ഭരണാധികാരികളും പ്രജകളുമായുള്ള ബന്ധം
ഭരണാധികാരികളും പ്രജകളുമായുള്ള ബന്ധം എപ്പോഴും സുശക്തമായിരിക്കേണ്ടതുണ്ട്. ഇതിന് ഭരണാധികാരിയില്‍ ഉണ്ടായിരിക്കേണ്ട സ്വഭാവ ഗുണങ്ങളെ പറ്റി ഖുര്‍ആന്‍ പറയുന്നു: ``(നബിയേ,) അല്ലാഹുവില്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്.
എ അബ്‌ദുല്‍ഹമീദ് മദീനി
ഭരണാധികാരികളും പ്രജകളുമായുള്ള ബന്ധം എപ്പോഴും സുശക്തമായിരിക്കേണ്ടതുണ്ട്. ഇതിന് ഭരണാധികാരിയില്‍ ഉണ്ടായിരിക്കേണ്ട സ്വഭാവ ഗുണങ്ങളെ പറ്റി ഖുര്‍ആന്‍ പറയുന്നു: ``(നബിയേ,) അല്ലാഹുവില്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്.
നീ ഒരു പരുഷസ്വഭാവിയും കഠിന ഹൃദയനുമായിരുന്നെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ വേര്‍പിരിഞ്ഞു പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പ് കൊടുക്കുകയും അവര്‍ക്കു വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ അവരോട് കൂടി ആലോചിക്കുകയും ചെയ്യുക. അങ്ങനെ ഒരു തീരുമാനം എടുത്തുകഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‌പിക്കുക. തന്നില്‍ ഭരമേല്‌പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്‌ടപ്പെടുന്നതാണ്.'' (3:159)
ഏതൊരു പ്രജയും ഭരണാധികാരിയില്‍ നിന്ന് കാരുണ്യവും സ്‌നേഹവും നീതിയും ആഗ്രഹിക്കുന്നു. ഇത് ഭരണാധികാരികള്‍ ജനങ്ങള്‍ക്ക് നല്‌കിയാല്‍ അവരെ ഭരണാധികാരിക്ക് അനുകൂലമാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. അവരില്‍ നിന്ന് പ്രതീക്ഷക്ക് വിപരീതമായി തെറ്റുകള്‍ ഉണ്ടായാല്‍ പോലും മാപ്പ് കൊടുക്കണമെന്നാണ് വിശുദ്ധ ഖുര്‍ആനിന്റെ നിര്‍ദേശം. ഭരണാധികാരിയുടെ നയങ്ങളില്‍ ചിലപ്പോള്‍ തെറ്റുകള്‍ പറ്റാം. അങ്ങനെ തെറ്റു പറ്റിയാല്‍ ഭരണാധികാരി ഒറ്റപ്പെടാതിരിക്കാന്‍ ഏതൊരു കാര്യവും തന്റെ പ്രജകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരുമായി കൂടിയാലോചിക്കണമെന്നും ഖുര്‍ആന്‍ നിര്‍ദേശിക്കുന്നു. ഈ ബന്ധം സുശക്തമായി നിലനില്‌ക്കാന്‍ ഭരണാധികാരികളും പ്രജകളും താഴെ പറയുന്ന കാര്യങ്ങള്‍ പാലിക്കേണ്ടതാണെന്ന് ഖുര്‍ആന്‍ പറയുന്നു.
നീതി
ഭരണാധികാരികള്‍ എപ്പോഴും നീതി പാലിക്കണം. നീതി പാലനം തനിക്കും തന്റെ കുടുംബത്തിനും എതിരായിരുന്നാല്‍ പോലും നീതി മാത്രമേ ചെയ്യാവൂ. അല്ലാഹു പറയുന്നു: ``സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനു വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലക്ക് കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്ക് പ്രതികൂലമായിരുന്നാല്‍ പോലും. (കക്ഷി) ധനികനോ ദരിദ്രനോ ആകെട്ടെ, ആ രണ്ടു വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ, തന്നിഷ്‌ടങ്ങളെ പിന്‍പറ്റരുത്. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റിയെല്ലാം അല്ലാഹു സൂക്ഷ്‌മമായി അറിയുന്നവനാകുന്നു. (4:135)
``സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനു വേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള വിദ്വേഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാവരുത്. നിങ്ങള്‍ നീതിപാലിക്കുക. അതാണ് ധര്‍മനിഷ്‌ഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്‌മമായി അറിയുന്നവനാകുന്നു.''(5:8)
ശൂറാ
ഭരണാധികാരികള്‍ തന്നിഷ്‌ടം പ്രവര്‍ത്തിക്കുന്നവരാവരുത്. അതിനാല്‍ എല്ലാ കാര്യങ്ങളും മറ്റുള്ളവരുമായി കൂടിയാലോചിച്ചു മാത്രമേ പ്രവര്‍ത്തിക്കാവൂ. എല്ലാവരുമായി കൂടിയാലോചിക്കാന്‍ ഓരോ ഭരണാധികാരിയും ഒരു കൂടിയാലോചനാ സമിതി ഉണ്ടാക്കേണ്ടതാണ്. ഖുര്‍ആന്‍ പറയുന്നു: ``(ഭരണ) കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുക. അങ്ങനെ നീ ഒരു തീരുമാനമെടുത്തു കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‌പിക്കുക. തന്നില്‍ ഭരമേല്‌പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്‌ടപ്പെടുന്നു.'' (3:159)
``തങ്ങളുടെ രക്ഷിതാവിന്റെ ആഹ്വാനം സ്വീകരിക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും തങ്ങളുടെ (ഭരണ) കാര്യങ്ങള്‍ തീരുമാനിക്കുന്നത് അന്യോന്യമുള്ള കൂടിയാലോചനയിലൂടെ ആയിരിക്കുകയും നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്കും (അവകാശപ്പെട്ടതാണ് അല്ലാഹുവിന്റെ പക്കലുള്ള അനുഗ്രഹം).'' (42:38)
വിശുദ്ധ ഖുര്‍ആനില്‍ ശൂറാ (കൂടിയാലോചന) എന്ന പേരില്‍ ഒരധ്യായം തന്നെ കാണാം, സത്യസന്ധനായ ഭരണാധികാരിയില്‍ ഉണ്ടായിരിക്കേണ്ട ഒരു ഗുണമാണ് കൂടിയാലോചന, മുഹമ്മദ് നബി(സ) നയപരമായ ഏതൊരു കാര്യവും അനുയായികളുമായി കൂടിയാലോചിച്ച ശേഷമേ നടപ്പിലാക്കിയിരുന്നുള്ളൂ. പലപ്പോഴും അനുയായികളുടെ അഭിപ്രായത്തിനു മുന്നില്‍ നബി(സ) തന്റെ അഭിപ്രായം പിന്‍വലിച്ചിട്ടുണ്ട്.
ജനനന്മ ഉറപ്പ് വരുത്തല്‍
ഒരു ഭരണാധികാരി എപ്പോഴും പൊതുനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണം. തന്റെ ഭരണം ജനങ്ങള്‍ക്ക് നന്മ വരുത്താന്‍ വേണ്ടിയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുകയും വേണം. അതിനാല്‍ ഒരു ഭരണാധികാരി നീതി ചെയ്‌താല്‍ മാത്രം പോരാ, താന്‍ ചെയ്‌തത് നീതിയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം. ഒരിക്കല്‍ ഖലീഫ ഉമറുല്‍ ഫാറൂഖ് പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍, ജനങ്ങളേ, ഞാന്‍ പറയുന്നത് നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക എന്ന് പറഞ്ഞു. ഇതുകേട്ട് സദസ്സില്‍ നിന്ന് ഒരാള്‍, നീ പറയുന്നത് ഞങ്ങള്‍ കേള്‍ക്കുകയുമില്ല, അനുസരിക്കുകയുമില്ല എന്നു പറഞ്ഞു. ഉമര്‍: എന്തുകൊണ്ട്? അപരന്‍: താങ്കള്‍ വഞ്ചന കാണിച്ചു, അതുതന്നെ കാരണം. ഉമര്‍: എന്താണ് ഞാന്‍ കാണിച്ച വഞ്ചന? അപരന്‍: യമനില്‍ നിന്ന് ബൈതുല്‍മാലിലേക്ക് വസ്‌ത്രങ്ങള്‍ വന്നപ്പോള്‍ താങ്കള്‍ ഞങ്ങള്‍ക്കെല്ലാം ഓരോ കഷ്‌ണം തുണി തന്നു. താങ്കള്‍ ഇപ്പോള്‍ ധരിച്ചിരിക്കുന്ന കുപ്പായം രണ്ടു കഷ്‌ണം തുണികൊണ്ട് തുന്നിയതാണ്. എവിടുന്ന് കിട്ടി താങ്കള്‍ക്ക് രണ്ടു കഷ്‌ണം? ഇതു വഞ്ചനയല്ലേ?
ഉമര്‍(റ) മിന്‍ബറില്‍ നിന്നുകൊണ്ട് ഇതിന് മറുപടി എന്റെ മകന്‍ അബ്‌ദുല്ല പറയും എന്ന് പറഞ്ഞു. ഉടനെ അബ്‌ദുല്ലാഹിബ്‌നു ഉമര്‍ എഴുന്നേറ്റ് നിന്നു പറഞ്ഞു: ജനങ്ങളേ, എന്റെ ഉപ്പാക്ക് കണ്ടംവെച്ച ഒരു കുപ്പായം മാത്രമേയുള്ളൂ. അതലക്കിയാല്‍ ഉണങ്ങുന്നതുവരെ എന്റെ ഉപ്പ പുറത്തിറങ്ങാറില്ല. ഈ ദയനീയാവസ്ഥ കണ്ടപ്പോള്‍, ഞാന്‍ എന്റെ ഓഹരി അദ്ദേഹത്തിന് കൊടുത്തു. അങ്ങനെയാണ് രണ്ടു കഷ്‌ണം കൊണ്ടുള്ള കുപ്പായം തുന്നിച്ചത്. ഇതുകേട്ട് ജനങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു: ഉമര്‍, താങ്കള്‍ നീതിമാനാണ്. പറഞ്ഞോളൂ. ഞങ്ങള്‍ കേള്‍ക്കാം, കല്‌പിച്ചോളൂ ഞങ്ങള്‍ അനുസരിക്കാം. താന്‍ ചെയ്‌തത് നീതിയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയ ഉമറിന് അവരുടെ ഹൃദയങ്ങളില്‍ വളരെ വലിയ സ്ഥാനമാണ് നേടാന്‍ കഴിഞ്ഞത്.
സ്വേച്ഛാധിപതികളായ ഭരണകര്‍ത്താക്കളെ പറ്റി ഖുര്‍ആന്‍ പറയുന്നു: ``ചില ആളുകള്‍ ഐഹിക ജീവിതകാര്യത്തില്‍ അവരുടെ സംസാരം നിനക്ക് കൗതുകം തോന്നിക്കും. അവരുടെ ഹൃദയശുദ്ധിക്ക് അവര്‍ അല്ലാഹുവെ സാക്ഷി നിര്‍ത്തുകയും ചെയ്യും. വാസ്‌തവത്തില്‍, അവര്‍ (സത്യത്തിന്റെ) കഠിനവൈരികളത്രെ. അവര്‍ അധികാരം ഏറ്റെടുത്താല്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനും വിള നശിപ്പിക്കാനും ജീവനൊടുക്കാനുമായിരിക്കും ശ്രമിക്കുക. നശീകരണം അല്ലാഹു ഇഷ്‌ടപ്പെടുകയില്ല. അല്ലാഹുവെ സൂക്ഷിക്കുക എന്നവരോടാരെങ്കിലും പറഞ്ഞാല്‍ ദുരഭിമാനം അവരെ പാപത്തില്‍ പിടിച്ചുനിറുത്തുന്നു. അവര്‍ക്ക് നരകം തന്നെ മതി. അത് എത്രയോ മോശമായ പാര്‍പ്പിടം.'' (2:204-205)
ഭരണാധികാരികളും പ്രജകളും തമ്മിലുള്ള സഹകരണം
ഭരണാധികാരികളും പ്രജകളും പരസ്‌പരം സഹകരിച്ചാല്‍ മാത്രമേ നാട്ടില്‍ ശരിയായ നീതിയും സമാധാനവും ശാന്തിയും നിലനില്‌ക്കുകയുള്ളൂ. ഇതിന് പുറമെ ജനങ്ങള്‍ ജാതിമത ഭേദമില്ലാതെ നാടിന്റെ പൊതു നന്മയില്‍ സഹകരിക്കുകയും വേണം. ഈ സഹകരണം നാടിന്റെ മൊത്തത്തിലുള്ള അഭിവൃദ്ധിക്ക് കാരണമായിത്തീരുമെന്നതില്‍ സംശയമില്ല. അങ്ങനെ ജനങ്ങള്‍ എല്ലാവരും നന്മയില്‍ സഹകരിക്കുകയും തിന്മയെ ഒറ്റക്കെട്ടായി പ്രതിരോധിക്കുകയും ചെയ്‌താല്‍ സ്വര്‍ഗീയാനുഭൂതി ഈ ലോകത്ത് വെച്ചുതന്നെ മനുഷ്യര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്നതാണ്.
ഖുര്‍ആന്‍ പറയുന്നു: ``പുണ്യത്തിലും ധര്‍മനിഷ്‌ഠയിലും നിങ്ങള്‍ അന്യോന്യം സഹകരിക്കുക. പാപത്തിലും അക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.'' (5:2)
സാംസ്‌കാരിക ഉന്നമനം
ഭരണാധികാരികള്‍ ഭരണീയരെ സംസ്‌കാരശൂന്യമായ പ്രവൃത്തികളില്‍ നിന്ന് സംരക്ഷിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണം. അവരുടെ ജീവനും വിശ്വാസവും സമ്പത്തും ആത്മാഭിമാനവും അവരുടെ സന്താനങ്ങളെയും സംരക്ഷിക്കണം. അക്രമിയില്‍ നിന്ന് അക്രമിക്കപ്പെട്ടവന് നീതി ലഭിക്കണം. ഇതിനെല്ലാം വേണ്ടിയാണ് വിവിധ ശിക്ഷാസമ്പ്രദായങ്ങള്‍ ഖുര്‍ആന്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
0 comments: