ഖുര്‍ആന്‍ പാരായണം: ശ്രുതിമധുരം, സംഗീതസാന്ദ്രം
ശ്രവണ സുന്ദരവും ഹൃദയാവര്‍ജകവുമായ രീതിയില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അതിന്റെ സാഹിത്യ ഭംഗിയിലും ആശയ സമ്പുഷ്‌ടതയിലുമെന്ന പോലെ സംഗീതസൗന്ദര്യത്തിലും മനുഷ്യന്‍ ലയിച്ചുപോവുക സ്വാഭാവികം. നല്ല ആസ്വാദന ശേഷിയുണ്ടായിരുന്ന അറബികള്‍ ശ്രുതിമധുരമായ ഖുര്‍ആന്‍ പാരായണത്തിന് മുമ്പില്‍ സ്‌തബ്‌ധരാവുകയും കവികളും ഗായകന്മാരുമൊക്കെ നിശ്ചലരാവുകയും ചെയ്‌തിരുന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. സുന്ദരമായ കവിതകള്‍ പാടി ജനങ്ങളെ മയക്കിയിരുന്ന പ്രസിദ്ധ അറബിക്കവി ലബീദ് ഇസ്‌ലാം സ്വീകരിച്ച ശേഷം പിന്നെ ഒരു കവിതയും ചൊല്ലിയിട്ടില്ല. കാരണം ചോദിച്ചാല്‍ അദ്ദേഹം ഖുര്‍ആനില്‍ നിന്നുള്ള ഒരധ്യായം ഓതി ഇങ്ങനെ പറയുമായിരുന്നു:
``അതിനേക്കാള്‍ ഉത്തമമായ ഒന്ന് അല്ലാഹു എനിക്ക് പകരം തന്നിട്ടുണ്ട്.''
ഒരു യുവതി പാടിയ മധുരഗാനം കേട്ട അറബി ഇങ്ങനെ പ്രതികരിച്ചു: ``മോളേ, നിന്റെ ഈ പാട്ട് ഞാന്‍ കേട്ടതില്‍ വെച്ച് ഏറ്റവും മികച്ചത്. അപ്പോള്‍ അവളുടെ മറുപടി: അമ്മാവാ, ഞങ്ങളുടെ പാട്ടുകളെല്ലാം വെറും ധൂളികള്‍. ഖുര്‍ആന്‍ ഞങ്ങള്‍ക്ക് ഒരു സാഹിത്യഭംഗിയും ബാക്കിവെച്ചില്ല. ആ സാത്വികനായ അറബി ഗ്രാമീണന്‍ ഖുര്‍ആന്‍ കേട്ടിരുന്നില്ല. അയാള്‍ ചോദിച്ചു: എന്താണ് നീ പറഞ്ഞതിന്റെ അര്‍ഥം? അപ്പോള്‍ യുവതി സൂറതു ത്വാഹയിലെ `വ ഔഹയ്‌നാ ഇലാ ഉമ്മി മൂസാ...' എന്ന വാക്യം സുന്ദരമായി ഓതി അയാളെ കേള്‍പ്പിച്ചു. ഗ്രാമീണന്‍ ഈ വാക്യം ആവര്‍ത്തിച്ച് ഉരുവിട്ടുകൊണ്ട് പറഞ്ഞു: അതെ, ഞങ്ങള്‍ക്ക് മുമ്പ് പരിചയമില്ലാത്ത വാക്യങ്ങള്‍ തന്നെ ഇത്!''
ഖുര്‍ആനിന്റെ ആശയങ്ങളും അവതരണ ഭംഗിയും അറിഞ്ഞ അറബികള്‍ അതിന്റെ പാരായണത്തിലെ സംഗീതസൗന്ദര്യം ആസ്വദിച്ചതില്‍ അത്ഭുതപ്പെടാനില്ല. പാരായണ രീതി പ്രവാചകനില്‍ നിന്ന് നേരിട്ട് കേട്ട അനുയായികള്‍ അത് അനുകരിക്കുകയായിരുന്നു. സ്വന്തം സഹോദരി ഫാത്വിമ ഇസ്‌ലാം സ്വീകരിച്ചു എന്നറിഞ്ഞപ്പോള്‍ ഉമര്‍ രോഷാകുലനായി അവളെ സമീപിക്കുന്നു. അപ്പോള്‍ അവിടെ നിന്ന് ഖബ്ബാബിന്റെ ശ്രവണസുന്ദരമായ ഖുര്‍ആന്‍ പാരായണം കേള്‍ക്കുന്നു. ആദ്യം സഹോദരിയെയും ഭര്‍ത്താവിനെയും അടിച്ചെങ്കിലും സാത്വികനായ ആ ധീരപുത്രന്‍ താന്‍ കേട്ട ഖുര്‍ആന്റെ ഏട് വാങ്ങി വായിച്ചുനോക്കുന്നു: `ത്വാഹാ' എന്ന് തുടങ്ങുന്ന കാവ്യാത്മകമായ വചനങ്ങള്‍. എത്ര വേഗത്തിലാണ് അദ്ദേഹം അതില്‍ ആകൃഷ്‌ടനായി ഇസ്‌ലാം സ്വീകരിച്ചത്!
തിരുമേനി സൂറത്തുസ്സജദ പാരായണം ചെയ്യുന്നതു കേട്ട് അതില്‍ ഭ്രമിച്ചുപോയ വലീദ് ജനങ്ങളോട് വന്നു പറയുന്നു: ``ഞാന്‍ ചില വചനങ്ങള്‍ കേട്ടു. അത് മനുഷ്യരുടേതല്ല; ജിന്നിന്റേതുമല്ല. അതിനൊരു മാധുര്യമുണ്ട്. ഒരു മോടിയുണ്ട്...!'' ഖുര്‍ആനിന്റെ സൗന്ദര്യത്തില്‍ മുഗീറ ലയിച്ചുവെങ്കിലും ജനങ്ങളുടെ സമ്മര്‍ദത്തിന് വഴങ്ങി പിന്നെ മാറ്റിപ്പറയുകയാണ് ചെയ്‌തത്.
ശത്രുപക്ഷത്തെ പ്രമുഖരായ മൂന്നുപേര്‍- അബൂസുഫ്‌യാന്‍, അബൂജഹല്‍, അഖ്‌നസ് - ദാറുല്‍ അര്‍ഖമില്‍ നബിയുടെ ഖുര്‍ആന്‍ പാരായണം ശ്രവിക്കാന്‍ പുറത്ത് ഇരുട്ടിന്റെ മറവില്‍ ഒളിച്ചിരിക്കുന്നു, പരസ്‌പരം അറിയാതെ. പിന്നെ രഹസ്യം പുറത്തായപ്പോള്‍ ഇനി ഇത് ആവര്‍ത്തിക്കുകയില്ലെന്ന പ്രതിജ്ഞ. എന്നാല്‍ പിന്നെ ഓരോരുത്തരും ഇങ്ങനെ ചിന്തിക്കുന്നു: `കൂട്ടുകാരന്‍ പ്രതിജ്ഞ ലംഘിച്ച് മുഹമ്മദിന്റെ ഖുര്‍ആന്‍ പാരായണം കേള്‍ക്കാന്‍ പോയിട്ടുണ്ടാകും. പിന്നെ ഞാന്‍ എന്തിന് പ്രതിജ്ഞ പാലിച്ച് വിട്ടുനില്‌ക്കുന്നു.' പിന്നെയും മൂന്നുപേരും ദാറുല്‍ അര്‍ഖമിന്റെ പരിസരത്ത് കണ്ടുമുട്ടി പരസ്‌പരം ആക്ഷേപിക്കുന്നു. അവസാനം മൂന്നുപേരും രാത്രി ഒരാളുടെ വീട്ടില്‍ സമ്മേളിച്ച് പരസ്‌പരം നിരീക്ഷിക്കുക എന്ന തീരുമാനത്തില്‍ എത്തിച്ചേരുന്നു.
ഖുര്‍ആനിന്റെ ഈ സാധ്യതയുടെ രഹസ്യമെന്ത്? ഇതൊരു കവിതയല്ല. ഗാനമല്ല. ഗദ്യവുമല്ല. എന്നാല്‍ ഇവ മൂന്നും കൂടിച്ചേര്‍ന്ന അസാധാരണമായ, അനുപമമായ ഒരു ഗ്രന്ഥമാണ്. ഒരു സാധാരണ പുസ്‌തകം വായിക്കുന്നതുപോലെ വായിച്ചാല്‍ അതിന്റെ മായിക സ്‌പര്‍ശം മനസ്സില്‍ എത്തുകയില്ല. ഹൃദയം അതില്‍ ലയിക്കുകയുമില്ല. സംഗീതാത്മകമായ, അതിന്റെ പാരായണമാണ് വാക്കുകളുടെ സൗന്ദര്യം തൊട്ടറിഞ്ഞ അറബികളെ അതില്‍ വശീകൃതരാക്കിയത്.
ഖുര്‍ആന്റെ സംഗീതാത്മകത എന്നു പറയുമ്പോള്‍ ഉപകരണ സഹിതമുള്ള സംഗീതാലാപനത്തിന്റെ ചിത്രമാണ് പലരുടെയും മനസ്സില്‍ ഉയര്‍ന്നുവരിക. എന്താണ് സംഗീതം? ഹൃദയവര്‍ജകവും ഭാവോദ്ദീപകവുമായ ശബ്‌ദ പ്രയോഗം എന്ന് സംഗീതത്തെ വിശേഷിപ്പിക്കാം. ശ്രവണ സുഖദായകമായ ശബ്‌ദത്തിന്റെ സവിശേഷ വിന്യാസത്തിലാണ് സംഗീതം അധിഷ്‌ഠിതമായിട്ടുള്ളത്. വിഭിന്ന ശ്രുതികളെ പ്രതിനിധാനം ചെയ്യുന്ന സപ്‌തസ്വരങ്ങളുടെ ആരോഹണാവരോഹണങ്ങള്‍, പലതരം വിന്യാസങ്ങള്‍ എന്നിവയിലൂടെയാണ് സംഗീതമുണ്ടാകുന്നത്. ഒരു കൃതി ആലപിക്കുമ്പോഴാണ് സംഗീതം പുറത്ത് വരുന്നത്.
ഖുര്‍ആന്‍ പാരായണ നിയമങ്ങള്‍ വ്യക്തമാക്കുന്ന ഒരു പ്രത്യേക വിജ്ഞാന ശാഖയുണ്ട് - അതത്രെ ഇല്‍മുത്തജ്‌വീദ്. യഥാര്‍ഥത്തില്‍ ആശയം ഗ്രഹിക്കാന്‍ അറബിയിലെ മറ്റു ഗ്രന്ഥങ്ങള്‍ വായിക്കുമ്പോലെ വായിച്ചാല്‍ സാധ്യമായെന്ന് വരാം. എന്നാല്‍ ഖുര്‍ആന്‍ ദൈവിക വചനമാണ്. അതിന്റെ പാരായണം ഒരു ആരാധനയാണ്. വെറും വായനയില്‍ നിന്നു വ്യത്യസ്‌തമായി ശബ്‌ദസൗന്ദര്യത്തോടെയുള്ള അല്ലെങ്കില്‍ ഗാനാത്മകമായി, സംഗീതാത്മകമായി അത് പാരായണം ചെയ്യുന്നവനും കേള്‍ക്കുന്നവനും മനസ്സിനു ശക്തമായ സ്വാധീനമുണ്ടാകുന്നു. വെറും വായനകൊണ്ട് അത് ലഭിക്കുകയില്ല.
മുഹമ്മദ് നബി ജനങ്ങളെ ഓതി കേള്‍പ്പിച്ചതാണ് ഖുര്‍ആന്‍. അദ്ദേഹം പാരായണം ചെയ്‌ത ക്രമങ്ങളെല്ലാം അതേപടി പാലിച്ചു പാരായണം ചെയ്യാന്‍ ബാധ്യസ്ഥരാണ് എല്ലാവരും. അദ്ദേഹം പാരായണം ചെയ്‌ത ആ രീതിയാണ് ഇല്‍മുത്തജ്‌വീദിലെ പ്രതിപാദ്യവിഷയം. ഓരോ അക്ഷരവും മനുഷ്യന്റെ വായില്‍ നിന്ന്, കണ്‌ഠത്തില്‍ നിന്ന് എവിടെ നിന്ന് പുറത്തുവരണമെന്ന് ഈ വിജ്ഞാനം വ്യക്തമാക്കുന്നു. അത് ആ സ്ഥാനത്തുനിന്ന് വരുമ്പോള്‍ മാത്രമേ അതിന് സൗന്ദര്യവും ശക്തിയും വ്യക്തതയും ലഭിക്കുകയുള്ളൂ. മാത്രമല്ല, അക്ഷരങ്ങള്‍ അവ്യക്തമായി ഉച്ചരിക്കുമ്പോള്‍ അര്‍ഥവ്യത്യാസവും വരും.
പാരായണത്തിന്റെ സൗന്ദര്യം ലഭിക്കണമെങ്കില്‍, ഭക്തിസാന്ദ്രത കൈവരിക്കണമെങ്കില്‍ മനസ്സിനെ ശക്തമായി സ്വാധീനിക്കണമെങ്കില്‍ മദ്ദ്, ശദ്ദ്, ഇദ്‌ഹാര്‍, ഇഖ്‌ഫാഅ്, ഇഖ്‌ലാബ്, ഗുന്നത്ത്, തഫ്‌ഖീം തുടങ്ങിയ തജ്‌വീദിലെ എല്ലാ നിയമങ്ങളും പാലിച്ച് ശബ്‌ദസൗന്ദര്യത്തോടെ പാരായണം ചെയ്യണം. നിര്‍ത്തി നിര്‍ത്തി സാവകാശം ഓതാന്‍ ഖുര്‍ആന്‍ കല്‌പിക്കുന്നു. `നിങ്ങളുടെ ശബ്‌ദം കൊണ്ട് ഖുര്‍ആനെ അലങ്കരിക്കുക' - അബൂദാവൂദ്. ഇബ്‌നു മസ്‌ഊദ് പറയുന്നു: നിങ്ങള്‍ പതിരുകള്‍ പാറ്റുന്നതുപോലെയോ പദ്യം ചൊല്ലിത്തീര്‍ക്കുന്നതുപോലെയോ ഖുര്‍ആന്‍ പാരായണം ചെയ്യരുത്. അത്ഭുതങ്ങളെപ്പറ്റി പറയുമ്പോള്‍ അവിടെ നിര്‍ത്തി ചിന്തിക്കുകയും മനസ്സിനെ ചലിപ്പിക്കുകയും ചെയ്യുക. ഒരു സൂറത്ത് അവസാനം വരെ ഓതിത്തീര്‍ക്കുക എന്നതായിരിക്കരുത് നിങ്ങളുടെ ചിന്ത.'' ഉമറും ഉബയ്യും പറയുന്നു: ``നിങ്ങള്‍ ഖുര്‍ആന്‍ മനപ്പാഠമാക്കും പോലെ അതിന്റെ ഉച്ചാരണശുദ്ധിയും ശ്രദ്ധിക്കുക.'' അബൂബക്‌ര്‍(റ) പറയുന്നു: ``ഖുര്‍ആനിലെ ഒരു ആയത്ത് ഹൃദിസ്ഥമാക്കുന്നതിനേക്കാള്‍ എനിക്കിഷ്‌ടം അത് ശുദ്ധമായ രീതിയില്‍ ഉച്ചരിക്കലാണ്.'' റസൂല്‍ പറഞ്ഞതായി മാലിക്കും നസാഇയും ഉദ്ധരിക്കുന്നു: ``നിങ്ങള്‍ അറബികളുടെ ഉച്ചാരണ രീതിയില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക.''
ഖുര്‍ആന്റെ ശബ്‌ദസൗന്ദര്യം കേട്ടറിഞ്ഞ ഗായികയായിരുന്നു പ്രസിദ്ധ അറബി ഗായികയായ ഉമ്മുകുല്‍സൂം. അവര്‍ പറയുന്നു: ഖുര്‍ആന്‍ ആണ് എന്നെ ഗാനരംഗത്തേക്ക് തിരിച്ചുവിട്ടത്.
മുസ്‌ലിംലോകം ഇന്ന് മധുര സുന്ദരമായ ഖുര്‍ആന്‍ പാരായണത്തിലും ഹിഫ്‌ദ്വിലും കൂടുതല്‍ ശ്രദ്ധിക്കുന്നത് പ്രശംസാഹര്‍ഹമാണ്. ഖുര്‍ആനിന്റെ ആശയഗ്രഹണത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി; പാരായണ സൗന്ദര്യം അത്ര പ്രധാനമല്ല എന്ന ചിന്താഗതിക്ക് ഇന്ന് സ്ഥാനം കുറഞ്ഞിരിക്കുന്നു.
0 comments: