റമദാന്‍ പാപമോചനത്തിന്റെ മാസം
``സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക, നിങ്ങള്‍ മുസ്‌ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്.'' (വി.ഖു 3:102). `തഖ്‌വയോടെ ജീവിക്കണമെന്നും' `മുസ്‌ലിമായിട്ടല്ലാതെ മരിക്കരുതെന്നും' വിശ്വാസികളോടുള്ള പടച്ചതമ്പുരാന്റെ വസ്വിയത്താണ് ഈ സൂക്തം. നാഥന്റെ വസ്വിയത്തിനെ പൂര്‍ത്തീകരിക്കുന്നവന്‍ വിജയം കൈവരിച്ച വിശ്വാസിയാണ്. ഓരോ റമദാനും ഇത്തരം വസ്വിയ്യത്തുകളെ ജീവിതത്തില്‍ സജീവമാക്കാനുള്ള അവസരങ്ങളാണ്.
വിശ്വാസികളോട് തഖ്‌വയുണ്ടാകണമെന്നും മുസ്‌ലിമായിട്ടല്ലാതെ മരിക്കരുതെന്നും പറയുമ്പോള്‍ പാപം കൊണ്ടുള്ള അശ്രദ്ധ കൊണ്ടും തഖ്‌വയും ഈമാനും നഷ്‌ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ പാപങ്ങളില്‍ മലിനമായ മനസ്സിനെ വീണ്ടും വിശ്വാസംകൊണ്ട് സംശുദ്ധീകരിക്കാന്‍ അല്ലാഹുവിലേക്കുള്ള പൂര്‍ണമായ മടക്കം അനിവാര്യമാണ്; റമദാന്‍ മാസം ഇത്തരമൊരു മടക്കത്തിനുള്ള വാര്‍ഷികാവസരമാണ്.
പാപവും പാപപരിഹാരവും
എത്ര ഭക്തിയുള്ള മനസ്സായാലും തെറ്റ് ചെയ്യാനുള്ള പ്രേരണ സദാ അവനിലുണ്ടാകുന്നതാണ്, അത് മനുഷ്യപ്രകൃതിയാണെന്നാണ് സ്രഷ്‌ടാവ് തന്റെ പ്രവാചകരിലൂടെ പ്രഖ്യാപിക്കുന്നത്. യൂസുഫ്(അ) പറയുന്നു: ``ഞാന്‍ എന്റെ മനസ്സിനെ കുറ്റത്തില്‍ നിന്നൊഴിവാക്കുന്നില്ല. തീര്‍ച്ചയായും മനസ്സ് ദുഷ്‌പ്രവര്‍ത്തിക്ക് ഏറെ പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു.'' (വി.ഖു 12:53)
ആദം(അ) പോലും പാപം ചെയ്‌തുവെന്നും പ്രസ്‌തുത പാപം പാപമോചനത്തിലൂടെ പരിഹരിക്കപ്പെട്ടുവെന്നും വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു. മാത്രമല്ല, നിരന്തരം പാപം ചെയ്‌തവരോട് പോലും ദൈവസന്നിധിയിലേക്ക് പാപരഹിതരായി മടങ്ങാന്‍ ഇസ്‌ലാം ആവശ്യപ്പെടുന്നു. ``പറയുക: (പ്രവാചകരേ,) സ്വന്തം ആത്മാക്കളോട് അക്രമം പ്രവര്‍ത്തിച്ചുപോയ എന്റെ ദാസരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്, തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്, തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.''
പാപമോചനത്തിന്റെ ഇസ്‌ലാമിക വീക്ഷണം വളരെ സുതാര്യമാണ്. തികച്ചും വൈചാരികവും യുക്തിഭദ്രവും സാന്തനാര്‍ഹവും പ്രതീക്ഷാര്‍ഹവുമാണ് ഇസ്‌ലാമിലെ പാപപരിഹാര വ്യവസ്ഥ. ക്രൈസ്‌തവതയെപ്പോലെ ജന്മപാപമെന്ന തീരാപാപം മനുഷ്യന്റെ മേല്‍ അടിച്ചേല്‌പിക്കുകയും ആദാം ചെയ്‌ത പാപത്തിന്റെ ഭാരം പേറുന്നവനായി ഭൂമിയിലെ എല്ലാ മനുഷ്യരെയും കാണുകയും പാപഭാരം തീരണമെങ്കില്‍ പാപമേറ്റെടുത്ത് കുരിശില്‍ ജീവന്‍ വരിച്ച ക്രിസ്‌തുവില്‍ വിശ്വസിക്കണമെന്നുമാണ് ക്രിസ്‌തുമത വിശ്വാസം. പ്രമാണത്തിനും യുക്തിക്കും നീതിബോധത്തിനും നിരക്കാത്ത വിശ്വാസം പഠിപ്പിക്കുകയും മറ്റു പാപങ്ങളൊക്കെ പള്ളിയിലെ കുമ്പസാരത്തിലൂടെ തീര്‍ക്കാമെന്ന കുറുക്കുവഴിയുമാണ് അവതരിപ്പിക്കുന്നത്. മനുഷ്യജീവിതത്തിന്റെ മുമ്പില്‍ സമ്പൂര്‍ണ മോക്ഷസിദ്ധാന്തം അവതരിപ്പിച്ച വിശുദ്ധ ഖുര്‍ആന്‍ പ്രവാചക പ്രമുഖരുടെ പാപമോചന പ്രാര്‍ഥന വിശ്വാസികളെ ബോധിപ്പിക്കുന്നുണ്ട്.
നൂഹ്(അ) പറയുന്നു: ``(രക്ഷിതാവേ) നീ പൊറുക്കുകയും കാരുണ്യം കാണിക്കുകയും ചെയ്‌തില്ലെങ്കില്‍ ഞാന്‍ നഷ്‌ടക്കാരില്‍ പെട്ടുപോകും.'' (11:47) (91:28)
മൂസ(അ) പറയുന്നു: ``അദ്ദേഹം പറഞ്ഞു: എന്റെ റബ്ബേ, ഞാന്‍ എന്റെ സ്വന്തത്തോട് അക്രമം പ്രവര്‍ത്തിച്ചു. എനിക്ക് നീ പൊറുത്ത് തരേണമേ, അപ്പോള്‍ നാഥന്‍ അദ്ദേഹത്തിന്ന് പൊറുത്ത് കൊടുത്തു. തീര്‍ച്ചയായും, അവന്‍ പൊറുക്കുന്നവനും കാരുണ്യവാനുമാണ്.''
ഹാറൂന്‍(അ) പറയുന്നു: ``എന്റെ നാഥാ, എനിക്കും എന്റെ സഹോദരനും നീ പൊറുത്ത് തരേണമേ, ഞങ്ങളെ നീ നിന്റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കേണമേ. നീ സര്‍വ കാരുണ്യവാനാണ്.'' (7:151)
ദാവൂദ് നബി(അ)നെപ്പറ്റി ഖുര്‍ആന്‍ ``അദ്ദേഹം തന്റെ നാഥരോട് പാപമോചനം നടത്തി റുകൂഇല്‍ വീഴുകയും യാചിച്ച് മടക്കുകയും ചെയ്‌തു'' എന്ന് (38:24) പറയുന്നുണ്ട്. സുലൈമാന്‍ നബി(അ) ``എന്റെ നാഥാ എന്നിട്ട് നീ പൊറുത്ത് തരുകയും എനിക്ക് നീ അധികാരം നല്‌കുകയും ചെയ്യേണമേ'' എന്ന് (38:35) പറയുന്നു.
മുഹമ്മദ് നബി(സ)യോട് ``താങ്കള്‍ താങ്കളുടെ പാപത്തിനും വിശ്വാസികള്‍ക്കും വിശ്വാസിനികള്‍ക്കും വേണ്ടി പാപമോചനം നടത്തണമെന്ന്'' അല്ലാഹു ഉണര്‍ത്തുന്നു (ഖുര്‍ആന്‍ 47:19)
അതുകൊണ്ടുതന്നെ അന്ത്യനാള്‍ വരെയുള്ള മനുഷ്യരോട് മുഴുവനായി ``നിങ്ങള്‍, അവനിലേക്കുള്ള പാതയില്‍ നേരെ നിലനില്‌ക്കുക, അവനോട് നിങ്ങള്‍ പാപമോചനം തേടുകയും ചെയ്യുക എന്നാണ് ഖുര്‍ആന്‍ ആജ്ഞാപിക്കുന്നത് (41:6). എന്തെന്നാല്‍ പാപമോചനം മനുഷ്യ ജീവിതയാത്രയിലെ വഴിത്തിരിവാണ്. പഴയ ജീവിതത്തില്‍ നിന്നൊരു മാറ്റവും പുതിയ ജീവിതത്തിലേക്കുള്ള മാനസിക തയ്യാറെടുപ്പിന്റെ വേദിയുമാണ് പാപമോചനം, വര്‍ഷത്തില്‍ നമ്മിലേക്കെത്തുന്ന റമദാനെന്ന അതിഥി വിശ്വാസികള്‍ക്ക് പാപമോചനത്തിന്റെ ദിനരാത്രങ്ങളാണ്. റമദാനിനെ വരവേല്‍ക്കുന്ന വിശ്വാസികള്‍ തങ്ങളുടെ പാപമോചനത്തിനു കൂടി റമദാനിനെ ഉപയോഗപ്പെടുത്തണമെന്നാണ് ഓരോ റമദാനും ആവശ്യപ്പെടുന്നത്. അതുകൊണ്ടാണ് പ്രവാചകന്‍(സ) റമദാന്‍ വന്നിട്ടും അവന്റെ തിന്മകള്‍ പൊറുക്കപ്പെട്ടില്ലെങ്കില്‍ പിന്നെ ആരാണത് പൊറുത്തുക കൊടുക്കുക എന്ന് പറഞ്ഞത്.
പാപമോചനം ജീവിതത്തിന്റെ വിജയമാണെന്നാണ് അല്ലാഹു പറയുന്നത്. ``ഹേ വിശ്വാസികളെ അല്ലാഹുവിങ്കലേക്ക് ഖേദിച്ച് മടങ്ങുക, നിങ്ങള്‍ വിജയികളായാക്കാം (ഖുര്‍ആന്‍ 24:31). പാപമോചനം നേടാത്തവര്‍ അക്രമികളാണ്. ``പാപത്തില്‍ നിന്ന് ഖേദിച്ച് മടങ്ങാത്തവര്‍ തന്നെയാണ് അക്രമകാരികള്‍.'' (49:11)
നബി(സ) പറയുന്നു: ``ജനങ്ങളേ, അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുകയും അവനോട് പാപമോചനം തേടുകയും ചെയ്യുക. എന്തെന്നാല്‍ തീര്‍ച്ചയായും ഞാനും ഒരു ദിവസം നൂറുതവണ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുന്നു.'' (മുസ്‌ലിം)
പാപമോചനത്തിനുവേണ്ടി മനസ്സു തുറക്കാത്തവരോട് അല്ലാഹു ഖുദ്‌സിയായ ഒരു ഹദീസിലൂടെ പറയുന്നു: ``എന്റെ അടിമകളേ, നിങ്ങള്‍ രാവും പകലും തെറ്റ് ചെയ്യുന്നവരാണ്. ഞാന്‍ നിങ്ങള്‍ക്ക് പാപം പൊറുത്തുതരുന്നതാണ്, എന്നോട് പാപമോചനം തേടൂ.'' (മുസ്‌ലിം)
അനസ്(റ) പറയുന്നു: ``ഞാന്‍ റസൂല്‍(സ) പറയുന്നതു കേട്ടു. എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനാണ് സത്യം, നിങ്ങള്‍ ആകാശഭൂമികള്‍ നിറയുമാറ് തെറ്റ് ചെയ്‌താലും എന്നിട്ട് നിങ്ങള്‍ പാപമോചനത്തിനിരന്നാല്‍ അവന്‍ നിങ്ങള്‍ക്ക് പൊറുത്തു തരും.'' (തിര്‍മിദി)
അല്ലാഹുവിന്റെ രണ്ട് വിശേഷണങ്ങളാണ് പൊറുത്തുകൊടുക്കുന്നവന്‍, പശ്ചാത്താപം സ്വീകരിക്കുന്നവന്‍ എന്നിവ. റസൂല്‍(സ) പറയുന്നു: ``പകല്‍ പാപം ചെയ്യുന്നവന്റെ പശ്ചാത്താപം സ്വീകരിക്കാന്‍ രാത്രിയും, രാത്രി പാപം ചെയ്യുന്നവന്റെ പശ്ചാത്താപം സ്വീകരിക്കാന്‍ പകലിലും സൂര്യോദയം മുതല്‍ സൂര്യാസ്‌തമയം വരെയും അല്ലാഹു തന്റെ കരവും നീട്ടിയിരിക്കുന്നു.'' (മുസ്‌ലിം)
പാപമോചനത്തിന്റെ ഫലങ്ങള്‍
പാപം ചെയ്‌ത മനുഷ്യന്‍, പശ്ചാത്തപിച്ച് അല്ലാഹുവിലേക്ക് മടങ്ങുമ്പോള്‍ അവനുണ്ടാകുന്ന സന്തോഷം തന്റെ ദാസന്റെ മേല്‍ അനുഗ്രഹങ്ങളായി വര്‍ഷിക്കുന്നവനാണ് കാരുണ്യവാനായ നാഥന്‍. പാപമോചനത്തിലേക്ക് മനുഷ്യനെ ക്ഷണിക്കുന്ന മിക്ക വചനങ്ങളിലും അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി പരാമര്‍ശിച്ചിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ജീവിതവിജയത്തിന്റെ നിദാനമായി പാപമോചനത്തെ അവതരിപ്പിക്കുന്ന ഇസ്‌ലാം (ഖുര്‍ആന്‍ 24:31) പാപമോചനത്തിന്റെ നിസ്‌തുലമായ ശ്രേഷ്‌ടതകളെ വിശ്വാസികളെ ബോധിപ്പിക്കുന്നു.
1). ശിക്ഷയില്‍ നിന്ന് നിര്‍ഭയത്വം: താങ്കള്‍ അവരിലുണ്ടാകുമ്പോള്‍ അല്ലാഹു അവരെ ശിക്ഷിക്കുകയില്ല. അവര്‍ പാപമോചനം നടത്തുന്നവരാകുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുകയില്ല.'' (ഖുര്‍ആന്‍ 8:33). ഉപര്യുക്ത സൂക്തത്തില്‍ രണ്ടു കാര്യങ്ങളാണ് ശിക്ഷയില്ലാതിരിക്കാന്‍ പറഞ്ഞത്. ഒന്ന്, പ്രവാചക തിരുമേനിയുടെ സാന്നിധ്യം (അത് കഴിഞ്ഞുപോയി). രണ്ട്: ജനത പാപമോചനം നടത്തുന്നവരാകുക (അത് ഖിയാമത്ത് നാള്‍ വരെ നിലനില്‌ക്കുന്നതാണ്)
2). ദു:ഖങ്ങളകറ്റുന്നു: ഇബ്‌നു അബ്ബാസില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ആരെങ്കിലും പാപമോചനം പതിവാക്കിയാല്‍, അല്ലാഹു അവന്റെ എല്ലാ ദു:ഖങ്ങള്‍ക്കും വിടുതിനല്‍കുന്നു. അവന്റെ പ്രയാസങ്ങള്‍ ദൂരീകരിക്കുന്നു. വിചാരിക്കാത്ത രീതിയില്‍ ഉപജീവനം നല്‌കുന്നു.'' (അബൂദാവൂദ്, ഇബ്‌നുമാജ, മുഹമ്മദ് അഹ്‌മദ്). അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മം ചെയ്യുകയും ചെയ്യുന്ന വിശ്വാസികള്‍ക്ക് അല്ലാഹു വാഗ്‌ദാനം ചെയ്‌ത പല അനുഗ്രഹങ്ങളും തടയപ്പെടുന്നതിന്റെ കാരണങ്ങളിലൊന്ന് അറിഞ്ഞോ അറിയാതെയോ ചെയ്‌ത പാപങ്ങള്‍ക്കുവേണ്ടി നാഥനോട് വിനീതമായി ഏറ്റുപറയാത്തത് തന്നെയാണ്.
3). അല്ലാഹുവിന്റെ കാരുണ്യത്തിന് വിധേയമാകും: പ്രത്യേകമായി ലഭിക്കുന്ന അല്ലാഹുവിന്റെ കാരുണ്യം പങ്കുവെക്കാന്‍ കഴിയാത്ത അനുഭൂതിയാണ്. കാരുണ്യം ഉഷ്‌ണമാര്‍ന്ന ജീവിതയാത്രയിലെ തണലും കുളിരുമാണ്. സ്വര്‍ഗപ്രവേശം പോലും അല്ലാഹുവിന്റെ കാരുണ്യത്തെ ആസ്‌പദമാക്കിയാണെന്നാണ് നബി(സ) പഠിപ്പിച്ചിട്ടുള്ളത്.
സ്വാലിഹ് നബി(അ) തന്റെ ജനങ്ങളോട് പറയുന്നു: ``എന്റെ ജനങ്ങളെ നിങ്ങളെന്തിനാണ് നന്മക്ക് മുമ്പായി തിന്മക്ക് തിടുക്കം കാണിക്കുന്നത്. നിങ്ങള്‍ക്ക് അല്ലാഹുവോട് പാപമോചനം തേടിക്കൂടെ, എങ്കില്‍ നിങ്ങള്‍ക്ക് കാരുണ്യം നല്‌കപ്പെട്ടേക്കാം.'' (ഖുര്‍ആന്‍ 27:46). ഒരുത്തന് അല്ലാഹുവിന്റെ കാരുണ്യം ലഭിക്കണമെങ്കില്‍ പാപമോചനമാണ് അതിനുള്ള പരിഹാരം. ``ആരെങ്കിലും വല്ല തിന്മ ചെയ്യുകയോ സ്വന്തത്തോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്‌ത് അല്ലാഹുവോട് പാപമോചനം തേടിയാല്‍ ഏറെ പൊറുക്കുന്നവനും ഏറെ കരുണാനിധിയുമായി അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്.'' (ഖുര്‍ആന്‍ 4:110)
4). ഐഹിക ജീവിതത്തിന്നാശ്വാസം: വിശ്വാസികള്‍ നിരന്തരം പാപമോചനം നടത്തിയാല്‍ ഐഹിക ജീവിതത്തിന് ആശ്വാസം നല്‍കുമെന്ന് അല്ലാഹു അറിയിക്കുന്നു. ``നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും അവനിലേക്ക് ഖേദിച്ച് മടങ്ങുകയും ചെയ്യുക. നിര്‍ണിതമായ ഒരു പരിധിവരെ അവന്‍ നിങ്ങള്‍ക്ക് സൗഖ്യമനുഭവിപ്പിക്കുകയും ഉദാരതയുള്ളവര്‍ക്ക് തങ്ങളുടെ, ഉദാരതകള്‍ക്ക് പ്രതിഫലം നല്‌കുകയും ചെയ്യുന്നതാണ്.'' (വി.ഖു 11:3)
5). വരള്‍ച്ചയില്‍ നിന്ന് മോചനം: പാപമോചനം നടത്തുന്ന സമൂഹത്തില്‍ വരള്‍ച്ചയുണ്ടാകില്ലെന്നും സമുദായത്തിന് അന്തസ്സും ശക്തിയും നല്‌കുമെന്നും ഹൂദ്(അ) തന്റെ ജനതയോട് പറയുന്നുണ്ട്. ``എന്റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക, അവനിലേക്ക് ഖേദിച്ച് മടങ്ങുക. എന്നാല്‍ അവന്‍ നിങ്ങള്‍ക്ക് സമൃദ്ധമായ മഴ നല്‌കുന്നു. നിങ്ങളുടെ ശക്തിയിലേക്കവന്‍ കൂടുതല്‍ ശക്തിയും നല്‌കുന്നതാണ്.'' (വി.ഖു 11:52)
6). സന്താനങ്ങള്‍, ജീവിതാനുഗ്രഹങ്ങള്‍: നൂഹ്(അ) തന്റെ ജനതയോട് പറയുന്നു: ``നിങ്ങള്‍ പാപമോചനം നടത്തുവീന്‍, അവന്‍ കൂടുതല്‍ പൊറുത്തു തരുന്നവനാണ് എന്ന് ഞാന്‍ പറയുന്നു. നിങ്ങള്‍ക്ക്, സമൃദ്ധമായി മഴ അയക്കും. സ്വത്തുക്കളും സന്താനങ്ങള്‍ കൊണ്ടും നിങ്ങളെ അവന്‍ സമൃദ്ധമാക്കും, അരുവികളും തോട്ടങ്ങളും നിങ്ങള്‍ക്കവന്‍ നിശ്ചയിച്ച് തരുന്നതാണ്.'' (വി.ഖു 71:10-12)
സച്ചരിതരായ വിശ്വാസികളുടെ മാതൃകാജീവിതം ഖുര്‍ആന്‍ അവതരിപ്പിച്ചപ്പോള്‍ പാപമോചനം അവരുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത കര്‍മമായിരുന്നുവെന്ന് (51:18,3:17) വെളിപ്പെടുത്തുന്നുണ്ട്.
സാക്ഷാത്‌ക്കരിക്കുക റമദാനിനെ
`റമദാന്‍' എന്ന പദംകൊണ്ട് പാപങ്ങളെ കരിച്ചുകളയുക എന്നാണ് വിവക്ഷിക്കുന്നത്. ആരാധനകള്‍ കൊണ്ടും പാപമോചനങ്ങള്‍ കൊണ്ടും `റമദാന്‍' എന്ന പദത്തെ അര്‍ഥവത്താക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ മാസത്തിന്റെ പവിത്രതയും ലക്ഷ്യവും പൂര്‍ത്തിയാക്കാന്‍ നമുക്കു കഴിയും. `പരലോകത്ത് തനിക്ക് ലഭിക്കുന്ന ഗ്രന്ഥത്തില്‍ ഒരുപാട് പാപമോചനങ്ങള്‍ കണ്ടെത്തിയവര്‍ക്ക് `മംഗളം' എന്ന് പറഞ്ഞ നബി(സ)യുടെ വചനത്തെ (നസാഈ, ഇബ്‌നുമാജ, ത്വബ്‌റാനി, ബൈഹഖി) സാക്ഷാത്‌ക്കരിക്കാന്‍ വേണ്ടി ശ്രമിക്കുന്നവനായിക്കണം യഥാര്‍ഥ വിശ്വാസി. അല്ലാഹുവില്‍ പങ്കുചേര്‍ക്കുക എന്ന (ശിര്‍ക്കെന്ന) മഹാപാപമൊഴികെ മറ്റു തെറ്റുകുറ്റങ്ങള്‍ക്കെല്ലാം മാപ്പ് നല്‌കാന്‍ സന്നദ്ധനായിരിക്കുന്ന തന്റെ അടിമയുടെ തിരിച്ചുവരവിനെ കാത്തിരിക്കുന്ന നാഥനിലേക്ക് നിഷ്‌കളങ്കമായി ഖേദിച്ചു മടങ്ങുക.
``നിങ്ങള്‍ക്ക് ശിക്ഷ വന്നെത്തുന്നതിന് മുമ്പ് നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് താഴ്‌മയോടെ മടങ്ങുകയും അവനു കീഴ്‌പ്പെടുകയും ചെയ്യുവിന്‍, പിന്നെ അത് വന്നതിന് ശേഷം നിങ്ങള്‍ നിസ്സഹായരായിരിക്കും.'' (വി.ഖു 39:54)
0 comments: