വിശുദ്ധി വര്‍ഷിച്ച്‌ റമദാന്‍

  • Posted by Sanveer Ittoli
  • at 8:34 AM -
  • 0 comments
വിശുദ്ധി വര്‍ഷിച്ച്‌ റമദാന്‍

  • ഡോ. ജമാലുദ്ദീന്‍ ഫാറൂഖി

പതിനൊന്ന്‌ മാസത്തെ ഇടവേളക്കു ശേഷം റമദാന്‍ വീണ്ടും സമാഗതമായിരിക്കുകയാണ്‌. വിശ്വാസികളില്‍ നിന്ന്‌ അല്ലാഹു പ്രതീക്ഷിക്കുന്ന ആരാധനകളുടെയും വിശിഷ്‌ട ഗുണങ്ങളുടെയും പൂക്കാലമാണ്‌ വിശുദ്ധ റമദാന്‍. മനുഷ്യന്റെ മനസ്സിനെ പാകപ്പെടുത്തിയ അല്ലാഹു, രണ്ട്‌ വിശുദ്ധ ഗുണങ്ങള്‍ അതില്‍ നിക്ഷേപിച്ചിട്ടുണ്ട്‌. ധര്‍മവും അധര്‍മവും അടിസ്ഥാനമാക്കിയുള്ള വിചാര വികാരങ്ങളാണവ. ഭക്തിയുടെയും സദ്‌വിചാരങ്ങളുടെയും ശാക്തീകരണത്തിലൂടെ എല്ലാവിധ ദുശ്ശീലങ്ങളെയും മാറ്റിയെടുക്കാനുള്ള
പ്രകൃതമാണ്‌ മനുഷ്യ സൃഷ്‌ടിപ്പിന്റെ പ്രത്യേകത. ഇതിന്‌ അനുകൂലമായ സാഹചര്യമൊരുക്കി മനസ്സിനെ പരിശീലിപ്പിക്കുക എന്നതാണ്‌ റമദാനിന്റെ മുഖ്യദൗത്യം. വിശ്വാസത്തിന്റെ നിറവില്‍ ഒരാള്‍ക്ക്‌ നേടാവുന്ന അധികയോഗ്യതകള്‍ക്കുള്ള നിരവധി അവസരങ്ങള്‍ ഈ മാസത്തില്‍ ഉണ്ട്‌. അവ ആജീവനാന്ത സംസ്‌കരണം നിലനിര്‍ത്താന്‍ സഹായകമായ സന്ദര്‍ഭങ്ങളുമാണ്‌. അവസരങ്ങള്‍ ആലിപ്പഴം പോലെയെന്നാണ്‌ പറയാറുള്ളത്‌. കിട്ടുമ്പോള്‍ തന്നെ ഉപയോഗിച്ചില്ലെങ്കില്‍ അവ നഷ്‌ടമാകും.
വിശുദ്ധ ഖുര്‍ആന്‍ രണ്ടാം അധ്യായത്തില്‍ അഞ്ച്‌ വചനങ്ങളാണ്‌ വ്രതാനുഷ്‌ഠാനത്തെക്കുറിച്ചുള്ള പരാമര്‍ശം (183-187). നോമ്പിന്റെ ദൗത്യവും ലക്ഷ്യവും ധര്‍മമൂല്യങ്ങളും അതില്‍ പ്രതിപാദിക്കുന്നു. അവയെല്ലാം ആദ്യാവസാനം ഭക്തികേന്ദ്രീകൃതമാണ്‌. ഭക്തിയുടെ സൂക്ഷ്‌മതലങ്ങളിലേക്ക്‌ ശരീരത്തെയും മനസ്സിനെയും ഈ വചനങ്ങള്‍ ചലിപ്പിക്കുന്നു. ``നീ നോമ്പെടുക്കുക, കാരണം അതിന്‌ സമാനമായി മറ്റൊന്നില്ല'' (നസാഈ) എന്ന നബിവചനവും റമദാനിന്റെ ദൗത്യം ജീവിതത്തെ എങ്ങനെ പരിവര്‍ത്തിപ്പിക്കുന്നു എന്ന്‌ വ്യക്തമാക്കുന്നു. ജീവിതത്തില്‍ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന ദൈവഭക്തിയും ആരാധനാ താല്‍പര്യവും വീണ്ടെടുക്കാനുള്ള ആത്മപരിശോധനയുടെ ദിനങ്ങളാണ്‌ ഓരോ വര്‍ഷവും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന റമദാനിലുള്ളത്‌. വ്യക്തി-കുടുംബ-സമൂഹ തലങ്ങളില്‍ റമദാനിന്റെ സ്വാധീനം ഈ വീണ്ടെടുപ്പിലൂടെ പ്രതിഫലിക്കേണ്ടതുണ്ട്‌.
വ്യക്തിത്വം
ഒരാളുടെ ശാരീരികവും മാനസികവുമായ പ്രവര്‍ത്തനങ്ങളില്‍ നോമ്പിന്റെ പ്രതിഫലനങ്ങള്‍ അത്ഭുതാവഹമാണ്‌. ഭക്ഷണം രണ്ടു നേരമായി ചുരുങ്ങുമ്പോള്‍ അതിലൂടെ ആരോഗ്യപരിരക്ഷ ലഭിക്കുന്നു. ഫലപ്രദമായ ഭക്ഷണ സംസ്‌കാരമെങ്ങനെയായിരിക്കണം എന്ന്‌ കൂടി വ്രതാനുഷ്‌ഠാനം പഠിപ്പിക്കുന്നു. ഭക്ഷണ ജന്യരോഗങ്ങളാണ്‌ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നത്‌. ഒരു വിശ്വാസിയുടെ ഭക്ഷണ സംസ്‌കാരം സ്വന്തം ശീലങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട്‌ നബി(സ) ഇപ്രകാരമാണ്‌ പറയുന്നത്‌: ``ഞങ്ങള്‍ വിശക്കാതെ ഭക്ഷണം കഴിക്കില്ല, ഭക്ഷണം കഴിച്ചാല്‍ വിശപ്പടങ്ങാറുമില്ല.'' ഭക്ഷണ വിനിയോഗത്തിലെ ഈ ആരോഗ്യശാസ്‌ത്രം വ്രതാനുഷ്‌ഠാനത്തിലൂടെ പ്രാവര്‍ത്തികമാകുന്നു. ഓരോ വ്യക്തിക്കും ലഭിച്ചിരിക്കേണ്ട ഈ ആരോഗ്യ പരിരക്ഷയ്‌ക്കു അപവാദമാണ്‌ ഇന്ന്‌ കാണുന്ന ഇഫ്‌താര്‍ വിഭവങ്ങളും രാത്രിയിലെ നിര്‍ത്താതെയുള്ള ആഹാരശൈലികളും.
ഇതിനെക്കാള്‍ പ്രധാനമാണ്‌ ആത്മീയതലത്തില്‍ റമദാനിന്റെ പ്രതിഫലനം. ആത്മവിശുദ്ധി നേടേണ്ടത്‌ എങ്ങനെയെന്ന്‌ ജാബിര്‍ ബിന്‍ അബ്‌ദുല്ല(റ) പറയുന്നു: ``നീ നോമ്പെടുക്കുമ്പോള്‍ നിന്റെ കണ്ണും കാതും നാവും പാപമുക്തമാകട്ടെ. നോമ്പു ദിനങ്ങളില്‍ നിന്റെ വ്യക്തിത്വത്തില്‍ ചൈതന്യവും ശാന്തിയും തുടിക്കട്ടെ, നോമ്പെടുത്ത ദിവസങ്ങളും നോമ്പില്ലാത്ത ദിവസങ്ങളും ഒരുപോലെയാകരുത്‌.'' (ബുഖാരി)
വിവിധ സന്ദര്‍ഭങ്ങളിലുള്ള നമ്മുടെ ഇടപെടലുകള്‍, നമുക്കും മറ്റുള്ളവര്‍ക്കും ആനന്ദകരമായിരിക്കുമ്പോഴാണ്‌ നമ്മുടെ വ്യക്തിത്വം വിലമതിക്കപ്പെടുന്നത്‌. സ്വയം നിയന്ത്രിക്കാനുള്ള ശേഷിയാണിതിന്‌ ആവശ്യം. വ്രതാനുഷ്‌ഠാനം വിശ്വാസികള്‍ക്ക്‌ നല്‍കുന്ന തുല്യതയില്ലാത്ത ഗുണമാണിത്‌. ആത്മനിയന്ത്രണത്തിന്റെ രംഗവേദി നബിയുടെ വാക്കുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ``നോമ്പു നാളുകളില്‍ നിങ്ങള്‍ ശണ്‌ഠ കൂടരുത്‌. അസഭ്യം പറയരുത്‌. അപ്രകാരം ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍ `ഞാന്‍ നോമ്പുകാരനാണ്‌' എന്ന്‌ മാത്രം നിങ്ങള്‍ പ്രതികരിക്കുക.'' (ബുഖാരി). വൈകാരികതകളെ ക്രിയാത്മകമാക്കിയെടുക്കുന്ന മഹാദൗത്യത്തിന്‌ നോമ്പ്‌ എങ്ങനെ സഹായകമാകുന്നു എന്നാണ്‌ ഈ നബിവചനം പഠിപ്പിക്കുന്നത്‌. ഭയം, കോപം, മോഹം എന്നീ സന്ദര്‍ഭങ്ങളില്‍ ആത്മനിയന്ത്രണത്തില്‍ വിജയിക്കുന്നവന്‌ നരകമോചനവും പൈശാചികമുക്തിയും നബി(സ) ഉറപ്പുനല്‍കുന്നുണ്ട്‌. (ഹാകിം)
ലൈംഗിക സദാചാരം നിലനിര്‍ത്താനാണ്‌ തീവ്രമായ ആത്മനിയന്ത്രണ പരിശീലനം വേണ്ടത്‌. വിവാഹപ്രായമായിട്ടും അതിന്‌ സാഹചര്യമൊരുങ്ങാത്തവരോട്‌ നോമ്പെടുക്കാന്‍ നിര്‍ദേശിച്ചത്‌ ആത്മനിയന്ത്രണത്തിലൂടെ സദാചാര ബോധം സൂക്ഷിക്കാനാണ്‌. അരുതാത്ത ചിന്തകളെയും ദുഷ്‌ചെയ്‌തികളെയും ചെറുത്തു തോല്‍പിക്കാനാവുന്ന വിധം നോമ്പ്‌ വ്യക്തികളില്‍ ഈമാനികമായ ശാക്തീകരണം നടത്തുന്നതു കൊണ്ടാണ്‌ അതിനെ പരിചയുടെ സ്ഥാനത്ത്‌ നബി(സ) വിശേഷിപ്പിച്ചത്‌.
റമദാനില്‍ ആര്‍ജിക്കുന്ന ആത്മനിയന്ത്രണവും സംസ്‌കരണവും അനശ്വരമായ ആനന്ദമായി ബാക്കിനില്‍ക്കുമെന്നും നബി(സ) വ്യക്തമാക്കി. ``നോമ്പുകാരന്‌ രണ്ട്‌ ആനന്ദങ്ങളുണ്ട്‌. നോമ്പ്‌ തുറക്കുമ്പോഴും പരലോകത്ത്‌ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോഴും ആണത്‌.'' (ബുഖാരി). ഒന്നാമത്തേത്‌, ശാരീരിക ആനന്ദമാണ്‌. നോമ്പെടുക്കാത്തവര്‍ക്കും ദീര്‍ഘനേരത്തെ വിശപ്പിന്‌ ശേഷം ഭക്ഷണം ലഭിക്കുമ്പോള്‍ സന്തോഷവും ആനന്ദവുമുണ്ടായിരിക്കും. രണ്ടാമത്തേതാണ്‌ പ്രധാനം. ആദ്യത്തെ ആനന്ദം അനുഭവിച്ചവര്‍ക്കെല്ലാം രണ്ടാമത്തേത്‌ ലഭിക്കണമെന്നില്ല. നോമ്പിന്റെ അന്തസ്സത്ത ശരീരവും മനസ്സും ഒരുമിച്ച്‌ ഏറ്റെടുക്കുമ്പോള്‍ മാത്രമാണ്‌ ഓരോ റമദാനും അനശ്വര ആനന്ദത്തിന്റെ സന്ദര്‍ഭമാകുന്നത്‌.
മറ്റു ആരാധനകളെ അപേക്ഷിച്ച്‌ ദൈര്‍ഘ്യമേറിയതാണ്‌ ഓരോ നോമ്പും. 14 മണിക്കൂറാണ്‌ അതിന്റെ പ്രാദേശിക ദൈര്‍ഘ്യം. ഈ സമയമത്രയും ആരാധനാമയമാണ്‌. മനസ്സിനെയും ശരീരത്തെയും ഭക്തിയില്‍ തളച്ചിടുന്ന നോമ്പ്‌, നമ്മുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കാനും ഓര്‍മപ്പെടുത്തുന്നുണ്ട്‌. സല്‍പ്രവര്‍ത്തനങ്ങളിലും പുണ്യങ്ങളിലും മത്സരബുദ്ധിയോടെ മുന്നേറാനുള്ള ആഹ്വാനം ഖുര്‍ആന്‍ ആവര്‍ത്തിക്കുന്നുണ്ട്‌. (5:48). സല്‍പ്രവര്‍ത്തനങ്ങളില്ലാത്ത ഈമാന്‍ ദുര്‍ബലമായിരിക്കും. പ്രതിസന്ധികളെ അതിജീവിക്കാനും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനും പ്രവര്‍ത്തന നിരതമായ വിശ്വാസം അനിവാര്യമാണെന്ന്‌ നബിവചനങ്ങള്‍ വ്യക്തമാക്കുന്നു. ഖുര്‍ആന്‍ പാരായണം, ദാനധര്‍മങ്ങള്‍ തുടങ്ങിയവയെല്ലാം റമദാനില്‍ അവിടുന്ന്‌ വര്‍ധിപ്പിച്ചിരുന്നു. പുണ്യങ്ങള്‍ ആവുന്നത്ര സമ്പാദിക്കാനുള്ള താല്‍പര്യം റമദാനില്‍ നാം ശീലിക്കേണ്ടതുണ്ട്‌.
നബി(സ) ഒരിക്കല്‍ സ്വഹാബികളോട്‌ ചോദിച്ചു: നിങ്ങളില്‍ ആര്‍ക്കാണ്‌ ഇന്ന്‌ നോമ്പുള്ളത്‌? അബൂബക്കര്‍ പറഞ്ഞു: എനിക്കുണ്ട്‌. നബി വീണ്ടും ചോദിച്ചു: നിങ്ങളില്‍ ആരാണ്‌ ഇന്ന്‌ ജനാസയെ അനുഗമിച്ചത്‌? അബൂബക്കര്‍(റ) പ്രതിവചിച്ചു: ഞാന്‍ തന്നെ, നബിയുടെ അടുത്ത ചോദ്യം: ആരാണ്‌ ഇന്ന്‌ പാവപ്പെട്ടവന്‌ ഭക്ഷണം കൊടുത്തത്‌? അതിനും അബൂബക്കര്‍ കൈ പൊക്കി. അവസാന ചോദ്യം: ആരാണിന്ന്‌ രോഗിയെ സന്ദര്‍ശിച്ചത്‌? അതും അബൂബക്കര്‍(റ) ആയിരുന്നു. അനന്തരം നബി(സ) പറഞ്ഞു: ഇത്രയും പുണ്യങ്ങള്‍ ഒരാളിലുണ്ടെങ്കില്‍ അയാള്‍ സ്വര്‍ഗത്തില്‍ കടക്കാതിരിക്കില്ല.'' (ബുഖാരി).
ഇത്തരത്തില്‍ ഒരു ചോദ്യത്തിന്‌ തയ്യാറെടുക്കാന്‍ വേണ്ടിയായിരുന്നില്ല അബൂബക്കറിന്റെ(റ) പ്രവര്‍ത്തനം. നോമ്പിന്റെ പുണ്യത്തില്‍ നിലകൊള്ളുമ്പോള്‍ തന്നെ പ്രതിഫലാര്‍ഹമായ മറ്റു പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താനുള്ള പ്രായോഗിക രൂപമാണ്‌ അദ്ദേഹത്തിന്റെ അനുഭവം നമുക്ക്‌ നല്‍കുന്ന സന്ദേശം. ഇത്തരത്തില്‍ സല്‍പ്രവര്‍ത്തനങ്ങള്‍ക്കൊരു രൂപരേഖ റമദാനില്‍ തുടങ്ങിവെച്ചാല്‍ മറ്റു നാളുകളിലും അതനുസരിച്ച്‌ മുന്നേറാന്‍ കഴിയും. വ്യക്തിതലത്തില്‍ സംഭരിക്കാവുന്ന ഈ നേട്ടങ്ങള്‍ തല്‍സമയം തന്നെ ഗൃഹാന്തരീക്ഷത്തിലും കുടുംബാംഗങ്ങളിലും പ്രതിഫലിക്കണം. അതിന്‌ ഉദ്ദേശ്യപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ വേണ്ടതുണ്ട്‌. റമദാനില്‍ സ്വാഭാവികമായുണ്ടാകുന്ന ഈമാനിക വര്‍ധനവിലൂടെ ജീവിതത്തെ നന്മയിലേക്ക്‌ പരിവര്‍ത്തിപ്പിക്കാന്‍ നേതൃപരമായ പങ്ക്‌ എല്ലാവരും അവരവരുടെ കുടുംബാന്തരീക്ഷത്തില്‍ നിര്‍വഹിക്കേണ്ടതുണ്ട്‌.
റമദാന്‍ പരാമര്‍ശങ്ങള്‍ക്കിടയില്‍ വിശുദ്ധ ഖുര്‍ആന്റെ ശ്രദ്ധേയമായൊരു പ്രമേയമുണ്ട്‌. ``അല്ലാഹു നിങ്ങള്‍ക്ക്‌ എളുപ്പമാണ്‌ ഉദ്ദേശിക്കുന്നത്‌. നിങ്ങള്‍ പ്രയാസപ്പെടണമെന്ന്‌ അവന്‍ ഉദ്ദേശിക്കുന്നില്ല.'' (2:185). ദുഷ്‌കരമായ കാര്യങ്ങള്‍ പോലും വിശ്വാസത്തിന്റെയും ഭക്തിയുടെയും തീഷ്‌ണതയില്‍ എളുപ്പമായിരിക്കും എന്ന ദൈവികനിശ്ചയം നേരില്‍ അനുഭവിക്കാന്‍ നോമ്പുകാരന്‌ കഴിയുന്നു. ഭക്ഷണ പാനീയങ്ങള്‍ പൂര്‍ണമായി വെടിയുകയെന്നത്‌ ബാഹ്യ വിലയിരുത്തലില്‍ എളുപ്പമുള്ള കാര്യമല്ല. പ്രതികൂല കാലാവസ്ഥയും ജോലിഭാരവും അതിജീവിച്ച്‌ ഒരു പരിക്കുമേല്‍ക്കാതെ നോമ്പ്‌ പൂര്‍ത്തിയാക്കുന്നത്‌ ഭക്തിസാന്ദ്രമായ മനസ്സാന്നിധ്യം കൊണ്ടു തന്നെയാണ്‌. എങ്കില്‍ അല്ലാഹുവിന്‌ വേണ്ടി നിലകൊള്ളുന്ന എല്ലാ സന്ദര്‍ഭങ്ങളെയും പ്രയാസരഹിതമായി കാണാനും മറ്റുള്ളവര്‍ ഭാരവും ദുസ്സഹവുമായി കാണുന്ന കാര്യങ്ങള്‍ പോലും ഈമാനിന്റെ ശക്തിയില്‍ എളുപ്പത്തില്‍ നിര്‍വഹിക്കാനും റമദാനിന്റെ പാഠശാലയില്‍ നിന്ന്‌ പുറത്തിറങ്ങുന്നവര്‍ക്ക്‌ കഴിയേണ്ടതുണ്ട്‌. അവര്‍ക്കായിരിക്കും അന്ത്യനാളില്‍ `റയ്യാന്‍' കവാടം തുറക്കപ്പെടുന്നത്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: