വിനയാന്വിതനായ പണ്ഡിതപ്രഭു

  • Posted by Sanveer Ittoli
  • at 8:50 AM -
  • 0 comments
വിനയാന്വിതനായ പണ്ഡിതപ്രഭു
ഡോ. യൂസുഫ്‌ മുഹമ്മദ്‌ നദ്‌വി

സമകാലിക ഇസ്‌ലാമിക പണ്ഡിതന്മാരിലും നേതാക്കളിലും അബുല്‍ഹസന്‍ അലി നദ്‌വിയോളം മുസ്‌ലിം സമുദായത്തെ സ്വാധീനിച്ച മറ്റൊരു വ്യക്തിത്വമില്ല. ദേശഭാഷകള്‍ക്കതീതമായി എല്ലാ ഇസ്‌ലാമിക സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അദ്ദേഹം സര്‍വസമ്മതനായിരുന്നു. ഇസ്‌ലാമിക പണ്ഡിതലോകത്തിലെ പല പ്രമുഖരും അദ്ദേഹത്തെ ഇമാം റബ്ബാനി, ശൈഖ്‌ മുറബ്ബി, ഇമാമുല്‍ മുസ്‌ലിമീന്‍, സമാഹത്തുല്‍ ഇമാം എന്നിങ്ങനെയായിരുന്നു വിശേഷിപ്പിച്ചിരുന്നത്‌.

പ്രശസ്‌തിയുടെ ഉച്ചകോടിയിലെത്തിയിരുന്ന അദ്ദേഹം തന്നെ സന്ദര്‍ശിക്കുന്ന ഏതൊരു സാധാരണക്കാരനോടും വളരെ ഭവ്യതയില്‍ പെരുമാറുമായിരുന്നു. പുഞ്ചിരിച്ച്‌ ഹസ്‌തദാനം ചെയ്‌ത്‌ വിശേഷങ്ങള്‍ ആരായും. അതിഥികളോട്‌ ഒരുനേരം തന്നോടൊപ്പമിരുന്ന്‌ ഭക്ഷണം കഴിച്ചിട്ടു പോയാല്‍ മതിയെന്ന്‌ പറയുക പതിവായിരുന്നു. അര നൂറ്റാണ്ടിലധികം നദ്‌വയിലെ വിജ്ഞാനദാഹികള്‍ക്ക്‌ വിജ്ഞാന വെളിച്ചം വീശിയ ശൈഖ്‌ നദ്‌വാവിദ്യാര്‍ഥികളുടെയെന്നല്ല നദ്‌വയിലെ സമുന്നതരായ ഗുരുനാഥന്മാരുടെയും ഇഷ്‌ടഗുരുവും കണ്ണിലുണ്ണിയുമായിരുന്നു. തിരക്കുപിടിച്ച ജീവിതത്തിനിടയിലും തന്റെ ശിഷ്യത്വം സ്വീകരിച്ചവരെ പ്രത്യേകം ശ്രദ്ധിക്കാനും ഉപദേശിക്കാനും അദ്ദേഹം മറന്നില്ല. ശിഷ്യന്മാരുടെയും സ്‌നേഹിതന്മാരുടെയും കത്തുകള്‍ക്കെല്ലാം ആ വന്ദ്യഗുരു വീഴ്‌ചകൂടാതെ മറുപടി എഴുതുമായിരുന്നു. ഇസ്‌ലാമിക പ്രവര്‍ത്തകര്‍ അനുകരിക്കേണ്ട ഒരുത്തമ മാതൃകയാണിത്‌.
പ്രബോധനം മുസ്‌ലിമിന്റെ ദൗത്യമാണെന്നും അതിനു വേണ്ടി ആര്‍ജിതമായ എല്ലാ കഴിവുകളും വിനിയോഗിക്കല്‍ അവന്റെ ബാധ്യതയാണെന്നും വിശ്വസിച്ച ശൈഖ്‌ നദ്‌വി പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രതിഫലം പറ്റുന്നത്‌ ഒട്ടും ഇഷ്‌ടപ്പെട്ടില്ല. തന്റെ ഒരു പ്രഭാഷണത്തിന്‌ സിറിയന്‍ ഗവണ്‍മെന്റിന്റെ പ്രതിഫലം ലഭിച്ചപ്പോള്‍ അത്‌ വാങ്ങാന്‍ അദ്ദേഹം വിസമ്മതിച്ച സംഭവം പല അറബ്‌ പണ്ഡിതന്മാരെയും അത്ഭുതപ്പെടുത്തുകയുണ്ടായി. ഇസ്‌ലാമിക പ്രബോധനപാതയില്‍ നിസ്‌തുലമായ സേവനങ്ങള്‍ അര്‍പ്പിച്ചതിന്‌ ലഭിച്ച രാജ്യാന്തര അവാര്‍ഡുകളെല്ലാം ദാനം ചെയ്‌തത്‌ ഇവിടെ സ്‌മരണീയമാണ്‌. ലളിതമായ ഭക്ഷണം, വിലകുറഞ്ഞ വസ്‌ത്രം, പരിമിത സൗകര്യങ്ങളുള്ള താമസസ്ഥലം എന്നിവ ശൈഖിനെ വ്യതിരിക്തനാക്കുന്നു. റാബിത്വയുടെയും മറ്റും കോണ്‍ഫറന്‍സുകളുണ്ടാകുമ്പോള്‍ അതിഥികള്‍ക്കു വേണ്ടി നക്ഷത്ര ഹോട്ടലുകളിലാണ്‌ താമസസൗകര്യം ഏര്‍പ്പെടുത്തുക. എന്നാല്‍, ശൈഖ്‌ നദ്‌വിയാകട്ടെ ഇത്തരം സൗകര്യങ്ങള്‍ തിരസ്‌കരിച്ച്‌ തന്റെ ഏതെങ്കിലും പരിചയക്കാരുടെ ഗൃഹങ്ങളിലോ പള്ളിമൂലകളിലോ ആണ്‌ താമസിക്കാറുള്ളതെന്ന്‌ പ്രശസ്‌ത പണ്ഡിതനായ യൂസുഫുല്‍ ഖറദാവി അനുസ്‌മരിച്ചിട്ടുണ്ട്‌.
ഖുര്‍ആന്‍, ഹദീസ്‌, ഫിഖ്‌ഹ്‌, അഖീദ, സീറ തുടങ്ങിയ ഇസ്‌ലാമിക വിജ്ഞാന ശാഖകളില്‍ അവഗാഹം നേടിയ ശൈഖ്‌ നദ്‌വി ലോകചരിത്രം, ഫിലോസഫി, ഭൂമിശാസ്‌ത്രം, വിവിധ പ്രത്യയശാസ്‌ത്രങ്ങള്‍, മതങ്ങള്‍ തുടങ്ങിയവയെക്കുറിച്ച്‌ പഠിക്കുകയും അറബി, ഉര്‍ദു ഭാഷാസാഹിത്യങ്ങളില്‍ പ്രാവീണ്യം നേടുകയും ഇംഗ്ലീഷ്‌, പേര്‍ഷ്യന്‍ ഭാഷകള്‍ വശത്താക്കുകയും ചെയ്‌ത മഹാപ്രതിഭിയായിരുന്നു.
അറബ്‌ ലോകം അറബിയിലെ പരമോന്നത വിശേഷണമായ `സമാഹുശ്ശൈഖ്‌' എന്ന്‌ അദ്ദേഹത്തെ വിശേഷിപ്പിച്ചു. പ്രമുഖ സുഊദീപണ്ഡിതനും സുഊദി അറേബ്യയിലെ ഗ്രാന്റ്‌ മുഫ്‌തിയുമായിരുന്ന ശൈഖ്‌ അബ്‌ദുല്ലാ ഇബ്‌നുബാസിനു മാത്രമായിരുന്നു ജീവിതകാലത്ത്‌ മേല്‍ വിശഷണം അറബ്‌ ലോകം നല്‌കിയിരുന്നത്‌.
1955 ജൂണ്‍ 12-ന്‌ ലോകപ്രസിദ്ധ ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനും മുന്‍ സിറിയന്‍ പാര്‍ലമെന്റ്‌ മെമ്പറുമായിരുന്ന ഡോ. മുസ്‌തഫസ്സിബാഈയുടെ ഒരു കത്ത്‌ ശൈഖിന്‌ ലഭിച്ചു. സിറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ പുതുതായി ആരംഭിക്കുന്ന ശരീഅത്ത്‌ കോളെജില്‍ ഒന്നോ രണ്ടോ വര്‍ഷത്തേക്കെങ്കിലും അധ്യാപകജോലി ഏറ്റെടുക്കണമെന്ന്‌ അഭ്യര്‍ഥിക്കുന്നതായിരുന്നു അത്‌. അതിന്‌ എല്ലാവിധ പ്രതിഫലവും സൗകര്യങ്ങളും ചെയ്യാമെന്നും കത്തിലുണ്ടായിരുന്നു. എന്നാല്‍, തന്റെ ഇന്ത്യയിലെ അസാന്നിധ്യം ഇഷ്‌ടപ്പെടാതിരുന്ന ശൈഖ്‌ ആ അഭ്യര്‍ഥന മാനിച്ച്‌ ഏതാനും ദിവസങ്ങളിലായി ഒരു നിശ്ചിത വിഷയത്തെ സംബന്ധിച്ച്‌ കോളെജില്‍ വിഷയം അവതരിപ്പിക്കാമെന്ന്‌ ഏല്‌ക്കുകയും ആ കൃത്യനിര്‍വഹണത്തിന്‌ 1957 ഏപ്രിലില്‍ സിറിയയിലെത്തുകയും ചെയ്‌തു. 
മദീനയില്‍ ഒരു ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ 1962-ല്‍ സുഊദി ഭരണകൂടം ഉദ്ദേശിച്ചപ്പോള്‍ ശൈഖിനെ അവിടെ അധ്യാപകനായി നിയമിക്കാന്‍ തീരുമാനിക്കുകയും ശൈഖിന്റെ തീരുമാനം അറിയാന്‍ ഇന്ത്യയിലെ സുഊദി അംബാസിഡര്‍ ശൈഖ്‌ യൂസുഫ്‌ മഹാനെ സമീപിക്കുകയുമുണ്ടായി. ഒരു സ്ഥിരം ജോലി സ്വീകരിക്കാനുള്ള തന്റെ വിസമ്മതം രേഖപ്പെടുത്തിക്കൊണ്ട്‌, താല്‌ക്കാലിക സേവനത്തിന്‌ ഒരുക്കമാണെന്ന്‌ അറിയിച്ചു. തുടര്‍ന്ന്‌ മദീനാ യൂണിവേഴ്‌സിറ്റിയുടെ സ്റ്റാന്റിംഗ്‌ കൗണ്‍സില്‍ മെമ്പറായി അദ്ദേഹത്തെ തെരഞ്ഞെടുക്കുകയാണുണ്ടായത്‌. കൗണ്‍സിലിന്റെ യോഗങ്ങള്‍ക്കുവേണ്ടിയും യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കുവേണ്ടി പ്രത്യേക വിഷയങ്ങള്‍ അവതരിപ്പിക്കാനും ശൈഖ്‌ മദീനയിലേക്ക്‌ ക്ഷണിക്കപ്പെടുക പതിവായിരുന്നു. ലോക പ്രശസ്‌ത അന്തര്‍ദേശീയ സര്‍വകലാശാലയായ ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റി അവിടെ ഒരു ഇസ്‌ലാമിക്‌ ചെയര്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ അതിന്റെ ചെയര്‍മാനായി ശൈഖിനെ കണ്ടെത്താന്‍ കാരണവും അദ്ദേഹത്തിന്റെ ആഗോള ഇസ്‌ലാമിക പരിജ്ഞാനം തന്നെയായിരുന്നു.
വിവിധ സംഘടനകളിലും വ്യത്യസ്‌ത ചിന്താസരണികളിലുമായി ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നിരുന്ന ലോകമുസ്‌ലിം ഉമ്മത്തിനെയാണ്‌ നദ്‌വി സാഹിബ്‌ പ്രതിനിധാനം ചെയ്‌തത്‌. സംഘടനാ പക്ഷപാതിത്വമോ സങ്കുചിത ചിന്തയോ ഒരിക്കലും ശൈഖിനെ തൊട്ടുതീണ്ടിയിട്ടില്ല. ഇസ്‌ലാമിന്റെ പ്രചാരണത്തിനും ഉയര്‍ച്ചക്കും വേണ്ടി നിലകൊള്ളുകയും പ്രവര്‍ത്തിക്കുകയും ചെയ്‌ത എല്ലാ സംഘടനകളെയും അദ്ദേഹം സ്‌നേഹിച്ചു. താനുമായി അഭിപ്രായവ്യത്യാസങ്ങളില്‍ വര്‍ത്തിച്ചവരെപ്പോലും ആ മഹാരഥന്‍ ബഹുമാനിച്ചിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ രൂപീകരണ നാളുകളില്‍ അതുമായി സഹകരിച്ചിരുന്ന അദ്ദേഹം അതില്‍ നിന്ന്‌ രാജിവെച്ച ശേഷം ജമാഅത്തെ ഇസ്‌ലാമിയോടും മൗദൂദി സാഹിബിനോടും പുലര്‍ത്തിപ്പോന്ന നിലപാടുകളില്‍ നിന്ന്‌ നമുക്കത്‌ കൂടുതല്‍ വ്യക്തമാണ്‌. മൗദൂദി സാഹിബിന്റെ രാഷ്‌ട്രീയ വീക്ഷണങ്ങളോട്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചുകൊണ്ട്‌ ശൈഖ്‌ രചിച്ച അത്തഫ്‌സീറുസ്സിയാസി എന്ന പുസ്‌തകത്തില്‍ പോലും അദ്ദേഹം മൗദൂദി സാഹിബിന്റെ പേര്‌ പരാമര്‍ശിച്ചത്‌ അല്‍ ഉസ്‌താദ്‌ മൗദൂദി എന്നാണ്‌.
വിവിധ ഗ്രൂപ്പുകളും സംഘടനകളുമായി ചേരിതിരിഞ്ഞ്‌ ശാഖാപരമായ പ്രശ്‌നങ്ങളുടെ പേരില്‍ കടിപിടികൂടിയിരുന്ന സമുദായത്തെ ഒന്നിപ്പിക്കാനും ഐക്യത്തിന്റെ പാതയില്‍ കൊണ്ടുവരാനും ശൈഖ്‌ ആത്മാര്‍ഥമായി ശ്രമിക്കുകയും ആ ശ്രമത്തില്‍ ഒരു പരിധിവരെ വിജയം കൈവരിക്കുകയും ചെയ്‌തിട്ടുണ്ട്‌. 1985-ല്‍ ശബാനു കേസിനെ തുടര്‍ന്ന്‌ ഇന്ത്യയെ പിടിച്ചുകുലുക്കിയ ശരീഅത്ത്‌ വിവാദത്തില്‍ ഇന്ത്യയൊട്ടുക്കും മുഴങ്ങിയ മുസ്‌ലിം പ്രതിഷേധത്തിനും ചെറുത്തുനില്‌പിനും നേതൃത്വം വഹിച്ചത്‌ ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്‌ ചെയര്‍മാന്‍ കൂടിയായിരുന്ന ശൈഖ്‌ നദ്‌വി തന്നെയായിരുന്നു.
നദ്‌വയില്‍ ശൈഖ്‌ ഉണ്ടായിരിക്കുമ്പോള്‍ സന്ദര്‍ശകരില്ലാത്ത സമയമുണ്ടാവില്ല. മിക്ക സന്ദര്‍ശകരും എത്തുന്നത്‌ അദ്ദേഹത്തെ കാണാന്‍ തന്നെ. സന്ദര്‍ശകരില്‍ നല്ലൊരു ശതമാനം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഇസ്‌ലാമിക സ്ഥാപനങ്ങളുടെ പ്രതിനിധികളായിരിക്കും. തങ്ങളുടെ സ്ഥാപനങ്ങളെ അദ്ദേഹത്തെക്കൊണ്ട്‌ പുറംലോകത്തിന്‌ പരിചയപ്പെടുത്തലാണിവരുടെ ലക്ഷ്യം. പണ്ഡിതര്‍, ഭരണാധികാരികള്‍, ഗവണ്‍മെന്റ്‌ ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, പത്രപ്രവര്‍ത്തകര്‍, വിദേശ പ്രതിനിധികള്‍, വിദ്യാര്‍ഥികള്‍, പട്ടിണിപ്പാവങ്ങള്‍ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവരൊക്കെ നദ്‌വി സാഹിബിന്റെ സന്ദര്‍ശകരിലുണ്ടാവും. 
സുകൃതങ്ങളും ഗൗരവമേറിയ ചിന്തകളും പൂര്‍ണഭക്തിയും നിറഞ്ഞതായിരുന്നു നദ്‌വി സാഹിബിന്റെ ദൈനംദിന ജീവിതം. `നിന്റെ നാവ്‌ എപ്പോഴും ദിക്‌റിന്റെ നനവിലായിരിക്കട്ടെ' എന്ന നബി(സ)യുടെ ഉപദേശം ജീവിതത്തില്‍ പാലിച്ച മൗലാനയെ ഏത്‌ സമയവും ദിക്‌റില്‍ മുഴുകിയ നിലയിലായിരുന്നു കാണപ്പെടാറുണ്ടായിരുന്നത്‌. സ്വുബ്‌ഹിന്റെ ഒരു മണിക്കൂര്‍ മുമ്പ്‌ ഉണരും. അംഗശുദ്ധി വരുത്തി തഹജ്ജൂദ്‌ നമസ്‌കരിക്കും. സ്വുബ്‌ഹ്‌ നമസ്‌കാരാനന്തരം ഒരു ജുസ്‌ഇല്‍ കുറയാതെ ഖുര്‍ആന്‍ പാരായണം ചെയ്യും. ഒരു ജുസ്‌അ്‌ പാരായണത്തിന്ന്‌ ആരോഗ്യനില അനുവദിക്കാതിരുന്നാല്‍ നിസാറുല്‍ ഹഖ്‌ നദ്‌വിയെക്കൊണ്ടോ മറ്റോ ഒരു ജുസ്‌അ്‌ ഖുര്‍ആന്‍ തന്റെ സവിധത്തില്‍ ഓതിക്കുകയും അത്‌ സശ്രദ്ധം ശ്രവിക്കുകയും ചെയ്യും. ശേഷം അല്‌പദൂരത്തെ നടത്തം. പിന്നീട്‌ പ്രാതല്‍ കഴിച്ച്‌ കത്തുകള്‍ക്ക്‌ മറുപടി എഴുതും. ഏത്‌ ചെറിയവന്റെയും കത്തുകള്‍ക്ക്‌ ആ വലിയ മനുഷ്യന്‍ മറുപടി എഴുതാറുണ്ടായിരുന്നു. പിന്നീട്‌ പുസ്‌തകരചന, പ്രബന്ധമെഴുത്ത്‌ തുടങ്ങിയവയായിരിക്കും.
ളുഹ്‌റ്‌ നമസ്‌കാരാനന്തരം ഉച്ചയുറക്കം. പിന്നെ, അസ്വ്‌ര്‍ വരെ പുസ്‌തകവായന, ദിനപത്രങ്ങള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ എന്നിവയുടെ വായനക്കും സമയം കണ്ടെത്തുന്നു. അസ്വ്‌ര്‍ നമസ്‌കാരാനന്തരം വിശിഷ്‌ടാതിഥികള്‍ക്കു വേണ്ടിയുള്ള മജ്‌ലിസായിരിക്കും. മത, രാഷ്‌ട്രീയ, സാമൂഹിക പ്രവര്‍ത്തകരായിരിക്കും ഈ മജ്‌ലിസിലെ സന്ദര്‍ശകര്‍. നദ്‌വയിലെ പ്രധാന ഉസ്‌താദുമാരെല്ലാം വേദിയില്‍ സന്നിഹിതരായിരിക്കും. ആനുകാലിക സംഭവവികാസങ്ങളെ സംബന്ധിച്ചും മറ്റും ചോദ്യങ്ങളുയരുകയും അദ്ദേഹം മറുപടി പറയുകയും പതിവാണ്‌.
ഇശാ നമസ്‌കാരാനന്തരം വീണ്ടും മജ്‌ലിസുണ്ടാവും. നദ്‌വ യൂണിവേഴ്‌സിറ്റിയിലെ മുതിര്‍ന്ന വിദ്യാര്‍ഥികളായിരിക്കും കൂടുതല്‍. മൗലാനമാരും ഖാദിമുമാരുമുണ്ടാകും. വിവിധ വിഷയങ്ങള്‍ ചോദിക്കപ്പെടുന്നതും ഉത്തരം കൊടുക്കുന്നതും സദസ്സില്‍ കാണാം. രാത്രി പതിനൊന്നു മണിയോടെ വിശ്രമമാരംഭിക്കും.
1961 ഫെബ്രുവരി 5-ന്‌ കോഴിക്കോട്ട്‌ നടന്ന കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്യാനുള്ള ക്ഷണം സ്വീകരിച്ചാണ്‌ അദ്ദേഹം ആദ്യമായി കേരളം സന്ദര്‍ശിക്കുന്നത്‌. പിന്നീട്‌ പല തവണ കേരളം സന്ദര്‍ശിച്ചു. 1985-ലെ ശാബാനു കേസ്‌ സംബന്ധമായ സുപ്രീംകോടതിയുടെ ശരീഅത്ത്‌ വിരുദ്ധ വിധിക്കും രാജ്യത്ത്‌ ഏക സിവില്‍ കോഡ്‌ നടപ്പാക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ നീക്കങ്ങള്‍ക്കുമെതിരായി മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്‌ രാജ്യവ്യാപകമായി സംഘടിപ്പിച്ച ശരീഅത്ത്‌ കാമ്പയിന്റെ ഭാഗമായും, ഫീ ളിലാലില്‍ ഖുര്‍ആന്‍ എന്ന സയ്യിദ്‌ ഖുത്വ്‌ബിന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ മലയാള പരിഭാഷയുടെ പ്രകാശനത്തിനും അദ്ദേഹം കേരളം സന്ദര്‍ശിക്കുകയുണ്ടായി.
ദേശീയ-അന്തര്‍ദേശീയ, പാരത്രിക വിഷയങ്ങളെല്ലാം ചര്‍ച്ചയില്‍ വരുന്ന മൗലാനയുടെ മജ്‌ലിസില്‍ ചിലപ്പോഴൊക്കെ കേരളം ചര്‍ച്ചക്ക്‌ കടന്നുവരാറുണ്ട്‌. ഈ ലേഖകന്റെ സാന്നിധ്യത്തില്‍ ഒരു ദിവസം കേരളം ചര്‍ച്ചക്ക്‌ വന്നപ്പോള്‍ മൗലാന പുഞ്ചിരിച്ചുകൊണ്ട്‌ കേരളത്തെ സംബന്ധിച്ച്‌ ഒരു ഫലിതം പറഞ്ഞു: `കേരളീയരില്‍ ഒരത്ഭുതം ദര്‍ശിക്കാം, അവര്‍ ചായ തണുപ്പിച്ചും വെള്ളം ചൂടാക്കിയുമാണ്‌ കുടിക്കുക.' ആ ഫലിതം മൗലാനമാരെല്ലാം നന്നായി ആസ്വദിക്കുന്നതായി കണ്ടു. 
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദിനം (1999 ഡിസംബര്‍ 31-ന്‌) ഹിജ്‌റ 1420 റമദാന്‍ 22-ന്‌ വിശുദ്ധ മാസത്തിലെ ഒടുവിലത്തെ വെള്ളിയാഴ്‌ച അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. ശൈഖിന്റെ വിയോഗത്തിന്‌ ശേഷം ഡോ. യൂസുഫുല്‍ ഖറദാവി, അശ്ശര്‍ഖുല്‍ ഔസത്വ്‌ എന്ന അറബി പത്രത്തില്‍ എഴുതിയ അനുസ്‌മരണ ലേഖനത്തിന്റെ ശീര്‍ഷകം `റബ്ബാനിയ്യത്തുല്‍ ഉമ്മ: വദാഇയത്തുല്‍ ഇസ്‌ലാം അല്‍ അല്ലാമാ അബുല്‍ ഹസന്‍ അലി നദ്‌വി ഫീദിമ്മതല്ലാഹ്‌' (സമുദായത്തിന്റെ ഇമാമും ഇസ്‌ലാമിന്റെ മഹാപ്രബോധകനുമായ അല്ലാമാ അബുല്‍ഹസന്‍ അലി നദ്‌വി അല്ലാഹുവിന്റെ സംരക്ഷണത്തിലെത്തി) എന്നായിരുന്നു. മൗലാനയുടെ വിയോഗത്തെ ഇസ്‌ലാമിക ലോകത്തിന്റെ മൊത്തം നഷ്‌ടമായാണ്‌ മുസ്‌ലിം ലോക നേതാക്കളെല്ലാം എണ്ണിയത്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: