ദഹ്‌ലവിയുടെ മൗലികത തത്വചിന്തയിലും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും

  • Posted by Sanveer Ittoli
  • at 9:15 AM -
  • 0 comments

ദഹ്‌ലവിയുടെ മൗലികത തത്വചിന്തയിലും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും



മുഹമ്മദുല്‍ ഗസ്സാലി

മുസ്‌ലിം ചരിത്രത്തിന്റെ ഒരു നിര്‍ണായകഘട്ടത്തിലാണ്‌ ശാ വലിയുല്ലാഹ്‌ (1703-1762) ജീവിച്ചിരുന്നത്‌. ഇരുന്നൂറ്‌ വര്‍ഷക്കാലം ഇന്ത്യയില്‍ മുഗളരുടെ ശാന്തവും ഐശ്വര്യപൂര്‍ണവുമായ ഭരണം നിലനിന്നിരുന്നു.
എന്നാല്‍ ശാ വലിയുല്ലായുടെ കാലമായപ്പോഴേക്കും പരസ്‌പരം ശത്രുത പുലര്‍ത്തുന്ന വ്യത്യസ്‌ത ഭരണാധികാരികളുടെ കീഴിലുള്ള പ്രദേശങ്ങളായി ഇന്ത്യ ഛിദ്രമായിരുന്നു. മറാഠികള്‍, സിക്കുകാര്‍, ഹിന്ദുക്കള്‍ തുടങ്ങിയവരുടെ കരങ്ങളിലേക്ക്‌ അധികാരം എത്തിയിരുന്നു. അഥവാ ഇന്ത്യ ഉപഭൂഖണ്ഡത്തില്‍ മുസ്‌ലിംകളുടെ പ്രതാപം ക്രമേണ നഷ്‌ടപ്പെട്ടുകൊണ്ടിരുന്നു. ഒട്ടോമന്‍ ഖലീഫയുടെ അധികാരവും ദുര്‍ബലമായിക്കൊണ്ടിരുന്നു. 1453-ല്‍ മുസ്‌ലിംകള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയിരുന്നെങ്കിലും 1492-ലെ സ്‌പെയിനിന്റെ പതനം അവര്‍ക്ക്‌ കനത്ത ആഘാതമേല്‌പിച്ചിരുന്നു. ഈ കടുത്ത നിരാശയുടെയും വിഷാദത്തിന്റെയും നിമിഷങ്ങളിലാണ്‌ ശാ വലിയുല്ലാഹ്‌ ഭൂജാതനായത്‌. ഒരുപക്ഷേ, അത്തരം അവസരങ്ങളിലാണ്‌ മാനുഷ്യകത്തിന്‌ നന്മയേകിക്കൊണ്ട്‌ നവോത്ഥാന നായകരെ അല്ലാഹു നല്‌കുന്നത്‌.
ശാ വലിയുല്ലാക്ക്‌ ശേഷമുള്ള മുസ്‌ലിം തലമുറകള്‍ അദ്ദേഹത്തോട്‌ പല വിധേനയും കടപ്പെട്ടിരിക്കുന്നു. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ മുസ്‌ലിംകളുടെ ബൗദ്ധികവും സാംസ്‌കാരികവുമായ ചരിത്രം അദ്ദേഹത്തിന്റെ നവോത്ഥാന ആശയങ്ങളുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവില്‍ ഉദയം ചെയ്‌ത പല വിദ്യാഭ്യാസ, ബൗദ്ധിക, ആത്മീയചിന്താധാരകളും ശാ വലിയുല്ലായുടെ ചിന്തകളോടുള്ള കടപ്പാട്‌ അഭിമാനപൂര്‍വം അവകാശപ്പെടാറുണ്ട്‌. 19-ാം നൂറ്റാണ്ടില്‍ ഈ ഉപഭൂഖണ്ഡത്തില്‍ സ്ഥാപിതമായ പ്രമുഖ മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളായ ദാറുല്‍ ഉലൂം ദയൂബന്ദ്‌, ഫറങ്കി മഹല്‍, നദ്‌വത്തുല്‍ ഉലമ, അലീഗഡ്‌ മുസ്‌ലിം യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെയുള്ള മിക്ക സ്ഥാപനങ്ങളും ശാ വലിയുല്ലായുടെ ബൗദ്ധിക-ആത്മീയ ചിന്തകളുടെ സ്വാധീനം അവകാശപ്പെടാറുണ്ട്‌. ഈ സ്ഥാപനങ്ങള്‍ മതപണ്ഡിതന്മാരെയും വിജ്ഞാനപടുക്കളെയും സൃഷ്‌ടിക്കുക മാത്രമല്ല ചെയ്‌തത്‌, സമൂഹത്തിന്‌ മൊത്തത്തില്‍ ആത്മീയ ധാര്‍മിക മേഖലകളില്‍ ഉണര്‍വ്‌ നല്‌കുകയും ചെയ്‌തു.
ശാ വലിയുല്ലായുടെ സംഭാവനകള്‍ കേവലം വൈജ്ഞാനിക മേഖലയില്‍ ഒതുങ്ങിനിന്നില്ല. ഇസ്‌ലാം വിരുദ്ധശക്തികള്‍ക്കെതിരെ 1831-ല്‍ സയ്യിദ്‌ അഹ്‌മദ്‌ ശഹീദിന്റെ നേതൃത്വത്തില്‍ നടന്ന ഐതിഹാസികപോരാട്ടം ഇതിനു തെളിവാണ്‌. ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ മത-രാഷ്‌ട്രീയ മേഖലകളില്‍ സമ്പൂര്‍ണമായ മാറ്റംകൊണ്ടുവരുന്നതിനു വേണ്ടിയുള്ള പോരാട്ടമായിരുന്നു അത്‌. ശാ ഇസ്‌മാഈല്‍ ശഹീദ്‌ ഉള്‍പ്പെടെയുള്ള പല പ്രമുഖരും അതില്‍ പങ്കാളികളായിരുന്നു. ശാ വലിയ്യുല്ലായുടെ ചിന്തകളുടെ പ്രയോക്താവും മികവുറ്റ പണ്ഡിതനുമായിരുന്നു അദ്ദേഹം.
ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ മുസ്‌ലിംകളുടെ ചിന്തകളില്‍ മാത്രമല്ല, വര്‍ത്തമാനകാല ഇസ്‌ലാമിക ചിന്താലോകത്ത്‌ തന്നെ അല്ലാമാ മുഹമ്മദ്‌ ഇഖ്‌ബാലിന്റെ (1938) ചിന്തകളുടെ സ്വാധീനം വ്യാഖ്യാനമാവശ്യമില്ലാത്തവിധം വ്യക്തമാണ്‌. ശാ വലിയ്യുല്ലായുടെ ചിന്തകള്‍ ഇഖ്‌ബാലിനെ സ്വാധീനിച്ചിരുന്നു. ഒരു ഗ്രന്ഥകര്‍ത്താവ്‌ എഴുതുന്നു: `ഇഖ്‌ബാലിന്റെ റികണ്‍സ്‌ട്രക്‌ഷന്‍ ഓഫ്‌ റിലീജിയസ്‌ തോട്ട്‌ ഇന്‍ ഇസ്‌ലാം എന്ന പുസ്‌തകത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ശാ വലിയുല്ലായുടെ ചിന്തകളുടെ സ്വാധീനം കാണാന്‍ കഴിയും.''
ദുരന്തപൂര്‍ണമായ ഒരു ഘട്ടത്തിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന ഇന്ത്യന്‍ മുസ്‌ലിംകളെ പല രോഗങ്ങളും ബാധിച്ചതായി ശാ വലിയ്യുല്ലാഹ്‌ കണ്ടു. പരസ്‌പര പോര്‌ മൂലം മുസ്‌ലിംകളുടെ രാഷ്‌ട്രീയശക്തി ക്ഷയിച്ചിരുന്നു. പ്രതീക്ഷയുടെ കിരണങ്ങള്‍ എങ്ങും ദൃശ്യമായില്ല. ആത്മവിശ്വാസം നഷ്‌ടമായി. തന്റെ സമൂഹത്തിന്റെ ആകുലതകള്‍ തിരിച്ചറിയാന്‍ ചെറുപ്പകാലം മുതല്‍ അദ്ദേഹത്തിനു കഴിഞ്ഞു. മുസ്‌ലിംകള്‍ നേരിട്ട പ്രധാന പ്രശ്‌നങ്ങള്‍ ഇവയായിരുന്നു. 1) വിശ്വാസ ദൗര്‍ബല്യം, 2) അനൈക്യം, 3) കനത്ത ധാര്‍മിക പരാജയം. രോഗനിര്‍ണയം നടത്തുക മാത്രമല്ല, പരിഹാരം നിര്‍ദേശിക്കുകയും പ്രയോഗവല്‌ക്കരിക്കുകയും ചെയ്‌തു അദ്ദേഹം. ഇസ്‌ലാമിനെ യുക്തിഭദ്രമായി അവതരിപ്പിച്ചുകൊണ്ട്‌ ആളുകള്‍ക്ക്‌ ദീനിലുള്ള വിശ്വാസം ശക്തിപ്പെടുത്തി.
ഇസ്‌ലാമിലെ വ്യത്യസ്‌ത ചിന്താധാരകള്‍ തമ്മില്‍ അനുരഞ്‌ജനം കൊണ്ടുവരാന്‍ ശ്രമിക്കുന്നതിലൂടെ അനൈക്യത്തിന്‌ അറുതി വരുത്താന്‍ കഴിയുമെന്ന്‌ അദ്ദേഹം മനസ്സിലാക്കി. വ്യത്യസ്‌ത ചിന്താധാരകളെ ഒരുമിപ്പിക്കാന്‍ വേണ്ട അപാരമായ കഴിവ്‌ അദ്ദേഹത്തിനുണ്ടായിരുന്നു. ആളുകളെ പലപ്പോഴും പരസ്‌പരം അകറ്റിയത്‌ ചെറിയ കാര്യങ്ങളിലുള്ള അഭിപ്രായവ്യത്യാസങ്ങളാണെന്ന്‌ അദ്ദേഹം മനസ്സിലാക്കി. ഉദാഹരണത്തിന്‌ വഹ്‌ദത്തുല്‍ വുജൂദും, വഹ്‌ദത്തുല്‍ ശുഹൂദും ഒന്നാണെന്ന്‌ തോന്നിക്കുംവിധം അദ്ദേഹം അവയിലെ ആശയങ്ങളെ കൂട്ടിയിണക്കി. സ്‌പാനിഷ്‌ തത്വചിന്തകനായ മുഹ്‌യിദ്ദീന്‍ ഇബ്‌നു അറബിയുടെ (1240) അനുയായികളാണ്‌ വഹ്‌ദത്തുല്‍ വുജൂദിന്റെ ആളുകള്‍. അതിനെ വിമര്‍ശനപൂര്‍വം കണ്ട ശൈഖ്‌ അഹ്‌മദ്‌ സര്‍ഹിന്ദിയുടേത്‌ (1719) വഹ്‌ദത്തുല്‍ ശുഹൂദും.
മുസ്‌ലിം സമൂഹത്തെ ബാധിച്ച ധാര്‍മികാധപതനത്തിന്‌ തസ്വവ്വുഫ്‌ പരിഹാരമായി അദ്ദേഹം കണ്ടു. ഖുര്‍ആനിലും ഹദീസിലും വിജ്ഞാനം നേടിയ അദ്ദേഹത്തിന്‌ ഹൃദയ ശുദ്ധീകരണത്തിലൂടെയല്ലാതെ വ്യക്തികള്‍ക്കും മുസ്‌ലിംസമൂഹത്തിനും ധാര്‍മികാധപതനത്തില്‍ നിന്ന്‌ മോചനം തേടാനാവില്ലെന്ന്‌ ബോധ്യമായിരുന്നു.
മുസ്‌ലിം മനസ്സുകളെ ശുദ്ധീകരിക്കാനുള്ള ശ്രമങ്ങളില്‍ അദ്ദേഹം ഏര്‍പ്പെട്ടു. മുസ്‌ലിംസമൂഹത്തിന്റെ സംസ്‌കാരം, രാഷ്‌ട്രീയം, നയനിലപാടുകള്‍ എന്നിവ നവീകരിക്കുന്നതിനായി ഹ്രസ്വ-ദീര്‍ഘ കാല നടപടികള്‍ അദ്ദേഹം സ്വീകരിച്ചു. ലൗകികവും പാരത്രികവുമായ നേട്ടങ്ങള്‍ ഉമ്മത്തിന്‌ നേടിക്കൊടുക്കാന്‍ അദ്ദേഹം പരിശ്രമിച്ചു. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ദൈവികപദ്ധതിയുടെ കേന്ദ്രബിന്ദു മനുഷ്യനായിരുന്നു. നീതിയും ശാന്തിയും മനുഷ്യത്വവും നിലനില്‌ക്കുന്ന ദൈവകേന്ദ്രീകൃത സംസ്‌കാരം ഇവിടെ യാഥാര്‍ഥ്യമാക്കാന്‍ വേണ്ടി സര്‍ഗവാസനകളും സൗന്ദര്യബോധവും യുക്തിബോധവും ദൈവം മനുഷ്യന്‌ നല്‌കിയിരിക്കുന്നു. ഇത്‌ അനന്തവും യഥാര്‍ഥവുമായ ശാന്തി പരലോകത്ത്‌ ലഭിക്കുന്നതിലേക്ക്‌ നയിക്കുന്നു.
ശാ വലിയ്യുല്ലായുടെ ചിന്തയുടെ ആത്യന്തിക സ്രോതസ്സ്‌ ഖുര്‍ആനായിരുന്നു. തന്റെ യുക്തിപരതയും ആത്മീയബോധവും വെളിപാട്‌ എന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കുന്നതിന്‌ അദ്ദേഹത്തിന്‌ തടസ്സമായില്ല.
തന്റെ അല്‍ഫൗസുല്‍ കബീര്‍ എന്ന തഫ്‌സീറിന്റെ രചനയിലൂടെ ഖുര്‍ആന്‍ വ്യാഖ്യാനശാസ്‌ത്രത്തിന്‌ പുതിയ ദിശ നിര്‍ണയിക്കാന്‍ സാധിച്ചു. ലളിതമായ പേര്‍ഷ്യനില്‍ തയ്യാറാക്കിയ ഖുര്‍ആന്‍ വ്യാഖ്യാനം ഖുര്‍ആനെ നേരിട്ട്‌ സമീപിച്ചുകൊണ്ടുള്ളതായിരുന്നു. വരും തലമുറകള്‍ക്ക്‌ ഖുര്‍ആന്‍ മനസ്സിലാക്കുന്നതിനുവേണ്ടി അദ്ദേഹം ചെയ്‌ത മഹത്തായ സേവനങ്ങളിലൊന്നായിരുന്നു ഇത്‌. അതിനു ശേഷം സാധാരണക്കാരന്‌ ഖുര്‍ആന്റെ അര്‍ഥം എളുപ്പത്തില്‍ പ്രാപ്യമായിത്തുടങ്ങി.
ശാ വലിയുല്ലാക്ക്‌ മുമ്പ്‌ ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യാമോ എന്ന ചോദ്യം പരിഹരിക്കപ്പെടാതെ കിടക്കുകയായിരുന്നു. ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യാന്‍ പാടില്ലെന്ന കാഴ്‌ചപ്പാട്‌ ഒരു പരിധിവരെ ഖുര്‍ആനിക വിജ്ഞാനീയത്തെ പണ്ഡിതര്‍ക്കിടയില്‍ ഒതുക്കിനിര്‍ത്തി.
ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ വിദ്യാസമ്പന്നരുടെ ഭാഷയായിരുന്ന പേര്‍ഷ്യനിലേക്ക്‌ ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യുക എന്ന ധീരകൃത്യം ശാ വലിയ്യുല്ലാഹ്‌ ചെയ്‌തു. മുസ്‌ലിംകളുടെ മതജീവിതത്തില്‍ ഇത്‌ കാര്യമായ സ്വാധീനം ചെലുത്തി. സാധാരണക്കാര്‍ക്ക്‌ ഖുര്‍ആന്റെ അധ്യാപനങ്ങള്‍ മനസ്സിലാക്കാന്‍ കൂടുതലെളുപ്പത്തില്‍ ഇതുവഴി സാധ്യമായി. ഖുര്‍ആന്റെ സന്ദേശം വിശദീകരിക്കാനുള്ള ശ്രമങ്ങളില്‍ കൂടുതല്‍ കൂടുതല്‍ പണ്ഡിതന്മാര്‍ ഏര്‍പ്പെട്ടു. അനറബികള്‍ വസിക്കുന്ന സ്ഥലങ്ങളില്‍ ഇതൊരു ആരോഗ്യകരമായ മാറ്റമായിരുന്നു.


ശാ വലിയ്യുല്ലായുടെ സാമൂഹ്യ-രാഷ്‌ട്രീയ ചിന്തകള്‍


പൂര്‍വകാല നിയമജ്ഞര്‍ ഖുര്‍ആനെ നിയമങ്ങളുടെ സ്രോതസ്സായി അംഗീകരിച്ചിരുന്നെങ്കിലും, പില്‌ക്കാല നിയമജ്ഞര്‍ ഏതാണ്ട്‌ അഞ്ഞൂറോളം ഖുര്‍ആന്‍ വചനങ്ങളെയേ നിയമങ്ങളുടെ സ്രോതസ്സായി കണ്ടുള്ളൂ. മുജ്‌തഹിദ്‌ മറ്റു വചനങ്ങള്‍ അറിയേണ്ടത്‌ അനിവാര്യമല്ലെന്നുപോലും അവര്‍ കരുതി. അബൂഹാമിദുല്‍ ഗസ്സാലി(റ) (505/1111) പോലും അങ്ങനെയാണ്‌ കരുതിയിരുന്നത്‌. അങ്ങനെ ഖുര്‍ആന്റെ പല വചനങ്ങളുടെയും വ്യാഖ്യാനം കഥ പറിച്ചിലുകാരോ പ്രബോധകരോ ചെയ്യുന്ന അവസ്ഥയായി.
ശാ വലിയുല്ലാ ദൈവിക ഗ്രന്ഥത്തിലെ പ്രമേയങ്ങളെ മുഖ്യമായും ആറ്‌ വിഭാഗങ്ങളായി തിരിച്ചു. 1) അഹ്‌കാം (വിധികള്‍), 2) മുഖാസമ (തര്‍ക്കശാസ്‌ത്രം), 3) തദ്‌കീര്‍ ബി ല്ലാഹ്‌(ദൈവികാനുഗ്രഹങ്ങളെക്കുറിച്ച്‌ മനുഷ്യനെ ഓര്‍മിപ്പിക്കുന്നത്‌ 4) തദ്‌കീര്‍ ബി അയ്യാമില്ലാഹ്‌ (ചരിത്രത്തില്‍ ദൈവത്തിന്റെ ഇടപെടലുകളെക്കുറിച്ച്‌ മനുഷ്യനെ ഓര്‍മിപ്പിക്കുന്നത്‌) 5) തദ്‌കീര്‍ ബില്‍മൗത്ത്‌ വമാ ബഅ്‌ദല്‍ മൗത്ത്‌ (മരണത്തെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചും മനുഷ്യനെ ഓര്‍മിപ്പിക്കുന്നത്‌).
ഖുര്‍ആനിലെ ഏതെങ്കിലും വചനം ഈ അഞ്ചുവിഭാഗങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ പെടാത്തതായി ഇല്ല. തഫ്‌സീറിന്റെ മേഖലയില്‍ മഹത്തായ നേട്ടമായിരുന്നു ശാവലിയുല്ലായിലൂടെ ലഭ്യമായത്‌. ഇതില്‍ `തര്‍ക്കശാസ്‌ത്രം' പ്രത്യേകം പ്രസ്‌താവ്യമാണ്‌. പല ഉലമാക്കളും മുമ്പ്‌ ഈ പ്രധാനവിഷയത്തെ അവഗണിക്കുകയായിരുന്നു പതിവ്‌. മനുഷ്യര്‍ക്കെല്ലാമായി അവതരിക്കപ്പെട്ട ഖുര്‍ആന്‍ മനുഷ്യരെ നാല്‌ വിഭാഗമായി സംബോധന ചെയ്യുന്നു. 1) വിശ്വാസികള്‍, 2) അഹ്‌ലുകിതാബുകാര്‍, 3) ബഹുദൈവാരാധകര്‍/ദൈവനിഷേധികള്‍, 4) കപടവിശ്വാസികള്‍.
മുതശാബിഹാത്ത്‌ എന്ന ആശയം പല ഖുര്‍ആന്‍ പഠിതാക്കളെയും ആശയക്കുഴപ്പത്തിലാക്കി. മുതശാബിഹാത്തായ ആശയങ്ങളുടെ യഥാര്‍ഥ അര്‍ഥവും പ്രാധാന്യവും ഗ്രഹിക്കാനുള്ള ഉദ്യമത്തിന്‌ ഇത്‌ തടസ്സമായി. ഖുര്‍ആനിലെ എല്ലാ വചനങ്ങളും ഒരു പരിധിവരെ ഗ്രഹിക്കാന്‍ കഴിയുന്നതാണെന്ന വീക്ഷണമായിരുന്നു ഷാ വലിയുല്ലായുടേത്‌.
തന്റെ പരിശ്രമങ്ങളുടെ ഫലമായി സാധാരണക്കാരായ മുസ്‌ലിംകള്‍ ആത്മവിശ്വാസത്തോടെയും ഉത്സാഹത്തോടെയും ഖുര്‍ആനെ സമീപിക്കാന്‍ തുടങ്ങി. എല്ലാ മനുഷ്യര്‍ക്കുമുള്ള സന്ദേശമായി അവര്‍ ഖുര്‍ആനെ കണ്ടു. ഏതാനും നിയമജ്ഞര്‍ക്കു മാത്രം ഉപയോഗിക്കാവുന്ന, കല്‌പനകളുടെയും നിരോധനങ്ങളുടെയും ഒരു നിയമാവലി മാത്രമായിരുന്നില്ല അവര്‍ക്ക്‌ ഖുര്‍ആന്‍. ശാ വലിയുല്ലായുടെ ചിന്തകളാല്‍ പ്രചോദിതനായ, പ്രമുഖ പണ്ഡിതനായിരുന്ന ഉബൈദുല്ലാ സിന്ധിയുടെ അഭിപ്രായത്തില്‍ ഖുര്‍ആനിന്റെ മൊത്തത്തിലുള്ള സന്ദേശം അതിന്റെ വചനങ്ങളില്‍ നിന്നു തന്നെ പരസഹായം കൂടാതെ നേരിട്ട്‌ മനസ്സിലാക്കാന്‍ കഴിയും.
ശാ വലിയുല്ലായുടെ അഭിപ്രായത്തില്‍ ഖുര്‍ആന്റെ വ്യാഖ്യാനമാണ്‌ ഹദീസ്‌. ഖുര്‍ആനും ഹദീസും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം. യവനചിന്തയുടെ സ്വാധീനത്താല്‍ അഹ്‌ലുസ്സുന്നത്തിന്റെ ആളുകള്‍ക്കെതിരെ യുക്തിവാദികള്‍ തൊടുത്തുവിട്ട കടുത്ത വിമര്‍ശനങ്ങളെ ശാ വലിയുല്ലാ ബുദ്ധിപൂര്‍വം നേരിട്ടു.
എല്ലാ പ്രവാചകന്മാര്‍ക്കും ലഭിച്ചത്‌ മനുഷ്യസംസ്‌കാരത്തിന്റെ പുരോഗതിക്കനുസരിച്ച്‌ കാലത്തിനനുയോജ്യമായ ദൈവീക നിര്‍ദേശങ്ങളാണെന്ന വീക്ഷണമായിരുന്നു ശാ വലിയുല്ലായുടേത്‌. ഇജ്‌മാഇന്‌ സ്വതന്ത്രമായ നിയമത്തിന്റെ സ്രോതസ്സ്‌ എന്ന പരിഗണന ശാ വലിയുല്ലാ നല്‌കുന്നില്ല. പ്രവാചകനോട്‌ ആദ്യ നാലു ഖലീഫമാര്‍ക്കുണ്ടായിരുന്ന സാമീപ്യം പരിഗണിച്ച്‌ അവരുടെ തീരുമാനങ്ങള്‍ക്ക്‌ പ്രത്യേക പരിഗണന നല്‌കുന്നു. ഖിയാസിനെയും സ്വതന്ത്ര നിയനമിര്‍മാണ സ്രോതസ്സായി അദ്ദേഹം പരിഗണിക്കുന്നില്ല.
ശാ വലിയുല്ലായുടെ ബൗദ്ധിക സംഭാവനകളില്‍ ഏറ്റവും മികച്ചത്‌ ഇല്‍മുല്‍ കലാമിന്റെ മേഖലയില്‍ നല്‌കിയതാണ്‌. ഇത്‌ തുടര്‍ന്നുവന്ന മുസ്‌ലിം പണ്ഡിതന്മാരുടെ ചിന്തകളെ അഗാധമായി സ്വാധീനിക്കുകയും ഈ രംഗത്ത്‌ ഒരു പുതിയ പാരമ്പര്യം സൃഷ്‌ടിക്കുകയും ചെയ്‌തു. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന്റെ ഒടുവില്‍ ഇല്‍മുല്‍ കലാം എന്ന വിജ്ഞാന ശാഖയ്‌ക്ക്‌ മുഖ്യമായും യവനചിന്തകളെ ബൗദ്ധികമായി നേരിടേണ്ടതുണ്ടായിരുന്നു. അറേബ്യന്‍ ഉപദ്വീപിനപ്പുറത്തേക്കും ഇസ്‌ലാം വ്യാപിച്ചപ്പോള്‍ മുസ്‌ലിം ബുദ്ധിജീവികള്‍ പേര്‍ഷ്യന്‍, ബൈസന്റൈന്‍, ഗ്രീക്ക്‌ ചിന്തകളുമായി ഇടപഴകിയതിന്റെ ഫലമായി പല ബൗദ്ധിക സംവാദങ്ങള്‍ക്കും തുടക്കമിട്ടു. പല പുതിയ ചോദ്യങ്ങളെയും നേരിടേണ്ടി വന്നു. ഇസ്‌ലാമിന്റെ അടിസ്ഥാന ലോകവീക്ഷണത്തെ സംശയത്തോടെ കാണുന്നവയായിരുന്നു പല പുതിയ ചിന്തകളും. മുസ്‌ലിം പണ്ഡിതന്മാര്‍ ഈ വെല്ലുവിളികളെ മിടുക്കോടെ നേരിട്ടു. ഒരു വശത്ത്‌ പണ്ഡിതന്മാര്‍ ഇസ്‌ലാമിക ലോകവീക്ഷണത്തിന്റെ മേന്മ സ്ഥാപിക്കുകയും മറുവശത്ത്‌ യവനചിന്തയിലെ ചില സങ്കല്‌പങ്ങളുടെ വിഡ്‌ഢിത്തം തുറന്നുകാട്ടുകയും ചെയ്‌തു.
മുതകല്ലിമൂന്‍ എന്നറിയപ്പെടുന്ന ഈ മുസ്‌ലിം പണ്ഡിതന്മാര്‍ ബൗദ്ധികമായ മറുപടികളാണ്‌ നല്‌കിയത്‌. ഈ ചര്‍ച്ചകളുടെ ഫലമായി ഇല്‍മുല്‍ കലാം എന്ന ഒരു വിജ്ഞാനശാഖ ഉടലെടുത്തു. ഇല്‍മുല്‍ കലാം എന്ന വിജ്ഞാനശാഖയുടെ വളര്‍ച്ചയില്‍ പല പണ്ഡിതന്മാരും ബൗദ്ധികമായ സംഭാവനകളര്‍പ്പിച്ചു. അവരില്‍ പ്രധാനികള്‍ അല്‍ജുവൈനി, അല്‍ഗസ്സാലി, അല്‍അശ്‌അരി, അല്‍മാതുരീദി, അല്‍ശഹ്‌റസ്‌താനി തുടങ്ങിയവരാണ്‌. ഈ രംഗത്ത്‌ അവസാനമായെത്തിയ പ്രമുഖന്‍ ഫക്‌റുദ്ദീന്‍ അല്‍റാസി (1209) ആണ്‌.
കാലം കടന്നുപോയപ്പോള്‍ വളര്‍ച്ച മുരടിച്ചതും വരണ്ടതും വര്‍ത്തമാനകാലവുമായി ബന്ധമില്ലാത്തതുമായി ഇല്‍മുല്‍ കലാം മാറി. കേവലം സൈദ്ധാന്തിക ചര്‍ച്ചകളില്‍ മുഴുകുന്നത്‌ മുസ്‌ലിം പണ്ഡിതന്മാര്‍ക്ക്‌ ഫാഷനായി മാറി.
മനുഷ്യജീവിതത്തെ-ഇഹലോകജീവിതവും പരലോക ജീവിതവും -പരസ്‌പരം വേര്‍തിരിഞ്ഞതായിട്ടല്ല ശാ വലിയ്യുല്ലാഹ്‌ കണ്ടത്‌. തുടര്‍ച്ചയായ ജീവിതത്തിന്റെ വ്യത്യസ്‌ത ഘട്ടങ്ങള്‍ മാത്രമാണ്‌ ഇഹലോകജീവിതവും പരലോക ജീവിതവും. മനുഷ്യബുദ്ധിയോടു മാത്രമല്ല, ഹൃദയത്തോടും കൂടിയാണ്‌ അദ്ദേഹത്തിന്റെ ചിന്തകള്‍ സംവദിക്കുന്നത്‌. അതുകൊണ്ടുതന്നെ ശരീഅത്തും ത്വരീഖത്തും യുക്തിയും പാരമ്പര്യവും, സങ്കല്‌പവും യാഥാര്‍ഥ്യവും ചേര്‍ന്നതാണ്‌ അദ്ദേഹം പരിചയപ്പെടുത്തുന്ന ഇല്‍മുല്‍ കലാം.
ചുരുക്കത്തില്‍ ശാ വലിയുല്ലാഹ്‌ ഇല്‍മുല്‍കലാം എന്ന വിജ്ഞാന ശാഖയ്‌ക്ക്‌ പുതുജീവന്‍ നല്‌കി. ഈ രംഗത്ത്‌ അദ്ദേഹത്തിന്റെ മുന്‍ഗാമികളുടെ രചനകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. ക്ലാസിക്കല്‍ കാലഘട്ടത്തില്‍ ഇല്‍മുല്‍കലാമെന്നാല്‍ യവനചിന്തയെ എതിരിടാന്‍ വേണ്ടി നടന്ന നീണ്ട ചര്‍ച്ചകളായിരുന്നു. തത്വചിന്തകരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഇസ്‌ലാമിക ദൈവശാസ്‌ത്രത്തിന്റെ പക്ഷത്തുനിന്നു കൊണ്ടുള്ള മറുപടികള്‍. ഗസ്സാലിയും റാസിയും യവനചിന്തകളെ ശക്തമായി നേരിട്ടു. എങ്കിലും ശാ വലിയുല്ലാഹ്‌ ആണ്‌ ഖുര്‍ആനിന്റെയും ഹദീസിന്റെയും സന്ദേശങ്ങളുടെ അടിത്തറയില്‍ ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങളെ പുനസ്ഥാപിച്ച്‌ ഇല്‍മുല്‍കലാമിനെ ഉറച്ച, യുക്തിഭദ്രമായ ഒരു പഠനശാഖയായി വികസിപ്പിച്ചത്‌.
ഇന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ചരിത്രകാരനുമായ ശിബ്‌ലി നുഅ്‌മാനി (1914) യുടെ അഭിപ്രായത്തില്‍ ഇല്‍മുല്‍ കലാമിന്റെ മേഖലയില്‍ ഗസ്സാലിയുടെയും റാസിയുടെയും സംഭാവനകളെ ഏറെ പിന്നിലാക്കുന്നുണ്ട്‌ ശാ വലിയുല്ലായുടെ ഗഹനമായ പാണ്ഡിത്യം നല്‌കിയ സംഭാവനകള്‍. മുന്‍കാല മുതകല്ലിമുകള്‍ പൂര്‍ണമായും അഖീദയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലാണ്‌ ശ്രദ്ധ കേന്ദ്രീകരിച്ചത്‌. അഖീദയും ശരീഅത്തുമായി ജൈവികമായ ബന്ധം സ്ഥാപിക്കാന്‍ ശാ വലിയുല്ലാഹ്‌ ശ്രമിച്ചു.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: