സുന്നത്ത്‌ രണ്ടാം പ്രമാണം

  • Posted by Sanveer Ittoli
  • at 9:19 AM -
  • 0 comments

സുന്നത്ത്‌ രണ്ടാം പ്രമാണം

- ഇസ്‌ലാമിലെ പ്രമാണങ്ങള്‍-9 -

എ അബ്‌ദുല്‍ഹമീദ്‌ മദീനി


നബി(സ)യുടെ സുന്നത്ത്‌ രണ്ടാം പ്രമാണമായി പൂര്‍വികരും ആധുനികരുമായ ലോക മുസ്‌ലിം പണ്ഡിതന്മാര്‍ എല്ലാവരും അംഗീകരിച്ചുവരുന്നു. ഇതില്‍ പറയത്തക്ക അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ല. എന്നാല്‍ ഇന്ന്‌ ചിലര്‍ നബി(സ)യുടെ ചര്യ വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനമായതു കൊണ്ട്‌, ഖുര്‍ആനും സുന്നത്തും രണ്ടു പ്രമാണങ്ങള്‍ അല്ല ഒരൊറ്റ പ്രമാണമാണെന്ന്‌ അഭിപ്രായപ്പെടുന്നു. ഈ വാദം ശരിയല്ല. ഒന്നാം പ്രമാണമായ വിശുദ്ധ ഖുര്‍ആനിന്റെ അക്ഷരങ്ങളും ആശയങ്ങളും അല്ലാഹുവില്‍ നിന്നുള്ളതാണ്‌. അത്‌ തിലാവത്തിന്റെ വഹ്‌യ്‌ (പാരായണം ചെയ്‌തു കേള്‍പ്പിച്ച സന്ദേശം) ആണ്‌. ജിബ്‌രീല്‍ വന്ന്‌ നബി(സ)ക്ക്‌ ഓതിക്കൊടുക്കുന്നതാണ്‌. അതിലെ ഒരക്ഷരത്തിന്‌ മാറ്റം വരുത്താന്‍ മുഹമ്മദ്‌ നബി(സ)ക്ക്‌ അധികാരമില്ല.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``നമ്മുടെ സ്‌പഷ്‌ടമായ തെളിവുകള്‍ അവര്‍ക്ക്‌ വായിച്ചു കേള്‍പ്പിക്കപ്പെടുമ്പോള്‍, നമ്മെ കണ്ടുമുട്ടുമെന്ന്‌ പ്രതീക്ഷിക്കാത്തവര്‍ പറയും: നീ ഇതല്ലാത്ത ഒരു ഖുര്‍ആന്‍ കൊണ്ടു വരികയോ, അല്ലെങ്കില്‍ ഇതില്‍ ഭേദഗതി ചെയ്യുകയോ ചെയ്യുക. (നബിയേ) പറയുക: എന്റെ സ്വന്തം വകയായി ഇത്‌ ഭേദഗതി ചെയ്യാന്‍ എനിക്ക്‌ പാടുള്ളതല്ല. എനിക്ക്‌ ബോധനം നല്‍കപ്പെടുന്നതിനെ പിന്‍പറ്റുക മാത്രമാണ്‌ ഞാന്‍ ചെയ്യുന്നത്‌. തീര്‍ച്ചയായും എന്റെ രക്ഷിതാവിനെ ഞാന്‍ ധിക്കരിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാന്‍ ഭയപ്പെടുന്നു.'' (10:15)
``നമ്മുടെ പേരില്‍ അദ്ദേഹം (പ്രവാചകന്‍) വല്ല വാക്കുകളും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തെ നാം വലതു കൈകൊണ്ട്‌ പിടിക്കുകയും എന്നിട്ടദ്ദേഹത്തിന്റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു. അപ്പോള്‍ നിങ്ങള്‍ക്കാര്‍ക്കും അദ്ദേഹത്തില്‍ നിന്ന്‌ ശിക്ഷയെ തടയാനാവില്ല.'' (69:44-47)
ഇതാണ്‌ വിശുദ്ധ ഖുര്‍ആന്‍. ഇതില്‍ ഒരക്ഷരത്തിന്‌ മാറ്റം വരുത്തിയാല്‍ നബിയുടെ കഥ കഴിക്കും എന്ന ഖുര്‍ആന്റെ ഭീഷണി നാം ഓര്‍ക്കേണ്ടതാണ്‌. അതിനാല്‍ ഖുര്‍ആനിലെ ഓരോ അക്ഷരത്തിന്നും പ്രതിഫലമുണ്ട്‌. നബി(സ) പറഞ്ഞു: അലിഫ്‌ ലാം മീം. ഇതില്‍ അലിഫ്‌ ഒരക്ഷരമാണ്‌. ലാമ്‌ ഒരക്ഷരമാണ്‌. മീമ്‌ ഒരക്ഷരമാണ്‌. ഇങ്ങനെ അക്ഷരങ്ങള്‍ മൊഴിയുമ്പോഴെല്ലാം പ്രതിഫലം കിട്ടുന്ന ഒന്ന്‌ ഖുര്‍ആന്‍ അല്ലാത്ത മറ്റെന്താണ്‌ ലോകത്തുള്ളത്‌?
എന്നാല്‍ സുന്നത്തിന്ന്‌ ഈ പരിശുദ്ധിയില്ല. അതിന്റെ ആശയങ്ങള്‍ അല്ലാഹുവില്‍ നിന്നാണെങ്കിലും പ്രസ്‌തുത ആശയം കുറിക്കുന്ന അക്ഷരങ്ങള്‍ ദൈവീകമല്ല. അതു മുഹമ്മദ്‌ നബി(സ)യുടെ വകയാണ്‌. ഇതിന്‌ ഇല്‍ഹാമിന്റെ വഹ്‌യ്‌ എന്ന്‌ പറയുന്നു. ``അദ്ദേഹം (ദീനീ കാര്യങ്ങളില്‍) തന്നിഷ്‌ടപ്രകാരം സംസാരിക്കുകയില്ല. അത്‌ അദ്ദേഹത്തിന്‌ ദിവ്യസന്ദേശമായി ലഭിക്കുന്ന ഒരു ഉദ്‌ബോധനം മാത്രമാകുന്നു.'' (53:3-4)
ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനവും സുന്നത്ത്‌ മുഹമ്മദ്‌ നബി(സ)യുടെ വാക്കുകളും പ്രവൃത്തികളും അംഗീകാരങ്ങളുമായതുകൊണ്ട്‌ ഒരു സത്യവിശ്വാസിക്ക്‌ രണ്ടാം സ്ഥാനം മാത്രമേ സുന്നത്തിന്ന്‌ നല്‌കാന്‍ കഴിയുകയുള്ളൂ. ഏതെങ്കിലും ഒരു വിഷയത്തില്‍ ഖുര്‍ആനില്‍ നിന്ന്‌ ഏതെങ്കിലും ഒരായത്ത്‌ പ്രമാണമായി ഉദ്ധരിച്ചാല്‍ ഒരൊറ്റ മനുഷ്യനും, അത്‌ സ്വഹീഹാണോ ഹസനാണോ ദ്വഈഫാണോ മൗദ്വൂആണോ മുന്‍ഖത്വിആണോ മുര്‍സലാണോ എന്ന്‌ ചോദിക്കാറില്ല. നേരെ മറിച്ച്‌ ഒരു ഹദീസ്‌ ഒരാള്‍ ഉദ്ധരിച്ചാല്‍ മേല്‌പറഞ്ഞ ചോദ്യങ്ങളൊക്കെ ചോദിക്കാവുന്നതും സ്വഹീഹ്‌ അല്ലെങ്കില്‍ ഹസന്‍ ആണ്‌ എന്ന മറുപടി കിട്ടിയില്ലെങ്കില്‍ അത്‌ തള്ളിക്കളയാവുന്നതുമാണ്‌. എന്നാല്‍ ഇങ്ങനെ തള്ളിക്കളയാവുന്ന ഒരധ്യായത്തിന്റെ കഷ്‌ണം പോലും ഖുര്‍ആനില്‍ കണ്ടെത്താന്‍ സാധ്യമല്ല. കാരണം അതിന്റെ അക്ഷരങ്ങളും ആശയങ്ങളും അല്ലാഹുവില്‍ നിന്നുള്ളതാണ്‌.
``നബി(സ)യില്‍ നിന്ന്‌ വന്നിട്ടുള്ള ഖുര്‍ആന്‍ ഒഴികെയുള്ള വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കും അംഗീകാരങ്ങള്‍ക്കും സുന്നത്ത്‌ എന്ന്‌ പറയുന്നു. ഈ നിര്‍വചനത്തില്‍ നിന്ന്‌ ഹദീസുകള്‍ മൂന്നുതരമാണെന്ന്‌ മനസ്സിലാക്കാം. ഒന്ന്‌: നബി(സ)യുടെ വാക്കുകള്‍, ഉദാഹരണം: ``നബി(സ) പറഞ്ഞു. അനന്തരവകാശിക്ക്‌ വസ്വിയ്യത്ത്‌ ഇല്ല.'' ഇതുപോലെയുള്ള ഹദീസുകള്‍ എല്ലാം ഈ ഇനത്തില്‍ പെടുന്നു. ഇത്തരം ഹദീസുകളാണ്‌ ഏറെ കൂടുതല്‍ ഉള്ളത്‌.
രണ്ട്‌: നബി(സ)യുടെ പ്രവൃത്തികള്‍: ഉദാഹരണം നമസ്‌കാരം. നമസ്‌കാരത്തിന്റെ പൂര്‍ണമായ രൂപം നബി(സ)യുടെ പ്രവൃത്തിയില്‍ കൂടി മാത്രമേ നമുക്ക്‌ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. നബി(സ) നമസ്‌കരിച്ചു മാതൃക കാട്ടിക്കൊടുത്തശേഷം അവിടുന്ന്‌ പറഞ്ഞു: ``ഞാന്‍ നമസ്‌കരിച്ചതുപോലെ നിങ്ങളും നമസ്‌കരിക്കുക. ഇതുപോലെ തന്നെയാണ്‌ സകാത്ത്‌, ഹജ്ജ്‌, നോമ്പ്‌ എന്നിവയും. ഖുര്‍ആനില്‍ നിന്ന്‌ മാത്രം അവയുടെ പൂര്‍ണരൂപം മനസ്സിലാക്കാന്‍ മനുഷ്യര്‍ക്ക്‌ സാധ്യമല്ല. നബി(സ)യുടെ പ്രവര്‍ത്തനങ്ങളില്‍ കൂടി മാത്രമേ അതെല്ലാം മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.''
മൂന്ന്‌: നബി(സ)യുടെ അംഗീകാരം: നബി(സ)യുടെ സന്നിധിയില്‍ വെച്ചു അനുയായികള്‍ ഒരു കാര്യം ചെയ്യുകയും നബി(സ) അതിനെ തടയാതിരിക്കുകയും ചെയ്‌താല്‍ അംഗീകാരമായി. അതനുവദനീയമായ കാര്യം. അല്ലെങ്കില്‍ പ്രവാചകന്‍ അതു കണ്ടശേഷം മൗനം പാലിക്കുകയില്ല. ഒരിക്കല്‍ നബി(സ)യും സ്വഹാബിമാരും യാത്ര ചെയ്‌തപ്പോള്‍ ഭക്ഷണമുണ്ടാക്കാനുള്ള സമയമായി. നബി(സ) അവരെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ചുമതല ഓരോ ഗ്രൂപ്പിനെ ഏല്‌പിച്ചു. അങ്ങനെ വിറക്‌ ശേഖരിക്കാന്‍ പോയവര്‍ക്ക്‌ ഒരു ഉടുമ്പിനെ കിട്ടി. അതിനെ അറുത്ത്‌ അവര്‍ പാകം ചെയ്‌തു. അവരെല്ലാവരും കൂടി ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോള്‍ ഇതെന്താണെന്ന്‌ നബി(സ) ചോദിച്ചു. ഇത്‌ ഉടുമ്പാണെന്നും വിറക്‌ ശേഖരിക്കാന്‍ പോയപ്പോള്‍ കിട്ടിയതാണെന്നും അവര്‍ പറഞ്ഞു. അങ്ങനെ നബി(സ)യുടെ സാന്നിധ്യത്തില്‍ അവരെല്ലാവരും ഉടുമ്പിനെ ഭക്ഷിച്ചു. പ്രവാചകന്‍ അത്‌ തിന്നില്ല. ഇതില്‍ നിന്ന്‌ ഉടുമ്പിനെ തിന്നല്‍ അനുവദനീയമാണെന്ന്‌ മനസ്സിലാക്കാം.
സുന്നത്ത്‌ രണ്ടാം പ്രമാണമാണെന്ന്‌ ഖുര്‍ആനില്‍ തന്നെ സൂചനയുണ്ട്‌: ``സത്യവിശ്വാസികളേ നിങ്ങള്‍ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക'' (4:59). ഈ അര്‍ഥത്തിലുള്ള നിരവധി വചനങ്ങള്‍ ഖുര്‍ആനില്‍ കാണാം. ഇവിടെ ഒന്നാമതായി അല്ലാഹുവിനെ അനുസരിക്കാനാണ്‌ പറഞ്ഞത്‌. രണ്ടാമതായി മുഹമ്മദ്‌ നബി(സ)യെയും. അല്ലാഹുവിനെ അനുസരിക്കല്‍ യാഥാര്‍ഥ്യമാകുന്നത്‌ അല്ലാഹുവിന്റെ കിതാബിനെ അനുസരിക്കുന്നതിലൂടെയാണ്‌. അതുപോലെ മുഹമ്മദ്‌ നബി(സ)യുടെ ജീവിതകാലത്ത്‌ അദ്ദേഹത്തെ നേര്‍ക്കുനേരെയാണ്‌ അനുസരിക്കേണ്ടത്‌. അദ്ദേഹത്തിന്റെ വഫാത്തിന്‌ ശേഷം അദ്ദേഹത്തിന്റെ സുന്നത്തിനെ പൂര്‍ണാര്‍ഥത്തില്‍ ജീവിതത്തില്‍ പകര്‍ത്തിക്കൊണ്ടാണനുസരിക്കേണ്ടത്‌ എന്ന്‌ വ്യക്തമാണല്ലോ.
നബി(സ)യില്‍ നിന്നുള്ള ഒരു ഹദീസ്‌ കുറ്റമറ്റ നിലയില്‍ സ്ഥിരപ്പെട്ടു കഴിഞ്ഞാല്‍, അത്‌ മതത്തിന്റെയും മതവിധികളുടെയും അടിസ്ഥാന രേഖകളും പ്രമാണവുമായംഗീകരിച്ചു അതനുസരിച്ചു പ്രവര്‍ത്തിക്കല്‍ നിര്‍ബന്ധമാണെന്ന കാര്യത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രയാവ്യത്യാസം ഇല്ല. അല്ലാഹു പറയുന്നു: ``(നബിയേ) പറയുക: നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങളെ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. പറയുക: നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവീന്‍, ഇനി അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു സത്യനിഷേധികളെ സ്‌നേഹിക്കുന്നതല്ല.'' (3:31-32)
ഈ ആയത്തില്‍ നബി(സ)യെ പിന്തുടരാനും അനുസരിക്കാനും അല്ലാഹു കല്‌പിക്കുന്നു. നമുക്കതെങ്ങനെ സാധിക്കും? നബി(സ)യുടെ ചര്യ സ്വീകരിക്കാതെ ഒരിക്കലും അദ്ദേഹത്തെ പിന്തുടരാനും അനുസരിക്കാനും നമുക്ക്‌ കഴിയുകയില്ലല്ലോ. ``ഇല്ല. നിന്റെ രക്ഷിതാവിനെ തന്നെയാണ്‌ സത്യം. അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധി കല്‌പിച്ചതിനെ പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും അത്‌ പൂര്‍ണമായി സമ്മതിച്ചു അനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല.'' (4:65)
ഒരു വിശ്വാസിയുടെ പ്രധാനപ്പെട്ട ലക്ഷണമാണ്‌ മുഹമ്മദ്‌ നബി(സ)യുടെ വിധിവിലക്കുകള്‍ സ്വീകരിക്കുക എന്നുള്ളത്‌. ഏതു പ്രശ്‌നത്തിലായാലും ശരി. അദ്ദേഹത്തിന്റെ വിധിവിലക്കുകള്‍ സ്വീകരിച്ചാല്‍ മാത്രം പോരാ ആ വിധി സ്വീകരിച്ചതില്‍ മനസ്സറിഞ്ഞു സന്തോഷിക്കുകയും, മനസ്സിന്റെ ഉള്ളിന്റെയുള്ളില്‍ ആ വിധിവിലക്കുകള്‍ സ്വീകരിച്ചതില്‍ യാതൊരസ്വസ്ഥതയും ഉണ്ടാവാതിരിക്കുകയും വേണം. അങ്ങനെ വല്ല അതൃപ്‌തിയും നബിയുടെ തീരുമാനത്തില്‍ തോന്നിയാല്‍ അവന്‍ വിശ്വാസി അല്ലെന്ന്‌ മനസ്സിലാക്കാം.
``അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തുകഴിഞ്ഞാല്‍, സത്യവിശ്വാസികളായ ഒരു പുരുഷന്നാകട്ടെ സ്‌ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.'' (33:36)
ഇവിടെ അല്ലാഹുവിന്റെ കിതാബില്‍ അല്ലെങ്കില്‍ നബി(സ)യുടെ ചര്യയില്‍ ഏതെങ്കിലുമൊരു വിഷയത്തെപ്പറ്റി തീരുമാനം വന്നിട്ടുണ്ടെങ്കില്‍ അതെല്ലാം നിരുപാധികം അനുസരിക്കണമെന്നും അവ നിരുപാധികം അനുസരിക്കാതിരിക്കുന്നത്‌ അല്ലാഹുവിനെയും റസൂലിനെയും ധിക്കരിക്കലാണെന്നും മേല്‍ സൂക്തം നമ്മെ പഠിപ്പിക്കുന്നു. അപ്പോള്‍ നബി(സ)യെ അനുസരിച്ചാല്‍ മാത്രം പോര, ആ അനുസരണം നിരുപാധികമായിരിക്കണമെന്ന വ്യവസ്ഥ കൂടി ഖുര്‍ആന്‍ നമ്മുടെ മുന്നില്‍ വെച്ചിട്ടുണ്ട്‌. ഇനിയും സുന്നത്ത്‌ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണമാണെന്നതിന്‌ തെളിവുകള്‍ ആവശ്യമുണ്ടെന്ന്‌ തോന്നുന്നില്ല.
വിശുദ്ധ ഖുര്‍ആന്‍ അല്ലാഹു മനുഷ്യവംശത്തിന്ന്‌ അവന്റെ മാര്‍ഗദര്‍ശനം നല്‌കാന്‍ വേണ്ടിയാണ്‌ മുഹമ്മദ്‌ നബി(സ)ക്കു നല്‌കിത്‌. അത്‌ പ്രായോഗിക തലത്തില്‍ ജീവിതത്തിലൂടെ വിശദീകരിച്ചുകൊടുക്കാനുള്ള ചുമതലയും നബി(സ)യെ ഏല്‌പിച്ചു. ``നിനക്ക്‌ ബോധനം അവതരിപ്പിച്ചുതന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത്‌ നീ അവര്‍ക്ക്‌ വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും, അവര്‍ ചിന്തിക്കാന്‍ വേണ്ടിയും.'' (16:44)
ഖുര്‍ആന്‍ നമുക്ക്‌ പഠിപ്പിച്ചുതരാന്‍ വേണ്ടി അല്ലാഹു നിയോഗിച്ച അധ്യാപകനാണ്‌ മുഹമ്മദ്‌ നബി(സ). അദ്ദേഹം അല്ലാഹുവിന്റെ വചനങ്ങള്‍ക്ക്‌ നല്‌കിയ വിശദീകരണത്തിന്നാണ്‌ നാം സുന്നത്ത്‌ എന്നു പറയുന്നത്‌. അദ്ദേഹത്തിന്റെ വിശദീകരണം മാറ്റിവെച്ചുകൊണ്ട്‌ നമുക്ക്‌ മുസ്‌ലിമായി ജീവിക്കാന്‍ സാധിക്കുകയില്ല. ഖുര്‍ആന്റെ അര്‍ഥം ഗ്രഹിക്കുന്നതിലും അതിന്റെ പൊതു തത്വങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന വിധികള്‍ കണ്ടെത്തുന്നതിലും നബി(സ)യുടെ സുന്നത്തിന്‌ സുപ്രധാന സ്ഥാനമുണ്ട്‌. ഈ സുന്നത്ത്‌ ഇല്ലായിരുന്നുവെങ്കില്‍ ഖുര്‍ആന്‍ അധികഭാഗവും നമുക്ക്‌ അജ്ഞാതമായി അവശേഷിക്കുമായിരുന്നു. ഖുര്‍ആന്‍ സംക്ഷിപ്‌തമായി പറഞ്ഞതിനെ സുന്നത്ത്‌ വിവരിച്ചുതരുന്നു. അവ്യക്തമായി പറഞ്ഞതിനെ സുന്നത്ത്‌ വ്യക്തമാക്കുന്നു. പൊതുവായി പറഞ്ഞ നിയമങ്ങളെ പരിമിതപ്പെടുത്തിത്തരുന്നു. നിരുപാധികമായി പറഞ്ഞതിനെ സോപാധികമാക്കിയും നബി(സ)യുടെ സുന്നത്ത്‌ ഒരവ്യക്തതയും ബാക്കിവെക്കാതെ നമുക്ക്‌ വിശദീകരിച്ചു തന്നിട്ടുണ്ട്‌.
നബി(സ)യുടെ സുന്നത്ത്‌ തള്ളിക്കളഞ്ഞാല്‍ പിന്നെ എങ്ങനെയാണ്‌ നാം മുസ്‌ലിമായി ജീവിക്കുക? ഖുര്‍ആന്‍ നമസ്‌കാരവും സകാത്തും നോമ്പും ഹജ്ജുമെല്ലാം നമുക്ക്‌ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന്‌ എല്ലാവരും സമ്മതിക്കുന്നു. പക്ഷെ, അതിന്റെ രൂപവും ഭാവവും പൂര്‍ണരൂപത്തില്‍ ഖുര്‍ആനില്‍ കാണുക സാധ്യമല്ല. അതിനാല്‍ നബി(സ)യുടെ സുന്നത്ത്‌ മാറ്റിവെച്ചുകൊണ്ട്‌, നമുക്ക്‌ നമസ്‌കാരമോ സകാത്തോ നോമ്പോ ഹജ്ജോ ഒന്നും നിര്‍വഹിക്കാന്‍ സാധ്യമല്ല. ഇനി ആരെങ്കിലും സുന്നത്ത്‌ അവലംബിക്കാതെ ഇവയെല്ലാം ചെയ്‌താല്‍ മേല്‍ പറയപ്പെട്ട പ്രധാന ആരാധനാകര്‍മങ്ങളുടെ രൂപത്തിലും ഭാവത്തിലും ധാരാളം വ്യത്യാസങ്ങള്‍ ഉണ്ടാവും. ഒരേ ചരടില്‍ കോര്‍ത്ത മുത്തുമണികള്‍ പോലെ ഈ ആരാധനാകര്‍മങ്ങള്‍ നിലനില്‌ക്കുന്നത്‌ നബി(സ)യുടെ ചര്യയിലൂടെ അവയെല്ലാം മനസ്സിലാക്കിയതുകൊണ്ടു മാത്രമാണ്‌. ``ഹജ്ജ്‌ കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളില്‍ ആരെങ്കിലും ഹജ്ജ്‌ കര്‍മത്തില്‍ പ്രവേശിച്ചാല്‍ പിന്നീട്‌ സ്‌ത്രീ-പുരുഷ സംസര്‍ഗമോ ദുര്‍വൃത്തിയോ വഴക്കോ ഹജ്ജിനിടയില്‍ പാടുള്ളതല്ല.'' (2:197)
നബി(സ) യുടെ സുന്നത്ത്‌ മാറ്റി നിര്‍ത്തിയാല്‍ ഹജ്ജിന്റെ അറിയപ്പെട്ട മാസങ്ങള്‍ ഏതാണ്‌? അതെങ്ങനെ മനസ്സിലാക്കും? ഇസ്‌ലാമിന്ന്‌ മുമ്പുതന്നെ അറബികള്‍ക്കറിയാവുന്ന മാസങ്ങളായിരുന്നു അത്‌ എന്നാണ്‌ ഉത്തരമെങ്കില്‍, കഅ്‌ബയുടെ പരിപാലകരായ ഖുറൈശികള്‍ കാലാവസ്ഥ അനുകൂലമല്ലാതെ വന്നാല്‍ ഹജ്ജിന്റെ മാസങ്ങളില്‍ മാറ്റം വരുത്താറുണ്ടല്ലോ. അതും അറിയപ്പെട്ട മാസങ്ങളില്‍ പെടുമോ? ദുല്‍ഹിജ്ജ 9-ന്‌ അറഫയില്‍ നില്‌ക്കണമെന്ന്‌ ആരാണ്‌ പറഞ്ഞത്‌?
``അറഫയില്‍ നിന്ന്‌ നിങ്ങള്‍ പുറപ്പെട്ടുകഴിഞ്ഞാല്‍ മശ്‌അറുല്‍ ഹറാമിനടുത്തുവെച്ച്‌ നിങ്ങള്‍ അല്ലാഹുവിനെ പ്രകീര്‍ത്തിക്കുവീന്‍'' (2:198). ഈ പുറപ്പെടല്‍ ഏതു ദിവസമാണ്‌, എപ്പോഴാണ്‌, മശ്‌അറുല്‍ ഹറാമിന്റെ അടുത്ത്‌ എപ്പോഴാണ്‌ ദൈവസ്‌മരണ നടത്തേണ്ടത്‌, രാത്രിയാണോ പകലാണോ, ഈ വിധികള്‍ എല്ലാം ഉംറക്കും ബാധകമാണോ തുടങ്ങിയ ചോദ്യങ്ങള്‍ക്കുത്തരം നല്‌കിക്കൊണ്ട്‌ മുഹമ്മദ്‌ നബി(സ) പറഞ്ഞു: ``ഹജ്ജിന്റെ കര്‍മങ്ങള്‍ നിങ്ങള്‍ എന്നില്‍ നിന്ന്‌ പഠിക്കുക.''
``വെള്ളിയാഴ്‌ച നമസ്‌കാരത്തിന്‌ വിളിക്കപ്പെട്ടാല്‍ അല്ലാഹുവിനെ പറ്റിയുള്ള സ്‌മരണയിലേക്ക്‌ നിങ്ങള്‍ വേഗത്തില്‍ വരികയും വ്യാപാരം ഒഴിവാക്കുകയും ചെയ്യുക.'' (62:9)
ഇത്‌ എല്ലാ വെള്ളിയാഴ്‌ചയും ആവര്‍ത്തിക്കേണ്ടതുണ്ടോ? അതോ ഒറ്റ പ്രാവശ്യം മതിയോ? കേവലം ഒരു കല്‌പനക്രിയ വന്നാല്‍ അനുസരിച്ചാല്‍ മതി, ആവര്‍ത്തിക്കേണ്ടതില്ല. അതുപോലെ ബാങ്കിന്റെ പദങ്ങള്‍ ഏതൊക്കെയാണെന്ന്‌ ഖുര്‍ആന്‍ കൊണ്ട്‌ തെളിയിക്കാന്‍ സാധിക്കുമോ? കൂടാതെ ബാങ്കിന്റെയും നമസ്‌കാരത്തിന്റെയും സമയം എപ്പോഴാണ്‌?
``അവരെ ശുദ്ധീകരിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുക്കളില്‍ നിന്ന്‌ നീ വാങ്ങുകയും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുക'' (9:103). ഏതെല്ലാം ധനത്തിന്‌ എപ്പോഴാണ്‌, എത്രയാണ്‌ സകാത്ത്‌ വാങ്ങേണ്ടത്‌? എല്ലാ ദിവസവും എല്ലാ മാസവും വാങ്ങേണ്ടതുണ്ടോ? അതോ കൊല്ലത്തില്‍ ഒരിക്കല്‍ സകാത്ത്‌ വാങ്ങിയാല്‍ മതിയോ?
ഹദീസ്‌ നിഷേധികളും മയ്യിത്ത്‌ നമസ്‌കരിക്കാറുണ്ട്‌. എങ്ങനെയാണ്‌ മയ്യിത്ത്‌ നമസ്‌കരിക്കേണ്ടത്‌? മറ്റു നമസ്‌കാരങ്ങള്‍ പോലെ തന്നെയാണോ? എങ്കില്‍ റുകുഉം സുജൂദും ചെയ്യേണ്ടതുണ്ട്‌. അതൊന്നും കൂടാതെ ഇന്ന്‌ നാം നിര്‍വഹിക്കുന്ന മയ്യിത്ത്‌ നമസ്‌കാരത്തിന്റെ രൂപം എവിടെ നിന്നാണ്‌ കിട്ടിയത്‌? ഇതിനൊന്നും ഉത്തരം നല്‌കാന്‍ നബി(സ)യുടെ സുന്നത്ത്‌ മാറ്റിവെച്ചുകൊണ്ട്‌ ഒരാള്‍ക്കും സാധ്യമല്ല. ഇതിനെല്ലാം പുറമെ നബി(സ)യുടെ സുന്നത്തിനെ അവഗണിക്കുന്നവര്‍ക്ക്‌ നാശം സംഭവിക്കുമെന്ന്‌ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്‌.
``അദ്ദേഹത്തിന്റെ (നബിയുടെ) കല്‌പനക്ക്‌ എതിര്‌ പ്രവര്‍ത്തിക്കുന്നവര്‍, തങ്ങള്‍ക്ക്‌ വല്ല ആപത്തും വന്നു ഭവിക്കുകയോ വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത്‌ സൂക്ഷിച്ചുകൊള്ളട്ടെ.'' (24:63)

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: