പ്രാര്‍ഥന പ്രസക്തിയും മര്യാദകളും

  • Posted by Sanveer Ittoli
  • at 2:49 AM -
  • 0 comments

പ്രാര്‍ഥന പ്രസക്തിയും മര്യാദകളും

പി മുസ്‌തഫ നിലമ്പൂര്‍


മനുഷ്യന്‌ ആത്മീയാനുഭൂതി നുകരാന്‍ ഇട നല്‍കുന്ന സന്ദര്‍ഭമാണ്‌ പ്രാര്‍ഥന. പരമകാരുണികനായ രക്ഷിതാവിന്റെ സ്‌നേഹവും സംരക്ഷണവും ആശിച്ചുകൊണ്ട്‌ ആശ്രിതനും ദുര്‍ബലനുമായ മനുഷ്യന്‍ തന്റെ തേട്ടങ്ങളും ആവശ്യങ്ങളും സര്‍വാധിരാജനും പരമാധികാരിയുമായവനിലേക്ക്‌ സമര്‍പ്പിക്കുന്ന അനര്‍ഘ നിമിഷമാണത്‌.
മനുഷ്യന്റെ ജീവിത നൗകയെ നയിക്കുന്ന പാഥേയമാണ്‌ പ്രാര്‍ഥന. അത്‌ ആരാധനയുടെ മജ്ജയാണെന്ന്‌ മാത്രമല്ല, അതുതന്നെയാണ്‌ ആരാധന. രക്ഷിക്കാനും ശിക്ഷിക്കാനും കഴിവും അധികാരവുമുള്ളവനിലേക്ക്‌ സ്വന്തത്തെ സമര്‍പ്പിക്കുന്ന പ്രാര്‍ഥനയാണ്‌ വിശ്വാസിയുടെ ആയുധം. നബി(സ) പറഞ്ഞു: ``പ്രാര്‍ഥന സത്യവിശ്വാസിയുടെ ആയുധവും ദീനിന്റെ സ്‌തംഭവും
ആകാശഭൂമികളുടെ വെളിച്ചവുമാകുന്നു.'' (ഹാകിം). ``ആരാധനകളില്‍ ഏറ്റവും ശ്രേഷ്‌ഠമായത്‌ പ്രാര്‍ഥനയാണ്‌.'' (അഹ്‌മദ്‌, തിര്‍മിദി)
പ്രാര്‍ഥനയെന്ന ശ്രേഷ്‌ഠമായ ആരാധനയാണ്‌ സ്രഷ്‌ടാവും സൃഷ്‌ടിയും തമ്മിലുള്ള ബന്ധത്തെ വ്യക്തമാക്കുന്നത്‌. പ്രാര്‍ഥനയില്ലെങ്കില്‍ ഒരു പരിഗണനയും ദൈവത്തിങ്കല്‍ ഉണ്ടാകില്ല. അവന്റെ കാരുണ്യകടാക്ഷത്തിന്‌ മനുഷ്യന്‍ അവകാശിയാകുകയുമില്ല. നബി(സ) പറഞ്ഞു: ``നിങ്ങള്‍ ഏതൊരു കാര്യവും അല്ലാഹുവിനോട്‌ തേടുക. നിങ്ങളുടെ ചെരുപ്പിന്റെ വാര്‍ മുറിഞ്ഞതാണെങ്കില്‍ പോലും.'' (ഹാകിം)
അല്ലാഹു പറയുന്നു: ``നബിയേ) പറയുക: നിങ്ങളുടെ പ്രാര്‍ഥനയില്ലെങ്കില്‍ എന്റെ രക്ഷിതാവ്‌ നിങ്ങള്‍ക്ക്‌ എന്ത്‌ പരിഗണന നല്‌കാനാണ്‌? എന്നാല്‍ നിങ്ങള്‍ നിഷേധിച്ചുതള്ളിയിരിക്കുകയാണ്‌. അതിനാല്‍ അതിനുള്ള ശിക്ഷ അനിവാര്യമായിരിക്കും.'' (അല്‍ഫുര്‍ഖാന്‍ 77). നബി(സ) പറഞ്ഞു: ``പ്രാര്‍ഥനയെക്കാള്‍ അല്ലാഹുവിങ്കല്‍ ആദരണീയമായി യാതൊന്നുമില്ല. ഇബാദത്തുകളില്‍ ഏറ്റവും ഉല്‍കൃഷ്‌ടമായത്‌ പ്രാര്‍ഥനയാണ്‌. അല്ലാഹുവിനോട്‌ ചോദിക്കാത്തവര്‍ക്ക്‌ അവന്റെ കോപമിറങ്ങും.'' (അബൂദാവൂദ്‌, തിര്‍മിദി)
പ്രാര്‍ഥനയെന്ന ഇബാദത്ത്‌ ചെയ്യാതെ അഹന്ത നടിക്കുന്നവര്‍ നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കും. ``നിങ്ങളുടെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു. നിങ്ങള്‍ എന്നോട്‌ പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‌കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയേ നിന്ദ്യരായിക്കൊണ്ട്‌ നരകത്തില്‍ പ്രവേശിക്കുന്നതാണ്‌. തീര്‍ച്ച.'' (മുഅ്‌മിന്‍ 60)
പ്രാര്‍ഥിക്കാത്തവന്‌ ഇഹലോകത്തും അല്ലാഹുവിന്റെ ശിക്ഷയെ നേരിടേണ്ടി വരും. അവര്‍ ഉന്മൂലനം ചെയ്യപ്പെടാനുള്ള സാധ്യതയെ ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. ``മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്റെ ആശ്രിതരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്‌തനും സ്‌തുത്യര്‍ഹനുമാകുന്നു. അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങളെ അവന്‍ നീക്കം ചെയ്യുകയും പുതിയൊരു സൃഷ്‌ടിയെ അവന്‍ കൊണ്ടുവരികയും ചെയ്യുന്നതാണ്‌.'' (ഫാത്വിര്‍ 15,16)
നബി(സ) പറഞ്ഞു: ``നിങ്ങള്‍ അല്ലാഹുവിന്റെ ഔദാര്യം തേടുക. തീര്‍ച്ചയായും അല്ലാഹു അവനോട്‌ ചോദിക്കുന്നതിനെ ഇഷ്‌ടപ്പെടുന്നു.'' (തിര്‍മിദി)
പടപ്പുകളോട്‌ ചോദിച്ചാല്‍, അത്‌ അധികരിച്ചാല്‍ അവരുടെ അനിഷ്‌ടം നേടുമെങ്കില്‍ പടച്ചവനോട്‌ കൂടുതല്‍ ചോദിക്കുന്നവരെ അവന്‍ കൂടുതല്‍ ഇഷ്‌ടപ്പെടും. യാചിക്കാത്തവരെ പടപ്പുകള്‍ ഇഷ്‌ടപ്പെടുമെങ്കില്‍, അല്ലാഹു അവനോട്‌ യാചിക്കാത്തവരോട്‌ കോപിക്കുന്നു. അല്ലാഹുവിന്റെ മുമ്പില്‍ യാചിച്ചവര്‍ക്ക്‌ വെറും കയ്യോടെ മടങ്ങേണ്ടി വരില്ല. മൂന്നില്‍ ഒരു നിലയില്‍ അവന്‍ ഉത്തരം നല്‌കും തീര്‍ച്ച. നബി(സ) പറഞ്ഞു: ``നിശ്ചയം അല്ലാഹു എന്നെന്നും ജീവിക്കുന്നവനും ഉദാരനുമാണ്‌. തന്റെ ദാസന്‍ തന്നിലേക്ക്‌ കൈ ഉയര്‍ത്തിയാല്‍ ശൂന്യമായി അവയെ മടക്കുന്നതില്‍ അവന്‍ ലജ്ജിക്കുന്നു.'' (അബൂദാവൂദ്‌, തിര്‍മിദി)
അല്ലാഹു പറയുന്നു: ``നിന്നോട്‌ എന്റെ ദാസന്മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക്‌ ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന്‌ പറയുക). പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ചു പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനക്ക്‌ ഉത്തരം നല്‌കുന്നതാണ്‌. അതുകൊണ്ട്‌ എന്റെ ആഹ്വാനം അവന്‍ സ്വീകരിക്കുകയും എന്നില്‍ അവന്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കാന്‍ വേണ്ടിയാണിത്‌.'' (അല്‍ബഖറ 186)
കുറ്റകരമായതിലോ ബന്ധവിച്ഛേദനത്തിലോ അല്ലാത്ത ഏത്‌ കാര്യത്തിലും ഏതൊരാളുടെയും പ്രാര്‍ഥനക്ക്‌ മൂന്നില്‍ ഒന്ന്‌ അല്ലാഹു നല്‌കാതിരിക്കില്ല. ഒന്നുകില്‍ അവന്‍ പ്രാര്‍ഥിച്ചത്‌ അവന്‌ പെട്ടെന്ന്‌ സഫലമായേക്കും. അല്ലെങ്കില്‍ പരലോകത്തേക്ക്‌ നീക്കിവെച്ച്‌ അവന്‌ അതിന്റെ പ്രതിഫലം നല്‌കും. അല്ലെങ്കില്‍ സമാനമായ തിന്മ അവനില്‍ നിന്ന്‌ ഒഴിവാക്കും.'' (മുസ്‌നദ്‌ അഹ്‌മദ്‌)
നമുക്ക്‌ സൗഭാഗ്യവും ദൗര്‍ഭാഗ്യവും ലഭ്യമാകുന്നത്‌ അല്ലാഹുവിന്റെ തീരുമാനമാണ്‌. നമ്മുടെ കഷ്‌ടതയെ നീക്കിത്തരാന്‍ അല്ലാഹുവിന്‌ മാത്രമേ കഴിയൂ. അതിനായി അവനോട്‌ മാത്രമേ തേടാവൂ. അല്ലാഹു പറയുന്നു: ``അല്ലാഹുവിനു പുറമെ നിനക്ക്‌ ഉപകാരം ചെയ്യാത്തതും നിനക്ക്‌ ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാര്‍ഥിക്കരുത്‌. നീ അപ്രകാരം ചെയ്യുന്നപക്ഷം തീര്‍ച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും. നിനക്ക്‌ അല്ലാഹു വല്ല ദോഷവും ഏല്‌പിക്കുന്ന പക്ഷം അവനൊഴികെ അത്‌ നീക്കംചെയ്യാന്‍ ഒരാളുമില്ല. അവന്‍ നിനക്ക്‌ വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാന്‍ ഒരാളുമില്ല. തന്റെ ദാസന്മാരില്‍ നിന്ന്‌ താന്‍ ഇച്ഛിക്കുന്നവര്‍ക്ക്‌ അത്‌ (അനുഗ്രഹം) അവന്‍ അനുഭവിപ്പിക്കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.'' (യൂനുസ്‌ 106,107)
നമുക്കുള്ള ദോഷം നീക്കിത്തരാന്‍ കഴിയുന്നവന്‍ അല്ലാഹുവാണെന്നിരിക്കേ അവനോട്‌ മാത്രം നാം പ്രാര്‍ഥിക്കണം. നബി(സ) പറഞ്ഞു: ``പ്രാര്‍ഥനയല്ലാതെ വിധിയെ തടുക്കുകയില്ല. പുണ്യം കൊണ്ടല്ലാതെ ആയുസ്സ്‌ വര്‍ധിക്കുകയുമില്ല.'' (തിര്‍മിദി). ഇറങ്ങിക്കഴിഞ്ഞതും ഇറങ്ങിയിട്ടില്ലാത്തതുമായ മുഴുവന്‍ ആപത്തുകള്‍ക്കും പ്രാര്‍ഥന പ്രയോജനകരമാണ്‌. അതിനാല്‍ ദൈവദാസന്മാരേ, നിങ്ങള്‍ പ്രാര്‍ഥന മുറുകെ പിടിക്കുക. (മുസ്‌നദ്‌ അഹ്‌മദ്‌)

പ്രാര്‍ഥനയുടെ മര്യാദകള്‍

പ്രാര്‍ഥന ആരാധനയായതിനാല്‍ അല്ലാഹുവിനോട്‌ മാത്രമായിരിക്കണം. അല്ലാത്തവ സ്വീകരിക്കില്ലെന്ന്‌ മാത്രമല്ല, ശാശ്വതമായി നരകത്തില്‍ കഴിയേണ്ടിവരും. ശിര്‍ക്ക്‌ കടുത്ത അക്രമവും പൊറുക്കപ്പെടാത്ത അപരാധവും ഗുരുതരമായ വഴികേടുമാണ്‌. അവര്‍ക്ക്‌ സ്വര്‍ഗം നിഷിദ്ധമാണെന്ന്‌ ഖുര്‍ആന്‍ വ്യക്തമായി പ്രഖ്യാപിച്ചതാണ്‌.
അല്ലാഹു അല്ലാത്തവരോട്‌ നാം തേടിയാല്‍ നമ്മുടെ തേട്ടം അവര്‍ കേള്‍ക്കുകയില്ല. കേട്ടെന്ന്‌ വിചാരിച്ചാല്‍ തന്നെ ഒരിക്കലും അവര്‍ ഉത്തരം നല്‌കുകയുമില്ല. ചോദിച്ചവരും ചോദിക്കപ്പെട്ടവരും ദുര്‍ബലരാണ്‌. നമ്മെപ്പോലെ പരിധിയും പരിമിതികളുമുള്ളവര്‍. അവരെയും നമ്മെയും പരലോകത്ത്‌ വിചാരണ നടത്തുമ്പോള്‍ പരസ്‌പരം ശത്രുക്കളായിത്തീരുകയും അവര്‍ ആരാധിക്കപ്പെട്ടത്‌ അവര്‍ നിഷേധിക്കുകയും ചെയ്യും. പ്രവാചകന്മാരോട്‌ പോലും പ്രാര്‍ഥിക്കാന്‍ പാടില്ലായെന്നിരിക്കെ മറ്റുള്ളവരുടെ അവസ്ഥ എന്താകുമെന്ന്‌ ചിന്തിച്ചുനോക്കുക.
അല്ലാഹു പറയുന്നു: ``അല്ലാഹുവോടൊപ്പം മറ്റൊരു ആരാധ്യനെയും നീ സ്ഥാപിക്കരുത്‌. എങ്കില്‍ അപമാനിതനും കൈയൊഴിക്കപ്പെട്ടവനുമായി നീ ഇരിക്കേണ്ടി വരും.'' (ഇസ്‌റാഅ്‌ 22)
നിഷ്‌കളങ്കമായും അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ടുമാണ്‌ പ്രാര്‍ഥിക്കേണ്ടത്‌. ``അതിനാല്‍ കീഴ്‌വണക്കം അല്ലാഹുവിന്‌ നിഷ്‌കളങ്കമാക്കിക്കൊണ്ട്‌ അവനോട്‌ നിങ്ങള്‍ പ്രാര്‍ഥിക്കുക. അവിശ്വാസികള്‍ക്ക്‌ അനിഷ്‌ടകരമായാലും ശരി.'' (മുഅ്‌മിന്‍ 14). അല്ലാഹു നമ്മുടെ തഖ്‌വാ ബോധത്തിലേക്കും മനസ്സിന്റെ ശുദ്ധിയിലേക്കുമാണ്‌ നോക്കുന്നത്‌. നമ്മുടെ രൂപത്തിലേക്കും ശരീരത്തിലേക്കും അല്ല. ഏത്‌ വിഷയത്തിലും ഇസ്‌ലാമിന്റെ നിലപാടാണിത്‌.
വിശുദ്ധമായ ഉപജീവനം നടത്തുന്നവന്‌ മാത്രമാണ്‌ പ്രാര്‍ഥനയ്‌ക്ക്‌ ഉത്തരം ലഭിക്കാന്‍ അവകാശമുള്ളത്‌. നിഷിദ്ധമായ സമ്പാദ്യവുമായി റബ്ബേ, റബ്ബേ എന്ന്‌ തേടിയതുകൊണ്ട്‌ കാര്യമില്ല. സഅ്‌ദുബ്‌നു അബീവഖാസ്‌(റ) ഒരിക്കല്‍ നബി(സ)യോട്‌ തനിക്ക്‌ ഉത്തരം ലഭിക്കുന്നവനാക്കപ്പെടാന്‍ പ്രാര്‍ഥിക്കാനായി ആവശ്യപ്പെട്ടു. നബി(സ) പറഞ്ഞു: ``സഅ്‌ദേ, നിന്റ ഭക്ഷണം വിശുദ്ധമാക്കുക. എങ്കില്‍ നിന്റെ പ്രാര്‍ഥനക്ക്‌ ഉത്തരം ലഭിക്കപ്പെടും. മുഹമ്മദിന്റെ ആത്മാവ്‌ ഏതൊരുവന്റെ കൈയിലാണോ അവന്‍ തന്നെ സത്യം. നിഷിദ്ധമായ ഒരു പിടി ഭക്ഷണം കഴിക്കുന്ന മനുഷ്യന്റെ നാല്‌പത്‌ ദിവസത്തെ കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുകയില്ല. പലിശകൊണ്ടോ നിഷിദ്ധ ഭക്ഷണം കൊണ്ടോ ഒരാളുടെ മാംസം വളര്‍ന്നതെങ്കില്‍ അവന്‌ ഏറ്റവും അര്‍ഹമായത്‌ നരകമാണ്‌.'' (ത്വബ്‌റാനി)
വ്യക്തിപരമായ പിണക്കവും ശിര്‍ക്കും പ്രാര്‍ഥനയെ തടയുന്നതുപോലെ, പരസ്‌പരം ശപിച്ചുകൊണ്ടും പ്രാര്‍ഥിക്കരുത്‌. ഉത്തരം കിട്ടുമെന്ന ദൃഢമായ ആത്മവിശ്വാസത്തോടെ പ്രാര്‍ഥിക്കണം. കിട്ടിയാല്‍ കിട്ടട്ടെ എന്ന ശങ്കയോടെ പ്രാര്‍ഥിക്കരുത്‌. അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശരാകുന്നവര്‍ കാഫിറുകള്‍ മാത്രമാണെന്നും (12:87) എല്ലാ പാപങ്ങളും പൊറുക്കുന്ന കരുണാനിധിയുടെ കാരുണ്യത്തില്‍ നിരാശ തോന്നരുതെന്നും (39:53) ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്‌.
നബി(സ) പറഞ്ഞു: ``ഉത്തരം കിട്ടുമെന്ന ദൃഢബോധ്യത്തോടെ നിങ്ങള്‍ അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കുക. അശ്രദ്ധമായ ഹൃദയത്തില്‍ നിന്നുള്ള പ്രാര്‍ഥന അല്ലാഹു സ്വീകരിക്കയിെല്ലന്നറിഞ്ഞുകൊള്ളുക.'' (തിര്‍മിദി)
ധൃതിയും ആശങ്കയുമായി പ്രാര്‍ഥിക്കരുത്‌. നാം ചോദിച്ചത്‌ നമുക്ക്‌ ഗുണകരമാണോ? എപ്പോഴാണ്‌ അത്‌ നന്മയായിത്തീരുക എന്ന അറിവ്‌ അദൃശ്യജ്ഞാനിയായ അല്ലാഹുവിന്‌ മാത്രമാണ്‌. നബി(സ) പറഞ്ഞു: ``കുറ്റകരമായ കാര്യത്തിന്‌ വേണ്ടിയോ ബന്ധവിച്ഛേദനത്തിനോ അല്ലാത്ത പ്രാര്‍ഥനയിലെല്ലാം ദാസന്‌ ഉത്തരം ലഭിച്ചുകൊണ്ടിരിക്കുന്നതാണ്‌. അവന്‍ ധൃതിപ്പെടാത്തിടത്തോളം. (അനുചരന്മാര്‍) ചോദിച്ചു: റസൂലേ, എന്താണ്‌ ധൃതി കൂട്ടല്‍. നബി(സ) പറഞ്ഞു: അത്‌ പ്രാര്‍ഥിക്കുന്നവന്‍ ഞാന്‍ വളരെയേറെയായി പ്രാര്‍ഥനാനിരതനായിട്ടും എനിക്ക്‌ ഉത്തരം കിട്ടിക്കാണുന്നില്ല എന്ന്‌ പറയലാണ്‌. എന്നിട്ട്‌ പ്രാര്‍ഥന തന്നെ ഒഴിവാക്കി ദു:ഖിതനായി കഴിയുന്നു.'' (മുസ്‌ലിം)]
അല്ലാഹുവിനെ സ്‌തുതിച്ചും അവനെ വാഴ്‌ത്തിയും നബി(സ)യുടെ മേല്‍ സ്വലാത്ത്‌ ചൊല്ലിക്കൊണ്ടും പ്രാര്‍ഥന ആരംഭിക്കുക. ഇതൊന്നുമില്ലാതെ ഒരാള്‍ പ്രാര്‍ഥിക്കുന്നത്‌ കേട്ടപ്പോള്‍, അയാള്‍ വല്ലാതെ ധൃതി കാണിച്ചല്ലോ എന്ന്‌ പറഞ്ഞുകൊണ്ട്‌ നബി(സ) തുടര്‍ന്നു: ``നിങ്ങളില്‍ ആരെങ്കിലും പ്രാര്‍ഥിക്കുകയാണെങ്കില്‍ തന്റെ നാഥനെ സ്‌തുതിച്ചും പുകഴ്‌ത്തിയും പിന്നീട്‌ നബി(സ)യുടെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിന്നായി പ്രാര്‍ഥിച്ചുകൊണ്ടും ആരംഭിക്കട്ടെ. പിന്നീട്‌ അവന്‍ ആഗ്രഹിക്കുന്നത്‌ ചോദിക്കാം.'' (അബൂദാവൂദ്‌)
താഴ്‌മയും വിനയവും പ്രാര്‍ഥനയില്‍ അനിവാര്യമാണ്‌. കൂടുതല്‍ ശബ്‌ദമുണ്ടാക്കിയും അതിരുകവിഞ്ഞും പ്രാര്‍ഥിക്കരുത്‌. ``താഴ്‌മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പ്രാര്‍ഥിക്കുക. പരിധിവിട്ടു പോകുന്നവരെ അല്ലാഹു ഇഷ്‌ടപ്പെടുകയേയില്ല.'' (അഅ്‌റാഫ്‌ 55). ``നിന്റെ പ്രാര്‍ഥന നീ ഉച്ചത്തിലാക്കരുത്‌. അത്‌ പതുക്കെയുമാകരുത്‌. അതിനിടയിലുള്ള ഒരു മാര്‍ഗം നീ തേടിക്കൊള്ളുക.'' (ഇസ്‌റാഅ്‌ 110)
ഒരിക്കല്‍ ജനങ്ങള്‍ ശബ്‌ദമുയര്‍ത്തി പ്രാര്‍ഥിക്കുന്നത്‌ നബി(സ) കേട്ടപ്പോള്‍ അവിടുന്ന്‌ പറഞ്ഞു: ``ജനങ്ങളേ നിര്‍ത്തുക! നിങ്ങള്‍ ബധിരനോടോ വിദൂരസ്ഥനോടോ അല്ല പ്രാര്‍ഥിക്കുന്നത്‌. കാഴ്‌ചയും കേള്‍വിയും ഉള്ളവനോടാണ്‌.'' (ബുഖാരി, മുസ്‌ലിം)
വിനയത്തിന്റെ ഭാഗമായി കൈ ഉയര്‍ത്തിക്കൊണ്ട്‌ പ്രാര്‍ഥിക്കാം. പല സന്ദര്‍ഭങ്ങളിലും നബി(സ)യുടെ കക്ഷത്തിന്റെ വെള്ള കാണുവോളം കൈകള്‍ ഉയര്‍ത്തിക്കൊണ്ട്‌ പ്രാര്‍ഥന നടത്തുന്നത്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ ആ കൈകള്‍ മുഖത്ത്‌ തടവിയതായി സ്വഹീഹായി വന്നിട്ടില്ല. കൈ ഉയര്‍ത്തിയെങ്കിലേ പ്രാര്‍ഥനയാകൂ എന്ന ധാരണ ശരിയല്ല.
പ്രാര്‍ഥന ആമീന്‍ കൊണ്ട്‌ അവസാനിപ്പിക്കുന്നത്‌ നല്ലതാണ്‌. പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ സമീപത്തുവെച്ച്‌, അയാള്‍ വിരമിച്ചാല്‍ അയാള്‍ക്ക്‌ (സ്വര്‍ഗം) അനിവാര്യമായി എന്ന്‌ നബി(സ) പറഞ്ഞു. എങ്ങനെ വിരമിച്ചാല്‍ എന്ന്‌ ചോദിച്ചപ്പോള്‍ അവിടുന്ന്‌ പറഞ്ഞു: `ആമീന്‍ പറഞ്ഞുകൊണ്ട്‌.' (സംഗ്രഹം അബൂദാവൂദ്‌)
അല്ലാഹുവിന്റെ ഉല്‍കൃഷ്‌ട നാമങ്ങള്‍ കൊണ്ടും വിശേഷണങ്ങള്‍ കൊണ്ടും പ്രാര്‍ഥിക്കുന്നത്‌ നല്ലതാണ്‌. നബി(സ)യുടെ പല പ്രാര്‍ഥനകളും ഇങ്ങനെയായിരുന്നു. അല്ലാഹു പറയുന്നു: ``അല്ലാഹുവിന്‌ ഏറ്റവും നല്ല പേരുകളുണ്ട്‌. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക.'' (അഅ്‌റാഫ്‌ 180)

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: