ശബാബ് മുഖാമുഖം 2013_ജൂലൈ_19
സുന്നത്ത് നോമ്പിന്റെ ദിവസം നോറ്റാല്‍ നോമ്പ് വീടുമോ?
ഞാന്‍ കഴിഞ്ഞ റമദ്വാനില്‍ വീട്ടാനുള്ള നോമ്പ് ശവ്വാലിലെ ആറ് ദിവസവും മറ്റുമായി നോറ്റിരുന്നു. എന്നാല്‍ ഇപ്പോഴുള്ള എന്റെ സംശയം ഞാന്‍ വീട്ടുകാരുടെ സൗകര്യത്തിന് ഏതെങ്കിലും ഐച്ഛികമായ നോമ്പിന്റെ ദിവസമെടുത്ത നോമ്പ് റമദ്വാനിലെ നോമ്പിന് പകരമാകുമോ എന്നതാണ്. ഞാന്‍ മനസ്സില്‍ കരുതിയത് രണ്ടിനും കൂടിയുള്ള നിയ്യത്ത് (ഫര്‍ദ്വിനും സുന്നത്തിനും) ആയിപ്പോയോ എന്നും സംശയിക്കുന്നു.
ഹുദ മര്‍യം ബാലുശ്ശേരി
ഉത്തരം:
നിര്‍ബന്ധമായ നോമ്പ് നോറ്റുവീട്ടാനുള്ള വ്യക്തി അത് കഴിഞ്ഞിട്ടേ സുന്നത്ത് നോമ്പുകള്‍ നിര്‍വഹിക്കാന്‍ പാടുള്ളൂ. എന്നാല്‍ നോമ്പ് സുന്നത്തായ ദിവസങ്ങളില്‍ റമദ്വാനിലെ വിട്ടുപോയ നോമ്പ് നോറ്റുവീട്ടുന്നത് തെറ്റല്ല. പക്ഷെ, രണ്ടുവക നോമ്പിന്റെയും കൂടെ പ്രതിഫലം കിട്ടുമെന്നതിന് തെളിവൊന്നുമില്ല. നിര്‍ബന്ധമായ നോമ്പ് നോറ്റു വീട്ടുമ്പോള്‍ സുന്നത്തായ നോമ്പിന്റെ നിയ്യത്ത് അതിന്റെ കൂടെ വന്നുപോയതുകൊണ്ട് കുഴപ്പമില്ല. അതിനാല്‍ താങ്കള്‍ വിട്ടുപോയ എണ്ണം നോമ്പ് നോറ്റുവീട്ടിയിട്ടുണ്ടെങ്കില്‍ ഇനി പ്രതിവിധിയൊന്നും ചെയ്യേണ്ടതില്ല.അവിഹിതമായ ജോലി നേടാമോ?
ഇന്റര്‍വ്യൂവിന് ഹാജരാവുന്നവരില്‍ ചിലരും റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍ ചിലരും രാഷ്‌ട്രീയ സ്വാധീനമുപയോഗിച്ചും മറ്റും അവിഹിതമായി ജോലി നേടിയെടുക്കാന്‍ ശ്രമിക്കുന്നതായി കാണാം. സത്യവും ധര്‍മവും നോക്കിയിരുന്നാല്‍ ഇക്കാലത്ത് ജീവിക്കാനാവില്ലെന്നാണ് അവരുടെ ന്യായീകരണം. ഒരു ജോലിക്കുവേണ്ടി കാത്തിരിക്കുന്ന എത്രയോ പേരുടെ അവസരം തട്ടിയെടുക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമല്ലേ?
റൈഹാനത്ത് എടവണ്ണ
ഉത്തരം:ഒരു സത്യവിശ്വാസി ജോലിക്കുവേണ്ടിയായാലും മറ്റു നേട്ടങ്ങള്‍ക്കു വേണ്ടിയായാലും അവിഹിതമായി യാതൊന്നും ചെയ്യാന്‍ പാടില്ല. വിശുദ്ധ ഖുര്‍ആനിലെ 16:90 സൂക്തത്തില്‍ അല്ലാഹു പ്രഥമവും പ്രധാനവുമായി ആജ്ഞാപിച്ചിട്ടുള്ളത് നീതി പാലിക്കാനാണ്. അല്ലാഹു പറയുന്നപോലെ സത്യവും നീതിയും ധര്‍മവും നോക്കി ജീവിക്കുക അപ്രായോഗികമാണെന്ന് കരുതുന്ന ആള്‍ എങ്ങനെയാണ് സത്യവിശ്വാസിയാവുക? രാഷ്‌ട്രീയ സ്വാധീനമുപയോഗിച്ച് റാങ്ക്‌ലിസ്റ്റ് മറകടന്ന് നിയമനം നേടുന്ന വ്യക്തി യഥാര്‍ഥത്തില്‍ അര്‍ഹരായ ഉദ്യോഗാര്‍ഥികളോട് അനീതി കാണിക്കുകയും അവര്‍ക്ക് അവകാശപ്പെട്ടത് അപഹരിക്കുകയുമാണ് ചെയ്യുന്നത്.
ഉദ്യോഗവും സമ്പത്തും പദവിയും നേടാന്‍ കഴിഞ്ഞാലും ഇല്ലെങ്കിലും ധര്‍മനിഷ്‌ഠ പുലര്‍ത്തി ജീവിക്കുന്നവര്‍ക്ക് അല്ലാഹു സംതൃപ്‌തിയും സമാധാനവും നല്‌കും. ``ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മം പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഉത്തമമായ ഒരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‌കും. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും അവര്‍ക്ക് നാം നല്‌കുകയും ചെയ്യും.''(വി.ഖു 16:97)
വാടക പലിശക്ക് തുല്യമല്ലേ?
ക്ലാസില്‍ നിന്നും ടീച്ചര്‍ ചോദിച്ച ഒരു ചോദ്യമാണിത്. നാം വാടകയ്‌ക്ക് ഒരു വസ്‌തു കൊടുക്കുമ്പോള്‍ നമുക്ക് വസ്‌തു തിരിച്ചുകിട്ടുന്നതോടൊപ്പം വാടകയായുള്ള പണവും കിട്ടുന്നു. ഇതുപോലെ പണം കടം കൊടുക്കുമ്പോള്‍ കിട്ടുന്നതാണ് പലിശ. അഥവാ ഒന്ന് വസ്‌തുവിനുള്ള വാടകയെങ്കില്‍ മറ്റൊന്ന് പണത്തിനുള്ള വാടക. അപ്പോള്‍ ഒന്ന് ശരിയും മറ്റേത് തെറ്റും ആകുന്നതെങ്ങനെ?
അംന, ബാഹിറ, മാജിദ കണ്ണൂര്‍
ഉത്തരം:വീട് വാടകയ്‌ക്ക് വാങ്ങിയ വ്യക്തിക്ക് അതുകൊണ്ട് അതിന് കേടൊന്നും വരുത്താതെ നിശ്ചിതമായ പ്രയോജനം ലഭിക്കും. എന്നാല്‍ പണം കടം വാങ്ങിയ ആള്‍ക്ക് ആ പണം നഷ്‌ടപ്പെടുത്താതെ നിശ്ചിതമായ പ്രയോജനം ലഭിക്കുമെന്ന് ഉറപ്പ് വരുത്താനാവില്ല. ജീവിതാവശ്യങ്ങള്‍ക്ക് ആ പണം ചെലവഴിക്കുകയാണെങ്കില്‍ അതുകൊണ്ട് പ്രയോജനം ലഭിക്കുന്നത് പണം നഷ്‌ടപ്പെടുത്തിയിട്ടാണ്. കച്ചവടത്തിലാണ് പണം നിക്ഷേപിക്കുന്നതെങ്കില്‍ ലാഭം കിട്ടാന്‍ മാത്രമല്ല നഷ്‌ടം സംഭവിക്കാനും സാധ്യതയുണ്ട്. അതിനാല്‍ പണത്തെയും വാടക വസ്‌തുവെയും ഒരുപോലെ ഗണിക്കുന്നത് ഒട്ടും ശരിയല്ല.
ഹജ്ജിന് പോകും മുമ്പ് ഉംറ മാത്രമായി നിര്‍വഹിക്കാമോ?
ഹജ്ജിന് പോകുന്നതിന് മുമ്പായി ഉംറ നിര്‍വഹിക്കുന്നതിന് മതപരമായി വല്ല വിലക്കുമുണ്ടോ? ഉംറ നിര്‍വഹിച്ച ഒരാള്‍ക്ക് ഹജ്ജ് കര്‍മം നിര്‍വഹിക്കല്‍ നിര്‍ബന്ധമായി വരുമോ?
സീനത്ത് മുഹമ്മദ് മോങ്ങം
ഉത്തരം:
ഹജ്ജ് നിര്‍വഹിക്കുന്നതിന് രണ്ടു വര്‍ഷം മുമ്പ് നബി(സ)യും സ്വഹാബികളും ഉംറ നിര്‍വഹിച്ചിട്ടുണ്ട്. ഇത് ഇസ്‌ലാമിക ചരിത്രത്തില്‍ ഉംറതുല്‍ ഖദ്വാഅ് എന്ന പേരില്‍ അറിയപ്പെടുന്നു. വിശുദ്ധ ഖുര്‍ആനിലെ 48:27 സൂക്തത്തില്‍ ``അല്ലാഹു അവന്റെ ദൂതന് സ്വപ്‌നം സത്യപ്രകാരം സാക്ഷാത്‌ക്കരിച്ചിരിക്കുന്നു. അതായത് അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍ സമാധാന ചിത്തരായിക്കൊണ്ട്, തലമുടി മുണ്ഡനം ചെയ്‌തവരായിക്കൊണ്ടും മുടി വെട്ടിയവരായിക്കൊണ്ടും യാതൊന്നും ഭയപ്പെടാതെ നിങ്ങള്‍ പവിത്രമായ ദേവാലയത്തില്‍ പ്രവേശിക്കുക തന്നെ ചെയ്യും എന്ന് ..... എന്നാല്‍ നിങ്ങള്‍ അറിയാത്തത് അവന്‍ അറിഞ്ഞിട്ടുണ്ട്. അതിനാല്‍ അതിനു പുറമെ, സമീപസ്ഥമായ ഒരു വിജയം അവന്‍ ഉണ്ടാക്കിത്തന്നു'' എന്ന് പറഞ്ഞിട്ടുള്ളത് ഈ ഉംറയെ കുറിച്ചാകുന്നു.
ഒരാള്‍ ഉംറ നിര്‍വഹിച്ചു എന്നതുകൊണ്ട് മാത്രം അയാള്‍ക്ക് ഹജ്ജ് നിര്‍ബന്ധമാകുമെന്ന് പറയാവുന്നതല്ല. ഹജ്ജിന്റെ സമയത്ത് മക്കയിലെത്താന്‍ ശാരീരികമായും സാമ്പത്തികമായും സാങ്കേതികമായും സൗകര്യം ലഭിക്കുന്നവര്‍ക്കാണ് ഹജ്ജ് നിര്‍ബന്ധമാകുന്നത്. ഏതെങ്കിലും വിധത്തില്‍ ഉംറ ചെയ്യാന്‍ അവസരം ലഭിച്ച ആള്‍ക്ക് അതുമൂലം ഹജ്ജ് നിര്‍ബന്ധമായിത്തീരുമെന്ന് ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ പറഞ്ഞിട്ടില്ല.
കസേരയിലിരുന്ന് നമസ്‌കരിക്കുന്നവര്‍ സ്വഫ്‌ഫ് ശരിയാക്കണോ?
ഈയിടെ ഒരു ഖത്വീബ് നമസ്‌കാരത്തിലെ വരിയുടെ മഹത്വം വിശദീകരിച്ചു. അപ്പോള്‍ കസേരയില്‍ ഇരിക്കുന്നവര്‍ക്കും ഇത് ബാധകമാണെന്ന് പറഞ്ഞു. പിന്നീട് സംസാരിച്ചത് ആളുകള്‍ ഇരിക്കുകയും നില്‌ക്കുകയും ചെയ്യുന്നതിനെ കുറിച്ചാണ്. കസേരയില്‍ നമസ്‌കരിക്കുന്നവര്‍ നില്‌ക്കുമ്പോള്‍ വളരെ മുന്നിലെത്തുന്നു. അതേ സമയം ഇവര്‍ നില്‌ക്കുന്നത് തങ്ങള്‍ക്ക് കഴിവുള്ളിടത്ത് നില്‌ക്കുക എന്ന നിലയിലാണ്. ഇതില്‍ സ്വഫ് ശരിയാക്കുക എന്നതിനാണോ അതല്ല, കഴിയുന്നിടത്തൊക്കെ നമസ്‌കാരത്തില്‍ നില്‌ക്കുക എന്നതിനാണോ ഒരു സത്യവിശ്വാസി മുന്‍ഗണന നല്‌കേണ്ടത്?
മുഈനുദ്ദീന്‍ കൊച്ചി
ഉത്തരം:
നബി(സ) കസേരയില്‍ ഇരുന്നു നമസ്‌കരിച്ചതായോ അങ്ങനെ ചെയ്യാന്‍ നിര്‍ദേശിച്ചതായോ പ്രാമാണികമായ ഹദീസില്‍ കണ്ടിട്ടില്ല. അതുകൊണ്ട് കസേരയിലിരുന്നു നമസ്‌കരിക്കുന്നവര്‍ എങ്ങനെയാണ് അണിയൊപ്പിക്കേണ്ടതെന്ന് ഉറപ്പിച്ചു പറയാനാവില്ല. അവര്‍ നമസ്‌കാരത്തില്‍ കൂടുതല്‍ സമയം നില്‌ക്കുകയാണെങ്കില്‍ നിറുത്തത്തിലാണ് അവര്‍ അണിയോടൊപ്പമാകേണ്ടതെന്ന് കരുതാം. കൂടുതല്‍ സമയം ഇരിക്കുകയാണെങ്കില്‍ ഇരുത്തത്തിലായിരിക്കും അവര്‍ അണിയൊപ്പിക്കേണ്ടത്. കസേരയിലിരുന്നു നമസ്‌കരിക്കുന്നവര്‍ കസേര പിന്നോട്ട് നീക്കി പിന്‍ സ്വഫ്‌ഫിലുള്ളവര്‍ സുജൂദ് ചെയ്യാന്‍ പ്രയാസപ്പെടുന്ന അവസ്ഥയുണ്ടാക്കരുത്.
0 comments: