ഖുര്‍ആന്‍ പാരായണത്തിന്‌ സവിശേഷമായ അധ്യായങ്ങള്‍

  • Posted by Sanveer Ittoli
  • at 3:24 AM -
  • 0 comments

ഖുര്‍ആന്‍ പാരായണത്തിന്‌ സവിശേഷമായ അധ്യായങ്ങള്‍


പി അബ്‌ദു സലഫി


പ്രത്യേക പുണ്യവും പ്രതിഫലവും വാഗ്‌ദാനം ചെയ്യപ്പെട്ട വചനങ്ങളും അധ്യായങ്ങളും പരിചയപ്പെടുത്തുന്നു.
മാനവ സമൂഹത്തിന്റെ വഴികാട്ടിയാണ്‌ ഖുര്‍ആന്‍. 114 അധ്യായങ്ങളിലായി, മനുഷ്യരുടെ ശാശ്വത വിജയത്തിനാവശ്യമായ മുഴുവന്‍ കാര്യങ്ങളും പരാമര്‍ശിക്കപ്പെട്ടതാണ്‌ ഈ ഗ്രന്ഥം. സ്രഷ്‌ടാവായ അല്ലാഹുവിന്റെ വചനങ്ങളായ ഇതിലെ എല്ലാ അധ്യായങ്ങളും വചനങ്ങളും വളരെയേറെ മഹത്വമുള്ളവയാണ്‌. ഓരോ അക്ഷരം വായിക്കുന്നതിനും പുണ്യമുണ്ടെന്ന്‌ നബി(സ) പഠിപ്പിച്ചത്‌ ഖുര്‍ആനിനെ പറ്റി മാത്രമാണ്‌.
എന്നാല്‍ ചില അധ്യായങ്ങളും സൂക്തങ്ങളും കൂടുതല്‍ പ്രാധാന്യമുള്ളവയായി കാണാം. അവയിലെ ഉള്ളടക്കത്തിന്റെ ഗൗരവമനുസരിച്ചാണ്‌ ഈ പ്രാധാന്യം. ഖുര്‍ആന്‍ പാരായണം യഥാര്‍ഥത്തില്‍ വചനങ്ങളുടെ ആശയമുള്‍ക്കൊണ്ടാവണം. ഏകദൈവ വിശ്വാസവും പരലോകത്തെ സംഭവ വികാസങ്ങളും പരാമര്‍ശിക്കുന്ന പല അധ്യായങ്ങളും നബി(സ) കൂടുതല്‍ തവണ പാരായണം ചെയ്‌തിരുന്നതായി കാണാം. മനുഷ്യ മനസ്സില്‍ വിശ്വാസവും ഭക്തിയും തങ്ങിനില്‌ക്കാന്‍ കൂടുതല്‍ സഹായിക്കുന്ന വചനങ്ങള്‍ ഏറെയാണ്‌ ഖുര്‍ആനില്‍. നബി(സ) പ്രത്യേകം എടുത്തുപറഞ്ഞ ചില അധ്യായങ്ങളുടെയും വചനങ്ങളുടെയും സവിശേഷതകളാണ്‌ ചുവടെ.

സൂറതുല്‍ഫാതിഹ: 

നമസ്‌കാരത്തില്‍ നിര്‍ബന്ധമായും പാരായണം ചെയ്യേണ്ട ഈ അധ്യായത്തിന്‌ സൂറതുസ്സ്വലാത്ത്‌ എന്നും പേരുണ്ട്‌. കൂടാതെ അതിന്റെ ആശയങ്ങളും പ്രാധാന്യവും പരിഗണിച്ച്‌ ഫാതിഹത്തുല്‍ കിതാബ്‌ (പ്രാരംഭം), ഉമ്മുല്‍ ഖുര്‍ആന്‍, ഉമ്മുല്‍ കിത്താബ്‌ (മൂലം), അസാസുല്‍ ഖുര്‍ആന്‍ (അടിത്തറ), അല്‍കാഫിയ (സമ്പൂര്‍ണം), അല്‍കന്‍സ്‌ (നിധി), അല്‍ഹംദ്‌ (സ്‌തുതി), ദുആഅ്‌ (പ്രാര്‍ഥന), സബ്‌ഉല്‍ മസാനി (ഏഴ്‌ ആവര്‍ത്തിത വചനങ്ങള്‍) തുടങ്ങിയ പേരുകളിലും ഈ സൂറത്ത്‌ അറിയപ്പെടുന്നു.
നബി(സ) പറഞ്ഞു: ``തൗറാത്തിലോ ഇന്‍ജീലിലോ, സബൂറിലോ ഖുര്‍ആനില്‍ തന്നെയോ ഇത്രയും മഹത്വമുള്ള ഒരധ്യായമില്ല. അവ ഏഴ്‌ ആവര്‍ത്തിത വചനങ്ങളും, ഖുര്‍ആനിന്റെ ആകെത്തുകയുമാകുന്നു.'' (ബുഖാരി, മുസ്‌ലിം). നബി(സ) പറയുന്നു: ``അല്ലാഹു പറഞ്ഞു: നമസ്‌കാരത്തെ ഞാനും എന്റെ അടിമയും പങ്കുവെക്കും; അവന്‍ ചോദിച്ചത്‌ ഞാന്‍ നല്‌കും; അവന്‍ അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍ എന്ന്‌ പറഞ്ഞാല്‍ അല്ലാഹു പറയും: എന്റെ അടിമ എന്നെ സ്‌തുതിച്ചിരിക്കുന്നു. അവന്‍ അര്‍റഹ്‌മാനുര്‍റഹീം എന്ന്‌ പറഞ്ഞാല്‍ അല്ലാഹു പറയും: എന്റെ അടിമ എന്നെ പുകഴ്‌ത്തിയിരിക്കുന്നു. അവന്‍ മാലികി യൗമിദ്ദീന്‍ എന്ന്‌ പറഞ്ഞാല്‍ അല്ലാഹു പറയും: എന്റെ അടിമ എന്നെ വാഴ്‌ത്തി. അവന്‍ ഇയ്യാക്കനഅ്‌ബുദു... ചൊല്ലിയാല്‍ അല്ലാഹു പറയും; ഇത്‌ ഞാനും എന്റെ അടിമയും തമ്മിലുള്ള ഇടപാടാണ്‌; അവന്‍ ചോദിച്ചതെന്തും ഞാനവന്‌ നല്‌കും. അവന്‍ ഇഹ്‌ദിന... വലദ്ദാല്ലീന്‍' എന്ന്‌ ചൊല്ലിയാല്‍ അല്ലാഹു പറയും: ഇതെല്ലാം ഞാന്‍ എന്റെ അടിമക്ക്‌ നല്‌കുന്നതാണ്‌.''(മുസ്‌ലിം)
മറ്റൊരിക്കല്‍ നബി(സ) പറഞ്ഞു: ``മറ്റൊരു പ്രവാചകനും ലഭിക്കാത്ത രണ്ട്‌ `വെളിച്ചം' എനിക്ക്‌ കിട്ടിയിട്ടുണ്ട്‌. സൂറതു ഫാതിഹയും അല്‍ബഖറയിലെ അവസാന വചനങ്ങളുമാണത്‌. അതിലെ ഓരോ അക്ഷരവും മഹത്തായ പ്രതിഫലമുള്ളവയാണ്‌'' (മുസ്‌ലിം). നബി(സ) ഫര്‍ദ്വ്‌ നമസ്‌കാരാനന്തരവും ഉറങ്ങാന്‍ ഒരുങ്ങുമ്പോഴും ഫാതിഹ ചൊല്ലിയിരുന്നു.

സൂറതുല്‍ബഖറ: 

ഖുര്‍ആനിലെ ഏറ്റവും വലിയ അധ്യായമായ ഇതിനെക്കുറിച്ച്‌ നബി(സ) പറഞ്ഞു: ``നിങ്ങള്‍ നിങ്ങളുടെ വീടുകളെ ഖബര്‍ പോലെയാക്കരുത്‌. നിശ്ചയം സൂറതുല്‍ ബഖറ പാരായണം ചെയ്യുന്ന വീടുകളില്‍ നിന്നും പിശാച്‌ അകന്നുപോകും.'' (മുസ്‌ലിം)
ഫര്‍ദ്വ്‌ നമസ്‌കാരാനന്തരവും ഉറങ്ങാന്‍ നേരത്തും നബി(സ) ഓതാറുണ്ടായിരുന്ന ആയത്തുല്‍ കുര്‍സിയ്യ്‌ സൂറതുല്‍ ബഖറയിലാണ്‌. നബി(സ) പറഞ്ഞു: ``ഫര്‍ദ്വ്‌ നമസ്‌കാരാനന്തരം ഒരാള്‍ ആയത്തുല്‍ കുര്‍സിയ്യ്‌ ഓതിയാല്‍ സ്വര്‍ഗപ്രവേശത്തിന്‌ മരണമല്ലാത്ത ഒരു തടസ്സവും അവനുണ്ടായിരിക്കില്ല.'' (നസാഈ). കേവല പാരായണത്തിനപ്പുറം അതിന്റെ ഉള്ളടക്കം ജീവിതത്തിന്റെ ഭാഗമായി മാറേണ്ടതുണ്ട്‌. ഇബ്‌നു മസ്‌ഊദ്‌(റ) പറയുന്നു: നബി(സ) പറഞ്ഞു: സൂറതുല്‍ ബഖറയിലെ അവസാനത്തെ രണ്ട്‌ വചനങ്ങള്‍ രാത്രിയില്‍ ഒരാള്‍ ഓതിയാല്‍ അതുതന്നെ അവന്‌ മതിയാവുന്നതാണ്‌.'' (ബുഖാരി)

സൂറതു ആലുഇംറാന്‍: 

അബൂ ഉമാമത്തുല്‍ ബാഹിലി(റ) പറയുന്നു: ``നബി(സ) പറഞ്ഞു: നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. തീര്‍ച്ചയായും അത്‌ അന്ത്യനാളില്‍ അവര്‍ക്ക്‌ ശുപാര്‍ശകനായി വരും. നിങ്ങള്‍ സൂറതുല്‍ബഖറയും ആലുഇംറാനും ഓതുക; നിശ്ചയം അവ കാര്‍മേഘമായും പക്ഷിക്കൂട്ടമായും പരലോകത്ത്‌ വരികയും നിങ്ങള്‍ക്കുവേണ്ടി വാദിക്കുകയും ചെയ്യുന്നതാണ്‌.'' (മുസ്‌ലിം)

സൂറതു ഹൂദ്‌, വാഖിഅ, മുര്‍സലാത്ത്‌, നബഅ്‌, തക്‌വീര്‍: 

പരലോകത്തിന്റെയും ഖിയാമത്തിന്റെയും ഭീകരത വിവരിക്കുന്ന അധ്യായങ്ങളാണിവ. ഒരിക്കല്‍ അബൂബക്കര്‍(റ) നബി(സ)യോട്‌ പറഞ്ഞു: റസൂലേ താങ്കള്‍ നരച്ചുപോയല്ലോ? നബി(സ) പറഞ്ഞു: ഹൂദ്‌, വാഖിഅ, മുര്‍സലാത്ത്‌, നബഅ്‌, തക്‌വീര്‍ എന്നീ അധ്യായങ്ങളാണ്‌ എന്നെ നരപ്പിച്ചത്‌ (തിര്‍മിദി). ``ഹൂദും സമാനമായ അധ്യായങ്ങളും എനിക്ക്‌ അകാലനര സമ്മാനിച്ചു.''(അല്‍ജാമിഉസ്സഗിര്‍)

മുസബ്ബിഹാത്ത്‌: 

സുബ്‌ഹാന, സബ്ബഹ, യുസബ്ബിഹു എന്നിങ്ങനെ അല്ലാഹുവിനെ വാഴ്‌ത്തുന്ന പദങ്ങള്‍ കൊണ്ടാരംഭിക്കുന്ന ഇസ്‌റാഅ്‌, ഹദീദ്‌, ഹശ്‌ര്‍, സ്വഫ്‌ഫ്‌, ജുമുഅ, തഗാബുന്‍, അഅ്‌ലാ എന്നീ അധ്യായങ്ങളാണ്‌ മുസബ്ബിഹാത്തുകള്‍. ഇര്‍ബാദ്വ്‌ബിന്‍ സാരിയ(റ) റിപ്പോര്‍ട്ട്‌ ചെയ്യുന്നു: നബി(സ) മുസബ്ബിഹാത്തുകള്‍ പാരായണം ചെയ്യാതെ ഉറങ്ങാറുണ്ടായിരുന്നില്ല; അവയില്‍ ആയിരം വചനങ്ങളെക്കാള്‍ മഹത്വമുള്ള ഒരു വചനമുണ്ട്‌. (തിര്‍മിദി)

സൂറതുസ്സുമര്‍: 

``ആഇശ(റ) പറയുന്നു: നബി(സ) സൂറതുസ്സുമറും, ഇസ്‌റാഉം ഓതിയിട്ടേ ഉറങ്ങാറുണ്ടായിരുന്നുള്ളൂ.'' (തിര്‍മിദി)

സൂറതുല്‍കഹ്‌ഫ്‌: 

ആരെങ്കിലും സൂറതുല്‍കഹ്‌ഫ്‌ പാരായണം ചെയ്‌താല്‍ ഖിയാമത്ത്‌ നാളില്‍ അതവന്‌ വെളിച്ചമേകും. അതിലെ ആദ്യത്തെ പത്ത്‌ വചനങ്ങള്‍ പഠിച്ചാല്‍ അവന്‍ ദജ്ജാലില്‍ നിന്ന്‌ സംരക്ഷിക്കപ്പെടുന്നതാണെന്നും വെള്ളിയാഴ്‌ച രാത്രിയോ പകലോ സൂറതു കഹ്‌ഫ്‌ ഓതുന്നവന്‌ അത്‌ വെളിച്ചം പകരുമെന്നും ഹാകിം, ബൈഹഖി, അബൂദാവൂദ്‌, തിര്‍മിദി എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്‌.

സൂറതുല്‍ഫത്‌ഹ്‌: 

അനസ്‌(റ) പറയുന്നു: നബി(സ) ഹുദയ്‌ബിയ്യയില്‍ നിന്ന്‌ മടങ്ങുമ്പോഴാണ്‌ സൂറതുല്‍ ഫത്‌ഹ്‌ ഇറങ്ങിയത്‌. അനുയായികള്‍ വളരെയേറെ ദു:ഖിതരായിരുന്നു അപ്പോള്‍. മക്കയില്‍ പ്രവേശിക്കാനാവാതെ ഹുദയ്‌ബിയ്യയില്‍ വെച്ച്‌ ബലിയറുത്ത്‌ മടങ്ങുകയായിരുന്നുവല്ലോ അവര്‍. ഈ സൂറത്തിലെ `ഇന്നാഫത്‌ഹ്‌നാ ലക്ക' എന്ന്‌ തുടങ്ങുന്ന രണ്ട്‌ വചനങ്ങളെക്കുറിച്ച്‌ നബി(സ) പറഞ്ഞത്‌ ഇപ്രകാരമായിരുന്നു: ``എനിക്ക്‌ രണ്ട്‌ ആയത്തുകള്‍ ഇറങ്ങിയിരിക്കുന്നു. അവ ദുന്‍യാവില്‍ വെച്ചേറ്റവും പ്രിയപ്പെട്ടതാണെനിക്ക്‌.'' (അഹ്‌മദ്‌)

സൂറതുല്‍മുല്‍ക്ക്‌: 

അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ) പറയുന്നു: ``ഖുര്‍ആനിലെ 30 വചനങ്ങളുള്ള ഒരധ്യായം ഒരാള്‍ക്ക്‌ പാപമോചനം ലഭിക്കുന്നതിനായി ശുപാര്‍ശ നടത്തുകയുണ്ടായി. സൂറത്ത്‌ തബാറക്ക (അല്‍മുല്‍ക്‌) ആണത്‌'' (തിര്‍മിദി). ഈ സൂറത്ത്‌ ഉറങ്ങാന്‍ സമയത്ത്‌ ഒരാള്‍ പാരായണം നടത്തിയാല്‍ അയാള്‍ക്ക്‌ മുപ്പത്‌ നന്മ ലഭിച്ചുവെന്നും, 30 പാപം പൊറുക്കപ്പെടുമെന്നും 30 പദവികള്‍ ലഭിക്കുമെന്നും ഖബ്‌റില്‍ ഇയാള്‍ക്ക്‌ അനുകൂലമാവുമെന്നും ഹദീസുകളില്‍ പരാമര്‍ശിച്ചതായി കാണാം.

സൂറതു യാസീന്‍: 

മഅ്‌ഖലുബിന്‍ യസാര്‍(റ) പറയുന്നു: ``യാസീന്‍ ഖുര്‍ആനിന്റെ ഹൃദയമാണ്‌ എന്ന്‌ നബി(സ) പറഞ്ഞിരിക്കുന്നു. അത്‌ അതിന്റെ ഒരു പേരായി നബി(സ) എണ്ണുകയും ചെയ്‌തു.'' (അബൂദാവൂദ്‌) ഖുര്‍ആനിലെ പ്രധാന പരാമര്‍ശ വിഷയങ്ങളില്‍ പെട്ട അന്ത്യദിനവും അനന്തര സംഭവങ്ങളും ഈ സൂറത്തില്‍ വളരെയേറെ പരാമര്‍ശിച്ചിട്ടുണ്ട്‌.

സൂറതുസ്സജദ: 

``ജാബിര്‍(റ) പറയുന്നു: നബി(സ) ഉറങ്ങുന്നതിനു മുമ്പ്‌ സൂറതു സജദയും അല്‍മുല്‍ക്കും ഓതാറുണ്ടായിരുന്നു'' (തിര്‍മിദി). വെള്ളിയാഴ്‌ച സുബ്‌ഹ്‌ നമസ്‌കാരത്തില്‍ സജദയും അല്‍ഇന്‍സാനും നബി(സ) ഓതിയിരുന്നു. (ബുഖാരി, മുസ്‌ലിം)

സൂറതുഖാഫ്‌: 

പെരുന്നാള്‍ നമസ്‌കാരത്തില്‍ നബി(സ) സൂറതു ഖാഫും സൂറതു ഖമറും ഓതാറുണ്ടായിരുന്നതായി അബൂവാഖിദു ലൈഥി റിപ്പോര്‍ട്ട്‌ ചെയ്യുന്നു (മുസ്‌ലിം). ഉമ്മുഹിശാം ബിന്‍ത്‌ അല്‍ഹാരിസ്‌ എന്ന സ്വഹാബ വനിത പറയുന്നു: ``സൂറതു ഖാഫ്‌ നബി(സ)യുടെ നാവില്‍ നിന്നല്ലാതെ ഞാന്‍ പഠിച്ചിട്ടില്ല. എല്ലാ വെള്ളിയാഴ്‌ചയും മിന്‍ബറില്‍ വെച്ച്‌ നബി(സ) അത്‌ ഓതാറുണ്ടായിരുന്നു.'' (ബുഖാരി, അബൂദാവൂദ്‌)

സൂറതുന്നൂര്‍: 

സ്‌ത്രീകളുമായി ബന്ധപ്പെട്ട ധാരാളം കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന സൂറത്തായതിനാല്‍ സ്‌ത്രീകള്‍ ഈ അധ്യായം പ്രത്യേകം പഠിക്കേണ്ടതുണ്ടെന്ന്‌ ചില ഹദീസുകളില്‍ കാണാവുന്നതാണ്‌.

സൂറതുല്‍ കാഫിറൂന്‍: 

ഫര്‍വത്ത്‌ ബിന്‍ നൗഫല്‍(റ) നബി(സ)യുടെ അടുത്തുചെന്ന്‌ പറഞ്ഞു: ഞാന്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ എന്ത്‌ ചൊല്ലണമെന്ന്‌ എനിക്ക്‌ പഠിപ്പിച്ച്‌ തന്നാലും. നബി(സ) പറഞ്ഞു: നീ സൂറതുല്‍ കാഫിറൂന്‍ ഓതുക. അത്‌ ശിര്‍ക്കില്‍ നിന്നുള്ള മോചനമാണ്‌. ഖുര്‍ആനിന്റെ നാലില്‍ ഒന്ന്‌ എന്ന്‌ ഈ അധ്യായത്തെ നബി(സ) വിശേഷിപ്പിച്ചിട്ടുണ്ട്‌.

സൂറതുഇഖ്‌ലാസ്‌, മുഅവ്വദത്തൈനി: 

സൂറതുത്തൗഹീദ്‌ (ഏകദൈവ വിശ്വാസം), സൂറതുല്‍ അസാസ്‌ (അടിത്തറ), സൂറതുല്‍ മആരിഫ്‌ (വിജ്ഞാനം) എന്നീ പേരുകളില്‍ അറിയപ്പെടുന്ന സൂറതു ഇഖ്‌ലാസ്‌ ഖുര്‍ആനിന്റെ മൂന്നിലൊന്നിന്‌ സമമാണെന്ന്‌ നബി(സ) പറയുന്നു. അബൂദര്‍ദ്ദാഅ്‌(റ) റിപ്പോര്‍ട്ട്‌ ചെയ്യുന്നു: നബി(സ) ചോദിച്ചു: ``ഒറ്റ രാത്രി കൊണ്ട്‌ ഖുര്‍ആനിന്റെ മൂന്നിലൊരു ഭാഗം പാരായണം ചെയ്യാന്‍ നിങ്ങള്‍ക്കാവില്ലേ? അവര്‍ പറഞ്ഞു: എങ്ങനെ?! നബി(സ) പറഞ്ഞു: ഖുല്‍ഹുവല്ലാഹു അഹദ്‌ ഖുര്‍ആനിന്റെ മൂന്നിലൊന്നിന്‌ സമമാണ്‌.'' (മുസ്‌ലിം)
മുആദ്‌ബ്‌നു അബ്‌ദുല്ല(റ) പറയുന്നു: ഇരുട്ടും മഴയുമുള്ള ഒരു രാത്രിയില്‍ റസൂലിന്റെ കൂടെ നമസ്‌കരിക്കാന്‍ ഞങ്ങള്‍ പുറപ്പെട്ടു. അപ്പോള്‍ റസൂല്‍ പറഞ്ഞു: നീ രാവിലെയും വൈകുന്നേരവും മൂന്നുതവണ സൂറതു ഇഖ്‌ലാസും മുഅവ്വദത്തൈനിയും (സൂറതുല്‍ഫലഖ്‌, സൂറതുന്നാസ്‌) ഓതുക. അത്‌ എല്ലാത്തിനും മതിയാവുന്നതാണ്‌. (തിര്‍മിദി)
സൂറതുഇഖ്‌ലാസിനോടുള്ള സ്‌നേഹം ഒരാളെ സ്വര്‍ഗപ്രവേശത്തിനര്‍ഹനാക്കുമെന്നും അവന്‌ സ്വര്‍ഗത്തില്‍ അല്ലാഹു ഭവനം നല്‌കുമെന്നും ചില ഹദീസുകളില്‍ കാണാം. ഖുര്‍ആന്‍ പാരായണവും പഠനവും അതനുസരിച്ചുള്ള ജീവിതവും കൂടിച്ചേരുമ്പോഴാണ്‌ ഈ പറഞ്ഞ പ്രതിഫലങ്ങളെല്ലാം യാഥാര്‍ഥ്യമായിത്തീരുക.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: