വിവാഹപ്രായം; തീരാത്ത പക

  • Posted by Sanveer Ittoli
  • at 2:49 AM -
  • 0 comments

വിവാഹപ്രായം; തീരാത്ത പക


കേരള ഗവണ്‍മെന്റിന്റെ സാമൂഹ്യക്ഷേമ വകുപ്പ്‌ തദ്ദേശ ഭരണകൂടങ്ങളിലെ വിവാഹ രജിസ്‌ട്രേഷന്‍ അധികൃതര്‍ക്കു വേണ്ടി ഈയിടെ ഒരു സര്‍ക്കുലര്‍ ഇറക്കിയത്‌ (06-04-13) ഏറെ വിവാദമായി. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ നടത്തിയ ഭേദഗതി പ്രകാരം 21 വയസ്സ്‌ തികയാത്ത ആണ്‍കുട്ടികളും 18 വയസ്സ്‌ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും വിവാഹിതരാകുന്നത്‌ ക്രിമിനല്‍ കുറ്റമാണ്‌.
എന്നാല്‍ കുറ്റമാണെങ്കില്‍ പോലും അത്തരം വിവാഹങ്ങള്‍ സാധുവാണെന്ന കാര്യത്തില്‍ നിയമവകുപ്പിനോ കോടതിക്കു പോലുമോ തര്‍ക്കമില്ല. നേരത്തെ നടന്നുപോയ ഇത്തരം വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്‌.
കുറ്റകരമായ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ സാധ്യമല്ല. വിവാഹം രജിസ്റ്റര്‍ ചെയ്യപ്പെടാതിരുന്നാല്‍ പൗരന്മാര്‍ക്ക്‌ പല തരത്തില്‍ വിഷമങ്ങള്‍ അനുഭവിക്കേണ്ടിവരും. പ്രത്യേകിച്ചും പാസ്‌പോര്‍ട്ട്‌, വിസ, വിദേശയാത്ര തുടങ്ങിയ കാര്യങ്ങള്‍ക്ക്‌ അത്‌ വലിയ പ്രയാസങ്ങള്‍ സൃഷ്‌ടിക്കും. ഇത്തരം വിവാഹ രജിസ്‌ട്രേഷനു വേണ്ടിയുള്ള നിരവധി അപേക്ഷകളും പരാതികളും സര്‍ക്കാറിന്റെ മുന്നില്‍ കാലങ്ങളായി നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ നിയമത്തിന്റെ മുന്നില്‍ കുറ്റകരമെങ്കിലും, സാമൂഹികമായും മാനുഷികമായും സാധുവായ വിവാഹ ബന്ധത്തിലേര്‍പ്പെട്ട ആളുകള്‍ക്ക്‌ മറ്റു തരത്തില്‍ ലഭിക്കേണ്ട പൗരാവകാശങ്ങള്‍ക്ക്‌ ഈയൊരു കാര്യം തടസ്സമായി നിന്നൂകൂടാ എന്ന പരിഗണനയിലാണ്‌ സാമൂഹികക്ഷേമ വകുപ്പ്‌ മേല്‍പറഞ്ഞ സര്‍ക്കുലര്‍ ബന്ധപ്പെട്ടവര്‍ക്ക്‌ അയച്ചുകൊടുക്കുന്നത്‌.
നിര്‍ഭാഗ്യവശാല്‍, ഏതു കാര്യവും വിവാദമാക്കിയില്ലെങ്കില്‍ ഉറക്കം വരാത്ത കേരളീയര്‍ക്ക്‌ `കുരങ്ങിന്‌ ഏണി' എന്ന നിലയില്‍ അവസരങ്ങള്‍ നല്‍കിക്കൊണ്ടാണ്‌ ഉത്തരവിറങ്ങിയത്‌. സര്‍ക്കുലറില്‍ വിമര്‍ശനവിധേയമായി ചൂണ്ടിക്കാണിക്കപ്പെട്ട ചില കാര്യങ്ങളുണ്ട്‌: ഒന്ന്‌, മേല്‍പറഞ്ഞ പ്രശ്‌നം സമൂഹത്തിന്‌ മൊത്തത്തില്‍ ബാധകമായിരിക്കെ, സര്‍ക്കുലര്‍ മുഖേന ലഭ്യമാകുന്ന ഇളവ്‌ മുസ്‌ലിം പെണ്‍കുട്ടികളില്‍ പരിമിതപ്പെടുത്തി. രണ്ട്‌, വന്നുപോയ ഒരു പോരായ്‌മ നികത്താന്‍ വേണ്ടി ആനുകൂല്യ ഉത്തരവിറങ്ങുമ്പോള്‍ `ഇന്ന കാലത്തിനു മുമ്പ്‌' എന്ന നിബന്ധന വെക്കേണ്ടതാണ്‌. അതില്ലാത്ത കാരണത്താല്‍ ഭാവിയിലും നിശ്ചിത പ്രായത്തിനു മുമ്പ്‌ വിവാഹതരാവാന്‍ വേണ്ടി ഈ സര്‍ക്കുലറിലെ ഉത്തരവ്‌ ചൂഷണം ചെയ്യപ്പെടാം. മൂന്ന്‌, നേരത്തെ നടന്നുപോയ `തെറ്റായ' വിവാഹങ്ങള്‍ക്ക്‌ രജിസ്‌ട്രേഷനിലൂടെ നിയമസാധുത നല്‍കുമ്പോള്‍ ചെയ്‌ത കുറ്റത്തിന്‌ പിഴ ഈടാക്കുകയെങ്കിലും വേണം. അതും സര്‍ക്കുലറിലില്ല. നാല്‌, പതിനാറിനും പതിനെട്ടിനും മധ്യേ പ്രായമുള്ള വിവാഹിതര്‍ക്ക്‌ ഇളവു നല്‍കുന്നതാണ്‌ സര്‍ക്കുലര്‍. എന്താണ്‌ പതിനാറിന്റെ കണക്ക്‌? പതിനഞ്ചര വയസ്സില്‍ വിവാഹിതയായ പെണ്‍കുട്ടിയുടെ വിവാഹവും രജിസ്റ്റര്‍ ചെയ്യപ്പെടേണ്ടതല്ലേ?
ഈ വസ്‌തുതകള്‍ ശ്രദ്ധയില്‍ പെട്ട ഗവണ്‍മെന്റ്‌ പ്രസ്‌തുത സര്‍ക്കുലര്‍ പിന്‍വലിക്കുകയും മേല്‍പറഞ്ഞ പ്രയാസങ്ങള്‍ തീര്‍ക്കാന്‍ വേണ്ടി പുതിയ സര്‍ക്കുലര്‍ ഇറക്കുകയും ചെയ്‌തു. വിവിധ വകുപ്പുകളിലായി നൂറു കണക്കിന്‌ സര്‍ക്കുലര്‍ സര്‍ക്കാര്‍ ഇറക്കിക്കൊണ്ടിരിക്കുന്നു. അപാകങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ തിരുത്തുന്നു. പകരം മറ്റൊന്നിറക്കുന്നു. ആരും ശ്രദ്ധിക്കാത്തവ അങ്ങനെ കിടക്കുന്നു. പല തെറ്റുകളും അനവധാനതകള്‍ കൊണ്ടും അശ്രദ്ധകൊണ്ടും ചിലതൊക്കെ ബോധപൂര്‍വവും സംഭവിക്കുന്നുണ്ട്‌. പ്രതിപക്ഷമോ പത്രക്കാരോ ബഹളമുണ്ടാക്കി ശ്രദ്ധ ക്ഷണിച്ചിട്ട്‌ സര്‍ക്കാര്‍ ഒരു കാര്യം- എത്ര ഗുരുതരമെങ്കിലും- സ്വയം തിരുത്തുന്നതോടെ ആ പ്രശ്‌നം അവിടെ തീരുന്നു. അതിന്റെ ക്രെഡിറ്റ്‌ തെറ്റ്‌ ചാണ്ടിക്കാണിക്കുന്നവര്‍ക്കും തിരുത്തിയവര്‍ക്കും ഉണ്ടെന്ന്‌ നാം വിശ്വസിക്കുന്നു. അതേസമയം, `പശു ചത്തിട്ടും മോരിന്റെ പുളി വായില്‍ തന്നെ' എന്നു പറഞ്ഞപോലെ, വിവാഹപ്രായവുമായി ബന്ധപ്പെട്ട ഉപരിസൂചിത സര്‍ക്കുലര്‍ പിന്‍വലിച്ചിട്ടും പുതിയതിറക്കിയിട്ടും അതിന്റെ `രസം' കെട്ടടങ്ങിയിട്ടില്ല. ഏതു വിവാദത്തിലും മുസ്‌ലിം നാമങ്ങളോ സംഘടനകളോ മുസ്‌ലിം താല്‍പര്യങ്ങളോ എവിടെയെങ്കിലും വിഷയീഭവിച്ചിട്ടുണ്ടെങ്കില്‍ ആ പുളി മീഡിയാ വായില്‍ നിന്ന്‌ അത്ര പെട്ടെന്നൊന്നും പോവില്ല.
സ്ഥാനത്തും അസ്ഥാനത്തും മുസ്‌ലിം പെണ്‍കുട്ടിയുടെ വിവാഹപ്രായം മാധ്യമവിചാരണ നേരിടുകയും മുസ്‌ലിം പ്രതീകങ്ങളെ അവതരിപ്പിച്ച്‌ മറ്റുള്ളവര്‍ വാചാലമാകുകയും ചെയ്യുന്നത്‌ ഇനിയും തുടരുന്നത്‌ കണ്ടതുകൊണ്ടാണ്‌ ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടിവന്നത്‌. മുസ്‌ലിം സമൂഹത്തിന്റെയും മലപ്പുറം ജില്ലയുടെയും `ദുഷ്‌പേര്‌' കേള്‍ക്കുന്നതില്‍ ഊറ്റംകൊള്ളുന്ന ചിലയാളുകളുണ്ട്‌. അവരുടെ മാനിസക നിലയ്‌ക്ക്‌ ചികിത്സയില്ലെങ്കിലും ചില വസ്‌തുതകള്‍ വ്യക്തമാക്കേണ്ടിവന്നിരിക്കുകയാണ്‌. മുസ്‌ലിം സമുദായത്തില്‍ നിന്ന്‌ വ്യക്തികളോ സംഘടനകളോ പണ്ഡിതന്മാരോ സാധാരണക്കാരോ ആരും തന്നെ വിവാഹപ്രായ നിയമം ഭേദഗതി ചെയ്യണമെന്നോ തങ്ങള്‍ക്കത്‌ സ്വീകാര്യമല്ലെന്നോ യാതൊരാവശ്യവും ഉന്നയിച്ചിട്ടില്ല. എന്നിട്ടും സമുദായത്തെ പ്രതിസ്ഥാനത്തു നിര്‍ത്തി വിചാരണ ചെയ്യുന്നത്‌ മറ്റെന്തോ അസുഖത്തിന്റെ ഭാഗമാണ്‌. മുസ്‌ലിംകള്‍ക്കിതിന്‌ മറുപടി പറയാന്‍ കഴിയാഞ്ഞിട്ടല്ല; അനാവശ്യ വിവാദങ്ങള്‍ സൃഷ്‌ടിക്കേണ്ടതില്ലല്ലോ.
ഇസ്‌ലാമിക നിയമത്തില്‍ ശൈശവ വിവാഹമില്ല. എന്നാല്‍ ആണായാലും പെണ്ണായാലും ഇത്ര വയസ്സ്‌ പൂര്‍ത്തിയായെങ്കിലേ വിവാഹം കഴിക്കാവൂ എന്ന നിഷ്‌കര്‍ഷയുമില്ല. അത്‌ ഇസ്‌ലാമിലെന്നല്ല, ഒരു മതത്തിലും ഇല്ലെന്നാണറിവ്‌. ഇസ്‌ലാമിക നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമല്ല ഇന്ത്യ. എന്നാല്‍ വിശ്വോത്തരമായ ഇന്ത്യന്‍ ഭരണഘടന ആര്‍ട്ട്‌ക്കിള്‍ 25(1) പ്രകാരം ഏതുമതവും സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും പൗരന്‌ സ്വാതന്ത്യമുണ്ട്‌. ഈ സ്വാതന്ത്ര്യം മൗലികാവകാശമാണ്‌. 1950-ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ ഭരണഘടന നിയമപ്രാബല്യം നല്‍കിയ, 1937-ലെ ദി മുസ്‌ലിം പേഴ്‌സനല്‍ ലോ ആപ്ലിക്കേഷന്‍ ആക്‌ട്‌ അനുസരിച്ച്‌ അനന്തരാവകാശം, വിവാഹം, വിവാഹമോചനം, ദാനം, ട്രസ്റ്റ്‌, രക്ഷാകര്‍തൃത്വം മുതലായ വ്യക്തിനിയമങ്ങളില്‍ മുസ്‌ലിംകള്‍ക്ക്‌ ഇസ്‌ലാമിക ശരീഅത്ത്‌ നിയമം ബാധകമായിരിക്കുകയും ചെയ്യും. 1956-ല്‍ ഐക്യരാഷ്‌ട്ര സഭ സ്‌ത്രീകളുടെ വിവാഹപ്രായം നിശ്ചയിച്ചുകൊണ്ട്‌ രാജ്യങ്ങള്‍ നിയമനിര്‍മാണം നടത്തണമെന്ന്‌ ശിപാര്‍ശ ചെയ്‌തു. ലോകത്ത്‌ എല്ലാ രാജ്യങ്ങളിലും വിവാഹപ്രായം ഒരേ നിലയിലല്ല. 2006-ല്‍ ഇന്ത്യയില്‍ ശൈശവ വിവാഹ നിരോധന നിയമം പ്രാബല്യത്തില്‍ വന്നു. ഇതനുസരിച്ച്‌ 21 വയസ്സിന്‌ മുമ്പ്‌ ആണ്‍കുട്ടികളും 18 വയസ്സിന്‌ മുമ്പ്‌ പെണ്‍കുട്ടികളും വിവാഹിതരാകുന്നത്‌ ക്രിമിനല്‍ കുറ്റമായി കാണക്കാക്കുന്നു.
മേല്‍പറഞ്ഞ ശരീഅത്ത്‌ നിയമപരിരക്ഷയുള്ള മുസ്‌ലിംകള്‍ ആ നിമയത്തിന്നതീതമല്ല. നിയമനിര്‍മാണ വേളയില്‍ പാര്‍ലമെന്റിനകത്തും പുറത്തും എമ്പാടും ചര്‍ച്ചകള്‍ നടന്നു. നിയമം നടപ്പിലായി. എല്ലാവരും അതംഗീകരിക്കുന്നു. മുസ്‌ലിംകള്‍ തങ്ങള്‍ക്ക്‌ ആ നിയമം ബാധകമല്ല എന്ന്‌ പറഞ്ഞില്ല. കാരണം, ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കു വിരുദ്ധമല്ലാത്ത ഒരു കാര്യം സമൂഹത്തിനു വേണ്ടിയും രാജ്യത്തിനു വേണ്ടിയും സ്വീകരിക്കുന്നതില്‍ മുസ്‌ലിംകള്‍ക്ക്‌ വിരോധമില്ല. ഇപ്പോള്‍ ഇന്ത്യയില്‍ വിവാഹപ്രായം 21-ഉം 18-ഉം ആണ്‌. പതിനെട്ട്‌ വയസ്സിന്‌ മുമ്പ്‌ പെണ്‍കുട്ടികളുടെയും ഇരുപത്തിയൊന്ന്‌ വയസ്സിനു മുമ്പ്‌ ആണ്‍കുട്ടികളുടെയും വിവാഹം ഇസ്‌ലാമികമായി സാധുവാണെന്ന്‌ വ്യക്തമായി ബോധ്യമായിട്ടും പൊതുനന്മയ്‌ക്കു വേണ്ടി ഭരണകൂടത്തിന്റെ നിയമം മുസ്‌ലിംകള്‍ അംഗീകരിക്കുന്നു. ഇതാണ്‌ വസ്‌തുത എന്നിരിക്കെ, മുസ്‌ലിം സമൂഹത്തെ ഭത്സിക്കാന്‍ ഏതു തുരുമ്പും പ്രയോഗിക്കുക എന്നത്‌ ദുരുപദിഷ്‌ടമാണ്‌, ജുഗുപ്‌സാവഹമാണ്‌.
ചാനലുകള്‍ അനാവശ്യ ചര്‍ച്ചകള്‍ വലിച്ചുകൊണ്ടുവന്ന്‌, `മലപ്പുറത്തും മുസ്‌ലിംകളിലും ശൈശവവിവാഹം നിത്യസംഭവമാണെന്നും അതിന്‌ മുസ്‌ലിംലീഗ്‌ രാഷ്‌ട്രീയ പിന്‍തുണ നല്‍കുന്നു' എന്നുമുള്ള തരത്തിലാണ്‌ ചര്‍ച്ചയില്‍ പറയിപ്പിക്കുന്നത്‌. കണക്കുകള്‍ നിരത്തി തെളിയിക്കാന്‍ കഴിയാത്ത വിതണ്ഡവാദങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്‌ ചാനലുകള്‍ നിര്‍ത്തണം. എല്ലാം ഒത്തിണങ്ങിയിട്ടും പതിനെട്ട്‌ വയസ്സ്‌ എന്ന നിയമത്തിന്റെ സാങ്കേതികത പൂര്‍ത്തിയാക്കാന്‍ വേണ്ടി മാത്രം ദിവസം നീട്ടി നിശ്ചയിക്കുന്ന എത്ര മുസ്‌ലിം വിവാഹങ്ങളുണ്ടിവിടെ? ഇതാരും കാണുന്നില്ല, ഒപ്പിയെടുക്കുന്നില്ല. പെണ്‍കുട്ടിക്ക്‌ വിദ്യാഭ്യാസം വേണ്ട എന്നതാണ്‌ മുതലക്കണ്ണീരുകാരുടെ ന്യായമായ ചോദ്യം! എന്നാല്‍ പതിനെട്ടില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാകുമോ? വിദ്യാഭ്യാസം കഴിഞ്ഞിട്ട്‌ മതിയോ വിവാഹം? എങ്കില്‍ പഴയ കാലത്തെ ചില സമുദായങ്ങളിലെപ്പോലെ നാല്‍പതില്‍ വിവാഹം നടത്താമല്ലോ!
വിവാഹം വിദ്യാഭ്യാസത്തിന്‌ തടസ്സമാണോ? പതിനെട്ടിലോ ഇരുപതിലോ വിവാഹം നടത്തി തുടര്‍പഠനവും ഉന്നത വിദ്യാഭ്യാസവും നടത്താന്‍ പെണ്ണിന്‌ സഹായകമാകുന്ന ആയിരക്കണക്കിന്‌ ചെറുപ്പക്കാരായ ഭര്‍ത്താക്കന്മാര്‍ നാട്ടിലുണ്ടെന്ന യാഥാര്‍ഥ്യം ആരെങ്കിലും ചര്‍ച്ചയില്‍ പറഞ്ഞില്ല. വസ്‌തുതകള്‍ വസ്‌തുനിഷ്‌ഠമായി വിലയിരുത്താന്‍ തയ്യാറാകാത്ത ഒരു സമുദായത്തെ `വളഞ്ഞിട്ടുപിടിച്ച്‌' ആക്രമിക്കാന്‍ മുതിരുന്നത്‌ എല്ലാവര്‍ക്കും മനസ്സിലാകുന്നുണ്ട്‌.
ശൈശവ വിവാഹ വിരോധത്തിന്റെയും വിദ്യാഭ്യാസ താല്‌പര്യത്തിന്റെയും പേരില്‍ മറ്റു വല്ലതുമാണ്‌ ആഗ്രഹിക്കുന്നതെങ്കില്‍ അത്‌ നേരെചൊവ്വെ പറയാം. പ്രണയകേളികളും വിവാഹപൂര്‍വ ലൈംഗികതയും ഉടുതുണിയുരിഞ്ഞ `മാധ്യമ സംസ്‌കാര'വുമാണ്‌ ചാനല്‍ ചര്‍ച്ചക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മനുഷ്യത്വത്തെ സ്‌നേഹിക്കുന്നവരെ കിട്ടില്ല. വിവാഹപൂര്‍വ ലൈംഗിക ബന്ധവും പ്രസവവും നടന്നാല്‍ അത്‌ മുന്‍കാല പ്രാബല്യത്തോടെ ദാമ്പത്യമായംഗീകരിക്കണമെന്ന്‌ പറഞ്ഞ തലതിരിഞ്ഞ കോടതിവിധി ഒരു ചാനലിലും ചര്‍ച്ച ചെയ്‌തില്ല. ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തിന്‌ അഥവാ വ്യഭിചാരത്തിന്‌ പ്രായം പതിനാറ്‌ എന്ന്‌ വിധിച്ച ജഡ്‌ജിയെ ഒരു ചാനലും വിചാരണ ചെയ്‌തില്ല! തികച്ചും പ്രകൃതിക്കും മനുഷ്യത്വത്തിനും ഇണങ്ങി വിവാഹം ചെയ്‌താല്‍ ക്രിമിനല്‍ കുറ്റം. അതേപ്രായത്തില്‍ വ്യഭിചാരം നിയമവിധേയം!
ആരുടെയെങ്കിലും ഒറ്റപ്പെട്ട അനവധാനത സമുദായത്തിന്‌ മൊത്തം ദുഷ്‌പേര്‌ സൃഷ്‌ടിക്കുമെന്ന്‌ മുസ്‌ലിം സമുദായത്തോടും വേണ്ടത്ര ഗൃഹപാഠം ചെയ്യാതെ ഭരണരംഗത്ത്‌ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത്‌ സൂക്ഷിക്കണമെന്ന്‌ ഭരണ പങ്കാളിത്തമുള്ള മുസ്‌ലിം നേതാക്കളോടുമുണര്‍ത്തട്ടെ.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: