നദ്‌വി സാഹിബിന്റെ തട്ടകം നദ്‌വിമാരുടെ മാതൃഗേഹം

  • Posted by Sanveer Ittoli
  • at 8:57 AM -
  • 0 comments
നദ്‌വി സാഹിബിന്റെ തട്ടകം നദ്‌വിമാരുടെ മാതൃഗേഹം

  • എം എം നദ്‌വി

നദ്‌വി സാഹിബ്‌ ജീവിതം കഴിച്ചുകൂട്ടിയ നദ്‌വത്തുല്‍ ഉലമ ദാറുല്‍ഉലൂമിന്റെ ചരിത്രവും സവിശേഷതകളും വിശദീകരിക്കുന്നു, അവിടെ വിദ്യാര്‍ഥിയായിരുന്ന ലേഖകന്‍
ഹിജ്‌റവര്‍ഷം 1277ല്‍ കാന്‍പൂരില്‍ സ്ഥാപിക്കപ്പെട്ട `മദ്‌റസ ഫൈസേ ആമി'ന്റെ ഒരു വാര്‍ഷികം 1892-ല്‍ വളരെ വിപുലമായി നടത്തപ്പെട്ടു. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ധാരാളം പണ്ഡിതന്മാരും സമുദായനേതാക്കളും വന്നു. ഹസ്രത്‌ മുഹമ്മദ്‌ ലുത്വ്‌ഫുല്ലാ അലീഗഡീ, മൗലാനാ മുഹമ്മദ്‌ അശ്‌റഫ്‌ ഥാനവീ, മൗലാനാ മുഹമ്മദ്‌ ഖലീല്‍ അഹ്‌മദ്‌ (ദാറുല്‍ഉലൂം ദയൂബന്ദിലെ അന്നത്തെ അസി. പ്രിന്‍സിപ്പല്‍), മൗലാനാ ഥനാഉല്ലാ അമൃതസരി തുടങ്ങിയവര്‍ അവരില്‍ ചിലരാണ്‌. ഒരു മദ്‌റസ വാര്‍ഷികം മാത്രമായിരുന്നില്ല ലക്ഷ്യം. മുസ്‌ലിം സമുദായത്തിന്റെ അന്നത്തെ ശോചനീയാവസ്ഥക്കു പരിഹാരം ആലോചിക്കുക. കൂട്ടായ ചിന്തയില്‍ നിന്നുരുത്തിരിഞ്ഞു വരുന്നത്‌ പ്രാവര്‍ത്തികമാക്കുക. അങ്ങനെ തങ്ങളാല്‍ കഴിയുന്നതു ചെയ്‌തുകൊണ്ട്‌ സമുദായത്തെ സമുദ്ധരിക്കുകയായിരുന്നു അവരുടെ ഒത്തുകൂടലിന്റെ ഉദ്ദേശ്യം.
ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഒരു സംഘടനയ്‌ക്ക്‌ അന്നവര്‍ രൂപംകൊടുത്തു. `നദ്‌വത്തുല്‍ ഉലമാ' എന്നതിന്‌ നാമകരണവും ചെയ്‌തു. പ്രഥമ സെക്രട്ടറിയായി മൗലാനാ മുഹമ്മദലി മോന്‍ഗേരിയെയും തെരഞ്ഞെടുത്തു. ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ തിണ്ണമിടുക്കില്‍ ഇസ്‌ലാമിനെ ആക്രമിക്കാന്‍ കച്ചകെട്ടിയിറങ്ങിയ പാതിരിമാരെ യുക്തിസഹമായ ഖണ്ഡനത്തിലൂടെ പിടിച്ചുകെട്ടിയ പണ്ഡിതരുടെ കൂട്ടത്തില്‍ പ്രമുഖസ്ഥാനമുള്ള മഹാനായിരുന്നു അദ്ദേഹം. അര്‍പ്പണബോധം, ആത്മാര്‍ഥത, അത്യധ്വാനം, സംഘാടനം, ദീര്‍ഘദൃഷ്‌ടി, പരാദരവ്‌ തുടങ്ങിയ ഗുണങ്ങളാല്‍ അറിയപ്പെട്ട പണ്ഡിതനായിരുന്നു മൗലാനാ മോന്‍ഗേരി. `മദ്‌റസ ഫൈസേ ആമി'ന്റെ അടുത്ത വാര്‍ഷികത്തില്‍ കൂടുതല്‍ നേതാക്കളെയും പണ്ഡിതന്മാരെയും പങ്കെടുപ്പിക്കാനും പ്രത്യേകമായ ക്ഷണക്കത്തിലൂടെയും പത്രങ്ങളിലൂടെയും പൊതുവായ പരസ്യത്തിലൂടെയും `നദ്‌വത്തുല്‍ ഉലമാ'യെന്ന ഈ കോണ്‍ഫറന്‍സിലേക്കു ആളുകളെ ക്ഷണിക്കേണ്ട ബാധ്യത അന്നുകൂടിയ പ്രധാനികളെയും സെക്രട്ടറിയെയും ചുമതലപ്പെടുത്തി.
അങ്ങനെ മൗലാനാ മോന്‍ഗേരിയുടെ പ്രതിനിധി സംഘം ഉത്തരേന്ത്യയിലെ പ്രധാനനഗരങ്ങളിലും സ്ഥാപനങ്ങളിലും ചുറ്റിനടന്നും മറ്റു മാര്‍ഗങ്ങളിലൂടെ ബന്ധപ്പെട്ടും അടുത്ത വാര്‍ഷികത്തിലേക്ക്‌ അനവധി വ്യക്തിത്വങ്ങള്‍ക്ക്‌ ക്ഷണം നല്‍കി. വരാന്‍ പോകുന്ന സമ്മേളനമായിരിക്കും നദ്‌വത്തുല്‍ ഉലമക്ക്‌ പൂര്‍ണമായി രൂപം നല്‍കുന്നതും ഔദ്യോഗികമായ പ്രഖ്യാപനം നടത്തുന്നതുമെന്ന്‌ സംഘാടകര്‍ അറിയിച്ചു. തദടിസ്ഥാനത്തില്‍ 1894 ഏപ്രില്‍ 22-24 (ഹി.1311 ശവ്വാല്‍ 15,16,17) തിയതികളില്‍ കാന്‍പൂരിലെ `മദ്‌റസ ഫൈസേ ആമി'ന്റെ വിശാലമായ അങ്കണത്തില്‍ വിപുലമായ സമ്മേളനം നടന്നു. അടുത്ത സമ്മേളനം മദ്‌റസ വാര്‍ഷികം ഒഴിവാക്കി നദ്‌വത്തുല്‍ ഉലമയുടെ സ്വന്തം ബാനറില്‍ ലക്‌നോയിലെ കൈസര്‍ബാഗില്‍ വെച്ച്‌ 1895 ഏപ്രില്‍ 12-14 തിയതികളില്‍ നടന്നു. മൂന്നാംസമ്മേളനം കഴിഞ്ഞ സമ്മേളനങ്ങളെക്കാളെല്ലാം വിപുലമായി ഉത്തര്‍പ്രദേശിലെ റായ്‌ബറേലിയില്‍ 1898-ല്‍ (ഹി.1313 ശവ്വാല്‍ 26-28) നടന്നു.
പിന്നീട്‌ തുടര്‍ച്ചയായി ഓരോ വര്‍ഷവും രണ്ടും മൂന്നും വര്‍ഷം ഇടവിട്ടും 22ഓളം സമ്മേളനങ്ങള്‍ ഇന്ത്യയുടെ വിവിധ നഗരങ്ങളില്‍ സംഘടിപ്പിക്കപ്പെട്ടു. മീററ്റ്‌, ശാജഹാന്‍പൂര്‍, അസീമാബാദ്‌, പാട്‌ന, കല്‍ക്കത്ത, അമൃതസര്‍, മദ്രാസ്‌, ബനാറസ്‌, ലക്‌നോ, പൂനെ, നാഗ്‌പൂര്‍, ബല്‍ഗാം, അമ്പാല തുടങ്ങിയ നഗരങ്ങളെല്ലാം നദ്‌വത്തുല്‍ ഉലമയുടെ മഹാസമ്മേളനങ്ങള്‍ക്ക്‌ സാക്ഷിയായി. ചില സ്ഥലങ്ങളില്‍ രണ്ടും മൂന്നും പ്രാവശ്യം ആവര്‍ത്തിക്കപ്പെട്ടു.
1892-ല്‍ കാന്‍പൂര്‍ മുതല്‍ 1927-ല്‍ അമൃതസര്‍ വരെ നടന്ന സമ്മേളനങ്ങള്‍ നദ്‌വത്തുല്‍ ഉലമയുടെ വളര്‍ച്ചയ്‌ക്കും ലക്ഷ്യസഫലീകരണത്തിനും വളരെ സഹായിച്ചു. ഓരോ സമ്മേളനങ്ങളിലും സുപ്രധാനമായ തീരുമാനങ്ങള്‍ കൈക്കൊണ്ടു. സ്വദേശത്തും വിദേശത്തുമുള്ള നിരവധി മഹദ്‌വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. അവരില്‍നിന്നെല്ലാം ക്രിയാത്മക നിര്‍ദേശങ്ങളും ബന്ധങ്ങളും സംഘടനക്കുണ്ടായി. ഈ മുപ്പത്തഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ മത-രാഷ്‌ട്രീയ-സാംസ്‌കാരിക രംഗത്തുള്ളവര്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഈ നാളുകള്‍ ഇന്ത്യയിലെ ഭരണ-രാഷ്‌ട്രീയ-മതരംഗങ്ങള്‍ എങ്ങനെയായിരിന്നു എന്ന്‌ മനസ്സിലാക്കുമ്പോള്‍ മാത്രമാണ്‌ നദ്‌വത്തുല്‍ ഉലമയുടെ പ്രവര്‍ത്തനത്തിന്റെ പ്രസക്തിയും ബാഹുല്യവും നമുക്ക്‌ വിലയിരുത്താന്‍ കഴിയുകയുള്ളൂ.
ബ്രിട്ടീഷ്‌ കൊളോണിയലിസം അതിന്റെ പൂര്‍ണമായ രൗദ്രവേഷത്തില്‍ ഭരണരംഗത്ത്‌ നൃത്തംചവിട്ടുന്നു. ഇന്ത്യയിലെ ജനകോടികള്‍ അടിമകളെപ്പോലെ ചൂഷണവിധേയരും വ്രണിതഹൃദയരുമായി ജീവിക്കുന്നു. സ്വാതന്ത്ര്യത്തിന്നായി രാഷ്‌ട്രീയ നേതാക്കളും ഭൂരിഭാഗം മതപണ്ഡിതരും പടവെട്ടുന്നു. സ്വാതന്ത്ര്യദാഹികളായവരെല്ലാം രണാങ്കണത്തിലുണ്ട്‌. ഇന്ത്യന്‍ ജനതയുടെ ഐക്യപ്പെടലിനെ തകര്‍ത്ത്‌ ഭിന്നിപ്പിച്ചു ഭരിക്കാന്‍ ബ്രിട്ടീഷുകാര്‍ എല്ലാ കുതന്ത്രവും നടപ്പാക്കുന്നു. മുസ്‌ലിംകള്‍ അതിന്റെ ഇരകളാകുന്നതില്‍നിന്നും രക്ഷിക്കാന്‍ സമുദായസ്‌നേഹികളെല്ലാം അത്യധ്വാനം ചെയ്യുന്നു. നദ്‌വത്തുല്‍ ഉലമായുടെ പ്രവര്‍ത്തനം തുടങ്ങുന്ന കാലത്തെ മുസ്‌ലിം സമൂഹത്തിന്റെ അവസ്ഥ സയ്യിദ്‌ സുലൈമാന്‍ നദ്‌വി വിവരിക്കുന്നു:
``പുതിയ സങ്കീര്‍ണമായ സംഭവങ്ങളുടെയും നാനാതരം വിപ്ലവങ്ങളുടെയും കൊടുങ്കാറ്റ്‌ രാജ്യത്തെങ്ങും അടിച്ചുവീശുകയാണ്‌. ചുറ്റുപാടുകളെക്കുറിച്ചു ബോധമുള്ള എല്ലാ മുസ്‌ലിംകളുടെയും ഹൃദയം അസ്വസ്ഥമാണ്‌. ഇസ്‌ലാമിക പാഠശാലകളുടെ ശൃംഖല അറ്റുപോയിക്കൊണ്ടിരിക്കുന്നു. ഇംഗ്ലീഷ്‌ സ്‌കൂളുകളിലേക്കും കോളെജുകളിലേക്കും മാത്രമാണ്‌ മുസ്‌ലിം കുട്ടികളുടെ പ്രവാഹം. അധികാരത്തിന്റെ തണലില്‍ ക്രൈസ്‌തവ പാതിരികള്‍ രാജ്യത്തെങ്ങും പടയോട്ടം നടത്തുന്നു. അവരുടെ മിഷനറി പ്രവര്‍ത്തനങ്ങള്‍ എല്ലായിടത്തും ശക്തമായ വലകള്‍ സ്ഥാപിച്ചിരിക്കുകയാണ്‌. നോട്ടീസ്‌-ലഘുലേഖാ വിതരണയുദ്ധം ഒരു ഭാഗത്ത്‌. അനാഥ-അഗതി മന്ദിരങ്ങളും വിദ്യാലയ-ആതുരാലയ സേവനങ്ങള്‍ മറുഭാഗത്തും. സദാ ക്രൈസ്‌തവ-മുസ്‌ലിം വാദപ്രതിവാദ കോലാഹലങ്ങള്‍. നവംനവങ്ങളായ പാശ്ചാത്യ ചിന്തകള്‍ കൂലംകുത്തിയൊഴുകുന്നു. ഇതിന്റെയൊന്നും പരിണതിയെക്കുറിച്ച്‌ ബോധമില്ലാത്ത സാധാരണ മുസ്‌ലിം പണ്ഡിതന്മാര്‍ എന്തൊക്കെയോ പഠിച്ചും ചിലതൊക്കെ പഠിപ്പിച്ചും ജീവിതം തള്ളിനീക്കുന്നു.
കുറച്ചൊക്കെ കാര്യവിവരങ്ങള്‍ ആഴത്തിലുള്ള പണ്ഡിതന്മാര്‍ ഏതെങ്കിലും വിഷയങ്ങളില്‍ ബഹളമയമായ തര്‍ക്കവിതര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും നടത്തി കാലം കഴിക്കുന്നു. ചിലപ്പോഴെല്ലാം അത്‌ അടിപിടി, കത്തിക്കുത്ത്‌, കൊലപാതകം വരെ എത്തുന്നു. പള്ളികള്‍പോലും പോര്‍ക്കളമായിട്ടുണ്ട്‌. പരസ്‌പരം `ഫാസിഖും' `കാഫിറു'മാക്കി മുദ്രകുത്തുന്നു. മതപാഠശാലകളൊന്നും പഴഞ്ചന്‍ പഠനസമ്പ്രദായത്തില്‍ നിന്ന്‌ മാറാന്‍ ആക്കമില്ല. യുഗപ്പകര്‍ച്ചകളെ മനസ്സിലാക്കി പ്രബോധന ദൗത്യം നിര്‍വഹിക്കുന്ന യുഗപുരുഷന്മാരെ പുറത്തുവിടാന്‍ അവയ്‌ക്ക്‌ കഴിയുന്നില്ല. കാലഘട്ടത്തിന്റെ ഭാഷയില്‍ പുതിയ വെല്ലുവിളികളെ നേരിടാന്‍ പറ്റുന്ന കെല്‌പുറ്റ പണ്ഡിതന്മാരെക്കുറിച്ച്‌ ചിന്തിക്കാന്‍ പോലും ആ മദ്‌റസകള്‍ക്ക്‌ കഴിയുമായിരുന്നില്ല.''
തങ്ങളുടെ അധികാരം നിലനിന്നുപോകാന്‍ മുസ്‌ലിം സമൂഹത്തില്‍ നിരക്ഷരതയും ധര്‍മച്യുതിയും മതനിരാസവും അന്തച്ഛിദ്രതയും നിലനില്‌ക്കല്‍ ആവശ്യമാണെന്ന്‌ ഇംഗ്ലീഷുകാര്‍ മനസ്സിലാക്കി. അപ്പോള്‍ നിരക്ഷരതയെ ഭയന്ന്‌ വിദ്യാലയത്തിലെത്തുന്ന മക്കളില്‍ ധര്‍മച്യുതിയും മതനിരാസവും കുത്തിവെക്കുക; ധാര്‍മിക മൂല്യങ്ങളെ മുറുകെപിടിച്ച്‌ മതചിട്ടയോടെ ജീവിക്കുന്നവരില്‍ നിരക്ഷരതയും അന്തച്ഛിദ്രതയുമുണ്ടാക്കുക. ഒരു വിഭാഗം പഴമയുടെയും മറുവിഭാഗം പുതുമയുടെയും വക്താക്കളായി വേര്‍തിരിഞ്ഞ്‌ സംഘട്ടനം നടത്തല്‍ അവരുടെ ആവശ്യമായിരുന്നു. ഈ രീതിയില്‍ അധപ്പതിച്ച ഒരു സമൂഹത്തിന്റെ ചിത്രം മഹാകവിയായിരുന്ന അക്‌ബര്‍ ഹുസൈന്‍ ഇലാഹാബാദി സരസമായ തന്റെ ഭാഷയില്‍ രണ്ട്‌ വരികളിലായി വരച്ചുകാണിക്കുന്നു.
റഖീബോ നോ റിപ്പട്ട്‌ ലിഖ്‌വായീഹെ ജാജാകെ ഥാനേമേന്‍ കി അക്‌ബര്‍ നാമ്‌ ലേതാഹെ ഖുദാകാ ഇസ സമാനേമേന്‍
``(ഗവണ്‍മെന്റ്‌ ഇത്രയൊക്കെ പണിപ്പെട്ട്‌ നിരീശ്വര-നിര്‍മത വാദം പ്രചരിപ്പിച്ചിട്ടും) `അക്‌ബര്‍' സ്വകാര്യമായി ഇക്കാലത്തും അല്ലാഹുവിന്റെ നാമം ജപിക്കുന്നുണ്ടെന്ന കാര്യത്തെക്കുറിച്ച്‌ മേലധികാരികള്‍ക്ക്‌ വിവരംകെട്ട രഹസ്യാന്വേഷണ വിഭാഗം പോലീസുകാരെക്കൊണ്ട്‌ റിപ്പോര്‍ട്ടെഴുതിപ്പിച്ചു.''
ഭൗതിക വിദ്യ ഏതൊരു വ്യക്തിയുടെയും സമൂഹത്തിന്റെയും അടിസ്ഥാനാവശ്യവും അവരുടെ നിലനില്‌പിന്റെ ഒന്നാമത്തെ ഘടകവുമാണെന്നിരിക്കെ അതിനുവേണ്ടി സ്ഥാപിക്കപ്പെടുന്ന പാഠശാലകളിലെത്തുന്ന വിദ്യാര്‍ഥികളില്‍ മതനിരാസം സൃഷ്‌ടിച്ച്‌ അവരില്‍ മൂല്യച്യുതി വളര്‍ത്തിക്കൊണ്ടുവന്ന്‌ ഭാവിയില്‍ അവരെത്തന്നെ അവരുടെ സാംസ്‌കാരിക പൈതൃകത്തെ വെട്ടിപ്പൊളിക്കുന്ന കോടാലികളാക്കി മാറ്റാമെന്ന ഗൂഢോദ്ദേശ്യം ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ കരിക്കുലത്തിലുണ്ടെന്ന യാഥാര്‍ഥ്യം ഇവിടുത്തെ പണ്ഡിതന്മാരേക്കാളേറെ മനസ്സിലാക്കിയ ബുദ്ധിശാലിയായിരുന്നു മഹാകവി അക്‌ബര്‍ ഹുസൈന്‍ ഇലാഹാബാദി.
യുവതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ സര്‍വകലാശാലകളുടെ പങ്ക്‌ എന്ന തന്റെ കൃതിയില്‍ അബുല്‍ഹസന്‍ അലി നദ്‌വി ഇക്കാര്യം എഴുതുന്നത്‌ നമുക്ക്‌ വായിക്കാം: ``ഇംഗ്ലീഷുകാര്‍ ഇവിടെ വന്നു. അവര്‍ ആസൂത്രിതമായ വിദ്യാഭ്യാസ പദ്ധതിയിലൂടെ നമ്മുടെ സാംസ്‌കാരിക പൈതൃകം ഹനിച്ചുകളഞ്ഞു. വിശ്വാസ ദൗര്‍ബല്യവും ആചാര വൈകല്യവും സൃഷ്‌ടിച്ചു. ഇന്ത്യയിലെ ഒരു വലിയ യൂനിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്ന നഗരമാണ്‌ ഇലാഹാബാദ്‌. അതില്‍ നിന്ന്‌ ഇംഗ്ലീഷുകാരുടെ പാഠ്യപദ്ധതി പ്രകാരം വിദ്യനേടി പുറത്തുവന്ന യുവാക്കളെ നോക്കി ആ നാട്ടുകാരനായ മഹാകവി അക്‌ബര്‍ ഹുസൈന്‍ ഇലാഹാബാദി പാടിയ രണ്ടുവരികളിതാ.
യൂന്‍ഖതല്‍സേ ബച്ചോന്‍കെ വഃബദ്‌ നാം നഃഹോതാഅഫ്‌സോസ്‌ കീ ഫിര്‍ഔന്‍ കോ കാളെജ്‌ കീ നഃസൂജി
``ഫിര്‍ഔന്‍ ഇസ്‌റാഈല്യരിലെ ആണ്‍ സന്തതികളെ ഇങ്ങനെ അറുകൊല ചെയ്‌തു ദുഷ്‌പേര്‌ വരുത്തേണ്ടതില്ലായിരുന്നു കഷ്‌ടം! ആ മനുഷ്യന്‌ ബ്രിട്ടീഷുകാരന്‍ ഇന്ത്യയില്‍ സ്ഥാപിച്ച കോളെജുകളുക്കുറിച്ച്‌ ആരും പറഞ്ഞുകൊടുക്കാനുണ്ടായിരുന്നില്ല.''
ഈ വരികളിലൂടെ കവി തന്റെ സരസമായ ശൈലിയില്‍ ഫറോവാ ചക്രവര്‍ത്തി ഇസ്‌റാഈല്യരെ വകവരുത്താന്‍ കൈക്കൊണ്ട നടപടികള്‍ ഭോഷത്തരവും സഹതാപാര്‍ഹവുമായിപ്പോയി എന്ന്‌ പരിഹസിക്കുന്നു. അല്‌പമെങ്കിലും പ്രായോഗിക ബുദ്ധി ഫിര്‍ഔന്‍ പ്രകടിപ്പിച്ചിരുന്നെങ്കില്‍ ഇത്രയധികം ക്രൂരനും പാതകിയുമായി താന്‍ ചരിത്രത്തില്‍ വിശേഷിപ്പിക്കപ്പെടുമായിരുന്നില്ല. ഇസ്‌റാഈല്‍ സന്തതികളെ നിഷ്‌കരുണമായി അറുകൊല ചെയ്‌ത ഘാതകന്‍ എന്ന അപകീര്‍ത്തി പേറേണ്ടിവരികയുമില്ലായിരുന്നു. യുഗങ്ങളിലൂടെ എല്ലാവരാലും ശപിക്കപ്പെട്ട കുപ്രസിദ്ധിക്കര്‍ഹനുമാകുമായിരുന്നില്ല. അവരെ അവര്‍ അറിയാതെ, യാതൊരു പ്രയാസവുമില്ലാതെ, അവരുടെ തന്നെ കരങ്ങളാല്‍ ഉന്‍മൂലനം ചെയ്യാമായിരുന്നു. മാത്രമല്ല, ഫറോവാ ചക്രവര്‍ത്തിക്ക്‌ എന്നും നല്ലവനായി ചരിത്രത്തില്‍ സ്ഥിരപ്രതിഷ്‌ഠ നേടുകയും ചെയ്യാമായിരുന്നു.
എന്തായിരുന്നു ആ പ്രായോഗിക ബുദ്ധി? മറ്റൊന്നുമല്ല. ആ പിഞ്ചു മക്കളെ കൊന്നൊടുക്കാന്‍ ഉപയോഗപ്പെടുത്തിയ സമ്പത്തിന്റെയും ഊര്‍ജത്തിന്റെയും ചെറിയൊരംശം മാത്രം ചെലവുചെയ്‌ത്‌ നൈല്‍നദിയുടെ തീരത്ത്‌ കുറെ കോളെജുകള്‍ സ്ഥാപിച്ചാല്‍ മതിയായിരുന്നു. അതില്‍ പഠിപ്പിക്കാന്‍ ഒരു പാഠ്യപദ്ധതിയും അതിനു പറ്റിയ കുറെ അധ്യാപകരുമുണ്ടായാല്‍ പോരേ? വളരെ ലളിതവും ആക്ഷേപരഹിതവുമായ മാര്‍ഗം! ആ കലാശാലകളില്‍ നടപ്പാക്കുന്ന കേവലചരിത്രപഠനത്തിലൂടെ മാത്രം ഇസ്‌റാഈല്‍ ജനതയുടെ മനസ്ഥിതി മാറ്റാമായിരുന്നു.
അതെ, അവിടെ പഠിപ്പിക്കപ്പെടും. ഫറോവ ചക്രവര്‍ത്തിമാരാണ്‌ ഈജിപ്‌തിനെ രക്ഷിച്ചത്‌; മനുഷ്യചരിത്രത്തില്‍ ഏറ്റവും വലിയ നാഗരികതയുടെ ഉടമകളായിരുന്നു അവര്‍. അതുപോലെ ഭൂമിശാസ്‌ത്രവും അവിടെ പഠിപ്പിക്കപ്പെടും. സകല രാജ്യത്തേക്കാള്‍ ശ്രേഷ്‌ഠമായ രാജ്യമാണ്‌ ഈജിപ്‌ത്‌; ഫറോവ ചക്രവര്‍ത്തിമാരുടെ കരങ്ങളാല്‍ അവിടെ പ്രതാപവും ഐശ്വര്യവും കളിയാടിയിരുന്നു.... ഇങ്ങനെ ഓരോന്നും പഠിപ്പിക്കപ്പെടും. അതിന്റെയെല്ലാം ക്രെഡിറ്റ്‌ ഫറോവമാരിലെത്തും. കൂടാതെ, രാജ്യങ്ങളുടെ ചരിത്രം, മനശ്ശാസ്‌ത്രം, ധര്‍മശാസ്‌ത്രം തുടങ്ങിയ വിവിധ ശാസ്‌ത്രശാഖകളും പഠിപ്പിക്കും. അതിലൂടെ ഇസ്‌റാഈല്‍ യുവാക്കളുടെ ബൗദ്ധിക വ്യാപാരം അവരറിയാതെ തന്നെ അവര്‍ക്കെതിരില്‍ തിരിച്ചുവിടാമായിരുന്നു. ആ യുവാക്കളുടെ ചിന്താശക്തിയും ഊര്‍ജവും ഉപയോഗപ്പെടുത്തി ഫറോവക്ക്‌ സല്‍പ്പേരുണ്ടാക്കാമായിരുന്നു. പക്ഷേ, പാവം ഫറോവ ഇതൊന്നും ഗ്രഹിക്കാതെ തന്റെ ആധിപത്യം നിലനിര്‍ത്താന്‍ ബുദ്ധിശൂന്യമായ എന്തൊക്കെയോ കാട്ടിക്കൂട്ടി. ഈ കാര്യം ഫറോവക്ക്‌ പറഞ്ഞുകൊടുക്കാനും ആരുമുണ്ടായില്ലല്ലോ എന്നത്‌ അതിനെക്കാള്‍ കഷ്‌ടമായിപ്പോയി. വളരെ ലളിതമായ ഈ മാര്‍ഗം ആരെങ്കിലും പറഞ്ഞുകൊടുത്തിരുന്നുവെങ്കില്‍ ഘാതകന്‍, അക്രമി, രക്തരക്ഷസ്സ്‌ തുടങ്ങിയ വിശേഷണത്തിനു പകരം ആദര്‍ശധീരന്‍, പരോപകാരി, മാതൃകാമന്നന്‍ എന്നൊക്കെ ഭാവിചരിത്രത്തില്‍ വാഴ്‌ത്തപ്പെടുകയും ചെയ്യുമായിരുന്നു''
ചുരുക്കത്തില്‍ നദ്‌വത്തുല്‍ ഉലമായുടെ രൂപീകരണ പശ്ചാത്തലം 2013ല്‍ നിന്ന്‌ 121 വര്‍ഷം പിന്നിലാണ്‌. അന്നത്തെ മതപാഠശാലകളിലെ പാഠ്യപദ്ധതി ഒരു ഖൈറു ഉമ്മത്തിന്‌ പറ്റിയതല്ലെന്ന യാഥാര്‍ഥ്യം നദ്‌വത്തുല്‍ ഉലമ മനസ്സിലാക്കി; അതുപോലെ തന്നെ ഗവണ്‍മെന്റിന്റെ രൂപകല്‌പന ചെയ്‌ത പാഠ്യപദ്ധതിയും. ഒന്നാമത്തേതില്‍ ദുന്‍യാവിലെ നന്മ നഷ്‌ടപ്പെടുന്നു; രണ്ടാമത്തേതില്‍ ആഖിറത്തിലേതും. ഒരു സത്യവിശ്വാസിയുടെ പ്രവര്‍ത്തനത്തിലും പ്രാര്‍ഥനയിലും ഇത്‌ രണ്ടും വേണമെന്നാണ്‌ ഇസ്‌ലാമിന്റെ കല്‌പന. അതുകൊണ്ട്‌ ഒന്നുകില്‍ വിദ്യാലയാധികൃതര്‍ രണ്ടിനും പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള കരിക്കുലം തയ്യാറാക്കുക. അല്ലെങ്കില്‍ രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്ക്‌ ഓരോ അറിവും അതാതിന്‌ പ്രാമുഖ്യം കൊടുത്തേടത്ത്‌ പോയി പഠിക്കാന്‍ അവസരം കൊടുക്കുക.

ദാറുല്‍ ഉലൂം ജന്മം കൊള്ളുന്നു

നദ്‌വത്തുല്‍ ഉലമ സ്ഥാപിതമായി നാല്‌ വര്‍ഷം കഴിഞ്ഞപ്പോള്‍ 1896-ല്‍ (ഹി.1313) അതിന്റെ മൂന്നാംസമ്മേളനം റായ്‌ബറേലിയില്‍ നടന്നു. ഇന്ത്യയില്‍ മുസ്‌ലിം മാനേജ്‌മെന്റുകള്‍ നടത്തുന്ന വിദ്യാലയങ്ങളിലെ പാഠ്യപദ്ധതിയുടെ കാലിക മാറ്റത്തിനു വേണ്ടിയാണ്‌ നദ്‌വത്തുല്‍ ഉലമ പ്രധാനമായും അന്ന്‌ സംസാരിച്ചത്‌. ഇങ്ങനെ ഒരു സംസാരം അന്നുണ്ടാകാന്‍ പ്രത്യേക കാരണമുണ്ട്‌; അന്ന്‌ ദയൂബന്ദിലെ ദാറുല്‍ഉലൂം നിലവില്‍ വന്ന്‌ 26 വര്‍ഷവും അലീഗഡിലെ എം എ ഒ കോളെജ്‌ നിലവില്‍ വന്നിട്ട്‌ 18 വര്‍ഷവും പിന്നിട്ടിരുന്നു. ഈ രണ്ട്‌ സ്ഥാപനങ്ങളും രണ്ട്‌ ചിന്താധാരയെയാണ്‌ പ്രതിനിധാനം ചെയ്യുന്നതെന്ന ധാരണ മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടാക്കി. അങ്ങനെ അവരുടെ സംസാരത്തിലും അത്‌ പ്രകടമായി. തഹ്‌രീകെ ദയൂബന്ത്‌ (ദയൂബന്തി പ്രസ്ഥാനം) എന്നും തഹ്‌രീകെ അലീഗഡ്‌ എന്നും അത്‌ അറിയപ്പെട്ടു.
ദയൂബന്ത്‌ ഇംഗ്ലീഷിനെതിരാണെന്നും അലീഗഡ്‌ അറബിക്കെതിരാണെന്നുമുള്ള പ്രചാരണത്തിലൂടെയാണിതുണ്ടായത്‌. യഥാര്‍ഥത്തില്‍ ബ്രിട്ടീഷുകാരോടും അവരുടെ സംസ്‌കാരത്തോടുമുള്ള സമീപനത്തില്‍ ദയൂബന്തീ പണ്ഡിതന്മാര്‍ക്കും സര്‍ സയ്യിദ്‌ അഹ്‌മദ്‌ഖാനുമുണ്ടായ അഭിപ്രായവ്യത്യാസമാണ്‌ ഇങ്ങനെ ഒരു വേര്‍തിരിവിനു കാരണം. അതുപോലെ സാമ്പ്രദായിക പഴഞ്ചന്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുകയും അതില്‍ കാലോചിതമായ പുതിയ വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തുകയും ചെയ്യണമെന്ന കാര്യത്തിലും അവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടായി. ഇവിടെ ആരും ആര്‍ക്കും എതിരായിരുന്നില്ല. മറിച്ച്‌, ഓരോ സ്ഥാപനത്തിനും അതിന്റെ ആളുകള്‍ അതിന്‌ കണ്ട പ്രാധാന്യം മാത്രമായിരുന്നു വിഷയം.
ഡല്‍ഹിയില്‍ കോളെജ്‌ പഠനം നടത്തിയപ്പോള്‍ സര്‍ സയ്യിദിന്റെ പ്രധാനാധ്യാപകന്‍ മൗലാനാ മംലൂക്‌ അലിയായിരുന്നു. ദയൂബന്ത്‌ ദാറുല്‍ ഉലൂമിന്റെ സ്ഥാപകന്‍ മുഹമ്മദ്‌ ഖാസിം നാനൂതവിയുടെയും ഗുരുനാഥന്‍ ഇദ്ദേഹം തന്നെ. ഒരേ ഉറവിടത്തില്‍ നിന്ന്‌ പൊട്ടിപ്രവഹിച്ച രണ്ട്‌ ജലധാരയാണ്‌ ദയൂബന്തി-അലീഗറീ പ്രസ്ഥാനങ്ങള്‍. ആരോ പറഞ്ഞതെത്ര ശരി: ഡല്‍ഹിയിലെ മംലൂക്കലിയുടെ കോളെജുകളിലെ അറബി ഓഹരി മൗലാനാ മുഹമ്മദ്‌ ഖാസിം നാനൂതവി ദയൂബന്തിലേക്കും ഇംഗ്ലീഷ്‌ ഓഹരി സര്‍സയ്യിദ്‌ അലിഗഡിലേക്കും കൊണ്ടുപോയി!
ഇവിടെ ഓരോരുത്തരും ഓരോ ഓഹരി എടുക്കുകയും അതിന്‌ പ്രാമുഖ്യം നല്‍കുകയും ചെയ്‌തതിന്‌ പ്രത്യേക കാരണങ്ങളുണ്ടായി. ചെങ്കോട്ടയുടെ അകത്തേക്ക്‌ ബ്രിട്ടീഷുകാരന്‍ കടന്നുവരുന്നതും മുഗള്‍ സുല്‍ത്താന്‍ അവിടെനിന്ന്‌ പറത്തുപോകുന്നതും 1857-ലെ സ്വാതന്ത്ര്യസമരം പരാജയപ്പെടുന്നതും സര്‍ സയ്യിദ്‌ സ്വന്തം കണ്ണുകൊണ്ട്‌ കാണുന്നു. അന്നുവരെ ഔന്നത്യത്തിലും പ്രൗഢിയിലും വിരാജിച്ച മുസ്‌ലിംകുടുംബങ്ങള്‍ ഇടിഞ്ഞുപൊളിഞ്ഞു കൂരകളില്‍ പിന്നീട്‌ കഴിഞ്ഞുകൂടുന്നു. മുഗള്‍ ഭരണകാലത്ത്‌ അറബി, ഫാര്‍സി ഭാഷകളില്‍ പ്രാവീണ്യമുള്ളവര്‍ സദറുസ്സുറൂര്‍, സദറു അമീന്‍, ഹെഡ്‌ ക്വാദി, മുന്‍ശീ തുടങ്ങിയ തസ്‌തികകളില്‍ ഉയര്‍ന്ന ശമ്പളത്തോടെ നിയമിക്കപ്പെട്ടു. അവരുടെ സാമര്‍ഥ്യവും ശില്‌പചാതുരിയും സര്‍വരാലും അംഗീകരിക്കപ്പെട്ടിരുന്നു. എന്നിട്ടും ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഇംഗ്ലീഷറിയാത്തതിനാല്‍ അവര്‍ പുറത്താക്കപ്പെടുന്നു. ആ കസേരകളെല്ലാം ബ്രിട്ടീഷുകാര്‍ കയ്യടക്കുന്നതാണ്‌ സര്‍ സയ്യിദ്‌ കാണുന്നത്‌. ഇതദ്ദേഹത്തില്‍ ഹൃദയവേദനയുണ്ടാക്കി. ആ കസേരകള്‍ക്കുള്ള യോഗ്യത കേവലം ഇംഗ്ലീഷ്‌ പരിജ്ഞാനമാണെങ്കില്‍ അത്‌ നേടുകതന്നെ.
എന്നാല്‍ ഒമ്പത്‌ നൂറ്റാണ്ടുകാലത്തോളം ഡല്‍ഹിയിലെ ഭരണസിരാകേന്ദ്രങ്ങളില്‍ പ്രകാശം പരത്തുകയും ഔദ്യോഗിക പദവി അലങ്കരിക്കുകയും ചെയ്‌ത അറബി, ഉറുദു, ഫാര്‍സി ഭാഷകളെല്ലാം ഇനി പുറത്താക്കി പടിയടച്ചു പിണ്ഡം വയ്‌ക്കണമെന്ന്‌ പറഞ്ഞാല്‍ സമ്മതിച്ചുകൊടുത്തുകൂടാ. നൂറ്റാണ്ടുകളായി തലമുറകളിലൂടെ കൈമാറിവന്നതും വിശ്വാസവുമായി ബന്ധപ്പെട്ടതുമായി ഒരു സാംസ്‌കാരിക പൈതൃകം കേവലം ഇംഗ്ലീഷ്‌ ഭാഷയ്‌ക്കുവേണ്ടി വലിച്ചെറിയാന്‍ പാടില്ല. അധികാരം, സമ്പത്ത്‌, പ്രതാപം, പ്രശസ്‌തിയെല്ലാം വരികയും പോവുകയും ചെയ്യും. അതുകൊണ്ട്‌ ഭാഷയുടെ പേരില്‍ ഇംഗ്ലീഷുകാരുടെ വിശ്വാസാചാരാനുഷ്‌ഠാനങ്ങളും സംസ്‌കാരങ്ങളുമെല്ലാം സംശോധനയും നിരൂപണവും കൂടാതെ അന്ധമായി അനുകരിക്കണമെന്ന വാദം ഭീരുക്കളുടേതാണ്‌. അതൊരിക്കലും അംഗീകരിച്ചുകൂടായെന്നായിരുന്നു മറുപക്ഷം.
കാല്‍നൂറ്റാണ്ടുകാലത്തെ ദയൂബന്ദി-അലീഗറീ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനക്കളരിയുടെ മധ്യത്തിലേക്കാണ്‌ നദ്‌വത്തുല്‍ ഉലമായുടെ രംഗപ്രവേശം. ഈ രണ്ട്‌ പ്രസ്ഥാനങ്ങളും ഉയര്‍ത്തിപ്പിടിച്ച നന്മയുടെ വശങ്ങള്‍ അതുള്‍ക്കൊണ്ടു. പാഠ്യപദ്ധതി പരിഷ്‌കരിക്കുകയും ശിക്ഷണ രീതികളില്‍ മാറ്റം വരുത്തുകയും ചെയ്‌തു. കാലത്തിനനുസരിച്ച്‌ കരിക്കുലം മാറ്റല്‍ സമുദായത്തെക്കൊണ്ടംഗീകരിപ്പിച്ചു. എങ്കിലും നദ്‌വത്തുല്‍ ഉലമ ഉയര്‍ത്തിപ്പിടിച്ച സിലബസ്‌ പരിഷ്‌കരണം കാലത്തിന്റെ തേട്ടവും പ്രാവര്‍ത്തികമാക്കാന്‍ പറ്റുന്നതുമാണെന്ന്‌ സമൂഹത്തിനെ ബോധ്യപ്പെടുത്താന്‍ സ്വന്തമായി ഒരു മാതൃകാ വിജ്ഞാനഗേഹം (ദാറുല്‍ ഉലൂം) അത്യാവശ്യമാണെന്ന അഭിപ്രായം നദ്‌വത്തുല്‍ ഉലമായുടെ മൂന്നാം സമ്മേളനത്തില്‍ പങ്കെടുത്തവരെല്ലാം ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ നദ്‌വത്തുല്‍ ഉലമായുടെ പ്രഥമ സെക്രട്ടറി തന്റെ ഭാവനയിലുള്ള ഒരു വിജ്ഞാനഗേഹത്തിന്റെ പൂര്‍ണചിത്രം ഹി.1313 മുഹര്‍റം12ന്‌ കൂടിയ നദ്‌വത്തുല്‍ ഉലമായുടെ എക്‌സിക്യുട്ടീവില്‍ സമര്‍പ്പിച്ചു. പ്രസ്‌തുത മീറ്റിംഗ്‌ തത്വത്തില്‍ അതംഗീകരിച്ചു. ജന്മംകൊള്ളാന്‍ പോകുന്ന വിജ്ഞാന ഭവനത്തിന്‌ ദാറുല്‍ ഉലൂം എന്നായിരിക്കും പേരെന്ന്‌ തീരുമാനിച്ചു. നദ്‌വത്തുല്‍ ഉലമ തുടങ്ങാന്‍ പോകുന്ന ദാറുല്‍ ഉലൂമിന്റെ രേഖാചിത്രം രാജ്യത്തെ പ്രഗത്ഭരായ പണ്ഡിതന്മാര്‍ക്കും വിദ്യാഭ്യാസ വിചക്ഷണന്മാര്‍ക്കും അയച്ചുകൊടുത്തു.
മുസ്‌ലിം ലോകത്ത്‌ ലക്ഷക്കണക്കിന്‌ വിദ്യാപീഠങ്ങളുണ്ട്‌. അതിലേക്ക്‌ ഒരെണ്ണം കൂടി പ്രസവിച്ചിട്ടു എന്നല്ല; മറിച്ച്‌, അതില്‍നിന്നെല്ലാം വ്യത്യസ്‌തമായ ചില പ്രത്യേക ഉദ്ദേശ്യലക്ഷ്യങ്ങളോടെ കാലത്തിന്റെ ഒരു പ്രത്യേകഘട്ടത്തില്‍ നിലവില്‍ വരുന്ന ഒരു വേറിട്ട സ്ഥാപനം എന്ന്‌ അതിന്‌ വിശേഷണം കൊടുത്തു. മൗലാനാ മുഹമ്മദലി മോന്‍ഗേരി സമര്‍പ്പിച്ച രേഖാചിത്രത്തില്‍ അതിനെ വിശേഷിപ്പിച്ചത്‌ ഇങ്ങനെയാണ്‌: ഇസ്‌ലാമിക കര്‍മശാസ്‌ത്ര വിധികളുടെയും വിശ്വാസ സംഹിതയുടെയും ആധാരശിലകളായ വിശുദ്ധ ഖുര്‍ആനും പ്രവാചക സുന്നത്തും ആഴത്തില്‍ പഠിച്ച പണ്ഡിതന്മാര്‍, മുഫ്‌തികള്‍, വ്യാകരണപടുക്കള്‍, രചന, സാഹിത്യം, തര്‍ക്കശാസ്‌ത്രം, തത്വശാസ്‌ത്രം, ഖുര്‍ആന്‍ പാരായണ ശാസ്‌ത്രം തുടങ്ങിയ വിജ്ഞാനശാഖകളില്‍ നിപുണന്മാര്‍, മാറിമാറിവരുന്ന ഭരണകൂടങ്ങള്‍ നടപ്പാക്കുന്ന നിയമങ്ങളില്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കഴിവുള്ള സമര്‍ഥര്‍, മുസ്‌ലിം രാജ്യങ്ങളിലെ നിയമങ്ങളും സ്ഥിതിഗതികളും പഠിച്ച്‌, ആ രാജ്യങ്ങളിലും പ്രബോധനം ചെയ്യാന്‍ പറ്റുന്ന പ്രബോധകര്‍, എഴുത്ത്‌, പ്രസംഗം, പത്രപ്രവര്‍ത്തനം തുടങ്ങിയ രംഗത്തു തിളങ്ങുന്ന നക്ഷത്രങ്ങള്‍, സര്‍വോപരി നൂറ്റാണ്ടുകളായി ഇന്ത്യാരാജ്യത്ത്‌ ഇസ്‌ലാമിക പാഠശാലകളുടെ അകത്തളങ്ങളിലും ഏതാനും ഒറ്റപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മാത്രം മൃതപ്രായമായിക്കിടക്കുന്ന അതിമനോഹരമായ അറബി ഭാഷയെ ഒരു ജീവല്‍ഭാഷയായി കൈകാര്യം ചെയ്യാന്‍ കെല്‌പുറ്റ പണ്ഡിതന്മാര്‍ തുടങ്ങിയ പലരും. ഈ സ്ഥാപനത്തിന്റെ നാളെയുടെ സന്തതികളായിരിക്കും.
ജീവിതത്തില്‍ സ്വാംശീകരിക്കുന്നതിന്റെയും തിരസ്‌കരിക്കുന്നതിന്റെയും അളവുകോല്‍ പഴയത്‌, പുതിയത്‌, പ്രാചീനം, അറുവാചീനമായിക്കൂടാ. മറിച്ച്‌, ഏതൊന്നിന്റെയും നന്മയും തിന്മയുമാണ്‌ മാനദണ്ഡം. തിന്മയാണെങ്കില്‍ അറുവാചീനത്തിനംഗീകാരമില്ല; നന്മയാണെങ്കില്‍ പ്രാചീനവും അതിമധുരം. നദ്‌വത്തുല്‍ ഉലമ രംഗത്തുവന്നത്‌ ഈ മുദ്രാവാക്യവുമായിട്ടാണ്‌. അതുകൊണ്ട്‌ നിര്‍മിക്കപ്പെടാന്‍ പോകുന്ന ദാറുല്‍ ഉലൂമിനെക്കുറിച്ച്‌ അതിന്റെ ശില്‌പിക്ക്‌ വ്യക്തമായ കാഴ്‌ചപ്പാടുണ്ടായിരുന്നു. അതിന്റെ ഭൂമിയുടെ കിടപ്പ്‌, ഭൂപ്രകൃതി, പ്രദേശം, ചുറ്റുപാട്‌, സ്ഥിതിചെയ്യുന്ന നഗരം, ബില്‍ഡിംഗുകളുടെ ആകൃതി, ക്യാമ്പസിന്റെ വലുപ്പം, അതിലെ നടപ്പാതകള്‍, പുല്‍ത്തകിടി, പഠനറൂമുകള്‍, ഹോസ്റ്റല്‍, ഭക്ഷണശാലകള്‍, പരീക്ഷാഹാള്‍, പ്രഭാഷണഹാളുകള്‍, ക്ലിനിക്കുകള്‍, രോഗികളാകുന്ന വിദ്യാര്‍ഥികളുടെ വിശ്രമകേന്ദ്രങ്ങള്‍, അതിഥിമന്ദിരങ്ങള്‍, ലൈബ്രറികള്‍, സ്റ്റാഫ്‌കോര്‍ട്ടേഴ്‌സുകള്‍, മസ്‌ജിദ്‌, വ്യായാമഹാളുകള്‍, പ്ലേഗ്രൗണ്ടുകള്‍ എല്ലാം ആ ഭാവനാചിത്രത്തില്‍ വന്നിരുന്നു. ഇന്ന്‌ ലക്‌നോ നഗരത്തിന്റെ ഹൃദയഭാഗത്ത്‌, ഗോംതീ നദിയുടെ തീരത്ത്‌ `നദ്‌വ' എന്ന പേരില്‍ അറിയപ്പെടുന്ന `ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ' എന്ന ആ വിജ്ഞാനപൂവാടി പ്രാചീനതയുടെയും അറുവാചീനതയുടെയും നന്മകള്‍ ഉള്‍ക്കൊള്ളുകയും തിന്മകള്‍ തിരസ്‌കരിക്കുകയും ചെയ്‌തിട്ടുണ്ടെന്ന്‌ അവിടം സന്ദര്‍ശിക്കുന്ന ആര്‍ക്കും മനസ്സിലാകും; അതോടൊപ്പം അതിന്റെ ശില്‌പികളുടെ ദീര്‍ഘദൃഷ്‌ടിയും.
ഇതെല്ലാം പുറംചട്ടയാണ്‌. അകക്കാമ്പ്‌ ഒന്ന്‌ വേറെയാണ്‌. ഒരു കലാശാലയുടെ അഡ്‌മിഷന്‍, അച്ചടക്കം, പഠനം, വിദ്യാര്‍ഥികളുടെ മത്സരം, അവരില്‍ അന്തര്‍ലീനമായ കഴിവുകളുടെ വളര്‍ച്ച, പ്രസംഗം, എഴുത്ത്‌, രചന, ചര്‍ച്ച, കവിസദസ്സ്‌, സംവാദം, പരീക്ഷാനാളുകളിലെ കൂട്ടായ വായന, ഖുര്‍ആന്‍ മനപ്പാഠ ക്ലാസുകളിലെ കര്‍ണാനന്ദത, സമയത്തിന്റെ പ്രാധാന്യം, അതിലെ ഗുരുനാഥന്മാരുടെ അര്‍പ്പണബോധം, ആത്മാര്‍ഥത, അത്യധ്വാനം, പരാര്‍ഥത, പരസ്‌പര ബഹുമാനം തുടങ്ങി എല്ലാം 120 വര്‍ഷമായി ലോകത്തിലെ പ്രത്യേകിച്ചും ഇന്ത്യയിലെ ആയിരക്കണക്കിന്‌ മത-ഭൗതിക പാഠശാലകള്‍ക്ക്‌ മാതൃകയായി വിലസുന്നു. പതിനായിരക്കണക്കിനു സന്താനങ്ങള്‍ വിവിധ രാജ്യങ്ങളില്‍ പ്രബോധന ദൗത്യം നിര്‍വഹിക്കുന്നു.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: