ആത്മനിയന്ത്രണത്തിന്റെ നിര്‍വൃതി
ഖലീലുര്‍റഹ്‌മാന്‍ മുട്ടില്‍
ഭൗമോപരിതലത്തിലെ ജന്തു കുടുംബത്തിലൊരംഗമാണ് മനുഷ്യന്‍. ഘടനാപരമായി ജന്തുജന്യ സവിശേഷതകളെല്ലാം മനുഷ്യനുമുണ്ട്. മസ്‌തിഷ്‌കം, ഹൃദയം, കിഡ്‌നി, പ്രത്യുല്‌പാദനാവയവങ്ങള്‍ എന്നിവയെല്ലാം മൃഗങ്ങളെപ്പോലെ മനുഷ്യനുമുണ്ട്. മനുഷ്യനനുഭവിക്കുന്ന സന്തോഷം, സങ്കടം, വേദന, ആശ്വാസം എന്നിവ മൃഗങ്ങള്‍ക്കും അനുഭവവേദ്യമാകുന്നത് മനുഷ്യ ഘടനയിലെ സംവിധാനങ്ങള്‍ അവയ്‌ക്കുമുള്ളതുകൊണ്ടാണ്. എന്നാല്‍ മൃഗങ്ങളില്‍ നിന്നും മനുഷ്യന്‍ വ്യതിരിക്തനാകുന്നത് ഘടനാപരമായ പ്രത്യേകത കൊണ്ടല്ല, മനുഷ്യന് അല്ലാഹു നല്‌കിയിരിക്കുന്ന ആത്മീയാംശവും ചിന്താശേഷിയും കൊണ്ടത്രെ.
ശാസ്‌ത്രത്തിന്റെ ഭാഷയില്‍ ഹൃദയം മൃഗങ്ങളിലും മനുഷ്യരിലും രക്തം പമ്പ് ചെയ്യുവാനുള്ള ഒരവയവമാണ്. രക്തചംക്രമണം മാത്രമായിരുന്നു മനുഷ്യ ഹൃദയത്തിന്റെ ധര്‍മമെങ്കില്‍ എന്തുകൊണ്ടാണ് മൃഗങ്ങളില്‍ ആത്മീയചിന്ത ഉടലെടുക്കാത്തത് എന്ന ചോദ്യം ശാസ്‌ത്രത്തെ കുഴക്കുന്നുണ്ട്. മനുഷ്യനിലെ ആത്മീയ ചിന്തയുടെ പ്രഭവസ്ഥാനം ഹൃദയം അഥവാ മനസ്സാണെന്നാണ് ഖുര്‍ആനിന്റെ പക്ഷം. മനുഷ്യമനസ്സിന്റെ സൃഷ്‌ടിപ്പില്‍ ആത്മീയ ചിന്തയ്‌ക്ക് ആവശ്യമായ സംവിധാനങ്ങള്‍ അല്ലാഹു ഒരുക്കിയിട്ടുണ്ടെന്നും ഖുര്‍ആന്‍ അറിയിക്കുന്നു. ``മനസ്സും അതിനെ സമതുലനപ്പെടുത്തിയ രീതിയും തന്നെയാണ് സത്യം. എന്നിട്ട് അതിന് അതിന്റെ ഫുജൂറും തഖ്‌വയും ബോധനം നല്‌കുകയും ചെയ്‌തിരിക്കുന്നു. അതിനെ ശുദ്ധീകരിച്ചവന്‍ വിജയം കൈവരിച്ചിരിക്കുന്നു. അതിനെ മലിനമാക്കിയവന്‍ പരാജയപ്പെടുകയും ചെയ്‌തിരിക്കുന്നു.'' (62:7-10)
മനുഷ്യമനസ്സിന്റെ രണ്ടു ധര്‍മങ്ങളെയാണ് വിശുദ്ധ വചനങ്ങള്‍ കുറിക്കുന്നത്. അല്ലാഹു മനസ്സ് സംവിധാനിച്ചിരിക്കുന്നത് തുല്യ അളവില്‍ ഫുജൂറും തഖ്‌വയും ഉള്‍ക്കൊള്ളാന്‍ പാകത്തിലാണ്. തഖ്‌വയെന്നാല്‍ ആത്മീയ ഔന്നത്യത്തിലെത്തിച്ചേരാന്‍ ആവശ്യമായ പശ്ചാത്തലം സ്വീകരിക്കാനുള്ള മനസ്സിന്റെ സന്നദ്ധതയാകുന്നു. ഫുജൂര്‍ എന്നത് തഖ്‌വയുടെ നേര്‍ വിപരീതാവസ്ഥയും. ദൈവഭക്തി, മ്ലേച്ഛത എന്നീ വാക്കുകള്‍ കൊണ്ട് യഥാര്‍ഥ തഖ്‌വയും ഫുജൂറും മലയാളത്തില്‍ പ്രകടിപ്പിക്കാം. ഭാരമൊന്നും വെക്കാത്ത ഒരു ത്രാസിന്റെ രണ്ടു തട്ടുകള്‍ പോലെ മനസ്സിന്റെ തഖ്‌വയും ഫുജൂറും തുല്യ അളവില്‍ അല്ലാഹു ക്രമീകരിച്ചിരിക്കുന്നു. ആര്‍ക്കെങ്കിലും ഭക്തിപൂര്‍വം ആത്മീയ ഔന്നത്യം കൈവരിക്കണമെന്നാഗ്രഹമുണ്ടെങ്കില്‍ അതിന് തഖ്‌വയുടെ തട്ടിലേക്ക് ആവശ്യമായ ഭാരം ഇട്ടുകൊടുത്താല്‍ മതി. ആ ഭാഗം ഘനം തൂങ്ങും. അതല്ല, ഫുജൂറിന്റെ തട്ടിലേക്കാണ് ഒരാള്‍ ഭാരമിടുന്നതെങ്കില്‍ ആ ഭാഗം ഘനം തൂങ്ങും.
നാം ചെയ്യുന്ന നന്മകളെല്ലാം തഖ്‌വയുടെ തട്ടിലാണ് ചെന്നുപതിക്കുന്നത്. തിന്മകള്‍ ഫുജൂറിന്റെ തട്ടിലും. മനസ്സിന്റെ തഖ്‌വയുടെ തലം സല്‍പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നിറഞ്ഞുതുളുമ്പിയാല്‍ ആ മനസ്സിന്റെ ഉടമ മാന്യനും ഭക്തനും ആത്മീയോന്നതി കൈവരിക്കുന്നവനുമായിത്തീരും. ഫുജൂറിന്റെ തലമാണ് വികസിക്കുന്നതെങ്കില്‍ അയാള്‍ തെമ്മാടിയും മൃഗത്തേക്കാള്‍ അധപ്പതിച്ചവനുമായിരിക്കും. ഇത്തരം മനസ്സിനുടമകളാണ് ദുരന്തഭൂമിയില്‍ രക്ഷയ്‌ക്കുവേണ്ടി യാചിക്കുന്ന സഹോദരിയെ മൃഗീയമായി ബലാല്‍സംഗം ചെയ്‌ത് ദാരുണമായി കൊന്നുകളയുന്നത്. അക്രമങ്ങളും കലാപങ്ങളും മര്‍ദനങ്ങളും ഉണ്ടാക്കുന്നതില്‍ അവര്‍ക്ക് മനപ്രയാസമുണ്ടാവുകയുമില്ല.
മനുഷ്യ മനസ്സിനെ മൃഗീയവും പൈശാചികവുമായി മാറ്റുന്ന ഫുജൂറിനെ അടിച്ചമര്‍ത്തിക്കൊണ്ട് ആത്മീയ ഔന്നത്യത്തിലേക്ക് നയിക്കുന്ന തഖ്‌വയെ ഉദ്ദീപിപ്പിക്കാനാണ് നോമ്പ് എന്ന് ഇസ്‌ലാമിക തത്വചിന്തകര്‍ നിരീക്ഷിക്കുന്നത് അതുകൊണ്ടാണ്. നോമ്പ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഖുര്‍ആനിന്റെ പ്രസ്‌താവനയിലും ഈ ലക്ഷ്യം പ്രഖ്യാപിതമാണ്. ``സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധമാക്കിയതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്''(2:183). സത്യമതം നിര്‍ദേശിക്കുന്ന ആരാധനകളത്രയും മനസ്സിന്റെ തഖ്‌വയുടെ തട്ടിലേക്കുള്ള നിക്ഷേപങ്ങളാണെങ്കിലും നോമ്പിന് ഇതര ആരാധനയേക്കാള്‍ ഫുജൂറിനെ കീഴടക്കാനും തഖ്‌വയെ ഉദ്ദീപിപ്പിക്കാനും കഴിയും. അതുകൊണ്ടാണ് പതിനൊന്നു മാസക്കാലം തോന്നിവാസത്തില്‍ മുഴുകിയ ആളുകള്‍ പോലും റമദാനില്‍ അവയെല്ലാം ത്യജിക്കുന്നത്. മദ്യപാനികള്‍ പോലും ഒരു മാസക്കാലം അവ നിര്‍ത്തിവെക്കുന്നു. റമദാനില്‍ അവര്‍ ഏതെങ്കിലും ക്ലിനിക്കുകളില്‍ പോയി മദ്യാസക്തിക്കെതിരെ ചികിത്സതേടുന്നുമില്ല.
റമദാന്‍ എന്നു പറഞ്ഞാല്‍ തന്നെ കരിച്ചുകളയുന്നത് എന്നാണര്‍ഥം. മരുഭൂമിയിലൂടെ നഗ്നപാദരായി നടക്കുന്ന ആളുകളുടെ പാദങ്ങളിലൂടെ പാഞ്ഞുകയറുന്ന ചൂട് മൂര്‍ധാവിലെത്തുന്നതുപോലെ റമദാന്‍ നോമ്പ് ശരീരത്തെ വിശപ്പും ദാഹവും അനുഭവിപ്പിച്ചു കൊണ്ട് മനസ്സിന്റെ ഉള്ളറകളില്‍ ഒളിഞ്ഞുകിടക്കുന്ന ദുഷ്‌ചിന്തകളെ നാമ്പോടെ കരിച്ചുകളയുകയും വേരോടെ പിഴുതെറിയുകയും ചെയ്യുന്നുണ്ട്. ആത്മാര്‍ഥമായി റമദാനില്‍ നോമ്പനുഷ്‌ഠിക്കുന്നവര്‍ക്ക് ശേഷിക്കുന്നത് തഖ്‌വ മാത്രമായിരിക്കും.
റമദാന്‍ മനസ്സമാധാനത്തിന്
മനസ്സിന്റെ മൂന്നുതരം അവസ്ഥകളെക്കുറിച്ച് ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. ഒന്ന്). തിന്മയോടുള്ള ആസക്തി വര്‍ധിക്കല്‍. എത്ര വലിയ മതപണ്ഡിതന്മാരാണെങ്കില്‍ പോലും നൈമിഷകവും ആസ്വാദ്യകരവുമായ തിന്മകളാട് അയാള്‍ക്ക് മോഹമുണ്ടാവും. ഒളിഞ്ഞും തെളിഞ്ഞും തിന്മയുടെ വലയത്തില്‍ അവരകപ്പെടുകയും ചെയ്യും. ഇത് സകല മനുഷ്യരുടെയും പ്രത്യേകതയാണ്. ഇതിനെ ഖുര്‍ആന്‍ ആലേഖനം ചെയ്യുന്നത് ഇങ്ങനെ വായിക്കാം: ``ഞാന്‍ എന്റെ മനസ്സിനെ കുറ്റത്തില്‍ നിന്നും ഒഴിവാക്കുന്നില്ല. തീര്‍ച്ചയായും മനസ്സ് ദുഷ്‌പ്രവൃത്തിക്ക് ഏറെ പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു''(12:53). യൂസുഫ് നബി(അ)യെ വശീകരിക്കാന്‍ പ്രഭുവിന്റെ പത്‌നി നടത്തിയ ശ്രമങ്ങള്‍ക്കൊടുവില്‍ അവരുടെ കുറ്റസമ്മതമായിട്ടാണ് ഈ വചനത്തില്‍ മനസ്സിന്റെ ഈ തലം വിശദീകരിച്ചതെന്നത് പ്രസക്തമാണ്.
രണ്ട്). ചെയ്‌തുപോയ തെറ്റിനെക്കുറിച്ച് സ്വയം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കല്‍. മനസ്സ് പ്രേരിപ്പിച്ചിട്ടാണ് തിന്മ ചെയ്‌തതെങ്കിലും ചെയ്‌തത് തെറ്റായിപ്പോയി എന്ന മനസ്സിന്റെ മന്ത്രം ഏത് കുറ്റവാളിയിലുമുണ്ടാകും. `നഫ്‌സുല്ലവ്വാമ' (കുറ്റപ്പെടുത്തുന്ന മനസ്സ്) എന്നാണ് ഖുര്‍ആന്‍ അതിനെ വിളിക്കുന്നത് (75:2). ഈ അവസരം ഉപയോഗിച്ച് ഒരാള്‍ ചെയ്‌തുപോയ പാപങ്ങളില്‍ നിന്നും മുക്തിനേടാന്‍ ശ്രമിക്കുകയാണെങ്കില്‍ അയാളുടെ മനസ്സ് കുറ്റബോധത്തില്‍ നിന്നും മനസ്സംഘര്‍ഷങ്ങളില്‍ നിന്നും മുക്തി പ്രാപിക്കുകയും ശാന്തമായിത്തീരുകയും ചെയ്യും. അപ്പോള്‍ മനസ്സ് കൈവരിക്കുന്ന ഈ അവസ്ഥയെ `അന്നഫ്‌സുല്‍ മുത്‌മഇന്ന' (ശാന്തമായ മനസ്സ്) (89:27) എന്നാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്.
നോമ്പ് മനസ്സിനെ അതിന്റെ ഈ മൂന്നാമത്തെ അവസ്ഥയിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. ദൈവ സ്‌മരണകൊണ്ട് മാത്രമേ മനസ്സ് ശാന്തി കൈവരിക്കുകയുള്ളൂവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. നോമ്പ് ഇതര ആരാധനകളില്‍ നിന്നും വിഭിന്നമായി ഒരു ദിനം മുഴുവന്‍ ഇടതടവില്ലാതെ ദൈവസ്‌മരണ നിലനിര്‍ത്താന്‍ സഹായിക്കുന്നു. റമദാനിലാണെങ്കില്‍ ഒരു മാസക്കാലം ദൈവസ്‌മരണയ്‌ക്ക് നൈരന്തര്യം ലഭിക്കുന്നു. അതുകൊണ്ടുതന്നെ റമദാന്‍ ആത്മീയോല്ലാസത്തിന്റെ വസന്തകാലമാണ്.
ഖുര്‍ആന്‍ റമദാനിന്റെ പൂരകം
റമദാന്‍ നല്‌കുന്ന ആത്മീയോല്ലാസം ആനന്ദകരമാണെങ്കില്‍ ഖുര്‍ആന്‍ ആസ്വദിക്കാനും കഴിയണം. അത്താഴം കഴിക്കുക, പകല്‍ ഭക്ഷണ പാനീയങ്ങളുപേക്ഷിക്കുക തുടങ്ങിയ ആചാരങ്ങള്‍ നിലനിര്‍ത്തി ഒരു ചടങ്ങ് കഴിക്കലായി റമദാനിനെ കാണുന്നവര്‍ക്ക് ഈ ആത്മീയോല്ലാസം അനുഭവിക്കാന്‍ കഴിയുകയില്ല. അത്തരക്കാര്‍ക്ക് റമദാന്‍ ആത്മാവ് നഷ്‌ടപ്പെട്ട ഒരാഘോഷമായിരിക്കും. കൊതിയൂറും വിഭവങ്ങള്‍ കൊണ്ടുള്ള നോമ്പ് തുറയും രാത്രിയിലെ അമിത ഭോജനവും ചടങ്ങായി മാറുന്ന തറാവീഹും കൊണ്ട് റമദാനിനെ അവരാഘോഷിക്കും. റമദാന്‍ കഴിഞ്ഞാല്‍ പഴയ പടി ജീവിതം തുടരുകയും ചെയ്യും. മനസ്സിനെ മാലിന്യങ്ങളില്‍ നിന്നും കഴുകിയെടുക്കുന്ന റമദാന്‍ ലഭ്യമാവാത്തതാണ് അതിനു കാരണം. അതു ലഭ്യമാവണമെങ്കില്‍ ഖുര്‍ആനികാധ്യാപനങ്ങള്‍ പഠിച്ചെടുത്തേ മതിയാകൂ. കാരണം ഖുര്‍ആനിന് മാത്രമേ മനസ്സിലെ ദുഷ്‌ചിന്തകളെ ചികിത്സിക്കാന്‍ കഴിയുകയുള്ളൂ.
അല്ലാഹു പറയുന്നു: ``മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള സദുപദേശവും മനസ്സുകളിലുള്ള രോഗത്തിന് ശമനവും നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു'' (10:57). ഖുര്‍ആനിനെക്കുറിച്ച് ഖുര്‍ആനിന്റെ അവകാശ വാദം കൂടിയാണിത്. സമനില തെറ്റിക്കുന്ന മാനസിക രോഗങ്ങളല്ല ഖുര്‍ആന്‍ വിവക്ഷിക്കുന്ന മനസ്സുകളിലുള്ള രോഗം. മനസ്സിന്റെ തഖ്‌വയുടെ തലത്തിന് ഘനം കുറയുമ്പോള്‍ ഉടലെടുത്ത ഫുജൂര്‍ ജന്യ രോഗങ്ങള്‍ക്കാണ് ഖുര്‍ആന്‍ ഔഷധമായി മാറുന്നത്. റമദാനില്‍ ഖുര്‍ആന്‍ പഠനത്തിലൂടെ മനസ്സിന്റെ നിഷേധാത്മക ഭാവങ്ങള്‍ മാറ്റിയെടുക്കാനും രചനാത്മക ചിന്തകള്‍ കൈവരിക്കാനും കഴിയും. റമദാന്‍ വാഗ്‌ദത്തം ചെയ്യുന്ന തഖ്‌വയുടെ പൂര്‍ത്തീകരണം ഖുര്‍ആനിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ.
റമദാനിന്റെ രചനാത്മകത
റമദാനും ഖുര്‍ആനും ഒരുമിച്ചു ചേര്‍ന്ന് വിശ്വാസിയില്‍ നിറയ്‌ക്കുന്ന `തഖ്‌വ' വരുംജീവിതത്തില്‍ രചനാത്മകമായി പ്രതിഫലിക്കുന്നത് കാണാന്‍ കഴിയും. ഈ രചനാത്മകത പരിശീലിപ്പിക്കുകയാണ് റമദാനില്‍. വിശപ്പും ദാഹവും വിചാരവും വികാരവും സന്തോഷവും ദു:ഖവുമെല്ലാം ഈ പരിശീലന കാലയളവില്‍ പരീക്ഷണ വിധേയമാകുന്നുണ്ട്.
മൂന്നിലൊരു ഭാഗം വയര്‍ നിറയ്‌ക്കാന്‍ മാത്രമേ റമദാനിലും അല്ലാത്ത കാലത്തും വിശ്വാസിക്ക് അനുവാദമുള്ളൂ. റമദാനിലെ ഭക്ഷണ നിയന്ത്രണമാകട്ടെ പകലില്‍ മാത്രമൊതുങ്ങുന്നതുമാണ്. മതം നിര്‍ദേശിച്ച മിത വയറുകാരനാണെങ്കില്‍ റമദാന്‍ നല്‌കുന്ന വിശപ്പ് അയാളുടെ തഖ്‌വയെ വളര്‍ത്തും. വിശപ്പിന്റെ വിളി കഠിന ദാഹവും കൂടി ചേരുമ്പോള്‍ പാരമ്യതയിലെത്തും. ഉഷ്‌ണ കാലമാണെങ്കില്‍ പ്രത്യേകിച്ചും. ഭക്ഷ്യവിഭവങ്ങളും പാനീയങ്ങളും എമ്പാടുമുണ്ടായിട്ടും അതു വേണ്ടെന്നു വെക്കാന്‍ റമദാന്‍ അയാളെ ഉപദേശിക്കുന്നു. മറ്റുള്ളവരെ ഭക്ഷിപ്പിക്കാനും ധനം നല്‌കാനും റമദാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. തനിക്കുവേണ്ടെന്നു വെക്കാനുള്ള സന്നദ്ധത അയാളില്‍, അന്യനുവേണമെന്നുള്ള സാമൂഹ്യാംശമായി പരിണമിക്കുന്നു. റമദാനില്‍ ഭക്ഷണം കൈവശമുണ്ടായിട്ടും ഉപയോഗിക്കാത്തവന് റമദാനിനു ശേഷവും കൈവശമുള്ള ഭക്ഷണം ആവശ്യക്കാര്‍ക്കുവേണ്ടി മാറ്റിവെക്കാന്‍ കഴിയും. ഇത് റമദാനിന്റെ രചനാത്മക തലമാകുന്നു.
ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല, വൈകാരിക തലത്തിലും നോമ്പ് വിശ്വാസിയെ രചനാത്മകമായി ശീലിപ്പിക്കുന്നുണ്ട്. നോമ്പിന് അറബിയില്‍ സൗമ് എന്നാണുപയോഗിക്കുന്നത്. സൗമ് എന്നാല്‍ നിയന്ത്രണം എന്നാണര്‍ഥം. കൈക്കരുത്തും തടിമിടുക്കുമുള്ളവന്‍ വിശ്വാസിയായി പ്രതിഫലേച്ഛയോടെ നോമ്പനുഷ്‌ഠിക്കുകയാണെങ്കില്‍ നോമ്പുവേളയില്‍ അയാളെ ആരെങ്കിലും അസഭ്യം പറയുകയോ അഭിമാനത്തില്‍ തൊട്ടുകളിക്കുകയോ ചെയ്‌താല്‍ അയാള്‍ പറയുക `ഞാനൊന്ന് സ്വയം നിയന്ത്രിക്കട്ടെ' എന്നാകുന്നു. ദ്രോഹിക്കാന്‍ വരുന്നവരോട് `ഞാന്‍ നോമ്പുകാരനാണ്' എന്നു പറയാന്‍ പ്രവാചകന്‍ കല്‌പിച്ചതിന്റെ പ്രഖ്യാപനമാണത്. തന്നെ ദ്രോഹിക്കുന്നത് ദുഷ്‌ചിന്തകളായിരിക്കും. ഞാന്‍ സ്വയം നിയന്ത്രിക്കട്ടെ എന്നു പ്രഖ്യാപിക്കുന്ന ആള്‍ സ്വകാര്യ ജീവിതത്തിലും രചനാത്മകമായി പ്രതികരിക്കുകയാണ് ചെയ്യുന്നത്. സ്വന്തത്തിലെ ചെകുത്താനെ കെട്ടിയിടാന്‍ കഴിഞ്ഞാല്‍ ജീവിതത്തില്‍ നരകവാതിലുകള്‍ കൊട്ടിയടക്കാനും സ്വര്‍ഗ കവാടങ്ങള്‍ തുറന്നിടാനും കഴിയും. തീര്‍ച്ച.
0 comments: