സിറിയ ഇസ്‌ലാമിക ചരിത്രത്തില്‍
അബൂഅയ്‌മന്‍
അറബികളുടെ ഭരണകാലത്ത് ശാം എന്ന പേരില്‍ ഒറ്റ രാഷ്‌ട്രമായിരുന്നതിനെ സിറിയ, ലബനാന്‍, ജോര്‍ദാന്‍, ഫലസ്‌തീന്‍ എന്നീ പ്രദേശങ്ങളായി വേര്‍പെടുത്തി വിഭജിച്ചത് പാശ്ചാത്യ ശക്തികളാണ്. ജൂതന്മാരുടെയും ക്രിസ്‌ത്യാനികളുടെയും താല്‌പര്യങ്ങള്‍ സംരക്ഷിക്കാനായി ഫലസ്‌തീന്‍ ഭൂമിയെ തന്നെ ഭൂപടത്തില്‍ നിന്ന് നിഷ്‌കാസനം ചെയ്‌ത് ഇസ്‌റാഈലിനെ കുടിയിരുത്തിയ ഇവര്‍ സിറിയയെ മൂന്നു പരമാധികാരങ്ങളുള്ള രാഷ്‌ട്രങ്ങളാക്കി വെട്ടിനുറുക്കുകയും ചെയ്‌തു.
സിറിയയില്‍ പത്തുലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ജനവാസമുള്ളതായി കണക്കാക്കപ്പെടുന്നു. ഫിനീഷ്യര്‍, ആറാമികള്‍, ആശൂരികള്‍, കല്‍ദാനികള്‍, പേര്‍ഷ്യക്കാര്‍ തുടങ്ങി പല വംശക്കാരും ഇവിടെ കുടിയേറി പാര്‍ത്തിട്ടുണ്ട്. പിന്നീട് റോമാ സാമ്രാജ്യത്തിന്റെ പിടിയിലമര്‍ന്ന സിറിയയില്‍ ഇസ്‌ലാം കടന്നുവരുമ്പോള്‍ ക്രിസ്‌ത്യാനികളാണുണ്ടായിരുന്നത്. പൂര്‍വകാലം മുതല്‍ക്കുതന്നെ ശാമുമായി ബന്ധമുണ്ടായിരുന്ന അറബികള്‍ അങ്ങോട്ട് കച്ചവടയാത്ര നടത്തിയിരുന്നുവെന്നും കഅ്‌ബയുടെ സംരക്ഷകര്‍ എന്ന നിലക്ക് അവര്‍ക്കു സുരക്ഷിതത്വം ലഭിച്ചിരുന്നുവെന്നും ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്.
മുഹമ്മദ് നബി, പിതൃവ്യന്‍ അബൂത്വാലിബുമൊത്തു ശാമിലേക്കു യാത്ര ചെയ്‌ത സംഭവം ചരിത്ര ഗ്രന്ഥങ്ങള്‍ വിവരിക്കുന്നു. നബി(സ) വിദേശ രാജാക്കന്മാര്‍ക്കു കത്തയച്ച കൂട്ടത്തില്‍ സിറിയന്‍ അതിര്‍ത്തിയിലെ ഗസ്സാന്‍ രാജാവിനും കത്തയച്ചിരുന്നു. റോമാചക്രവര്‍ത്തിയായ ഹിറഖലിന്റെ കീഴില്‍ ഭരണം നടത്തിയിരുന്ന ഗസ്സാന്‍, നബിയുടെ കത്തിനെ അവഹേളിക്കുകയും അതു കൊണ്ടുവന്ന ആളെ വധിക്കുകയുമാണുണ്ടായത്. അതിനു പ്രതികാരം ചെയ്യേണ്ടത് ആവശ്യമാണെന്ന് കണ്ട നബി സൈദ്‌ബ്‌നു ഹാരിസയുടെ നേതൃത്വത്തില്‍ അയച്ച സേനക്ക് വിജയം നേടാന്‍ കഴിയാതെ വരികയും, മുഅ്‌തയില്‍ നിന്നു ഖാലിദുബ്‌നുല്‍ വലീദ് സൈന്യത്തെയും കൊണ്ട് തിരിച്ചുവരികയും ചെയ്‌ത ചരിത്രം സുപ്രസിദ്ധമാണ്. പിന്നെ ഖലീഫ അബൂബക്കറിന്റെ കാലത്ത് ഖാലിദ്‌ബ്‌നു വലീദിന്റെയും അബൂ ഉബൈദുബ്‌നുല്‍ ജര്‍റാഹിന്റെയും നേതൃത്വത്തിലുള്ള സൈന്യമാണ് സിറിയയില്‍ ഇസ്‌ലാം മതപ്രബോധനം നടത്തിയത്.
രണ്ടാം ഖലീഫ ഉമറിന്റെ കാലത്ത് ആ രാജ്യത്തെ മുസ്‌ലിം ഭരണത്തിന്‍ കീഴിലാക്കുന്ന പ്രക്രിയ പൂര്‍ത്തിയാവുകയും ചെയ്‌തു. മുആവിയയുടെ നേതൃത്വത്തില്‍ സിറിയയില്‍ ഹി. 40 (ക്രി. 661)ല്‍ ഉമവീ ഭരണം നിലവില്‍ വന്നപ്പോള്‍ അതിന്റെ തലസ്ഥാനമായി ദമസ്‌കസ് (ദിമശ്‌ഖ്) നിര്‍ണയിക്കപ്പെട്ടു. ഹലബ്, ഹിംസ്, ഖന്‍തീറ, ഹമാ, ലാദഖിയ തുടങ്ങി പത്ത് പട്ടണങ്ങള്‍ സിറിയയിലുണ്ടെങ്കിലും ചരിത്രത്തില്‍ ദിമശ്‌ഖിനു സുപ്രധാനമായ സ്ഥാനം ലഭിച്ചു. ഏറ്റവും വലിയ മുസ്‌ലിം രാഷ്‌ട്രത്തിന്റെ തലസ്ഥാനം എന്ന നിലക്ക് ഉമവികളുടെ കാലത്തുണ്ടായിരുന്ന അതേ സ്ഥാനം തന്നെ അബ്ബാസികളുടെ കാലത്തും, അവരുടെ തലസ്ഥാനം ബഗ്‌ദാദായിട്ടും ദിമശ്‌ഖിനു (ദമസ്‌കസ്) നല്‌കപ്പെട്ടു. സാഹിത്യം, കല, സംസ്‌കാരം, നാഗരികത തുടങ്ങിയ രംഗങ്ങളിലെല്ലാം ദമസ്‌കസ് ശോഭിച്ചുനിന്നു.
ഹി. 132 (ക്രി. 750) ല്‍ അബ്ബാസി ഭരണം നിലവില്‍ വന്നപ്പോള്‍ സിറിയക്കു ഒരു പ്രവിശ്യയുടെ സ്ഥാനം മാത്രമാണ് ഉണ്ടായിരുന്നത്. അബ്ബാസികള്‍ക്കു ശേഷം പലരും ആധിപത്യം നടത്തിയ സിറിയ ക്രി. 1516-ല്‍ ആണ് ഉസ്‌മാനിയാ ഭരണത്തിന്‍ കീഴിലായത്. നാല് നൂറ്റാണ്ട് നീണ്ടു നിന്ന അവരുടെ ഭരണത്തില്‍ പറയത്തക്ക പുരോഗതിയൊന്നും സിറിയക്കുണ്ടായിട്ടില്ലെങ്കിലും നാഗരികതയുടെ നിരവധി സ്‌മാരകങ്ങള്‍ സിറിയയില്‍ അവര്‍ പണിതിട്ടുണ്ട്. ഹലബി (ആലപ്പോ) ലെ 347 കടകളടങ്ങിയ മാര്‍ക്കറ്റ് 1574-ല്‍ പ്രധാനമന്ത്രി സുഖലുലു സ്ഥാപിച്ചതാണ്. ഹിംസിലെ ഖാലിദ്‌ബ്‌നുല്‍ വലീദ് പള്ളി സുല്‍ത്താന്‍ അബ്‌ദുല്‍ഹമീദ് രണ്ടാമന്റെ കാലത്ത് നിര്‍മിക്കപ്പെട്ടതാണ്. സുല്‍ത്താന്‍ അബ്‌ദുല്‍ഹമീദ് സിറിയയുടെ പുരോഗതിയുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇദര്‍ന മുതല്‍ ദമസ്‌കസ് വരെ റയില്‍പാളം നിര്‍മിക്കുകയും പിന്നെ അത് മദീന വരെ നീട്ടുകയും ചെയ്‌തു. എട്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ ഈ ഹിജാസ് റെയില്‍പാളം 1908-ലാണ് ഉദ്‌ഘാടനം ചെയ്യപ്പെട്ടത്.
ഒന്നാം ലോക മഹായുദ്ധത്തില്‍ സിറിയ ഒരു സമര മുഖമായി മാറി. 1916-ല്‍ ഈജിപ്‌ത് ആസ്ഥാനമാക്കിയുള്ള ബ്രിട്ടീഷ് സൈന്യം ഫ്രഞ്ച് സഹായത്തോടെ ഫലസ്‌തീന്‍ ആക്രമിച്ചു. ജനറല്‍ എഡ്‌മണ്ട് അലന്‍ ബി 1917 അവസാനത്തോടെ ജറൂസലമും അടുത്ത വര്‍ഷം സിറിയയുടെ മറ്റു ഭാഗങ്ങളും പിടിച്ചെടുത്തു. യുദ്ധാവസാനം ജനറല്‍ അലന്‍ബി, ഹുസൈന്‍ ശരീഫിന്റെ പുത്രന്‍ ഫൈസലിന്റെ നേതൃത്വത്തില്‍ ദമസ്‌കസില്‍ സൈനിക ഭരണം ഏര്‍പ്പെടുത്തി. 1920-ല്‍ സിറിയ ഫ്രഞ്ച് മാന്‍ഡേറ്റിന്‍ കീഴിലായി. സിറിയക്കാരുടെ സ്വാതന്ത്ര്യസമരം രൂക്ഷമായി. ഫ്രഞ്ചുകാര്‍ സിറിയയെ വിഭജിച്ചു ലബനന്‍ എന്ന പുതിയ രാഷ്‌ട്രം സ്ഥാപിച്ചു. അവിടെ മുസ്‌ലിംകള്‍ ന്യൂനപക്ഷമായി. നാടു കടത്തപ്പെട്ട സയ്യിദ് റഷീദ് രിദാ, അമീര്‍ ശകീബ് അര്‍സലാന്‍, രിയാദ് ബക്‌സുല്‍ഹി എന്നിവര്‍ കയ്‌റോ, പാരിസ്, ന്യൂയോര്‍ക്ക്, ജനീവ എന്നിവിടങ്ങളില്‍ സ്വാതന്ത്ര്യ സമരത്തിന്റെ ജ്വാല ആളിക്കത്തിച്ചുകൊണ്ടിരുന്നു. രാജ്യത്തിനകത്തെ പോരാട്ടത്തില്‍ ശകീബ് അര്‍സലാന്റെ സഹോദരന്‍ അമീര്‍ ആദില്‍ അര്‍സലാന്‍ സുപ്രധാന പങ്കുവഹിച്ചു.
വിപ്ലവകാരികള്‍ ഒരു ഭരണഘടനയ്‌ക്കുവേണ്ടി ആഹ്വാനം ചെയ്‌തു. ഫ്രാന്‍സ് അപൂര്‍ണമായ ഒരു ഭരണഘടന കൊണ്ടുവന്നെങ്കിലും അത് വിപ്ലവകാരികളെ തൃപ്‌തിപ്പെടുത്തിയില്ല. അവര്‍ ഒമ്പതുദിവസം നീണ്ടു നിന്ന ബന്ദ് നടത്തി. അവസാനം ഫ്രാന്‍സ് വിപ്രവാസികളായ നേതാക്കളെ പാരീസില്‍ വിളിച്ചുചേര്‍ത്ത് മാസങ്ങളോളം ചര്‍ച്ച ചെയ്‌ത് 1936-ല്‍ ഒരു ഉടമ്പടിയില്‍ എത്തിച്ചേര്‍ന്നു. അതനുസരിച്ച് പൊതു തെരഞ്ഞെടുപ്പ് നടത്തുകയും ദേശീയ ഗവണ്‍മെന്റ് രൂപീകരിക്കുകയും ചെയ്‌തു. ഹാശി അത്താശി പ്രസിഡന്റും ജമീല്‍ മര്‍ദം ബേക് പ്രധാനമന്ത്രിയുമായി. പ്രവാസ ജീവിതം നയിച്ചിരുന്ന അമീര്‍ ശകീബ് അര്‍സലാന്‍, രിയാദ് സുല്‍ഹ് തുടങ്ങിയവര്‍ തിരിച്ചുവന്നു. ആഭ്യന്തര സ്വയംഭരണം ലഭിച്ചുവെങ്കിലും ഫ്രാന്‍സിന്റെ മേല്‍ക്കോയ്‌മ അപ്പോഴും തുടര്‍ന്നിരുന്നു. അതിനിടയ്‌ക്ക് രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനാല്‍ 1941 മുതല്‍ 1944 വരെ സിറിയക്കു ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും സൈനികാധിപത്യത്തില്‍ കഴിയേണ്ടിവന്നു. ഒടുവില്‍ 1944 ജനുവരി ഒന്നിന് സിറിയക്ക് പൂര്‍ണ സ്വാതന്ത്ര്യം ലഭിച്ചു.
സ്വാതന്ത്ര്യത്തിനു നേതൃത്വം നല്‍കിയ ശുക്‌രീ അല്‍ഖുത്‌ലി(1891-1967) പ്രഥമ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം പ്രസിഡന്റായിരിക്കെ 1947ല്‍ ആദ്യത്തെ അറബ്-ഇസ്‌റാഈല്‍ യുദ്ധം നടന്നു. സിറിയയുടെ പരാജയം ഖുത്‌ലിക്കുനേരെയുള്ള ജനരോഷം ഇളക്കിവിട്ടു. 1949ല്‍ സിറിയ പട്ടാള ഭരണത്തിന്‍ കീഴിലായി. സിറിയന്‍ പട്ടാളത്തിന്റെ കമാന്റര്‍ ഇന്‍ ചീഫ് ഹുസ്‌നീ അസ്സഈമാണ് ഈ വിപ്ലവത്തിന് നേതൃത്വം നല്‍കിയത്. 1948-ല്‍ അല്‍ഖുത്‌ലി വീണ്ടും പ്രസിഡന്റായി. ഒരു വര്‍ഷം കഴിഞ്ഞു വീണ്ടും സ്ഥാനഭ്രഷ്‌ടനായി. തുടര്‍ന്ന് ഹുസ്‌നി നഈം, സാമീഹന്നാവി, ഹാശിമുല്‍ അത്താശി, അദീബ് ശശ്‌കലി തുടങ്ങിയവരെല്ലാം പ്രസിഡന്റ് സ്ഥാനം വഹിച്ചുവെങ്കിലും അവസാനം 1954 ഒക്‌ടോബറില്‍ ജനാധിപത്യത്തിലും ഭരണഘടനയിലും അധിഷ്‌ഠിതമായ ഒരു ഭരണം നിലവില്‍വന്നു. ശുക്‌രി അല്‍ഖുത്‌ലി മൂന്നാമതും പ്രസിഡന്റായി.
1958-ല്‍ സിറിയയും ഈജിപ്‌തും ഏകീകരിക്കപ്പെട്ടു. ഐക്യ അറബ് റിപ്പബ്ലിക്കായി. ഇതോടെ സിറിയന്‍ ഗവണ്‍മെന്റ് ഇല്ലാതായി. ശുക്‌രി രാജിവെച്ചു. മൂന്നു വര്‍ഷവും ഏഴു മാസവും പിന്നിട്ടപ്പോഴേക്കും ഐക്യം തകര്‍ന്നു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റിതര കക്ഷികള്‍ ജയിച്ചു. അവര്‍ അധികാരത്തില്‍ വരുമെന്ന് കണ്ടപ്പോള്‍ പട്ടാളം വിപ്ലവം നടത്തി. വിപ്ലവത്തിന്റെ സൂത്രധാരകര്‍ ബഅസ് പാര്‍ട്ടിക്കാരായിരുന്നു. മൈക്കല്‍ അഫ്‌ലക് എന്ന ഒരു ക്രിസ്‌ത്യാനി രൂപം കൊടുത്ത പ്രസ്ഥാനമാണിത്. മാര്‍ക്‌സിസവും ഇസ്‌ലാം വിരുദ്ധ പ്രവണതകളും ഗൂഢരൂപത്തില്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്ന പ്രസ്ഥാനമാണ് ബഅസ്.
1963ല്‍ ബഅസ് പാര്‍ട്ടി അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് ജനറല്‍ അമീനുല്‍ ഹാഫിസ് സിറിയയുടെ പ്രസിഡന്റായി. പാര്‍ട്ടിയിലെ ഇടതുപക്ഷ വാദികള്‍ അമീനെ അട്ടിമറിച്ചു. നൂറുദ്ദീന്‍ അത്താശിയെ പ്രസിഡന്റാക്കി. വലതുപക്ഷ ചിന്താഗതിക്കാരെ മുഴുവന്‍ നിഷ്‌കാസനം ചെയ്‌തു. 1967-ല്‍ ബഅസിസ്റ്റ് ഗവണ്‍മെന്റിന്റെ ഔദ്യോഗിക വാരികയായ `ജൈശുശ്ശഅ്‌ബി' ഇസ്‌ലാമിനെതിരില്‍ പരസ്യമായി ആക്രമണം ആരംഭിച്ചപ്പോള്‍ മുസ്‌ലിംകള്‍ രാജ്യവ്യാപകമായി ബന്ദ് പ്രഖ്യാപിച്ചുകൊണ്ട് പ്രതിഷേധിച്ചു. ഗവണ്‍മെന്റ് അക്രമംകൊണ്ട് സമരം അടിച്ചമര്‍ത്തി. ആ വര്‍ഷം തന്നെയാണ് ഇസ്‌റാഈല്‍ ആക്രമണമുണ്ടായത്. ബഅസ് പാര്‍ട്ടി എതിരാളികളെ തുരത്തുന്ന തിരക്കിലായിരുന്നു. പട്ടാളത്തിനു ഗവണ്‍മെന്റിനെ ആഭ്യന്തര കലാപകാരികളില്‍ നിന്നു രക്ഷിക്കുന്നതിലായിരുന്നു ശ്രദ്ധ. ഇസ്‌റാഈല്‍ സേന സിറിയന്‍ പ്രദേശത്തേക്ക് അതിക്രമിച്ചു കടന്നു. ഗോലാന്‍കുന്ന് മേഖലയിലെ പരശ്ശതം ചതുരശ്രനാഴിക വരുന്ന ഭൂമി കൈവശപ്പെടുത്തുകയും ചെയ്‌തു.
സിറിയയുടെ സ്വാതന്ത്ര്യത്തിനും വികസനത്തിനും വേണ്ടി മഹത്തായ സംഭാവനകള്‍ അര്‍പ്പിച്ച ദേശസ്‌നേഹികളായ നേതാക്കളെല്ലാം പ്രവാസ ജീവിതം നയിക്കാന്‍ നിര്‍ബന്ധിതരായി. ശുകരീ അല്‍ഖുത്‌ലി, നാസിമുല്‍ ഖുദ്‌സി, മുസ്‌തഫസ്സിബാഈ, മഅ്‌റൂഫുദ്ദുവാലബി തുടങ്ങിയവരെല്ലാം അതില്‍ പെടുന്നു.
എന്നാല്‍ ബഅസ് പാര്‍ട്ടിക്കെതിരില്‍ ജനരോഷം കത്തിപ്പടരുകയായിരുന്നു. 1970ല്‍ മിതവാദികളായി അറിയപ്പെടുന്ന വലതുപക്ഷ ഗ്രൂപ്പ് ഇടതുപക്ഷ മേധാവിത്വമുള്ള ഭരണകൂടത്തെ അട്ടിമറിക്കുകയും ഹാഫിദുല്‍ അസദിനെ പ്രസിഡന്റായി നിശ്ചയിക്കുകയും ചെയ്‌തു.
മിതവാദിയും പ്രായോഗിക ചിന്തയുടെ ഉടമയുമായ ഹാഫിദുല്‍ അസദ് ഇസ്‌റാഈലുമായി ഉടമ്പടിയുണ്ടാക്കുകയും ഗോലാന്‍കുന്നിലെ കുറേ ഭാഗങ്ങള്‍ തിരിച്ചുപിടിക്കുകയും ചെയ്‌തു. ഈജിപ്‌തുമായുള്ള ബന്ധവും മെച്ചപ്പെടുത്തി. അഞ്ച് പ്രാവശ്യം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച അസദ് ഓരോ പ്രാവശ്യവും 99 ശതമാനം വോട്ടുനേടി വിജയിക്കുകയായിരുന്നു. 2000-ല്‍ അസദ് നിര്യാതനായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പുത്രന്‍ ബശ്ശാറുല്‍ അസദ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ ബശ്ശാര്‍ ഗവണ്‍മെന്റിനെതിരെയുള്ള പ്രക്ഷോഭം നിരവധി പേരുടെ ജീവന്‍ അപഹരിച്ച് മുന്നേറുകയാണ്.
തൊണ്ണൂറ് ശതമാനം മുസ്‌ലിംകളും പത്തുശതമാനം ക്രിസ്‌ത്യാനികളുമുള്ള സിറിയയില്‍ ജനതയുടെ 79 ശതമാനം സാക്ഷരരാണ്. ഒറോണ്ട്, യൂഫ്രട്ടീസ് എന്നീ രണ്ട് നദികള്‍ കാരണം ഭൂമി ഫലഭൂയിഷ്‌ഠമായതിനാല്‍ ജനങ്ങള്‍ കൃഷി ഉപജീവന മാര്‍ഗമായി സ്വീകരിക്കുന്നു.
ചരിത്രത്തില്‍ ബഗ്‌ദാദിന്റെയും അന്‍ദലൂസിന്റെയും കയ്‌റോയുടെയും സ്ഥാനമുള്ള ദമസ്‌കസ് പ്രധാന സ്വഹാബികളായ ബിലാല്‍, അബൂഉബൈദത്തുബ്‌നുല്‍ ജര്‍റാഹ്, ഖാലിദുബ്‌നുല്‍വലീദ്, മുആവിയ തുടങ്ങിയവരുടെ കര്‍മഭൂമിയാണ്. കേരളത്തിലെ യാക്കോബായെ സുറിയാനി സഭയുടെ പരമാധ്യക്ഷനായ അന്തോഖ്യാപാത്രിയാര്‍ക്കീസിന്റെ ആസ്ഥാനവും ദമസ്‌കസ് ആണ്.
(ഇസ്‌ലാമിന്റെ ചരിത്രപാതയിലൂടെ പതിനാല് നൂറ്റാണ്ട് എന്ന കൃതിയില്‍ നിന്ന്)
0 comments: