ശരീരത്തിന്റെ വ്രതനിഷ്‌ഠയ്‌ക്ക്‌ അനുയോജ്യമായ ഭക്ഷണ ശീലങ്ങള്‍

  • Posted by Sanveer Ittoli
  • at 9:18 AM -
  • 0 comments

ശരീരത്തിന്റെ വ്രതനിഷ്‌ഠയ്‌ക്ക്‌ അനുയോജ്യമായ ഭക്ഷണ ശീലങ്ങള്‍

 ആരോഗ്യം -

ഷമീറ മുനീര്‍


റമദാന്‍ ആഗതമായാല്‍ നമ്മുടെ ഭക്ഷണക്രമം പാടെ മാറുകയായി. സൂര്യോദയത്തിന്‌ മുമ്പും സൂര്യാസ്‌തമയത്തിന്‌ ശേഷവും മാത്രമാണ്‌ പിന്നീട്‌ നമ്മുടെ ഭക്ഷണസമയങ്ങള്‍. ഭക്ഷണസമയം മാറുന്നതോടെ ഭക്ഷണ രീതിക്കും വിഭവങ്ങള്‍ക്കും മാറ്റം വരും. പലര്‍ക്കും പലതരം ഭക്ഷണങ്ങളോടാണ്‌ പ്രിയം. ചിലര്‍ക്ക്‌ എണ്ണയടങ്ങിയ ഭക്ഷണമാണ്‌ കൂടുതല്‍ പ്രിയമെങ്കില്‍ മറ്റു ചിലര്‍ക്ക്‌ അങ്ങനെയല്ല. ചിലര്‍ മാംസാഹാരം ഇഷ്‌ടപ്പെടുമ്പോള്‍ മറ്റു ചിലര്‍ക്ക്‌ പച്ചക്കറികളോടാണ്‌ താല്‍പര്യം. വേറെയും ചിലരുണ്ട്‌, പാനീയങ്ങള്‍ കൂടുതല്‍ കഴിക്കാനാണ്‌ അക്കൂട്ടര്‍ക്ക്‌ താല്‍പര്യം. ഈ ഭക്ഷണരീതിയിലെ മാറ്റം ശരീരത്തിന്റെ ആരോഗ്യത്തെ ബാധിക്കാനും റമദാന്‍ കൊണ്ടുദ്ദേശിക്കുന്ന മറ്റു പല നന്മകളും ഇല്ലാതാകാനും കാരണമായിത്തീരാം. 
റമദാനിലെ നമ്മുടെ ഭക്ഷണസമയം മാറുമെങ്കിലും ഭക്ഷണ വിഭവങ്ങള്‍ മറ്റു മാസങ്ങളില്‍ നിന്ന്‌ വല്ലാതെയൊന്നും മാറേണ്ടതില്ല. സാധാരണയായി നാം ഭക്ഷിക്കാറുള്ള ധാന്യങ്ങളും പയര്‍-പച്ചക്കറി വര്‍ഗങ്ങളും മാംസാഹാരങ്ങളും പാലുല്‍പ്പന്നങ്ങളും സമ്മിശ്രമായ വിഭവസന്തുലിതത്വം റമദാനിലും ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കണം. കഴിവതും ലളിതമായ ഭക്ഷണ വിഭവങ്ങളാണ്‌ നോമ്പുതുറകളിലും അത്താഴവേളയിലും സ്വീകരിക്കേണ്ടത്‌. ശരീരത്തിന്റെ സ്വാഭാവിക തൂക്കം നിലനിര്‍ത്തുന്ന തരത്തിലുള്ളതായിരിക്കണം നമ്മുടെ ഭക്ഷണ രീതി. എന്നാല്‍ അമിത വണ്ണമുള്ളവര്‍ക്ക്‌ ശരീര ഭാരം കുറയ്‌ക്കാവുന്ന ഒരു നല്ല സമയം കൂടിയാണ്‌ റമദാന്‍. ശരീരത്തിന്‌ ആവശ്യമായ ഭക്ഷണം മണിക്കൂറുകളോളം ആമാശയത്തില്‍ എത്താത്തതിനാല്‍, സാവധാനം ദഹിക്കുന്ന മാംസാഹാരങ്ങള്‍ക്ക്‌ പകരം വേഗത്തില്‍ ദഹിക്കുന്ന നാരുകളടങ്ങിയ ഭക്ഷണങ്ങളാണ്‌ നോമ്പുതുറന്ന ആദ്യ മണിക്കൂറില്‍ കഴിക്കേണ്ടത്‌. മൂന്ന്‌ മുതല്‍ നാലു മണിക്കൂര്‍ കൊണ്ട്‌ ഇത്തരം ഭക്ഷണങ്ങള്‍ ദഹിക്കുമ്പോള്‍ സാവധാനം ദഹിക്കുന്ന ഭക്ഷണങ്ങള്‍ (മാംസം, പയര്‍) ദഹിക്കാന്‍ എട്ട്‌ മണിക്കൂര്‍ എടുക്കും.
വേഗത്തില്‍ ദഹിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളാണ്‌ ബാര്‍ലി, ഗോതമ്പ്‌, ബീന്‍സ്‌ പോലുള്ള പയറും ധാന്യവര്‍ഗങ്ങളും. ഇവയെ കോംപ്ലക്‌സ്‌ കാര്‍ബോ ഹൈഡ്രേറ്റുകള്‍ എന്നു വിളിക്കുന്നു. സാവധാനം ദഹിക്കുന്ന ഭക്ഷണങ്ങള്‍ക്കുള്ള ഉദാഹരണം ഇറച്ചി, പഞ്ചസാര, മൈദ പോലുള്ളവയാണ്‌. ഇവയെ സംസ്‌കൃത അന്നജം എന്ന്‌ പറയുന്നു. ഗോതമ്പ്‌, ധാന്യങ്ങള്‍, പയറു വര്‍ഗങ്ങള്‍, പച്ചക്കറികള്‍, തൊലിയുള്ള ഫലങ്ങള്‍, ഉണങ്ങിയ പയറുവര്‍ഗങ്ങള്‍ എന്നിവയാണ്‌ നാരുകളടങ്ങിയ ഭക്ഷണം.
റമദാനിലെ ഭക്ഷണ വിഭവങ്ങള്‍ സന്തുലിതമായിരിക്കണം. വൈവിധ്യമാര്‍ന്ന എല്ലാതരം ഭക്ഷണവും അതില്‍ ഉള്‍പ്പെടണം. പഴവര്‍ഗങ്ങളും ഇറച്ചിയും റൊട്ടിയും ധാന്യങ്ങളും പാലുല്‍പ്പന്നങ്ങളും തുടങ്ങി എല്ലായിനം ഭക്ഷണങ്ങളും അവയുടെ ക്രമമനുസരിച്ച്‌ കഴിക്കുന്നതാണ്‌ ഉത്തമം. നമ്മില്‍ പലര്‍ക്കും ഒഴിച്ചു കൂടാനാവാത്തതാണ്‌ വറുത്ത (വറ-പൊരി) ഭക്ഷണങ്ങള്‍, വിശിഷ്യാ റമദാന്‍ മാസത്തില്‍. എന്നാല്‍ നോമ്പ്‌ കാലത്ത്‌ വറുത്ത ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാണ്‌ നല്ലത്‌. അത്‌ ആരോഗ്യപ്രദമല്ല എന്നതുതന്നെ കാരണം. വറുത്തതും പൊരിച്ചതും അമിതമായി ആഹരിക്കുന്നത്‌ ദഹനക്കേട്‌, നെഞ്ചെരിച്ചില്‍, തൂക്കവ്യതിയാനം പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കും.

റമദാനില്‍ ഒഴിവാക്കേണ്ടവ

* വറുത്തതും കൊഴുപ്പു കൂടിയതുമായ ഭക്ഷണങ്ങള്‍
* പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍
* അത്താഴത്തിന്‌ അമിതമായ ഭക്ഷണം കഴിക്കല്‍
* ചായയുടെ അമിതോപയോഗം. ചായ അധികം കുടിച്ചാല്‍ ധാരാളം മൂത്രവിസര്‍ജ്യമുണ്ടാകും. ഒരു ദിവസം മുഴുവനും ശരീരത്തിനാവശ്യമായ ധാതുലവണങ്ങള്‍ അതുവഴി വേഗത്തില്‍ നഷ്‌ടപ്പെടും. അത്താഴത്തിന്‌ കൂടുതല്‍ ചായ കുടിക്കുന്നവര്‍ക്ക്‌ പകലില്‍ കൂടുതല്‍ ദാഹമുണ്ടായേക്കും. അത്താഴത്തിന്‌ മറ്റു പഴപാനീയങ്ങളാണ്‌ ഉചിതം.
* പുകവലി: പുകവലി ആരോഗ്യത്തിന്‌ ഹാനികരമാണ്‌. അതുകൊണ്ട്‌ തന്നെ പൂര്‍ണ്ണമായും ഒഴിവാക്കപ്പെടേണ്ടതാണ്‌. പുകവലി പൂര്‍ണ്ണമായും ഒഴിവാക്കാന്‍ റമദാനെ പ്രയോജനപ്പെടുത്താം.

ഭക്ഷിക്കേണ്ടവ

* അന്നജങ്ങള്‍. വളരെ നേരം ആമാശയത്തില്‍ അവശേഷിക്കുന്ന അന്നജങ്ങള്‍ കഴിക്കുക വഴി വിശപ്പ്‌ ലഘൂകരിക്കാം.
* ഈത്തപ്പഴം. പഞ്ചസാര, നാരുകള്‍, പൊട്ടാസ്യം, അന്നജം, മഗ്നീഷ്യം തുടങ്ങിയവയടങ്ങിയ ഈത്തപ്പഴം നോമ്പുകാലത്ത്‌ അത്യുത്തമമാണ്‌.
* മാംസ്യവും നാരുകളും ധാരാളമടങ്ങിയ ബദാം.
* പൊട്ടാസ്യം, മഗ്നീഷ്യം, കാര്‍ബോഹൈഡ്രേറ്റ്‌ എന്നിവയടങ്ങിയ പഴങ്ങള്‍.
* പാനീയങ്ങള്‍: ആവശ്യം വേണ്ട പഴച്ചാറുകളും ശീതള പാനീയങ്ങളും കുടിക്കുക. ഇഫ്‌താര്‍ മുതല്‍ കിടക്കും വരെ കുടിക്കാവുന്ന ഈ പാനീയങ്ങളാണ്‌ ശരീരത്തിലെ ദ്രവനില നിലനിര്‍ത്തുന്നത്‌.
റമദാനില്‍ സാധാരണയായി കാണുന്ന ആരോഗ്യ പ്രശ്‌നങ്ങളും അവയുടെ പ്രതിവിധിയും
* മലബന്ധം: മലബന്ധം മൂലക്കുരു, അര്‍ശസ്‌ എന്നിവക്ക്‌ കാരണമാകും. വയറു വീര്‍ത്ത്‌ ദഹനക്കുറവും അനുഭവപ്പെടും. കാരണങ്ങള്‍: സംസ്‌കൃത ഭക്ഷണപദാര്‍ത്ഥങ്ങളുടെ അമിതോപയോഗം, ശരീരത്തിലെ ജലാംശത്തിന്റെ കുറവ്‌, മതിയായ നാരുകളടങ്ങിയ ഭക്ഷണങ്ങളുടെ അപര്യാപ്‌തത.
* ദഹനക്കുറവും ഗ്യാസിന്റെ ബുദ്ധിമുട്ടും: അമിതമായി ഭക്ഷണം കഴിക്കലും, വറുത്തതും കൊഴുപ്പുള്ളതുമായ മസാലകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങളും ഗ്യാസുണ്ടാക്കാന്‍ കാരണമാണ്‌. പരിഹാരം: മിതമായി ഭക്ഷണം കഴിക്കുക. പഴച്ചാറുകളും വെള്ളവും കുടിക്കുക. വറുത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക.
* തലവേദന: കഫീനിന്റെയും പുകയിലയുടെയും അമിതമായ ഉപയോഗമാണ്‌ അധിക പേര്‍ക്കും റമദാനില്‍ കാണുന്ന തലവേദനയ്‌ക്ക്‌ കാരണം. ഇതു കൂടാതെ ഉറക്കക്കുറവും വിശപ്പും ക്ഷീണവും നോമ്പു തുറക്കുന്നതിനു മുന്‍പ്‌ തന്നെയുള്ള രക്ത സമ്മര്‍ദ വ്യതിയാനങ്ങളും തല വേദനയ്‌ക്ക്‌ കാരണമാകാറുണ്ട്‌. പരിഹാരം: നോമ്പു തുടങ്ങുന്നതിന്‌ രണ്ടാഴ്‌ച മുന്‍പ്‌ മുതലേ കഫീനിന്റെയും പുകയിലയുടെയും ഉപയോഗം ക്രമേണ കുറച്ചു വരിക. ഇതിനു പകരം, ഹര്‍ബല്‍ (ഔഷധ ചേരുവകള്‍) ചായയും കഫീന്‍ മുക്തമായ ചായയും ഉപയോഗിക്കാവുന്നതാണ്‌. ഈ മാസത്തില്‍ കൃത്യമായ വിശ്രമവും ഉറക്കവും ആവശ്യമാണ്‌.
* പെപ്‌റ്റിക്‌ അള്‍സര്‍, നെഞ്ചെരിച്ചില്‍, ഗ്യാസ്‌ ട്രൈറ്റിസ്‌, ഹയാറ്റസ്‌ ഹെര്‍ണിയ: കൃത്യനിഷ്‌ഠയില്ലാതെ ഭക്ഷണം കഴിക്കുന്നതു വഴി മേല്‍ പറഞ്ഞ അസുഖങ്ങള്‍ റമാദാനില്‍ കൂടുതല്‍ കണ്ടുവരുന്നു. വയറിലും വാരിയെല്ലിന്റെ താഴെയും കത്തുന്നതു പോലെ അനുഭവപ്പെടലാണ്‌ നെഞ്ചെരിച്ചില്‍. മസാല ഭക്ഷണങ്ങള്‍, കാപ്പി, കോള പാനീയങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗം ഈയവസ്ഥ മൂര്‍ച്ഛിക്കാന്‍ ഇടവരുത്തുന്നു. വയറിലെ ആസിഡിന്റെ അളവ്‌ നിയന്ത്രിക്കാനുള്ള മരുന്നുകള്‍ ഇന്ന്‌ ലഭ്യമാണ്‌. അള്‍സറും ഹയാറ്റസ്‌ ഹെര്‍ണിയയും ഉള്ളവര്‍ റമദാനിനു മുമ്പ്‌ തന്നെ ഡോക്‌ടറുടെയോ ഡയറ്റീഷ്യന്റെയോ നിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണ്‌.
(ഡയറ്റീഷ്യനാണ്‌ ലേഖിക)

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: