ഈജിപ്‌ത്‌: പ്രതിവിപ്ലവമോ അട്ടിമറിയോ?

  • Posted by Sanveer Ittoli
  • at 2:45 AM -
  • 0 comments

ഈജിപ്‌ത്‌: പ്രതിവിപ്ലവമോ അട്ടിമറിയോ?

മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍


അറബ്‌- ഇസ്‌ലാമിക ലോകത്ത്‌ നിന്ന്‌ ഏകാധിപത്യത്തിന്‌ അന്ത്യം കുറിച്ച്‌ ഏറെ പ്രതീക്ഷ വിതറി ഉയിര്‍ത്തുവന്ന `അറബ്‌ വസന്തം' കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നു. അറബ്‌ വസന്തത്തെ തുടര്‍ന്ന്‌, മുപ്പതു വര്‍ഷം ഈജിപ്‌തില്‍ ഏകാധിപത്യ വാഴ്‌ച നടത്തിയ ഹുസ്‌നി മുബാറകിനെ തൂത്തെറിഞ്ഞ്‌ തെരഞ്ഞെടുപ്പിലൂടെ 2012 ല്‍ അധികാരത്തിലേറിയ മുഹമ്മദ്‌ മുര്‍സിയെ പട്ടാള അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്‌ടനാക്കിയിരിക്കുന്നു. പ്രസിഡന്റ്‌ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട്‌ ഒരു മാസത്തോളമായി മുര്‍സി വിരുദ്ധര്‍ തഹ്‌രീര്‍ സ്‌ക്വയറില്‍ തമ്പടിച്ച്‌ പ്രക്ഷോഭം നടത്തിവരികയായിരുന്നു.
മുര്‍സി ഭരണത്തിന്‌ ഒരു വര്‍ഷം തികയുന്ന ജൂണ്‍ 30 വരെ മുര്‍സിക്ക്‌ പട്ടാളം സമയം നല്‌കി. എന്നാല്‍ രാജിവയ്‌ക്കാന്‍ സന്നദ്ധനല്ലെന്ന്‌ മുര്‍സി പ്രഖ്യാപിച്ചു. ഒടുവില്‍, അന്ത്യശാസനം അവസാനിക്കുന്ന ജൂണ്‍ 30 ന്‌ പട്ടാളം അട്ടിമറിയിലൂടെ ഈജിപ്‌തിലെ പ്രഥമ ജനാധിപത്യ സര്‍ക്കാറിനെ പുറത്താക്കുകയും ശൂറാ കൗണ്‍സില്‍ പിരിച്ചുവിടുകയും ചെയ്‌തു. അട്ടിമറിക്ക്‌ നേതൃത്വം നല്‌കിയത്‌ സൈനിക മേധാവി ജനറല്‍ അബ്‌ദുല്‍ ഫതാഹ്‌ ഖലീല്‍ അസ്സീസിയാണ്‌. ഇടക്കാല പ്രസിഡന്റായി പരമോന്നത ഭരണഘടനാ കോടതി തലവനായ അദ്‌ലി മഹ്‌മൂദ്‌ മന്‍സൂറിനെ നിയമിക്കുകയും ചെയ്‌തിരിക്കുന്നു. ഭരണ സംവിധാനങ്ങള്‍ പൂര്‍ണമായും അധീനതയിലാക്കിയിരിക്കുന്ന പട്ടാളം ഔദ്യോഗിക മാധ്യമങ്ങള്‍ ഒഴികെ, മാധ്യമ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും മുര്‍സി അനുകൂലികളെ വ്യാപകമായി ജയിലിലടയ്‌ക്കുകയും ചെയ്‌തിരിക്കുന്നു. പ്രസിഡന്റ്‌ മുര്‍സി അടക്കം ബ്രദര്‍ഹുഡിന്റെയും അതിന്റെ രാഷ്‌ട്രീയ രൂപമായ ഫ്രീഡം ആന്റ്‌ ജസ്റ്റിസ്‌ പാര്‍ട്ടിയുടെയും മുതിര്‍ന്ന നേതാക്കളെല്ലാം അറസ്റ്റിലാണ്‌.

എന്തുകൊണ്ട്‌ പ്രക്ഷോഭം?

മുര്‍സിയുടെ രാജി ആവശ്യപ്പെട്ട്‌ പതിനായിരക്കണക്കിന്‌ ജനങ്ങള്‍ കൈറോയിലെ തെരുവുകളിലിറങ്ങിയതായാണ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. മുബാറകിനെതിരെ 2011 ല്‍ തഹ്‌രീര്‍ സ്‌ക്വയറില്‍ തമ്പടിച്ച മാതൃകയില്‍, അതേ തഹ്‌രീര്‍ സ്‌ക്വയറില്‍ മുര്‍സിയുടെ രാജി ആവശ്യപ്പെട്ട്‌ ജനങ്ങള്‍ ഒത്തുകൂടുകയായിരുന്നു. ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന മുര്‍സിയെ `ഏകാധിപതി' എന്ന്‌ സമരക്കാര്‍ വിശേഷിപ്പിച്ചു. എന്നാല്‍ എന്താണ്‌ മുര്‍സിയെ വെറുക്കുന്നതിനും അദ്ദേഹം രാജിവെച്ചൊഴിയണമെന്ന്‌ ആവശ്യപ്പെടുന്നതിനും സമരക്കാര്‍ ഉന്നയിക്കുന്ന കാരണങ്ങള്‍ എന്നന്വേഷിക്കുമ്പോള്‍, കൃത്യവും വ്യക്തവുമായ ഒരു ഉത്തരത്തിലെത്താന്‍ സാധിക്കുന്നില്ല.
പ്രസിഡന്റ്‌ മുര്‍സി ഏകാധിപത്യപരമായി പെരുമാറുന്നു, ഭരണകക്ഷി സ്വീകരിക്കുന്ന നയങ്ങള്‍ ഈജിപ്‌തിനെ ഇസ്‌ലാമിക മതമൗലിക രാഷ്‌ട്രമാക്കി മാറ്റുന്നു, രാജ്യത്തിന്റെ ബഹുസ്വരത തകര്‍ക്കുന്നു, ജനങ്ങളുടെ അടിസ്‌ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടു, തൊഴിലില്ലായ്‌മയും വര്‍ധിച്ച വിലക്കയറ്റവും പിടിച്ചു നിര്‍ത്താന്‍ സാധിക്കാത്തതിനാല്‍ ജനങ്ങള്‍ ദുരിതത്തിലേക്ക്‌ തള്ളപ്പെടുകയും ചെറുപ്പക്കാര്‍ക്കിടയില്‍ തൊഴിലില്ലായ്‌മ പെരുകുകയും ചെയ്‌തു തുടങ്ങിയവയാണ്‌ സത്വര കാരണങ്ങളായി കാണാവുന്നത്‌. സാമ്പത്തിക അരക്ഷിതത്വം സാമൂഹിക അരാജകത്വത്തിലേക്ക്‌ നയിക്കുകയായിരുന്നു. വന്‍തോതില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയെന്നത്‌, അവരുടെ ജീവിത പ്രതിസന്ധിയാണ്‌ പ്രതിഫലിപ്പിക്കുന്നത്‌. എന്നാല്‍ ഇതംഗീകരിക്കുമ്പോഴും, കേവലം ഒരു വര്‍ഷം മാത്രം ഭരിച്ച, അതും സങ്കീര്‍ണമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന മുര്‍സി ഭരണകൂടത്തിന്‌ പെട്ടെന്ന്‌ പരിഹരിക്കാവുന്നതാണോ ഈ പ്രശ്‌നങ്ങള്‍ എന്ന ചോദ്യം പ്രസക്തമാകുന്നു.
ഭരണകൂടവും ജുഡീഷ്യറിയും ബ്യൂറോക്രസിയുമെല്ലാം സമ്പൂര്‍ണമായി മുബാറകിന്റെ കൈപ്പിടിയിലായിരുന്ന മൂന്നു പതിറ്റാണ്ടിന്റെ തുടര്‍ച്ചയായാണ്‌ പുതിയ ജനാധിപത്യ സര്‍ക്കാര്‍ നിലവില്‍ വന്നത്‌. ജീര്‍ണിച്ചു തകര്‍ന്ന ഒരു വ്യവസ്ഥയെ പുതുക്കിയെടുക്കാന്‍ ആവശ്യമായ ന്യായമായ സമയം മുര്‍സി അര്‍ഹിക്കുന്നുണ്ട്‌. മാത്രമല്ല, പഴയ ഏകാധിപത്യ പ്രവണതയുടെ അവശിഷ്‌ടങ്ങള്‍ ഈജിപ്‌തിന്റെ ഭരണ സംവിധാനത്തില്‍ ഇനിയും അള്ളിപ്പിടിച്ചിരിക്കുന്നുണ്ടുതാനും. യുക്തിരഹിതമായ അക്ഷമയും മധ്യവര്‍ഗത്തിന്റെ വ്യാമോഹങ്ങളും അതിലേറെ ജനാധിപത്യത്തെ ഞെരിച്ചു കൊല്ലാന്‍ ഗൂഢമായി അണിയറ നീക്കം നടത്തി വരികയായിരുന്ന ശക്തികളുടെ ആസൂത്രിത പദ്ധതിയുമാണ്‌ മുര്‍സിയെ വെട്ടില്‍ വീഴ്‌ത്തിയതെന്ന്‌ നിരൂപിക്കാം.

പ്രക്ഷോഭ നിരയിലെ ആഭ്യന്തര ശക്തികള്‍

`അറബ്‌ വസന്തം' സാധ്യമാക്കിയ ജനുവരി 25 പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുത്ത യുവാക്കളാണ്‌ പുതിയ സമരത്തിലെയും ഏറ്റവും വലിയ സാന്നിധ്യം. അഭ്യസ്‌ത വിദ്യരായ ചെറുപ്പക്കാരില്‍ വലിയ ഒരു വിഭാഗവും നഗരവാസികളും ഉന്നത-മധ്യവര്‍ഗവും ആഗ്രഹിച്ചതിനു വിരുദ്ധമായി ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തില്‍ വന്നത്‌ അവരെ ഏറെ നിരാശരാക്കിയിരുന്നു. ഗ്രാമവാസികളും അധോവര്‍ഗ ജനങ്ങളുമാണ്‌ ഇസ്‌ലാമിക കക്ഷികളുടെ ജനകീയാടിത്തറ. തൊഴിലില്ലായ്‌മയും സാമ്പത്തിക ഞെരുക്കവും ഉയര്‍ത്തിക്കാണിച്ച്‌, പ്രക്ഷോഭത്തിലേക്ക്‌ സാധാരണ ജനങ്ങളെ ആകര്‍ഷിച്ചുവെങ്കിലും യുവപ്രക്ഷോഭകാരികളുടെ മനസ്സില്‍ അതിരുവിട്ട മതേതര ആശങ്കകളും പാശ്ചാത്യ ഉദാരവാദ പ്രണയവും ശക്തമായിരുന്നു. ബ്രദര്‍ഹുഡും ഭരണകക്ഷിയിലെ രണ്ടാം പ്രബലകക്ഷിയായ സലഫികളും രാജ്യത്തെ ഇസ്‌ലാമിക പാരമ്പര്യത്തിലേക്ക്‌ തിരികെ കൊണ്ടുപോകും എന്നവര്‍ ഭയന്നു. ആ ഭയം ശക്തിപ്പെടുത്തും വിധം ഈജിപ്‌തിനകത്തും പുറത്തുമുള്ള മതേതര മാധ്യമങ്ങള്‍ പ്രചാരണം നടത്തുകയും ചെയ്‌തു. ഈജിപ്‌തിന്റെ ടിവിയില്‍ ആദ്യമായി മക്കന ധരിച്ച വാര്‍ത്താവതാരക പ്രത്യക്ഷപ്പെട്ടതും പ്രസിഡന്റ്‌ ജീവിത്തില്‍ ഇസ്‌ലാമിക ആഭിമുഖ്യം പ്രകടമാക്കുന്നതും അവരെ ആകുലപ്പെടുത്തി. `തമറുദ്‌' എന്ന പേരില്‍ യുവാക്കള്‍ രൂപീകരിച്ച റിബല്‍ പ്രസ്ഥാനമാണ്‌ മുര്‍സി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഏകോപന ശക്തിയായി പ്രവര്‍ത്തിച്ചത്‌. മുര്‍സിയുടെ രാജി ആവശ്യപ്പെട്ട്‌ മൂന്നു മാസം കൊണ്ട്‌ ഇവര്‍ 2.2 കോടി ഒപ്പുകള്‍ ശേഖരിച്ചു. മുര്‍സി അധികാരത്തില്‍ നിന്ന്‌ പുറത്തുവന്ന്‌ എല്ലാ കക്ഷികളെയും ചേര്‍ത്ത്‌ ദേശീയ സര്‍ക്കാര്‍ രൂപവല്‌ക്കരിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. എന്നാല്‍ പതിമൂന്നു കോടി വോട്ടിന്റെ പിന്തുണയുള്ള തങ്ങള്‍, ഊഴം പൂര്‍ത്തിയാക്കാതെ രാജിവെച്ചൊഴിയില്ലെന്ന നിലപാട്‌ ബ്രദര്‍ഹുഡും സ്വീകരിച്ചു.
`തമറുദി'ന്റെ സഖ്യകക്ഷികളായി, അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സി മുന്‍ ചെയര്‍മാനും നോബല്‍ സമ്മാന ജേതാവുമായ മുഹമ്മദ്‌ അല്‍ബറാദഇ നേതൃത്വം നല്‌കുന്ന ദസ്‌തൂര്‍ പാര്‍ട്ടി, ഹംദീന്‍ സബാഹിയുടെ നേതൃത്വത്തിലുള്ള ഈജിപ്‌ത്‌ പോപ്പുലര്‍ കറന്റ്‌, നാഷണല്‍ സാല്‍വേഷന്‍ ഫ്രണ്ട്‌ തുടങ്ങിയവയും ഇടതുപക്ഷ ഗ്രൂപ്പുകളും തീവ്രമതേതര വാദികളും നാഷണലിസ്റ്റുകളും ഫെമിനിസ്റ്റുകളും മറ്റും അണിനിരുന്നു. ഹംദീന്‍ സബാഹി, കഴിഞ്ഞ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ 21.5 ശതമാനം വോട്ടോടെ മൂന്നാം സ്ഥാനത്ത്‌ എത്തിയ നേതാവാണ്‌. എന്നാല്‍ അല്‍ബറാദഇയുടെ പാര്‍ട്ടിക്ക്‌ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും നേടാന്‍ സാധിച്ചിരുന്നില്ല. (പുതിയ പ്രസിഡന്റ്‌ അദ്‌ലി മര്‍സൂര്‍ പ്രധാനമന്ത്രിയായി കാണുന്നവരില്‍ പ്രധാനിയാണ്‌ ബറാദഇ)

തിരശ്ശീലക്കു പിന്നില്‍

പ്രക്ഷോഭത്തില്‍ പ്രത്യക്ഷമായി മുന്നില്‍ നിന്നത്‌ സിവില്‍ സമൂഹവും പ്രതിപക്ഷ രാഷ്‌ട്രീയ കക്ഷികളുമാണെങ്കിലും, ജൂണ്‍ 30 ലെ സംഭവഗതികളിലേക്ക്‌ ഈജിപ്‌തിനെ നയിച്ചത്‌ മുബാറക്‌ ഭരണകൂടത്തിന്റെ അവശിഷ്‌ട പ്രേതങ്ങളും സാമ്രാജ്യത്വാനുകൂല സൈന്യവുമാണെന്നത്‌ ഒരു രഹസ്യമല്ല.
മുര്‍സി ഭരണത്തെ തുരങ്കംവെച്ച്‌ പുറത്തുചാടിക്കാന്‍ ജുഡീഷ്യറിയും പട്ടാളവും സുരക്ഷാവിഭാഗവും ഉള്‍പ്പെടുന്ന അച്ചുതണ്ട്‌ നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നു. മുബാറക്‌ നിയമിച്ച ജഡ്‌ജിമാരടങ്ങുന്ന ഭരണഘടനാകോടതി, മുര്‍സി അധികാരത്തില്‍ വന്ന ഉടനെ ഇസ്‌ലാമിസ്റ്റുകള്‍ തെരഞ്ഞെടുപ്പ്‌ അട്ടിമറിച്ചു എന്നാരോപിച്ച്‌ പാര്‍ലമെന്റ്‌ പിരിച്ചുവിടാനും അംഗങ്ങളെ പാര്‍ലമെന്റ്‌ മന്ദിരത്തില്‍ പ്രവേശിക്കുന്നത്‌ വിലക്കാനും ശ്രമിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു മുബാറകിന്റെ വിശ്വസ്‌തരെ വിലക്കുന്ന നിയമങ്ങളും ഭരണഘടനാ കോടതി റദ്ദാക്കി. എന്നാല്‍ ഈ ശ്രമങ്ങള്‍ക്ക്‌ ജനങ്ങളുടെ പിന്തുണ കിട്ടിയില്ല. സിവില്‍ സമൂഹമോ പ്രതിപക്ഷമോ അതംഗീകരിച്ചില്ല. അതേതുടര്‍ന്ന്‌ സൈന്യം തന്ത്രപരമായി മുര്‍സിയെ അംഗീകരിക്കുകയായിരുന്നു. എന്നാല്‍, സൈന്യം അടങ്ങിയിരിക്കുകയായിരുന്നില്ല. ഒരു വര്‍ഷത്തെ ആസൂത്രിത പ്രവര്‍ത്തനത്തോടെ പ്രതിപക്ഷത്തെ പാട്ടിലാക്കാനും മുര്‍സി വിരുദ്ധ ജനകീയ പ്രക്ഷോഭകാരികളെ രഹസ്യമായി പിന്തുണച്ച്‌ തെരുവിലിറക്കാനും അവര്‍ ഗൂഢപ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
പട്ടാള ജനറല്‍മാര്‍ തമറുദ്‌ നേതാക്കളുമായും പ്രതിപക്ഷ രാഷ്‌ട്രീയ കക്ഷിനേതാക്കളുമായും മുന്‍കൂട്ടി തന്നെ ബന്ധപ്പെടുകയും പ്രതിവിപ്ലവത്തിന്റെ രൂപരേഖ തയ്യാറാക്കുകയും ചെയ്‌തിരുന്നു. പോലീസും ആഭ്യന്തര സുരക്ഷാസേനയും ഇന്റലിജന്‍സും പട്ടാളത്തിനു പൂര്‍ണ സഹകരണംനല്‍കി. മുബാറകിനെ ഇപ്പോഴും കൈവെടിഞ്ഞിട്ടില്ലാത്ത ഉദ്യോഗസ്ഥവൃന്ദം മുര്‍സി ഭരണത്തിന്‌ മോശം പ്രതിച്ഛായ സൃഷ്‌ടിക്കാനുള്ള ഒരവസരവും പാഴാക്കിയില്ല. ഹുസ്‌നി മുബാറകിനെതിരെ തഹ്‌രീര്‍ സ്‌ക്വയറില്‍ പ്രക്ഷോഭമുണ്ടായപ്പോള്‍ അടിച്ചമര്‍ത്തുകയും അഴിഞ്ഞാടുകയും ചെയ്‌ത പോലീസ്‌ നടപടിയില്‍ എണ്ണൂറുപേര്‍ കൊല്ലപ്പെടുകയും ആയിരത്തോളം പേര്‍ക്ക്‌ പരിക്കേല്‌ക്കുകയും ചെയ്‌തിരുന്നു. എന്നാല്‍, ഇത്തവണ തഹ്‌രീര്‍ സ്‌ക്വയറില്‍ പോലീസും ആഭ്യന്തര സുരക്ഷാസേനയും നിസ്സംഗത പാലിച്ചു. മാത്രമല്ല, പോലീസുകാര്‍ തന്നെ പ്രക്ഷോഭകാരികള്‍ക്ക്‌ ചായയും പലഹാരവും വിതരണം ചെയ്യുകയും ചെയ്‌തുവത്രേ! രാജ്യത്ത്‌ സാമ്പത്തിക മാന്ദ്യമുണ്ടായതിനെ തുടര്‍ന്ന്‌ സമൂഹത്തില്‍ പിടിച്ചുപറിയും അക്രമവും വ്യാപിച്ചപ്പോഴും അത്‌ അമര്‍ച്ച ചെയ്യുന്നതില്‍ പോലീസ്‌ അലംഭാവം കാണിച്ചതായി റിപ്പോര്‍ട്ടുണ്ട്‌.

സാമ്പത്തിക പ്രതിസന്ധി

ഏകാധിപത്യത്തില്‍ നിന്ന്‌ ജനാധിപത്യത്തിലേക്കുള്ള സമ്പൂര്‍ണമായ ഒരു വ്യവസ്ഥാമാറ്റം സ്വാഭാവികമായും സാമ്പത്തിക ഘടനയെ സാരമായി ബാധിക്കും. അന്തര്‍ദേശീയ സമൂഹവുമായുള്ള നയതന്ത്ര ബന്ധങ്ങളും വ്യവസ്ഥകളുമൊക്കെ സാമ്പത്തിക മേഖലയെ നിര്‍ണായകമായി സ്വാധീനിക്കും. മുര്‍സി ഭരണകൂടത്തെ പ്രതിസന്ധിയിലാക്കിയ ഏറ്റവും പ്രധാന പ്രശ്‌നങ്ങളിലൊന്ന്‌, സാമ്പത്തിക മേഖലയില്‍ സംജാതമായ തകര്‍ച്ചയാണ്‌. ഈജിപ്‌തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്‍ഷിക വിളയായ പരുത്തിക്കുരുവിന്‌ ലോകവിപണിയില്‍ സംഭവിച്ച വിലയിടിവും ആഭ്യന്തര രാഷ്‌ട്രീയ സാഹചര്യത്തെതുടര്‍ന്ന്‌ ടൂറിസം മേഖലയില്‍ ഉണ്ടായ തളര്‍ച്ചയും സമ്പദ്‌ഘടനയെ ഉലച്ചു. ഇതോടൊപ്പം, അമേരിക്കയും ഐ എം എഫും ലോകബാങ്കും ഗള്‍ഫ്‌ പെട്രോ രാഷ്‌ട്രങ്ങളും സ്വീകരിച്ച നയങ്ങള്‍ മുര്‍സിയുടെ ഭരണത്തെ പിന്തുണയ്‌ക്കുന്നതായിരുന്നില്ല. ഈജിപ്‌തിന്‌ ലോകധനകാര്യസ്ഥാപനങ്ങളില്‍ നിന്ന്‌ വായ്‌പ ലഭിക്കുന്നത്‌ തടസ്സപ്പെടുത്താന്‍ യു എസ്‌ 2012 മുതല്‍ ശ്രമിച്ചുവരുന്നുണ്ടായിരുന്നു.
ഐ എം എഫുമായി ഈജിപ്‌തുണ്ടാക്കിയ 4.8 ബില്യന്റെ കടമിടപാട്‌ തടസ്സപ്പെട്ടു. ഭക്ഷ്യ വിഭവങ്ങള്‍ക്കും എണ്ണയ്‌ക്കുമുള്ള സബ്‌സിഡി വെട്ടിക്കുറച്ചാല്‍ മാത്രമേ കടം നല്‍കൂ എന്ന ഐ എം എഫിന്റെ നിബന്ധനയാണതിനു കാരണം. ആ നിബന്ധനയാകട്ടെ, ആഭ്യന്തര വിപണിയില്‍ വിലക്കയറ്റം രൂക്ഷമാക്കുന്നതാണ്‌. മുബാറക്‌ ഭരണത്തിന്‌ സഹായം നല്‍കിപ്പോന്ന സുഊദി, നിലപാടില്‍ മാറ്റം വരുത്തി. 2007ല്‍ ജിഡിപി 71% ആയിരുന്ന ഈജിപ്‌ത്‌, ഈ വര്‍ഷാദ്യത്തില്‍ 2.2%മായി കുത്തനെ ഇടിഞ്ഞു. ഭക്ഷ്യ വസ്‌തുക്കളും പെട്രോളും ഇറക്കുമതി ചെയ്യാന്‍ പ്രയാസം നേരിട്ടതോടെ, സാധാരണ ജനങ്ങളുടെ ജീവിതം ഞെരുങ്ങി. ഉല്‍പാദന മാന്ദ്യം തൊഴിലില്ലായ്‌മ രൂക്ഷമാക്കി. ഈജിപ്‌തിലെ ജനസംഖ്യയില്‍ 75 ശതമാനം വരുന്ന മുപ്പതു വയസ്സില്‍ താഴെ പ്രായമുള്ള യുവാക്കള്‍ തെരുവിലേക്ക്‌ തള്ളപ്പെടാനിടയാക്കിയത്‌ ഈ സാഹചര്യമാണ്‌. ഈ ഘട്ടത്തില്‍ പ്രതീക്ഷാര്‍ഹമായ ചുവടുവെക്കുന്ന കാര്യത്തില്‍ മുര്‍സി ഭരണകൂടം പരാജയപ്പെടുകയും ചെയ്‌തു.

സാമ്രാജ്യത്വത്തിന്റെ ചരടുവലി

നിലവിലെ ലോകക്രമത്തിലെ സുപ്രധാന ശക്തിയായ അമേരിക്കക്ക്‌ ഈജിപ്‌തിലെ പുതിയ സംഭവ വികാസങ്ങളില്‍ അനിഷേധ്യ പങ്കുണ്ട്‌. ഒരു സാമ്രാജ്യ ശക്തി എന്ന നിലയില്‍ അമേരിക്കക്ക്‌ മേഖലയില്‍ ഏറ്റവും താല്‌പര്യമുള്ള രാജ്യമാണ്‌ ഈജിപ്‌ത്‌. മിഡ്‌ല്‍ ഈസ്റ്റിലെ ഏറ്റവും വലിയ അറബ്‌ രാജ്യമായ ഈജിപ്‌ത്‌, അമേരിക്കയുടെ ഭൗമരാഷ്‌ട്രീയ പദ്ധതിയില്‍ നിര്‍ണായക സ്ഥാനം വഹിക്കുന്നു. മെഡിറ്ററേനിയന്‍, ആഫ്രിക്കന്‍, അറബ്‌ മേഖലയില്‍ ഈജിപ്‌തിന്റെ തന്ത്രപ്രാധാന്യം, യു എസ്സിന്റെ സൈനിക താല്‌പര്യങ്ങള്‍ക്ക്‌ ഈ രാജ്യത്തിന്മേലുള്ള നിയന്ത്രണം അനിവാര്യമാക്കിത്തീര്‍ക്കുന്നു. മധ്യപൗരസ്‌ത്യദേശത്ത്‌ സൂയസ്‌ കനാലിന്റെ പ്രാധാന്യവും 1979 ലെ കേമ്പ്‌ ഡേവിഡ്‌ കരാറിന്റെ നിലനില്‌പിന്‌ ഈജിപ്‌ത്‌ കൈപ്പിടിയില്‍ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയും മേഖലയിലെ അമേരിക്കയുടെ വാത്സല്യ പുത്രിയായ ഇസ്‌റഈലിന്റെ സുരക്ഷയുമെല്ലാം ചേരുമ്പോള്‍, ഈജിപ്‌തിലുള്ള യു എസ്‌ താല്‌പര്യത്തിന്റെ രാഷ്‌ട്രീയാടിത്തറ വ്യക്തമാകും. ഇതുകൊണ്ടുതന്നെയാണ്‌ 1979 നു ശേഷം, അമേരിക്ക ഏറ്റവും കൂടുതല്‍ സാമ്പത്തിക സഹായം നല്‌കുന്ന രണ്ടാമത്തെ രാഷ്‌ട്രം ഈജിപ്‌തായത്‌. ഒന്നാമത്തെ രാജ്യം ഇസ്‌റാഈലാണ്‌. മൂന്ന്‌ ബില്യന്‍ മിലിട്ടറി സഹായമാണ്‌ യു എസ്സില്‍ നിന്ന്‌ ഈജിപ്‌ത്‌ പറ്റുന്നത്‌. കേവലം സാമ്പത്തിക സഹായത്തിലൊതുങ്ങുന്നതല്ല, ഈജിപ്‌തിലെ പട്ടാളത്തിന്മേലുള്ള യു എസ്സിന്റെ സ്വാധീനം. നിലവിലെ മുതിര്‍ന്ന പട്ടാള മേധാവികളില്‍ മിക്കവരും യു എസ്‌ പക്ഷപാതികളും അമേരിക്ക പരിശീലിപ്പിച്ചവരുമാണ്‌.
ഹുസ്‌നി മുബാറക്‌ അമേരിക്കയുടെ ഏറ്റവും പ്രിയപ്പെട്ട ഭരണാധികാരിയായിരുന്നു. ഏകാധിപതിയായ മുബാറകിലൂടെ ഈജിപ്‌തിലും മധ്യപൂര്‍വേഷ്യയിലും അമേരിക്ക തങ്ങളുടെ സ്വാധീനമുറപ്പിച്ചു. എന്നാല്‍, അറബ്‌ വസന്തത്തിലൂടെ മുബാറക്‌ തൂത്തുമാറ്റപ്പെട്ടതും പകരം ഇസ്‌ലാമിക ശക്തികളുടെ നേതൃത്വത്തില്‍ ജനാധിപത്യ സര്‍ക്കാര്‍ സ്ഥാനാരോഹണം ചെയ്‌തതും അമേരിക്കയെ തെല്ലൊന്നുമല്ല അലട്ടുന്നത്‌. അതുകൊണ്ടുതന്നെ 2011 മുതല്‍ തന്നെ മുബാറകിസ്റ്റുകളായ പട്ടാള ജനറല്‍മാരിലൂടെ മുര്‍സിയെ താഴെയിറക്കാനുള്ള ചരടുവലികള്‍ അവര്‍ നടത്തുന്നുണ്ട്‌.
മുര്‍സി അധികാര ഭ്രഷ്‌ടനാക്കപ്പെട്ട ഉടനെ, പരമോന്നത ഭരണഘടന കോടതി തലവനും കടുത്ത മുബാറക്‌ ഭക്തനുമായ അദ്‌ലി മന്‍സൂറിനെ പ്രസിഡന്റാക്കിയതിന്‌ യു എസ്‌ അംഗീകാരമുണ്ട്‌. പട്ടാള അട്ടിമറി ഉണ്ടായശേഷം യു എസ്‌ ജോയിന്റ്‌ ചീഫ്‌ ഓഫ്‌ സ്റ്റാഫ്‌ ചെയര്‍മാന്‍ ജനറല്‍ മാര്‍ട്ടിന്‍ ഡംപ്‌സി, ഈജിപ്‌ഷ്യന്‍ ചീഫ്‌ ഓഫ്‌ സ്റ്റാഫ്‌ ലഫ്‌റ്റനന്റ്‌ ജനറല്‍ സിദ്‌ഖി സുബ്‌ഹിയുമായും ഇസ്‌റാഈല്‍ പട്ടാള മേധാവികളുമായും നേരിട്ട്‌ ബന്ധപ്പെട്ടാണ്‌ കാര്യങ്ങള്‍ നീക്കിയതെന്ന യാഥാര്‍ഥ്യം, ഈജിപ്‌തിലെ സമീപകാല സംഭവ വികാസങ്ങളില്‍ സാമ്രാജ്യത്വത്തിനുള്ള പങ്ക്‌ മറയില്ലാതെ പുറത്തുകാട്ടുന്നു. ഗസ്സയിലെ ഹമാസ്‌ ഗവണ്‍മെന്റുമായി മുര്‍സി പരിമിതമായ ബന്ധമുണ്ടാക്കിയതും ചൈനയുമായും അറബ്‌ രാജ്യങ്ങളും ഇറാനുമായും സൗഹൃദത്തിന്‌ ശ്രമിച്ചതും മുര്‍സിക്ക്‌ കൂടുതല്‍ സമയം കൊടുക്കേണ്ടെന്ന തീരുമാനത്തിലേക്ക്‌ ഈജിപ്‌തിലെ പട്ടാള മേധാവികളെയും യുഎസ്സിനെയും നയിച്ചിരിക്കാം. ഏതായാലും മുര്‍സിയെ സ്ഥാനഭ്രഷ്‌ടനാക്കിയ പട്ടാള നടപടിയെ `അട്ടിമറി' എന്നു വിശേഷിപ്പിക്കാതിരുന്ന ബറക്‌ ഒബാമ, ഇക്കാര്യത്തിലെ തങ്ങളുടെ മനസ്സമ്മതം വെളിപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌.

ഇസ്‌ലാമിസ്റ്റുകളുടെ ഭാവി?

ഈജിപ്‌തിലെ ചരിത്രത്തിലുടനീളം കടുത്ത യാതനകളും പീഡനങ്ങളും ഏറ്റുവാങ്ങിയ ചരിത്രമാണ്‌ ഇഖ്‌വാനുല്‍ മുസ്‌ലിമീനും മറ്റു ഇസ്‌ലാമിസ്റ്റു കക്ഷികള്‍ക്കുമുള്ളത്‌. ജമാല്‍ അബ്‌ദുന്നാസറിന്റെ കാലത്തെ ക്രൂര മര്‍ദനങ്ങളും തീവ്രനിലപാടുകളും ഒരു ഘട്ടത്തില്‍ ഇഖ്‌വാനെ സായുധ തീവ്രവാദത്തിലേക്കും ആത്യന്തിക നിലപാടുകളിലേക്കും തള്ളിവിട്ടു. എന്നാല്‍ പതുക്കെ, വ്യവസ്ഥാപിത രാഷ്‌ട്രീയത്തിലേക്ക്‌ മാറിവരികയായിരുന്നു, ഇഖ്‌വാന്‍. സയ്യിദ്‌ ഖുതുബ്‌ മുന്നോട്ടു വെച്ച തീവ്ര സമീപനങ്ങള്‍ കൈവിട്ട്‌ മതേതര, ജനാധിപത്യ രാഷ്‌ട്രീയത്തിലേക്കും നിയമാനുസൃത ബാലറ്റ്‌ രാഷ്‌ട്രീയത്തിലേക്കും കടക്കുകയും ഈ വിശാലത സാക്ഷാത്‌കരിക്കുന്ന ഫ്രീഡം ആന്റ്‌ ജസ്റ്റിസ്‌ പാര്‍ട്ടി രൂപീകരിച്ച്‌ തെരഞ്ഞെടുപ്പിനെ നേരിടുകയുമായിരുന്നു. ഒബാമക്കും കാമറൂണിനുപോലും കിട്ടാത്ത മാര്‍ജിനിലാണ്‌ മുര്‍സി ജയിച്ച്‌ കയറിയത്‌. ബ്രദര്‍ഹുഡ്‌ പാര്‍ട്ടിക്ക്‌ അമ്പതു ശതമാനത്തോളവും സലഫി കക്ഷികള്‍ക്ക്‌ 25 ശതമാനത്തോളവും സീറ്റുകള്‍ നേടാനായി. ജനങ്ങള്‍ നല്‍കിയ ഈ മാന്‍ഡേറ്റ്‌ തന്ത്രപരമായി തകര്‍ത്ത സാമ്രാജ്യത്വ-മുബാറകിസ്റ്റ്‌ പ്രതിവിപ്ലവം ഇഖ്‌വാനെയും ഇസ്‌ലാമിസ്റ്റുകളെയും അധോലോക രാഷ്‌ട്രീയത്തിലേക്കും തീവ്രസമീപനങ്ങളിലേക്കും തിരിച്ചുകൊണ്ടുപോകുമോ എന്ന ആശങ്ക ശക്തമാണ്‌. മുര്‍സിയെ അനുകൂലിച്ച്‌ ഇപ്പോള്‍ തെരുവുകളില്‍ പ്രക്ഷോഭം നടത്തുന്ന ഇസ്‌ലാമിസ്റ്റുകളില്‍ ചിലര്‍ സായുധമാര്‍ഗം അവലംബിക്കുന്നതായുള്ള വാര്‍ത്ത അതിലേക്ക്‌ സൂചന നല്‍കുന്നു. യുവ ഇസ്‌ലാമിസ്റ്റുകള്‍ ജനാധിപത്യ-മതേതര മാര്‍ഗങ്ങള്‍ ഉപേക്ഷിച്ച്‌ കൂടുതല്‍ കടുത്ത വഴികള്‍ തേടിയേക്കാനുള്ള സാധ്യത തള്ളാനാവില്ല. സാമ്രാജ്യത്വാനുകൂലികളും പട്ടാള മേധാവികളും ആഗ്രഹിക്കുന്നതും അതാണ്‌.
ഇഖ്‌വാന്റെ ഭരണമുന്നണിയില്‍ കക്ഷിചേരുകയും മുര്‍സിക്ക്‌ പിന്തുണ നല്‍കുകയും ചെയ്‌ത അന്നൂര്‍ പാര്‍ട്ടി എന്ന സലഫികക്ഷി, പ്രതിപക്ഷത്തോടൊപ്പം പ്രക്ഷോഭത്തിനിറങ്ങിയത്‌ വിചിത്രമായിരിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഈജിപ്‌തിലെ സലഫികള്‍ക്കിടയില്‍ ഐകരൂപ്യമില്ലെന്നാണ്‌ വ്യത്യസ്‌ത വാര്‍ത്തകള്‍ നല്‍കുന്ന സൂചന. അല്‍ബറാദഇയെ പ്രധാനമന്ത്രിയാക്കാനുള്ള പട്ടാളത്തിന്റെ നീക്കത്തെ അന്നൂര്‍ പാര്‍ട്ടി നേതാക്കള്‍ എതിര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്‌. ലിബറലിസത്തെ ശക്തമായി എതിര്‍ക്കുന്ന സലഫികളും അതിനുവേണ്ടി നിലകൊള്ളുന്ന സാമ്രാജ്യത്വാനുകൂല നാഷണലിസ്റ്റുകളും ഇടതുപക്ഷവും ഒരു ചേരിയില്‍ സ്ഥായിയായി തുടരുമെന്ന്‌ കരുതാനുമാവില്ല. ഇഖ്‌വാനും സലഫികളും മുബാറകിനെതിരെ ഒന്നിച്ചു സമരം നയിച്ച ഇതര ഇസ്‌ലാമിക ശക്തികളും ഭിന്ന ചേരികളായി തിരിയാന്‍ പ്രതിവിപ്ലവവും പട്ടാള ഇടപെടലുകളും കാരണമായി. ഇത്‌, ഭാവിയില്‍ ഈജിപ്‌തിലെ ഇസ്‌ലാമിക രാഷ്‌ട്രീയ പരിണാമത്തെ നിര്‍ണായകമായി സ്വാധീനിച്ചേക്കാം.
ഈജിപ്‌തിലെ വൈവിധ്യമാര്‍ന്ന ജനവിഭാഗങ്ങളുടെ വികാരങ്ങളെ പ്രതിഫലിപ്പിക്കാന്‍ മുഹമ്മദ്‌ മുര്‍സിക്ക്‌ സാധിച്ചില്ലെന്നത്‌ ഒരുപരിധിവരെ സത്യമാണ്‌. രാജ്യത്തിന്റെ ജനാധിപത്യവത്‌കരണ പ്രക്രിയക്ക്‌ കൃത്യവും വ്യവസ്ഥാപിതവുമായ ഒരു റോഡുമാപ്പും കാര്യപരിപാടിയും സമര്‍പ്പിക്കാനും അവര്‍ക്ക്‌ സാധിച്ചില്ലെന്നതും ഏറെക്കുറെ ശരിതന്നെ. ഈ വസ്‌തുതകള്‍ പരിഗണിച്ച്‌ കുറ്റമറ്റ ഒരു ഭരണഘടന ഉണ്ടാക്കാനും എല്ലാ വിഭാഗങ്ങളെയും രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാക്കാനുമുള്ള നീക്കങ്ങളാണ്‌ ഇനി ആവശ്യമായിട്ടുള്ളത്‌. അതിന്‌ പട്ടാള മേധാവികളും അവരെ നയിക്കുന്നവരും തയ്യാറാകുമോ എന്നതാണ്‌ നമ്മുടെ മുന്നിലുള്ള ചോദ്യം.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: