മുസ്‌ലിം-അമുസ്‌ലിം ബന്ധം ഖുര്‍ആനിക വീക്ഷണത്തില്‍

  • Posted by Sanveer Ittoli
  • at 4:23 AM -
  • 1 comments

മുസ്‌ലിം-അമുസ്‌ലിം ബന്ധം ഖുര്‍ആനിക വീക്ഷണത്തില്‍


 ഇസ്‌ലാമിലെ പ്രമാണങ്ങള്‍-8 -

എ അബ്‌ദുല്‍ഹമീദ്‌ മദീനി


മനുഷ്യവംശം പരസ്‌പരം സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്‌ത്‌ ജീവിക്കേണ്ടവരാണെന്ന്‌ ഖുര്‍ആന്‍ പറയുന്നു. ``തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും വിശിഷ്‌ടമായ വസ്‌തുക്കളില്‍ നിന്ന്‌ നാം അവര്‍ക്ക്‌ ഉപജീവനം നല്‌കുകയും, നാം സൃഷ്‌ടിച്ചുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക്‌ നാം സവിശേഷമായ ശ്രേഷ്‌ഠത നല്‌കുകയും ചെയ്‌തിരിക്കുന്നു.'' (വി.ഖു 17:170)
അടിസ്ഥാനപരമായി ആദം സന്തതികള്‍ അവരുടെ പരസ്‌പരാവകാശങ്ങളിലും സാധുതകളിലും സമന്മാരാണ്‌. അവരെല്ലാം ഒരു മാതാപിതാക്കളുടെ മക്കളാണ്‌. അവരില്‍ ധര്‍മബോധത്തോടു കൂടി ജീവിക്കുന്നവര്‍ക്ക്‌ മാത്രമാണ്‌ ദൈവത്തിങ്കല്‍ ശ്രേഷ്‌ഠതയുള്ളത്‌. അവര്‍ പരസ്‌പരം തിരിച്ചറിയാന്‍ വേണ്ടിയാണ്‌ അവരെ വിവിധ സമുദായങ്ങളും ഗോത്രങ്ങളും വര്‍ഗങ്ങളുമാക്കിയത്‌. മനുഷ്യരില്‍ പലരെയും പല പദവികളിലാക്കിയിട്ടുള്ളത്‌ അവര്‍ക്കിടയില്‍ സമത്വചിന്തയും സാഹോദര്യവും സാമൂഹ്യബോധവും വളര്‍ത്തിയെടുക്കാനാണെന്ന്‌ ഖുര്‍ആന്‍ പറയുന്നു.

``നിങ്ങളെ നാം ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമായി സൃഷ്‌ടിച്ചിരിക്കുന്നു. നിങ്ങളന്യോന്യം അറിയേണ്ടതിന്‌ നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്‌തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത്‌ നിങ്ങളില്‍ ഏറ്റവും ആദരണീയര്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്‌ഠ പാലിക്കുന്നവരാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞാനിയും സൂക്ഷ്‌മജ്ഞാനിയുമാകുന്നു.'' (49:13)
അത്യുന്നതമായ വീക്ഷണത്തിന്റെ ഫലമായി മാനുഷിക അവകാശങ്ങള്‍ ഇസ്‌ലാമിനെ അംഗീകരിക്കുന്നവര്‍ക്ക്‌ നല്‌കുന്നത്‌ പോലെ, അംഗീകരിക്കാത്തവര്‍ക്കും നല്‌കണമെന്ന്‌ ഇസ്‌ലാം കല്‌പിച്ചു. മനുഷ്യന്‍ ഏതു മതം സ്വീകരിച്ചാലും ഏതു വര്‍ഗത്തില്‍ പെട്ടവനായാലും, ഏതു നിറമുള്ളവനായാലും മാനുഷിക അവകാശങ്ങളില്‍ തുല്യരാണ്‌. ഇസ്‌ലാം സ്വീകരിക്കാത്തവരെ നാലു വിഭാഗമായിട്ടാണ്‌ വിലയിരുത്തുന്നത്‌.

ഒന്ന്‌) ഇസ്‌ലാമിക ഭരണത്തിനു കീഴില്‍ ജീവിക്കുന്നവര്‍:

 ഇവര്‍ക്ക്‌, ഒരു മുസ്‌ലിമിന്‌ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും അര്‍ഹതയുണ്ട്‌. അവര്‍ രാജ്യസംരക്ഷണത്തിന്‌ സൈനിക സേവനം ചെയ്യേണ്ടതില്ല. ചെയ്‌താല്‍ വിരോധവുമില്ല. സൈനിക സേവനം ചെയ്യാത്തതിന്‌ പകരമായി വ്യക്തിഗത നികുതി അവര്‍ നല്‌കേണ്ടതുണ്ട്‌. ഇതിന്ന്‌ ജിസ്‌യ എന്നു പറയുന്നു.

രണ്ട്‌) അമുസ്‌ലിംകളുമായി സഖ്യത്തിലും ഐക്യത്തിലും കഴിയുന്നവര്‍: 

ഒരു ജനാധിപത്യ രാജ്യത്ത്‌ ജീവിക്കുന്ന എല്ലാ മതവിഭാഗങ്ങളും പരസ്‌പര വിശ്വാസത്തിലും സ്‌നേഹത്തിലും കഴിയേണ്ടവരാണ്‌. നാടിന്റെ പൊതുനന്മക്കും അഭിവൃദ്ധിക്കും സംരക്ഷണത്തിന്നും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ട്‌. എന്നാല്‍ ഓരോ മതാനുയായികള്‍ക്കും അവരുടെ മതവിശ്വാസമനുസരിച്ചു ജീവിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കണം.
ഈ സ്വാതന്ത്ര്യത്തില്‍ ആരും കൈകടത്താന്‍ പാടില്ല. ഓരോ മതാനുയായികള്‍ക്കും അവരവരുടെ മതം മറ്റു മതങ്ങളെ ഇടിച്ചുതാഴ്‌ത്താതെ പ്രബോധനം ചെയ്യാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഉണ്ടായിരിക്കണം. തെറ്റുകള്‍ മാന്യമായി ചൂണ്ടിക്കാട്ടി ബുദ്ധിപരമായ വിമര്‍ശനങ്ങള്‍ ആവാം. പക്ഷെ, നിര്‍ബന്ധം ചെലുത്തുന്ന ഒരു മാര്‍ഗവും സ്വീകരിക്കാന്‍ പാടില്ല.
ഖുര്‍ആന്‍ പറയുന്നു: ``മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗം പാടില്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന്‌ വ്യക്തമായി വേര്‍പിരിഞ്ഞുകഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ, അവന്‍ പിടിച്ചിട്ടുള്ളത്‌ ബലമുള്ള കയറിലാകുന്നു. അത്‌ പൊട്ടിപ്പോവുകയേ ഇല്ല. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു.'' (വി.ഖു 2:256)
മുഹമ്മദ്‌ നബി(സ) മറ്റു മതസ്ഥരോട്‌ വളരെ ആദരവോടെയാണ്‌ പെരുമാറിയിരുന്നത്‌. ചില സന്ദര്‍ശനങ്ങളില്‍ നബി(സ)യുടെ പള്ളി പോലും ഇതര മതസ്ഥര്‍ക്ക്‌ ആരാധനയ്‌ക്കായി ഒഴിഞ്ഞുകൊടുത്തിട്ടുണ്ട്‌. ഖുര്‍ആന്‍ പറയുന്നു: ``അതിനാല്‍ (നബിയേ) താങ്കള്‍ ഉല്‍ബോധനം നടത്തുക. താങ്കള്‍ ഉല്‍ബോധകന്‍ മാത്രമാണ്‌. നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല.'' (88:21-23). ``നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്റെ മതവും.'' (109:6)
വിവിധ മതക്കാരുമായുള്ള ബന്ധങ്ങള്‍ എങ്ങനെ ആയിരിക്കണമെന്ന്‌ ഖുര്‍ആന്‍ വ്യക്തമായി വിവരിക്കുന്നുണ്ട്‌. നബി(സ)യുടെ വചനങ്ങളില്‍ മറ്റു മതസ്ഥരുമായുള്ള ബന്ധങ്ങള്‍ ധാരാളമായി പ്രതിപാദിച്ചിട്ടുണ്ട്‌. ഒരിക്കല്‍ അയല്‍വാസികള്‍ തമ്മിലുള്ള ബാധ്യതയെ പറ്റി നബി(സ) ഇങ്ങനെ പറഞ്ഞു:
``അയല്‍വാസികളെ പറ്റി ജിബ്‌രീല്‍ സാധാരണയായി എന്നെ ഉപദേശിക്കാറുണ്ടായിരുന്നു. അയല്‍വാസികളെ അനന്തരാവകാശത്തില്‍ പങ്കാളികളാക്കുമോ എന്നു ഞാന്‍ സംശയിച്ചു. അയല്‍വാസി എന്ന നിലക്കുള്ള അവകാശം ജാതിയും മതവും പരിഗണിക്കാതെ തന്നെ നല്‌കണം. അയല്‍വാസി മുസ്‌ലിമാണെങ്കില്‍ രണ്ടു ബാധ്യത ഉണ്ടാവുന്നു. ഒന്ന്‌ അയല്‍വാസി എന്ന നിലക്കും മറ്റൊന്ന്‌ മുസ്‌ലിം എന്ന നിലക്കും. ഇനി അയല്‍വാസി രക്തബന്ധമുള്ള മുസ്‌ലിമാണെങ്കില്‍ ബാധ്യത മൂന്നായിത്തീരുന്നു.''
മുസ്‌ലിംകള്‍ എല്ലാ മനുഷ്യരെയും സമഭാവേന വീക്ഷിക്കേണ്ടവരാണ്‌. ഉദാത്തവും ഉല്‍കൃഷ്‌ടവുമായ മാനുഷിക ബന്ധങ്ങള്‍ പുലര്‍ത്തേണ്ടവരാണ്‌. സകല സങ്കുചിതത്വങ്ങളെയും എതിര്‍ത്ത്‌ മഹത്തായ ആദര്‍ശത്തെ പ്രതിനിധീകരിക്കുന്നവര്‍ക്ക്‌, ഈ വിഷയത്തില്‍ സംശയത്തിന്‌ അവകാശമില്ല. സമുദായത്തിന്റെയോ വര്‍ഗത്തിന്റെയോ, ദേശത്തിന്റെയോ പേരില്‍ മുസ്‌ലിംകള്‍ ആരെയും ശത്രുക്കളായി ഗണിക്കാന്‍ പാടില്ല. ആര്‍ക്കും അപകര്‍ഷത കല്‌പിക്കാന്‍ പാടില്ല.
എന്നാല്‍ ആദര്‍ശം മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം സര്‍വ പ്രധാനമാണ്‌. പ്രപഞ്ച നാഥന്‍ മാത്രമാണ്‌ ആരാധ്യനെന്നും അവന്റെ ദാസന്മാര്‍ അവന്റെ വിധിവിലക്കുകള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും ഉറച്ചുവിശ്വസിക്കുന്ന മുസ്‌ലിംകള്‍ക്ക്‌ അതിന്‌ വിപരീതമായ ആശയങ്ങളോട്‌ വിയോജിക്കേണ്ടി വരിക സ്വാഭാവികമാണ്‌. ഈ ആദര്‍ശപ്രതിബദ്ധതയെ, മൗലികവാദമെന്നോ തീവ്രവാദമെന്നോ ആക്ഷേപിച്ചാലും മുസ്‌ലിംകള്‍ക്ക്‌ ചാഞ്ചല്യമുണ്ടാവാന്‍ പാടില്ല. 
ഈ പ്രാപഞ്ചികവും പ്രകൃതിപരവുമായ ഇസ്‌ലാമികാദര്‍ശം മൗലികമാണെന്നും തികച്ചും അന്യൂനമാണെന്നും ഉറച്ചുവിശ്വസിക്കുന്നതോടൊപ്പം തന്നെ അത്‌ ബോധ്യപ്പെടാത്തവര്‍ക്ക്‌ അതിനോട്‌ വിയോജിക്കാനുള്ള അവകാശം അംഗീകരിക്കുന്നവരാണ്‌ യഥാര്‍ഥ മുസ്‌ലിംകള്‍. ദൈവികാദര്‍ശം അംഗീകരിക്കാത്തവരെ അതിന്റെ പേരില്‍ ശത്രുതയോടെ വീക്ഷിക്കാന്‍ ഇസ്‌ലാം പഠിപ്പിക്കുന്നില്ല. മതത്തിന്റെ പേരില്‍ മുസ്‌ലിംകളെ പീഡിപ്പിക്കാത്തവരോടെല്ലാം വളരെ നല്ല നിലയില്‍ വര്‍ത്തിക്കാനും ഇസ്‌ലാം നിര്‍ദേശിക്കുന്നുണ്ട്‌. 
അല്ലാഹു പറയുന്നു: ``മതകാര്യത്തില്‍ നിങ്ങളോട്‌ യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍ നിന്ന്‌ നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക്‌ നന്മ ചെയ്യുന്നതും നിങ്ങളവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട്‌ വിരോധിക്കുന്നില്ല. തീര്‍ച്ചയായും നീതിപാലിക്കുന്നവരെ അല്ലാഹു ഇഷ്‌ടപ്പെടുന്നു. (60:8)
വിവിധ മതസ്ഥരുമായി സംവദിക്കുമ്പോള്‍ ബുദ്ധിപരമായ സമീപനമാണ്‌ സ്വീകരിക്കേണ്ടത്‌. വികാരപരമായ സമീപനം ഒരിക്കലും പാടില്ല. ഖുര്‍ആന്‍ പറയുന്നു: ``യുക്തിദീക്ഷയോടു കൂടിയും സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്കു നീ ക്ഷണിച്ചുകൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്റെ രക്ഷിതാവ്‌ തന്റെ മാര്‍ഗം വിട്ട്‌ പിഴച്ചുപോയവരെ പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്മാര്‍ഗം പ്രാപിച്ചവരെ വരെ പറ്റിയും അവന്‍ നല്ലവണ്ണം അറിയുന്നവനാകുന്നു.'' (16:125)
മറ്റു മതക്കാരെയും അവരുടെ വിശ്വാസപ്രമാണങ്ങളെയും പരിഹസിക്കുകയോ ഇകഴ്‌ത്തുകയോ അപമാനിക്കുകയോ ചെയ്യാന്‍ പാടില്ലെന്ന്‌ ഖുര്‍ആന്‍ കല്‌പിക്കുന്നു: ``അല്ലാഹുവിന്ന്‌ പുറമെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്‌. അവര്‍ വിവരമില്ലാതെ അതിക്രമമായി അല്ലാഹുവിനെ ശകാരിക്കാന്‍ അത്‌ കാരണമായേക്കും.'' (6:108)

മൂന്ന്‌) സംരക്ഷണം ഉറപ്പ്‌ നല്‌കപ്പെട്ടവര്‍: 

അന്യരാജ്യങ്ങളില്‍ നിന്ന്‌ വന്ന്‌ മുസ്‌ലിംനാടുകളില്‍ ജോലിയിലേര്‍പ്പെട്ടവരും, ബിസിനസ്‌ ചെയ്യുന്നവരും മറ്റെല്ലാ തരം സേവനങ്ങള്‍ ചെയ്യുന്നവരും ഇതില്‍ ഉള്‍പ്പെടുന്നു. അവരുടെ ജീവനും സ്വത്തിനും കുടുംബത്തിനും പൂര്‍ണസംരക്ഷണം ലഭിക്കണം. ഇവര്‍ അതത്‌ നാട്ടിലെ നിയമവ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്‌. ഇവരോട്‌ വളരെ മാന്യമായി നീതിപൂര്‍വം പെരുമാറേണ്ടതുമുണ്ട്‌. അവര്‍ ഇവിടെ (മുസ്‌ലിംകള്‍ക്കിടയില്‍) താമസിക്കുമ്പോള്‍ അവര്‍ സുരക്ഷിതരാണെന്ന്‌ അവര്‍ക്ക്‌ ബോധ്യപ്പെടേണ്ടതുണ്ട്‌.

നാല്‌) ഇസ്‌ലാമിനോടും മുസ്‌ലിംകളോടും ശത്രുത വെച്ചുപുലര്‍ത്തുന്നവര്‍: 


ഇവര്‍ക്കും ചില അവകാശങ്ങളും സംരക്ഷണങ്ങളും ഖുര്‍ആന്‍ നല്‌കുന്നുണ്ട്‌. ഇവര്‍ക്ക്‌ മാനുഷികപരിഗണന നല്‌കി സാഹോദര്യബന്ധം ഇവരുമായി പുലര്‍ത്തുന്നതോടൊപ്പം ഇവരോട്‌ നീതി ചെയ്യണമെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ``സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനു വേണ്ടി നിലകൊള്ളുന്നവരും നീതിക്ക്‌ സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക, ഒരു ജനതയോടുള്ള വിദ്വേഷം നീതിപാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക്‌ പ്രേരകമാകരുത്‌. നിങ്ങള്‍ നീതി പാലിക്കുക. അതാണ്‌ ധര്‍മനിഷ്‌ഠയോട്‌ ഏറ്റവും അടുത്തത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്‌മമായി അറിയുന്നവനാകുന്നു.'' (5:8)
യുദ്ധവേളയില്‍ പോലും ശത്രുക്കളോട്‌ നീതി കാണിക്കണമെന്നാണ്‌ ഖുര്‍ആന്‍ കല്‌പിച്ചിട്ടുള്ളത്‌. ഇങ്ങോട്ടു യുദ്ധം ചെയ്യുന്നവരോട്‌ മാത്രമേ അങ്ങോട്ടു യുദ്ധം ചെയ്യാന്‍ പാടുള്ളൂ. പൊതുജനങ്ങളെയും സ്‌ത്രീകളെയും കുട്ടികളെയും പ്രായമേറിയവരെയും ആരാധനാലയങ്ങളില്‍ കഴിഞ്ഞുകൂടുന്നവരെയും ഒരിക്കലും വധിക്കരുത്‌. അംഗച്ഛേദം വരുത്തരുത്‌. നബി(സ)യുടെ ജീവിതകാലത്ത്‌ നടന്ന എല്ലാ യുദ്ധങ്ങളും കണക്കിലെടുത്താല്‍ ഇരു ചേരികളില്‍ നിന്നുമായി കൊല്ലപ്പെട്ടത്‌ 918 പേര്‍ മാത്രമാണ്‌. ഈ ആധുനിക യുഗത്തില്‍ നടക്കുന്ന യുദ്ധങ്ങളില്‍ ഓരോ മണിക്കൂറുകളിലും കൊല്ലപ്പെടുന്നവരുടെ കണക്ക്‌ ഇതുമായി താരതമ്യപ്പെടുത്തിയാല്‍ ഇസ്‌ലാമിന്റെ പവിത്രത മനസ്സിലാക്കാന്‍ പ്രയാസമുണ്ടാവുകയില്ല.

Author

Written by Sanveer A Rahman Ittoli

welcome to my blog

1 അഭിപ്രായം:

  1. يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ
    (Sura 5 : Aya 51)
    ?????

    മറുപടിഇല്ലാതാക്കൂ