അബുല്‍ഹസന്‍ അലി നദ്‌വി ഇസ്‌ലാമിക ചിന്തയുടെ സപ്‌തസൗന്ദര്യം

  • Posted by Sanveer Ittoli
  • at 8:10 AM -
  • 0 comments
അബുല്‍ഹസന്‍ അലി നദ്‌വി ഇസ്‌ലാമിക ചിന്തയുടെ സപ്‌തസൗന്ദര്യം

  • അബ്‌ദുര്‍റഹ്‌മാന്‍ ആദൃശ്ശേരി


1914-ല്‍ ഉത്തര്‍പ്രദേശിലെ റായ്‌ബറേലിയില്‍ ഒരുന്നത കുടുംബത്തിലാണ്‌ അബുല്‍ഹസന്‍ അലി നദ്‌വി ജനിച്ചത്‌. ഇന്ത്യയില്‍ ഇസ്‌ലാമിക ജിഹാദിന്‌ നേതൃത്വം നല്‍കിയ സയ്യിദ്‌ അഹ്‌മദ്‌ ശഹീദ്‌, ആത്മീയപ്രഭ ചൊരിഞ്ഞ ശാഹ്‌ അലമുല്ല, സാഹിത്യ വൈജ്ഞാനിക രംഗങ്ങളില്‍ പ്രശസ്‌തനായ ഫഖ്‌റുദ്ദീന്‍ അല്‍ഹസനി എന്നിവര്‍ തന്റെ പിതാമഹാന്മാരും ഇന്ത്യയിലെ പതിനാലു നൂറ്റാണ്ടുകാലത്തെ ചരിത്രപുരുഷന്മാരെക്കുറിച്ച്‌ വിജ്ഞാനകോശം ചമച്ച സയ്യിദ്‌ അബ്‌ദുല്‍ഹയ്യ്‌ ഹസനി തന്റെ പിതാവുമത്രെ. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ മഹതിയും പണ്ഡിതയും കവയിത്രിയുമായിരുന്നു മാതാവ്‌. അവരുടെ പക്വമായ ശിക്ഷണമാണ്‌ നദ്‌വി സാഹിബിന്റെ ജീവിതം പാകപ്പെടുത്തുന്നതില്‍ വലിയ പങ്ക്‌ വഹിച്ചത്‌.
ഒമ്പതാം വയസ്സില്‍ പിതാവ്‌ മരണപ്പെട്ടതോടെ സഹോദരന്‍ ഡോ. അബ്‌ദുല്‍അലിയുടെ സംരക്ഷണത്തിലാണ്‌ അദ്ദേഹം വളര്‍ന്നത്‌. വൈദ്യശാസ്‌ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം ഹദീസില്‍ അവഗാഹം നേടിയ ഒരു പണ്ഡിതനുമായിരുന്നു. ഇന്ത്യയിലെ ഉന്നത ഇസ്‌ലാമിക കലാലയമായ നദ്‌വത്തുല്‍ ഉലമയുടെ കാര്യദര്‍ശികളായിരുന്നു പിതാവും സഹോദരനും. ലക്‌നോവില്‍ ഭൗതികപഠനം നടത്തിയിരുന്ന കാലത്ത്‌ തന്റെ മാതാവ്‌ നദ്‌വി സാഹിബിന്‌ എഴുതിയ കത്തുകള്‍ ഇസ്‌ലാമിക വ്യക്തിത്വം മുറുകെപ്പിടിച്ച്‌ ജീവിക്കാനും ഇസ്‌ലാമിക വിദ്യാഭ്യാസരംഗത്ത്‌ മുന്നേറാനും അദ്ദേഹത്തെ തുണച്ചു.
മതപഠനരംഗത്തേക്ക്‌ തിരിക്കുന്നതിനു മുമ്പ്‌ ലഭിച്ച ആധുനികവിദ്യാഭ്യാസവും മതവിദ്യാഭ്യാസ രംഗത്തെ അതിപ്രഗത്ഭരായ പണ്ഡിതന്മാരുടെ ശിക്ഷണവും അദ്ദേഹത്തിന്റെ വ്യക്തിത്വ രൂപീകരണത്തില്‍ വലിയ പങ്കുവഹിച്ചു. മഹാപരിഷ്‌കര്‍ത്താക്കളും വിപ്ലവകാരികളുമായിരുന്ന ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ (റ), ഇമാം ഇബ്‌നുല്‍ഖയ്യിം, സയ്യിദ്‌ അഹ്‌മദ്‌ ശഹീദ്‌, അഹ്‌മദ്‌ സര്‍ഹിന്ദി, ശാഹ്‌ വലിയ്യുല്ലാഹ്‌ ദഹ്‌ലവി, ശാഹ്‌ മുഹമ്മദ്‌ ഇല്‍യാസ്‌ എന്നിവരെല്ലാം അദ്ദേഹത്തെ അഗാധമായി സ്വാധീനിച്ചവരാണ്‌.
കുടുംബ പൈതൃകവും പരന്ന വായനയും മഹാന്മാരോടുള്ള സഹവാസവും ശിക്ഷണവും മതവിജ്ഞാനത്തോടൊപ്പം ആധുനികവിദ്യാഭ്യാസം നേടാനായതും ഇസ്‌ലാമിക ചരിത്രത്തിലും ലോകനാഗരികതകളിലുമുള്ള ആഴമേറിയ അറിവും ലോകവീക്ഷണം കരുപ്പിടിപ്പിക്കുന്നതില്‍ മൗലാനയെ സഹായിച്ചിട്ടുണ്ട്‌. ഖാദി സുലൈമാന്‍ മന്‍സൂര്‍ പൂരിയുടെ റഹ്‌മത്തുന്‍ ലില്‍ ആലമീന്‍, മുഹമ്മദ്‌ അസദിന്റെ ഇസ്‌ലാം വഴിത്തിരിവില്‍, അബ്‌ദുര്‍റഹ്‌മാന്‍ കവാകിബിയുടെ ഉമ്മുല്‍ഖുറാ, ശിബ്‌ലി നുഅ്‌മാനിയുടെ ഫാറൂഖ്‌, സാദുല്‍മആദ്‌, തന്റെ പിതാവിന്റെ നുസ്‌ഹതുല്‍ ഖവാതിര്‍ എന്നീ ഗ്രന്ഥങ്ങള്‍ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്‌. ഭാരതീയ-പേര്‍ഷ്യന്‍ ഗ്രീക്ക്‌ നാഗരികതകള്‍, പൗരാണിക ആധുനിക തത്വശാസ്‌ത്രങ്ങള്‍, വിമോചന പ്രസ്ഥാനങ്ങള്‍, നവോത്ഥാന നായകന്മാര്‍ എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം കൂലങ്കുഷമായി പഠനം നടത്തി. ഇതെല്ലാം ഭാവിയില്‍ ഇസ്‌ലാമിക പ്രബോധനവീഥിയില്‍ സ്വീകരിക്കേണ്ട സമീപനരീതികളെക്കുറിച്ച്‌ അദ്ദേഹത്തിന്‌ ഉള്‍ക്കാഴ്‌ച നല്‍കുകയുണ്ടായി.
തന്റെ കാലത്തെ മഹാമനീഷികളായിരുന്ന സയ്യിദ്‌ സുലൈമാന്‍ നദ്‌വി, അല്ലാമാ ഇഖ്‌ബാല്‍, മുഹമ്മദ്‌ അലി ലാഹോരി, മൗലാനാ മുഹമ്മദ്‌ ഇല്‍യാസ്‌, മൗലാനാ ആസാദ്‌, ഹുസൈന്‍ അഹ്‌മദ്‌ മദനി, നവാസ്‌ ഹബീബ്‌ റഹ്‌മാന്‍ ശര്‍വാനി എന്നിവര്‍ തന്റെ ചിന്തയെ ഏറെ സ്വാധീനിച്ചവരാണ്‌. വിശുദ്ധ ഖുര്‍ആന്‍, നബിചര്യ, പ്രവാചക ചരിത്രം, ചരിത്ര ശിക്ഷണം, സാഹിത്യം, മാനവികത, നവോത്ഥാന നായകന്മാര്‍, മുസ്‌ലിംകളുടെ അധപ്പതനം, അറബികളുടെ ഭാഗധേയം തുടങ്ങിയ വിവിധങ്ങളായ വിഷയങ്ങളില്‍ അദ്ദേഹം ഗഹനങ്ങളായ പഠനങ്ങള്‍ നടത്തി.
മാദാ ഖസിറല്‍ ആലം എന്ന തന്റെ ബൃഹത്തായ രചന അദ്ദേഹത്തിന്റെ ബഹുമുഖ ചിന്തകളുടെ സാരാംശമായി ഗണിക്കാവുന്നതാണ്‌. ലോക നാഗരികതകളെക്കുറിച്ചും ഇസ്‌ലാമിക ചരിത്രഗതിയെക്കുറിച്ചും അവഗാഹമായ അറിവും കാഴ്‌ചപ്പാടുകളുമുള്ള ഒരാള്‍ക്കേ ഇത്തരമൊരു രചനക്ക്‌ സാധിക്കൂ.
മൗലാനയുടെ പ്രബോധന രീതിശാസ്‌ത്രം പ്രധാനമായും ഇരുപത്‌ അടിസ്ഥാന ശിലകളില്‍ അധിഷ്‌ഠിതമാണെന്ന്‌ ഡോ. യൂസുഫുല്‍ ഖര്‍ദാവി നിരീക്ഷിച്ചിട്ടുണ്ട്‌. വിശ്വാസദൃഢത കൊണ്ട്‌ ഭൗതിക അതിപ്രസരത്തെ പ്രതിരോധിക്കുക, ധിഷണയുടെ മേല്‍ വെളിപാടിന്റെ ആധിപത്യം അംഗീകരിക്കുക, ഖുര്‍ആനും നബിചര്യയുമായി ആത്മബന്ധം സ്ഥാപിക്കുക, മനുഷ്യമനസ്സുകളില്‍ ആത്മീയതയുടെ കനല്‍ എരിയിക്കുക, ഇസ്‌ലാമിക ചരിത്രത്തില്‍ നിന്ന്‌ ഊര്‍ജം സ്വീകരിക്കുക, ജിഹാദീ താല്‌പര്യം, പാശ്ചാത്യ നാഗരികതയുടെ വിമര്‍ശനം, ദേശീയ വാദത്തോടുള്ള വിയോജിപ്പ്‌, ചിന്താഭ്രംശങ്ങളെ പ്രതിരോധിക്കുക. പ്രവാചകത്വ പരിസമാപ്‌തിയിലുള്ള ഉറച്ച വിശ്വാസം, ഇസ്‌ലാമിക സമൂഹത്തെ അവരുടെ ചരിത്രനിയോഗത്തെക്കുറിച്ചുണര്‍ത്തുക, ഇസ്‌ലാമിക ചരിത്രത്തില്‍ സ്വഹാബികളുടെ മഹത്വവും സ്ഥാനവും അംഗീകരിക്കുക, ഫലസ്‌തീന്‍ പ്രശ്‌നത്തിലുള്ള നിതാന്ത ജാഗ്രത, ഇസ്‌ലാമിക ശിക്ഷണ വ്യവസ്ഥയിലുള്ള ശ്രദ്ധ, ഇസ്‌ലാമിക നവജാഗരണശ്രമങ്ങള്‍ക്ക്‌ ദിശാബോധം നല്‍കുക, അമുസ്‌ലിംകള്‍ക്കിടയിലെ പ്രബോധനം എന്നിവയെല്ലാം ഇവയില്‍ പ്രധാനങ്ങളാണ്‌.
നബിചരിത്രവും നബിചര്യയും നദ്‌വി സാഹിബിന്റെ ഏറ്റവും പ്രമുഖമായ പഠനമേഖലയായിരുന്നു. തന്റെ ജീവിതത്തിന്റെ മുഴുവന്‍ പ്രചോദനവും തിരുജീവിതമായിരുന്നു. കേവലം ഒരു നബിചരിത്ര രചനയായിരുന്നില്ല അസ്സീറതുന്നബവിയ്യ എന്ന തന്റെ നബിചരിത്ര കൃതി കൊണ്ടദ്ദേഹം ഉദ്ദേശിച്ചത്‌. പാശ്ചാത്യ ബുദ്ധിജീവികള്‍ക്കുകൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തില്‍ പ്രവാചകജീവിതത്തെ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം ഈ ഗ്രന്ഥത്തിലൂടെ. പ്രസ്‌തുത ഗ്രന്ഥത്തിന്റെ രചനക്കായി ഇസ്‌ലാമിക പണ്ഡിതന്മാര്‍ എഴുതിയ ഗ്രന്ഥങ്ങള്‍ക്ക്‌ പുറമെ പാശ്ചാത്യര്‍ രചിച്ച ധാരാളം ഗ്രന്ഥങ്ങളും അദ്ദേഹം അവലംബിച്ചിട്ടുണ്ട്‌. നബിചരിത്രം കാലികമായ ഭാഷയിലും ശാസ്‌ത്രീയമായ ശൈലിയിലും അദ്ദേഹം അവതരിപ്പിച്ചു. പ്രവാചക തിരുമേനിയുടെ നിയോഗത്തിന്റെ മുമ്പുള്ള കാലം അതിസൂക്ഷ്‌മമായി പഠനവിധേയമാക്കി. തന്റെ രചന വൈജ്ഞാനികവും ശിക്ഷണപ്രധാനവും എന്നതു പോലെ ബുദ്ധിയെയും മനസ്സിനെയും തൃപ്‌തിപ്പെടുത്തുന്നതുമാണ്‌. മുസ്‌ലിംകള്‍ക്കും അമുസ്‌ലിം വായനക്കാര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന രീതിയിലാണ്‌ ഇതിന്റെ രചന നടത്തിയിട്ടുള്ളത്‌. അപഗ്രഥനം, അനുബന്ധങ്ങള്‍, താരതമ്യപഠനങ്ങള്‍ എന്നിവയെല്ലാം അദ്ദേഹം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.
നബിചരിത്രത്തിലെ മൗലിക സ്രോതസ്സുകള്‍ക്ക്‌ പുറമെ ലോകചരിത്രം, ജീവചരിത്ര കൃതികള്‍, ലോകനാഗരികതകളുടെ ചരിത്രം, മതങ്ങളുടെ ചരിത്രം, സര്‍വവിജ്ഞാന കോശങ്ങള്‍, സാഹിത്യകൃതികള്‍ എന്നിവയെല്ലാം ഇതിന്റെ രചനയ്‌ക്കായി അവലംബിച്ചിട്ടുണ്ട്‌. അറബി, ഉര്‍ദു, പേര്‍ഷ്യന്‍, ഇംഗ്ലീഷ്‌ തുടങ്ങിയ ലോകഭാഷകളില്‍ അവഗാഹം നേടിയ നദ്‌വി സാഹിബിന്‌ വ്യത്യസ്‌ത ലോകനാഗരികതകളെക്കുറിച്ചും മാനവ സംസ്‌കൃതികളെക്കുറിച്ചും ആഴത്തിലുള്ള പരിജ്ഞാനമുണ്ടായിരുന്നു. ഒരേസമയം ധിഷണയുടെയും വെളിപാടിന്റെയും പൂര്‍വികതയുടെയും ആധുനികരുടെയും കിഴക്കിന്റെയും പടിഞ്ഞാറിന്റെയും യുക്തിയുടെയും മനസ്സിന്റെയും അറിവുകള്‍ സ്വായത്തമാക്കാന്‍ അദ്ദേഹത്തിന്‌ ഭാഗ്യമുണ്ടായി. പാണ്ഡിത്യത്തോടൊപ്പം ഉന്നതമായ സ്വഭാവഗുണങ്ങളും പെരുമാറ്റ മര്യാദകളും വിശാലമനസ്‌കതയും വിനയവും ആത്മനിരാസവും ആ വ്യക്തിത്വത്തിന്റെ മുഖമുദ്രകളായിരുന്നു. ഖുര്‍ആനിക സ്വഭാവവും മുഹമ്മദീയ വ്യക്തിത്വവും ഹസനീ പൈതൃകവും ഈമാനിക വിശുദ്ധിയും മേളിച്ച അപൂര്‍വവ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം.
ഭൗതിക സുഖാഡംബരങ്ങളില്‍ അഭിരമിച്ചുകഴിയാന്‍ എമ്പാടും അവസരങ്ങളുണ്ടായിട്ടും അങ്ങേയറ്റത്തെ എളിമയും ജീവിതവിശുദ്ധിയും പുലര്‍ത്തിയാണദ്ദേഹം ജീവിച്ചത്‌. ഭോപാല്‍ നവാബായിരുന്ന സിദ്ദീഖ്‌ ഹസന്‍ഖാന്റെ കൊട്ടാരത്തില്‍ കഴിഞ്ഞ അദ്ദേഹം വിരക്തന്റെ ജീവിതമാണ്‌ തെരഞ്ഞെടുത്തത്‌. പ്രഭാഷണങ്ങള്‍ക്കും രചനകള്‍ക്കും പ്രതിഫലം പറ്റിയിരുന്നില്ല. അവാര്‍ഡുകളും പാരിതോഷികങ്ങളും സ്വന്തം ആവശ്യത്തിന്‌ ഉപയോഗിക്കാതെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ചെലവഴിക്കുകയായിരുന്നു. നദ്‌വത്തുല്‍ ഉലമയിലെ ഭൗതിക സൗകര്യങ്ങളൊന്നുമില്ലാത്ത ഒരു കൊച്ചു കെട്ടിടത്തിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്‌. കുട്ടികള്‍ കഴിക്കുന്ന പരുക്കന്‍ ഗോതമ്പ്‌ റൊട്ടിയായിരുന്നു ഭക്ഷണം. ദേശീയ ബഹുമതി നല്‍കി രാഷ്‌ട്രം പലതവണ അദ്ദേഹത്തെ ആദരിക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും സ്വീകരിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. കോടികള്‍ വിലമതിക്കുന്ന ധാരാളം അവാര്‍ഡുകള്‍ തന്നെ തേടിയെത്തിയെങ്കിലും അതൊക്കെ രാജ്യത്തിനകത്തും പുറത്തുമുള്ള ദീനീ സ്ഥാപനങ്ങള്‍ക്ക്‌ വീതിച്ചു നല്‍കുകയായിരുന്നു അദ്ദേഹം. പില്‍ക്കാലക്കാര്‍ പ്രയോഗിച്ച സാങ്കേതിക സംജ്ഞകളോ തസ്വവ്വുഫ്‌ എന്ന പേരില്‍ തന്നെയോ അറിയപ്പെട്ടില്ലെങ്കിലും ഖുര്‍ആനിലും നബിവചനങ്ങളിലും പ്രയോഗിക്കപ്പെട്ടതുപോലെ റബ്ബാനിയ്യ, തസ്‌കിയ, സുഹ്‌ദ്‌, ഇഹ്‌സാന്‍ തുടങ്ങിയ പ്രയോഗങ്ങളുടെ പൊരുളായ ഇസ്‌ലാമിലെ ആധ്യാത്മികവശത്തെ അംഗീകരിക്കേണ്ടതുണ്ടെന്ന്‌ അദ്ദേഹം വിശ്വസിച്ചു.
നദ്‌വി സാഹിബിന്റെ ഗ്രന്ഥങ്ങള്‍ വായിക്കുകയോ പ്രഭാഷണങ്ങള്‍ ശ്രവിക്കുകയോ ചെയ്‌ത ഏതൊരാള്‍ക്കും അദ്ദേഹം കാലഘട്ടത്തിന്റെ പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനുമായിരുന്നുവെന്ന കാര്യത്തില്‍ സംശയമുണ്ടാവില്ല. തന്റെ കാലത്തെ മുസ്‌ലിംസമൂഹത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ചും അവയുടെ പരിഹാര മാര്‍ഗങ്ങളെക്കുറിച്ചും വ്യക്തമായ കാഴ്‌ചപ്പാടുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന്‌ തന്റെ രചനകളും പ്രഭാഷണങ്ങളും സാക്ഷ്യം വഹിക്കുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ്‌ ഭരണകാലത്തും സ്വാതന്ത്ര്യാനന്തരവും ജീവിക്കാന്‍ സാധിച്ച അദ്ദേഹത്തിന്‌ രാജ്യത്തും പുറത്തും മുസ്‌ലിംകള്‍ അനുഭവിച്ചുകൊണ്ടിരുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ ശരിയായ അവബോധമുണ്ടായിരുന്നു. കമ്യൂണിസം, സോഷ്യലിസം, മുതലാളിത്തം, ലിബറലിസം തുടങ്ങിയ ഭൗതികവാദ പ്രസ്ഥാനങ്ങളുടെയും ഖാദിയാനിസം, ഹദീസ്‌ നിഷേധ പ്രസ്ഥാനം, മോഡേണിസം തുടങ്ങിയ ഇസ്‌ലാം വിരുദ്ധ ചിന്താഗതികളുടെ സ്വാധീനവും അവ ഉയര്‍ത്തിയ വെല്ലുവിളികളെയും കുറിച്ച്‌ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. അറബ്‌ ദേശീയവാദവും ഇസ്‌ലാമിക ലോകത്ത്‌ അവ ഉയര്‍ത്തിയ മതനിരാസ ചിന്തയും അദ്ദേഹം പഠനവിധേയമാക്കുകയും അറബികളുടെ ഇസ്‌ലാമിക വ്യക്തിത്വത്തെ അത്‌ എപ്രകാരം ശിഥിലമാക്കുമെന്നും ഒരു സാമൂഹ്യശാസ്‌ത്രജ്ഞന്റെ ഉള്‍ക്കാഴ്‌ചയോടു കൂടി മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്‌തു.
അറബ്‌ലോകവും നദ്‌വി സാഹിബും
അറബികളെ തങ്ങളുടെ ഭൂതകാല പ്രതാപത്തെക്കുറിച്ചുണര്‍ത്തിയ അദ്ദേഹം പ്രവാചകനെ ഒഴിവാക്കി അറബികള്‍ക്ക്‌ തങ്ങളുടെ ഭൂതകാല പ്രതാപം വീണ്ടെടുക്കാനാവില്ലെന്നും അറബികളുടെ മുഴുവന്‍ മഹത്വത്തിന്റെയും മാനദണ്ഡം പ്രവാചകനും ഖുര്‍ആനുമാണെന്നും അവരെ ഓര്‍മപ്പെടുത്തി. ഇതരസമൂഹങ്ങള്‍ ചരിത്രത്തില്‍ ഇടം കണ്ടെത്തിയത്‌ തങ്ങളുടെ ബൗദ്ധിക പ്രഭാവങ്ങളിലൂടെയും ദിഗ്വിജയങ്ങളിലൂടെയുമാണെങ്കില്‍, ഇസ്‌ലാമിലൂടെയും പ്രവാചക തിരുമേനിയിലൂടെയും മാത്രമാണ്‌ അറബികള്‍ ചരിത്രത്തില്‍ ഇടംപിടിച്ചെതന്ന്‌ അദ്ദേഹം അവരെ ഉണര്‍ത്തി. നൂറ്റാണ്ടുകളോളം ലോകത്തെ സ്വാധീനിച്ച അറബികള്‍ ചരിത്രത്തില്‍ നിന്ന്‌ പിന്‍വാങ്ങിയതും പാശ്ചാത്യ നാഗരികതയുടെ പൊലിമയില്‍ അവരുടെ കണ്ണഞ്ചിപ്പോയതും അദ്ദേഹത്തെ അതിയായി ദു:ഖിപ്പിച്ചു. ഇസ്‌ലാമികചിന്തയും പാശ്ചാത്യചിന്തയും തമ്മിലുള്ള സംഘര്‍ഷം, അറബികളും ഇസ്‌ലാമും തുടങ്ങിയ കൃതികളില്‍ അദ്ദേഹം ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്‌.
അറബ്‌ ദേശീയ വാദമാണ്‌ ഏറ്റവും അപകടംപിടിച്ച ദേശീയ വാദമെന്ന്‌ അദ്ദേഹം നിരീക്ഷിച്ചു. കാരണം തുര്‍ക്കികളും ഇറാനികളും കുര്‍ദുകളും ദേശീയ വാദത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്നവരാണെങ്കില്‍, ഇസ്‌ലാമിക പ്രതിരോധത്തിന്റെ വക്താക്കളും പ്രയോക്താക്കളുമായാണ്‌ അറബികളുടെ സ്വത്വം നിലനില്‌ക്കുന്നതെന്ന്‌ അദ്ദേഹം അവരെ ഉണര്‍ത്തി. പരന്ന വായനയില്‍ നിന്നും നിരന്തര പര്യടനങ്ങളില്‍നിന്നും സമ്പര്‍ക്കങ്ങളില്‍ നിന്നും മുസ്‌ലിം ഉമ്മത്തിന്റെ പരാജയ കാരണങ്ങള്‍ അദ്ദേഹം ശരിക്കും ഗ്രഹിച്ചിരുന്നു. രാഷ്‌ട്രനായകന്മാര്‍, പണ്ഡിതന്മാര്‍, സാഹിത്യകാരന്മാര്‍ എന്നിവരുമായുള്ള ബന്ധവും വൈജ്ഞാനിക കേന്ദ്രങ്ങളുമായുള്ള ഇടപഴകലും ഇതിനു സഹായകമായി. ചിന്താരംഗത്തെ മതനിരാസമാണ്‌ മുസ്‌ലിംകള്‍ നേരിടുന്ന ഏറ്റവും വലിയ വിപത്തെന്ന്‌ അദ്ദേഹം തന്റെ രിദ്ദതുന്‍ ലാ അബാബകറ ലഹാ എന്ന പ്രബന്ധത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.
സാംസ്‌കാരിക ഇടപെടലുകളില്‍ പൂര്‍വീകരുടെ പാത കൈവെടിഞ്ഞ്‌ കപടമായ നിലപാട്‌ സ്വീകരിച്ചതും ഭൗതികതൃഷ്‌ണ, ഭരണഭീതി എന്നീ പ്രതിലോമചിന്തകളും അപചയത്തിന്‌ നിമിത്തമായതായി അദ്ദേഹം എടുത്തുപറയുന്നുണ്ട്‌. നമസ്‌കാരത്തിലുള്ള അശ്രദ്ധ, കുറ്റകൃത്യങ്ങളുടെ വര്‍ധനവ്‌, നന്മ കല്‌പിക്കുക, തിന്മ വിലക്കുക എന്ന അടിസ്ഥാന തത്വങ്ങളില്‍ നിന്നുള്ള പിന്മാറ്റം, ഉത്തരവാദിത്തബോധമില്ലായ്‌മ, അനര്‍ഹര്‍ക്ക്‌ ലഭിച്ച അധികാരലബ്‌ധി എന്നിവയെല്ലാം ഇസ്‌ലാമിക സമൂഹത്തിന്റെ പ്രതിസന്ധിയുടെ കാരണങ്ങളായി അദ്ദേഹം എടുത്തുപറയുന്നുണ്ട്‌. ഇതിന്റെ കാരണമാകട്ടെ, ജനമനസ്സുകളില്‍ നിന്ന്‌ വിശ്വാസത്തിന്റെ കനല്‍ അണഞ്ഞുപോയതും.
മനസ്സുകളില്‍ ജ്വലിച്ചുനിന്ന വിശ്വാസത്തിന്റെ കൈത്തിരിയായിരുന്നു കഴിഞ്ഞ കാലങ്ങളിലെല്ലാം പ്രതിസന്ധി ഘട്ടങ്ങളില്‍ ഉറച്ചുനില്‌ക്കാന്‍ ജനതയ്‌ക്ക്‌ കരുത്തേകിയത്‌. ദാഹാര്‍ത്തരായ മനസ്സുകള്‍ക്ക്‌ വിശ്വാസത്തിന്റെ തീര്‍ഥജലം നല്‍കി അവരുടെ ആത്മീയദാഹം ശമിപ്പിച്ചതും അശ്രദ്ധ മനസ്സുകളെ ഖുര്‍ആനിന്റെ തലോടലേറ്റ്‌ ഉണര്‍ത്തിയതും റബ്ബാനികളായ പ്രബോധകന്മാരായിരുന്നു. അവരുടെ അഭാവമാണ്‌ മനുഷ്യമനസ്സുകളില്‍ നിന്ന്‌ ഖുര്‍ആനിന്റെ പ്രഭാകിരണങ്ങള്‍ കെട്ടുപോകാന്‍ കാരണം. ഈ ഗണത്തില്‍ പെട്ട മഹാമനീഷികള്‍ രംഗം വിട്ടാല്‍ പിന്നീട്‌ രംഗം കയ്യടക്കുക സമൂഹത്തെ പാശ്ചാത്യ ഭൗതികവാദത്തിലേക്കും ഇടുങ്ങിയ ദേശീയവാദ ചിന്തകളിലേക്കും സര്‍വതന്ത്ര സ്വാതന്ത്ര്യവാദത്തിലേക്കും നയിക്കുന്ന തനി ഭൗതികചിന്തകരോ തങ്ങള്‍ പറയുന്നത്‌ സ്വജീവിതത്തില്‍ യാതൊരു പ്രതിഫലനവും സൃഷ്‌ടിക്കാത്ത, വായകൊണ്ട്‌ മാത്രം മതത്തെ പ്രതിനിധീകരിക്കുന്ന പണ്ഡിതന്മാരോ ആയിരിക്കും. ഇത്തരത്തിലുള്ളവരുടെ കൈകളില്‍ അകപ്പെട്ടതാണ്‌ മതം നേരിടുന്ന യഥാര്‍ഥ പ്രതിസന്ധി.
വ്യക്തി സംസ്‌കരണത്തിലൂടെ മാത്രമേ സമൂഹത്തെ നന്നാക്കാന്‍ സാധിക്കൂ. സാമൂഹ്യമാറ്റത്തിന്‌ വ്യക്തി സംസ്‌കരണം അനിവാര്യമാണ്‌. ആത്മസംസ്‌കരണം കൂടാതെ നിയമവും വ്യവസ്ഥിതിയും ഭരണഘടനയും മാത്രം മാറ്റിയതുകൊണ്ട്‌ ഉദ്ദിഷ്‌ട ലക്ഷ്യത്തിലേത്തിച്ചേരാന്‍ കഴിയില്ല. ജാഹിലിയ്യാ സംസ്‌കൃതിയില്‍നിന്ന്‌ വ്യക്തികളെ സംസ്‌കരിക്കുന്ന ദൗത്യമായിരുന്നു പ്രവാചകന്‍ ദാറുല്‍ അര്‍ഖമില്‍ വെച്ച്‌ നടത്തിയത്‌. വ്യക്തികളെ സംസ്‌കരിച്ച്‌ സമൂഹത്തിന്റെ ചാലകശക്തികളാക്കി മാറ്റുക യഥാര്‍ഥ പ്രബോധകരുടെ കര്‍ത്തവ്യവുമത്രെ.
പാശ്ചാത്യ ഭൗതികചിന്തകളുടെ കുത്തൊഴുക്കില്‍ മതം പ്രതിരോധ നിലയിലെത്തിയപ്പോള്‍ യഥാര്‍ഥ ഇസ്‌ലാമിലേക്ക്‌ തിരിച്ചുപോകാന്‍ അദ്ദേഹം സമൂഹത്തെ ആഹ്വാനം ചെയ്‌തു. വളരെ ശാസ്‌ത്രീയവും യുക്തിഭദ്രവുമായ ശൈലിയിലാണ്‌ പാശ്ചാത്യ സംസ്‌കൃതിയെ അദ്ദേഹം നേരിട്ടത്‌. വിമര്‍ശകര്‍ ഉന്നയിക്കുന്ന ആരോപണങ്ങളെ യുക്തിഭദ്രമായ മറുപടി നല്‍കി ആക്ഷേപങ്ങളുടെ മുനയൊടിക്കാനും അങ്ങനെ മുസ്‌ലിം മനസ്സുകളെ വേട്ടയാടുന്ന അപകര്‍ഷ ചിന്തയെ ഇല്ലാതാക്കാനും അദ്ദേഹം ആഹ്വാനം ചെയ്‌തു.
പാശ്ചാത്യ നാഗരികതയെ സമ്പൂര്‍ണമായി സ്വീകരിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്യാതെ മഹത്തായ പാരമ്പര്യജ്ഞാനത്തെയും പ്രയോജനപ്രദമായ ആധുനിക വിജ്ഞാനത്തെയും ഉള്‍ക്കൊള്ളുവാനാണ്‌ അദ്ദേഹം മുസ്‌ലിംകളെ ഉണര്‍ത്തിയത്‌. മനുഷ്യമനസ്സുകളെ സംസ്‌കരിക്കാനും അവരില്‍ വിശ്വാസത്തിന്റെ പ്രഭ ചൊരിയാനും ഉതകുന്ന തരത്തില്‍ പാഠ്യപദ്ധതികള്‍ പരിഷ്‌കരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്‌തു.
വിമര്‍ശനത്തിന്റെ രീതിശാസ്‌ത്രം
പല പ്രസ്ഥാനങ്ങളെയും ആശയങ്ങളെയും നിരൂപണവിധേയമാക്കിയിട്ടുണ്ടെങ്കിലും അതൊരിക്കലും വ്യക്തിഹത്യയിലേക്കോ തരംതാണ ഭര്‍ത്സനത്തിലേക്കോ അധപ്പതിക്കാതിരിക്കാന്‍ അദ്ദേഹം ജാഗ്രത പാലിച്ചിട്ടുണ്ട്‌. ആരെയും വേദനിപ്പിക്കാതെ തികച്ചും ഗുണകാംക്ഷാ നിര്‍ഭരമായിരുന്നു മൗലാനയുടെ നിരൂപണങ്ങളും വിമര്‍ശനങ്ങളും. ഇസ്‌ലാമിന്റെ രാഷ്‌ട്രീയ വ്യാഖ്യാനം എന്ന കൃതിയില്‍ അദ്ദേഹം തന്റെ വിമര്‍ശന രീതിശാസ്‌ത്രം വിശദീകരിക്കുന്നുണ്ട്‌. ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ ഉപരിപ്ലവമായ അറിവുകള്‍ മാത്രമുള്ളവര്‍ മൗദൂദി സാഹിബിന്റെ കൃതികള്‍ വായിച്ച്‌ അദ്ദേഹത്തിന്റെ ചിന്തയില്‍ ആകൃഷ്‌ടരായി മതത്തെയും അതിന്റെ വ്യാഖ്യാനത്തെയും അദ്ദേഹത്തിന്റെ വീക്ഷണകോണില്‍ മാത്രം മനസ്സിലാക്കിയ പലരുമായും ഇടപെടേണ്ടി വന്നപ്പോള്‍ അവരുടെ ചിന്തയിലെ അബദ്ധങ്ങള്‍ ചൂണ്ടിക്കാട്ടേണ്ടത്‌ അനിവാര്യമാണെന്ന്‌ ബോധ്യപ്പെട്ടപ്പോള്‍ മാത്രമാണ്‌ അദ്ദേഹം പ്രസ്‌തുത ഗ്രന്ഥം രചിക്കാന്‍ മുന്നോട്ടുവന്നത്‌.
മതവിഷയങ്ങളില്‍ വേണ്ടത്ര അറിവില്ലാത്ത ഇവരുടെ ചിന്താഗതികളും കാഴ്‌ചപ്പാടുകളും വ്യാഖ്യാനങ്ങളും ഗ്രഹിച്ചപ്പോള്‍ ഇസ്‌ലാമിക സമൂഹത്തിന്റെ ആദ്യകാല പണ്ഡിതന്മാരില്‍ നിന്നും ഭിന്നമായി മതത്തിന്റെ അന്തസ്സത്തയെ തെറ്റായി ഗ്രഹിക്കുന്ന മതതല്‌പരരും അഭ്യസ്‌തവിദ്യരുമായ ഒരു വിഭാഗം വളര്‍ന്നുവരുന്നത്‌ അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം ആശങ്കാജനകമായിരുന്നു. ഈ ആശങ്കയാണ്‌ പ്രസ്‌തുത ഗ്രന്ഥത്തിന്റെ രചനക്ക്‌ നിമിത്തമായത്‌. മതത്തിന്റെ ആത്മീയ ചൈതന്യമോ പരലോകമോക്ഷം, ആത്മസമര്‍പ്പണം, ആത്മാര്‍ഥത തുടങ്ങിയ വികാരങ്ങളോ പരിഗണിക്കാതെ കേവലം അധികാര ലബ്‌ധിയാണ്‌ മതത്തിന്റെ ആത്യന്തികലക്ഷ്യമെന്ന്‌ തെറ്റായി മനസ്സിലാക്കിയ ജനസഞ്ചയത്തെ തിരുത്താനുള്ള സ്‌നേഹപൂര്‍വമായ ഒരു ഓര്‍മപ്പെടുത്തലാണ്‌ തന്റെ ഗ്രന്ഥമെന്ന്‌ അതിന്റെ ആമുഖത്തില്‍ അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്‌. അധികാരം ലഭിച്ചപ്പോള്‍ ചില അടിസ്ഥാന പ്രമാണങ്ങളില്‍ വിട്ടുവീഴ്‌ചയ്‌ക്ക്‌ തയ്യാറായ അറബ്‌ലോകത്തെ ചില പ്രസ്ഥാനങ്ങളുടെ നയനിലപാടുകള്‍ മൗലാനയുടെ ആശങ്ക അസ്ഥാനത്തായിരുന്നില്ലെന്ന്‌ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്‌. മൗലാനാ മൗദൂദിയുടെ വ്യക്തിപ്രഭാവത്തെ അംഗീകരിച്ചും ആദരിച്ചും കൊണ്ടാണ്‌ അദ്ദേഹത്തിന്റെ ചിന്തയിലെ വൈകല്യങ്ങളെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്‌ എന്ന കാര്യം നാം ഓര്‍ക്കേണ്ടതുണ്ട്‌.
സ്വഹാബികളുടെ വ്യക്തിത്വത്തെ അപക്വമായ പദപ്രയോഗങ്ങളിലൂടെ വിമര്‍ശിച്ച മൗദൂദിയുടെ പരാമര്‍ശങ്ങള്‍ വായിച്ചപ്പോള്‍ തന്റെ തൊലിയുരിഞ്ഞതായി അനുഭവപ്പെട്ടതായി അദ്ദേഹത്തിന്റെ രാഷ്‌ട്രീയ നിലപാടുകളെ പിന്തുണച്ച ഡോ. യൂസുഫുല്‍ ഖര്‍ദാവി നടത്തിയ അത്ര പോലും കടുത്ത ഭാഷയിലുള്ള വിമര്‍ശനം മൗദൂദി സാഹിബിനെ സംബന്ധിച്ച്‌ നദ്‌വി നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ഉയര്‍ന്ന വ്യക്തി മഹാത്മ്യത്തെയാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌.
ശാഹ്‌ പഹ്‌ലവിയെ നിഷ്‌കാസിതനാക്കി ഇറാനില്‍ അധികാരമേറ്റ ഖുമൈനിയുടെയും സുഹൃത്തുക്കളുടെയും ഭരണം ഇസ്‌ലാമിക ഭരണമാണെന്ന്‌ തെറ്റിദ്ധരിച്ച്‌ ഇറാന്‍ വിപ്ലവത്തില്‍ ആകൃഷ്‌ടരായ ചെറുപ്പക്കാര്‍ തങ്ങളുടെ നാടുകളിലും അതിന്റെ അലയൊലികള്‍ തീര്‍ത്തപ്പോള്‍, ഇറാന്‍ വിപ്ലവം കേവലം ശീഈ വിപ്ലവമാണെന്നും ഇസ്‌നാ അശിരി ചിന്താധാരയെ പ്രതിനിധാനം ചെയ്യുന്ന ഖുമൈനിയുടെ ചിന്താഗതികള്‍ അത്യന്തം അപകടകരാണെന്നും സമര്‍ഥിക്കുകയാണ്‌ തന്റെ അഹ്‌ലുസ്സുന്നയെയും ശിആഇസത്തെയും പഠനവിധേയമാക്കി എഴുതിയ സൂറത്താനി മുതദ്വാദ്ദതാനി എന്ന ഗ്രന്ഥത്തില്‍.
വരും വരായ്‌കകളെക്കുറിച്ച്‌ ചിന്തിക്കാതെ ഇറാന്‍ വിപ്ലവത്തെ പിന്തുണച്ച സമൂഹത്തിലെ വിവേകശൂന്യരായ ചിലരുടെ ചെയ്‌തികള്‍ നദ്‌വി സാഹിബിനെ അങ്ങേയറ്റം വേദനിപ്പിച്ചു. ഇറാന്‍ വിപ്ലവത്തെ കലവറയില്ലാതെ പിന്തുണച്ച ഇന്ത്യയിലെ ജമാഅത്തെ ഇസ്‌ലാമിയുടെ അറബ്‌ലോകത്തെ പ്രതിനിധാനങ്ങള്‍ ഇറാന്‍ മുസ്‌ലിംലോകത്തിനു മേല്‍ ഉയര്‍ത്തുന്ന ഭീഷണികളെക്കുറിച്ച്‌ അറബ്‌ ജനതയെ നിരന്തരം ഓര്‍മപ്പെടുത്തുന്ന കാഴ്‌ചയാണ്‌ അവരുടെ പ്രസിദ്ധീകരണങ്ങള്‍ വിളിച്ചുപറയുന്നത്‌. നദ്‌വി സാഹിബിന്റെ നിലപാട്‌ തീര്‍ത്തും ശരിയായിരുന്നുവെന്നാണ്‌ ഇത്‌ കാണിക്കുന്നത്‌. മഹാന്മാരായ സ്വഹാബികള്‍ക്കെതിരില്‍ ഖുമൈനിയും തന്റെ കക്ഷിയും നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷപ്രചരണങ്ങളില്‍ മനംനൊന്തിട്ടാകാം തന്റെ പതിവ്‌ ശൈലിയില്‍ നിന്നും ഭിന്നമായി അല്‌പം കടുത്ത ഭാഷയില്‍ ഈ ഗ്രന്ഥത്തില്‍ ഖുമൈനിസത്തെ വിമര്‍ശിക്കുന്നത്‌ കാണാം.
മാനവികതയ്‌ക്കു വേണ്ടിയുള്ള യജ്ഞങ്ങള്‍
കേവലം മുസ്‌ലിം സമൂഹത്തില്‍ മാത്രം ഒതുങ്ങിനില്‌ക്കുന്നതായിരുന്നില്ല നദ്‌വി സാഹിബിന്റെ പരിശ്രമങ്ങള്‍. മാനവികബോധവും സാമൂഹിക സഹവര്‍ത്തിത്വവും ലക്ഷ്യമാക്കി 1974-ല്‍ `മാനവികസന്ദേശം' എന്ന ഒരു പ്രസ്ഥാനത്തിന്‌ രൂപം നല്‍കിയിരുന്നു. ഇന്ത്യന്‍ ജനതയ്‌ക്കിടയില്‍ സ്വാധീനമുള്ള പ്രമുഖ വ്യക്തിത്വങ്ങളുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ്‌ ഇങ്ങനെയൊരു ഉദ്യമത്തിന്‌ അദ്ദേഹം മുതിര്‍ന്നത്‌. സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ തുടരെയുണ്ടായ വര്‍ഗീയ കലാപങ്ങളും മനുഷ്യത്വവിരുദ്ധ ചെയ്‌തികളും ഇടുങ്ങിയ വംശീയചിന്തകളും മനുഷ്യമനസ്സുകളെ പരസ്‌പരം അകറ്റിയിരുന്നു. തങ്ങളുടെ സ്വാര്‍ഥ ലാഭങ്ങള്‍ക്കായി മതവികാരങ്ങള്‍ ചൂഷണംചെയ്‌ത്‌ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇളക്കിവിടുന്ന രാഷ്‌ട്രീയ-മതനേതാക്കളായിരുന്നു ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്‌. ജനങ്ങളുടെ ജീവിതസൗകര്യം മെച്ചപ്പെടുത്താന്‍ യത്‌നിച്ച രാഷ്‌ട്രീയ നേതൃത്വം പ്രജകളുടെ ധാര്‍മിക സാംസ്‌കാരികോന്നതിക്കായി ഒന്നും ചെയ്‌തില്ല. ഇത്തരമൊരു ദുരവസ്ഥയിലാണ്‌ ഇങ്ങനെയൊരു പ്രസ്ഥാനം രൂപീകരിക്കാന്‍ നദ്‌വി സാഹിബ്‌ മുന്‍കൈ എടുത്തത്‌.
ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവന്ന മൂല്യനിരാസം അദ്ദേഹത്തെ അസ്വസ്ഥനാക്കി. രാഷ്‌ട്രമാകുന്ന നൗക തകര്‍ച്ചയുടെ വക്കിലാണെന്ന്‌ അദ്ദേഹം മനസ്സിലാക്കി. ജനങ്ങള്‍ക്കിടയില്‍ മാനവികബോധം വളര്‍ത്തേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിച്ചുകൊണ്ട്‌ ഭരണകര്‍ത്താക്കള്‍ക്കും സാമൂഹിക സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ക്കും അദ്ദേഹം സന്ദേശങ്ങളയച്ചു. ജയപ്രകാശ്‌ നാരായണന്‍, വിനോബാ ഭാവേ, ഇന്ദിരാഗാന്ധി തുടങ്ങിയവരുമായി ഇക്കാര്യം അദ്ദേഹം നേരിട്ട്‌ ചര്‍ച്ച ചെയ്യുകയും ചെയ്‌തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ മതാനുയായികളെ പങ്കെടുപ്പിച്ചുകൊണ്ട്‌ ബോധവത്‌കരണ പരിപാടികള്‍ സംഘടിപ്പിച്ചു. അമുസ്‌ലിം നേതാക്കളില്‍ നിന്നും വമ്പിച്ച പ്രതികരണങ്ങളാണ്‌ ഇതിന്‌ ലഭിച്ചത്‌. വ്യക്തിതാല്‌പര്യത്തെക്കാള്‍ മാനവികതയ്‌ക്ക്‌ പ്രാധാന്യം നല്‍കേണ്ടതിനെക്കുറിച്ച്‌ അദ്ദേഹം ഈ പരിപാടികളില്‍ ജനങ്ങളെ ഓര്‍മപ്പെടുത്തി. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും മനുഷ്യമനസ്സ്‌ പൂര്‍ണമായും മരിച്ചിട്ടില്ല, അതിന്റെ കര്‍മശേഷി ക്ഷയിച്ചിട്ടില്ല; ആത്മാര്‍ഥമായി അതിനെ ഉണര്‍ത്തിവിടുകയാണെങ്കില്‍ വലിയ ഫലങ്ങള്‍ ലഭിക്കുമെന്ന്‌ അദ്ദേഹം പ്രത്യാശ പുലര്‍ത്തി. എല്ലാ മനുഷ്യര്‍ക്കും ഈലോകത്ത്‌ രണ്ട്‌ ഭവനങ്ങളുണ്ട്‌. ഒന്ന്‌, അവനും കുടുംബവും വസിക്കുന്ന സ്വന്തം വീട്‌. അവിടെ സുരക്ഷിതത്വവും സമാധാനവും കളിയാടാന്‍ എല്ലാവരും കൊതിക്കുന്നു. എന്നാല്‍ അവര്‍ പാര്‍ക്കുന്ന നാട്‌; അവരുടെ രണ്ടാമത്തെ വീടാണ്‌. ഇത്‌ രണ്ടും നമ്മുടെ ഭവനങ്ങളാണെന്ന്‌ നാം പലപ്പോഴും മറക്കുന്നു. നമ്മുടെ വലിയ വീടായ രാജ്യത്ത്‌ ശാന്തിയും സമാധാനവും കളിയാടുകയാണെങ്കില്‍ ഓരോ പൗരനും സ്വന്തം വീട്ടില്‍ സമാധാന ജീവിതം നയിക്കാനാകും. ഈ ബോധം നഷ്‌ടപ്പെടുമ്പോഴാണ്‌ സ്വാര്‍ഥചിന്ത ഉടലെടുക്കുന്നത്‌.
രാജ്യമാകുന്ന വലിയ വീടിനെ അവഗണിക്കുമ്പോഴാണ്‌ സ്വന്തം വീട്ടില്‍ സമാധാനജീവിതം നഷ്‌ടമാകുന്നത്‌. ആര്‍ത്തിയും സ്വാര്‍ഥ ചിന്തയും തലപൊക്കിയപ്പോഴാണ്‌ ലോകത്തെ മഹാനാഗരികതകള്‍ നിലംപൊത്തിയതെന്ന്‌ നദ്‌വി സാഹിബ്‌ ഉണര്‍ത്തുന്നു. ദാര്‍ശനികരും സാഹിത്യകാരന്മാരും കവികളും സമൂഹത്തില്‍ ആനന്ദം വിതറുന്നതിനിടയിലാണ്‌ ആത്മാവ്‌ ചോര്‍ന്നുപോയതിനാല്‍ റോമാസാമ്രാജ്യം ചാമ്പലായത്‌. സമൂഹഗാത്രത്തെ അപച്യുതിയില്‍ നിന്ന്‌ രക്ഷിക്കുന്നതില്‍ രാജ്യത്തെ മുസ്‌ലിംകള്‍ക്ക്‌ വലിയ പങ്ക്‌ വഹിക്കാനാവും. വര്‍ണ, വര്‍ഗ, ലിംഗ, ജാതി വ്യത്യാസമില്ലാതെ മനുഷ്യകുലത്തിന്‌ സേവനം ചെയ്യാന്‍ മാനവിക മൂല്യങ്ങളുടെ പേരില്‍ ഒന്നിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച്‌ വിവിധ മതമേധാവികളുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തി. ഇതുമൂലം സമൂഹത്തില്‍ പരസ്‌പരം യോജിപ്പും അന്യോന്യം അറിയാനുള്ള താല്‌പര്യവും വര്‍ധിച്ചു.
ഇസ്‌ലാമിക സാഹിത്യം എന്ന ഒരു പുതിയ ആശയത്തിന്‌ തുടക്കം കുറിച്ചത്‌ നദ്‌വി സാഹിബായിരുന്നു. 1981-ല്‍ ലക്‌നോവിലെ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമയില്‍ സാമൂഹിക പ്രതിബദ്ധതയും മതബോധവുമുള്ള സാഹിത്യകാരന്മാരെ വിളിച്ചുചേര്‍ത്ത്‌ ഇക്കാര്യം അദ്ദേഹം ചര്‍ച്ച ചെയ്‌തു. പിന്നീട്‌ 1984-ല്‍ മക്കയില്‍ വെച്ച്‌ അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ `അന്താരാഷ്‌ട്ര ഇസ്‌ലാമിക സാഹിത്യവേദി' എന്ന സംഘടനക്ക്‌ രൂപം നല്‍കി. 1985-ല്‍ ലക്‌നോവില്‍ ചേര്‍ന്ന അന്താരാഷ്‌ട്ര സാഹിത്യസമ്മേളനത്തില്‍ സാഹിത്യവൈജ്ഞാനിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അതിപ്രശസ്‌തരായ പലരും പങ്കെടുത്തു. ഉല്‍കൃഷ്‌ട സാഹിത്യത്തിലൂടെ സാമൂഹിക മൂല്യങ്ങള്‍ പ്രചരിപ്പിക്കുക എന്നതായിരുന്നു പ്രസ്‌തുത സംഘടനയുടെ സ്ഥാപിതലക്ഷ്യം.
അരാജകത്വവും അശ്ലീലവും പ്രചരിപ്പിക്കാന്‍ സാഹിത്യത്തെ ഉപയോഗപ്പെടുത്തുന്ന ദുശ്ശക്തികള്‍ക്ക്‌ സ്വാഭാവികമായും ഈ നീക്കം ഇഷ്‌ടപ്പെട്ടില്ല. അവര്‍ പരിഹാസശരങ്ങളുമായി മുന്നോട്ടു വന്നെങ്കിലും മൗലാനാ തന്റെ ഉദ്യമത്തില്‍ ഉറച്ചുനിന്നു. ഇസ്‌ലാമിക സാഹിത്യകാരന്മാരുടെ മസ്‌തിഷ്‌കത്തില്‍ രൂപംകൊള്ളുന്ന കലാസൃഷ്‌ടികള്‍ക്ക്‌ എന്ത്‌ കുഴപ്പമാണുള്ളതെന്ന്‌ അദ്ദേഹം അവരോട്‌ തിരിച്ചുചോദിച്ചു. പള്ളിയുടെയും പള്ളിക്കൂടത്തിന്റെയും പരിസരത്ത്‌ പരിലസിച്ച്‌ നില്‌ക്കുന്ന സുന്ദരപുഷ്‌പങ്ങള്‍ പരിമളം പരത്താറില്ലേ? സാഹിത്യം മനുഷ്യമനസ്സില്‍ ആനന്ദം പകരുന്നതോടൊപ്പം നന്മയുടെ മൂല്യങ്ങള്‍ പ്രസരിപ്പിക്കുന്നതായിരിക്കണം. ജീവചൈതന്യം തുടിക്കുന്ന ഉല്‍കൃഷ്‌ട സാഹിത്യം നമ്മുടെ കാലത്ത്‌ അത്യന്താപേക്ഷിതമാണെന്ന്‌ അദ്ദേഹം ആഗ്രഹിച്ചു. കേവലമായ ആനന്ദലബ്‌ധി മാത്രമല്ല, പ്രത്യുത നാഗരികതയുടെ വികാസത്തില്‍ പങ്കാളിയാകാന്‍ സാഹിത്യത്തിനു കഴിയണം. ഈ രംഗത്ത്‌ തന്റേതായ പല സംഭാവനകളും മൗലാന അര്‍പ്പിച്ചിട്ടുണ്ട്‌. സഞ്ചാരസാഹിത്യത്തില്‍ മൗലാനയുടെ മികച്ച സംഭാവനകളുണ്ട്‌.
മൗലാന വലിയ പ്രാധാന്യം നല്‌കിയ മറ്റൊരു സാഹിത്യ മേഖലയാണ്‌ ബാലസാഹിത്യം. കുട്ടികള്‍ക്ക്‌ വേണ്ടി അദ്ദേഹം രചിച്ച കൃതികളെല്ലാം മികച്ച നിലവാരം പുലര്‍ത്തുന്നതാണ്‌. സുന്ദരവും സുഗ്രാഹ്യവുമായ ഭാഷാ ശൈലിയിലാണവ രചിക്കപ്പെട്ടിട്ടുള്ളത്‌. ഭൂതകാല ചരിത്രസംഭവങ്ങള്‍ ആധുനിക ശൈലിയില്‍ സംഭാഷണരൂപത്തിലും കഥാരൂപത്തിലുമാണ്‌ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്‌. പ്രവാചകകഥകള്‍, കുട്ടികള്‍ക്കുള്ള ചരിത്രകഥകള്‍ എന്നിവ ഇതിന്റെ മികച്ച ഉദാഹരണങ്ങളാണ്‌. നദ്‌വി സാഹിബിന്റെ പ്രവാചക കഥകളെക്കുറിച്ച്‌ അറബ്‌ സാഹിത്യത്തില്‍ ഇതുപോലെ മറ്റൊരു രചനയില്ലെന്ന്‌ സയ്യിദ്‌ ഖുത്‌ബ്‌ തന്റെ അവതാരികയില്‍ പറഞ്ഞത്‌ ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്‌. ഭാഷാശൈലി, പ്രബോധനം, ശിക്ഷണം, മാനസിക വികാസം, വ്യക്തിത്വ രൂപീകരണം, ആത്മവിശ്വാസം വളര്‍ത്തല്‍ തുടങ്ങിയ വ്യത്യസ്‌ത ലക്ഷ്യങ്ങള്‍ തന്റെ ബാലസാഹിത്യ രചനയില്‍ അദ്ദേഹം പരിഗണിച്ചിട്ടുണ്ട്‌.
തന്റെ രചനകളിലും പ്രഭാഷണങ്ങളിലും ഊന്നിപ്പറഞ്ഞ മറ്റൊരു കാര്യം ഇസ്‌ലാമിക ശിക്ഷണമാണ്‌. ഇസ്‌ലാമിക ശിക്ഷണമാണ്‌ തങ്ങളുടെ ഏറ്റവും വലിയ ഉത്തരവാദിത്വമെന്ന്‌ ബന്ധപ്പെട്ടവരെ അദ്ദേഹം സദാ ഉണര്‍ത്തി. ഇതുപോലെ തലമുറകളുടെ ജീവിതത്തെ ഇത്രമാത്രം സ്വാധീനിക്കുന്ന മറ്റൊരു രംഗമില്ല. രാജ്യത്തിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന മേഖലയാണ്‌ വിദ്യാഭ്യാസരംഗം. ഒരു രാഷ്‌ട്രത്തിന്റെ തകര്‍ച്ചയും നിലനില്‌പും അതിന്റെ രാഷ്‌ട്രീയ നിലപാടുകളേക്കാള്‍ വിദ്യാഭ്യാസ ശിക്ഷണ വ്യവസ്ഥകളുമായാണ്‌ ബന്ധപ്പെട്ടിരിക്കുന്നത്‌. വിദ്യാഭ്യാസത്തിനും മാധ്യമങ്ങള്‍ക്കും ശിക്ഷണരംഗത്തുള്ള പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞിട്ടുണ്ട്‌. പാശ്ചാത്യ അധിനിവേശാനന്തരം മുസ്‌ലിം രാജ്യങ്ങളില്‍ നിലവില്‍ വന്ന വിദ്യാഭ്യാസ വ്യവസ്ഥയെ പൊളിച്ചെഴുതേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ മൗലാന ബോധവാനായിരുന്നുവെന്ന്‌ അദ്ദേഹത്തിന്റെ കൃതികള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.
വിശുദ്ധ ഖുര്‍ആനും പ്രവാചക അധ്യാപനങ്ങളുമായിരിക്കണം ഇസ്‌ലാമിക ശിക്ഷണ വ്യവസ്ഥയുടെ മൂലപ്രമാണങ്ങള്‍. ഇസ്‌ലാമിക വ്യക്തിത്വരൂപീകരണം, സമൂഹരൂപീകരണം, നാഗരികതയുടെ സ്ഥാപനം, ജാഹിലിയ്യാ വ്യവസ്ഥിതിയുടെ വിപാടനം, ആത്മസംസ്‌കരണം ദൈവമാര്‍ഗത്തിലുള്ള അര്‍പ്പണം ഇതൊക്കെയാണ്‌ ഇസ്‌ലാമിക ശിക്ഷണ വ്യവസ്ഥയുടെ ലക്ഷ്യങ്ങളായി അദ്ദേഹം അവതരിപ്പിക്കുന്നത്‌. സമൂഹത്തിന്റെ ഭൂതകാലവും വര്‍ത്തമാനകാലവും തമ്മിലും അറിവും വിശ്വാസവും തമ്മിലും സമൂഹവും അതിന്റെ സാംസ്‌കാരിക ധാരണകളും തമ്മിലുമുള്ള പാരസ്‌പര്യവും പരസ്‌പരബന്ധവും രൂപീകരിക്കുക -ഇതൊക്കെയാണ്‌ ഇസ്‌ലാമിക ശിക്ഷണത്തിന്റെ നേട്ടങ്ങളായി അദ്ദേഹം എടുത്തുപറയുന്നത്‌.
ഇപ്പറഞ്ഞതൊക്കെ മൗലാനയുടെ കര്‍മമണ്ഡലത്തിലെ ഏതാനും ചില കാര്യങ്ങള്‍ മാത്രമാണ്‌. ചുരുക്കത്തില്‍ ഇസ്‌ലാമിക ചിന്തകന്‍, പ്രബോധകന്‍, നവോത്ഥാന നായകന്‍, പരിഷ്‌കര്‍ത്താവ്‌, മാനവിക ചിന്തകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ തുടങ്ങിയ വ്യത്യസ്‌ത മേഖലകളില്‍ തന്റേതായ മൗലിക സംഭാവനകളര്‍പ്പിച്ച മഹാത്മാവായിരുന്നു മൗലാനാ അബുല്‍ഹസന്‍ അലി നദ്‌വി.


Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: