ഷഫീഖും അദിതിയും നമ്മെ ഞെട്ടിക്കുന്നില്ല!
സ്വന്തം പിതാവ് പുത്തന്‍പുരക്കല്‍ ശരീഫിന്റെയും രണ്ടാനമ്മ അനീഷയുടെയും കൊടിയ പീഡനങ്ങള്‍ക്കിരയായി കട്ടപ്പനയില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ചു വയസ്സുകാരന്‍ ഷഫീഖിന്റെ കഥ പത്രത്തില്‍ വായിക്കുമ്പോള്‍ മനസ്സാക്ഷിയുള്ളവരുടെ കണ്ണ് നനഞ്ഞുപോകും. സ്വന്തം ചോരയില്‍ പിറന്ന ഒരു കുഞ്ഞിനോട് ഇങ്ങനെ പെരുമാറാന്‍ ഒരു മനുഷ്യജീവിക്ക് എങ്ങനെ സാധിക്കുന്നുവെന്ന് അമ്പരന്നുപോകും. കുട്ടിയെ കൊലപ്പെടുത്തുക തന്നെയായിരുന്നു അവരുടെ ലക്ഷ്യമെന്നാണ് പൊലീസിന്റെ നിഗമനം.
അടുപ്പില്‍ തീ ഊതുന്ന ഇരുമ്പുകുഴല്‍ കൊണ്ടാണ് അനീഷ കുട്ടിയുടെ ഇടതു കാല്‍ മുട്ട് അടിച്ചുതകര്‍ത്തത്. ഈ ദണ്ഡുകൊണ്ട് നെറ്റിയുടെ ഇടതുവശത്തും മര്‍ദിച്ച പാടുണ്ട്. ഒടിഞ്ഞു തൂങ്ങിയ കാലുമായി പുറത്തിറങ്ങാനാവാതെ കഴിഞ്ഞ കുട്ടി, വീട്ടിനകത്ത് മലമൂത്ര വിസര്‍ജനം ചെയ്‌തതാണ് മര്‍ദനമുറകള്‍ ശക്തമാക്കാന്‍ മാതാപിതാക്കളെ പ്രേരിപ്പിച്ചതത്രെ. ഈര്‍ക്കിളി മലദ്വാരത്തില്‍ കുത്തിക്കയറ്റുകയും വിറകുകൊള്ളി കൊണ്ട് ഈ അഞ്ചുവയസ്സുകാരന്റെ മലദ്വാരത്തിലും രഹസ്യഭാഗങ്ങളിലും പൊള്ളിക്കുകയും ചെയ്‌തിരുന്നുവെന്ന് വാര്‍ത്തകളില്‍ വിശദീകരിക്കുന്നു. നേരത്തെ ഇവര്‍ താമസിച്ചിരുന്ന ചെങ്കരയില്‍ വെച്ച് കുഞ്ഞുങ്ങളെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ടാണ് പിന്നീട് കട്ടപ്പനയിലേക്ക് താമസം മാറ്റിയത്. ഷഫീഖിനെ മാത്രമല്ല, ഇപ്പോള്‍ യത്തീംഖാനയില്‍ കഴിയുന്ന സഹോദരന്‍ ഷെഫിനെയും ഇതേപോലെ മര്‍ദിച്ചിരുന്നുവെന്ന്, ആ കുട്ടി പൊലീസിനോട് വെളിപ്പെടുത്തുകയുണ്ടായി.
അനീഷയുടെ ആദ്യവിവാഹത്തില്‍ ഹസീന എന്നൊരു മകളുണ്ട്. ഈ ഹസീനക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ ഷഫീഖിനും ഷെഫിനും ഭക്ഷണം കൊടുക്കില്ല. അവള്‍ കഴിക്കുന്നത് നോക്കി സഹോദരങ്ങള്‍ കരയുമ്പോള്‍ മര്‍ദനം ശക്തമാകും. പിതാവ് ശരീഫാകട്ടെ തടയുകയുമില്ല. ഈ ക്രൂരതകള്‍ ഷെഫിന്‍ വിവരിക്കുമ്പോള്‍ അനീഷയുടെ മകള്‍ ഹസീന തലകുലുക്കി ഉമ്മക്കെതിരെ സാക്ഷ്യം പറഞ്ഞു. `ഇത്രയൊക്കെയാണെങ്കിലും തനിക്ക് പിതാവിനെ കാണാന്‍ കൊതിയുണ്ട്' -ഷെഫിന്‍ പറഞ്ഞതായി വാര്‍ത്ത തുടരുന്നു.
കോഴിക്കോട് ബിലാത്തിക്കുളത്ത് അദിതി എന്ന ആറു വയസ്സുകാരിയെ രണ്ടാനമ്മ ദേവകി അന്തര്‍ജനമെന്ന റംലത്തും പിതാവ് സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയും ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തിയത് കഴിഞ്ഞ ഏപ്രില്‍ 29-നായിരുന്നു. കുട്ടിയെ ഇവര്‍ നിരന്തര ക്രൂരപീഡനങ്ങള്‍ക്ക് ഇരയാക്കിയതായും രണ്ടാനമ്മ ദേവകിയെന്ന റംലത്ത് ക്ഷേത്ര മോഷണക്കേസില്‍ പ്രതിയാണെന്നും പൊലീസ് വെളിപ്പെടുത്തി. അദിതി മരിക്കുമ്പോള്‍ ഒരാഴ്‌ച മുമ്പ് കഴിച്ച മാമ്പഴത്തിന്റെ തൊലിയാണ് ആമാശയത്തിലുണ്ടായിരുന്നത്. അതില്‍ പിന്നീട് ഒന്നും കഴിച്ചിട്ടില്ലെന്നര്‍ഥം. ഈ കേസില്‍ ഒന്നാംസാക്ഷി അതിദിയുടെ സഹോദരന്‍ അരുണ്‍ ആണ്.
രണ്ടാനമ്മ ഷിജിയുടെ ക്രൂര പീഡനത്തിന് ഇരയായ കാലടി സ്വദേശി നിഖിത, രണ്ടാനമ്മയും ബന്ധുവും ലൈംഗിക പീഡനത്തിന് ഇരയാക്കിയ പാലക്കാട് പറളിയിലെ പതിനാലുകാരി തുടങ്ങി അനേകം കുഞ്ഞുങ്ങളുടെ ഇത്തരത്തിലുള്ള ദയനീയ വാര്‍ത്തകള്‍ ഈ മാസം പത്രത്തില്‍ വന്നതാണ്.
മിനിസ്‌ട്രി ഓഫ് വുമണ്‍ ആന്റ് ചൈല്‍ഡ് ഡവലപ്‌മെന്റിന്റെ 2007-ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 18 വയസ്സിന് താഴെ പ്രായമുള്ള 150 ദശലക്ഷം പെണ്‍കുട്ടികളും 73 ദശലക്ഷം ആണ്‍കുട്ടികളും ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. ഈ നിരക്ക് ഇപ്പോള്‍ ഇതിലുമേറെ വര്‍ധിച്ചിട്ടുണ്ട്. 2002-ല്‍ മാത്രം 53,000 ബാല കൊലപാതക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 12-15 പ്രായമുള്ള കുട്ടികളാണ് കൂടുതലായി പീഡനത്തിന് ഇരയാകുന്നത്. ഇത്തരം പീഡനക്കേസുകളില്‍ 50 ശതമാനവും സ്വന്തം വീടുകളില്‍ വെച്ചും, രക്തബന്ധമുള്ളവരില്‍ നിന്നുമാണ് സംഭവിക്കുന്നത് എന്നതാണ് നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ട വിഷയം.
ഏത് ക്രൂര പ്രകൃതമുള്ളവരുടെയും മനസ്സുരുക്കുന്ന നൈര്‍മല്യത്തിന്റെ പ്രതീകമാണ് കുഞ്ഞുങ്ങള്‍. തിന്മകളുടെയോ ആര്‍ത്തിയുടെയോ സ്വാര്‍ഥതയുടെയോ കളങ്കമേറ്റിട്ടില്ലാത്ത ശുദ്ധപ്രായക്കാര്‍. മൃഗങ്ങള്‍ പോലും അവയുടെ കുഞ്ഞുങ്ങളോടുള്ള വാത്സല്യവും സ്‌നേഹവായ്‌പും പ്രകടിപ്പിക്കുന്നത് നമ്മില്‍ വിസ്‌മയം ജനിപ്പിക്കും. സ്‌നേഹാര്‍ദ്രതയോടെ കുഞ്ഞിനെ മുലയൂട്ടുന്ന പട്ടിയും പശുവും, മക്കളെ കടിച്ചുപിടിച്ച് സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകുന്ന പൂച്ചയുമൊക്കെ ഒരു നിമിഷം നമ്മെ അത്ഭുതപ്പെടുത്തിയിട്ടുണ്ടാകും. ആ ജന്തുജന്യ വികാരവായ്‌പ് പോലും മനുഷ്യജീവിയില്‍ നിന്ന് അപ്രത്യക്ഷമാകുന്നുവെന്നല്ലേ മേല്‍ വിവരിച്ച സംഭവങ്ങള്‍ ഓര്‍മിപ്പിക്കുന്നത്?
എല്ലാ നനവുറവകളും വറ്റി ഹൃദയമുണങ്ങിയ മനുഷ്യരാണ് രൗദ്രഭാവങ്ങള്‍ പുറത്തുകാട്ടുന്നത്. ഹൃദയം കടുത്തുപോയവരെ മരുന്നുകൊണ്ടോ ശസ്‌ത്രക്രിയ കൊണ്ടോ ചികിത്സിക്കാനാവില്ല. സ്വാര്‍ഥതയും ആര്‍ത്തിയും മനസ്സ് നിറയെ പത്തി വിടര്‍ത്തിയാടുന്ന മനുഷ്യരുടെ കണ്ണുകളില്‍ സ്വന്തം ചോരയില്‍ പിറന്ന കുട്ടി പോലും, തന്റെ നേട്ടങ്ങള്‍ക്കും സുഖങ്ങള്‍ക്കും തടസ്സമാകുന്ന ശത്രുക്കള്‍ മാത്രമായിരിക്കും. ദൈവബോധവും ആത്മീയതയുമൊക്കെ പടിക്കുപുറത്ത് നിര്‍ത്തിയുള്ള ഒരു ജീവിതയാത്രയില്‍, ഹൃദയശുശ്രൂഷയ്‌ക്ക് മറ്റു പോംവഴികളില്ല. ക്രൂരയായ സ്വന്തം ഉമ്മയായ അനീഷക്കെതിരെ സാക്ഷി പറഞ്ഞ ഹസീന എന്ന പെണ്‍കുട്ടിയും പിതാവ് സുബ്രഹ്‌മണ്യന്‍ നമ്പൂതിരിക്കെതിരെ സാക്ഷിയായി മാറിയ അദിതിയുടെ കൊച്ചനിയന്‍ അരുണും നമുക്ക് വഴികാട്ടികളായിരിക്കട്ടെ.
0 comments: