വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ നല്‍കുന്ന മുന്നറിയിപ്പ്
സ്വതന്ത്ര ഇന്ത്യയിലെ ജനാധിപത്യ ഭരണസംവിധാനത്തില്‍ നീതിന്യായവകുപ്പിന് (ജുഡീഷ്യറി) പ്രത്യേക പ്രാധാന്യമുണ്ട്. ഭരണഘടനാ ദത്തമായ അവകാശങ്ങള്‍ പൗരന്മാര്‍ക്ക് ലഭ്യമാക്കുക, സമൂഹത്തിന്റെ ശാന്തി തകര്‍ക്കുന്ന കുറ്റവാളികളെ ശിക്ഷിക്കുക എന്നിവയാണ് ഈ വകുപ്പിന്റെ കര്‍ത്തവ്യം.
നീതിനിര്‍വഹണത്തിന് സഹായിക്കാനും ക്രമസമാധാന പാലനത്തിനുമായി സംസ്ഥാനങ്ങളുടെ കീഴിലുള്ള പോലീസ് സംവിധാനങ്ങളും സംസ്ഥാന സര്‍ക്കാറുകളുടെയും കേന്ദ്രസര്‍ക്കാറിന്റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന രഹസ്യാന്വേഷണ വിഭാഗങ്ങളും നിലവിലുണ്ട്. ഈ സംവിധാനങ്ങള്‍ കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് നീതി ലഭിക്കുമെന്നതില്‍ തര്‍ക്കമില്ല. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) എന്ന ഇന്ത്യയുടെ കുറ്റാന്വേഷണ ഏജന്‍സി വളരെ ആധുനികവും ലോകപ്രശസ്‌തവുമാണ്. സങ്കീര്‍ണമായ ഒട്ടേറെ കേസുകളില്‍ അര്‍ഹരായവര്‍ക്ക് നീതി നേടിക്കൊടുത്ത നീണ്ട ചരിത്രമാണ് സിബിഐക്കുള്ളത്. രഷ്‌ട്രീയ സമ്മര്‍ദത്തിന്റെ അതിപ്രസരത്താല്‍ കഴിവ് പുറത്തെടുക്കാന്‍ സാധിക്കാത്ത അവസ്ഥ അപൂര്‍വമായി ഉണ്ടാകാറുണ്ടെങ്കിലും ഇപ്പോഴിതാ സിബിഐയുടെ വലിയൊരു കണ്ടെത്തല്‍ പുറത്തുവന്നിരിക്കുന്നു.
2004 ജൂണ്‍ 15. ഗുജറാത്ത് തലസ്ഥാനമായ അഹ്‌മദാബാദിനടുത്ത് വഴിയരികില്‍ നാലുപേര്‍ മരിച്ചുകിടക്കുന്നു. കേരളീയനായ പ്രാണേഷ്‌കുമാര്‍ പിള്ള, ഇസ്രത്ത് ജഹാന്‍, അംജദ് അലി റാണ, സീഷന്‍ ജോഹര്‍ എന്നിവരാണ് വെടിയേറ്റു കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കൊല്ലാന്‍ ലഷ്‌കറെ ത്വയ്‌ബ പറഞ്ഞയച്ച ഭീകരരാണ് ഇവരെന്നും പോലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നുമാണ് ഗുജറാത്ത് പോലീസ് പറഞ്ഞത്. ഏറ്റുമുട്ടല്‍ കഥ അവിശ്വസനീയമാണെന്ന് അന്നുതന്നെ സംശയമുണ്ടായിരുന്നുവെങ്കിലും അഹ്‌മദാബാദ് മജിസ്‌ട്രേറ്റ് പി പി തമാങ് ഈ ഏറ്റുമുട്ടല്‍ കഥ വ്യാജമാണെന്ന് പ്രഖ്യാപിച്ചതോടെയാണ് കേസ് വഴിമാറി ഒഴുകിയത്. ഈ കേസന്വേഷിക്കാന്‍ ആറു വര്‍ഷത്തിനുശേഷം 2010-ല്‍ ഹൈക്കോടതി പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തി. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കെ സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യപ്രകാരം കേസ് സിബിഐക്ക് വിട്ടു. ആ കേസന്വേഷണത്തിന്റെ കുറ്റപത്രമാണ് ഇക്കഴിഞ്ഞ ജൂലൈ 3-ന് സിബിഐ കോടതി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ് എച്ച് കുത്വദിന്റെ മുന്‍പാകെ സമര്‍പ്പിച്ചത്.
മനസ്സാക്ഷിയുള്ളവരെ ഞെട്ടിപ്പിക്കുന്നതായിരുന്നു സിബിഐ പുറത്തുകൊണ്ടുവന്ന അപ്രിയ സത്യങ്ങള്‍. കൊല്ലപ്പെട്ട നാലുപേര്‍ മോഡിയെ കൊല്ലാന്‍ വന്നവരാണെന്നതിന് യാതൊരു തെളിവുമില്ല. സീഷന്‍ ജോഹറിനെ ഏപ്രിലിലും അംജദ് അലിയെ മെയ് മാസത്തിലും ഇസ്രത്തിനെയും പ്രാണേഷിനെയും ജൂണ്‍ ആദ്യത്തിലും കസ്റ്റഡിയിലെടുത്ത പോലീസ് ഇവരെ കൊല്ലപ്പെട്ട സ്ഥലത്തേക്ക് കാറില്‍ കൊണ്ടുവരികയായിരുന്നു. നിരായുധരായ ഈ നാലുപേരെയും മയക്കുമരുന്ന് നല്‍കിയശേഷം വെടിവെച്ചുകൊല്ലുകയായിരുന്നു. `ഏറ്റുമുട്ടല്‍' തനി വ്യാജ ആരോപണമാണെന്നാണ് സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. എന്നാല്‍ അതിലേറെ ഇന്ത്യയെ നടുക്കിയ മറ്റൊരു സത്യമുണ്ട്. ഗുജറാത്ത് പോലീസും സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സിയും (എസ്‌ഐബി) ചേര്‍ന്ന് നടപ്പാക്കിയ കൊലപാതകമാണിതെന്നതാണ് ആ സത്യം! ഈ നരവേട്ടയുടെ സൂത്രധാരകര്‍ എഡിജിപി പാണ്ഡെ, ഡിഐജി ഡി ജി വന്‍സാര, എന്‍ കെ അമീന്‍, ജി എല്‍ സംഘല്‍ എന്നീ ഐപിഎസ്സുകാരും മറ്റു മൂന്ന് പോലീസ് ഓഫീസര്‍മാരും ആണെന്ന് കേള്‍ക്കുമ്പോള്‍ ഏതൊരു രാജ്യസ്‌നേഹിയുടെയും നെഞ്ച് പിടയ്‌ക്കും. നരേന്ദ്രമോഡി എന്ന നരാധമന്റെ മുന്നില്‍ ഗുഡ്‌സര്‍ട്ടിഫിക്കറ്റിനും സ്ഥാനക്കയറ്റത്തിനും വേണ്ടിയായിരുന്നു ഈ വ്യാജ ഭീകരവേട്ട എന്നുകൂടി കേള്‍ക്കുമ്പോള്‍ ഭാരതീയരുടെ പ്രജ്ഞയറ്റുപോകുകയാണ്.
മനസ്സാക്ഷിയെ വധിക്കുന്ന നീചപ്രവൃത്തിയാണെങ്കില്‍ പോലും ഒറ്റപ്പെട്ട സംഭവമാണെങ്കില്‍ മാനുഷിക ദൗര്‍ബല്യം ആയി കണക്കാക്കാമായിരുന്നു. കാര്യങ്ങള്‍ അവിടം തീരുന്നില്ല. മുന്‍പ് ഗുജറാത്തില്‍ നടന്ന മറ്റൊരു വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തിലെ പ്രതിയായി ജയിലില്‍ കഴിയുന്നയാളാണ് ഇസ്രത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ ആസൂത്രണം ചെയ്‌ത ഡിഐജി വന്‍സാര. സൊഹറാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടലായിരുന്നു അത്. കഴിഞ്ഞില്ല, 2003 ജനുവരി 13-ന് അഹമ്മദാബാദില്‍ പോലീസ് വെടിവെച്ചുകൊന്ന സാദിഖ് ജമാല്‍ എന്ന മനുഷ്യന്റെ കൊലപാതകത്തിനായി വ്യാജഏറ്റുമുട്ടല്‍ നാടകം സംവിധാനം ചെയ്‌ത കേന്ദ്ര ഇന്റലിജന്റ്‌സ് ബ്യൂറോ സ്‌പെഷ്യല്‍ ഡയറക്‌ടര്‍ രജീന്ദര്‍കുമാറിന്റെ പങ്ക് ഇസ്രത്ത് ജഹാന്‍ ഏറ്റുമുട്ടലില്‍ അന്വേഷണ വിധേയമാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിട്ടുമുണ്ട്. രജീന്ദര്‍കുമാര്‍ അന്ന് ഗുജറാത്ത് ഐബി തലവനായിരുന്നു. ഈ കണ്ടെത്തല്‍ കേന്ദ്രഗവണ്‍മെന്റിന് പുലിവാലാണ്. കാരണം 2008-ല്‍ ഡല്‍ഹി പോലീസുമായി ചേര്‍ന്ന് നടത്തിയ മറ്റൊരു കൂട്ടക്കൊല - ബട്‌ലഹൗസ് വ്യാജ ഏറ്റുമുട്ടല്‍ - യുടെ ആസൂത്രണം നടത്തിയത് ഇതേ രജീന്ദര്‍കുമാറായിരുന്നു. അയാള്‍ പിടിക്കപ്പെട്ടാല്‍ ഡല്‍ഹി പോലീസ് പ്രതിക്കൂട്ടിലാവുമെന്നതിനാല്‍ കേന്ദ്രഗവണ്‍മെന്റ് കേസ് നിര്‍വീര്യമാക്കിയേക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ചുരുക്കത്തില്‍ എന്താണ് നാം കേള്‍ക്കുന്നത്? സ്വന്തം പൗരന്മാരെ ഭീകരമുദ്രകുത്തി ഇരുട്ടിന്റെ മറയില്‍ വെടിവെച്ചുകൊല്ലുക. എന്നിട്ട് പോലീസുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ടു എന്ന് പ്രചരിപ്പിക്കുക. പോലീസുകാര്‍ക്ക് സ്ഥാനക്കയറ്റവും ക്രെഡിറ്റും. യഥാര്‍ഥ ഭീകരവാദികള്‍ നാട്ടില്‍ വിലസുകയും ചെയ്യുന്നു.
ഗുജറാത്ത് സംസ്ഥാനത്തു നിന്നാണ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം വരുന്നത്. ഗുജറാത്തില്‍ അന്നും ഇന്നും മുഖ്യമന്ത്രി നരേന്ദ്രമോഡി എന്ന ഭീകരന്‍ തന്നെ. 2002-ല്‍ നടത്തിയ ഭീകരമായ മുസ്‌ലിം കൂട്ടക്കൊലയെപ്പറ്റി, അതിനു കാര്‍മികത്വം വഹിച്ച മോഡി ഏറ്റവുമൊടുവില്‍ പറഞ്ഞത് കേട്ട് ഇന്ത്യക്കാര്‍ ഞെട്ടിയില്ല. `തന്റെ കാറില്‍ കുടുങ്ങി ഒരു പട്ടി ചത്തതുപോലെയാണ് താന്‍ ഗുജറാത്ത് വംശഹത്യയെ കാണുന്നത്' എന്നാണ് നരേന്ദ്രമോഡി ഇന്നലെ (12-07-2013) പറഞ്ഞത്. തികഞ്ഞ ബോധത്തോടുകൂടി തന്നെ ആയിരിക്കും ആ പ്രസ്‌താവന. എല്‍ കെ അദ്വാനി എന്ന തീവ്രഹിന്ദുത്വക്കാരനെ നിലംപരിശാക്കി ബിജെപി പിടിച്ചടക്കിയ ഇതേ മോഡിയാണ് അടുത്ത തെരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്നുകേട്ടാല്‍ ഇന്ത്യ ഞെട്ടാതിരിക്കില്ല. കാരണം ആര്‍ഷ ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന് കളങ്കമാണ് മോഡി. ഇസ്രത്ത് ജഹാന്‍ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്രനിര്‍വാഹക സമിതി അംഗം അമിത്‌ഷായെ ചോദ്യം ചെയ്യുണമെന്ന് സിബിഐ നിര്‍ദേശിച്ചത് കൂട്ടിവായിച്ചാല്‍ ബിജെപി എന്ന രാഷ്‌ട്രീയ പാര്‍ട്ടി ന്യൂനപക്ഷ നിഷ്‌കാസനത്തിനായി ഐബിയെയും പോലീസിനെയും എങ്ങനെ ദുരുപയോഗം ചെയ്യുന്നുവെന്ന് മനസ്സിലാക്കാം.
ഐബി, സിബിഐ, റോ തുടങ്ങി അധികാരവും രഹസ്യസ്വഭാവവുമുള്ള ഏജന്‍സികളില്‍ മുസ്‌ലിംകളെ നിയമിക്കാറില്ല. അവരിലൂടെ ഭീകരവാദം വന്നെങ്കിലോ?! അത്രയ്‌ക്ക് ശുദ്ധമായി കടഞ്ഞെടുത്ത ഐബിയാണ് കൊലപാതകം ആസൂത്രണം ചെയ്യുന്നത്. ഒന്നല്ല, അനേകം. ഐബിയുടെ ഒത്താശയില്‍ പോലീസ് വെടിവെച്ചുകൊന്ന പ്രാണേഷ്‌കുമാര്‍ എന്ന ജാവേദ് ഷെയ്‌ഖ് മലയാളിയാണ്. താമരക്കുളം കോട്ടയ്‌ക്കാട്ടുശ്ശേരി മണലാടിതെക്കെതില്‍ ഗോപിനാഥപിള്ളയുടെ (ആലപ്പുഴ) മകന്‍ പ്രാണേഷ്‌പിള്ള ഇസ്‌ലാം സ്വീകരിച്ച് ജാവേദ് ഷെയ്‌ക് എന്ന പേര് സ്വീകരിച്ച വ്യക്തിയാണ്. മതവും ആദര്‍ശവും മാറിയത് പിതാ-പുത്ര ബന്ധത്തിന് പോറലേല്‍പിച്ചിട്ടില്ല. തനിക്കുണ്ടായ കുഞ്ഞിനെ അച്ഛനു കാണിക്കാനായി നാട്ടിലെത്തി സന്തോഷത്തോടെ തിരിച്ചുപോയ ജാവേദിന്റെ മരണവാര്‍ത്തയാണ് ആ പിതാവ് കേള്‍ക്കുന്നത്. തന്റെ മകന്‍ ഒരിക്കലും ഒരു തീവ്രവാദിയായിട്ടില്ല എന്ന് പൂര്‍ണബോധ്യമുണ്ടെന്നും നിരപരാധിത്വം തെളിയിക്കാന്‍ കഴിഞ്ഞ ഒമ്പതു വര്‍ഷമായി നിയമപോരാട്ടം നടത്തുകയാണ് താനെന്നും ഗോപിനാഥപിള്ള ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അത്യന്തം ഗുരുതരമായ ഈ കേസില്‍ ചില പോലീസുകാരെ കരുവാക്കി വന്‍സ്രാവുകള്‍ രക്ഷപ്പെടുകയാണെന്നും പിള്ള പറഞ്ഞു. മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന ഫോണ്‍കോളുകളും മറ്റും സിബിഐ കണ്ടെത്തിയിട്ടുണ്ട്.
ഇക്കണ്ടതാണിന്ത്യയെങ്കിലെന്തിനു
തല്ലിയോടിച്ചു വെറുതെയാ സായിപ്പിനെ!
തല്ലിയോടിച്ചു വെറുതെയാ സായിപ്പിനെ!
വള്ളത്തോളിന്റെ വരികള്‍ എത്ര അന്വര്‍ഥം! ബ്രിട്ടീഷുകാര്‍ ഭരണം കൈയടക്കാനും നിലനിര്‍ത്താനും വേണ്ടി വെടിവെച്ചുകൊന്ന നിരപരാധികള്‍ക്ക് കണക്കില്ല. ഇന്ത്യന്‍ ഭരണം ഇന്ത്യക്കാര്‍ക്കുനേരെ ഇതുതന്നെ ചെയ്യുന്നുവെങ്കില്‍ എന്തുമാറ്റമാണ് ഇവിടെയുണ്ടായത്? വ്യാജ ഏറ്റുമുട്ടല്‍ രാജ്യത്ത് വ്യാപകമായി നടക്കുന്നുവെന്നത് എന്തുമാത്രം ആശങ്കാജനകമാണ്!
0 comments: