ഉദ്‌ബോധനങ്ങള്‍ ഉടഞ്ഞുപോകുന്നുവോ?

  • Posted by Sanveer Ittoli
  • at 4:25 AM -
  • 0 comments

ഉദ്‌ബോധനങ്ങള്‍ ഉടഞ്ഞുപോകുന്നുവോ?



മതപ്രബോധനത്തിനും ഉദ്‌ബോധനത്തിനും ഏറ്റവും കൂടുതല്‍ അവസരം സൃഷ്‌ടിക്കുകയും ആ ഇനത്തില്‍ വന്‍തോതില്‍ പണം ചെലവിടുകയും ചെയ്യുന്ന മതവിഭാഗം, മുസ്‌ലിംകളായിരിക്കും. ആഴ്‌ചയിലെ ജുമുഅ, വര്‍ഷത്തിലൊരിക്കലുള്ള രണ്ട്‌ പെരുന്നാളുകള്‍, ഹജ്ജ്‌ തുടങ്ങിയവയുടെ അനുപേക്ഷ്യ ഘടകം ഉദ്‌ബോധന പ്രസംഗമാണ്‌. അവയ്‌ക്കു പുറമെ ഐച്ഛികമായ മറ്റനേകം സന്ദര്‍ഭങ്ങളിലും ഉദ്‌ബോധനം നടത്തുക പതിവുണ്ട്‌. ഇതിനു പുറമെ അടിസ്ഥാന മതവിഷയങ്ങള്‍ അഭ്യസിക്കുന്നതിന്‌ വ്യവസ്ഥാപിതമായ മതപാഠശാലകളും മുസ്‌ലിം സമൂഹങ്ങളില്‍ സാര്‍വത്രികമാണ്‌.
മതത്തിന്റെ ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം പെരുകിയിട്ടുണ്ട്‌. മുഖമക്കനയും പര്‍ദയും
കാല്‍നൂറ്റാണ്ട്‌ മുമ്പ്‌ അപൂര്‍വമായിരുന്നുവെങ്കില്‍ ഇന്നത്തെ മുസ്‌ലിം സ്‌ത്രീകളില്‍ അത്‌ വ്യാപകമാണ്‌. താടിയും തൊപ്പിയും ഉത്തരേന്ത്യന്‍-അറബ്‌ രീതിയിലുള്ള മുസ്‌ലിം വേഷങ്ങളും സ്വീകരിക്കുന്ന പുരുഷന്മാര്‍, പ്രത്യേകിച്ച്‌ യുവാക്കള്‍ ധാരാളമാണ്‌. പള്ളികളിലും പ്രാര്‍ഥനാ കേന്ദ്രങ്ങളിലും മുസ്‌

ലിംകള്‍ കൂടുതലായി നിരതമായി തുടങ്ങുന്നുണ്ട്‌. ഇതൊക്കെ നല്ല കാര്യങ്ങള്‍ തന്നെ. എന്നാല്‍, ഇതിനൊരു മറുവശം കൂടിയുണ്ട്‌. ഇത്രയേറെ മത ഉദ്‌ബോധനങ്ങള്‍നടക്കുന്നുണ്ടെങ്കിലും പ്രകടമായി മതത്തെ ഉള്‍ക്കൊള്ളാന്‍ സമൂഹം മുന്നോട്ടുവരുന്നുണ്ടെങ്കിലും സമുദായത്തിന്റെ അന്തരംഗം ചീഞ്ഞുകൊണ്ടിരിക്കുന്നു എന്നതാണത്‌. ധാര്‍മിക ഉദ്‌ബോധനങ്ങള്‍ അന്തരീക്ഷത്തില്‍ പ്രകമ്പനം സൃഷ്‌ടിക്കുന്നു എന്നല്ലാതെ, അത്‌ ജനമനസ്സുകളിലേക്ക്‌ ഇറങ്ങുന്നില്ല എന്നാണ്‌ അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്‌. പത്രമാധ്യമങ്ങളില്‍ വരുന്ന വിവരമനുസരിച്ച്‌, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പട്ടികയില്‍ പ്രബലസ്ഥാനത്തു തന്നെ മുസ്‌ലിംകളാണ്‌. കൈക്കൂലി, അഴിമതി, സ്‌ത്രീപീഡനം, പെണ്‍വാണിഭം, മദ്യപാനം തുടങ്ങി എല്ലാ കുറ്റകൃത്യങ്ങളിലും മുസ്‌ലിംകള്‍ അനുപാതത്തില്‍ കവിഞ്ഞ പങ്കുവഹിക്കുന്നു. പിതാവും സഹോദരനും മകളെയും സഹോദരിയെയും പീഡിപ്പിക്കുക, ഭാര്യയെ വില്‍ക്കുക തുടങ്ങിയ അതീവ നികൃഷ്‌ടമായ കാര്യങ്ങളില്‍ പോലും മുസ്‌ലിംകള്‍ ഒട്ടും പുറകിലല്ല.
ഇതിലേറെ ഭയാനകമായത്‌, മതപ്രബോധന രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരുടെ ധാര്‍മിക ശോഷണമാണ്‌. സാമ്പത്തിക കുറ്റകൃത്യങ്ങള്‍, ലൈംഗിക ചൂഷണം, സ്വവര്‍ഗരതി തുടങ്ങിയ കേസുകളില്‍ മതപ്രഭാഷകരും മതാധ്യാപകരും പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നത്‌ സാധാരണമായിക്കഴിഞ്ഞിരിക്കുന്നു. പാവനമായ പള്ളികളെയും അനാഥശാലകളെയും പോലും അനാശാസ്യത്തിന്‌ ഉപയോഗിക്കുന്ന മതാധ്യാപകരെക്കുറിച്ചുള്ള ലജ്ജിപ്പിക്കുന്ന വാര്‍ത്തകള്‍ ഈയിടെ പുറത്തുവരികയുണ്ടായി.
ഇത്‌ കേരളത്തില്‍ ഒതുങ്ങുന്ന ഒരു പ്രശ്‌നമല്ല. ലോകത്തിന്‌ മാതൃകയാകേണ്ട മുസ്‌ലിം രാജ്യങ്ങളിലും സമൂഹങ്ങളിലും ഈ വൈരുധ്യം വളര്‍ന്നു
കൊണ്ടിരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളെയും യൂറോപ്പിനെയും അപേക്ഷിച്ച്‌ മദ്യോപയോഗ നിരക്കില്‍ മുന്നിട്ടു നില്‌ക്കുന്നത്‌ അറബ്‌-മുസ്‌ലിം രാജ്യങ്ങളാണ്‌. 2005-2010 കാലത്ത്‌ ഫ്രാന്‍സില്‍ പ്രതിവര്‍ഷ മദ്യോപയോഗം 104.2 ബില്ല്യന്‍ ലിറ്ററില്‍ നിന്ന്‌ 96.7 ബില്ല്യന്‍ ലിറ്ററായി കുറഞ്ഞു. എന്നാല്‍ അതേ കാലയളവില്‍ മിഡില്‍ ഈസ്റ്റ്‌ - ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മദ്യോപയോഗം 11.7 ബില്യന്‍ ലിറ്ററില്‍ നിന്ന്‌ 15.2 ആയി ഉയര്‍ന്നു. 25 ശതമാനം വര്‍ധനയാണിവിടെ ഉണ്ടായിട്ടുള്ളത്‌. അറബ്‌ മേഖല മാത്രം പരിഗണിച്ചാല്‍ 44 ശതമാനം വര്‍ധന ഉണ്ടാകുമെന്ന്‌ കണക്കുകള്‍ പറയുന്നു.
യു എ ഇയും ലബനാനുമാണ്‌ മിഡില്‍ ഈസ്റ്റില്‍ ഏറ്റവും കൂടുതല്‍ മദ്യവില്‌പനയുള്ള രാജ്യങ്ങള്‍. ദി ഇക്കണോമിസ്റ്റ്‌ മാഗസിന്റെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ മുസ്‌ലിം ലോകത്ത്‌ മദ്യോപയോഗം ആഗോള ശരാശരിയേക്കാള്‍ കൂടുകയാണ്‌. 2001-11 ദശാബ്‌ദത്തില്‍ മദ്യോപയോഗ വര്‍ധനയുടെ ആഗോള ശരാശരി 30 ശതമാനം ആണെന്നിരിക്കേ, മുസ്‌ലിം രാജ്യങ്ങളില്‍ അത്‌ 75 ശതമാനമാണ്‌. തുനീഷ്യ, തുര്‍ക്കി, അഫ്‌ഗാന്‍, മലേഷ്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലും ഉപഭോഗം കൂടുന്നു.
മദ്യം മാത്രമല്ല, മറ്റു തിന്മകളുടെയും സ്ഥിതി വ്യത്യസ്‌തമല്ല. അര്‍റിയാദ്‌ പത്രത്തിന്റെ റിപ്പോര്‍ട്ടനുസരിച്ച്‌ സുഊദിയില്‍, പ്രതിവര്‍ഷം 10 ലക്ഷം കോടി ഡോളറാണ്‌ വയാഗ്രയും മറ്റു ലൈംഗിക ഉത്തേജകങ്ങളും വാങ്ങാന്‍ ചെലവിടുന്നത്‌. ഇത്‌ റഷ്യയേക്കാള്‍ പത്തു മടങ്ങാണെന്നോര്‍ക്കണം. ലോകത്തു തന്നെ ഇക്കാര്യത്തില്‍ സുഊദി ആറാമതാണത്രേ. ഈജിപ്‌തില്‍ ലൈംഗിക ഉത്തേജക മരുന്നുകള്‍ക്ക്‌ ഒരു ലക്ഷം കോടിയും യു എ ഇയില്‍ അരലക്ഷം കോടിയും ചെലവാകുന്നു.
സെക്‌സുമായി ബന്ധപ്പെട്ട്‌ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരില്‍ ലോകത്ത്‌ ഒന്നാം സ്ഥാനം പാകിസ്‌താനാണ്‌. ഗൂഗിളില്‍ ഏറ്റവുമധികം രതിയന്വേഷണം നടത്തുന്ന ആദ്യത്തെ പത്തു രാജ്യങ്ങളില്‍ ആറും മുസ്‌ലിം രാജ്യങ്ങളാണ്‌. ഈജിപ്‌ത്‌, ഇറാന്‍, മൊറോക്കോ, സുഊദി, തുര്‍ക്കി എന്നിവയാണ്‌ മറ്റുള്ളവ. അറബ്‌ ന്യൂസിന്റെ ഒരു റിപ്പോര്‍ട്ട്‌ പ്രകാരം സുഊദിയില്‍ മൊബൈല്‍ ഫോണിലൂടെ ഷെയര്‍ ചെയ്യപ്പെടുന്ന ഫയലുകളില്‍ 70 ശതമാനവും പോര്‍ണോഗ്രഫിയാണ്‌. സ്വവര്‍ഗരതി ഉള്‍പ്പെടെയുള്ള ലൈംഗിക വിഷയങ്ങള്‍ ഏറ്റവും സെര്‍ച്ചു ചെയ്യുന്ന ഭാഷ അറബിയാണെന്ന്‌ `ഗൂഗിള്‍' അനാലിസ്‌ രേഖപ്പെടുത്തുന്നു.
ഇതൊക്കെ നല്‌കുന്ന ഭീകരമായ മുന്നറിയിപ്പ്‌ നാം കണക്കിലെടുക്കേണ്ടിയിരിക്കുന്നു. മതാധ്യാപനങ്ങളുംഉദ്‌ബോധനങ്ങളും എങ്ങോ വഴിമാറി സഞ്ചരിക്കുന്നു എന്നല്ലേ ഇതര്‍ഥമാക്കുന്നത്‌? അത്‌ ഒട്ടും ഫലപ്രദമല്ലാത്ത വഴിപാടുകള്‍ മാത്രമായിത്തീരുന്നു എന്നല്ലേ? ഉദ്‌ബോധനങ്ങള്‍ സജീവമാകുന്ന ഈ വിശുദ്ധ മാസത്തില്‍ ഈ വൈരുധ്യം, മതനേതൃത്വത്തിന്റെ സജീവ ചിന്തയ്‌ക്ക്‌ വിഷയീഭവിക്കേണ്ടിയിരിക്കുന്നു. 

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: