വഴിതെറ്റുന്ന ഭയവും ഭക്തിയും
പി കെ മൊയ്‌തീന്‍സുല്ലമി കുഴിപ്പുറം
തന്റെ ശത്രുക്കളെ ഭയപ്പെടുത്തുകയെന്നത് മനുഷ്യന്റെ ജന്മനായുള്ള ദൗര്‍ബല്യമാണ്. തനിക്ക് ആരെയും ഭയമില്ല എന്ന് വാദിക്കുന്നവരില്‍ അധികപേരും ഏതെങ്കിലും ഒരു ശബ്‌ദം കേള്‍ക്കുമ്പോഴേക്ക് പേടിച്ചരണ്ട് ഓടിയൊളിക്കുന്നവരായിരിക്കും. ഭയം മനുഷ്യസഹജമാണ്. മനുഷ്യന് ദ്രോഹം വരുത്തുന്ന സൃഷ്‌ടികളില്‍ പലതിനെയും നാം ഭയപ്പെടുന്നു. കള്ളന്മാര്‍, കൊള്ളക്കാര്‍, വന്യമൃഗങ്ങള്‍, വിഷംചീറ്റുന്ന പാമ്പുകളടക്കമുള്ള ഇഴജന്തുക്കള്‍ തുടങ്ങിയവ ഇങ്ങനെ നാം ഭയക്കുന്നവയാണ്. ഒരു സത്യവിശ്വാസി അല്ലാഹുവെ നിര്‍ബന്ധമായും ഭയപ്പെടുന്നു. അല്ലാഹു പറയുന്നു: ``അവര്‍ തങ്ങളുടെ രക്ഷിതാവിനെ അദൃശ്യമായ നിലയില്‍ ഭയപ്പെടുന്നവരും അന്ത്യനാളിനെ സംബന്ധിച്ച് ഉല്‍ക്കണ്‌ഠയുള്ളവരുമാകുന്നു.'' (അന്‍ബിയാഅ് 49)
എന്നാല്‍ നാം അല്ലാഹുവെ സ്‌നേഹിക്കുന്നതുപോലെയോ ഭയക്കുന്നതുപോലെയോ ബഹുമാനിക്കുന്നതു പോലെയോ ഒരു സൃഷ്‌ടിയെയും സ്‌നേഹിക്കാനോ ഭയപ്പെടാനോ ബഹുമാനിക്കാനോ പാടില്ല. അത്തരം സ്‌നേഹവും ഭയവും ആദരവും ശിര്‍ക്കിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നതുമാണ്. അല്ലാഹു പറയുന്നു: ``അല്ലാഹുവിനു പുറമെയുള്ളവരെ അവന് സമന്മാരാക്കുന്ന ചില മനുഷ്യര്യണ്ട്. അല്ലാഹുവെ സ്‌നേഹിക്കുന്നതുപോലെ ഈ മനുഷ്യര്‍ അവരെയും സ്‌നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്‌നേഹമുള്ളവരാകുന്നു.''(അല്‍ബഖറ 165)
ഭയപ്പാടിനെക്കുറിച്ച് മറ്റൊരു വചനം ശ്രദ്ധിക്കുക: ``പിന്നീടവര്‍ക്ക് യുദ്ധം നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍ അവരില്‍ ഒരു വിഭാഗം അല്ലാഹുവെ ഭയപ്പെടുംപോലെയോ അതിനെക്കാള്‍ ശക്തമായ നിലയിലോ ജനങ്ങളെ ഭയപ്പെടുന്നു'' (അന്നിസാഅ് 77). മേല്‍ വചനങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാവുന്ന കാര്യം ഇതാണ്: അല്ലാഹുവെ സ്‌നേഹിക്കുന്നതുപോലെ സൃഷ്‌ടികളെ സ്‌നേഹിക്കുകയെന്നത് അവന് സമന്മാരെ സൃഷ്‌ടിക്കുന്നതിന് തുല്യമാണ്. അല്ലാഹുവിന് സമന്മാരെ സൃഷ്‌ടിക്കല്‍ ശിര്‍ക്കാണെന്ന കാര്യത്തില്‍ സംശയമില്ലല്ലോ? രണ്ടാമത്തെ വചനം അല്ലാഹുവല്ലാത്തവരെ അല്ലാഹുവിനെ ഭയപ്പെടുന്നതുപോലെയോ അതിലധികമോ ഭയപ്പെടുന്നതിനെ സംബന്ധിച്ചാണ്. അത് ആദ്യവചനത്തിന് തുല്യമായ ശിര്‍ക്കാണെന്ന് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ?
സ്‌നേഹവും ഭയവും ബഹുമാനവും എപ്പോഴാണ് ശിര്‍ക്കായിത്തീരുക? എപ്പോഴാണ് അനുവദനീയമായിത്തീരുക എന്നൊന്നും ജനങ്ങളില്‍ ബഹുഭൂരിപക്ഷത്തിനും അറിഞ്ഞുകൂടാ. നല്ലൊരു ശതമാനം ആളുകളും അല്ലാഹുവെക്കാളും അവന്റെ ദൂതനെക്കാളും പ്രിയംവെക്കുന്നതും ഭയപ്പെടുന്നതും ബഹുമാനിക്കുന്നതും അവര്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന പുരോഹിതന്മാരെയും ദിവ്യന്മാരെയുമാണ്. അതുകൊണ്ടുതന്നെയാണ് അല്ലാഹുവോട് ചോദിക്കേണ്ട പലതും അല്ലാഹു അല്ലാത്തവരോട് ചോദിച്ചുകൊണ്ടിരിക്കുന്നതും. സ്‌നേഹവും ഭയവും ബഹുമാനവുമൊക്കെ ആരാധനയായിത്തീരുന്നത് അവരുടെ പ്രിയപ്പെട്ടവരെ സ്‌നേഹിക്കുകയും ഭയപ്പെടുകയും ആദരിക്കുകയും ചെയ്യുന്നതിനോടൊപ്പം ഭക്തിയും കൂടി, കൂടിക്കലരുമ്പോഴാണ്. തനിക്കറിവില്ലാത്ത കാര്യങ്ങള്‍ പഠിപ്പിച്ചുതരുന്ന ഗുരുനാഥന്‍ എന്ന നിലയില്‍ ഒരാളെ അല്‌പം ഭയപ്പെടുകയോ ആദരിക്കുകയോ സ്‌നേഹിക്കുകയോ ചെയ്യുന്നതില്‍ കുറ്റമില്ല. അതേസമയം പ്രസ്‌തുത ഭയത്തോടും, ആദരവോടും സ്‌നേഹത്തോടും ആദരിക്കുന്ന വ്യക്തിയില്‍ ഭക്തികൂടുമ്പോള്‍ അത് ആരാധനയും ശിര്‍ക്കുമായി മാറുന്നു.
ഭക്തിപുരസ്സരം നടത്തുന്ന ഈ ഭയവും സ്‌നേഹവും ആദരവും ഉണ്ടായിത്തീരാനുള്ള കാരണം ഈ വ്യക്തികളെ സംബന്ധിച്ചുള്ള ചില അന്ധവിശ്വാസങ്ങളാണ്. അഥവാ അഭൗതികവും അദൃശ്യവും മനുഷ്യകഴിവിന്നതീതവുമായ ചില കഴിവുകള്‍ ഇത്തരം വ്യക്തികള്‍ക്കുണ്ടെന്ന മൂഢമായ ധാരണ. ഭയം എന്താണെന്ന് ആര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഭക്തി എന്നതിന്റെ വിവക്ഷ താന്‍ ഭയക്കുന്ന വ്യക്തിക്കോ ശക്തിക്കോ അദൃശ്യവും അഭൗതികവുമായ കഴിവുകളുണ്ടെന്ന ധാരണയില്‍ അവന്റെ മനസ്സില്‍ കുടികൊള്ളുന്ന മതിപ്പാണ്. ഈ മതിപ്പ് അവനെ ശിര്‍ക്കില്‍ അകപ്പെടുത്തുന്നു. ഭക്തി എന്നു പറയുന്നത് ഒരു മാനസിക പ്രക്രിയയാണ്. പരമമായ ഭക്തി സര്‍വശക്തനായ അല്ലാഹുവോട് മാത്രമേ പ്രകടിപ്പിക്കാവൂ. അല്ലാത്തവരോട് കാണിക്കല്‍ ശിര്‍ക്കും കുഫ്‌റുമാണ്.
സ്‌നേഹം, ഭയം, ആദരവ് എന്നിവ ആരാധനയായും അല്ലാതെയും വരാം. ചില ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക: ഒരു പണ്ഡിതനെ ഒരാള്‍ ആലിംഗനം ചെയ്‌തുകൊണ്ട് സ്വീകരിക്കുന്നു. രണ്ടാമതൊരാള്‍ പ്രസ്‌തുത പുരോഹിതനില്‍ നിന്ന് ബര്‍ക്കത്ത് കാംക്ഷിച്ചുകൊണ്ട് അയാളെ ആലിംഗനം ചെയ്യുന്നു. ഈ രണ്ട് ആലിംഗനങ്ങളില്‍ ഒന്നാമത്തേത് സല്‍ക്കര്‍മവും അനുവദനീയവുമാണ്. കാരണം അത് ഇസ്‌ലാമിക സാഹോദര്യത്തിന്റെ പേരില്‍ നടന്ന ആലിംഗനമാണ്. എന്നാല്‍ രണ്ടാമന്‍ ചെയ്‌ത ആലിംഗനം വര്‍ജ്യവും ശിര്‍ക്കുമാണ്. കാരണം അത് ബര്‍ക്കത്ത് ലഭിക്കാന്‍ വേണ്ടിയാണ്. ബര്‍ക്കത്ത് നല്‌കല്‍ (അദൃശ്യമായ നിലയില്‍ അനുഗ്രഹം പ്രദാനം ചെയ്യല്‍) അല്ലാഹുവിന്റെ കര്‍മത്തില്‍ പെട്ടതാണ്.
മറ്റൊരുദാഹരണം: ഒരു വീട്ടില്‍ നിന്ന് സ്വര്‍ണാഭരണം മോഷ്‌ടിച്ച ഒരാള്‍ പോലീസിന്റെ പിടിയിലായി. പോലീസിന്റെ മര്‍ദ്ദനം ഭയന്ന് അവന്‍ തെറ്റു സമ്മതിച്ച് വസ്‌തു പോലീസില്‍ തിരിച്ചേല്‍പിക്കുന്നു. പോലീസിന്റെ തല്ല് ഭയന്നാണ് ഇയാള്‍ വസ്‌തു തിരിച്ചേല്‌പിച്ചത് എന്നതിനാല്‍ ഇയാളുടെ ഈ ഭയപ്പടല്‍ ശിര്‍ക്കല്ല. അതേസമയം, മോഷ്‌ടാവിനെ നാട്ടുകാര്‍ പിടികൂടി നാട്ടിലെ മുഖ്യപുരോഹിതന്റെ മുമ്പില്‍ ഹാജരാക്കി എന്നിരിക്കട്ടെ. പുരോഹിതന്‍ മോഷ്‌ടാവിനെ വുദ്വൂ എടുപ്പിച്ച് തന്റെ മുന്നില്‍ നിര്‍ത്തുന്നു. (മോഷ്‌ടാവിന്റെ വിശ്വാസം, പുരോഹിതന് അദൃശ്യകാര്യങ്ങള്‍ അറിയുമെന്നാണ്.) മോഷ്‌ടാവ് പറയുന്നു: എനിക്ക് തെറ്റുപറ്റിപ്പോയി ഉസ്‌താദേ, ഇതാ ഞാന്‍ എടുത്ത സ്വര്‍ണം. ഇവിടെ മോഷ്‌ടാവിനെ നേരുപറയാന്‍ പ്രേരിപ്പിച്ചത് പുരോഹിതന് അദൃശ്യകാര്യം അറിയും എന്ന വിശ്വാസമാണ്. ഇത്തരം ഭയപ്പാടുകളുടെ കാരണം മേല്‍ പറഞ്ഞ ശിര്‍ക്കന്‍വിശ്വാസമാണ്. അതിനാല്‍ ഇത്തരം ഭയം ശിര്‍ക്കില്‍ പെട്ടതുമാണ്.
അല്ലാഹു നമുക്ക് ഖൈറും ശര്‍റും പ്രദാനം ചെയ്യുന്നതും അവനെ നാം ഭയപ്പെടുന്നതും അദൃശ്യമായ നിലയിലാണ്. അക്കാര്യം അല്ലാഹു നമ്മെ ഉണര്‍ത്തുന്നു. ``അദൃശ്യമായ നിലയില്‍ പരമകാരുണികനെ ഭയക്കുകയും താഴ്‌മയുള്ള ഹൃദയത്തോടുകൂടി വരുകയും ചെയ്‌തവന്നാണ് (സ്വര്‍ഗം).'' (ഖാഫ് 33).
അദൃശ്യമായ നിലയില്‍ അല്ലാഹു അല്ലാത്ത ശക്തികളെ ഭയക്കല്‍ ശിര്‍ക്കായിത്തീരും. ഇവിടെ സ്വാഭാവികമായും ഒരു ചോദ്യം വരാന്‍ സാധ്യതയുണ്ട്. പിശാചിന്റെ ശര്‍റു വരുന്നത് അദൃശ്യമായ നിലയിലാണ്. അതിനാല്‍ പിശാചിന്റെ ശര്‍റില്‍ വിശ്വസിക്കുന്നതും ശിര്‍ക്കാകില്ലേ? ഒരിക്കലുമല്ല. കാരണം പിശാച് അല്ലാഹുവിന്റെ പരീക്ഷണമാണ്. അല്ലാഹു മുന്‍കൂട്ടി തന്നെ അവന്റെ ശര്‍റിനെക്കുറിച്ച് നമുക്ക് മുന്നറിയിപ്പു നല്‌കിയിട്ടുണ്ട്. ആയതിനാല്‍ പിശാചില്‍ നിന്നും വരുന്ന ശര്‍റുകള്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അവന്റെ പരീക്ഷണാര്‍ഥം തന്നെയാണ്.
പിശാചിനെ ഭയപ്പെടാന്‍ അല്ലാഹു കല്‌പിച്ചിട്ടില്ല. മറിച്ച് തഖ്‌വ കൊണ്ട് നേരിടാനാണ് അല്ലാഹുവിന്റെ കല്‌പന. അല്ലാഹു അരുളി: ``തീര്‍ച്ചയായും തഖ്‌വയുള്ളവരെ പിശാചില്‍ നിന്നും വല്ല ദുര്‍ബോധനവും ബാധിച്ചാല്‍ അവര്‍ക്ക് (അല്ലാഹുവെക്കുറിച്ച്) ഓര്‍മ വരുന്നതാണ്. അപ്പോഴതാ അവര്‍ ഉള്‍ക്കാഴ്‌ചയുള്ളവരായിത്തീരുന്നു.'' (അഅ്‌റാഫ് 201). എന്നാല്‍ പിശാചിനെ അമിതമായി ഭയക്കുന്നത് ഖുര്‍ആനിന് വിരുദ്ധമാണ്.
അല്ലാഹു പറയുന്നു: ``നിങ്ങള്‍ പിശാചുക്കളെയും അവന്റെ മിത്രങ്ങളെയും ഭയപ്പെടരുത്. നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ എന്നെ നിങ്ങള്‍ ഭയപ്പെടുക'' (ആലുഇംറാന്‍ 175). പിശാചിനെ ഭയക്കരുത് എന്നു പറഞ്ഞതിന്റെ കാരണവും അല്ലാഹു ഉണര്‍ത്തുന്നു: ``അതിനാല്‍ പിശാചിന്റെ മിത്രങ്ങളുമായി നിങ്ങള്‍ യുദ്ധം ചെയ്യുക. തീര്‍ച്ചയായും പിശാചിന്റെ കുതന്ത്രം ദുര്‍ബലമാകുന്നു''(നിസാഅ് 76). പലരും പിശാചിനെ അമിതമായി ഭയപ്പെടുക മാത്രമല്ല ചെയ്‌തുകൊണ്ടിരിക്കുന്നത്. മറിച്ച് അല്ലാഹുവിന്റെ പരീക്ഷണങ്ങളില്‍ പെട്ട രോഗം, മറവി എന്നീ കാര്യങ്ങള്‍ പിശാചിന്റെ പ്രവര്‍ത്തനങ്ങളാണെന്നു പ്രചരിപ്പിച്ച് അവന്റെ പ്രവര്‍ത്തനങ്ങളില്‍ ശിര്‍ക്കുവെക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്നു.
0 comments: