്ന പരിധിക്കപ്പുറമായതുകൊണ്ടോ മരണപ്പെട്ടതുകൊണ്ടോ ഇതു സംഭവിക്കാം.
മനുഷ്യന്‍ വരെ അദൃശ്യനായിത്തീരുന്നതും അദൃശ്യനായ മനുഷ്യന്‍ ജീവിച്ചിരിക്കുന്നവനാണെങ്കിലും അവനെ വിളിച്ച്‌ സഹായം തേടുന്നതു ശിര്‍ക്കും കുഫ്‌റുമായിത്തീരുന്നതുമാണ്‌. ചില ഉദാഹരണത്തിലൂടെ ഇത്‌ വിശദീകരിക്കാം.
1). മദീനയില്‍ ജീവിച്ചിരുന്ന മുഹമ്മദ്‌ നബി(സ) മക്കയില്‍ ജീവിച്ചിരുന്ന സ്വഹാബിമാരെ സംബന്ധിച്ച്‌ അദൃശ്യനായിരുന്നു. ഇതുകൊണ്ടാണ്‌ പല പീഡനത്തിന്‌ വിധേയരായിട്ടും മുഹമ്മദ്‌ നബി(സ)യെയും മലക്കുകളെയും ജിന്നുകളെയും വിളിച്ച്‌ അവര്‍ സഹായം തേടാതെ അല്ലാഹുവിനെ മാത്രം വിളിച്ച്‌ സഹായം തേടിയത്‌.
2). സ്വഹാബിമാരില്‍ ഒരാളും നബി(സ)യുടെ സദസ്സില്‍ വരാതെ അദൃശ്യനായ നിലക്ക്‌ നബി(സ)യോട്‌ എന്തെങ്കിലും സഹായം തേടിയത്‌ ഉദ്ധരിക്കപ്പെടുന്നില്ല. നബി(സ)യുടെ സദസ്സില്‍ വന്നു സഹായം തേടിയത്‌ ധാരാളമായി ഉദ്ധരിക്കപ്പെടുകയും ചെയ്യുന്നു.
3). ഒരാള്‍ ഒരു ഡോക്‌ടറെ സമീപിച്ചോ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ടോ എന്റെ രോഗത്തിന്‌ ശമനം ഉണ്ടാക്കിത്തരണമെന്ന്‌ ആവശ്യപ്പെട്ടാല്‍ അത്‌ ഇസ്‌ലാം അനുവദിച്ചതാണ്‌. എന്നാല്‍ ഡോക്‌ടറുടെ സമീപത്ത്‌ വരികയോ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യാതെ ഡോക്‌ടറെ വിളിച്ച്‌ ഇപ്രകാരം ആശ്യപ്പെട്ടാല്‍ അവന്‍ വിഗ്രഹാരാധകനായി. കാരണം അദൃശ്യനായ ഡോക്‌ടറെയാണ്‌ അയാള്‍ വിളിച്ച്‌ സഹായം തേടുന്നത്‌.
ഒരാള്‍ വെള്ളത്തിലൂടെ ഒഴുകിപ്പോകുകയാണ്‌. മലക്കും ജിന്നും ഭൗതിക സൃഷ്‌ടികളാണെങ്കില്‍ അയാള്‍ അവരെ വിളിച്ച്‌ സഹായം തേടിയാല്‍ ഈ സഹായത്തേട്ടം ഹറാമും ശിര്‍ക്കുമാകുന്നില്ല. നിര്‍ബന്ധമായ സഹായതേട്ടവുമായിരിക്കും. ഒരാളുടെ വാഹനം നിയന്ത്രണം വിട്ട്‌ അപകടത്തിലേക്കു നീങ്ങുകയാണ്‌. മലക്കുകളും ജിന്നുകളും ഭൗതിക സൃഷ്‌ടികളാണെങ്കില്‍ ഇയാള്‍ മലക്കുകളെയും ജിന്നുകളെയും വിളിച്ച്‌ സഹായം തേടിയാല്‍ ഈ സഹായതേട്ടം ഹറാമോ ശിര്‍ക്കിലേക്കുള്ള വഴിയോ ആകുന്നില്ല. പ്രത്യുത അനിവാര്യമായ സഹായതേട്ടമാകുകയാണ്‌ ചെയ്യുക. സഹായം തേടാത്ത പക്ഷം ഇയാള്‍ ആത്മഹത്യ ചെയ്‌തതിന്‌ തുല്യനാവുകയാണ്‌ ചെയ്യുക.
മലക്കുകളും ജിന്നുകളും അദൃശ്യവും അഭൗതികവുമായ സൃഷ്‌ടികളായാല്‍ അല്ലാഹുവിന്റെ വിശേഷണങ്ങള്‍ ഇവര്‍ക്കും ഉണ്ടായിരിക്കണമെന്ന്‌ വാദിക്കുന്നത്‌ ജിന്നുവാദികളുടെ മറ്റൊരു വിവരക്കേടാണ്‌. മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടോ ഉപകരണങ്ങള്‍ കൊണ്ടോ ബുദ്ധികൊണ്ടോ മനുഷ്യന്‌ കണ്ടെത്താന്‍ സാധിക്കാത്തതും പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും പ്രസ്‌താവിച്ചതിന്റെ അടിസ്ഥാനത്തില്‍ മാത്രം നാം വിശ്വസിക്കുകയും ചെയ്യുന്ന സൃഷ്‌ടികള്‍ എന്ന്‌ മാത്രമാണ്‌ മലക്കുകളും ജിന്നുകളും അദൃശ്യവും അഭൗതികവുമായ സൃഷ്‌ടികളാണ്‌ എന്ന്‌ പറയുമ്പോള്‍ നാം ഉദ്ദേശിക്കുന്നത്‌. മാത്രമല്ല, അല്ലാഹു മലക്കുകളെയും ജിന്നുകളെയും പോലെ ഒരു സൃഷ്‌ടിയുമല്ല. അല്ലാഹുവിനെ അദൃശ്യവും അഭൗതികവുമായ സൃഷ്‌ടിയെന്ന്‌ ശിര്‍ക്കില്‍ മുഖം കുത്തിവീണ ജിന്നുവാദികള്‍ മാത്രമേ പറയുകയുള്ളൂ. അല്ലാഹു സൃഷ്‌ടികര്‍ത്താവാണ്‌. അവന്‍ പരിധികള്‍ നിശ്ചയിച്ച്‌ സൃഷ്‌ടിച്ച അദൃശ്യവും അഭൗതികവുമായ സൃഷ്‌ടികളാണ്‌ മലക്കുകളും ജിന്നുകളും. ഇവരെ വിളിച്ച്‌ എന്തു സഹായം തേടിയാലും അത്‌ അഭൗതികമായ സഹായ തേട്ടമായതിനാല്‍ ശിര്‍ക്കും കുഫ്‌റുമാണ്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

3 അഭിപ്രായങ്ങൾ:

  1. ജിന്ന് അഭൗതികം ആണ് എന്നതിന്... തെളിവ് നൽകാമോ...ഇതിൽ... ഉള്ളത്.. മലക്കും.. അല്ലാഹുവും ഒക്കെ..അഭൗതികം എന്നാണ്.. ആരെങ്കിലും... അഹ്ലു സുന്നയുടെ പണ്ഡിതന്മാർ ജിന്നിനെ കുറിച്ചും അവരുടെ അസ്തിത്വത്തെ കുറിച്ച് പറഞ്ഞ കിതാബുകളും.. ഇമാമീങ്ങളെയും പറയാമോ... പിന്നെ ജിന്നിനെ ഭൗതികമായി കണ്ടതാണ് കഴിയില്ല എന്താണ് ഉറപ്പു... പ്രകാശ വേഗത്തെയെകളും.. സഞ്ചരിക്കുന്ന ഒന്നുണ്ട്.. അവക്ക്.. അസ്തിത്വവും. ഉണ്ടോ എന്നു ശാസ്ത്രം ഗവേശനം നടത്തുകയാണ്...

    മറുപടിഇല്ലാതാക്കൂ
  2. ജിന്ന് അഭൗതികം ആണ് എന്നതിന്... തെളിവ് നൽകാമോ...ഇതിൽ... ഉള്ളത്.. മലക്കും.. അല്ലാഹുവും ഒക്കെ..അഭൗതികം എന്നാണ്.. ആരെങ്കിലും... അഹ്ലു സുന്നയുടെ പണ്ഡിതന്മാർ ജിന്നിനെ കുറിച്ചും അവരുടെ അസ്തിത്വത്തെ കുറിച്ച് പറഞ്ഞ കിതാബുകളും.. ഇമാമീങ്ങളെയും പറയാമോ... പിന്നെ ജിന്നിനെ ഭൗതികമായി കണ്ടതാണ് കഴിയില്ല എന്താണ് ഉറപ്പു... പ്രകാശ വേഗത്തെയെകളും.. സഞ്ചരിക്കുന്ന ഒന്നുണ്ട്.. അവക്ക്.. അസ്തിത്വവും. ഉണ്ടോ എന്നു ശാസ്ത്രം ഗവേശനം നടത്തുകയാണ്...

    മറുപടിഇല്ലാതാക്കൂ
  3. ഇത്രയൊക്കെ തെളിവുകൾ തന്നിട്ടും തെളിവ് എവിടെ എന്ന് ചോദിക്കുന്നത് എന്ത് അടിസ്ഥാനത്തിൽ ആണ്?

    മറുപടിഇല്ലാതാക്കൂ