മലാല ആഘോഷിക്കപ്പെടുമ്പോള്‍

  • Posted by Sanveer Ittoli
  • at 9:08 AM -
  • 0 comments

മലാല ആഘോഷിക്കപ്പെടുമ്പോള്‍


2013 ജൂലൈ 12 ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടാവുന്ന ഒരു തിയതിയാണ്‌. വടക്കു പടിഞ്ഞാറന്‍ പാകിസ്‌താനിലെ സ്വാതില്‍ നിന്നുള്ള ഒരു മുസ്‌ലിം പെണ്‍കുട്ടി ശിരോവസ്‌ത്രം ധരിച്ചുകൊണ്ട്‌ ഐക്യരാഷ്‌ട്ര സഭ യുവജന സമ്മേളനത്തെ അഭിസംബോധന ചെയ്‌ത ദിവസമാണത്‌.
മലാല യൂസുഫ്‌ സായി എന്ന പതിനാറുകാരിയാണ്‌ യു എന്‍ യുവജന സമ്മേളനത്തെ അഭിസംബോധന ചെയ്‌തത്‌. എണ്‍പതു രാജ്യങ്ങളില്‍ നിന്നുള്ള യുവപ്രതിനിധികള്‍ മലാലയുടെ പ്രസംഗം കേള്‍ക്കാന്‍ ന്യൂയോര്‍ക്കിലെത്തിയിരുന്നു.
കഴിഞ്ഞ പത്തുമാസമായി ലോകത്ത്‌ ചര്‍ച്ച ചെയ്യപ്പെടുകയാണ്‌ മലാല എന്ന പെണ്‍കുട്ടി. 2012 ഒക്‌ടോബര്‍ 9-ന്‌ മലാല സഞ്ചരിച്ച സ്‌കൂള്‍ ബസ്‌ തടഞ്ഞുനിര്‍ത്തി ഏതാനും തീവ്രവാദികള്‍ അവള്‍ക്കു നേരെ നിറയൊഴിച്ചു. തലയ്‌ക്കും കഴുത്തിനും വെടിയേറ്റ മലാലയെ ബ്രിട്ടണിലെ ക്യൂന്‍ എലിസബത്ത്‌ അശുപത്രിയിലെത്തിച്ചു. അധികം വൈകാതെ മലാല സുഖംപ്രാപിച്ചു. എന്തിനായിരുന്നു ഈ ക്രൂരത എന്ന ചോദ്യം ഇന്നും അവശേഷിക്കുന്നു. 2007-ല്‍ പാകിസ്‌താനിലെ സ്വാത്‌ താഴ്‌വരയുടെ നിയന്ത്രണം മുല്ല ഫദ്‌ലുല്ലയുടെ നേതൃത്വത്തിലുള്ള താലിബാന്‍ ഏറ്റെടുത്തതോടെയാണ്‌ പ്രശ്‌നങ്ങള്‍ തലപൊക്കുന്നത്‌. കിട്ടുന്ന വാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ സ്‌ത്രീ വിദ്യാഭ്യാസത്തെ മതത്തിന്റെ പേരില്‍ എതിര്‍ത്ത താലിബാന്‍, പെണ്‍കുട്ടികള്‍ വിദ്യാലയങ്ങളില്‍ പോകുന്നതിനെയും എതിര്‍ത്തിരുന്നുവത്രെ.
മലാലയുടെ പിതാവാകട്ടെ, സ്വാതില്‍ സ്‌കൂള്‍ നടത്തിയിരുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകനും. താലിബാന്റെ വിദ്യാഭ്യാസവിരുദ്ധ നിലപാടുകള്‍ക്കെതിരെ പതിനൊന്നുകാരിയായ മലാല അന്ന്‌ ബ്രിട്ടീഷ്‌ ബ്രോഡ്‌കാസ്റ്റിംഗ്‌ കോര്‍പറേഷന്റെ ഉര്‍ദു ബ്ലോഗില്‍ കുറിപ്പുകളെഴുതി. ഈ `പാകിസ്‌താന്‍ വിദ്യാര്‍ഥിയുടെ ഡയറി'യില്‍ നിന്ന്‌ സ്വാതില്‍ നടമാടുന്ന ഭീകരത ലോകം അറിയാനിടയായി. ഈ ചെറുത്തുനില്‌പിന്റെ ബാക്കിപത്രമാണ്‌ സ്‌കൂള്‍ ബസിലെ വെടിവെയ്‌പും തുടര്‍ന്നുള്ള സംഭവങ്ങളും. വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനു വേണ്ടി സധീരം പോരാടിയ പെണ്‍കുട്ടിയെ ഐക്യരാഷ്‌ട്ര സഭ അര്‍ഹമാംവിധം ആദരിച്ചു എന്ന്‌ പറയാം.
ജൂലൈ 12-ന്‌ അവളുടെ ജന്മദിനത്തില്‍ യു എന്നില്‍ പ്രഭാഷണം നടത്താന്‍ അവസരം നല്‍കിയത്‌ വലിയ ബഹുമാനം തന്നെയാണ്‌. മലാലയുടെ യു എന്‍ പ്രഭാഷണത്തില്‍ മുഴങ്ങിക്കേട്ടത്‌, തന്നെ വെടിവെച്ചുവീഴ്‌ത്തിയ തീവ്രവാദികളോടുള്ള രോഷമായിരുന്നില്ല. മറിച്ച്‌ ഇസ്‌ലാമിന്റെ പേര്‌ ദുരുപയോഗം ചെയ്‌ത്‌ സ്വാര്‍ഥ താല്‌പര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരായിരുന്നു. `ഒരു കുട്ടി, ഒരു ടീച്ചര്‍, ഒരു പേന, ഒരു പുസ്‌തകം ഇവയ്‌ക്ക്‌ ലോകത്തെ പരിവര്‍ത്തിപ്പിക്കാന്‍ സാധിക്കും' എന്ന സന്ദേശത്തോടെയാണ്‌ അവര്‍ തന്റെ പ്രഭാഷണത്തിന്‌ വിരാമമിട്ടത്‌. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സംരക്ഷണത്തിനായുള്ള യു എന്‍ അംബാസഡറായി അവള്‍ നിയമിതയായതും അര്‍ഹമായ അംഗീകാരം നല്‍കിയതും ഉചിതമായി. മലാല എന്ന പാകിസ്‌താനി പെണ്‍കുട്ടിയുടെ പേരില്‍ യു എന്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം ലഭിച്ചത്‌ ഇന്ത്യയില്‍ ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള റസിയ സുല്‍ത്താന്‍ എന്ന പെണ്‍കുട്ടിക്കാണ്‌ എന്നത്‌ യാദൃച്ഛികവും പ്രതീകാത്മകവുമാണ്‌. അതും പെണ്‍ വിദ്യാഭ്യാസ പ്രോത്സാഹനത്തിനു വേണ്ടി കഠിനാധ്വാനം ചെയ്‌തതിന്‌. എല്ലാം ശുഭം.
മേല്‍പറഞ്ഞ വസ്‌തുതകള്‍ മലാല എപ്പിസോഡിന്റെ ഒരു വശം. താലിബാന്‍ തീവ്രവാദികള്‍ എന്ന്‌ പറയപ്പെടുന്നവര്‍ ചെയ്‌ത ഈ നീചപ്രവൃത്തിയെ ലോകം അപലപിച്ചതും അതിന്റെ തുടര്‍ക്കഥയായി ആഗോള മീഡിയ ജ്വലിപ്പിച്ചുനിര്‍ത്തിയതും വിദ്യാഭ്യാസ താല്‌പര്യമോ തീവ്രവാദ വികാരമോ മാത്രമായിരുന്നില്ല. ഇസ്‌ലാമിന്റെ പേര്‌ പറഞ്ഞ്‌ വിദ്യാഭ്യാസത്തിനെതിരെ തിരിഞ്ഞ താലിബാനെ പ്രതിസ്ഥാനത്തു നിര്‍ത്തി അതിന്റെ മറവില്‍ ഇസ്‌ലാമിനെ ഭത്സിക്കാന്‍ കിട്ടിയ അവസരം ആരും പാഴാക്കിയില്ല. ഇസ്‌ലാം സ്‌ത്രീവിരുദ്ധമാണെന്നും വിദ്യാഭ്യാസത്തിനും പുരോഗതിക്കും എതിരാണെന്നുമുള്ള നെഗറ്റീവ്‌ മെസേജ്‌ ലോകത്തിന്‌ നല്‌കാനാണ്‌ പലരും ഈയവസരം ഉപയോഗപ്പെടുത്തിയത്‌. വിദ്യാഭ്യാസ സ്വാതന്ത്ര്യം നിഷേധിക്കുന്നത്‌ അപലപനീയം തന്നെ. സംശയമില്ല.
എന്നാല്‍ ലോകത്ത്‌ എത്രയെത്ര സ്വാതന്ത്ര്യനിഷേധം ദിനേന നടക്കുന്നു! അവയ്‌ക്കൊന്നിനും കിട്ടാത്ത മാര്‍ക്കറ്റ്‌ മലാല പ്രശ്‌നത്തിന്‌ കിട്ടിയതെന്തുകൊണ്ട്‌ എന്നും ചിന്തിക്കേണ്ടതല്ലേ? ഒരു ഭാഗത്ത്‌ ഇസ്‌ലാമിനെ ദുഷിക്കാന്‍ എന്തെങ്കിലും പഴുതുണ്ടെങ്കില്‍ അത്‌ മീഡിയ ആഘോഷിക്കും. ഇസ്‌ലാമിനുവേണ്ടി വല്ലതും പറയേണ്ട സന്ദര്‍ഭത്തില്‍ മീഡിയ മിണ്ടാട്ടം മാറ്റും. എത്രയോ കാലമായി നാമിത്‌ കാണുന്നു.
മലാലയെ ലോകപ്രശസ്‌തയാക്കിയത്‌ ഈ ആഘോഷം കൊണ്ടാണ്‌. കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ തങ്ങളുടെ പ്രോപഗണ്ടയ്‌ക്ക്‌ ബ്രാന്റ്‌ അമ്പാസഡറെന്ന പോലെ മലാലയുടെ പടംവെച്ച്‌ പോസ്റ്റര്‍ ഇറക്കി. താലിബാന്‍ അഫ്‌ഗാനിലും പാകിസ്‌താനില്‍ നിയന്ത്രണം ഉള്ളേടത്തും മൂടുപടം നിര്‍ബന്ധമാക്കിയത്‌ (വാര്‍ത്ത ശരിയാണെങ്കില്‍) ഫാസിസമാണ്‌. എന്നാല്‍ ഫ്രാന്‍സില്‍ മുസ്‌ലിംകള്‍ക്ക്‌ തങ്ങളുടെ മതാചരണത്തിന്റെ ഭാഗമായി ശിരോവസ്‌ത്രം നിഷേധിക്കുന്നതും അതിന്റെ പേരില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതും സ്വാതന്ത്ര്യനിഷേധവും ഫാസിസവുമല്ലേ? ഇത്‌ ആരും `ഹൈലൈറ്റ്‌' ചെയ്യാത്തതെന്തുകൊണ്ട്‌ എന്നത്‌ ചിന്തനീയമല്ലേ? ലോകത്ത്‌ അനേകം മലാലമാര്‍ പലവിധത്തിലുള്ള സ്വാതന്ത്ര്യനിഷേധങ്ങള്‍ അനുഭവിക്കുന്നു. അവരെയൊന്നും ഐക്യരാഷ്‌ട്രസഭ ആദരിക്കുകയോ കാണുക പോലുമോ ചെയ്യുന്നില്ല!
ഇസ്‌ലാമിക വേഷവിധാനം സ്വീകരിച്ചതിന്റെ പേരില്‍ ജര്‍മനിയിലെ കോടതിക്കു മുന്നില്‍ വെച്ച്‌ മര്‍വ അലി ശര്‍ബിനി എന്ന ഒരു വനിതയെ ജര്‍മന്‍ പൗരനായ റഷ്യന്‍ കുടിയേറ്റക്കാരന്‍ അലക്‌സ്‌ വിയന്‍ കുത്തിക്കൊന്നത്‌ 2009-ലായിരുന്നു. ഇത്‌ ഒരു യാദൃച്ഛിക സംഭവമല്ല, ആസൂത്രിത കൊലപാതകമാണെന്ന്‌ ഇറാന്‍ പ്രസിഡന്റ്‌ അഹ്‌മദ്‌ നിജാദ്‌ ഐക്യരാഷ്‌ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്‌ കത്തെഴുതുക പോലുമുണ്ടായി. സ്വാതന്ത്ര്യനിഷേധത്തിനെതിരെ ആരുടെയും ധര്‍മരോഷം ഉയര്‍ന്നില്ല. അവരുടെ ചരമവാര്‍ഷികം അന്തര്‍ദേശീയമായി ആചരിക്കപ്പെട്ടിട്ടും ലോകമീഡിയ അത്‌ ആഘോഷിച്ചില്ല! മലാല എന്ന പെണ്‍കുട്ടി ആദരവര്‍ഹിക്കുന്നില്ല എന്നല്ല, മറിച്ച്‌, സ്വാതന്ത്ര്യവും സ്വാതന്ത്ര്യനിഷേധവും പ്രതിഷേധവും അംഗീകാരവുമെല്ലാം ഫ്രാന്‍സിനും ജര്‍മനിക്കും റഷ്യക്കും പാകിസ്‌താനും ഇന്ത്യയ്‌ക്കും ഒരുപോലെ ആയിരിക്കണമെന്ന്‌ സൂചിപ്പിക്കുകയാണ്‌.
ഓരോ രാജ്യത്തും ഓരോ തരത്തില്‍ പൗരന്മാര്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്‌. സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുണ്ട്‌. മനുഷ്യാവകാശം പോലും നിരസിക്കപ്പെടുന്നുണ്ട്‌. അതിനെതിരെ ലോകമനസ്സാക്ഷി ഉയരേണ്ടത്‌ അനിവാര്യം തന്നെ. എന്നാല്‍ വിവേചനരഹിതമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യപ്പെടുന്നതാണ്‌ നീതി. മുസ്‌ലിം സമൂഹത്തിനെതിരെ അതിനിഷ്‌ഠൂരമായി മനുഷ്യാവകാശ ലംഘനവുമുണ്ടായിക്കൊണ്ടിരുന്നാല്‍ പോലും ഐക്യരാഷ്‌ട്ര സഭയ്‌ക്ക്‌ അനക്കമുണ്ടാവില്ല. എന്നാല്‍ മുസ്‌ലിംകള്‍ പ്രതിസ്ഥാനത്ത്‌ നിര്‍ത്തപ്പെടാന്‍ വല്ല സാധ്യതയുമുണ്ടെങ്കില്‍ എല്ലാവര്‍ക്കും ആയിരം നാവായിരിക്കും. മലാല ആഘോഷിക്കപ്പെടുന്നതിലെ രസതന്ത്രവും മറ്റൊന്നല്ല. തീവ്രവാദവേട്ടയുടെ മറവില്‍ ഇസ്‌ലാമിനെ ഭത്സിക്കാന്‍ പാശ്ചാത്യ മീഡിയ അവസരം കണ്ടെത്തുന്നു.
കഥയുടെ ആന്റി ക്ലൈമാക്‌സ്‌ ആയി കഴിഞ്ഞ ദിവസം മറ്റൊരു വാര്‍ത്തയും കൂടി ഇസ്‌ലാമാബാദില്‍ നിന്ന്‌ വന്നിരിക്കുന്നു. അതായത്‌ ലണ്ടനില്‍ താമസമാക്കിയ മലാല സ്വദേശമായ സ്വാതിലേക്ക്‌ തിരിച്ചുവരണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ പാക്‌ താലിബാന്‍ നേതാവ്‌ മലാലയ്‌ക്ക്‌ കത്തെഴുതിയിട്ടുണ്ടത്രെ. നാട്ടില്‍ തിരിച്ചെത്തി പെണ്‍കുട്ടികള്‍ക്കായുള്ള വിദ്യാലയങ്ങളില്‍ പെണ്‍വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും ഇസ്‌ലാമിനെ പേനകൊണ്ട്‌ സഹായിക്കുകയും ചെയ്യാന്‍ അദ്‌നാന്‍ റശീദ്‌ മലാലയ്‌ക്കെഴുതിയ കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ടത്രേ. ഇനിയും കൂടുതല്‍ വാര്‍ത്തകള്‍ക്കായി കാതോര്‍ക്കുക നാം.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: