വിവാഹപ്രായ സര്‍ക്കുലറും മുസ്‌ലിം മനോഭാവ മാറ്റവും

  • Posted by Sanveer Ittoli
  • at 4:23 AM -
  • 0 comments

വിവാഹപ്രായ സര്‍ക്കുലറും മുസ്‌ലിം മനോഭാവ മാറ്റവും

- കാക്കനോട്ടം -

എ പി കുഞ്ഞാമു


മുസ്‌ലിംസ്‌ത്രീകളുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട്‌ കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറും അതേത്തുടര്‍ന്നുണ്ടായ വിവാദ കോലാഹലങ്ങളും കൈകാര്യം ചെയ്‌തതില്‍ കേരളത്തിലെ മുസ്‌ലിംസംഘടനകള്‍ പൊതുവെ കൈക്കൊണ്ട വിവേകവും പക്വതയും ശ്ലാഘനീയമാണെന്ന്‌ പറഞ്ഞുകൊണ്ടായിരിക്കട്ടെ ഈ കുറപ്പിന്റെ തുടക്കം. കേരളത്തിന്റെ പൊതുബോധത്തില്‍ സാമന്യേന ന്യൂനപക്ഷവിരുദ്ധവും പ്രത്യേകമായി മുസ്‌ലിം വിരുദ്ധവുമായ വികാരങ്ങള്‍ ജനിപ്പിക്കുകയും അവയെ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യാന്‍ തല്‍പരകക്ഷികള്‍ ഉറക്കമൊഴിച്ചു പണിയെടുക്കുന്ന സാമൂഹ്യപശ്ചാത്തലത്തിലാണ്‌ പഞ്ചായത്ത്‌-സാമൂഹ്യക്ഷേമ വകുപ്പിന്റെ സര്‍ക്കുലര്‍ പുറത്തുവരുന്നത്‌. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി, ക്രിസ്‌ത്യാനികള്‍ക്ക്‌ ഭരണത്തില്‍ സ്വാധീനം, മുസ്‌ലിംലീഗിന്‌ അഞ്ചു മന്ത്രിമാര്‍, സാമൂഹ്യ-വിദ്യാഭ്യാസ- സാമ്പത്തിക മണ്ഡലങ്ങളില്‍ മുസ്‌ലിംകളുടെ ഉയര്‍ച്ച, തീവ്ര ഹിന്ദുത്വത്തിന്‌ വേവലാതിപ്പെടാന്‍ കാരണങ്ങള്‍ ഇങ്ങനെ നിരധവധി. താക്കോല്‍ സ്ഥാനങ്ങളില്‍ തങ്ങളുടെ സമുദായക്കാര്‍ വേണമെന്ന എന്‍ സ്‌ എസ്സിന്റെ ആവശ്യത്തിനു പിന്നില്‍ ഇത്തരം ചില അരക്ഷിതബോധങ്ങളുണ്ടെന്ന്‌ തീര്‍ച്ച.
ഇത്തരം ബോധങ്ങള്‍ പല വഴികളിലൂടെയും സഞ്ചരിച്ച്‌ മുസ്‌ലിംവിരോധത്തിന്റെ രൂപമാര്‍ജിക്കുന്നുവോ എന്ന്‌ ന്യായമായും സംശയിക്കേണ്ട സമയത്താണ്‌, വിവാഹപ്രായ സര്‍ക്കുലര്‍ അവതരിപ്പിക്കുന്നത്‌. മുസ്‌ലിംകളെ അടിക്കാന്‍ കിട്ടിയ നല്ലൊരു വടിയായിത്തീര്‍ന്നു അതും. ഇളംപ്രായക്കാരായ പെണ്‍കുട്ടികളെ ഉപയോഗിച്ച്‌ മനുഷ്യക്കടത്ത്‌ നടത്താന്‍ വരെയുള്ള ഗൂഢാലോചനകള്‍ ഈ സര്‍ക്കുലറിന്‌ പിന്നിലുണ്ടെന്ന്‌ മണത്തറിഞ്ഞ മുസ്‌ലിം ബുദ്ധിജീവികള്‍ പോലുമുണ്ട്‌. ഇങ്ങനെയൊക്കെ പ്രകോപനങ്ങള്‍ പലതുണ്ടായിട്ടും മുസ്‌ലിംസമൂഹം, അവയൊന്നും കാര്യമാക്കിയില്ല എന്നതാണ്‌ എടുത്തുപറയേണ്ട സംഗതി. യാഥാസ്ഥിതികരെന്ന്‌ പൊതുവെ നിഗമിക്കപ്പെടുന്ന സുന്നികളിലെ പരസ്‌പരം പോരടിക്കുന്ന രണ്ടു വിഭാഗങ്ങളുടെയും നേതാക്കള്‍ മാത്രമാണ്‌, ഇതു സംബന്ധിച്ച്‌ ഒച്ചപ്പാടുണ്ടാക്കിയത്‌.
മുസ്‌ലിം വ്യക്തി നിയമത്തില്‍ സ്‌ത്രീയെ സംബന്ധിച്ചിടത്തോളം വിവാഹം കഴിക്കുന്നതിന്‌ വയസ്സ്‌ നിജപ്പെടുത്തിയിട്ടില്ലെന്നും ഈ സാഹചര്യത്തില്‍, അത്‌ പതിനാറായി നിശ്ചയിക്കണമെന്നുമാണ്‌ സുന്നീ സംഘടനകളുടെ വാദം. എന്തുകൊണ്ട്‌ പതിനാറ്‌ എന്നൊന്നും പറയുന്നില്ല. അവരുടെ വാദമുഖങ്ങളില്‍ നിന്ന്‌ ഒരു കാര്യം വ്യക്തം -`മുസ്‌ലിം സ്‌ത്രീകള്‍ക്ക്‌ വിവാഹപ്രായം നിര്‍ണയിച്ചുകൊണ്ടുള്ള പൊതുനിയമമുണ്ടാക്കുന്നതിന്‌ ഇരുകൂട്ടരും എതിരാണ്‌. എന്നാല്‍ മുസ്‌ലിംകള്‍ക്കിടയിലെ ഇതര മത-സാമുദായിക സംഘടനകളൊന്നും വിവാദത്തില്‍ ഇടപെട്ടതേയില്ല. വല്ലതും പറഞ്ഞുവെങ്കില്‍ തന്നെ അനാവശ്യ വിവാദമാണെന്ന നിലയിലായിരുന്നു.

കാലം മാറുമ്പോള്‍

ഈ അവസ്ഥയെ ശാബാനു വിവാദ കാലത്ത്‌ മുസ്‌ലിംകള്‍ക്കിടയിലുണ്ടായ കോളിളക്കത്തോട്‌ താരതമ്യപ്പെടുത്തേണ്ടതുണ്ട്‌. ശാബാനു ബീഗം എന്ന വിവാഹമോചിതയ്‌ക്ക്‌ ജീവനാംശം നല്‌കുന്നത്‌ സംബന്ധിച്ചുള്ള ഒരു വിധിയില്‍ കോടതി നടത്തിയ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളും പരാമര്‍ശങ്ങളുമാണ്‌ അന്ന്‌ മുസ്‌ലിം സമൂഹത്തെ പ്രകോപിപ്പിച്ചത്‌. മുസ്‌ലിം വ്യക്തിനിയമം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ മുസ്‌ലിം സമുദായം ഒന്നടങ്കം വിധിയെ എതിര്‍ത്തു. മറുവശത്ത്‌ മതത്തിലെ തന്നെ പരിഷ്‌കരണ വാദികളും സെക്കുലര്‍ സമൂഹവും അണിനിരന്നു. ഇതു തന്നെ തഞ്ചമെന്ന്‌ കരുതി ഹിന്ദുത്വരാഷ്‌ട്രീയവും ഇറങ്ങിപ്പുറപ്പെട്ടു. ശാബാനു കേസ്‌ വിധിയെത്തുടര്‍ന്നു രൂപപ്പെട്ട വികാര സമ്മര്‍ദമാണ്‌ പുതിയൊരു നിയമത്തിന്‌ (മുസ്‌ലിം വനിതാ ബില്‍) രൂപം നല്‌കാന്‍ കോണ്‍ഗ്രസ്‌ ഗവണ്‍മെന്റിനെ പ്രേരിപ്പിച്ചത്‌. മുസ്‌ലിംകള്‍ക്ക്‌ അനാവശ്യമായി ആനുകൂല്യങ്ങള്‍ നല്‌കുന്ന പിന്തിരിപ്പന്‍ നിയമമായി അതു വ്യാഖ്യാനിക്കപ്പെടുകയും തുടര്‍ന്നു ഹിന്ദുത്വ രാഷ്‌ട്രീയത്തെ പ്രീണിപ്പിക്കാന്‍ ബാബ്‌രി മസ്‌ജിദ്‌ ആരാധനക്കായി ഹിന്ദുക്കള്‍ക്ക്‌ തുറന്നുകൊടുക്കാന്‍ രാജീവ്‌ ഗാന്ധി നിര്‍ബന്ധിതനാവുകയും ചെയ്‌തു എന്നാണ്‌ പറയപ്പെടുന്നത്‌.
ബാബ്‌രി മസ്‌ജിദിന്റെ തകര്‍ച്ചയിലേക്ക്‌ ശാബാനു കേസിനെ ബന്ധിപ്പിക്കുന്നവരുണ്ട്‌. ഒരു കാര്യം തീര്‍ച്ചയാണ്‌. തങ്ങളുടെ വ്യക്തിനിയമം നിലനിര്‍ത്തണമെന്ന ആവശ്യത്തിന്നു പിറകില്‍ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തെ ഒന്നടങ്കം ഉറപ്പിച്ചു നിര്‍ത്താന്‍ ശാബാനു കേസ്‌ കാരണമായിട്ടുണ്ട്‌. ശരീഅത്ത്‌ നിയമങ്ങള്‍ തങ്ങളെ സംബന്ധിച്ചേടത്തോളം ജീവല്‍ പ്രധാനമാണെന്ന ഉറച്ച നിലപാട്‌ കൈക്കൊള്ളുകയായിരുന്നു മുസ്‌ലിംകള്‍. കേരളത്തില്‍ ഇത്‌ മുസ്‌ലിംലീഗുകളുടെ ലയനം പോലും സാധ്യമാക്കിത്തീര്‍ത്തു. മുസ്‌ലിംഐക്യം എന്ന ആശയം പ്രബലമാകാന്‍ കാരണമായി വര്‍ത്തിച്ച ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണത്‌.
അതേസമയം, ഈ വികാരവിക്ഷോഭങ്ങള്‍ മുസ്‌ലിം സമുദായത്തിലെ സാമൂഹ്യമാറ്റങ്ങളെ എങ്ങനെയാണ്‌ ബാധിച്ചത്‌ എന്നുകൂടി നാം കണക്കിലെടുക്കേണ്ടതുണ്ട്‌. ഇന്ത്യയില്‍ നിലവിലുള്ള മുസ്‌ലിം വ്യക്തിനിയമം പൂര്‍ണമായ അര്‍ഥത്തില്‍ ഇസ്‌ലാമികമോ കാലാനുസൃതമോ അല്ലെന്നും, അവയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നുമുള്ള വാദം പണ്ടേ നിലവിലുണ്ടായിരുന്നു. 1964-ല്‍ നടന്ന കേരള ഇസ്‌ലാമിക്‌ സെമിനാറില്‍ പ്രശസ്‌ത എഴുത്തുകാരനായ എന്‍ പി മുഹമ്മദ്‌ തത്സംബന്ധമായി ഒരു പ്രബന്ധം അവതരിപ്പിച്ചിരുന്നു. ജസ്റ്റിസ്‌ ഖാലിദിന്റെ ഒരു വിധി മുസ്‌ലിം സമുദായത്തിനകത്ത്‌ ചൂടേറിയ ചര്‍ച്ചകള്‍ക്ക്‌ വഴിവെച്ചിരുന്നു; അതിനെല്ലാം ശേഷമാണ്‌ 1970 ഏപ്രില്‍ 17-നു മുസ്‌ലിം എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ മുഖപത്രമായ എം ഇ എസ്‌ ജര്‍ണല്‍ `ബഹുഭാര്യാത്വവും ശരീഅത്ത്‌ നിയമവും' എന്ന പേരില്‍ ഒരു മുഖപ്രസംഗമെഴുതുന്നത്‌. ഇത്‌ അവസാനിച്ചത്‌ മുസ്‌ലിംലീഗും എം ഇ എസും തമ്മിലുള്ള തുറന്ന പോരിലാണ്‌. തുടര്‍ന്ന്‌ ഇസ്‌ലാം ആന്‍ഡ്‌ മോഡേണ്‍ ഏജ്‌ സൊസൈറ്റി രൂപീകരിക്കുകയും, വൈകാതെ തന്നെ അത്‌ നാമാവശേഷമാവുകയും ചെയ്‌തു.
ഇതെല്ലാം ബോധ്യപ്പെടുത്തുന്നത്‌ മുസ്‌ലിം വ്യക്തിനിയമ പരിഷ്‌കരണം നേരത്തെ മുസ്‌ലിംകള്‍ക്കിടയില്‍ സജീവമായ ചര്‍ച്ചാവിഷയമായിരുന്നു എന്നാണ്‌. ജമാഅത്തെ ഇസ്‌ലാമിയുടെ മുഖപത്രമായ പ്രബോധനം ഒരു ശരീഅത്ത്‌ പതിപ്പ്‌ പ്രസിദ്ധപ്പെടുത്തുകയും വ്യക്തിനിയമ പരിഷ്‌കരണത്തെക്കുറിച്ച്‌ ഗാഢമായി ആലോചിക്കുകയും ചെയ്‌തു എന്നത്‌ ഇതിനോട്‌ ചേര്‍ത്തുവായിക്കണം. ഇന്ത്യയില്‍ നിലവിലുള്ള മുസ്‌ലിം വ്യക്തിനിയമം പരിഷ്‌കരിക്കാമോ എന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ പാകത്തിലുള്ള സാമൂഹ്യാന്തരീക്ഷം മുസ്‌ലിം സമൂഹത്തിലുണ്ടായിരുന്നു എന്നാണ്‌ ഇതിന്റെയെല്ലാം അര്‍ഥം. എന്നിട്ടും ശാബാനു വിവാദത്തോടെ എല്ലാം തകിടം മറിഞ്ഞു. മുസ്‌ലിംസമൂഹം ഒന്നടങ്കം ഇന്ത്യയിലെ മുസ്‌ലിം വ്യക്തിനിയമത്തെ നെഞ്ചോട്‌ ചേര്‍ത്തുവെയ്‌ക്കുന്നതാണ്‌ ആ സമയത്ത്‌ നാം കാണുന്നത്‌. തങ്ങളുടെ പൊതുവികാരത്തിനെതിരായ ഏത്‌ നീക്കവും അവരെ പ്രകോപിപ്പിക്കുന്നു എന്നര്‍ഥം.

മനോഭാവത്തിലെ മാറ്റം

ശാബാനു കാലത്തേതിനേക്കാള്‍ കടുത്ത പ്രതിസന്ധികളിലൂടെയാണ്‌ ഇന്ന്‌ മുസ്‌ലിം സമുദായം കടന്നുപോകുന്നത്‌. തീവ്രവാദക്കുറ്റം ചുമത്തപ്പെട്ട്‌ നിരവധി ചെറുപ്പക്കാര്‍ ഇന്ന്‌ ജയിലിലാണ്‌. നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരെ യു എ പി എ പോലെയുള്ള കരിനിയമങ്ങള്‍ ഉപയോഗിച്ച്‌ തടവറയിലടയ്‌ക്കുന്നതിന്നെതിരായി ദേശീയതലത്തില്‍ എഴുത്തുകാരും സാമൂഹ്യചിന്തകരും പത്രപ്രവര്‍ത്തകരുമൊക്കെ ശബ്‌ദമുയര്‍ത്തുന്നുണ്ടെങ്കിലും അവയെല്ലാം വിഫലമാവുകയാണ്‌. സീമാ മുസ്‌തഫ, ടീസ്‌താ സെത്തില്‍വാദ്‌, ആശിഷ്‌ ഖേതാന്‍ തുടങ്ങി നിരവധി ആളുകള്‍ ഭരണകൂടത്തിന്റെ ഇസ്‌ലാംവിരുദ്ധ മുഖം ചൂണ്ടിക്കാണിച്ച്‌ ധാരാളം എഴുതിക്കഴിഞ്ഞു. പക്ഷേ, എല്ലാം വെറുതെ. പ്രബുദ്ധകേരളത്തില്‍ പോലും മുസ്‌ലിം സമം ഭീകരന്‍ എന്ന സമവാക്യം ഉണ്ടാക്കിയെടുക്കാന്‍ ശ്രമം നടക്കുന്നത്‌ കാണാതിരുന്നതുകൂടാ.
മുസ്‌ലിം സമുദായത്തിലുണ്ടാവുന്ന ഉണര്‍വുകളെ മൊത്തം സാമൂഹ്യ പുരോഗതിയുമായി ചേര്‍ത്തുനിര്‍ത്തി വിലയിരുത്തുന്നതിനു പകരം, അവയെ ആഗോള ഇസ്‌ലാമിക ഭീകരവാദമെന്ന പരികല്‌പനയോട്‌ ബന്ധിപ്പിക്കാനാണ്‌ തീവ്രഹിന്ദുത്വം ശ്രമിക്കുന്നത്‌. പലപ്പോഴും മതേതര രാഷ്‌ട്രീയവും അങ്ങനെയൊരു കാഴ്‌ചപ്പാടിലേക്ക്‌ വഴിവിട്ടു സഞ്ചരിക്കുന്നു. ഇങ്ങനെയൊരു സാമൂഹ്യപശ്ചാത്തലത്തില്‍, മുസ്‌ലിംകള്‍ക്ക്‌ ശാബാനു കാലത്തേതിനേക്കാള്‍ അരക്ഷിതത്വം തോന്നേണ്ടതാണ്‌. അവര്‍ മുഖ്യധാരയില്‍ നിന്ന്‌ കൂടുതല്‍ അകലേണ്ടതാണ്‌. തങ്ങളുടെ സാംസ്‌കാരിക വ്യക്തിത്വത്തിന്‌ ദോഷം വരുത്താനുള്ള ശ്രമങ്ങളോട്‌ അവര്‍ക്ക്‌ കൂടുതല്‍ എതിര്‍പ്പുണ്ടാവേണ്ടതാണ്‌. പക്ഷേ, അങ്ങനെയല്ല സംഭവിച്ചത്‌. അവര്‍ കുറേക്കൂടി പക്വതയും പ്രായോഗികതയും പ്രകടിപ്പിക്കുകയും വിവാഹപ്രായവുമായി ബന്ധപ്പെട്ടു ഉയര്‍ന്നുവന്ന വാദകോലാഹലങ്ങളെ കാര്യമായെടുക്കാതിരിക്കുകയും ചെയ്‌തു. നേരു പറഞ്ഞാല്‍ കേരളീയ മുസ്‌ലിം പൊതുബോധത്തിന്‌ ഈ വിവാദം പ്രശ്‌നമേ ആയില്ല. എന്തുകൊണ്ടാണ്‌ ഇത്‌ എന്നാലോചിക്കേണ്ടതുണ്ട്‌.
കേരളീയ മുസ്‌ലിം സമൂഹം കൈവരിച്ച വിദ്യാഭ്യാസ പുരോഗതിയും സാമൂഹ്യ ഉല്‍ക്കര്‍ഷവും കൊണ്ടുതന്നെ. അത്‌ അവര്‍ക്ക്‌ ഉണ്ടാക്കിക്കൊടുത്ത ആത്മവിശ്വാസം ചെറുതല്ല. എന്നു മാത്രമല്ല, വിവാഹപ്രായം പോലെയുള്ള കാര്യങ്ങളില്‍, പൊതു സമൂഹത്തിന്റെ ആശയങ്ങളോട്‌ പൊരുത്തപ്പെട്ടുപോകാവുന്ന മനോനില മുസ്‌ലിംകളില്‍ രൂപപ്പെട്ടുവരികയും ചെയ്‌തിരിക്കുന്നു. മതനിയമങ്ങളെ നിരാകരിച്ചു കൊണ്ടല്ല ഇത്‌ സംഭവിച്ചത്‌. പ്രായോഗിക തലത്തില്‍ അവയെ ആധുനിക കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസൃതമായി ഉള്‍ക്കൊണ്ടുകൊണ്ടാണ്‌. കുറേക്കൂടി തെളിച്ചു പറഞ്ഞാല്‍ ഇസ്‌ലാമിക നിയമങ്ങളനുസരിച്ച്‌ വിവാഹപ്രായം പതിനെട്ടാക്കി നിജപ്പെടുത്തുക എന്ന ഒന്നില്ല എന്നവര്‍ക്കറിയാം. എന്നാല്‍ പതിനെട്ട്‌ വയസ്സ്‌ പൂര്‍ത്തിയാവുന്നതിനു മുമ്പ്‌ പെണ്‍കുട്ടികളെ വിവാഹം കഴിച്ചയക്കാന്‍ രക്ഷിതാക്കളോ വിവാഹത്തിന്ന്‌ പെണ്‍കുട്ടികളോ തയ്യാറാവുന്നില്ല. സ്‌ത്രീവിദ്യാഭ്യാസം വഴി സാധ്യമായ സാമൂഹ്യ വിപ്ലവമാണത്‌.
ഈ വിപ്ലവം നടന്നുകഴിഞ്ഞ അവസ്ഥയില്‍ നാട്ടിലെ നിയമമനുസരിച്ച്‌ വിവാഹപ്രായം പതിനെട്ടാക്കി നിജപ്പെടുത്തുന്നതിനോട്‌ തരതമ്യേന സമുദായത്തിന്റെ എതിര്‍പ്പുണ്ടാവുകയില്ല. കാലം റദ്ദാക്കിയിരിക്കുന്നു പ്രായപൂര്‍ത്തിയെക്കുറിച്ചുള്ള പഴയ സങ്കല്‌പങ്ങളെ. അതുകൊണ്ടാണ്‌ യാഥാസ്ഥിതികരെന്നു വിളിക്കുന്ന മതവിഭാഗങ്ങള്‍ മാത്രം വിവാഹപ്രായം പതിനാറാക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നത്‌. കാലഹരണപ്പെട്ട ഇത്തരം പല ആവശ്യങ്ങളും അവര്‍ ഉന്നയിക്കുകയും അവരുടെ സ്‌ത്രീവിരുദ്ധത പുറത്തുവരികയും ചെയ്‌തിട്ടുണ്ട്‌. ഇത്തരം യാഥാസ്ഥിതിക മതവിഭാഗക്കാര്‍ തന്നെ പ്രായോഗിക തലത്തില്‍ സ്വന്തം സംഘടനയും നേതാക്കളും മുന്നോട്ടുവെക്കുന്ന ആശയങ്ങളെ നിരാകരിക്കുകയാണ്‌ ചെയ്യുന്നത്‌ എന്നത്‌ മറ്റൊരു സംഗതി.
ഇവിടെ മറ്റൊരു കാര്യം കൂടി പ്രസക്തമാണ്‌. മുസ്‌ലിം സമുദായത്തിന്റെ ആധുനികവത്‌കരണം അവരുടെ ചിന്തയെ നവീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ മുസ്‌ലിം വ്യക്തിനിയമത്തെ, ഇസ്‌ലാമിന്റെ മൗലിക പ്രമാണങ്ങള്‍ക്ക്‌ വിരുദ്ധമാവാത്ത തരത്തില്‍ പരിഷ്‌കരിച്ചുകൂടേ എന്ന കാര്യമാണത്‌. മതനിയമങ്ങളെ, ഖുര്‍ആന്റെ മൗലിക സത്തയായ മാനവികതയ്‌ക്കനുസൃതമായും എന്നാല്‍ കാലം കൊണ്ട്‌ സാമൂഹ്യ ജീവിതത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ കണക്കിലെടുത്തുകൊണ്ടും പുനര്‍വ്യാഖ്യാനിക്കേണ്ടതാണെന്ന്‌ വിശ്വസിക്കുന്ന നിരവധി ലിബറല്‍ പണ്ഡിതരുണ്ട്‌. പൊതുനന്മ (ഇസ്‌തിഹ്‌സാന്‍) എന്ന ആശയം അവര്‍ മുന്നോട്ടു വെക്കുന്നു. ദൈനംദിനം ജീവിത കര്‍മങ്ങളില്‍ (മുആമലാത്‌) പൊതു താല്‌പര്യങ്ങള്‍ക്കായിരിക്കണം മുന്‍ഗണന എന്ന്‌ കരുതുന്ന പണ്ഡിതരുമുണ്ട്‌. മതത്തെ `കാലിക'മാക്കുന്ന പ്രക്രിയയില്‍ ഈ വാദഗതികളൊന്നും അവഗണിച്ചുകൂടാ.

ആധുനികവത്‌കരണവും മതനിയമങ്ങളും

ഒരു ഉദാഹരണം കൊണ്ട്‌ ഇത്‌ വ്യക്തമാക്കാവുന്നതാണ്‌. മതനിയമങ്ങളെ സങ്കുചിതമായി വ്യാഖ്യാനിക്കുന്ന യാഥാസ്ഥിതിക പാരമ്പര്യങ്ങളേക്കാള്‍, അവയെ കാലിക പാശ്ചാത്തലത്തില്‍ വിലയിരുത്തുന്ന നവീകൃത കാഴ്‌ചപ്പാടുകള്‍ക്കാണ്‌ ഇസ്‌ലാമിക മൂല്യങ്ങളോട്‌ കൂടുതല്‍ അടുപ്പം എന്ന്‌ ഈ ഉദാഹരണത്തില്‍ നിന്ന്‌ വ്യക്തമാവും. 2003-ല്‍ നൈജീരിയയില്‍ ശരീഅത്ത്‌ കോടതി ഒരു സ്‌ത്രീയുടെ മേല്‍ ചുമത്തിയ വധശിക്ഷയാണ്‌ പ്രശ്‌നം. ആമിനാ ലവാല്‍ എന്ന സ്‌ത്രീയെ വ്യഭിചാരക്കുറ്റത്തിന്റെ പേരില്‍ കല്ലെറിഞ്ഞു കൊല്ലണമെന്ന്‌ ശരീഅത്ത്‌ കോടതി വിധിച്ചു. വിവാഹ വാഗ്‌ദാനം ചെയ്‌തശേഷം ഒരു ബന്ധു ലൈംഗികവേഴ്‌ചക്ക്‌ അവളെ പ്രേരിപ്പിക്കുകയായിരുന്നു. എന്നാല്‍ അയാള്‍ വാക്ക്‌ പാലിച്ചില്ല. തുടര്‍ന്ന്‌ അവള്‍ ബലാത്സംഗക്കുറ്റമാരോപിച്ച്‌ അയാള്‍ക്കെതിരെ കേസുകൊടുത്തു.
എന്നാല്‍ ഇസ്‌ലാമിക ശരീഅത്ത്‌ അനുസരിച്ച്‌ മതിയായ തെളിവില്ലാത്തതിനാല്‍ അയാള്‍ കുറ്റവിമുക്തനായി. അവളുടെ കാര്യത്തില്‍ മറ്റൊന്നാണ്‌ സംഭവിച്ചത്‌. കുറ്റസമ്മതമൊഴി തെളിവായി എടുക്കുകയും ആമിനയെ എറിഞ്ഞുകൊല്ലാന്‍ വിധിക്കുകയും ചെയ്‌തു. മനുഷ്യാവകാശ സംഘടനകള്‍ ഒച്ചപ്പാടുണ്ടാക്കിയതോടെയാണ്‌ ഈ സംഭവം ലോകമറിഞ്ഞത്‌. ശരീഅത്ത്‌ കോടതി മതനിയമങ്ങളെ അക്ഷരാര്‍ഥത്തില്‍ വ്യാഖ്യാനിച്ചപ്പോള്‍, കുറ്റവാളി രക്ഷപ്പെടുകയും ഇര ശിക്ഷാര്‍ഹമാവുകയും ചെയ്‌തു. ശക്തമായ സമ്മര്‍ദത്തെത്തുടര്‍ന്ന്‌ ആമിനയുടെ മേല്‍ ചുമത്തിയ വധശിക്ഷ ഒഴിവാക്കപ്പെട്ടുവെങ്കിലും ശരീഅത്ത്‌ നിയമങ്ങളുടെ വ്യാഖ്യാനത്തെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ക്ക്‌ അത്‌ വഴിവെക്കുകയുണ്ടായി.
വിശുദ്ധയുദ്ധം പോലെയുള്ള കാര്യങ്ങളില്‍ പരമ്പരാഗത മുസ്‌ലിം പണ്ഡിതര്‍ തന്നെയും അവയെ ദേശകാലങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കിക്കണ്ടാല്‍ മതി എന്ന അഭിപ്രായക്കാരാണ്‌. മതനിയമങ്ങളെ ആധുനിക കാലവും ലോകവുമായി ബന്ധപ്പെടുത്തി പുനര്‍ വ്യാഖ്യാനിക്കാമോ എന്നും, നിയമങ്ങളുടെ അന്തസ്സത്ത ഉള്‍ക്കൊണ്ട്‌ ആവശ്യമായ പരിഷ്‌കരണങ്ങള്‍ വരുത്താമോ എന്നും പണ്ഡിതലോകം ഗൗരവപൂര്‍വം ആലോചിക്കണം. വിവാഹ പ്രായത്തെക്കുറിച്ചുള്ള സര്‍ക്കുലര്‍ അതിനു നിമിത്തമായിത്തീരേണ്ടതാണ്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: