ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍
എ അബ്‌ദുല്‍ഹമീദ് മദീനി
ഏറെ തെറ്റിദ്ധാരണകള്‍ക്ക് വിധേയമായ ഒരു വിഷയമാണിത്. ശിക്ഷാമുറകള്‍ നടപ്പില്‍ വരുത്തുന്നത് ഇസ്‌ലാമിന്റെ ലക്ഷ്യമല്ല. മറിച്ച്, നീതി നടപ്പില്‍ വരുത്തി മനുഷ്യന്റെ സാമൂഹ്യജീവിതത്തില്‍ ശാന്തിയും സമാധാനവും നിലനിറുത്തുകയാണുദ്ദേശ്യം. ഇസ്‌ലാമിലെ ശിക്ഷാ നിയമങ്ങള്‍ പ്രാകൃത നിയമങ്ങളാണെന്നും ആധുനിക കാലഘട്ടത്തില്‍ മാറിവരുന്ന സമൂഹങ്ങള്‍ക്ക് ഒരിക്കലും സ്വീകരിക്കാന്‍ പറ്റാത്തവയാണെന്നുമുള്ള രീതിയിലാണ് പലരും ഇതിനെ കാണാറുള്ളത്. തലവെട്ടുക, കൈ മുറിക്കുക, എറിഞ്ഞുകൊല്ലുക മുതലായ ക്രൂരനിയമങ്ങളാണ് ഇസ്‌ലാമിലെ ശിക്ഷാ വിധികള്‍ എന്ന് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. 2010-ല്‍ ലോകത്ത് മൊത്തമായി നടന്ന വധശിക്ഷയുടെ കണക്കെടുത്തപ്പോള്‍ അതില്‍ പകുതിയിലധികം കമ്യൂണിസ്റ്റ് ചൈനയിലാണ് ഉണ്ടായതെന്ന് തെളിഞ്ഞിട്ടുണ്ട്.എന്നാല്‍ ഇസ്‌ലാമിക ശിക്ഷാ സമ്പ്രദായം നടപ്പിലാക്കിയ ചില മുസ്‌ലിം രാജ്യങ്ങളില്‍ വളരെ അപൂര്‍വമായേ ഇത്തരം ശിക്ഷകള്‍ നടപ്പിലാക്കേണ്ടിവരാറുള്ളൂ. ഏത് കുറ്റകൃത്യങ്ങള്‍ക്കും പരലോകശിക്ഷയാണ് ഇസ്‌ലാം ഊന്നിപ്പറയുന്നത്. ഡല്‍ഹി കൂട്ടബലാല്‍സംഗം കഴിഞ്ഞശേഷം ഇതിനെല്ലാം പരിഹാരം ഇസ്‌ലാമിക ശിക്ഷാവിധികളാണെന്ന് പലരും പറയാന്‍ തുടങ്ങിയിട്ടുണ്ട്. ഏതായാലും കടുത്ത ശിക്ഷാനിയമങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ പാര്‍ലിമെന്റും കേന്ദ്രഭരണകൂടവും.
ഭൗതികശിക്ഷ ഇസ്‌ലാമിക വീക്ഷണത്തില്‍ മൂന്നുതരമായി കാണാവുന്നതാണ്.
പ്രതിക്രിയ/തുല്യശിക്ഷ
ഇതിന് ഖിസ്വാസ് എന്നാണ് ഖുര്‍ആന്‍ പേര് നല്‍കിയത്. ഒരു വ്യക്തിയെ അന്യായമായി മറ്റൊരാള്‍ കൊലപ്പെടുത്തിയാല്‍ പ്രതിക്രിയ എന്ന നിലക്ക് ഘാതകനെ വധിക്കാന്‍ ഖുര്‍ആന്‍ കല്‌പിക്കുന്നു. കാരണം ഭൂമിയില്‍ സമാധാനവും ശാന്തിയും നിലനില്‍ക്കണമെങ്കില്‍ ഈ ശിക്ഷാസമ്പ്രദായം അനിവാര്യമാണ്. ഖുര്‍ആന്‍ പറയുന്നു: ``ബുദ്ധിമാന്മാരേ, തുല്യശിക്ഷ നല്‍കുന്നതിലാണ് നിങ്ങളുടെ ജീവിതത്തിന്റെ നിലനില്‌പ്. നിങ്ങള്‍ സൂക്ഷ്‌മത പാലിക്കുന്നതിനു വേണ്ടിയത്രെ ഇത്.'' (2:179)
വധശിക്ഷ ക്രൂരമാണെന്ന് പറഞ്ഞ് ഇസ്‌ലാമിനെ വിമര്‍ശിക്കുന്നവരുടെ നിലാപട് തെറ്റാണെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമക്കിയിട്ടുണ്ട്. ജീവനും വിശ്വാസത്തിനും സമ്പത്തിനും ബുദ്ധിക്കും അഭിമാനത്തിനും സന്താനങ്ങള്‍ക്കും ഭീഷണി ഉണ്ടാക്കുന്ന സാമൂഹ്യദ്രോഹികളെ മാതൃകാപരമായി ശിക്ഷിച്ചാലല്ലാതെ മനുഷ്യര്‍ക്ക് സമാധാനവും ശാന്തിയുമുള്ള ജീവിതം ഉറപ്പുവരുത്തുക സാധ്യമല്ലെന്ന് ധാരാളം അനുഭവങ്ങള്‍ ഇന്ന് സാക്ഷ്യം വഹിക്കുന്നുണ്ട്. പിഞ്ചുകുഞ്ഞുങ്ങള്‍ക്കു പോലും പുറത്തിറങ്ങാന്‍ കഴിയാത്ത കാലമാണിതെന്ന് എല്ലാവരും സമ്മതിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ കടുത്ത ശിക്ഷകൊണ്ടല്ലാതെ തടയിടാന്‍ സാധ്യമല്ല. വധശിക്ഷ നിര്‍ത്തലാക്കിയ പല നാടുകളും ഇപ്പോള്‍ വധശിക്ഷ നടപ്പാക്കുന്നതിലേക്ക് തിരിച്ചുവരാന്‍ തുടങ്ങിയിരിക്കുന്നു. ചെറിയ കുറ്റങ്ങള്‍ക്കു പോലും വധശിക്ഷ നടപ്പാക്കുന്ന വാര്‍ത്തകളാണ് ചൈനയില്‍ നിന്ന് നാം കേട്ടുകൊണ്ടിരിക്കുന്നത്.
കുറ്റങ്ങളുടെ വലുപ്പ ചെറുപ്പമനുസരിച്ച് തുല്യശിക്ഷ നടപ്പാക്കാനാണ് ഖുര്‍ആന്‍ കല്‌പിക്കുന്നത്. ശിക്ഷ നടപ്പാക്കുമ്പോള്‍ പരിധി ലംഘിക്കാന്‍ പാടില്ലെന്നും കല്‍പനയുണ്ട്. ഖുര്‍ആന്‍ പറയുന്നു: ``ജീവനു ജീവന്‍, കണ്ണിനു കണ്ണ്, മൂക്കിന് മൂക്ക്, ചെവിക്ക് ചെവി, പല്ലിന് പല്ല്, മുറിവുകള്‍ക്ക് തത്തുല്യമായ പ്രതിക്രിയ എന്നിങ്ങനെയാണ് (തൗറാത്തില്‍) നാമവര്‍ക്ക് നിയമമായി വെച്ചിട്ടുള്ളത്. വല്ലവനും പ്രതിക്രിയ ചെയ്യാതെ മാപ്പ് നല്‍കുന്ന പക്ഷം അത് അവന് പാപമോചനത്തിന് ഉതകുന്ന പുണ്യകര്‍മമാകുന്നു. ആര്‍ അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധികല്‌പിക്കുന്നില്ലയോ അവര്‍ തന്നെയാണ് അക്രമികള്‍.'' (5:45)
പാവപ്പെട്ടവര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ വേദഗ്രന്ഥത്തില്‍ പറഞ്ഞ പ്രകാരമുള്ള ശിക്ഷ കണിശമായി നല്‍കുകയും പ്രമാണിമാരും പണക്കാരും തെറ്റ് ചെയ്‌താല്‍ ലഘുവായ ശിക്ഷകൊണ്ട് മതിയാക്കുകയും ചെയ്യുന്ന സമ്പ്രദായമായിരുന്നു യഹൂദര്‍ ചെയ്‌തുവന്നത്. ആധുനിക യുഗത്തിലും ഈ സമ്പ്രദായം വ്യാപകമായി കാണാവുന്നതാണ്. മേല്‍പറഞ്ഞ ശിക്ഷാസമ്പ്രദായം നടപ്പാക്കുന്നതില്‍ ഖുര്‍ആന്‍ സ്വീകരിച്ച നിലപാട് കുറ്റമറ്റതാണ്. അഥവാ കുറ്റത്തിന്നനുസരിച്ച ശിക്ഷയാണ് നല്‍കാന്‍ നിര്‍ദേശിച്ചത്.
ശിക്ഷ നടപ്പാക്കല്‍ ഒരു ലക്ഷ്യമായി ഖുര്‍ആന്‍ പറയുന്നില്ല. അതേസമയം കുറ്റം ചെയ്‌തവന് മാപ്പ് നല്‍കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. യഥാര്‍ഥത്തില്‍ കുറ്റം ചെയ്‌തവനെ ശിക്ഷിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് മനുഷ്യരാണ്. നമ്മുടെ നാട്ടില്‍ ഒരു കൊലയാളിയെ വധശിക്ഷയ്‌ക്ക് വിധിച്ചാല്‍ അയാള്‍ക്ക് മാപ്പ് നല്‍കാനുള്ള അധികാരം ഇന്ത്യന്‍ പ്രസിഡന്റില്‍ മാത്രം നിക്ഷിപ്‌തമാണ്. രാഷ്‌ട്രപതി മാപ്പ് നല്‍കിയാല്‍ കൊലയാളിക്ക് ജയില്‍മോചനം ലഭിക്കുന്നു. എന്നാല്‍ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന്റെ പക അങ്ങനെ തന്നെ ബാക്കി നില്‌ക്കുന്നു. അതിനാല്‍ പ്രസിഡന്റ് മാപ്പ് നല്‍കി വധശിക്ഷയില്‍ നിന്ന് മോചനം ലഭിച്ച വ്യക്തി പുറത്തിറങ്ങിയാല്‍ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബക്കാര്‍ അയാളെ വധിക്കാന്‍ കോപ്പുകൂട്ടുന്ന കാഴ്‌ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
ഇങ്ങനെ വരുമ്പോള്‍ മാപ്പിന് യാതൊരര്‍ഥവുമില്ല. ഇത് കൊലപാതകങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടായിത്തീരാന്‍ കാരണമാകുന്നു. അതുകൊണ്ടാണ് കൊലയാളിക്ക് മാപ്പ് നല്‍കാനുള്ള അധികാരം ഭരണാധികാരിക്ക് നല്‍കാതെ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് നല്‍കിയത്. ഇങ്ങനെ മാപ്പ് ലഭിച്ചാല്‍ പിന്നെ പകയും വിദ്വേഷവും ഒട്ടും അവശേഷിക്കുന്നില്ല. ഖുര്‍ആന്‍ പറയുന്നു: ``അല്ലാഹു പവിത്രത നല്‍കിയിട്ടുള്ള ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിക്കരുത്. അക്രമത്തിനു വിധേയനായി വല്ലവനും കൊല്ലപ്പെടുന്ന പക്ഷം അവന്റെ അവകാശികള്‍ക്ക് നാം (പ്രതികാരം) ചെയ്യാന്‍ അധികാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ അവന്‍ കൊലയില്‍ അതിരുകവിയരുത്. തീര്‍ച്ചയായും അവന്‍ സഹായിക്കപ്പെടുന്നവനാകുന്നു.'' (17:33)
ഇവിടെ ഖുര്‍ആനിക നിയമത്തിന്റെ പ്രസക്തി വളരെ വ്യക്തമായി കാണാം. കൊലയാളിക്ക് കൊല്ലപ്പെട്ടവന്റെ കുടുംബം മാപ്പ് നല്‍കിയാല്‍ പിന്നെ ഒരുതരത്തിലുള്ള പകയും വിദ്വേഷവും അവശേഷിക്കുന്നില്ല. മാത്രമല്ല, അവരുടെ നല്ല മനസ്സിനെ പുകഴ്‌ത്തി പറയുകയും ചെയ്യും. ഇങ്ങനെ മാപ്പ് നല്‍കുമ്പോള്‍ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നല്‍കേണ്ടതുണ്ട്. ഈ നഷ്‌ടപരിഹാരം നല്‍കുന്നതില്‍ മഹത്തായ ഒരു തത്വം ഒളിഞ്ഞിരിപ്പുണ്ട്. കൊല്ലപ്പെട്ടവന്റെ കുടുംബത്തിന് വളരെ വമ്പിച്ച ഒരു നഷ്‌ടമാണ് സംഭവിച്ചിട്ടുള്ളത്. അത് പൂര്‍ണമായി നികത്തിക്കൊടുക്കണമെങ്കില്‍ കൊല്ലപ്പെട്ട വ്യക്തിക്ക് ജീവന്‍ നല്‍കാന്‍ കഴിയണം. അതൊരിക്കലും നടക്കാത്ത കാര്യമാണ്. പിന്നെ ആ കുടുംബത്തിനു പറ്റിയ നഷ്‌ടത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ നഷ്‌ടപരിഹാരം വഴി നേടിക്കൊടുക്കാന്‍ കൊലയാളിയുടെ കുടുംബത്തിന് കഴിയുകയുള്ളൂ. അങ്ങനെ കഴിയാവുന്ന ഒരു കാര്യം ചെയ്യുന്നു എന്നുമാത്രം.
മാപ്പ് ലഭിച്ച വ്യക്തി എന്നും കൊല്ലപ്പെട്ടവന്റെ കുടുംബത്തോട് നന്ദിയുള്ളവനായിരിക്കുകയും ചെയ്യും. നഷ്‌ടപരിഹാരം കൊടുക്കുന്നതില്‍ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. നഷ്‌ടപരിഹാരം കൊടുക്കേണ്ടത് കൊലയാളിയല്ല. കൊലയാളിയുടെ കുടുംബത്തില്‍ പെട്ടവര്‍ തുല്യ പങ്ക് എടുത്തുകൊണ്ടാണ് നഷ്‌ടപരിഹാരം നല്‍കേണ്ടത്. അതുകൊണ്ട് ഓരോ കുടുംബവും ആ കുടുംബത്തിലെ ഓരോ അംഗത്തെപറ്റിയും ഉത്തരവാദിത്തബോധമുള്ളവരായിരിക്കും.
നിര്‍ണിത ശിക്ഷ
ചില പ്രത്യേക കുറ്റങ്ങള്‍ക്ക് ഭൗതികമായി നല്‍കുന്ന ശിക്ഷ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനെ ഹദ്ദ് എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ``വ്യഭിചരിക്കുന്ന സ്‌ത്രീ പുരുഷന്മാരില്‍ ഓരോരുത്തരെയും നൂറടി വീതം അടിക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ അല്ലാഹുവിന്റെ മതനിയമത്തില്‍ (അത് നടപ്പാക്കുന്നതില്‍) അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ. അവരുടെ ശിക്ഷ നടക്കുന്നിടത്ത് സത്യവിശ്വാസികളില്‍ നിന്നുള്ള ഒരു സംഘം സന്നിഹിതരാവുകയും ചെയ്യട്ടെ.'' (വി.ഖു 24:2)
ഡല്‍ഹി കൂട്ടബലാത്സംഗത്തിനെതിരെ മുറവിളി കൂട്ടിയവര്‍ അക്രമികളെ പരസ്യമായി ശിക്ഷിക്കണമെന്ന മുദ്രാവാക്യം മുഴക്കിയത് നാം കേട്ടതാണ്. വ്യഭിചാരത്തിനും കളവിനും ശിക്ഷ നടപ്പിലാക്കാന്‍ കുറേ നിബന്ധനകള്‍ നബി(സ) നിര്‍ദേശിച്ചിട്ടുണ്ട്. ആ നിബന്ധനകള്‍ പൂര്‍ത്തിയായാല്‍ മാത്രമേ ശിക്ഷ നടപ്പിലാക്കാന്‍ പാടുള്ളൂ. തെളിവ് പൂര്‍ത്തിയാവാത്ത വ്യഭിചാരാരോപണത്തിനും ഖുര്‍ആന്‍ ശിക്ഷ നല്‍കുന്നുണ്ട്. ``ചാരിത്ര്യവതികളുടെ മേല്‍ (വ്യഭിചാരം) ആരോപിക്കുകയും എന്നിട്ട് നാല് സാക്ഷികളെ കൊണ്ടുവരാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ എണ്‍പത് അടി അടിക്കുക. അവരുടെ സാക്ഷ്യം നിങ്ങള്‍ ഒരിക്കലും സ്വീകരിക്കുകയും ചെയ്യരുത്. അവര്‍ തന്നെയാകുന്നു അധര്‍മകാരികള്‍.'' (24:4)
നാട്ടില്‍ കലാപമുണ്ടാക്കി ശാന്തിയും സമാധാനവും തകര്‍ക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ക്ക് കടുത്ത ശിക്ഷയാണ് വിശുദ്ധ ഖുര്‍ആന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ``അല്ലാഹുവോടും അവന്റെ ദൂതനോടും പോരാടുകയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയുകയോ, നാടുകടത്തുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുണ്ടായിരിക്കും.'' (5:33)
ഇത്തരം ശിക്ഷാനടപടികള്‍ വ്യക്തികള്‍ നടപ്പാക്കാന്‍ പാടില്ല. ഭരണകൂടമാണ് ഇത് നടപ്പിലാക്കേണ്ടത്. കളവ് നടത്തിയതായി തെളിഞ്ഞാല്‍ കൈപ്പടം മുറിക്കലാണ് ശിക്ഷ. മനുഷ്യന് സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കണമെങ്കില്‍ അവന്റെ സമ്പത്തിന് സംരക്ഷണം കിട്ടേണ്ടതുണ്ട്. അതിന്റെ ഭാഗമായിട്ടാണ് കട്ടവര്‍ക്കുള്ള ശിക്ഷ വിശുദ്ധ ഖുര്‍ആന്‍ ഏര്‍പ്പെടുത്തിയത്. അല്ലാഹു പറയുന്നു: ``മോഷ്‌ടിക്കുന്നവന്റെയും മോഷ്‌ടിക്കുന്നവളുടെയും കൈകള്‍ നിങ്ങള്‍ മുറിച്ചുകളയുക. അവര്‍ സമ്പാദിച്ചതിനുള്ള പ്രതിഫലവും അല്ലാഹുവിങ്കല്‍ നിന്നുള്ള മാതൃകാപരമായ ശിക്ഷയുമാണത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.'' (5:38)
ഇങ്ങനെ മനുഷ്യരുടെ സൈ്വര്യജീവിതത്തിന് തടസ്സമുണ്ടാക്കുന്ന എല്ലാ കാര്യങ്ങളെയും വളരെ ശക്തമായ നിലക്ക് ഖുര്‍ആന്‍ തടഞ്ഞിട്ടുണ്ട്. സമാധാനത്തിന്റെ ഭവനത്തിലേക്കാണല്ലോ ഇസ്‌ലാം ജനങ്ങളെ ക്ഷണിക്കുന്നത്. സമാധാനാന്തരീക്ഷം നിലനില്‍ക്കണമെങ്കില്‍ കുറ്റങ്ങള്‍ക്ക് അതനുസരിച്ചുള്ള ശിക്ഷ നല്‍കിയേ തീരൂ.
വിധികര്‍ത്താക്കള്‍ നിശ്ചയിക്കുന്ന ശിക്ഷ
ഭരണാധികാരികളും വിധികര്‍ത്താക്കളും നിശ്ചയിക്കുന്ന ശിക്ഷയാണിത് (തഅ്‌സീര്‍). കുറ്റങ്ങളും ശിക്ഷകളും മുഴുവന്‍ ഖുര്‍ആന്‍ എണ്ണിപ്പറഞ്ഞിട്ടില്ല. ഖുര്‍ആന്‍ വ്യക്തമാക്കിയത് പ്രതിക്രിയയും നിര്‍ണിതമായ ശിക്ഷകളുമാണ്. അല്ലാത്തവ, അതത് സന്ദര്‍ഭങ്ങളില്‍, കുറ്റത്തിന്റെ തരവും തോതും കുറ്റവാളികളുടെ അവസ്ഥയും സാഹചര്യവും എല്ലാം കണക്കിലെടുത്ത് വിധികര്‍ത്താക്കള്‍ക്ക് അപ്പപ്പോള്‍ കല്‍പിക്കാവുന്ന ശിക്ഷാവിധികളാണ് തഅ്‌സീര്‍ കൊണ്ടുദ്ദേശിക്കുന്നത്. താഴെ പറയുന്ന കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് ഖുര്‍ആന്‍ ശിക്ഷ നടപ്പിലാക്കാന്‍ പറഞ്ഞിട്ടുള്ളത്.
1). ജീവനും മതവിശ്വാസത്തിനും ധനത്തിനും ബുദ്ധിക്കും സന്താനങ്ങള്‍ക്കും പൂര്‍ണമായ സംരക്ഷണവും സ്വാതന്ത്ര്യവും ലഭിക്കേണ്ടതുണ്ട്. ഈ അഞ്ചു കാര്യങ്ങള്‍ക്ക് സംരക്ഷണം ഉണ്ടായാല്‍ മാത്രമേ മനുഷ്യര്‍ക്ക് ജീവിതത്തില്‍ സമാധാനവും ശാന്തിയും ലഭിക്കുകയുള്ളൂ. ഇതില്‍ ഏതെങ്കിലും ഒരു കാര്യം തകര്‍ത്തുകളയാന്‍ ആര് ശ്രമിച്ചാലും ശിക്ഷിക്കപ്പെടേണ്ടതാണ്. ഇസ്‌ലാം സമാധാനത്തിന്റെ മതമാണല്ലോ.
2). അക്രമിക്കപ്പെട്ടവന്റെ കുടുംബത്തിന്റെ പകയും രോഷവും തണുപ്പിക്കുന്നു. അതുകൊണ്ടാണ് കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് ശിക്ഷ നടപ്പിലാക്കുന്ന കാര്യത്തില്‍ പരമാധികാരം നല്‍കിയത്.
3. അക്രമിക്കപ്പെട്ടവന്റെ കുടുംബത്തിന് നഷ്‌ടപരിഹാരം ലഭിക്കുന്നതുകൊണ്ട് ആ കുടുംബത്തിന്റെ കഷ്‌ടനഷ്‌ടങ്ങളില്‍ അക്രമിയുടെ കുടുംബം പങ്കുചേരുന്നു. ഇത് സ്വാഭാവികമായും അവരുടെ മനസ്സിലെ വിദ്വേഷം തണുപ്പിക്കാന്‍ കാരണമായിത്തീരുന്നു.
4. വ്യക്തിയുടെ നിലവാരത്തിന്നനുസരിച്ച് ശിക്ഷ നടപ്പിലാക്കണമെന്നാണ് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. അതുകൊണ്ടാണ് അടിമകള്‍ കുറ്റം ചെയ്‌താല്‍ സ്വതന്ത്രന് നല്‍കുന്ന ശിക്ഷയുടെ പകുതി മാത്രമേ നല്‍കാന്‍ പാടുള്ളൂ എന്ന് പറഞ്ഞത്.
``അങ്ങനെ അവര്‍ (അടിമസ്‌ത്രീകള്‍) വൈവാഹികജീവിതത്തിന്റെ സംരക്ഷണയിലായിക്കഴിഞ്ഞിട്ട് അവര്‍ മ്ലേച്ഛവൃത്തിയില്‍ ഏര്‍പ്പെടുന്നപക്ഷം സ്വതന്ത്ര വനിതകള്‍ക്കുള്ളതിന്റെ പകുതി ശിക്ഷ അവര്‍ക്കുണ്ടായിരിക്കും.'' (വി.ഖു 4:25)
0 comments: