വന്ന വഴിയും പോകേണ്ട വഴിയും

  • Posted by Sanveer Ittoli
  • at 8:30 PM -
  • 0 comments

വന്ന വഴിയും പോകേണ്ട വഴിയും



- ശബാബും ഞാനും -
ഷാജഹാന്‍ മാടമ്പാട്ട്‌

വന്ന വഴി മറന്നവനെന്ന പഴി എന്നെ വിടാതെ എന്നും പിന്തുടര്‍ന്നിട്ടുണ്ട്‌. വന്ന വഴിയിലെ ഏറ്റവും നിര്‍ണായകമായ ഘട്ടം ശബാബുമായുള്ള ബന്ധമായിരുന്നു. ഞാനെഴുതിയ അക്ഷരങ്ങള്‍ അച്ചടി മഷി പുരണ്ട്‌ കാണുന്നതിന്റെ അവാച്യമായ ആഹ്ലാദാവേശങ്ങള്‍ ആദ്യമെനിക്ക്‌ തന്നത്‌ ശബാബായിരുന്നു. പിന്നീട്‌ ചന്ദ്രികയും. ആദ്യമായി ഒരു സ്ഥിരം പംക്തി എഴുതുന്നതും ശബാബിലായിരുന്നു. `ഡല്‍ഹി വിശേഷങ്ങള്‍' എന്ന പേരിലുള്ള ആ പംക്തി എഴുത്തുകാരനെന്ന നിലയിലെനിക്കു തന്ന ആത്മവിശ്വാസം ഒട്ടും ചെറുതായിരുന്നില്ല. എന്റെ ആദ്യത്തെ പുസ്‌തകമായ ധിഷണയും വെളിപാടും- ഒന്നോ രണ്ടോ ലേഖനങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ - ശബാബില്‍ വന്ന ലേഖനങ്ങളുടെ സമാഹാരമായിരുന്നു. ഇവയ്‌ക്കെല്ലാം ഞാന്‍ കടപ്പെട്ടിരിക്കുന്നത്‌ എന്നെ അകമഴിഞ്ഞ്‌ സ്‌നേഹിക്കുകയും എന്നില്‍ പൂര്‍ണമായി വിശ്വാസമര്‍പ്പിക്കുകയും ചെയ്‌ത അബൂബക്കര്‍ കാരക്കുന്നിനോടാണ്‌. ആ സ്‌നേഹോഷ്‌മളതയുടെ തീവ്ര സ്‌മരണകള്‍ ഇന്നുമെന്റെ കണ്ണുകളെ ഈറനാക്കുന്നു. കാരക്കുന്നിനോടിരുന്ന്‌ സംസാരിച്ചത്ര ദീര്‍ഘമായി അധികമാരോടും ഞാനെന്റെ ജീവിതത്തില്‍ സംസാരിച്ചിട്ടില്ല. ഞങ്ങള്‍ തമ്മിലുള്ള അടുപ്പം അത്രമേല്‍ തീവ്രവും അഗാധവുമായിരുന്നതിനാല്‍ എന്റെ കടപ്പാട്‌ നേര്‍ക്കുനേരെ അറിയിക്കാന്‍ ഒരിക്കലും കഴിഞ്ഞില്ല. ഇന്നിപ്പോള്‍ ഇത്‌ വായിക്കാന്‍ എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ നമ്മോടൊപ്പമില്ലല്ലോ.
കുറ്റിപ്പുറം മുജാഹിദ്‌ സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന കവിതാരചനാ മത്സരത്തില്‍ എനിക്കായിരുന്നു ഒന്നാം സമ്മാനം. മുജാഹിദ്‌ പ്രസ്ഥാനത്തെ ജിന്നും പിശാചുമൊക്കെ ഗ്രസിക്കുന്നതിന്‌ എത്രയോ മുമ്പായിരുന്നു അത്‌. അന്ന്‌ സമ്മാനം കിട്ടിയ കവിത ശബാബില്‍ അച്ചടിച്ചുവന്നതാണ്‌ എന്റെ പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യരചന. അതച്ചടിച്ചു വന്ന ആഴ്‌ചയില്‍ ഞാനനുഭവിച്ച ആത്മനിര്‍വൃതിയും ആത്മരതിയും അത്രമേല്‍ തീവ്രമായി പിന്നീടൊരിക്കലുമനുഭവിച്ചിട്ടില്ല. അതിന്‌ ശേഷം എത്രയോ ലേഖനങ്ങളും കവിതകളും (ഇന്നൊക്കെ ശബാബ്‌ കവിതകള്‍ പ്രസിദ്ധീകരിക്കാറുണ്ടോ ആവോ?) ഞാന്‍ ശബാബില്‍ എഴുതി. ഷാജഹാന്‍ താനാളൂര്‍ എന്ന പേരിലായിരുന്നു അന്നൊക്കെ എഴുതിയിരുന്നത്‌.
ശബാബ്‌ അന്നെനിക്ക്‌ - എന്നെപ്പോലെ മറ്റു പലര്‍ക്കും- സാമൂഹ്യപരിഷ്‌കരണത്തിന്റെയും നവോത്ഥാനത്തിന്റെയും പ്രതിനിധാനം വഹിക്കുന്ന ഒരു സോദ്ദേശ്യ പ്രസിദ്ധീകരണമായാണ്‌ അനുഭവപ്പെട്ടിരുന്നത്‌. ഒരു മുജാഹിദ്‌ കുടുംബത്തില്‍ നിന്നുവരുന്ന ഒരാളുടെ മുന്‍വിധി ആ ധാരണയ്‌ക്ക്‌ ശക്തി പകര്‍ന്നിരിക്കാം. `ഇസ്വ്‌ലാഹ്‌' ആവശ്യപ്പെടുന്ന ആത്മ പരിശോധനയും ആത്മവിമര്‍ശനവും `ദഅ്‌വത്ത്‌' ആവശ്യപ്പെടുന്ന ചിന്താപരമായ ജഡിലതയ്‌ക്കു പൂര്‍ണമായി വഴിമാറുന്നതിന്‌ മുമ്പുള്ള ഒരു ഘട്ടമായിരുന്നല്ലോ അക്കാലം. പൊതു സമ്മതത്തിന്‌ വിപരീതമായ പുതിയ, ഏറെക്കുറെ സ്‌ഫോടനാത്മകമായ ആശയങ്ങളും ചിന്തകളും പ്രകാശിപ്പിക്കാനുള്ള ധൈര്യവും അന്ന്‌ ശബാബിനുണ്ടായിരുന്നു. പിളര്‍പ്പിനു ശേഷമുണ്ടായ സവിശേഷ പരിതോവസ്ഥയില്‍ ആ ധൈര്യം പതുക്കെ പതുക്കെ ഇല്ലാതാകുന്നുവോ എന്ന്‌ ഭയപ്പെടേണ്ടിയിരിക്കുന്നു. `ശബാബ്‌' യുവത്വമാണ്‌. അതൊരിക്കലും അകാല വാര്‍ധക്യമായിക്കൂടാ എന്നേ അക്കാര്യത്തില്‍ പറയാനാവൂ.
കഴിഞ്ഞ കുറച്ചു കൊല്ലമായി ശബാബ്‌ വായന പഴയപോലെ സ്ഥിരമല്ല. എങ്കിലും കഴിയുന്നത്ര ശ്രമിക്കാറുണ്ട്‌. മുമ്പുണ്ടായിരുന്ന തന്റേടം അല്‌പം കുറഞ്ഞെങ്കിലും അടിസ്ഥാനപരമായി `ശബാബ്‌' ഇന്നും വൈവിധ്യമാര്‍ന്ന വായനാവിഭവങ്ങള്‍ വായനക്കാര്‍ക്കായി ഒരുക്കുന്നുണ്ട്‌. ആഗോള മുസ്‌ലിം ചലനങ്ങളും മതവിജ്ഞാനങ്ങളും കര്‍മശാസ്‌ത്രവുമൊക്കെയായി `ശബാബ്‌' ശീലിച്ച വിഷയ മിശ്രണം അന്നും ഇന്നും അന്യാദൃശമാണ്‌. പുതിയ എഴുത്തുകാരെ വളര്‍ത്തിക്കൊണ്ടു വരാനുള്ള ശ്രമങ്ങളും ശ്രദ്ധേയങ്ങളാണ്‌.
ശബാബില്‍ എഴുതിയിരുന്ന നാളുകളെ ഗൃഹാതുരമായ വൈകാരികതയോടെ ഓര്‍ക്കുമ്പോള്‍, എടുത്തുപറയേണ്ട ഒരു കാര്യം കൂടിയുണ്ട്‌. `ആശയ സമന്വയം' ശബാബിന്റെ ഉപോത്‌പന്നമായിരുന്നുവെന്നത്‌ ഇന്നത്തെ കലുഷവും കൂടുതല്‍ സങ്കുചിതവുമായ സന്ദര്‍ഭത്തില്‍ അത്ഭുതാവഹവും വിസ്‌മയകരവുമായി തോന്നുന്നു. മലയാളത്തിലെ ഏതു മുഖ്യധാരാ പ്രസിദ്ധീകരണങ്ങളേക്കാളും മൗലികങ്ങളായ ആശയങ്ങളുടെ പ്രകാശനത്തിനും ജാതിമത പ്രത്യയശാസ്‌ത്ര ഭേദമന്യെ പുതിയ എഴുത്തുകാരെ പരിചയപ്പെടുത്തുന്നതിലും `ആശയസമന്വയ'ത്തിന്‌ കഴിഞ്ഞത്‌ `ശബാബ്‌' കുടുംബത്തിന്റെ ആത്മവിശ്വാസവും വിശാല കാഴ്‌ചപ്പാടും കാരണമായിരുന്നു. `കേരള ഇസ്‌ലാമിക്‌ സെമിനാര്‍'ശ്രദ്ധേയമായ മറ്റൊരു സംരംഭമായിരന്നു. മരം നടുന്നതുപോലും വിവാദമായിരുന്ന ഒരു കാലത്താണ്‌ ഇതെല്ലാം നടന്നതെന്നോര്‍ക്കുമ്പോഴാണ്‌ ചിത്രം കൂടുതല്‍ മിഴിവാര്‍ന്നതാകുന്നത്‌.
അബ്‌ദുല്‍ കരീം സൊറോഷ്‌ മതത്തെക്കുറിച്ച്‌ പറഞ്ഞതാണ്‌ ശബാബ്‌ പോലുള്ള ഒരു പ്രസിദ്ധീകരണത്തിന്റെ മര്‍മവും മാനദണ്ഡവുമാകേണ്ടത്‌. ``ഇസ്‌ലാം അവസാനത്തെ മതമാണ്‌. പക്ഷേ, ഇസ്‌ലാമിന്റെ അവസാനത്തെ വ്യാഖ്യാനം ഇനിയും വരാനിരിക്കുന്നതേയുള്ളൂ. ഇസ്‌ലാമിനെ അല്ലാഹു പൂര്‍ത്തീകരിച്ചിരിക്കുന്നു. ആ ഇസ്‌ലാമിനെക്കുറിച്ചുള്ള വിജ്‌ഞാനം ഇനിയും പൂര്‍ത്തിയായിട്ടില്ല. മറ്റു വിജ്ഞാനങ്ങളെല്ലാം പൂര്‍ണത കൈവരിക്കുന്നതു വരെ ഇസ്‌ലാമിക വിജ്ഞാനീയങ്ങളും വളര്‍ന്നുകൊണ്ടേയിരിക്കും.''
വ്യാഖ്യാനത്തിന്റെ ഒരു അനുസ്യൂതയിലും വിജ്ഞാനത്തിന്റെ വളര്‍ച്ചയിലും ശബാബ്‌ അതിന്റെ പങ്കു വഹിക്കാന്‍ പ്രതിജ്ഞാബദ്ധമായിരിക്കുന്നേടത്തോളമാണ്‌ അതിന്റെ മിഴിവും പ്രസക്തിയും. കാലവിമുഖതയാണ്‌ തങ്ങളുടെ അനന്യതയെന്നും അതിന്റെ ബലത്തിലാണ്‌ തങ്ങളുടെ സ്വര്‍ഗപ്രവേശം ഉറപ്പാകുന്നെതന്നും മേനി നടിക്കുന്ന അല്‌പജ്ഞാനികളുടെ ആശയദാരിദ്ര്യത്തിനുള്ള വേദിയാകരുത്‌ ശബാബ്‌. യാഥാസ്ഥിതിക മനോഭാവങ്ങളെ ഉന്മൂലനം ചെയ്യലായിരുന്നു `ശബാബി'ന്റെ ജന്മദൗത്യം. പഴയ യാഥാസ്ഥിതികത്വത്തിന്‌ പകരം പുതിയൊരു യാഥാസ്ഥിതികത്വത്തെ പ്രതിഷ്‌ഠിക്കുന്നതല്ലേ അതിന്റെ ലക്ഷ്യം. മുഹമ്മദ്‌ അബ്‌ദുവും വക്കം മൗലവിയും മക്തി തങ്ങളുമൊക്കെയാണ്‌ ശബാബ്‌ വന്ന വഴിയിലുണ്ടായിരുന്നവര്‍. കണ്ണില്‍ മാത്രമല്ല, മനസ്സിലും ആന്ധ്യം ബാധിച്ച പലരും പിന്നീടാ വഴിയിലെങ്ങനെ വന്നുവെന്നത്‌ നാമിന്ന്‌ ഉറക്കെ ചിന്തിക്കേണ്ടതുണ്ട്‌.
വന്ന വഴി മറക്കാതിരിക്കേണ്ടത്‌ അങ്ങനെയൊക്കെയാണ്‌. ആ വഴിയിലേക്ക്‌ വെളിച്ചം തെളിക്കാന്‍ ശബാബ്‌ എന്നുമുണ്ടാകണം. മുമ്പെന്നെത്തേക്കാളുമേറെ ആ വഴി ഇന്ന്‌ പ്രസക്തമാണ്‌. അതിന്റെ കാരണം ശബാബ്‌ വായനക്കാരോട്‌ ഞാന്‍ പറയേണ്ടതില്ലല്ലോ!

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: