മരണപ്പെട്ടവരോട്‌ ചോദിക്കലും പ്രാര്‍ഥന എന്ന പ്രയോഗവും

  • Posted by Sanveer Ittoli
  • at 9:12 AM -
  • 0 comments

മരണപ്പെട്ടവരോട്‌ ചോദിക്കലും പ്രാര്‍ഥന എന്ന പ്രയോഗവും

നെല്ലുംപതിരും -

എ അബ്‌ദുസ്സലാം സുല്ലമി


``മരണപ്പെട്ടവരോട്‌ സഹായം ചോദിക്കല്‍ (ഇസ്‌തിഗാസ ചെയ്യല്‍) പ്രാര്‍ഥനയല്ല. ഇലാഹായിക്കൊണ്ടു സഹായം ചോദിക്കലിന്‌ മാത്രമേ പ്രാര്‍ഥനയെന്ന്‌ പറയുകയുള്ളൂ.'' ശിര്‍ക്കിനെ ന്യായീകരിക്കാന്‍ മുസ്‌ല്യാക്കള്‍ സ്ഥിരമായി പറഞ്ഞുനടക്കുന്ന ഒരു വാദമാണിത്‌. പല സംവാദ വേദികളിലും ഈ ന്യായീകരണങ്ങള്‍ അവരാവര്‍ത്തിച്ചിട്ടുണ്ട്‌.
മറുപടി 1: മരണപ്പെട്ടവരെ വിളിച്ച്‌ സഹായം തേടുന്നതിന്‌ പ്രാര്‍ഥന എന്ന പദം പ്രയോഗിക്കുമോ ഇല്ലയോ എന്നതല്ല സുന്നി - മുജാഹിദ്‌ തമ്മിലുള്ള അടിസ്ഥാന തര്‍ക്കം. മരണപ്പെട്ടവരെ വിളിച്ച്‌ സഹായം തേടുന്നതിന്‌ പ്രാര്‍ഥന എന്ന പദം പ്രയോഗിച്ചത്‌ ഖുര്‍ആനിലും സുന്നത്തിലും അറബി ഭാഷയിലുള്ള കിതാബുകളിലും കാണുകയില്ല. കാരണം അതൊരു മലയാള പദമാണ്‌. മരണപ്പെട്ടവരോടും അദൃശ്യരായവരോടും സഹായംതേടാന്‍ പാടുണ്ടോ? ഇത്‌ ശിര്‍ക്കും കുഫ്‌റുമാണോ? എന്നതാണ്‌ അടിസ്ഥാന പ്രശ്‌നം. വിശുദ്ധ ഖുര്‍ആനും നബിചര്യയും സ്വഹാബിവര്യന്മാരുടെ ചര്യയും ഇത്‌ ശിര്‍ക്കും കുഫ്‌റുമാണെന്ന്‌ പ്രഖ്യാപിക്കുന്നു. അതിനാല്‍ മുജാഹിദുകള്‍ മരണപ്പെട്ടവരോടും അദൃശ്യരായവരോടും സഹായം തേടല്‍ ശിര്‍ക്കും കുഫ്‌റുമാണെന്ന്‌ പറയുന്നു. ഈ സഹായ തേട്ടത്തിന്‌ പ്രാര്‍ഥന എന്ന്‌ മലയാള ഭാഷയില്‍ പ്രയോഗിക്കുമോ ഇല്ലയോ എന്നത്‌ ചര്‍ച്ചാവിഷയമേ അല്ല. ചില ഉദാഹരണത്തിലൂടെ ഇത്‌ വ്യക്തമാക്കാം.
1). ദാഹിച്ച ഒരു മനുഷ്യന്‍ ദാഹജലം ലഭിക്കാന്‍ വേണ്ടി മുഹമ്മദ്‌ നബിയെയോ തന്റെ വിളി കേള്‍ക്കാത്ത ദൂരത്തുള്ള ഒരു മനുഷ്യനെ ആധുനിക ഉപകരണങ്ങള്‍ ഇല്ലാതെയോ വിളിച്ച്‌ എനിക്ക്‌ ദാഹിക്കുന്നു, ദാഹജലം തരൂ എന്ന്‌ ആവശ്യപ്പെട്ടാല്‍ ഈ സഹായതേട്ടം ശിര്‍ക്കും കുഫ്‌റുമാണെന്നാണ്‌ മുജാഹിദുകള്‍ പറയുന്നത്‌. ഈ സഹായ തേട്ടത്തിന്‌ മലയാള ഭാഷയില്‍ പ്രാര്‍ഥന എന്ന്‌ പറയുകയോ പറയാതിരിക്കുകയോ ചെയ്യട്ടെ.
2). മഴ ലഭിക്കാതെ പ്രയാസപ്പെടുമ്പോള്‍ വല്ലവനും മുഹമ്മദ്‌ നബി(സ)യെയോ മുഹ്‌യിദ്ദീന്‍ ശൈഖിനെയോ ബദ്‌രീങ്ങളെയോ മഴ വര്‍ഷിപ്പിക്കുന്ന മലക്കിനെയോ ജിന്നുകളെയോ വിളിച്ച്‌ മഴക്കുവേണ്ടി ആവശ്യപ്പെട്ടാല്‍ ഈ സഹായതേട്ടം ശിര്‍ക്കും കുഫ്‌റുമാണ്‌. ഈ സഹായതേട്ടത്തിന്‌ പ്രാര്‍ഥന എന്ന്‌ മലയാള ഭാഷയില്‍ പറഞ്ഞാലും ഇല്ലെങ്കിലും.
3). ഒരാള്‍ കപ്പലില്‍ സഞ്ചരിക്കുകയാണ്‌. ആ കപ്പലിനെ കാറ്റും തിരമാലകളും പൊതിയുന്നു. ഈ സന്ദര്‍ഭത്തില്‍ രക്ഷക്കുവേണ്ടി മുഹമ്മദ്‌ നബി(സ)യെയോ ബദ്‌രീങ്ങളെയോ മുഹ്‌യുദ്ദീന്‍ ശൈഖിനെയോ മലക്കിനെയോ ജിന്നുകളെയോ അയാള്‍ വിളിച്ചുതേടുന്നു. ഈ സഹായതേട്ടം ശിര്‍ക്കും കുഫ്‌റുമാണ്‌. പ്രാര്‍ഥന എന്നോ ആരാധന എന്നോ ഈ സഹായതേട്ടത്തിന്‌ മലയാള ഭാഷയില്‍ പ്രയോഗിക്കുമോ എന്ന തര്‍ക്കത്തിന്‌ പ്രസക്തിയില്ല.
മറുപടി 2: മരണപ്പെട്ടവരോടുള്ള സഹായതേട്ടത്തിന്‌ പ്രാര്‍ഥന എന്ന്‌ പ്രയോഗിക്കണമെന്ന്‌ കൊട്ടപ്പുറം സംവാദത്തില്‍ മുസ്‌ല്യാക്കള്‍ തന്നെ വാദിച്ചതാണ്‌. അത്‌ താഴെ വിവരിക്കാം.
1). ``നിനക്ക്‌ മുമ്പ്‌ നമ്മുടെ ദൂതന്മാരായി നാം അയച്ചവരോട്‌ നീ ചോദിച്ചുനോക്കുക'' (സൂറതു സുഖ്‌റുഫ്‌ 45). ഇവിടെ നിനക്ക്‌ മുമ്പ്‌ നാം അയച്ച ദൂതന്‍മാര്‍ എന്നതിന്റെ ഉദ്ദേശ്യം മരണപ്പെട്ടവരാണ്‌. മരണപ്പെട്ടവരോട്‌ ചോദിക്കല്‍ പ്രാര്‍ഥനയാണ്‌. വസ്‌അല്‍ (നീ ചോദിക്കുക) എന്നതിന്റെ ഉദ്ദേശ്യം പ്രാര്‍ഥന എന്നാണ്‌ അര്‍ഥം. അല്ലാഹുവിന്റെ ഔദാര്യത്തില്‍ നിന്ന്‌ നിങ്ങള്‍ ചോദിക്കുവീന്‍ എന്ന്‌ പറഞ്ഞതുപോലെ തന്നെയാണ്‌ ഇവിടെയും അര്‍ഥം. രണ്ട്‌ ആയത്തുകളിലും ചോദിക്കുക എന്നതിന്റെ അര്‍ഥം പ്രാര്‍ഥിക്കുക എന്നതാണ്‌. ഇപ്രകാരമാണ്‌ കൊട്ടപ്പുറം സംവാദത്തില്‍ ഇവര്‍ വാദിച്ചിരുന്നത്‌. ഇവര്‍ പ്രസിദ്ധീകരിച്ച കൊട്ടപ്പുറം സുന്നി മുജാഹിദ്‌ സംവാദം (തരുവണ) എന്ന പുസ്‌തകത്തില്‍ നിന്ന്‌ തന്നെ ചില ഭാഗങ്ങള്‍ ഉദ്ധരിക്കാം.
എ) മഹാന്മാര്‍ മരിച്ചുപോയവരാണെങ്കില്‍ അവരോട്‌ ചോദിക്കാമോ? എന്തിന്‌ സംശയിക്കണം. ``തങ്ങള്‍ക്ക്‌ മുമ്പ്‌ കഴിഞ്ഞുപോയ പ്രവാചകന്മാരോട്‌ തങ്ങള്‍ ചോദിക്കുക (ഖുര്‍ആന്‍) എന്ന്‌ പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു.'' (പേജ്‌ 40)
ബി) ``ആരു പറഞ്ഞു മൗലവീ സഅലക്ക്‌ പ്രാര്‍ഥന എന്നര്‍ഥമില്ലെന്ന്‌. ഒരു ഭാഷാ നിഘണ്ടുവെങ്കിലും നോക്കിയിട്ട്‌ പോരായിരുന്നോ ഈ പാണ്ഡിത്യം. പറഞ്ഞിട്ടു കാര്യമില്ല. അബുല്‍.... അഖുല്‍ പഠിപ്പിക്കുന്ന മഹാ പാണ്ഡിത്യമല്ലേ. പ്രാര്‍ഥന എന്നും സഅലക്ക്‌ അര്‍ഥമുണ്ട്‌-സഅല പ്രാര്‍ഥിച്ചു. അല്‍ഫറാഇദ്‌ പേജ്‌ 163. ഇയാളുടെ ധാരണ തെറ്റിപ്പോയത്രെ. ഇങ്ങനെയെങ്കില്‍ ധാരണ പലതും അധികം കഴിയാതെ തെറ്റും. അല്ലാഹുവിന്റെ അനുഗ്രഹത്തിനുവേണ്ടി പ്രാര്‍ഥിക്കാന്‍ പറഞ്ഞിടത്ത്‌ ഖുര്‍ആന്‍ തന്നെ വസ്‌അലൂ എന്നല്ലേ പറഞ്ഞത്‌. എന്തോ വലിയത്‌ തേടിപ്പോയി എന്ന മട്ടിലായിരുന്നു പിന്നീട്‌ മൗലവിയുടെ ഭാവം. നോക്കുക.'' (പേജ്‌ 117)
സി) ``പിന്നെ വസ്‌അലൂ എന്ന്‌ പറഞ്ഞതത്രെ വലിയ അബദ്ധം. അല്ലാഹുവിന്റെ അനുഗ്രഹത്തെ നിങ്ങള്‍ ചോദിക്കുക. ഇങ്ങനെ ഖുര്‍ആന്‍ പറഞ്ഞിടത്ത്‌ വസ്‌അലു എന്നു പറഞ്ഞതിന്‌ പ്രാര്‍ഥിക്കുക എന്ന അര്‍ഥമില്ലെന്നോ? എന്താണ്‌ മൗലവി സാഹിബ്‌ പറയുന്നത്‌?'' (പേജ്‌ 119)
ഡി) അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ഥനയുടെ ഉദാഹരണം ഖുര്‍ആനില്‍ കാണിക്കണമെന്നതായിരുന്നു മൗലവിയുടെ മറ്റൊരു വാശി. മരിച്ചുപോയവരെ വിളിച്ച്‌ പ്രാര്‍ഥിക്കാമെന്ന്‌ ഖുര്‍ആന്‍ കൊണ്ടുതന്നെ എ പി സ്ഥാപിച്ചപ്പോള്‍ അവിടെയും മൗലവി മുഖംകുത്തി'' (പേജ്‌ 163).
ഗ്രാമത്തോട്‌ ചോദിക്കുക, അറിവുള്ളവരോട്‌ ചോദിക്കുക എന്നെല്ലാം ഖുര്‍ആന്‍ പറയുന്നുണ്ട്‌. ഇവിടെ ഒരു സ്ഥലത്തും സഅലക്ക്‌ പ്രാര്‍ഥന എന്നര്‍ഥം ഖുബൂരികള്‍ നല്‌കുന്നില്ല. നിനക്ക്‌ മുമ്പ്‌ അയക്കപ്പെട്ടവര്‍ എന്നതിന്‌ മരണപ്പെട്ട നബിമാര്‍ എന്നര്‍ഥം നല്‌കി മരണപ്പെട്ടവരോടുള്ള ചോദ്യത്തിന്‌ പ്രാര്‍ഥന എന്നര്‍ഥം നല്‌കുമെന്ന്‌ സമര്‍ഥിക്കുകയാണ്‌ ഇവിടെ ഇവര്‍ ചെയ്യുന്നത്‌.
അല്ലാഹുവിനോട്‌ ചോദിക്കുന്നതിന്‌ മാത്രമേ പ്രാര്‍ഥന എന്ന്‌ പറയൂ എന്ന ഇവരുടെ അടിസ്ഥാന ജല്‌പനത്തെ ഇവര്‍ തന്നെ ഇവിടെ എതിര്‍ക്കുന്നു. മരണപ്പെട്ടവരോടു ചോദിക്കല്‍ അല്ലാഹുവിനോട്‌ ചോദിക്കുന്നതുപോലെ തന്നെയാണെന്നും സമ്മതിക്കുന്നു. ആയത്‌ മരണപ്പെട്ടവരോട്‌ വിളിച്ച്‌ തേടുവാന്‍ തെളിവല്ലെങ്കിലും. ആയത്തിനെ ഇവിടെ ഇവര്‍ വളരെയധികം ദുര്‍വ്യാഖ്യാനം ചെയ്‌തിരിക്കുകയാണ്‌. ഇവരുടെ തഫ്‌സീറുകള്‍ തന്നെ ഇതിന്‌ തെളിവാണ്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: