വായനയുടെ വാതില്‍ തുറന്ന് വിശുദ്ധ റമദാന്‍
ജൂണ്‍ 19 മുതല്‍ ഒരാഴ്‌ചക്കാലം മലയാളികള്‍ വായനാവാരമായി ആചരിച്ചുകഴിഞ്ഞു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിനുവേണ്ടി ഒട്ടേറെ സംഭാവനകളര്‍പ്പിച്ച പി എന്‍ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി (ജൂണ്‍ 19) തെരഞ്ഞെടുക്കപ്പെടുന്നത്.
ഗ്രന്ഥശാലാപ്രസ്ഥാനം, സാക്ഷരതാ പ്രസ്ഥാനം, അനൗപചാരിക വിദ്യാഭ്യാസ സംരംഭമായ കാന്‍ഫെഡ് തുടങ്ങിയ രംഗങ്ങളില്‍ അക്ഷരാര്‍ഥത്തില്‍ സേവനം നല്‌കിയ വ്യക്തിയുടെ ഓര്‍മയ്‌ക്കായി അദ്ദേഹം മുന്നോട്ടുനയിച്ച അതേ കാര്യത്തിനു വേണ്ടി അഥവാ വായിച്ചുവളരുക എന്ന സന്ദേശം ഊട്ടിയുറപ്പിക്കാനായി, സര്‍ക്കാര്‍ തലത്തില്‍ തന്നെ ശ്രദ്ധിക്കുക എന്നതാണ് ദിനാചരണത്തിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. പ്രത്യേകിച്ചും വായന ഇല്ലാതാവുന്നു എന്ന് ആശങ്കിക്കപ്പെടുന്ന ഇക്കാലത്ത് അത് ഏറെ പ്രസക്തമാണ്.
എന്നാല്‍ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം അതിനേക്കാള്‍ എത്രയോ വിലപ്പെട്ട ഒരു ദിനത്തിന്റെ ആഗമനം പ്രതീക്ഷിച്ചിരിക്കുകയാണവര്‍. വിണ്ണില്‍ നിന്ന് മണ്ണിലേക്ക് സ്രഷ്‌ടാവിന്റെ സന്ദേശം നേരിട്ട് വരുന്ന സമ്പ്രദായത്തിന് സമാപനം കുറിച്ചുകൊണ്ടും ലോകാന്ത്യം വരെ നിലനില്‌ക്കുന്ന വേദഗ്രന്ഥാവതരണത്തിന്റെ നാന്ദി കുറിച്ചുകൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കാന്‍ തുടങ്ങിയ മഹത്തായ ദിനത്തിന്റെ വാര്‍ഷിക ആവര്‍ത്തനം. അഥവാ ലൈലത്തുല്‍ ഖദ്‌ര്‍. ആ സുദിനമടങ്ങുന്ന ഒരു മാസം (റമദാന്‍) പൂര്‍ണമായും വ്രതാനുഷ്‌ഠാനമെന്ന സുപ്രധാന ആരാധനയില്‍ മുഴുകാനാണ് ദൈവ കല്‌പന. വിശുദ്ധ ഖുര്‍ആനിന്റെ അവതരണ ലക്ഷ്യം മനുഷ്യസമൂഹത്തിന്റെ സന്മാര്‍ഗ ദര്‍ശനമാണ് (17:9). എന്നാല്‍ ഈ ഗ്രന്ഥത്തില്‍ നിന്ന് ആദ്യമായി പ്രകാശിതമായ വചനങ്ങള്‍ `നീ വായിക്കുക' എന്ന കല്‌പനക്രിയയാണ്. അല്ലാഹുവിന്റെ പ്രവര്‍ത്തനങ്ങള്‍ സോദ്ദേശ്യമായിരിക്കുമല്ലോ. വായിക്കുക എന്ന കര്‍മത്തിന് വിശ്വാസികള്‍ ഏറെ പ്രാധാന്യം കല്‌പിക്കേണ്ടതുണ്ട് എന്നാണ് വിശുദ്ധ ഖുര്‍ആന്‍ അവതരണത്തിലെ സൂചന.
ആശയ ഗ്രഹണത്തിന്റെ വലിയ ഉപാധികളിലൊന്നായ വായന കേവല പാരായണത്തില്‍ ഒതുങ്ങുന്നതല്ല. അര്‍ഥപൂര്‍ണമായ വായന വിശ്വാസിയുടെ ബാധ്യതയായി നിശ്ചയിച്ച ഖുര്‍ആന്‍, `സൃഷ്‌ടിച്ച നാഥന്റെ നാമത്തില്‍ നീ വായിക്കുക' (96:1) എന്ന നിര്‍ദേശത്തിലൂടെ അതാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല, മനുഷ്യന്ന് അല്ലാഹു നല്‌കിയ പ്രത്യേക ശേഷികളിലൊന്നായ ആലേഖനപാടവം - ആശയം എഴുതിവയ്‌ക്കാനുള്ള കഴിവ്- സ്രഷ്‌ടാവിന്റെ ഔദാര്യപൂര്‍ണമായ വരദാനമാണ് എന്നുകൂടി ഓര്‍മിപ്പിക്കുന്നവയാണ് വിശുദ്ധ ഖുര്‍ആനിലെ പ്രഥമ പ്രകാശിത വചനങ്ങള്‍. ``നീ വായിക്കുക; പേനകൊണ്ടെഴുതാന്‍ പഠിപ്പിച്ച നിന്റെ നാഥന്‍ അത്യുദാരനത്രെ. അവന്‍ മനുഷ്യന്ന് അറിയാത്ത കാര്യങ്ങള്‍-പഠിച്ചിപ്പിച്ചിരിക്കുന്നു'' (96:3-5). വിശുദ്ധ റമദാന്‍ ഖുര്‍ആന്‍ പാരായണത്തിന്റെ മാസമായി വിശ്വാസികള്‍ പൊതുവെ ഗണിച്ചുവരുന്നു. എന്നാല്‍ അതിലപ്പുറത്തേക്ക് പഠന മനനങ്ങളിലേക്ക് വിശ്വാസിയുടെ ഖുര്‍ആന്‍ പാരായണം എത്തിച്ചേരേണ്ടതുണ്ട്. റമദാനിന്റെ ആഗമന സന്ദര്‍ഭത്തില്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
മറ്റേതൊരു വായനാസമഗ്രയില്‍ നിന്നും വ്യത്യസ്‌തമായി വിശുദ്ധ ഖുര്‍ആനിന്റെ അക്ഷരപാരായണം പോലും പുണ്യകരമാണ്. എന്നാല്‍ അതുമാത്രം പോരാ. വിശുദ്ധ ഖുര്‍ആന്‍ സന്മാര്‍ഗദര്‍ശിനിയാണ് (17:9). ആ സന്മാര്‍ഗം കണ്ടെത്താത്ത വായന പൂര്‍ണമല്ല എന്നുറപ്പാണല്ലോ. അപ്പോള്‍ അതിന്റെ അഗാധമായ അര്‍ഥതലങ്ങളിലേക്ക് നമ്മുടെ വായന ഇറങ്ങിച്ചെല്ലേണ്ടതുണ്ട്. അത്തരം അഗാധമായ വായന ചിന്തയ്‌ക്കും മനനത്തിനും സ്വാഭാവികമായി വഴിയൊരുക്കും. ഖുര്‍ആന്‍ അങ്ങനെ നിര്‍ദേശിക്കുക കൂടി ചെയ്യുന്നു. `ഖുര്‍ആനിനെ നാം എളുപ്പമാക്കിയിരിക്കുന്നു; ആയതിനാല്‍ ആഴത്തില്‍ ആലോചിക്കാന്‍ ആരെങ്കിലും ഒരുക്കമുണ്ടോ?' (54:17). നാലുവട്ടം ആവര്‍ത്തിച്ച ഈ ചോദ്യം വിശ്വാസിയുടെ മനസ്സിനെ പ്രകമ്പനം കൊള്ളിക്കേണ്ടതാണ്. ഇതിന്റെ പ്രായോഗിക രൂപവും ഖുര്‍ആന്‍ വരച്ചുകാണിക്കുന്നു. ഖുര്‍ആനിലെ വാക്യങ്ങള്‍ (ആയത്ത്) വായിക്കുന്നതിനു പുറമെ പ്രകൃതിയിലെ ദൃഷ്‌ടാന്തങ്ങള്‍ (ആയത്ത്) വായിച്ചെടുക്കുക എന്ന വായനയുടെ ഉയര്‍ന്ന തലത്തിലേക്ക് വിശ്വാസി ഉയരണം. ഭൂമി, ആകാശം, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, രാവ്, പകല്‍, മഴ തുടങ്ങിയ പ്രകൃതിയിലെ നിത്യക്കാഴ്‌ചകള്‍ നോക്കിക്കാണാനും അവയിലടങ്ങിയ ആന്തരിക രഹസ്യങ്ങള്‍ വായിച്ചെടുക്കാനും വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു. പ്രകൃതി ദൃഷ്‌ടാന്തങ്ങള്‍ മനനം ചെയ്യുന്ന വിശ്വാസി എത്തിച്ചേരുന്ന യാഥാര്‍ഥ്യം `നാഥാ, നീയിതു വെറുതെ സൃഷ്‌ടിച്ചതല്ല' എന്നാണ്. (3:191)
~ഒരു വേദഗ്രന്ഥ പാരായണത്തിന്റെ പുണ്യചിന്തയോടൊപ്പം ബുദ്ധിവികാസവും ചിന്തയെ തട്ടിയുണര്‍ത്തലും വിശുദ്ധ ഖുര്‍ആന്‍ ലക്ഷ്യം വയ്‌ക്കുന്നു. പ്രപഞ്ച പുസ്‌തകം വായിക്കാന്‍ നിര്‍ദേശിച്ചതുപോലെ മണ്‍മറഞ്ഞ ചരിത്രയാഥാര്‍ഥ്യങ്ങള്‍ വായിച്ചു മനസ്സിലാക്കാനും ഖുര്‍ആന്‍ നിര്‍ദേശിക്കുന്നു. പോയ തലമുറകളുടെ വീഴ്‌ചകള്‍ തിരുത്താനും നന്മകള്‍ പകര്‍ത്താനും അതുവഴി സാധിക്കുന്നു. ഭൂതത്തിന്റെയും ഭാവിയുടെയും ഇടയ്‌ക്കുള്ള സജീവമായ കണ്ണിയാണല്ലോ വര്‍ത്തമാനം. നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുക (29:30) എന്ന് വിവിധ സന്ദര്‍ഭങ്ങളില്‍ ഖുര്‍ആന്‍ ഉണര്‍ത്തിയത് ഈ ആശയത്തിലാണ്. ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യകുലത്തിന്റെ സന്മാര്‍ഗ ദര്‍ശിനിക്ക് പേരുതന്നെ വായന (ഖുര്‍ആന്‍) എന്നതുപോലെ, വായനയും മനുഷ്യവികാസവും തമ്മിലുള്ള അഭേദ്യബന്ധവും അതുണര്‍ത്തുന്നു. വിശുദ്ധ ഖുര്‍ആനിന്റെ ചൈതന്യം ഉള്‍ക്കൊണ്ട പൂര്‍വികര്‍ ലോകത്തിന്റെ മുന്നില്‍ നടന്നു. വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവായി വരുന്നത് ഇതര ശാസ്‌ത്രരംഗങ്ങളില്‍ നിപുണന്‍മാര്‍. ഇതിനവരെ പ്രാപ്‌തരാക്കിയത് പഠനവും മനനവും തന്നെയാകുന്നു.
വിശുദ്ധ ഖുര്‍ആന്‍ മാത്രം വായിക്കുക എന്നതല്ല അവര്‍ സ്വീകരിച്ച നിലപാട്. ഖുര്‍ആന്‍ തുറന്നുവിട്ട വിജ്ഞാന കവാടത്തിലൂടെ പ്രവേശിച്ച് അവര്‍ എല്ലാം നോക്കിക്കണ്ടു, ആവോളം സ്വാംശീകരിച്ചു. വായനയുടെ അനിവാര്യ ഫലമായ എഴുത്ത് മുന്‍ഗാമികള്‍ നിര്‍വഹിച്ചു. അവര്‍ എഴുതിവച്ചതും കൂടി വായിച്ച് പില്‌ക്കാലക്കാര്‍ വിജ്ഞാനം തലമുറകളിലേക്ക് പകര്‍ന്നു. മനുഷ്യ പുരോഗതിയുടെ നിദാനം തന്നെ വിജ്ഞാനമായി മാറി. `നാഥന്റെ നാമത്തില്‍ നീ വായിക്കൂ' എന്ന ആഹ്വാനത്തിന്റെ, യുഗാന്തരങ്ങളിലേക്കു നീളുന്ന പ്രതിഫലനം. ഇത് സാധിച്ചെടുത്തതോ, നിരക്ഷര സമൂഹത്തിന്റെ പിന്‍ഗാമികളിലും.
ആറാം നൂറ്റാണ്ടിലെ അറേബ്യന്‍ സമൂഹത്തെ നിരക്ഷരതയില്‍ നിന്നും അജ്ഞതയില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും ജീര്‍ണ ജീവിതത്തില്‍ നിന്നും കരകയറ്റാന്‍ പ്രവാചകനു ലഭിച്ച നിര്‍ദേശങ്ങളില്‍ ആദ്യവചനം `ഇഖ്‌റഅ്' എന്നായിരുന്നുവല്ലോ. ചരിത്രത്തിന്റെ ആവര്‍ത്തനം ലോകത്ത് എല്ലായിടത്തും പലപ്പോഴായി നടന്നിട്ടുണ്ടാവും. കേരളത്തില്‍ മുസ്‌ലിം സമൂഹം അജ്ഞതയിലും ഏതാണ്ട് നിരക്ഷരതയിലും അതിലേറെ വിശ്വാസവികലതകളിലും തന്മൂലം അധസ്ഥിതാവസ്ഥയിലും കഴിഞ്ഞിരുന്ന പത്തൊന്‍പതാം നൂറ്റാണ്ടില്‍ വിശുദ്ധ ഖുര്‍ആനിന്റെ വെളിച്ചത്തിലൂടെ പുരോഗതിയിലേക്ക് നയിക്കപ്പെട്ടതും ചരിത്രത്തിന്റെ മായാത്ത ആധ്യായമാണ്. ആശയംപോലും ആലോചിക്കാതെ പാരമ്പര്യമായി കണ്ടുവരുന്ന ഏതാനും കീര്‍ത്തന കാവ്യപാരായണ സംസ്‌കാരത്തില്‍ നിന്ന് സോദ്ദേശ്യ വായനയിലേക്കും അതുവഴി ചിന്തോദ്ദീപനത്തിലേക്കും വഴിനടത്തപ്പെട്ടതാണ് കേരള മുസ്‌ലിംകളുടെ പുരോഗതിയുടെ നാഴികക്കല്ല്. ആ വായനാ സംസ്‌കാരത്തിന്റെ പ്രചോദനം ഖുര്‍ആനായിരുന്നു. ജനങ്ങള്‍ ഖുര്‍ആന്‍ വായിച്ചു. അതു പഠിച്ചു. ഖുര്‍ആനിക വെളിച്ചത്തില്‍ ഇസ്‌ലാമിക സാഹിത്യങ്ങള്‍ ഉടലെടുത്തു. കൂടുതല്‍ പഠിച്ചു. മത ഭൗതിക വിജ്ഞാനങ്ങള്‍ ആര്‍ജിക്കാന്‍ `ഇഖ്‌റഇ'ന്റെ സന്ദേശം ആവേശം പകര്‍ന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഇസ്വ്‌ലാഹീ പ്രസ്ഥാനം ഇവിടെ മാറ്റങ്ങള്‍ക്ക് വഴിമരുന്നിട്ടത് വായന സംസ്‌കാരം വഴിയായിരുന്നു. ദിനപ്പത്രങ്ങള്‍, വാരികകള്‍, മാസികകള്‍... ഇസ്‌ലാമിക പഠന വിഷയങ്ങളുമായി ആനുകാലികങ്ങള്‍ നിറഞ്ഞുനില്‌ക്കുന്നു; സമകാല കേരളത്തില്‍.
സാങ്കേതിക വിദ്യയുടെ പുരോഗതി മൂലം വായനയുടെ തലങ്ങള്‍ മാറി വരികയാണ്. സ്വസ്ഥമായി ഗ്രന്ഥങ്ങള്‍ വായിച്ച് മനനവും ഗവേഷണവും നടത്തുന്നതിനുപകരം തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തത് ആവശ്യം തോന്നുന്നിടത്ത് `പെയ്‌സ്റ്റ്' ചെയ്‌ത് കാര്യങ്ങള്‍ സാധിച്ചെടുക്കുകയും ആവശ്യമെന്ന് തോന്നിയാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുകയും ചെയ്യുന്ന ഒരുതരം `ഇന്‍സ്റ്റന്റ്' വായന സംസ്‌കാരത്തിലേക്ക് ആധുനിക തലമുറ നീങ്ങുന്നതാണ് അനുഭവം. ആധികാരികതയോ ആസ്വാദ്യതയോ വേണ്ടത്ര ലഭിക്കാത്ത ഈ സ്ഥിതി കണ്ട് `വായന മരിക്കുന്നു' എന്ന് ചിലര്‍ വിലപിക്കാറുണ്ട്. എന്നാല്‍ സത്യവിശ്വാസിയുടെ വായന സജീവമായി നിലനില്‌ക്കണം. എല്ലാ ആധുനിക സങ്കേതങ്ങളും ഉപയോഗപ്പെടുത്തണം. എങ്കിലും അര്‍ഥപൂര്‍ണമായ വായനയും സ്വസ്ഥമായ മനനവും വീണ്ടെടുക്കാന്‍ `ഇഖ്‌റഇ'ന്റെ സന്ദേശം വിളിച്ചോതുന്ന റമദാനിന്റെ ആഗമന വേളയില്‍ നാം പ്രതിജ്ഞയെടുക്കുക. പരന്ന വായനയാണ് ജ്ഞാനിയെ സൃഷ്‌ടിക്കുന്നത്. പ്രഭാഷകന്റെ സന്ദേശം ധന്യമാക്കുന്നതും വായനതന്നെ. കൂടാതെ സര്‍ഗധനനായ എഴുത്തുകാരന്‍ ഉയിര്‍കൊള്ളുന്നതും വായനയിലൂടെത്തന്നെ എന്നോര്‍ക്കുക.
0 comments: