ശബാബ് മുഖാ മുഖം 2013_ജൂലൈ_12

  • Posted by Sanveer Ittoli
  • at 3:04 AM -
  • 0 comments

ശബാബ് മുഖാ മുഖം 2013_ജൂലൈ_12

കാരുണ്യയില്‍ നിന്ന്‌ സഹായം സ്വീകരിക്കാമോ?

കാരുണ്യ ലോട്ടറിയിലൂടെ സര്‍ക്കാറില്‍ നിന്നും കിട്ടുന്ന ധനസഹായം സ്വീകരിക്കുന്നതില്‍ തെറ്റുണ്ടോ?
അബൂശഹീര്‍ എടവണ്ണ

ഇത്‌ വീക്ഷണവ്യത്യാസത്തിന്‌ സാധ്യതയുള്ള വിഷയമാണ്‌. സര്‍ക്കാറില്‍ നിന്ന്‌ സഹായം ലഭിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചേടത്തോളം, സര്‍ക്കാറിന്‌ ആ പണം ലഭിച്ചത്‌ ഏത്‌ വിധത്തിലാണെന്ന്‌ ഉറപ്പിക്കുക പ്രായോഗികമായി എളുപ്പമായിരിക്കുകയില്ല. അതിനാല്‍ സര്‍ക്കാര്‍ സഹായം ലഭിക്കുന്ന പാവപ്പെട്ടവര്‍ ആ സഹായത്തുകയുടെ ഉറവിടം അന്വേഷിക്കാന്‍ ബാധ്യസ്ഥരല്ലെന്നാണ്‌ `മുസ്‌ലിം' കരുതുന്നത്‌.

റമദാനില്‍ ആര്‍ത്തവം തടഞ്ഞുകൂടേ?

റമദാനില്‍ നോമ്പെടുക്കുമ്പോള്‍ ആര്‍ത്തവം ഉണ്ടാവാതിരിക്കാന്‍, അത്‌ ഗുളിക കഴിച്ചോ മറ്റോ പിടിച്ചുവെച്ചുകൂടേ? ഇങ്ങനെ ചെയ്യുന്നത്‌ ആരോഗ്യത്തിന്‌ ദോഷം ചെയ്യുമെങ്കിലും മതപരമായി വല്ല കുഴപ്പവുമുണ്ടോ?
എം ഖദീജ തിരൂര്‍

വിശുദ്ധ ഖുര്‍ആനിലെ 30:30 സൂക്തത്തില്‍ അല്ലാഹുവിന്റെ സൃഷ്‌ടിപ്പിന്‌ മാറ്റം വരുത്താവുന്നതല്ല എന്ന്‌ പറഞ്ഞിട്ടുണ്ട്‌. സ്‌ത്രീയുടെ ശരീരത്തിന്‌ അല്ലാഹു നിശ്ചയിച്ച വ്യവസ്ഥയുടെ ഭാഗമാണ്‌ ആര്‍ത്തവം. ആര്‍ത്തവം മുറപ്രകാരമാണെങ്കില്‍ അതിന്റെ അര്‍ഥം സ്‌ത്രീയുടെ ശരീരത്തിലെ ഹോര്‍മോണ്‍ വ്യവസ്ഥകളും നാഡീബന്ധങ്ങളും അന്യൂനമാണെന്നത്രെ. ഇതൊക്കെ അട്ടിമറിക്കുന്ന ഏര്‍പ്പാടാണ്‌ ആര്‍ത്തവം തടയുന്ന ഗുളിക കഴിക്കല്‍. അതിനാല്‍ അനിവാര്യമല്ലാത്ത സാഹചര്യങ്ങളില്‍ അത്‌ ഒഴിക്കുകയാണ്‌ വേണ്ടത്‌.

വില മുഴുവന്‍ അടയ്‌ക്കാത്ത വസ്‌തു വാങ്ങാമോ?

മാസത്തില്‍ നിശ്ചിത സംഖ്യയടച്ച്‌ വീട്ടുപകരണങ്ങള്‍ സ്വന്തമാക്കാവുന്ന ഒരു സമ്മാനപദ്ധതിയില്‍ ഞാന്‍ അംഗമാണ്‌. മാസം തോറുമുള്ള നറുക്കെടുപ്പില്‍ നറുക്ക്‌ വീണവര്‍ പിന്നീട്‌ പണം അടയ്‌ക്കേണ്ടതില്ല. മുഴുവന്‍ വിലയും അടച്ചുതീരാതെ കിട്ടുന്ന വസ്‌തുക്കള്‍ ഒരു മുസ്‌ലിം സ്വീകരിക്കുന്നത്‌ ഹറാമാകുമോ?
അബൂശഹീര്‍ എടവണ്ണ

ഈ സമ്മാനപദ്ധതി ഒരുതരം ചൂതാട്ടമാണ്‌. സത്യവിശ്വാസികള്‍ അതില്‍ ചേരാന്‍ പാടില്ല. ഒരേ തുകയുടെ വീട്ടുപകരണങ്ങള്‍ പലര്‍ക്ക്‌ പല നിരക്കില്‍ കൊടുക്കാന്‍ കഴിയില്ലെന്ന്‌ മനസ്സിലാക്കാന്‍ പ്രയാസമില്ല. അപ്പോള്‍ ഈ സമ്മാനപദ്ധതി നടത്താന്‍ കഴിയുന്നത്‌ വൈകി കിട്ടുന്നവരില്‍ നിന്ന്‌ ആനുപാതികമായി കൂടുതല്‍ തുക വാങ്ങുന്നതുകൊണ്ടാണ്‌. കേവലം ചാന്‍സിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്‌ ചിലര്‍ക്ക്‌ ചുരുങ്ങിയ തുകക്കോ തീരെ പണമടയ്‌ക്കാതെയോ ഉപകരണങ്ങള്‍ ലഭിക്കുന്നത്‌. ഇത്‌ തന്നെയാണല്ലോ ഖുര്‍ആനില്‍ നിരോധിച്ച `മൈസിര്‍' (ചൂതാട്ടം).

പള്ളിയെന്ന പ്രയോഗം തെറ്റാകുമോ?

മസ്‌ജിദിനെ പള്ളി എന്നു വിളിക്കുന്നത്‌ ശരിയല്ലെന്നും അത്‌ ബുദ്ധ-ജൈന ആരാധനാലയങ്ങള്‍ക്ക്‌ വിളിക്കുന്ന പേരായിരുന്നുവെന്നും ഈയിടെ വായിക്കാന്‍ കഴിഞ്ഞു. നമ്മുടെ മേല്‍ മറ്റാരോ ചാര്‍ത്തിയ ഈ പേര്‌ മതപരമായി തെറ്റെന്ന്‌ പറയാനാകുമോ? 
കെ അബ്‌ദുല്‍ഗഫൂര്‍ ഫറോക്ക്‌

ഒരു പദം ഒരു ഭാഷയില്‍ തന്നെ പല അര്‍ഥങ്ങളില്‍ പ്രയോഗിക്കാറുണ്ട്‌. ക്രിസ്‌ത്യാനികള്‍ അവരുടെ ആരാധനാലയത്തിനും പള്ളിയെന്ന്‌ പറയുന്നു. തമിഴില്‍ വിദ്യാലയത്തിനാണ്‌ പള്ളിയെന്ന്‌ പറയുന്നത്‌. ബുദ്ധരോ ജൈനരോ ആ പദം പ്രയോഗിച്ചിരുന്നതുകൊണ്ട്‌ മുസ്‌ലിംകള്‍ക്ക്‌ ഈ കാര്യത്തില്‍ അങ്കലാപ്പുണ്ടാകേണ്ട കാര്യമില്ല.

മഹല്ല്‌ കമ്മിറ്റിക്ക്‌ വിവാഹിതരോട്‌ സഹകരിച്ചുകൂടേ?

പലര്‍ക്കും ഗ്രാമപഞ്ചായത്തില്‍ നിന്നും കിട്ടുന്ന വിവാഹ സര്‍ട്ടിഫിക്കറ്റ്‌ അനിവാര്യമായിരിക്കുന്നു. എന്നാല്‍ മുസ്‌ലിം പെണ്‍കുട്ടികളില്‍ പലരും 15,16,17 വയസ്സുകളിലൊക്കെ വിവാഹിതരായവരാണ്‌. പഞ്ചായത്തില്‍ നിന്ന്‌ സാക്ഷ്യപത്രം കിട്ടണമെങ്കില്‍ പള്ളിക്കമ്മറ്റി സാക്ഷ്യപ്പെടുത്തുകയും വേണം. അവരാകട്ടെ, കള്ളം പറയേണ്ടിവരുന്നതിനാല്‍ അതിന്‌ തയ്യാറാകുന്നുമില്ല. മതത്തിന്‌ മുന്‍ഗണന നല്‌കി വിവാഹം ചെയ്‌തുകൊടുക്കാന്‍ തയ്യാറാകുന്ന മഹല്ല്‌ കമ്മിറ്റി ശേഷം ഈ നിസ്സാര കാര്യത്തിന്‌ തയ്യാറാകാതിരിക്കുന്നത്‌ ശരിയാണോ?
തസ്‌നീമുസ്സലാം മുക്കം

കള്ളം പറയുന്നതും സത്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതും നിസ്സാരമായ കാര്യമല്ല. മുസ്‌ലിം രക്ഷിതാക്കളെ സത്യവഴിയിലൂടെ നീങ്ങാന്‍ പ്രേരിപ്പിക്കുകയാണ്‌ മഹല്ലുകമ്മിറ്റികള്‍ ചെയ്യേണ്ടത്‌. പതിനാറ്‌ വയസ്സിന്‌ മീതെ പ്രായമുള്ള മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹം ഇടക്കാലത്ത്‌ നടന്നുകഴിഞ്ഞതാണെങ്കില്‍ മഹല്ല്‌ കമ്മിറ്റിയുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഒരു സര്‍ക്കുലര്‍ നിലവിലുണ്ട്‌. അത്‌ മാധ്യമങ്ങള്‍ വിവാദമാക്കിയതിനാല്‍ മാറ്റാനിടയുണ്ട്‌. അതിനിടയില്‍ പള്ളിക്കമ്മിറ്റികള്‍ക്ക്‌ രക്ഷിതാക്കളോട്‌ ന്യായമായ നിലയില്‍ സഹകരിക്കാവുന്നതാണ്‌.

നപുംസകങ്ങളുടെ വിധിയെന്ത്‌?

ആണും പെണ്ണും കെട്ട ഒരു വിഭാഗം മനുഷ്യവര്‍ഗത്തിലുണ്ടല്ലോ. ഇവരില്‍ പലരും ഉള്ള ആണത്തം പൂര്‍ണമായും മറച്ചുവെക്കാനും പെണ്‍വേഷം കെട്ടിനടക്കാനും ഇഷ്‌ടപ്പെടുന്നു. ചിലര്‍ക്കാകട്ടെ, ആര്‍ത്തവവും ഗര്‍ഭപാത്രവുമൊക്കെ ഉണ്ടുതാനും. ഇതില്‍ മുസ്‌ലിംകളും അമുസ്‌ലിംകളുമുണ്ട്‌. ചില കര്‍മങ്ങളിലെങ്കിലും ഇസ്‌ലാമില്‍ ആണിനും പെണ്ണിനും വ്യത്യസ്‌തമായ നിയമങ്ങളുണ്ട്‌. ഇതിനപ്പുറം വിവാഹവും കുടുംബജീവിതവുമുണ്ട്‌. എന്തായിരിക്കും ഇത്തരം കാര്യങ്ങളിലൊക്കെ ഇവരുടെ മതവിധി?
പി പി ജമാലുദ്ദീന്‍ കോഴിക്കോട്‌

അല്ലാഹു മനുഷ്യരെയും മറ്റു ജന്തുജാലങ്ങളെയും ആണ്‍-പെണ്‍ എന്നീ രണ്ടു വര്‍ഗങ്ങളായാണ്‌ സൃഷ്‌ടിച്ചിട്ടുള്ളത്‌. നപുംസകത്വം ഒരു ജനിതക വൈകല്യമാണ്‌. രണ്ടിലൊരു ലൈംഗിക അവയവം പൂര്‍ണമായി വളരാത്ത അവസ്ഥ. താരതമ്യേന വളര്‍ച്ചയുള്ളത്‌ ഏത്‌ ലൈംഗിക അവയവത്തിനാണോ അതിന്റെ അടിസ്ഥാനത്തില്‍ നപുംസകത്തെ പുരുഷനായോ സ്‌ത്രീയായോ പരിഗണിക്കണമെന്നാണ്‌ പൂര്‍വികരായ ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്‌. ലിംഗമാറ്റ ശസ്‌ത്രക്രിയകള്‍ വിജയകരമായി നടത്തപ്പെടുന്ന ആധുനിക കാലത്ത്‌ ആണും പെണ്ണും കെട്ട അവസ്ഥയില്‍ ആരും ആജീവനാന്തം കഴിച്ചുകൂട്ടേണ്ടി വരില്ലെന്നാണ്‌ `മുസ്‌ലിം' കരുതുന്നത്‌.

ജിന്നിനെ എഴുന്നള്ളിച്ചത്‌ ചെകുത്താനല്ലേ?

മനുഷ്യ ബുദ്ധിക്ക്‌ ഒതുങ്ങാത്തതും ചര്‍ച്ച ചെയ്‌താലും ഗവേഷണം നടത്തിയാലും നന്മയൊന്നും കൊണ്ടുവരാത്തതുമായ `ജിന്ന്‌ വിഷയം' മുജാഹിദുകള്‍ക്കിടയില്‍ അടിച്ചേല്‌പിച്ചത്‌ സാക്ഷാല്‍ ചെകുത്താനായിരിക്കില്ലേ? ഇതുകൊണ്ടുള്ള നേട്ടവും അവന്‌ തന്നെയല്ലേ?
കെ വി അഹ്‌മദ്‌ കൊയിലാണ്ടി

അല്ലാഹുവിന്റെ മാത്രം സംരക്ഷണത്തിലും പരിപാലനത്തിലുമാണ്‌ നാം കഴിയുന്നത്‌. അതിനാല്‍ നമുക്ക്‌ വിളിച്ചുതേടാന്‍ അല്ലാഹു മാത്രം മതി. ഒരു കെട്ടിക്കുടുക്കുമില്ലാത്ത വിഷയമാണിത്‌. യാതൊരു ഇളക്കവും കൂടാതെ മനുഷ്യമനസ്സുകള്‍ ഈ നിലപാടില്‍ ഉറച്ചുനിന്നാല്‍ പിശാചിന്റെ പദ്ധതികളൊന്നും വിജയിക്കില്ല. തൗഹീദിന്റെ വിഷയത്തില്‍ ഏത്‌ വിധത്തില്‍ ആശയക്കുഴപ്പം സൃഷ്‌ടിച്ചാലും മനുഷ്യവര്‍ഗത്തിന്റെ ശത്രുവായ ഇബ്‌ലീസിന്‌ വളരെ സന്തോഷമായിരിക്കും. സ്വന്തം വര്‍ഗക്കാരുടെ കഴിവുകളെ സംബന്ധിച്ച്‌ മനുഷ്യര്‍ക്കിടയില്‍ ഒരു വിവാദം ഉയര്‍ത്തിവിട്ടാല്‍ തൗഹീദ്‌ പ്രബോധനം തടസ്സപ്പെടുത്താമെന്ന്‌ ഇബ്‌ലീസ്‌ കണക്കുകൂട്ടുക സ്വാഭാവികമാണ്‌.

സ്വഭാവത്തെപ്പറ്റി പറഞ്ഞതില്‍ വൈരുധ്യമില്ലേ?

മുഹമ്മദ്‌ നബി(സ)യുടെ സ്വഭാവത്തെ ഖുര്‍ആനില്‍ ഒരിടത്ത്‌ വാഴ്‌ത്തിപ്പറയുകയും, ഒരു അന്ധനോട്‌ നബി(സ) മുഖം ചുളിച്ച്‌ തിരിഞ്ഞുകളഞ്ഞതിനെപ്പറ്റി മറ്റൊരിടത്ത്‌ ആക്ഷേപിക്കുകയും ചെയ്യുന്നു. ഇത്‌ വൈരുധ്യമല്ലേ?
അബൂത്വല്‍ഹ എടവണ്ണ

വിശുദ്ധ ഖുര്‍ആനിലെ 80:1,2 സൂക്തങ്ങളില്‍ നബി(സ) ഒരു അന്ധന്റെ നേരെ നോക്കി മുഖംചുളിച്ച സംഭവം പ്രതിപാദിച്ചിട്ടുണ്ട്‌. എന്നാല്‍ അത്‌ ആ അന്ധനോട്‌ നബി(സ)ക്ക്‌ ഇഷ്‌ടക്കേടോ വെറുപ്പോ ഉള്ളതുകൊണ്ടായിരുന്നില്ല. ആ അന്ധശിഷ്യന്‍ തന്റെ സന്നിധിയില്‍ വന്നപ്പോള്‍ അദ്ദേഹം മക്കയിലെ പ്രമുഖരോട്‌ ഇസ്‌ലാമിനെക്കുറിച്ച്‌ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന്‌ അദ്ദേഹം ചിന്തിച്ചിരുന്നു. ഒരു അന്ധന്റെ സാന്നിധ്യം ആ പ്രമുഖര്‍ക്ക്‌ ഇഷ്‌ടപ്പെടുകയില്ലെന്നും, അത്‌ അവര്‍ ഇസ്‌ലാമിനോട്‌ വിമുഖത കാണിക്കാന്‍ ഒരു കാരണമായേക്കുമെന്നും ആശങ്ക തോന്നിയതുകൊണ്ടാണ്‌ നബി(സ) മുഖംചുളിച്ചതെന്ന്‌ ഹദീസ്‌-ചരിത്ര ഗ്രന്ഥങ്ങളില്‍ നിന്ന്‌ വ്യക്തമായി ഗ്രഹിക്കാം. ഇത്‌ ഒരു സ്വഭാവദൂഷ്യത്തിന്റെ പ്രശ്‌നമല്ല. നബി(സ)ക്ക്‌ എന്തെങ്കിലും ദുസ്വഭാവമുണ്ടായിരുന്നുവെന്ന്‌ ഖുര്‍ആനിലെവിടെയും പറഞ്ഞിട്ടില്ല.

മൃതദേഹം പഠനത്തിന്‌ കൊടുക്കാമോ?

മരണശേഷം സ്വന്തം മൃതദേഹം പഠനഗവേഷണങ്ങള്‍ക്കായി മറവു ചെയ്യാതെ സൂക്ഷിക്കാന്‍ വസ്വിയ്യത്ത്‌ ചെയ്യാമോ?
ഇബ്‌നു ജമാല്‍ ജിദ്ദ

മുസ്‌ലിംകള്‍ക്കെല്ലാം അറിയാവുന്നതുപോലെ നബി(സ) പഠിപ്പിച്ചിട്ടുള്ളത്‌ മൃതദേഹം കുളിപ്പിച്ച്‌ വസ്‌ത്രത്തില്‍ പൊതിഞ്ഞു മണ്ണില്‍ മറവ്‌ ചെയ്യണമെന്നാണ്‌. ഇതിനെതിരായി ഒരു സത്യവിശ്വാസി വസ്വിയ്യത്ത്‌ ചെയ്യാന്‍ പാടില്ല. ഇനി ആരെങ്കിലും അവിവേകത്താല്‍ അങ്ങനെ വസ്വിയ്യത്ത്‌ ചെയ്‌താല്‍ മുസ്‌ലിം സമൂഹം ആ വസ്വിയ്യത്ത്‌ നടപ്പാക്കാനും പാടില്ല. `മുസ്‌ലിം' മനസ്സിലാക്കിയേടത്തോളം ഇക്കാലത്ത്‌ അതിസൂക്ഷ്‌മമായ പലതരം സോഫ്‌റ്റ്‌വെയറുകള്‍ വൈദ്യശാസ്‌ത്ര പഠനവുമായി ബന്ധപ്പെട്ട്‌ ലഭ്യമായതിനാല്‍ മെഡിസിന്‍ പഠിപ്പിക്കാന്‍ ഇപ്പോള്‍ മൃതദേഹങ്ങള്‍ അനിവാര്യമല്ല.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: