ലീഗ്‌ അധിക ബാധ്യതയാകുന്നത്‌

  • Posted by Sanveer Ittoli
  • at 8:40 AM -
  • 0 comments
ലീഗ്‌ അധിക ബാധ്യതയാകുന്നത്‌
ഫീഡ് ബാക് എമ്മാര്‍ കിനാലൂര്‍ 


യു ഡി എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ ഇടതടവില്ലാതെ, മുസ്‌ലിംലീഗ്‌ കേരളത്തിന്റെ പൊതു സംവാദങ്ങളില്‍ പ്രതിരോധത്തിലേക്ക്‌ തള്ളിവിടപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഒരു ബഹുകക്ഷി മുന്നണിയിലെ പാര്‍ട്ടികള്‍ പരസ്‌പരം അധികാര സ്ഥാനങ്ങള്‍ക്കുവേണ്ടി വിലപേശല്‍ നടത്തുന്നത്‌ സ്വാഭാവികം മാത്രമാണ്‌. അതിനെ തികച്ചും രാഷ്‌ട്രീയമായ സ്‌പിരിറ്റില്‍ മാത്രമാണ്‌ പൊതു സമൂഹം കാണേണ്ടത്‌. എന്നാല്‍, കോണ്‍ഗ്രസും ലീഗും തമ്മിലുള്ള പ്രശ്‌നങ്ങളെ പൊളിറ്റിക്കലായി കാണാതെ, പൊതു സംവാദങ്ങളില്‍ അതിന്‌ വര്‍ഗീയമായ ഒരു നിറം നല്‌കപ്പെടുന്നത്‌ ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ടതുണ്ട്‌.
എല്‍ ഡി എഫ്‌ ഭരണകാലത്ത്‌ സി പി എമ്മും ഘടക കക്ഷികളും തമ്മില്‍ സ്ഥാനമാനങ്ങള്‍ക്കുവേണ്ടി വിലപേശല്‍ നടന്നിട്ടുണ്ട്‌. സി പി എമ്മും സി പി ഐയും തമ്മില്‍ പല വിഷയങ്ങളിലും അഭിപ്രായ ഭിന്നത ഉടലെടുക്കുകയും അത്‌ മറനീക്കി പുറത്തുവരികയും ചെയ്‌തിട്ടുണ്ട്‌. ചെറുകക്ഷികള്‍ സി പി എമ്മിന്റെ `വല്യേട്ടന്‍' മനോഭാവത്തെ ചോദ്യം ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ ഇതൊക്കെ പൊതു സംവാദങ്ങളില്‍ തികച്ചും രാഷ്‌ട്രീയ പ്രശ്‌നങ്ങളായി മാത്രമാണ്‌ പരിഗണിക്കപ്പെട്ടത്‌. ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്ന വിവാദങ്ങളോ, ജി സുധാകരന്‍ ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട്‌ ഉയര്‍ത്തിയ സംവാദങ്ങളോ പോലും വര്‍ഗീയമായി സ്ഥാനപ്പെടുത്തപ്പെട്ടിട്ടില്ല.
ലീഗ്‌ പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെട്ട പ്രധാന സംഭവം അഞ്ചാം മന്ത്രി പദവി ആവശ്യപ്പെട്ടതാണ്‌. അത്‌ മതവുമായോ ജാതിയുമായോ ഒരു നിലയ്‌ക്കും ബന്ധപ്പെടുത്തേണ്ടതില്ലാത്ത ഒരു പൊളിറ്റിക്കല്‍ ക്ലെയിം ആയിരുന്നു. എന്നിട്ടും അതിന്‌ സാമുദായികമായ വ്യാഖ്യാനങ്ങള്‍ വന്നു. ഇത്തരം ഒരു ആവശ്യം ഒരു കക്ഷി ഉന്നയിക്കുമ്പോള്‍ മതിയായ പാര്‍ലമെന്ററി ബലം അതിനുണ്ടോ, മുന്നണിയുടെ ശാക്തിക ഘടനയില്‍ അത്‌ ന്യായമാണോ എന്നാണ്‌ വിശകലനം ചെയ്യേണ്ടത്‌. അതിനു പകരം ലീഗ്‌ അനര്‍ഹമായതു നേടുന്നു എന്ന ദുരുപദിഷ്‌ട പ്രചാരണം അഴിച്ചുവിടുകയാണ്‌ മാധ്യമങ്ങളും ഭിന്ന സംഘടനകളും ചെയ്‌തത്‌.
ലീഗ്‌ കേരളത്തെ `ഭരിച്ചു കളയുന്നു' എന്നതായി അടുത്ത സംവാദം. വിദ്യാഭ്യാസ വകുപ്പില്‍ പിടികൂടി, പച്ച ബ്ലൗസും മന്ത്രി മന്ദിരത്തിന്റെ പേരുമാറ്റവും മറ്റുമായി പിന്നെ വിഷയം. ഏറ്റവുമൊടുവില്‍ വിവാഹപ്രായം സംബന്ധിച്ച സര്‍ക്കുലറിനെക്കുറിച്ചായി വിവാദം. ഇത്തരം വിവാദങ്ങള്‍ മുതല്‍ ഐസ്‌ക്രീം കേസുവരെ കൈകാര്യം ചെയ്യുമ്പോള്‍ അനാവശ്യമായി, മതവും സമുദായവും അസ്ഥാനത്ത്‌ പ്രശ്‌നവത്‌കരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? രാഷ്‌ട്രീയ വിശകലനത്തേക്കാളുപരി സാമൂഹ്യശാസ്‌ത്രവിശകലനം അര്‍ഹിക്കുന്നതാണ്‌ ഈ ചോദ്യം.
പേരിന്റെ തലപ്പത്ത്‌ മതമുള്ള കേരളത്തിലെ ഏകരാഷ്‌ട്രീയ പാര്‍ട്ടിയാണ്‌ മുസ്‌ലിംലീഗ്‌. എന്നാല്‍ മതപരമായ എന്തെങ്കിലും ലക്ഷ്യമോ പരിപാടിയോ ഈ പാര്‍ട്ടിക്ക്‌ ഉള്ളതായി അറിയില്ല. ഈ പാര്‍ട്ടി നിര്‍മിക്കുകയോ ഭരിക്കുകയോ ചെയ്യുന്ന ഒരു പള്ളിയോ മദ്‌റസയോ ഇസ്‌ലാമിക സ്ഥാപനമോ ഇല്ല. മതപ്രബോധനം പാര്‍ട്ടിയുടെ അജണ്ടയല്ല. മതതത്വങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്‌ട്രം സ്ഥാപിക്കുകയോ ശരീഅത്ത്‌ നടപ്പാക്കുകയോ പാര്‍ട്ടിയുടെ ലക്ഷ്യമേ അല്ല. ലക്ഷ്യത്തിലും ഘടനയിലും നടപടികളിലും മറ്റേതൊരു സെക്യുലര്‍ രാഷ്‌ട്രീയ പാര്‍ട്ടിയെപ്പോലെ തന്നെയാണ്‌ ലീഗ്‌. അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ലീഗിനുമുണ്ടുതാനും.
എന്നാല്‍, ഒരു പിന്നാക്ക സമുദായം എന്ന നിലയില്‍ മുസ്‌ലിംകളുടെ ഉന്നമനം ലീഗ്‌ അതിന്റെ അജണ്ടയില്‍ ഉയര്‍ത്തിപ്പിടിക്കുന്നു. അത്‌ പൂര്‍ണമായും നടപ്പാക്കാന്‍ ലീഗിനു കഴിയുന്നു എന്ന്‌ ഈ ലേഖകന്‌ അഭിപ്രായമില്ല. എന്നാല്‍ കേരളത്തിന്റെ മുസ്‌ലിം സമുദായത്തിന്റെ വളര്‍ച്ചയില്‍ മുസ്‌ലിംലീഗ്‌ വലിയ സംഭാവന നല്‌കിയിട്ടുണ്ടെന്നത്‌ ചരിത്രപരമായി അനിഷേധ്യമാണ്‌. പേരില്‍ ക്രിസ്‌ത്യാനി ഇല്ലെങ്കിലും കേരള കോണ്‍ഗ്രസുകളുടെ മുന്‍ഗണനയില്‍ ക്രൈസ്‌തവ സമൂഹമുള്ളതു പോലെയാണ്‌ ഇതും. അതേസമയം കേരള കോണ്‍ഗ്രസിലും, കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ തന്നെയും കത്തോലിക്കാ സഭയും മെത്രാന്മാരും ഇടപെടുകയും വിലപേശി തങ്ങളുടെ സമുദായത്തിന്റെ മേല്‍ക്കൈ ഉറപ്പാക്കുകയും ചെയ്യുന്ന പോലെ മുസ്‌ലിം ലീഗിലോ കോണ്‍ഗ്രസിലോ ഒരു മുസ്‌ലിം സംഘടനയും വിലപേശി സ്ഥാനമാനങ്ങള്‍ നേടുന്നില്ലെന്നത്‌ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ലീഗ്‌ മതസംഘടനകള്‍ക്ക്‌ ആകെക്കൂടി നല്‌കുന്നത്‌ ഹജ്ജ്‌ കമ്മിറ്റിയിലോ വഖഫ്‌ ബോര്‍ഡിലോ ചില പദവികളാണ്‌. അതാകട്ടെ, ഇടതു കക്ഷികളും നല്‌കുന്നതുമാണ്‌.
തങ്ങളുടെ മതേതര പ്രതിച്ഛായയെക്കുറിച്ച്‌ ഏറ്റവും കൂടുതല്‍ ജാഗ്രതയുള്ള പാര്‍ട്ടിയാണ്‌ ലീഗ്‌. രാഷ്‌ട്രീയ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ അങ്ങേയറ്റം `സംയമനം' പാലിക്കാന്‍ അതു തയ്യാറാകുന്നു. സ്വന്തം മുഖപത്രത്തെ പോലും തള്ളിപ്പറഞ്ഞ്‌ എന്‍ എസ്‌ എസ്‌ നേതാവ്‌ സുകുമാരന്‍ നായരെ പിന്തുണച്ചത്‌ ഈ മതേതര ജാഗ്രതയുടെ ഒടുവിലത്തെ ഉദാഹരണം. ജമാഅത്തെ ഇസ്‌ലാമി, പി ഡി പി, എസ്‌ ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട്‌ തുടങ്ങിയ മത-രാഷ്‌ട്രീയ സംഘടനകളെ ലീഗ്‌ ഏഴയലത്ത്‌ പോലും അടുപ്പിക്കാത്തതും തങ്ങളുടെ മതേതര പ്രതിച്ഛായക്ക്‌ കളങ്കമേല്‌പിക്കേണ്ടെന്നു കരുതിയാണെന്ന്‌ എല്ലാവര്‍ക്കുമറിയാം.
മുസ്‌ലിംലീഗിനെ പൊതുസമൂഹത്തില്‍ പ്രതിനിധീകരിക്കുന്ന നേതാക്കളില്‍ ചിലര്‍ മതപരമായ ചിഹ്നങ്ങള്‍ സ്വീകരിക്കുന്നു. തൊപ്പിയും താടിയും വെക്കുന്നു. ആചാരാനുഷ്‌ഠാനങ്ങള്‍ അനുവര്‍ത്തിക്കുന്നു. ലീഗിനെ പ്രതിനിധീകരിക്കുന്ന വനിതാ നേതാക്കള്‍ തലമറയ്‌ക്കുന്നു, പര്‍ദ അണിയുന്നു. മലപ്പുറം മലയാളത്തില്‍ സംസാരിക്കുന്നു. നമ്മുടെ സെക്യുലര്‍ പൊതുമണ്ഡലത്തിന്‌ ദഹിക്കാത്തതും ഇതൊക്കെ തന്നെയാണ്‌. മതത്തിന്റെ ചിഹ്നങ്ങള്‍ ഊരിയെറിഞ്ഞാലേ സെക്യുലര്‍ ആകൂ എന്ന പൊതുബോധമുള്ള ഒരു നാട്ടില്‍ ഇനിയും ഈ അവസ്ഥ തുടരും. പൊതുവിദ്യാഭ്യാസം സാര്‍വത്രികമായാല്‍ മതാത്മകത തീര്‍ത്തും അപ്രത്യക്ഷമായി, തല്‍സ്ഥാനത്ത്‌ മതരഹിത സെക്യുലറിസം യാഥാര്‍ഥ്യമാകുമെന്ന്‌ കരുതിയവര്‍ക്കു തെറ്റിയെന്നാണ്‌, കേരളത്തിലെ സമീപകാല അനുഭവങ്ങള്‍ വിളിച്ചോതുന്നത്‌.
പൊതു ജീവിതത്തില്‍, പുറത്തുകാണിച്ചുകൊണ്ട്‌ മതജീവിതം നയിക്കുന്ന മുസ്‌ലിംകള്‍ ഭരണരംഗത്ത്‌ ഉയരുമ്പോഴും പരീക്ഷകളില്‍ ഉന്നതവിജയം നേടുമ്പോഴും സാമ്പത്തിക നേട്ടങ്ങള്‍ കരസ്ഥമാക്കുമ്പോഴും `മതേതര' പരിവേഷമണിഞ്ഞ അസൂയാലുക്കള്‍ക്ക്‌ ചൊറിച്ചില്‍ വരും. അവസരവാദ രാഷ്‌ട്രീയക്കാരും ജാതിനേതാക്കളും ഉറഞ്ഞാടുകയും ചെയ്യും. ആ അസൂയയാണ്‌ ഒരു പരിധിയോളം ലീഗിന്റെ ചെലവില്‍, തുറന്നുവിടുന്നത്‌. അപ്പോഴാണ്‌ ലീഗ്‌ ഒരു ബാധ്യതയാണെന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ പരിതപിക്കുന്നത്‌. ഈ സാഹചര്യത്തില്‍, കോണ്‍ഗ്രസിന്‌ ബാധ്യതയായി മാറിയത്‌ ജാതിസംഘടനകളോ മതമേലധ്യക്ഷന്മാരോ ആര്യാടന്‍ മോഡല്‍ സെക്യുലറിസമോ എന്ന്‌ പാര്‍ട്ടി വേദിയില്‍ ഒരു ചര്‍ച്ച നന്നായിരിക്കും! 

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: