സൗഹൃദം നന്നാക്കുക
പി മുസ്‌തഫ നിലമ്പൂര്‍
സാഹോദര്യബോധത്തിന് ഇസ്‌ലാം വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. ഏകനായ റബ്ബില്‍ വിശ്വസിക്കുകയും റസൂലിനെ(സ) അംഗീകരിക്കുകയും കഅ്‌ബയെ ഖിബ്‌ലയായി സ്വീകരിക്കുകയും ചെയ്യുന്ന മുസ്‌ലിംകള്‍, പരസ്‌പരസ്‌നേഹവും കാരുണ്യവും പുലര്‍ത്തി ഗുണകാംക്ഷയോടെ വര്‍ത്തിക്കേണ്ടവരാണ്. അല്ലാഹുവിന്റെ പ്രീതിക്കായുള്ള പരസ്‌പര സ്‌നേഹത്തിന് ആഘാതമാകുന്ന യാതൊന്നും ഇസ്‌ലാം അംഗീകരിക്കുന്നില്ല. മതമെന്നാല്‍ കേവലം ആചാരാനുഷ്‌ഠാനങ്ങളല്ല, ഗുണകാംക്ഷയാണെന്ന തിരുവചനം സുചിന്തിതമാണ്. മുസ്‌ലിംകള്‍ ഒരു കെട്ടിടത്തിന്റെ ഭിത്തി കണക്കെ പരസ്‌പരം നന്മയിലും കാരുണ്യത്തിലും വര്‍ത്തിക്കേണ്ടവരും ഒരു ശരീരമെന്നോണം സഹകരിക്കേണ്ടവരുമാണെന്ന് ഇസ്‌ലാം പ്രഖ്യാപിക്കുന്നു.
സൗഹൃദവും കാരുണ്യവും നിലനിര്‍ത്താന്‍ തടസ്സമാവുന്ന സാഹചര്യം പോലും ഇസ്‌ലാം അനുവദിച്ചിട്ടില്ല. പരസ്‌പരം മാത്സര്യവും അസൂയയും അഹന്തയും ശത്രുതയും മാത്രമല്ല, ഊഹത്തെ പോലും വര്‍ജിക്കണമെന്ന് കല്‌പിക്കപ്പെട്ടിരിക്കുന്നു. ഒളിഞ്ഞുനോട്ടവും, രഹസ്യത്തെ തേടിപ്പിടിക്കലും, ദൗര്‍ബല്യങ്ങളും പോരായ്‌മകളും പരസ്യപ്പെടുത്തലും കുറ്റകരമാണ്. ആരെങ്കിലും അതിന് തുനിഞ്ഞാല്‍ അവന്‍ അപമാനിതനാക്കപ്പെടുമെന്ന് നബി(സ) താക്കീതു ചെയ്‌തിട്ടുണ്ട്.
ഏതെങ്കിലും ഒരു സാഹചര്യത്തില്‍ സഹോദരനില്‍ അനിഷ്‌ടകരമായത് ഉണ്ടായാല്‍ വിട്ടുവീഴ്‌ച ചെയ്യണം. പിണങ്ങിയും പിരിഞ്ഞും ജീവിക്കേണ്ടവരല്ല. മനുഷ്യസഹജമായ പിണക്കം മൂന്ന് ദിവസത്തില്‍ അധികമാകരുത്. പരസ്‌പരം വിട്ടുവീഴ്‌ചയും മാപ്പും ചെയ്യാനുള്ള വിശാലതയുണ്ടാകണം. സഹോദരന് മാപ്പ് നല്‌കാത്തവര്‍ പിടിച്ചുപറി നടത്തുന്നവനെപ്പോലെ കുറ്റക്കാരനാണെന്നും അവന്‍ ഹൗദ്വുല്‍ കൗസറിലേക്ക് പാനജലത്തിനായി വരേണ്ടതില്ലെന്നും നബി(സ) താക്കീത് ചെയ്‌തിരിക്കുന്നു. പിണങ്ങിയവരില്‍ ഇണക്കത്തിന് തുടക്കം കുറിച്ചവന് അല്ലാഹുവിങ്കല്‍ കൂടുതല്‍ മഹത്വമുണ്ട്. ``പിണങ്ങി നില്‌ക്കുന്നവരുടെ ആരാധനകള്‍ പോലും മാറ്റിവെക്കപ്പെടും, അവര്‍ പരസ്‌പരം ഇണങ്ങുവോളം'' എന്ന് പ്രവാചകന്‍(സ) മുന്നറിയിപ്പ് നല്‌കിയിട്ടുണ്ട്.
നബി(സ) പ്രാര്‍ഥിക്കുന്ന സദസ്സുകളില്‍, പിണങ്ങിയവരെ മാറ്റി നിര്‍ത്തിയിട്ടേ പ്രാര്‍ഥിക്കുമായിരുന്നുള്ളൂ. അവര്‍ നിമിത്തം ആ സദസ്സിന്റെ പ്രാര്‍ഥന തന്നെ തടയപ്പെടും എന്നാണ് നബി(സ) പറഞ്ഞത്. പിണങ്ങിയവര്‍ പരസ്‌പരം നന്നാകണമെന്ന പോലെ അവര്‍ക്കിടയില്‍ ബന്ധം നന്നാക്കാനുള്ള പ്രയത്‌നങ്ങളും പുണ്യകരമാണ്. ബനൂ അംറിബ്‌നി ഔഫുകാര്‍ക്കിടയില്‍ അനുരഞ്‌ജനത്തിനായി പോയ നബി(സ)ക്ക് നമസ്‌കാരസമയം പോലും വൈകിപ്പോയിട്ടുണ്ട്. അല്ലാഹു പറയുന്നു: ``സത്യവിശ്വാസികള്‍ പരസ്‌പരം സഹോദരങ്ങള്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങളുടെ രണ്ട് സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്‌ജിപ്പുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ക്കു കാരുണ്യം ലഭിച്ചേക്കും.'' (ഹുജുറാത് 10)
ഉമ്മുകുല്‍സും ബിന്‍ത് ഉഖ്‌ബത്‌ബ്‌നു അബിമുഐത്വ്(റ) റസൂലില്‍(സ) നിന്ന് ഉദ്ധരിക്കുന്നു: ``ജനങ്ങള്‍ക്കിടയില്‍ അനുരഞ്‌ജനമുണ്ടാക്കുന്നതിനായി നല്ലത് പറയുകയും നന്മ വളര്‍ത്തുകയും ചെയ്‌തവന്‍ കള്ളം പറയുന്നവനല്ല. അവന്‍ പറയുന്നത് നന്മയാണ്.'' (ബുഖാരി, മുസ്‌ലിം)
ഇന്ന് ഏറെ അവഗണിക്കപ്പെടുന്ന കാര്യമാണ് പരസ്‌പരമുള്ള ബന്ധം നന്നാക്കല്‍. അബൂഹുറയ്‌റ(റ) പറയുന്നു: ``നബി(സ) പറഞ്ഞു: അറിയുക. നോമ്പിനേക്കാളും നമസ്‌കാരത്തേക്കാളും സ്വദഖയേക്കാളും ശ്രേഷ്‌ഠമായ പദവിയുള്ളതിനെ സംബന്ധിച്ച് ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടെയോ? അവര്‍ പറഞ്ഞു: അതെ. അവിടുന്ന് പറഞ്ഞു: നിങ്ങള്‍ക്കിടയില്‍ ബന്ധങ്ങളെ നന്നാക്കുക. നിങ്ങള്‍ക്കിടയിലുള്ള കുഴപ്പം മുണ്ഡനം ചെയ്യുന്നതാണ്.'' (അബൂദാവൂദ്). മറ്റൊരു റിപ്പോര്‍ട്ടില്‍ തല മുണ്ഡനം ചെയ്യുമെന്നല്ല. ദീനിനെ മുണ്ഡനം ചെയ്യുന്നത് എന്ന് നബി(സ) വ്യക്തമാക്കിയിട്ടുണ്ട്. പരസ്‌പരമുള്ള ബന്ധം കുഴപ്പത്തിലായാല്‍ മതം തന്നെ നശിച്ചുപോകുമെന്നാണ് നബി(സ) മുന്നറിയിപ്പ് നല്‍കിയത്.
ബന്ധങ്ങള്‍ നന്നാക്കാന്‍ കുശുമ്പും സ്വാര്‍ഥതയും അഹന്തയും ഇല്ലാത്തവര്‍ക്കേ സാധിക്കൂ. വിവേകവും വിട്ടുവീഴ്‌ചയും വിനയവും ഈമാനിന്റെ പ്രേരണയാണ്. ഒരിക്കല്‍ നബി(സ) പറഞ്ഞതായി അബൂഉമാമ(റ)യില്‍ നിന്ന് ഉദ്ധരിക്കുന്നു: ``സ്വര്‍ഗത്തില്‍ ഉന്നത സൗധങ്ങളും ഉന്നത പദവികളും ലഭിക്കുന്നതിനെ സംബന്ധിച്ച് ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചു തരട്ടെയോ? അവര്‍ പറഞ്ഞു: അതെ. അവിടുന്ന് പറഞ്ഞു: വിവരക്കേട് കാട്ടുന്നവരോട് വിവേകം പുലര്‍ത്തുക. നിന്നോട് ബന്ധം വിച്ഛേദിച്ചവനോട് നീ ബന്ധം ചേര്‍ക്കുക. നിനക്ക് (നന്മ) നിഷേധിക്കുന്നവന് നീ (നന്മ) നല്‌കുക. നിന്നോട് അനീതി കാട്ടിയവന് നീ മാപ്പു നല്‌കുക.'' (ത്വബ്‌റാനി)
ഇത് ഈമാനിന്റെയും ഇഹ്‌സാനിന്റെയും പ്രചോദകമാണ്. വൈരവും ശത്രുതയും പിശാചിന്റെ കുതന്ത്രങ്ങളുമാണ്. തഖ്‌വാ ബോധത്തിന്റെ വിരുദ്ധരൂപമാണ് ശത്രുത. ``നിങ്ങള്‍ പുണ്യത്തിലും തഖ്‌വയിലും പരസ്‌പരം സഹകരിക്കുക. കുറ്റകരമായതിലും ശത്രുതയിലും നിങ്ങള്‍ പരസ്‌പരം സഹകരിക്കരുത്.'' ജസീറതുല്‍ അറബില്‍ ശിര്‍ക്ക് വരുന്നതിനെയല്ല, പരസ്‌പരം ശത്രുതയും വൈരവും ഉണ്ടാക്കുന്നതില്‍ പിശാച് വിജയിക്കുന്നതിനെയാണ് നബി(സ) ഭയപ്പെട്ടത്.
ദീന്‍ തന്നെ ഇല്ലാതെയാകാന്‍ നിമിത്തമാകുന്ന കാര്യമാണ് ബന്ധങ്ങളിലെ ഫിത്‌ന. പരസ്‌പരം ദേഷ്യത്തോടെ നോക്കുകയോ ആയുധം ചൂണ്ടുകയോ മുഖം ചുളിക്കുകയോ ചെയ്യരുതെന്ന് പഠിപ്പിച്ച മതമാണ് ഇസ്‌ലാം. ആദര്‍ശത്തില്‍ സുദൃഢമായി നിലകൊള്ളുകയും വ്യക്തിപരവും സാങ്കേതികവുമായ പൊരുത്തക്കേടുകള്‍ മാപ്പാക്കുകയും വിട്ടുവീഴ്‌ച ചെയ്യുകയും ചെയ്യുക. അതാണ് മുത്തഖികളുടെ സ്വഭാവമെന്ന് വിശുദ്ധ ഖുര്‍ആന്‍ സൂറതു ആലുഇംറാന്‍ 133, 134 വചനങ്ങളില്‍ വ്യക്തമാക്കുന്നു.
ഉഹ്‌ദ് രണാങ്കണത്തില്‍, മുസ്‌ലിംകളുടെ പ്രയാസങ്ങള്‍ക്ക് കാരണക്കാരായ ആളുകള്‍ക്ക് മാപ്പു നല്‌കുകയും അവര്‍ക്കു വേണ്ടി അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും ചെയ്‌ത പ്രവാചകന്റെ(സ) വിട്ടുവീഴ്‌ചയെ ഖുര്‍ആന്‍ പ്രശംസിച്ചിട്ടുണ്ട്. നേതാക്കളും പണ്ഡിതന്മാരും ജീവിതനിലപാടായി സ്വീകരിക്കേണ്ട ശീലമാണിത്. ഈ വിശാല നിലപാട് സ്വീകരിക്കാത്തപക്ഷം, സമൂഹം അവരില്‍ നിന്ന് അകന്നു പോകുമെന്നും ഖുര്‍ആന്‍ (3:159) നബിയെ ഓര്‍മിപ്പിച്ചു. വിശ്വാസികള്‍ പരസ്‌പരം സൗഹൃദത്തോടെ വര്‍ത്തിക്കണമെന്ന ഖുര്‍ആനിന്റെ കല്‌പന ഉള്‍ക്കൊണ്ടാല്‍ നമുക്ക് വിജയം വരിക്കാം. അല്ലാത്ത പക്ഷം നമ്മുടെ വീര്യം നഷ്‌ടാകും. അല്ലാഹു പറയുന്നു: ``അല്ലാഹുവെയും അവന്റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുക. നിങ്ങള്‍ ഭിന്നിച്ചുപോകരുത്. എങ്കില്‍ നിങ്ങള്‍ക്ക് ധൈര്യക്ഷയം നേരിടുകയും നിങ്ങളുടെ വീര്യം (നശിച്ചു) പോകുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹു ക്ഷമാശീലരുടെ കൂടെയാകുന്നു.'' (അന്‍ഫാല്‍ 46)
0 comments: