ആഗ്രഹിക്കുന്നതും അതിലപ്പുറവും

  • Posted by Sanveer Ittoli
  • at 9:17 AM -
  • 0 comments

ആഗ്രഹിക്കുന്നതും അതിലപ്പുറവും


- ഖുര്‍ആന്‍ വായന -

ഹുമയൂണ്‍ കബീര്‍ ഫാറൂഖി


ആഗ്രഹങ്ങള്‍ എത്രയെത്ര! അതവസാനിക്കുന്നില്ല. അധികരിച്ചുകൊണ്ടിരിക്കുന്നു. ആഗ്രഹങ്ങളില്ലാത്ത മനുഷ്യരില്ല. ഉണ്ടാകരുത്‌. ആഗ്രഹങ്ങളും പ്രതീക്ഷകളും നിലനില്‌പിന്നാധാരമാണ്‌. മാനവികതയുടെ മൗലിക ഭാവമാണ്‌ ആഗ്രഹങ്ങള്‍.
ഓരോരുത്തരുടെയും ആഗ്രഹങ്ങളുടെ തരങ്ങളും തലങ്ങളും രൂപവും ഭാവവും വ്യത്യസ്‌തം. ഈ ആഗ്രഹ കൂമ്പാരങ്ങളാണ്‌ മാനവികതയുടെ വളര്‍ച്ചയും ഉയര്‍ച്ചയും. അറിഞ്ഞതൊന്നും അവസാനമല്ല. കണ്ടെത്തിയതു മാത്രമല്ല, കാണാനുള്ളവ ഇനിയും എത്രയോ ബാക്കിയുണ്ടെന്ന തിരിച്ചറിവ്‌ അഭിലാഷങ്ങള്‍ക്ക്‌ വീണ്ടും വീണ്ടും പ്രേരണയാവുന്നു. അങ്ങനെ മനുഷ്യന്‍ വളരുന്നു. അവനു തന്നെ ആശ്ചര്യം തോന്നുന്ന വളര്‍ച്ച!

ആഗ്രഹങ്ങളുടെയും അഭിലാഷങ്ങളുടെയും വിഘ്‌നം മാനവിക വളര്‍ച്ചയുടെ ഘാതകനാണ്‌. തെറ്റായ ആഗ്രഹങ്ങള്‍ വ്യക്തിയുടെയും സമൂഹത്തിന്റെയും സാസ്‌കാരിക നാശത്തിന്‌ കാരണമാകുന്നു. സ്വാര്‍ഥത മാത്രം അകമ്പടിയുള്ള ആഗ്രഹങ്ങളും സാഫല്യ സാധ്യതയില്ലാത്ത അത്യാഗ്രഹങ്ങളും നിരാശയിലെത്തിച്ചേക്കാം. ദുനിയാവ്‌ ഈ ആഗ്രഹങ്ങളുടെയെല്ലാം പൂര്‍ത്തീകരണത്തിന്‌ സൗകര്യപ്പെട്ടതോ പാകപ്പെട്ടതോ അല്ല.
എന്നിട്ടും അവസാനിക്കാത്തത്ര ആഗ്രഹിക്കാന്‍ അവസരം കൊടുത്ത അല്ലാഹു, അറിവിന്റെയും പഞ്ചേന്ദ്രിയങ്ങളുടെയും പരിധിക്കപ്പുറം, ഉപകരണങ്ങളിലൂടെ കണ്ടെത്താന്‍ കഴിയാത്ത മനസ്സെന്ന വിശാല പ്രപഞ്ചമാണതിനായി ഒരുക്കിയിരിക്കുന്നത്‌.
ഖുര്‍ആന്‍ ആഗ്രഹങ്ങളെ അടിച്ചമര്‍ത്തുകയല്ല, ആശിക്കാന്‍ പ്രേരിപ്പിക്കുകയാണ്‌. ദുന്‍യാവിന്റെ പരിമിതികളെ ബോധ്യപ്പെടുത്തിക്കൊണ്ട്‌, പരിമിതിയില്ലാത്ത സ്വര്‍ഗത്തിനായി ആവേശത്തോടെ ആശിക്കാനും അന്തസ്സാര്‍ന്ന ആഗ്രഹങ്ങളിലൂടെ അഭിമാനം കൊള്ളാനും പഠിപ്പിക്കുന്നത്‌. സ്വര്‍ഗീയ അനുഗ്രഹങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ട്‌ ഭാവനയുടെയും ആഗ്രഹങ്ങളുടെയും ശക്തമായ വേലിയേറ്റം സൃഷ്‌ടിക്കുകയാണ്‌ ഖുര്‍ആന്‍ ചെയ്യുന്നത്‌.
ആദ്യാവസാനം വരെയുള്ള മനുഷ്യരുടെ അഭിലാഷങ്ങളുടെ ആകെത്തുകയെ അതിജയിച്ചുകൊണ്ടാണ്‌ സ്വര്‍ഗം ആരംഭിക്കുന്നത്‌. സൂറതു ഖാഫിലെ 34,35 വചനങ്ങള്‍ എന്നില്‍ നിന്നുകൊണ്ട്‌ ഞാന്‍ എന്നെ നോക്കിക്കാണുമ്പോള്‍ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന അനുഭവം നല്‌കുന്ന പല ആയത്തുകളില്‍ ഉള്‍പ്പെട്ടവയാണ്‌.
``സമാധാനത്തോടെ നിങ്ങളതില്‍ (സ്വര്‍ഗത്തില്‍) പ്രവേശിച്ചുകൊള്ളുക. ശാശ്വത വാസത്തിന്റെ സുദിനമാണത്‌. അവര്‍ക്കവിടെ അവര്‍ ആശിക്കുന്നതെല്ലാമുണ്ടാകും. നമ്മുടെ പക്കല്‍ അതിലധികവുമുണ്ട്‌.'' (സൂറതു ഖാഫ്‌ 34:35)
അതിശക്തമായി ആഗ്രഹങ്ങള്‍ സ്വരുക്കൂട്ടാനും ദുനിയാവില്‍ ഏറെ ആശിച്ചിട്ടും അനുഭവിക്കാന്‍ കഴിയാതെ അസ്‌തമിച്ചുപോയ ആഗ്രഹങ്ങളുടെ അതിശയാവഹമായ സാഫല്യങ്ങളുടെ മികവും തികവും സ്വര്‍ഗീയാനുഗ്രഹങ്ങളില്‍ നിറച്ചിട്ടുണ്ടെന്ന്‌ ഈ ആയത്തിലൂടെ അല്ലാഹു ബോധ്യപ്പെടുത്തുന്നു.
അത്യാവശ്യ കാര്യങ്ങള്‍ പോലും അതിന്റെ അവസാന നിമിഷത്തില്‍ ചെയ്യാന്‍ മാത്രം മടിയും അലസതയും കൂടപ്പിറപ്പായ എനിക്ക്‌ മതരംഗത്ത്‌ കുറച്ചെങ്കിലും പ്രവര്‍ത്തിക്കാനും, ആഗ്രഹങ്ങള്‍ക്കൊപ്പം സല്‍കര്‍മങ്ങളുടെ പിന്‍ബലത്തിലേ സ്വര്‍ഗം ആശിക്കുന്നതിലര്‍ഥമുള്ളൂ എന്ന തിരിച്ചറിവുണ്ടാകാനും ഈ ആയത്തുകള്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട്‌. മാത്രമല്ല, പലപ്പോഴും നിരാശകളില്‍ നിന്നും കരകയറാനുള്ള ആവേശവും ഈ ആയത്തുകള്‍ പ്രദാനം ചെയ്‌തിട്ടുണ്ട്‌.
സ്വര്‍ഗീയാനുഗ്രഹങ്ങളെക്കുറിച്ചുള്ള ഓരോ ആയത്തും ഭാവനയുടെയും ആഗ്രഹങ്ങളുടെയും വിശാല ലോകം തന്നെ നമ്മുടെ മുമ്പില്‍ തുറന്നുതരികയാണ്‌. സ്വര്‍ഗത്തെ ആശിച്ച്‌ സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അല്ലാഹു നമുക്കും നമ്മുടെ കുടുംബാംഗങ്ങള്‍ക്കും തൗഫീഖ്‌ ചെയ്യുമാറാകട്ടെ.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: