ഐ ബി ഒരു വിശുദ്ധ പശുവാണോ?
എസ് ആര്‍ ദാരാപുരി ഐ പി എസ്
ഇന്റലിജന്‍സ് ബ്യൂറോയെക്കുറിച്ച വാര്‍ത്തകള്‍ക്ക് ഇപ്പോള്‍ പ്രാധാന്യമേറി വരികയാണ്. ഇസ്രത്ത് ജഹാന്‍ എന്ന പെണ്‍കുട്ടിയെ ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍ ഐ ബിയുടെ ഗുജറാത്തിലെ സ്‌പെഷ്യല്‍ ഡയറക്‌ടറായ രജീന്ദര്‍ കുമാറിന്റെ പങ്ക് വെളിച്ചത്തുവന്നുകൊണ്ടിരിക്കുന്നു. ഈ കേസന്വേഷിക്കുന്ന സി ബി ഐക്ക് ഗൂഢാലോചനയില്‍ രാജീന്ദര്‍ കുമാറിന്റെ പങ്ക് വെളിപ്പെടുത്തുന്ന വേണ്ടത്ര തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായ നരേന്ദ്രമോഡിയെ വധിക്കാന്‍ വേണ്ടി ഇസ്രത്ത് ജഹാനും പ്രാണേഷ് പിള്ള എന്ന ജാവേദ് ശൈഖും പാകിസ്‌താനികളെന്ന് പറയപ്പെടുന്ന രണ്ടുപേരും കൂടി ഗുജറാത്തിലേക്ക് വരുന്നുണ്ടെന്ന തെറ്റായ വിവരം ഗുജറാത്തിലെ പൊലീസിന് കൈമാറുകയാണ് രജീന്ദര്‍ കുമാര്‍ ചെയ്‌തത്.
നാലുപേരെയും വധിക്കാന്‍ വേണ്ടിയുള്ള ഗൂഢാലോചനയില്‍ പങ്കുചേരുകയും കൊല്ലപ്പെട്ട `ഭീകരന്മാരില്‍' നിന്ന് പിടിച്ചെടുത്തു എന്നവകാശപ്പെട്ട എ കെ-47 യഥാര്‍ഥത്തില്‍ രജീന്ദര്‍ കുമാര്‍ പൊലീസുകാര്‍ക്ക് നല്‌കിയതാണത്രെ. ഏറ്റുമുട്ടല്‍ സംഭവത്തിന് തൊട്ടുടനെ രജീന്ദര്‍ കുമാര്‍ അവിടം സന്ദര്‍ശിക്കുകയും ചെയ്‌തിരുന്നുവത്രെ.
ഈ ഗൂഢാലോചനയില്‍ തനിക്കുള്ള പങ്കുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാനായി സി ബി ഐ രജീന്ദര്‍ കുമാറിനോട് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാവാന്‍ പറഞ്ഞിരിക്കുന്നു. അദ്ദേഹം കുറേ നാള്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. അറസ്റ്റു ചെയ്യപ്പെടുമെന്ന ഭീഷണി ലഭിച്ചപ്പോള്‍ മാത്രമാണ് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായത്. സി ബി ഐ രജീന്ദര്‍ കുമാറിനെ ചോദ്യം ചെയ്യുന്നത് തടയാന്‍ ഐ ബി കഴിയുന്നത്ര ശ്രമിച്ചു. പാകിസ്‌താന്‍ കേന്ദ്രീകൃത ഭീകര സംഘടനയായ ലശ്‌കറെ ത്വയ്‌ബയുടെ അംഗങ്ങളായ ഭീകരന്മാരുടെ വരവിനെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ നല്‌കുക മാത്രമാണ് രജീന്ദര്‍ കുമാര്‍ ചെയ്‌തതെന്നും അവരെ വധിക്കാന്‍ വേണ്ട പ്രചോദനം നല്‌കിയില്ലെന്നുമാണ് ഐ ബിയുടെ വാദം. രജീന്ദര്‍ കുമാര്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ അത് ഭീകരപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് സംസ്ഥാന പൊലീസിന് വിവരങ്ങള്‍ കൈമാറുന്ന ഐ ബി ഉദ്യോഗസ്ഥരുടെ മനോവീര്യം നഷ്‌ടപ്പെടുത്തുമെന്നായിരുന്നു ഐ ബിയുടെ ഡയറക്‌ടര്‍ പറഞ്ഞ ന്യായം.
ഇസ്രത്ത് ജഹാന്‍ ലശ്‌കറെ ത്വയ്‌ബയുമായി സംഭാഷണം നടത്തുന്നതെന്ന് പറയപ്പെടുന്ന, ഒരാധികാരികതയുമില്ലാത്ത ഒരു ഓഡിയോ ടേപ്പ് പ്രക്ഷേപണം ചെയ്യുക എന്ന വൃത്തികെട്ട തന്ത്രവും ഐ ബി പുറത്തെടുത്തു. ബോംബെ ആക്രമണത്തിനു പിന്നിലുള്ള വ്യക്തിയെന്ന് പറയപ്പെടുന്ന ഡേവിഡ് ഹെഡ്‌ലി, ഇസ്രത്ത് ജഹാന്‍ ലശ്‌കറെ ത്വയ്‌ബയില്‍ അംഗമാണെന്ന് പറഞ്ഞുവെന്നും ഐ ബി അവകാശപ്പെടുന്നു. ഗുജറാത്ത് ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ ഇസ്രത്ത് ജഹാന്‍ ലശ്‌കറെ ത്വയ്‌ബയില്‍ അംഗമാണെന്ന പരാമര്‍ശമേ ഇല്ല. രാജീന്ദര്‍ കുമാറിന്റെ ദുഷ്‌കൃത്യങ്ങള്‍ക്ക് മറയിടാനുള്ള ഐ ബിയുടെ തെറ്റായ അവകാശവാദങ്ങളാണ് ഇതെല്ലാമെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.
കൊടിയ ക്രിമിനല്‍ കുറ്റം ചെയ്‌ത ഒരു ഐ ബി ഉദ്യോഗസ്ഥനെ, ദേശീയ സുരക്ഷയുടെ പേര് പറഞ്ഞ് വിചാരണയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് ചോദ്യം ചെയ്യപ്പെടണം. ഐ ബി ഓഫീസര്‍മാരുടെ മനോവീര്യം തകരുമെന്ന `ന്യായ'വും ചോദ്യം ചെയ്യപ്പെടണം. നമ്മുടെ രാജ്യത്തിന്റെ നിയമങ്ങള്‍ എല്ലാവര്‍ക്കും തുല്യമാണ്. രാജ്യത്തിന്റെ നിയമത്തിനതീതനാണോ ഈ ക്രിമിനല്‍ കേസിലകപ്പെട്ട രാജീന്ദര്‍കുമാര്‍. അതിക്രമത്തിലേര്‍പ്പെട്ട രജീന്ദര്‍ കുമാര്‍ അന്വേഷണ വിധേയനാവുകയും വിചാരണ നേരിടുകയും വേണം.
ഐ ബി ഓഫീസര്‍മാരുടെ മനോവീര്യം തകരുമെന്നത് എല്ലാ പോലീസ് ഏജന്‍സികളും പിടിക്കപ്പെടുമ്പോള്‍ പറയാറുള്ള ഒരു ന്യായമാണ്. തങ്ങളുടെ ദുഷ്‌ചെയ്‌തികള്‍ക്ക് അവരുടെ യജമാനന്മാരില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ വേണ്ടിയുള്ള പറച്ചിലാണത്. എന്റെ അഭിപ്രായത്തില്‍ നിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്ന പൊലീസ് ഓഫീസര്‍മാരുടെ ധാര്‍മികബോധം കൂട്ടുകയാണിത് ചെയ്യുക. കൃത്രിമ തെളിവുകളും മറ്റും നിര്‍മിച്ച് തങ്ങളുടെ മേലുദ്യോഗസ്ഥരിലും രാഷ്‌ട്രീയ നേതാക്കളിലും മതിപ്പുണ്ടാക്കുന്നതിലൂടെ കുറ്റവാളികളായ ഓഫീസര്‍മാര്‍ നല്ല പിള്ളമാരായി മാറുകയും നല്ല ഉദ്യോഗസ്ഥര്‍ മോശപ്പെട്ടവരായി അവതരിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രവണത നല്ല ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്നു. ജനങ്ങള്‍ക്കും പോലീസില്‍ വിശ്വാസം നഷ്‌ടപ്പെടുന്നു. ഇന്നു കാണുന്നപോലെ പോലീസിലുള്ള വിശ്വാസ്യത പൂര്‍ണമായും നഷ്‌ടപ്പെടുന്നതിലേക്ക് അത് നയിക്കുന്നു. നീതിപൂര്‍വകമായും പക്ഷഭേദമില്ലാതെയും നിയമങ്ങള്‍ നടപ്പിലാക്കുന്നതിലൂടെയേ പൊലീസിനു മേല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത വീണ്ടെടുക്കാനാവൂ.
ഇസ്രത്ത് ജഹാന്‍ ലശ്‌കറെ ത്വയ്‌ബയുടെ പ്രവര്‍ത്തകയാണെന്ന് അന്തിമമായി തെളിയിക്കുന്ന തെളിവൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. തങ്ങളുടെ ഉദ്യോഗസ്ഥനെ വിചാരണ ചെയ്യപ്പെടുന്നതില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനായി ഐ ബി വിവിധ കഥകള്‍ മെനഞ്ഞുണ്ടാക്കുന്നുവെന്നു മാത്രം. ഇനി അത് യാഥാര്‍ഥ്യമാണെങ്കില്‍ തന്നെ ഇസ്രത്ത് ജഹാനെ വധിക്കാനുള്ള ലൈസന്‍സ് ആണോ അത്? എന്റെ അഭിപ്രായത്തില്‍ അല്ല. മുസ്‌ലിം യുവാക്കള്‍ ഇരകളാക്കപ്പെടുന്നതിന് കാരണം ഐ ബി ഓഫീസര്‍മാരുടെ വര്‍ഗീയ മനസ്സുകളാണ്. മിടുക്കരായ മുസ്‌ലിംയുവാക്കളെ വേട്ടയാടുന്നതില്‍ വര്‍ഗീയ മനസ്‌കരായ രജീന്ദര്‍ കുമാറിനെ പോലുള്ള ഓഫീസര്‍മാര്‍ സംസ്ഥാന പൊലീസുമായി ഒത്തുകളിക്കുന്നു എന്ന ആരോപണം നിലനില്‌ക്കുന്നുണ്ട്. അത്തരം യുവാക്കളെ കണ്ടെത്തി അവര്‍ ലക്ഷ്യമിടുന്നു. മിടുക്കരായ മുസ്‌ലിം യുവാക്കളെക്കുറിച്ച് അവര്‍ തീവ്രവാദഗ്രൂപ്പുകളുമായി ബന്ധമുള്ളവരാണെന്ന, അസത്യം നിറഞ്ഞതും കെട്ടിച്ചമച്ചതുമായ റിപ്പോര്‍ട്ടുകള്‍ നല്‌കി വിവിധ ഭീകരവാദ കേസുകളില്‍ തളച്ചിടുന്നു. ഭീകരവാദ കേസുകളില്‍ പെട്ട് ഒരുപാട് യുവാക്കള്‍ ജയിലുകളില്‍ കഴിയേണ്ടിവരുന്നു എന്നതാണതിന്റെ ഫലം.
ഉത്തര്‍പ്രദേശിലും ഐ ബി ഉദ്യോഗസ്ഥര്‍ ഇത്തരം റോളിലുണ്ട്. വാരാണസി, ലക്‌നൗ, ഫൈസാബാദ് എന്നിവിടങ്ങളില്‍ 2007 ലുണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ ഇന്റലിജന്‍സ് നല്‌കിയ റിപ്പോര്‍ട്ടനുസരിച്ച് തയ്യാറാക്കിയ എഫ് ഐ ആറില്‍ `പ്രതികളെ'ല്ലാം ഹുജിയോ ഇന്ത്യന്‍ മുജാഹിദിനോ ആയി ബന്ധമുള്ളവരാണെന്നു പറയുന്നുണ്ട്. ഫൈസാബാദ്, ലക്‌നൗ, സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്യപ്പെട്ട താരിഖും ഖാലിദും തെറ്റായി അറസ്റ്റു ചെയ്യപ്പെട്ടവരാണെന്ന് നിമേഷ് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.
പത്രപ്രവര്‍ത്തകനായ ആഷിഷ് ഖേതാന്‍ അലഹബാദ് ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍, നിരപരാധികളായ മുസ്‌ലിം യുവാക്കള്‍ അറസ്റ്റുചെയ്യപ്പെട്ട ഏഴ് ഭീകരവാദക്കേസുകള്‍ വീണ്ടും അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ മൂന്നു കേസുകളിലും അറസ്റ്റ് നടന്നത് ഐ ബി നല്‍കിയ റിപ്പോര്‍ട്ടനുസരിച്ചായിരുന്നു. ഇന്ത്യന്‍ മുജാഹിദീനിലുള്ളവരാണെന്നു പറഞ്ഞ് പിന്നീട് അറസ്റ്റുചെയ്യപ്പെട്ടവരെ ചോദ്യം ചെയ്‌തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ഖേതാന്‍ പുറത്തുവിട്ടിട്ടുണ്ട്. ഹുജിയിലുള്ളവരാണെന്നു പറഞ്ഞു നിരപരാധികളായ ഏതാനും യുവാക്കളെ ഇതേ കേസില്‍ പോലീസ് മുമ്പ് അറസ്റ്റു ചെയ്‌തിരുന്നു. എന്നാല്‍ ഈ യാഥാര്‍ഥ്യം കോടതിയില്‍ വെളിപ്പെടുത്തിയിട്ടില്ല. പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെടുന്ന ഖേതാന്റെ പരാതി ഹൈക്കോടതി സ്വീകരിക്കുകയും അന്വേഷണം നടക്കുകയും ചെയ്‌താല്‍, ഐബിയുടെയും യു പി പോലീസിന്റെയും എല്ലാ കള്ളക്കഥകളും വെളിച്ചത്തുവരും.
നമുക്കറിയാവുന്നതു പോലെ വളരെ സംശയാസ്‌പദമായ പങ്കാണ് നമ്മുടെ രാജ്യത്ത് ഐ ബിക്ക് പല കേസുകളിലുമുള്ളത്. പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തരമന്ത്രിയോടും മാത്രം ഉത്തരം നല്‍കാന്‍ ബാധ്യതയുള്ള ഒരു സംഘടനയാണ് ഐ ബി. ഐ ബിയുടെ ഡ്യൂട്ടികളും ഉത്തരവാദിത്തങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. അത്തരം ഒരു സംഘടനയുടെ നിയമസാധുതയെത്തന്നെ ചോദ്യംചെയ്യുന്ന ഒരു പരാതി ഒരു റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ സുപ്രീംകോടതിയില്‍ നല്‍കിയിരുന്നു. ഇപ്പോഴും ആ പരാതി കോടതിയിലാണ്. ഇതുവരെ ഐ ബി വളരെ സന്തോഷപൂര്‍വം പ്രവര്‍ത്തിക്കുകയായിരുന്നു. ഇപ്പോള്‍ ഇസ്രത്ത് ജഹാന്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ, അതിലെ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഡ്യൂട്ടികളെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചും ചോദിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
ഐ ബിയുടെ പ്രധാന ചുമതല രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഭീഷണികളെക്കുറിച്ച് രഹസ്യമായി വിവരങ്ങള്‍ ശേഖരിക്കലാണ്. എന്നാല്‍ അധികാരത്തിലിരിക്കുന്നവര്‍ -ആരായിരുന്നാലും- എതിരാളികളുടെ രഹസ്യങ്ങള്‍ ചോര്‍ത്താനാണ് ഇന്നതിനെ ഉപയോഗിക്കുന്നത്. ഇലക്‌ഷന്‍ മുന്നില്‍ കണ്ടുകൊണ്ട് എതിരാളികളെ തറപറ്റിക്കാന്‍, ഐ ബിയെ ഉപയോഗിച്ച് പലപ്പോഴും ഓപ്പറേഷനുകള്‍ നടത്താറുണ്ട്. അത്തരം ഓപ്പറേഷനുകള്‍ നടത്താനും അതിനുള്ള ഏജന്റുമാരെ നിയമിക്കാനുമായി വളരെയേറെ ഫണ്ട് ഐ ബിക്ക് ലഭിക്കാറുണ്ട്. അങ്ങിനെ ഐ ബി, ഭരിക്കുന്ന ഏമാന്മാരുടെ വിശ്വസ്‌തരായ സേവകരായി പണിയെടുക്കുന്നു. ഭരിക്കുന്ന പാര്‍ട്ടിയുടെ നേട്ടത്തിനായി പൊതുഖജനാവ് ദുരുപയോഗം ചെയ്യുന്നു.
ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെട്ടാല്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുമെന്നും തങ്ങള്‍ രഹസ്യ സംഘടനയാണെന്നുമുള്ള ന്യായം പറഞ്ഞ് ഐ ബി സംരക്ഷണം ആവശ്യപ്പെടുന്നു. നാട്ടിലെ നിയമം എല്ലാവര്‍ക്കും ബാധകമാണ്. നിയമം അതിന്റെ വഴിക്ക് നീങ്ങേണ്ടതുണ്ട്. അതുകൊണ്ടു തന്നെ വിശുദ്ധ പശുവാണ് തങ്ങളെന്ന ഐ ബിയുടെ വാദം നീതിന്യായ വ്യവസ്ഥയ്‌ക്ക് സ്വീകരിക്കാനാവില്ല. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഫലം കുറ്റവാളികള്‍ തന്നെ അനുഭവിക്കേണ്ടതുണ്ട്. അതോടൊപ്പം പാര്‍ലമെന്റില്‍ ഉത്തരം ബോധിപ്പിക്കേണ്ട നിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു അതോറിറ്റിയുടെ കീഴില്‍ ഐ ബിയുടെ പ്രവര്‍ത്തനം കൊണ്ടുവരേണ്ടത് അനിവാര്യമാണ്.
(കടപ്പാട്: മില്ലിഗസറ്റ്)
വിവ. സിദ്ദീഖ് സി സൈനുദ്ദീന്‍
0 comments: