ശബാബ് കത്തുകള്‍ 2013_july_26

  • Posted by Sanveer Ittoli
  • at 9:26 AM -
  • 0 comments

ശബാബ് കത്തുകള്‍ 2013_july_26

സവിശേഷതകള്‍ നിറഞ്ഞ ആരാധന

ഡോ. ജമാലുദ്ദീന്‍ ഫാറൂഖി എഴുതിയ `വിശുദ്ധി വര്‍ഷിച്ച്‌ റമദാന്‍' ലേഖനം (ജൂലൈ 5) വായിച്ചു. ഇതര ആരാധനകളില്‍ നിന്ന്‌ ഏറെ ഭിന്നവും സവിശേഷതകള്‍ നിറഞ്ഞതുമായ ഒരു ആരാധനയാണ്‌ നോമ്പ്‌. അല്ലാഹുവും അവന്റെ അടിമയും മാത്രം അറിയുന്ന അതീവ രഹസ്യമായ ആരാധനയാണിത്‌. അതുകൊണ്ടുതന്നെയാണ്‌ അല്ലാഹു, നോമ്പ്‌ എനിക്കുള്ളതാണെന്നും അതിന്‌ ഞാനാണ്‌ പ്രതിഫലം നല്‌കുകയെന്നും പറഞ്ഞതും. കാരണം അല്ലാഹുവിന്‌ വേണ്ടിയാണല്ലോ അവന്റെ അടിമ ആഹാരവും വികാര വിചാരങ്ങളും മാറ്റിവെച്ചിരിക്കുന്നത്‌.
കെ റഹീം
പറവന്നൂര്‍



വിവാഹപ്രായവും സമുദായ പുരോഗതിയും

മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച എഡിറ്റോറിയലിലെ (ലക്കം 49) ചില പരാമര്‍ശങ്ങളോട്‌ യോജിക്കാന്‍ കഴിയുന്നില്ല. ഒരു സമുദായത്തിന്റെ/സമൂഹത്തിന്റെ പുരോഗതി അതിലെ സ്‌ത്രീകളുടെ വിദ്യാഭ്യാസ പുരോഗതിയെ ആശ്രയിച്ചാണെന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌.
വിദ്യാഭ്യാസം നേടേണ്ട പ്രായത്തിലുള്ള വിവാഹം സ്‌തീകള്‍ക്ക്‌ ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള അവസരം കുറയ്‌ക്കുകയോ തടയപ്പെടുകയോ ചെയ്യും. ഒരു കുട്ടി ഒരു വര്‍ഷം ശരാശരി സ്‌കൂളില്‍ ചെലവഴിക്കുന്നത്‌ 1000 മണിക്കൂറാണ്‌. ബാക്കി 7,760 മണിക്കൂറിന്റെ ഗണ്യഭാഗവും ചെലവഴിക്കുന്നത്‌ മാതാവിനൊപ്പമാണ്‌. മാതാവിന്റെ വിദ്യാഭ്യാസ നിലവാരം കുട്ടികളുടെ പഠനത്തെയും സ്വഭാവ രൂപീകരണത്തെയും കാര്യമായി ബാധിക്കും.
പഠന സമയത്ത്‌ നടക്കുന്ന വിവാഹാലോചനയും മറ്റും കുട്ടികളുടെ പഠനത്തെ കാര്യമായി ബാധിക്കുന്നതുമാണ്‌. 16-17 വയസ്സില്‍ വിവാഹം കഴിഞ്ഞ്‌, പഠനം പൂര്‍ത്തിയാക്കാത്തതിനാല്‍ മെച്ചമുള്ള ജോലിയോ മറ്റോ ലഭിക്കാതെ വീട്ടില്‍ തനിച്ചാകേണ്ടിവരുന്ന സ്‌ത്രീകള്‍ക്കാണ്‌ പുറത്ത്‌ മറ്റുള്ളവരോടൊത്ത്‌ ജോലി ചെയ്യുന്ന സ്‌ത്രീകളേക്കാള്‍ കടുതല്‍ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നത്‌ എന്ന്‌ കണക്കുകള്‍ വ്യക്തമാക്കുന്നു.
സ്‌തീ വിദ്യാഭ്യാസത്തിന്‌ മുന്തിയ പരിഗണന നല്‌കിയിട്ടുള്ള ഇറാന്റെ ശാസ്‌ത്രസാങ്കേതിക രംഗത്തെ വളര്‍ച്ച പല പാശ്ചാത്യ രാജ്യങ്ങളുടേതിനോടും കിടപിടിക്കുന്നതാണ്‌. എന്നാല്‍ സ്‌തീ വിദ്യാഭ്യാസത്തിന്‌ അര്‍ഹമായ പരിഗണന നല്‌കിയിട്ടില്ലാത്ത മിക്ക അറബ്‌ രാജ്യങ്ങളുടേയും ഈ രംഗത്തെ വളര്‍ച്ച വളരെ മന്ദഗതിയിലാണ്‌.
മൂന്ന്‌ പെണ്‍മക്കള്‍ ഒരാള്‍ക്കുണ്ടാവുകയും അവരെ മാന്യമായ രൂപത്തില്‍ വളര്‍ത്തി വിവാഹം കഴിപ്പിക്കുകയും ചെയ്യുന്ന പിതാവിന്‌ സ്വര്‍ഗം വാഗ്‌ദാനം ചെയ്‌തുകൊണ്ടുള്ള ഹദീസില്‍ നിന്നും പെണ്‍കുട്ടിക്ക്‌ വിദ്യാഭ്യാസം നല്‌കേണ്ട ബാധ്യത പിതാവിനാണെന്നാണ്‌ മനസ്സിലാക്കാവുന്നത്‌. 16-17 വയസ്സില്‍ തന്നെ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കാന്‍ തുനിയുന്ന മാതാപിതാക്കള്‍ ചുരുങ്ങിയത്‌ അവരെ മൂന്നു വര്‍ഷം കൂടി പഠിപ്പിച്ചശേഷം അതിന്‌ തയ്യറായാല്‍ അത്‌ അവര്‍ക്ക്‌ ചെയ്യുന്ന ഏറ്റവും വലിയ നന്മയായിരിക്കും.
പെണ്‍കുട്ടികള്‍ പിഴച്ചു പോകാതിരിക്കാന്‍ അവരെ 16 വയസ്സില്‍ വിവാഹം കഴിപ്പിക്കുന്നതാണ്‌ ഉത്തമമെന്ന്‌ പറയുന്നവര്‍, ആണ്‍കുട്ടികള്‍ പിഴച്ചു പോകാതിരിക്കാന്‍ അവരെ 10 വയസ്സില്‍ വിവാഹം കഴിപ്പിക്കണമെന്ന്‌ പറയേണ്ടി വരും. അസാന്മാര്‍ഗിക ജീവിതം നയിക്കുന്നവരില്‍ അധികവും വിവാഹിതരാണ്‌. ആണ്‍കുട്ടികളുടെയും പെണ്‍ കുട്ടികളുടെയും വികാരവിചാര ശരീരപ്രകൃതി മനസ്സിലാക്കിയാല്‍ പെണ്‍കുട്ടികള്‍ ചെറുപ്രായത്തില്‍ വിവാഹമോ ലൈംഗിക ബന്ധമോ ആഗ്രഹിക്കാത്തവരാണെന്ന്‌ കാണാന്‍ കഴിയും.
സമുദായ പുരോഗതി കൈവരിക്കണമെങ്കില്‍ സ്‌ത്രീകള്‍ക്ക്‌ ഉന്നത വിദ്യാഭ്യാസം ഉറപ്പുവരുത്തിയേ മതിയാകൂ. അതിന്‌ സമകാലിക വിവാദങ്ങള്‍ പ്രേരകമാകണം. മുന്‍കാലത്തെ അപേക്ഷിച്ച്‌ സമുദായം വിദ്യാഭ്യാസപരമായി കുറേ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടങ്കിലും ഈ രംഗത്ത്‌ ക്രൈസ്‌തവ, നായര്‍, ഈഴവ സമുദായങ്ങളെ അപേക്ഷിച്ച്‌ ഇപ്പോഴും നാം ഏറെ പിന്നിലാണ്‌. സമുദായ നവോത്ഥാനത്തിന്റെ ഭാഗമാണ്‌ സ്‌ത്രീവിദ്യാഭ്യാസവും.
എസ്‌ ഷാജഹാന്‍ കവടിയാര്‍, തിരുവനന്തപുരം

പകൃതി സൗഹൃദ കൃഷിരീതി  മണ്ണിനും മനുഷ്യനും ഗുണം

കൃഷിയെ ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിലൂടെ അപഗ്രഥിച്ച കവര്‍‌സ്റ്റോറി (ലക്കം 47) ചിന്തനീയമായി. ആദം നബിയും അയ്യൂബ്‌ നബിയുമൊക്കെ കര്‍ഷകരായിരുന്നു എന്നതില്‍ നിന്ന്‌ മനുഷ്യകുലത്തോളം പഴക്കമുണ്ട്‌, കാര്‍ഷിക വൃത്തിയിലൂടെ വിഭവോല്‌പാദനത്തിന്‌ എന്ന്‌ ഗ്രഹിക്കാം. ഭൂമിയിലെ സസ്യങ്ങളുടെയും ജന്തുക്കളുടെയും പക്ഷികളുടെയും സൂക്ഷ്‌മ ജീവികളുടെയും വളര്‍ച്ചയും നിലനില്‌പും അവയ്‌ക്കിടയില്‍ സൗഹൃദ സഹകരണം നിലനില്‍ക്കുന്നതുകൊണ്ടാണ്‌. ഒന്നിന്റെ വളര്‍ച്ചയ്‌ക്കും നിലനില്‌പിനും മറ്റൊന്ന്‌ അനിവാര്യമെന്ന പോലെയാണ്‌ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്‌.
ഹരിത വിപ്ലവത്തിനുശേഷം നമ്മുടെ രാജ്യം ഭക്ഷ്യോല്‌പാദന രംഗത്ത്‌ വലിയ കുതിച്ചുചാട്ടം നടത്തി. അത്യുത്‌പാദന ശേഷിയുള്ള ഹൈബ്രിഡ്‌ വിത്തുകള്‍ വിതച്ച്‌, അതിന്റെ വളര്‍ച്ചയ്‌ക്കും പ്രതിരോധ ശേഷിക്കും വേണ്ടി കീടനാശിനികളും രാസവളങ്ങളും ഉപയോഗിച്ച്‌ വിഭവങ്ങള്‍ വര്‍ധിപ്പിച്ചു. പക്ഷേ, ഫലം മണ്ണിന്റെ ഫലഭൂയിഷ്‌ഠത നശിക്കുകയും ഭക്ഷ്യഉപഭോക്താക്കളെ മാരകരോഗങ്ങള്‍ക്ക്‌ അടിമകളാക്കുകയും ചെയ്‌തു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അടഞ്ഞുകിടന്നിരുന്ന രാസായുധ ഫാക്‌ടറികള്‍ രാസവള ഫാക്‌ടറികളായി രൂപമാറ്റം വരുത്തി.
വരും തലുറക്കു കൂടി അവകാശപ്പെട്ടതാണ്‌ നാം വസിക്കുന്ന ഭൂമി. അതിന്റെ വിശ്വസ്‌തരായ മേല്‍നോട്ടക്കാരായാണ്‌ നമ്മെ നിയോഗിച്ചത്‌. അതുകൊണ്ട്‌ അതിനെ നശിപ്പിക്കുന്ന തെറ്റായ കൃഷീരിതി അവലംബിക്കുമ്പോള്‍ വിശ്വാസ ലംഘനമാണ്‌ നാം നടത്തുന്നത്‌. മുസ്‌ലിംകളായ നമ്മള്‍ മണ്ണും വിണ്ണും വിഷമയമാക്കാത്ത രീതിയാണ്‌ അവലംബിക്കേണ്ടത്‌. അതില്‍ പെട്ട ഒരു രീതിയാണ്‌ പരിസ്ഥിതി സൗഹൃദകൃഷി.
മഹാരാഷ്‌ട്രക്കാരനായ സുഭാഷ്‌ പലേക്കര്‍ എന്ന കാര്‍ഷിക ശാസ്‌ത്രജ്ഞനാണ്‌ സീറോ ബജറ്റ്‌ നാച്വറല്‍ ഫാമിംഗ്‌ മുന്നോട്ടു വെച്ചത്‌. ഇന്ത്യയില്‍ 40 ലക്ഷം കര്‍ഷകര്‍ ഈ കൃഷിരീതി പിന്തുടരുന്നു. ഇതിലൂടെ എല്ലാവിധ കാര്‍ഷിക വിളകളും ഉത്‌പാദിപ്പിക്കാം. ഇതിന്റെ അടിസ്ഥാന സിദ്ധാന്തം കാടുകളില്‍ സസ്യങ്ങളും ചെടികളും പുറത്തുനിന്ന്‌ (രാസവളം, കീടനാശിനി) ഒന്നും തന്നെ നല്‌കാതെ തഴച്ചുവളരുകയും ഫലങ്ങള്‍ നല്‌കുകയും ചെയ്യുന്നതുപോലെ നാടുകളിലും കീടനാശിനികളും രാസവളങ്ങളും കൂടാതെ കൃഷിചെയ്യാം. വിളവുകള്‍ ഉല്‌പാദിപ്പിക്കാം എന്നതാണ്‌.
സസ്യങ്ങള്‍ക്ക്‌ വളരുവാന്‍ ആവശ്യമായതെല്ലാം അതിന്റെ വേരിലും ഇലയിലുമായി ദൈവം തമ്പുരാന്‍ ഒരുക്കിവെച്ചിട്ടുണ്ട്‌. നമ്മുടെ മണ്ണാവട്ടെ എല്ലാം മൂലകങ്ങള്‍ കൊണ്ടും സമ്പുഷ്‌ടമാണ്‌. ഒരു സസ്യം വളരുവാന്‍ വേണ്ട മൂലകങ്ങളുടെ 1.5% മാത്രമേ മണ്ണില്‍ നിന്ന്‌ എടുക്കുന്നുള്ളൂ. ബാക്കി 98.5% വായു, വെള്ളം, അന്തരീക്ഷം എന്നിവയില്‍ നിന്നാണ്‌ ലഭിക്കുന്നത്‌. സസ്യങ്ങള്‍ ഭക്ഷണനിര്‍മാണത്തിന്‌ അന്തരീക്ഷത്തില്‍ നിന്ന്‌ കാര്‍ബണ്‍ഡയോക്‌സൈഡും, നൈട്രജനും എടുക്കുന്നു. ഇലകള്‍ അന്നജം നിര്‍മിക്കുന്നു. പ്രകാശ സംശ്ലേഷണത്തിന്‌ സൂര്യനില്‍ നിന്ന്‌ പ്രകാശവും അവയ്‌ക്കാവശ്യമായ വെള്ളം ഭൂമിയില്‍ നിന്നും മഴയില്‍ നിന്നും ലഭിക്കുന്നു.
വനത്തില്‍ സസ്യങ്ങളും ചെടികളും വള്ളികളും തഴച്ചുവളരാനും ഫലം നല്‌കാനും, പക്ഷികളുടെയും മൃഗങ്ങളുടെയും വിസര്‍ജ്യങ്ങളും കരിയിലകളും, സൂക്ഷ്‌മ ജീവികളെ ആകര്‍ഷിപ്പിക്കാന്‍ മരങ്ങള്‍ ഉത്‌പാദിപ്പിക്കുന്ന മധുരദ്രാവകങ്ങളും ഇരട്ടപ്പരിപ്പ്‌ വര്‍ഗത്തില്‍ പെട്ട ചെടികളും ഒറ്റപ്പരിപ്പുവര്‍ഗത്തില്‍ പെട്ട പുല്ലുകളുമാണ്‌ സഹായിക്കുന്നത്‌. അതേ രീതിയില്‍ നമ്മുടെ കൃഷിയിടത്തില്‍ പക്ഷികളുടെയും മൃഗങ്ങളുടെയും കാഷ്‌ഠത്തിനും മൂത്രത്തിനും പകരായി നാടന്‍ പശുവിന്റെ ചാണകവും മൂത്രവും വേരുകള്‍ ഉത്‌പാദിപ്പിക്കുന്ന മധുര ദ്രാവകത്തിനു പകരമായി ശര്‍ക്കരയും ചെടികളുടെ പരിപ്പുകള്‍ക്ക്‌ പകരം ചെറുപയര്‍ പെടിയും, കാട്ടിലെ ഒരു പിടി മണ്ണും ഉപയോഗിച്ച്‌ `ജീവാമൃതം' ഉണ്ടാക്കിത്തെളിച്ചാല്‍ കാട്ടിലെ അതേ ഫലം നാട്ടിലെ കൃഷിയിടത്തും ലഭിക്കും.
ജീവാമൃതം ഒരിക്കലും സസ്യങ്ങള്‍ക്കുള്ള ഭക്ഷണമല്ല. മറിച്ച്‌, സൂക്ഷ്‌മ ജീവികള്‍ പെറ്റുപെരുകാനുള്ള ഒരു മാധ്യമം മാത്രമാണ്‌. ഇത്‌ നാടന്‍ മണ്ണിരകളുടെ എണ്ണം വര്‍ധിപ്പിക്കാനും വേരുകള്‍ക്ക്‌ നേരിട്ടു വലിച്ചെടുക്കാന്‍ സാധ്യമല്ലാത്ത നൈട്രജന്‍, ഫോസ്‌ഫറസ്‌, ഗന്ധകം, പൊട്ടാഷ്‌, ഇരുമ്പ്‌, കാല്‍സ്യം മുതലായവയുടെ പോഷകങ്ങള്‍ വേരുകള്‍ക്ക്‌ എളുപ്പത്തില്‍ വലിച്ചെടുക്കാവുന്ന രീതിയില്‍ പാകപ്പെടുത്തിക്കൊടുക്കുന്നതും ഈ സൂക്ഷ്‌മ ജീവികളാണ്‌. ഇങ്ങനെ പ്രകൃതി സൗഹൃദ കൃഷിരീതി മണ്ണിനും മനുഷ്യനും ഗുണംചെയ്യുന്നു.
ഫൈസല്‍ അയനിക്കോട്‌

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: