വിവാഹപ്രായം വിവാദമാകുമ്പോള്‍

  • Posted by Sanveer Ittoli
  • at 8:28 AM -
  • 0 comments
വിവാഹപ്രായം വിവാദമാകുമ്പോള്‍
വീക്ഷണം -

  • മുഹമ്മദ്‌ റാഫി


ഒരു സമൂഹത്തില്‍ ജീവിക്കുന്ന എല്ലാ ആളുകള്‍ക്കും ലൈംഗികതയോടുള്ള സമീപനം വ്യത്യസ്‌തമായിരിക്കും. ധാര്‍മികതയെ സംബന്ധിച്ച ബോധം, സാമൂഹിക സംവിധാനങ്ങള്‍, മതബോധം ഇതെല്ലാം തന്നെ ലൈംഗിക മനോഭാവത്തെ ശക്തമായി സ്വാധീനിക്കുന്നു. ഒരു പെണ്‍കുട്ടി ഋതുമതിയാകുക എന്നാല്‍ ശാരീരികമായും മാനസികമായും അവള്‍ക്ക്‌ ലൈംഗികതക്കും, 
ഗര്‍ഭധാരണത്തിനും പ്രകൃതി നല്‍കുന്ന അനുമതിയാണ്‌. അതുകൊണ്ട്‌ ഋതുമതിയാകുന്ന എല്ലാ പെണ്‍കുട്ടികളും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണം എന്നോ ഗര്‍ഭം ധരിക്കണമെന്നോ അര്‍ഥമില്ല. മറിച്ച്‌, അവള്‍ക്ക്‌ ശാരീരികമോ മാനസികമോ ആയ സ്വാധീനത്തിന്റെ അടിസ്ഥാനത്തില്‍ ലൈംഗികത ആവശ്യമോ, അനിവാര്യമോ ആയി തോന്നിയാല്‍ അതിനുള്ള ധാര്‍മികവും നിയമപരവുമായ സംവിധാനങ്ങള്‍ ഉണ്ടാകണം. അതോടൊപ്പം അതിലൂടെയുണ്ടാവുന്ന ഗര്‍ഭധാരണം പോലുള്ള ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതിനും സംരക്ഷിക്കുന്നതിനും വിവാഹംപോലുള്ള സാമൂഹിക സംവിധാനങ്ങള്‍ അത്യന്താപേക്ഷിതമാണ്‌.
ഈ യാഥാര്‍ഥ്യങ്ങളെ യാഥാസ്ഥിതിക വങ്കത്തമായി കരുതുന്നവര്‍ക്ക്‌ മുന്‍പാകെ അമേരിക്കന്‍ ഐക്യനാടുകളിലെ ചില സര്‍വേകളിലേക്ക്‌ ശ്രദ്ധ ക്ഷണിക്കുന്നു. കാലിഫോര്‍ണിയയിലെ 12-നും 16-നും മധ്യേ പ്രായമുള്ള ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ 900 വിദ്യാര്‍ഥികളില്‍ നടത്തിയ സര്‍വേയിലെ പ്രധാന ചോദ്യങ്ങള്‍, കന്യകാത്വം, ലൈംഗികതയില്‍ നിന്നും വിട്ടുനില്‍ക്കല്‍ എന്നിവയെ സംബന്ധിച്ചായിരുന്നു. സര്‍വേ ഫലങ്ങള്‍ ആശ്ചര്യമുളവാക്കുന്നവയാണ്‌. 83% കുട്ടികളും അഭിപ്രായപ്പെടുന്നത്‌, പരസ്‌പരം ലൈംഗികമായ സ്‌പര്‍ശനം ഉണ്ടായതിന്റെ പേരില്‍ പോലും കന്യകാത്വത്തിന്‌ കുഴപ്പംസംഭവിക്കില്ല എന്നാണ്‌. 70% കുട്ടികള്‍ ഓറല്‍ സെക്‌സില്‍ കന്യകാത്വത്തിന്‌ കുഴപ്പം ഒന്നും സംഭവിക്കില്ലെന്നും കരുതുന്നു.
ലൈംഗികതയില്‍ നിന്നും മാറിനില്‌ക്കുക എന്നതുകൊണ്ട്‌ 44% കുട്ടികളും ഉദ്ദേശിച്ചത്‌ ലൈംഗിക അവയവങ്ങളുടെ സ്‌പര്‍ശനം പ്രശ്‌നമല്ല എന്നാണ്‌. 33% കുട്ടികളാവട്ടെ ഓറല്‍ ലൈംഗികത നടത്തിയാല്‍ പോലും അവര്‍ ലൈംഗികതയില്‍ നിന്നും വിട്ടുനില്‌ക്കല്‍ എന്ന അവസ്ഥയില്‍ തന്നെയാണെന്ന്‌ അഭിപ്രായപ്പെടുന്നു. സര്‍വേയില്‍ പെണ്‍കുട്ടികളാണ്‌ അധികവും ലൈംഗിക അവയവങ്ങളുടെ സ്‌പര്‍ശനംപോലും ലൈംഗിക ബന്ധപ്പെടലായി പരിഗണിക്കാത്തത്‌. (Pacific institute for research and evaluation-PARE, Barkley, California എന്ന സംഘടനയാണ്‌ സര്‍വേ നടത്തിയത്‌)
ലൈംഗികതയോടുള്ള അമേരിക്കയിലെ സ്‌കൂള്‍ കുട്ടികളുടെ സമീപനത്തിന്റെ നേര്‍ചിത്രമാണ്‌ ഈ സര്‍വേയില്‍ നമ്മള്‍ വായിക്കുന്നത്‌. ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള ഏതെങ്കിലും രീതിയിലുള്ള സ്‌പര്‍ശനത്തില്‍ നിന്ന്‌ അകന്നുനില്‍ക്കലാണ്‌ പൂര്‍ണമായ കന്യകാത്വം എന്ന്‌ നിര്‍വചിച്ചാല്‍, അമേരിക്കയില്‍ എത്ര കുട്ടികള്‍ കന്യകകളായുണ്ടാകും?
ഇവിടെ ഋതുമതിയാകലിന്‌ ശേഷം ലൈംഗികത ആവശ്യകതയായി മനസ്സിലാക്കുകയും അതിന്‌ അവരുടേതായ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന, ഒരുപറ്റം കുട്ടികളെയാണ്‌ നമുക്ക്‌ കാണാന്‍ സാധിക്കുന്നത്‌. യു എസ്‌ ഡിപ്പാര്‍ട്ടുമെന്റ്‌ ഓഫ്‌ ഹെല്‍ത്ത്‌ ആന്റ്‌ ഹ്യൂമന്‍ സര്‍വീസിന്റെ കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത്‌ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഗര്‍ഭധാരണത്തിന്റെയും ഗര്‍ഭഛിദ്രത്തിന്റെയും ജനന നിരക്കിന്റെയും കണക്കുകളെ ഉദ്ധരിച്ചുകൊണ്ട്‌ പുറത്തുവിട്ട വിവരങ്ങളെ നമ്മള്‍ ഗൗവരത്തോടെ പഠിക്കേണ്ടതുണ്ട്‌.
2006-ല്‍ മാത്രം 14 വയസ്സിനും അതില്‍ താഴെയും ഉള്ള 14,790 കുട്ടികളാണ്‌ ഗര്‍ഭിണികളായത്‌. അതില്‍ പ്രസവം നടന്നത്‌ 6,376പേരും. ഗര്‍ഭഛിദ്രം നടത്തിയത്‌ 6,460 പേരും. മിസ്സ്‌ കാര്യേജ്‌ 1,930പേരും ആണത്രെ. 1972-ലെ കണക്കില്‍ 28,230 പേര്‍ ഗര്‍ഭിണികള്‍ ആയിട്ടുണ്ട്‌. 1973 മുതല്‍ 2006 വരെ 14 വയസ്സില്‍ താഴെ ഗര്‍ഭിണികളായത്‌ 8,47,520 പെണ്‍കുട്ടികളാണ്‌. അതില്‍ പ്രസവം നടന്നത്‌ 3,48,506. ഇത്‌ ഔദ്യോഗികമായ റിപ്പോര്‍ട്ടാണ്‌.
ഈ 3,48,506 പേര്‍ കൂടി ചേരുന്നതാണ്‌ അമേരിക്കന്‍ ജനസംഖ്യ എന്ന്‌ നാം മനസ്സിലാക്കണം. അമേരിക്കയിലെ മൂന്ന്‌ സ്റ്റെയിറ്റുകള്‍ ഒഴിച്ചാല്‍ ബാക്കി 47 സ്റ്റെയിറ്റുകളില്‍ 1920-ന്‌ ശേഷം വിവാഹത്തിനോ ലൈംഗികതയ്‌ക്കോ ഉള്ള പ്രായം 16 മുതല്‍ 18 വരെ ഉയര്‍ത്തി എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. അപ്പോള്‍ 14 വയസ്സില്‍ താഴെയുള്ള 3,48,506 അമേരിക്കന്‍ പൗരന്മാരുടെ പിതൃത്വം എവിടെ. ഈ അരക്ഷിതാവസ്ഥയ്‌ക്ക്‌ വിവാഹമല്ലാതെ മറ്റെന്ത്‌ പരിഹാരമാണുള്ളത്‌?!
ചരിത്രപരമായ വശം
ചരിത്രപരമായി വിവാഹത്തിനോ ലൈംഗികതക്കോ അംഗീകരിക്കപ്പെട്ട ഏറ്റവും ചെറിയ പ്രായം എത്രയെന്ന്‌ കണ്ടെത്തുക ദുഷ്‌കരമാണ്‌. പ്രാദേശികമായ കീഴ്‌വഴക്കങ്ങളുടെ അടിസ്ഥാനത്തിലാണ്‌ വിവാഹം നടന്നിരുന്നത്‌.
12-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രേഷ്യന്‍ ക്രൈസ്‌തവ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച കാനോനിക നിയമത്തെ അടിസ്ഥാനപ്പെടുത്തിയാണ്‌ യൂറോപ്പില്‍ വിവാഹപ്രായത്തെ സംബന്ധിച്ച നിയമം നിലനിന്നിരുന്നത്‌. കാനോനിക നിയമപ്രകാരം ആര്‍ത്തവം തുടങ്ങുന്ന വയസ്സ്‌ എന്നാല്‍ വിവാഹത്തിനുള്ള അനുമതിയായിരുന്നു. അത്‌ 7-ാം വയസ്സില്‍ ആണെങ്കില്‍ അപ്പോള്‍ മുതല്‍ തന്നെ വിവാഹ അനുമതി ഉണ്ടായിരുന്നു. ചില അതോറിറ്റികള്‍ ആകട്ടെ, ആര്‍ത്തവത്തിന്‌ മുന്‍പും വിവാഹം അനുവദിച്ചിരുന്നു. അത്തരം വിവാഹങ്ങള്‍ ഋതുമതിയാകുന്നതോടെ ഒഴിവാക്കുന്നില്ലെങ്കില്‍ അത്‌ നിയമവിധേയമായ വിവാഹമായിത്തന്നെ നിലനില്‌ക്കുന്നതാണ്‌. അല്ലെങ്കില്‍ ഋതുമതിയാകുന്നതിന്‌ മുന്‍പ്‌ ലൈംഗിക ബന്ധപ്പെടല്‍ നടക്കുകയോ, ഭര്‍ത്താവില്‍ നിന്നും ബലാല്‍ക്കാരമായ ബന്ധപ്പെടല്‍ നടക്കുകയോ ചെയ്‌താലും ഇത്‌ നിയമപരമായ വിവാഹമായി നിലനില്‌ക്കും. ഈ കാനോനിക നിയമം പിന്നീട്‌ ഇംഗ്ലീഷ്‌ കോമണ്‍ ലോയുടെയും യൂറോപ്യന്‍ നിയമങ്ങളുടെയും ഭാഗമായി മാറി.
ആദ്യത്തെ ഫ്രഞ്ച്‌ ഭരണഘടനപ്രകാരം ലൈംഗികതയ്‌ക്കുള്ള ഏറ്റവും ചുരുങ്ങിയ പ്രായം 11 വയസ്സായിരുന്നു. പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ഡെന്മാര്‍ക്ക്‌, സ്വിസ്സ്‌ തുടങ്ങിയ രാജ്യങ്ങള്‍ 10-12 വയസ്സും ഇംഗ്ലീഷ്‌ കോമണ്‍ ലോ 10 മുതല്‍ 12 വയസ്സുവരെയും 1880-കള്‍ മുതല്‍ അമേരിക്കയിലെ മിക്ക സ്റ്റേറ്റുകളും 10-12 വയസ്സുമായിരുന്നു. ഈ നിയമങ്ങള്‍ക്കാകട്ടെ നൂറോ നൂറ്റന്‍പതോ വര്‍ഷത്തെ പ്രായം മാത്രമാണുള്ളത്‌. എന്നാല്‍ ഇവിടെ നിന്നുമാണ്‌ 1400 വര്‍ഷം പഴക്കമുള്ള പ്രവാചകന്റെ വിവാഹത്തെ വിമര്‍ശിക്കുന്നത്‌ എന്നോര്‍ക്കണം. മാത്രമല്ല 1960-കള്‍ക്ക്‌ ശേഷം അമേരിക്കയില്‍ ചുരുങ്ങിയ പ്രായം 16 മുതല്‍ 18 വയസ്സിലേക്ക്‌ ഉയര്‍ത്തിയശേഷം അമേരിക്കയില്‍ പ്രസവിച്ചുകൂട്ടിയ പിതൃത്വം നഷ്‌ടപ്പെട്ട പൗരന്മാരെ നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്‌. ഇപ്പോഴും ലൈംഗികതയുടെ മിനിമം പ്രായം സ്‌പെയിനില്‍ 13 ആണ്‌ എന്നതും നമ്മള്‍ വിസ്‌മരിക്കരുത്‌.
ഇസ്‌ലാമാകട്ടെ, ലൈംഗികതക്കുള്ള ചുരുങ്ങിയ പ്രായം ക്ലിപ്‌തപ്പെടുത്തിയിട്ടില്ല. അത്‌ അപ്രായോഗികവും പ്രകൃതിവിരുദ്ധവും എല്ലാ കാലങ്ങള്‍ക്കും എല്ലാ ദേശങ്ങള്‍ക്കും ഒരിക്കലും അനുയോജ്യമാകാത്തതുമായതുകൊണ്ടുതന്നെ. ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം ലൈംഗിക താല്‌പര്യത്തോടെയുള്ള പരസ്‌ത്രീ പുരുഷ ദര്‍ശനത്തെപ്പോലും നിഷിദ്ധമായി പരിഗണിക്കുന്നു. അതുകൊണ്ടുതന്നെ കന്യകാത്വം, ലൈംഗികതയില്‍ നിന്നും വിട്ടുനില്‌ക്കല്‍ എന്നീ പദങ്ങളുടെ നിര്‍വചനത്തില്‍ ഒരു മുസ്‌ലിമിനും ഭിന്ന വ്യാഖ്യാനമില്ല. പ്രവാചകന്റെ ചര്യയനുസരിച്ച്‌ ലൈംഗിക ബന്ധത്തോടെയുള്ള വിവാഹത്തിന്റെ ചുരുങ്ങിയ പ്രായം ഋതുമതിയാകല്‍ തന്നെയാണ്‌. ഇതാണ്‌ പ്രകൃതിപരമായി ശരിയായ സമീപനം.
ഇതിനര്‍ഥം സമൂഹത്തെ എല്ലാ സ്‌ത്രീകളും ആര്‍ത്തവം എത്തിയാല്‍ ഉടന്‍ വിവാഹം കഴിക്കണം എന്നല്ല. മറിച്ച്‌, അനിവാര്യമായി തോന്നുന്ന ആളുകള്‍ക്ക്‌, വഴിവിട്ട ലൈംഗിക ജീവിതത്തിലേക്ക്‌ പോകുന്നതിനും അതിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ പിതൃത്വം നഷ്‌ടമാകാതിരിക്കുന്നതിനും സമൂഹത്തില്‍ അനാഥരുടെയും വഞ്ചിക്കപ്പെട്ട പെണ്‍കുട്ടികളുടെയും സമൂഹം ഉണ്ടാകാതിരിക്കാനും പ്രകൃതിമതമായ ഇസ്‌ലാം കൃത്യതയുള്ള നിയമം ഉണ്ടാക്കി. അത്‌ വിവാഹത്തിന്‌ പുറത്തുള്ള ലൈംഗികത കഠിനശിക്ഷ നല്‍കുന്ന കുറ്റമായി പരിഗണിച്ചു.
എന്നാല്‍ മാന്യമായ രൂപത്തില്‍ വിവാഹത്തിലൂടെ ലൈംഗിക പൂര്‍ത്തീകരണത്തിന്‌ അവസരം നല്‍കുകയും ചെയ്‌തു. ചുരുക്കത്തില്‍, നിലവിലെ സാഹചര്യങ്ങള്‍ വെച്ചുനോക്കുമ്പോള്‍ വിവാഹപ്രായം സംബന്ധിച്ച ഇസ്‌ലാമിന്റെ കാഴ്‌ചപ്പാട്‌ തന്നെയാണ്‌ പ്രായോഗികവും അന്യൂനവുമെന്ന്‌ വ്യക്തമാകും

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: