തറാവീഹ്‌ നമസ്‌കാരം

  • Posted by Sanveer Ittoli
  • at 9:21 AM -
  • 0 comments

തറാവീഹ്‌ നമസ്‌കാരം

പഠനം -

പി കെ മൊയ്‌തീന്‍സുല്ലമി കുഴിപ്പുറം


``വല്ലവനും റമദാന്‍ മാസത്തില്‍ സത്യവിശ്വാസത്തോടു കൂടിയും അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചുകൊണ്ടും രാത്രി നിന്നു നമസ്‌കരിക്കുന്ന പക്ഷം അവന്റെ കഴിഞ്ഞുപോയ കാലത്തെ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്‌'' (ബുഖാരി).തഹജ്ജുദ്‌, ഖിയാമുല്ലൈല്‍, ഖിയാമു റമദാന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന അതേ നമസ്‌കാരം തന്നെയാണ്‌ തറാവീഹും. വ്യത്യസ്‌ത പേരുകളില്‍ അറിയപ്പെടുന്നുണ്ടെങ്കില്‍ അത്തരം പേരുകള്‍ നല്‍കപ്പെടുന്നത്‌ രാത്രി നമസ്‌കാരത്തിന്റെ സമയവും സന്ദര്‍ഭവും പരിഗണിച്ചുകൊണ്ടാണ്‌. ഏത്‌ പേരില്‍ അറിയപ്പെട്ടാലും ഇശാ നമസ്‌കാരത്തിന്റെയും സ്വുബ്‌ഹ്‌ നമസ്‌കാരത്തിന്റെയും ഇടയില്‍ നിര്‍വഹിക്കപ്പെടുന്ന നമസ്‌കാരമാണിത്‌. റമദാനില്‍ ഈ നമസ്‌കാരം രണ്ടു പേരില്‍ അറിയപ്പെടും.
ഒന്ന്‌: ഹദീസുകളില്‍ വന്ന പേര്‌. അത്‌ ഖിയാമുറമദാന്‍ എന്നാണ്‌. രണ്ട്‌: പില്‍ക്കാലത്തുണ്ടായ പേര്‌. അത്‌ തറാവീഹ്‌ എന്നാണ്‌. ഇമാം നവവിയുടെ പ്രസ്‌താവന ശ്രദ്ധിക്കുക: ``ഖിയാമു റമദാന്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌ തറാവീഹ്‌ നമസ്‌കാരമാകുന്നു.'' (ശറഹു മുസ്‌ലിം 1:159)
`തറാവീഹ്‌' എന്ന പദത്തിന്റെ അര്‍ഥം `വിശ്രമങ്ങള്‍' എന്നാണ്‌. റമദാനില്‍ ഈരണ്ടു റക്‌അത്തുകള്‍ക്കു ശേഷം അല്‌പം വിശ്രമമെടുത്ത്‌ നമസ്‌കരിക്കുന്നതുകൊണ്ടാണ്‌ പില്‍ക്കാലത്ത്‌ `തറാവീഹ്‌' എന്ന പേരില്‍ ഈ നമസ്‌കാരം അറിയപ്പെട്ടത്‌. ഇബ്‌നു ഹജര്‍(റ) പറയുന്നു: ``അവര്‍ ഈരണ്ടു റക്‌അത്തുകള്‍ക്കിടയിലും വിശ്രമമെടുത്തുകൊണ്ട്‌ നമസ്‌കരിച്ചതിനാലാണ്‌ ഈ നമസ്‌കാരത്തിന്‌ തറാവീഹ്‌ എന്ന പേര്‌ വിളിക്കപ്പെട്ടത്‌.'' (ഫത്‌ഹുല്‍ബാരി 2:25)
തറാവീഹിന്റെ റക്‌അത്തുകള്‍ സംബന്ധിച്ച്‌ യാഥാസ്ഥിതിക പുരോഹിതന്മാര്‍ പ്രചരിപ്പിക്കുന്നത്‌ ശരിയല്ല. അവര്‍ പറഞ്ഞു പ്രചരിപ്പിച്ചുപോന്നിട്ടുള്ളത്‌ തറാവീഹ്‌ 20 റക്‌അത്താണ്‌ എന്ന വിഷയത്തില്‍ ഇജ്‌മാഅ്‌ (മുസ്‌ലിം ലോകത്തെ ഏകോപിച്ച അഭിപ്രായം) ഉണ്ട്‌ എന്നാണ്‌. താഴെവരുന്ന തെളിവ്‌ ഈ വാദത്തെ പൊളിക്കുന്നു. ഇമാം തിര്‍മിദി രേഖപ്പെടുത്തുന്നു: ``റമദാന്‍ മാസത്തിലെ നമസ്‌കാരത്തിന്റെ റക്‌അത്തുകളെ സംബന്ധിച്ച്‌ പണ്ഡിതന്മാര്‍ ഭിന്നിച്ചിരിക്കുന്നു. മദീനക്കാര്‍ 41 റക്‌അത്ത്‌ നമസ്‌കരിക്കണം എന്ന്‌ അഭിപ്രായപ്പെട്ടിരിക്കുന്നു.'' (ജാമിഉത്തിര്‍മിദി 1:159)
ഇമാം ഐനി പറയുന്നു: ``റമദാനിലെ രാത്രി നമസ്‌കാരത്തിലെ റക്‌അത്തുകളെ സംബന്ധിച്ച്‌ പണ്ഡിതന്മാര്‍ ഭിന്നിച്ചിരിക്കുന്നു. ഇമാം തിര്‍മിദിയുടെ അഭിപ്രായത്തില്‍ വിത്‌റോടുകൂടി നാല്‌പത്തിഒന്ന്‌ റക്‌അത്താണ്‌. മുപത്തിയെട്ട്‌, മുപ്പത്തിയാറ്‌, മുപ്പത്തിനാല്‌, ഇരുപത്തിയെട്ട്‌, ഇരുപത്തിനാല്‌ എന്നീ അഭിപ്രായങ്ങളും വന്നിട്ടുണ്ട്‌. നബി(സ) ഇരുപത്‌ റക്‌അത്ത്‌ തറാവീഹും മൂന്ന്‌ റക്‌അത്ത്‌ വിത്‌റും നമസ്‌കരിച്ചിരുന്നതായി അഅ്‌മശ്‌ പ്രസ്‌താവിച്ചിട്ടുണ്ട്‌. പതിനാറ്‌ റക്‌അത്തെന്നും പതിമൂന്നെന്നും പ്രസ്‌താവിക്കപ്പെട്ടിട്ടുണ്ട്‌. പതിനൊന്ന്‌ റക്‌അത്താണെന്നും പ്രസ്‌താവിക്കപ്പെട്ടിട്ടുണ്ട്‌. ഇമാം മാലിക്‌(റ) സ്വയം തെരഞ്ഞെടുത്ത റക്‌ത്തിന്റെ എണ്ണം പതിനൊന്നാണ്‌. അബൂബക്കര്‍ ഇബ്‌നുല്‍ അറബിയും തെരഞ്ഞെടുത്തത്‌ പതിനൊന്ന്‌ റക്‌അത്തു തന്നെയാണ്‌.'' (ഉംദതുല്‍ഖാരി 5:356)
അപ്പോള്‍ യാഥാസ്ഥിതികരുടെ 20 റക്‌അത്താണെന്ന ഇജ്‌മാഅ്‌ വാദം പൊളിഞ്ഞു. ഇവര്‍ ഉന്നയിക്കാറുള്ള മറ്റൊരു അബദ്ധം ഇപ്രകാരമാണ്‌: തറാവീഹ്‌ നമസ്‌കാരം ഇരുപത്‌ റക്‌അത്താക്കിയത്‌ ഉമര്‍(റ) ആണ്‌. നബി(സ)യില്‍ നിന്ന്‌ തറാവീഹ്‌ നമസ്‌കാരത്തിന്‌ ഇവര്‍ മാതൃക കാണാറില്ല. താഴെവരുന്ന ഹദീസുകള്‍ അക്കാര്യവും പൊളിച്ചുകളയുന്നു.
ഉര്‍വ ആഇശ(റ)യില്‍ നിന്ന്‌ ഉദ്ധരിക്കുന്നു: ``ഒരു രാത്രി നബി(സ) പള്ളിയില്‍വെച്ച്‌ നമസ്‌കരിക്കുകയും ജനങ്ങളും ഒപ്പം നമസ്‌കരിക്കുകയും ചെയ്‌തു. പിന്നെ രണ്ടാം ദിവസവും അപ്രകാരം നമസ്‌കരിച്ചു. ജനങ്ങള്‍ ആദ്യദിവസത്തേക്കാള്‍ അധികരിക്കുകയും ചെയ്‌തു. പിന്നെ മൂന്നാമത്തെയോ നാലാമത്തെയോ ദിവസം ജനങ്ങള്‍ പള്ളിയില്‍ ഒരുമിച്ചുകൂടി. എന്നാല്‍ നബി(സ) അവിടേക്ക്‌ ചെന്നില്ല. നേരം പുലര്‍ന്നപ്പോള്‍ നബി(സ) അവരോട്‌ ഇപ്രകാരം പറഞ്ഞു: നിങ്ങള്‍ (ഒരുമിച്ചൂകൂടിയ) കാര്യം ഞാന്‍ കണ്ടു. നിങ്ങള്‍ക്ക്‌ ഈ നമസ്‌കാരം നിര്‍ബന്ധമാക്കപ്പെടും എന്ന ഭയത്താലാണ്‌ പള്ളിയിലേക്ക്‌ ഞാന്‍ വരാതിരുന്നത്‌. ഈ സംഭവം റമദാനിലായിരുന്നു'' (സ്വഹീഹ്‌ മുസ്‌ലിം 3:296)
മേല്‍പറഞ്ഞ നബി(സ)യുടെ നമസ്‌കാരം എത്ര റക്‌അത്തായിരുന്നു എന്ന കാര്യത്തില്‍ അധികം സംശയിക്കേണ്ടതില്ല. താഴെ വരുന്ന ഹദീസ്‌ അത്‌ ബോധ്യപ്പെടുത്തുന്നു: `ജാബിര്‍(റ) പ്രസ്‌താവിച്ചു: ``നബി(സ) ഞങ്ങള്‍ക്ക്‌ റമദാനില്‍ എട്ട്‌ റക്‌അത്തും വിത്‌റും ഇമാമായി നമസ്‌കരിച്ചു.'' (അബൂയഅ്‌ല, ത്വബ്‌റാനി). ഇതേകാര്യം സുന്നികള്‍ അംഗീകരിക്കുന്ന ഇബ്‌നുഹജറുല്‍ ഹൈതമിയും ശരിവെക്കുന്നുണ്ട്‌: ``നബി(സ) സ്വഹാബികളുമായി എട്ട്‌ റക്‌അത്തും വിത്‌റും നമസ്‌കരിച്ചിരുന്നതായി ഇബ്‌നുഖുസൈമതും(റ) ഇബ്‌നുഹിബ്ബാനും(റ) തങ്ങളുടെ സ്വഹീഹായ ഹദീസ്‌ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.'' (ഫതാവല്‍കുബ്‌റാ 1:194)
മറ്റുള്ള ഹദീസുകളും ഈ വസ്‌തുത സത്യപ്പെടുത്തുന്നു. നബി(സ) സ്വഹാബത്തിനെയും കൂട്ടി തറാവീഹ്‌ നമസ്‌കരിച്ചത്‌ 11 റക്‌അത്താണ്‌. അതില്‍ 8 റക്‌അത്ത്‌ തറാവീഹും 3 റക്‌അത്ത്‌ വിത്‌റുമാണ്‌. ഇമാം ബുഖാരിയും അക്കാര്യം ശരിവെക്കുന്നു. ``അബൂസലമത്‌(റ) പ്രസ്‌താവിച്ചു: അദ്ദേഹം ആഇശ(റ)യോട്‌ നബി(സ)യുടെ റമദാനിലെ നമസ്‌കാരം എങ്ങനെയായിരുന്നുവെന്ന്‌ ചോദിച്ചു. ആഇശ(റ) പറഞ്ഞു: നബി(സ) റമദാനിലോ അല്ലാത്ത കാലത്തോ 11 റക്‌അത്തില്‍ അധികരിപ്പിക്കാറുണ്ടായിരുന്നില്ല.'' (ബുഖാരി)
അബൂലബീദിന്റെ മകന്‍ അബ്‌ദുല്ല ഉദ്ധരിക്കുന്നു: അബൂസലമത്‌(റ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു: ഞാന്‍ ആഇശ(റ)യുടെ അടുക്കല്‍ചെന്ന്‌ ഇപ്രകാരം ആരാഞ്ഞു: മാതാവേ, നബി(സ)യുടെ (റമദാനിലെ രാത്രി നമസ്‌കാരത്തെക്കുറിച്ച്‌) എനിക്ക്‌ പറഞ്ഞുതരിക. അപ്പോള്‍ അവര്‍ പറഞ്ഞു: നബി(സ)യുടെ റമദാനിലെ നമസ്‌കാരത്തിലെ റക്‌അത്തുകളുടെ എണ്ണം 13 റക്‌ത്തായിരുന്നു. സുബ്‌ഹിന്റെ മുമ്പുള്ള രണ്ട്‌ റക്‌അത്ത്‌ (സുന്നത്ത്‌) നമസ്‌കാരവും അതിലുള്‍പ്പെടുന്നു.'' (സ്വഹീഹ്‌ മുസ്‌ലിം 3:271)
നബി(സ)യുടെ തറാവീഹ്‌ നമസ്‌കാരത്തിലെ റക്‌അത്തുകളുടെ എണ്ണം 11 ആയിരുന്നുവെന്ന്‌ മേല്‍ ഹദീസുകളെല്ലാം സ്ഥിരപ്പെടുത്തുന്നു.
ഇനി യാഥാസ്ഥിതികര്‍ തറാവീഹ്‌ 20 റക്‌അത്താണ്‌ എന്ന്‌ സ്ഥാപിക്കാന്‍ ഉദ്ധരിക്കാറുള്ള തെളിവ്‌ പരിശോധിക്കാം: ഉമറിന്റെ(റ) കാലത്ത്‌ ജനങ്ങള്‍ 23 റക്‌അത്ത്‌ തറാവീഹ്‌ നമസ്‌കരിച്ചിരുന്നു എന്ന യസീദുബ്‌നുല്‍ റൂമാനില്‍ നിന്ന്‌ ഉദ്ധരിക്കുന്ന ഒരു റിപ്പോര്‍ട്ടാണ്‌ പ്രധാന തെളിവ്‌. യഥാര്‍ഥത്തില്‍ ഈ റിപ്പോര്‍ട്ട്‌ പ്രാമാണികമല്ലെന്ന്‌ ഇമാം നവവി പറയുന്നു. ``യസീദിബ്‌നി റുമാന്‍ ഉമറിനെ(റ) കണ്ടിട്ടില്ല'' (ശറഹുല്‍ മുഹദ്ദബ്‌ 4:33). ഈ റിപ്പോര്‍ട്ട്‌ `മുന്‍ഖത്വിഅ്‌' അഥവാ പരമ്പര മുറിഞ്ഞതാണ്‌. അത്തരം റിപ്പോര്‍ട്ടുകള്‍ തെളിവിന്‌ കൊള്ളുന്നതല്ല. ഉമര്‍(റ) നമസ്‌കരിക്കാന്‍ കല്‌പിച്ചത്‌ പതിനൊന്ന്‌ റക്‌അത്താണ്‌. ഇക്കാര്യം യാഥാസ്ഥിതികര്‍ അംഗീകരിക്കുന്ന ജലാലുദ്ദീനു സ്സുയൂഥി രേഖപ്പെടുത്തിയിട്ടുണ്ട്‌. ``ഇബ്‌നുല്‍ ജൗസി ഇമാം മാലിക്കില്‍ നിന്ന്‌ പ്രസ്‌താവിച്ചിട്ടുണ്ട്‌. ഉമര്‍(റ) സംഘടിപ്പിച്ച തറാവീഹ്‌ നമസ്‌കാരമാണ്‌ എനിക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ടത്‌. അതു പതിനൊന്ന്‌ റക്‌അത്താണ്‌. നബി(സ) നമസ്‌കരിച്ചതും അപ്രകാരമാണ്‌.'' (അല്‍ഹാവീലില്‍ ഫതാവാ 1:35)
ഈ വിഷയത്തില്‍ ഇമാം മാലിക്കിന്റെ പ്രസ്‌താവന ശ്രദ്ധിക്കുക: ``സാഇബുബ്‌നു യസീദ്‌ പ്രസ്‌താവിച്ചു: ഉമര്‍(റ) ഉബയ്യുബ്‌നു കഅ്‌ബിനോടും(റ) തമീമുദ്ദാരിയോടും ജനങ്ങള്‍ക്ക്‌ ഇമാമായി നിന്നുകൊണ്ട്‌ പതിനൊന്ന്‌ റക്‌അത്ത്‌ നമസ്‌കരിക്കാന്‍ കല്‌പിച്ചു. ഇമാം നൂറുകണക്കില്‍ ആയത്തുകള്‍ ഓതാറുണ്ടായിരുന്നു. നിര്‍ത്തത്തിന്റെ ദൈര്‍ഘ്യം കാരണം ഞങ്ങള്‍ വടികളിന്മേല്‍ ചാരി നില്‌ക്കാറുണ്ടായിരുന്നു''(അല്‍മുവത്വ 1:239).
തറാവീഹ്‌ നമസ്‌കാരം പതിനൊന്ന്‌ റക്‌അത്താണെന്ന്‌ ഇമാം സുയൂഥി(റ) നിസ്സംശയം രേഖപ്പെടുത്തുന്നു: ``ആഇശ(റ)ല്‍ നിന്ന്‌ ഇമാം ബുഖാരി ഉദ്ധരിച്ച, നബി(സ) റമദാനിലും അല്ലാത്ത കാലത്തും പതിനൊന്ന്‌ റക്‌അത്തില്‍ കൂടുതല്‍ നമസ്‌കരിക്കാറുണ്ടായിരുന്നില്ല എന്ന റിപ്പോര്‍ട്ട്‌ നബി(സ) തറാവീഹിന്‌ എട്ടും മൂന്ന്‌ വിത്‌റും നമസ്‌കരിച്ചിരുന്നു എന്ന്‌ യോജിച്ചുവന്നിട്ടുണ്ട്‌. അതിനാല്‍ തറാവീഹ്‌ പതിനൊന്ന്‌ റക്‌അത്താണ്‌.'' (അല്‍ഹാവീലില്‍ ഫതാവാ 2:75)
നബി(സ) തറാവീഹ്‌ നമസ്‌കാരം 20 റക്‌അത്ത്‌ നമസ്‌കരിച്ചിരുന്നു എന്ന നിലയില്‍ വന്നിട്ടുള്ള സകല റിപ്പോര്‍ട്ടുകളും ദുര്‍ബലമാണെന്ന്‌ ശാഫിഈ മദ്‌ഹബിലെ പ്രമുഖ പണ്ഡിതന്മാരെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്‌. അവയില്‍ ചിലത്‌ താഴെ വരുന്നു. ജലാലുദ്ദീന്‍ സുയൂഥി: ``നബി(സ) തറാവീഹ്‌ നമസ്‌കാരം 20 റക്‌അത്ത്‌ നമസ്‌കരിച്ചു എന്നത്‌ സ്ഥിരപ്പെട്ടു വന്നിട്ടില്ല. അതിനെ സ്ഥിരപ്പെടുത്തിയ ചിലര്‍ ആ വിഷയത്തില്‍ മുറുകെ പിടിച്ചിട്ടുള്ള ഹദീസുകള്‍ തെളിവിനു കൊള്ളാത്തതാണ്‌. നബി(സ) റമദാനില്‍ ഇരുപത്‌ റക്‌അത്തും വിത്‌റും നമസ്‌കരിച്ചു എന്ന റിപ്പോര്‍ട്ട്‌ അങ്ങേയറ്റം ദുര്‍ബലവും തെളിവിന്‌ കൊള്ളാത്തതുമാണ്‌.'' (അല്‍ഹാവീലില്‍ ഫതാവാ 2:72,73)
ഇബ്‌നുഹജറില്‍ അസ്‌ഖലാനി: ``നബി(സ) റമദാനില്‍ ഇരുപത്‌ റക്‌അത്തും വിത്‌റും നമസ്‌കരിച്ചിരുന്നു എന്ന ഇബ്‌നു അബീശൈബ ഇബ്‌നു അബ്ബാസില്‍(റ) നിന്ന്‌ ഉദ്ധരിച്ച ഹദീസിന്റെ പരമ്പര ദുര്‍ബലവും ആഇശ(റ)യില്‍ നിന്നും ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസിന്‌ വിരുദ്ധവുമാണ്‌.'' (ഫത്‌ഹുല്‍ബാരി 4:205)
ഇബ്‌നുഹജറില്‍ ഹൈതമി: ``നബി(സ) റമദാനില്‍ ഇരുപത്‌ റക്‌അത്തും വിത്‌റും നമസ്‌കരിച്ചിരുന്നു എന്ന്‌ വിവിധ പരമ്പരകളിലൂടെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ള ഹദീസുകള്‍ അങ്ങേയറ്റം ദുര്‍ബലവും നബി(സ) റമദാനിലും അല്ലാത്ത കാലത്തും പതിനൊന്നു റക്‌അത്തില്‍ അധികരിപ്പിക്കാറുണ്ടായിരുന്നില്ല എന്ന സ്വഹീഹായി ആഇശ(റ)യില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള ഹദീസിന്‌ വിരുദ്ധവുമാണ്‌.'' (ഫതാവല്‍ കുബ്‌റാ 1:194-195)

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: