ജനാധിപത്യത്തിന്‌ വെല്ലുവിളിയാണ്‌ അമേരിക്ക

  • Posted by Sanveer Ittoli
  • at 8:21 PM -
  • 0 comments

ജനാധിപത്യത്തിന്‌ വെല്ലുവിളിയാണ്‌ അമേരിക്ക



- സമകാലികം -

മുനീര്‍ മുഹമ്മദ്‌ റഫീഖ്‌


ആധുനിക സമൂഹത്തിന്റെ ക്രമപ്രവൃദ്ധ സാമൂഹിക വളര്‍ച്ചയുടെ ഭാഗമായി രൂപപ്പെട്ട ഒരു സാമൂഹിക വ്യവസ്ഥയാണ്‌ ജനാധിപത്യം. ജനാധിപത്യത്തിന്റെ പ്രാഗ്‌രൂപങ്ങള്‍ മുന്‍കാല സമൂഹങ്ങളിലും നിലനിന്നിരുന്നു. ഓരോ കാലഘട്ടത്തിലെ വിവിധ ജനസമൂഹങ്ങള്‍ തങ്ങളുടെ സാമൂഹ്യ രാഷ്‌ട്രീയ മേഖലകളില്‍ മാറിമാറി ഉപയോഗിച്ച വിവിധ രാഷ്ട്രീയ വ്യവസ്ഥിതികളില്‍ ഏറ്റവും നൂതനവും താരതമ്യേന കുറ്റമറ്റതുമായ സാമൂഹിക ക്രമമാണ്‌ ഇന്ന്‌ ജനാധിപത്യം. സമൂഹത്തിന്റെ നാഗരിക-സാംസ്‌കാരിക വികാസ പരിണാമങ്ങള്‍ക്കനുസരിച്ച്‌ ഈ വ്യവസ്ഥിതിയുടെ നിര്‍വചനത്തിലും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. അതു തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.
ആധുനികലോകത്ത്‌ ജനാധിപത്യത്തിന്‌ ജനസമ്മിതിയാര്‍ജിച്ച ഒരു നിര്‍വചനം നല്‍കിയത്‌ മുന്‍ അമേരിക്കന്‍ പ്രസിഡണ്ട്‌ എബ്രഹാം ലിങ്കനാണ്‌. `Of the people By the people For the people' എന്ന ജനാധിപത്യത്തെക്കുറിച്ച വിഖ്യാതമായ നിര്‍വചനത്തിലൂടെ അദ്ദേഹം പരമമായ അധികാരവും അവകാശങ്ങളും ജനങ്ങള്‍ക്കാണെന്ന്‌ വിവക്ഷിച്ചു. `ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ജനങ്ങളുടെ ഭരണമാണ്‌ എന്നതാണ്‌ ജനാധിപത്യത്തിന്റെ അടിസ്ഥാനം. `പക്ഷേ, പൊതുഭരണ നിര്‍വഹണത്തിലും രാഷ്ട്രീയത്തിലും മാത്രമേ ജനാധിപത്യ മൂല്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുള്ളൂ. ഇക്കാലത്ത്‌ ഭരണാധികാരികളെ തിരഞ്ഞെടുക്കാന്‍ മാത്രമുള്ള അവകാശങ്ങളില്‍ പരിമിതമായിരിക്കുന്നു അത്‌. എന്നാല്‍ ഭരണാധികാരികളെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ പരിമിതമാകേണ്ടതാണോ ജനാധപത്യ വ്യവസ്ഥയിലെ ജനങ്ങളുടെ അവകാശങ്ങള്‍? രാജ്യത്തിന്റെ ഭരണനിര്‍വഹണ കാര്യങ്ങളില്‍ ജനത്തിന്‌ ഏതെങ്കിലും തരത്തിലുള്ള റോളുകളുണ്ടാകേണ്ടതില്ലേ? തങ്ങളുടെ ഭരണാധികരികളെ തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക്‌ അവകാശമുള്ളതു പോലെത്തന്നെ തങ്ങളുടെ രാജ്യത്തിന്റെ ഭരണക്രമവും വികസനനയങ്ങളും രാജ്യാന്തര പോളിസികളും തീരുമാനിക്കാനും ജനങ്ങള്‍ക്ക്‌ അവകാശമില്ലേ? ഇത്തരത്തില്‍ ഇനിയും നടപ്പാക്കപ്പെടാത്ത ജനാധിപത്യത്തിന്റെ വ്യത്യസ്‌ത തലങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതും ജനാധിപത്യ വ്യവഹാരത്തില്‍ ഇടം പിടിക്കേണ്ടതുമാണ്‌.
ലിങ്കണ്‍ മുന്നോട്ടുവെച്ച ജനാധിപത്യത്തിന്റെ വക്താക്കളായി ചമയുന്ന അമേരിക്കയാണ്‌ ഇന്ന്‌ ജനാധിപത്യത്തെ നിര്‍വചിക്കുന്നതും വിശദീകരിക്കുന്നതും. പ്രസ്‌തുത ആശയത്തിന്റെ വക്താക്കളെന്ന ഇമേജില്‍ ജനാധിപത്യമൂല്യങ്ങള്‍ക്ക്‌ വിരുദ്ധമായ കാര്യങ്ങളാണ്‌, അമേരിക്കയ്‌ക്കു പുറത്ത്‌, അവര്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. ലോകത്ത്‌ നടന്നുകൊണ്ടിരിക്കുന്ന ജനാധിപത്യപോരാട്ടങ്ങളെ പിന്തുണക്കാനും ജനാധിപത്യവ്യവസ്ഥയെ പരിപോഷിപ്പിക്കാനും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനുമാണ്‌ തങ്ങളുടെ പ്രയത്‌നങ്ങള്‍ എന്നാണ്‌ അമേരിക്കന്‍ ഭരണകൂടം ബാഹ്യഇടപെടലുകള്‍ക്ക്‌ ന്യായം ചമക്കുന്നത്‌. തങ്ങളുടെ കാര്‍മികത്വത്തിലും നേതൃത്വത്തിലും ഉണ്ടായിട്ടുള്ള ഐക്യരാഷ്‌ട്രസഭ പോലുള്ള അന്താരാഷ്‌ട്ര വേദികള്‍ ഇത്തരം ഇടപെടലുകള്‍ക്കുള്ള ഉപകരണങ്ങള്‍ മാത്രമാണ്‌. എന്നാല്‍ അമേരിക്കയുടെ ഇതഃപര്യന്തമുള്ള ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും ബോധ്യമാകുന്ന കാര്യം, അമേരിക്കന്‍ ഭരണകൂടം ഒരിക്കല്‍പോലും ജനാധിപത്യത്തിന്റെ സംരക്ഷകരായിരുന്നില്ലെന്നും മറിച്ച്‌ ജനാധിപത്യത്തിന്റെ സംഹാരകരായിരുന്നുവെന്നുമാണ്‌. ലോകം പരിചയിച്ച ജനാധിപത്യ മൂല്യങ്ങള്‍ക്ക്‌ കടകവിരുദ്ധമായിരുന്നു അമേരിക്കന്‍ ഭരണകൂടത്തിന്റെ എക്കാലത്തെയും പ്രവര്‍ത്തനങ്ങള്‍. ഈജിപ്‌തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്‌. ജനാധിപത്യത്തിന്റെ പേരു പറഞ്ഞ്‌ ഈജിപ്‌തിലെ ജനാധിപത്യഭരണമായിരുന്ന മുര്‍സി ഭരണകൂടത്തെ അട്ടിമറിക്കാന്‍ തിരശ്ശീലക്കു പിന്നിലുണ്ടായിരുന്നത്‌ സാക്ഷാല്‍ അമേിരിക്കയായിരുന്നു.

ഈജിപ്‌ത്‌: അമേരിക്ക ആസൂത്രണം ചെയ്യുന്ന പട്ടാള അട്ടിമറികളുടെ തനിയാവര്‍ത്തനം

ക്രൂരനും സ്വേച്ഛാധിപതിയുമായ ഈജിപ്‌ഷ്യന്‍ ഭരണാധികാരിയെ അന്നാട്ടിലെ ജനത ഒത്തൊരുമിച്ച്‌്‌ സമാധാനപരമായ മാര്‍ഗത്തിലൂടെ പുറത്താക്കുകയും തങ്ങളുടെ അഭീഷ്‌ടപ്രകാരമുള്ള ഒരു ഭരണാധികാരിയെയും ഭരണകൂടത്തെയും തെരഞ്ഞെടുക്കുകയും ചെയ്‌തു. ചരിത്രത്തിലാദ്യമായി രാജ്യത്ത്‌്‌ സ്വതന്ത്രവും നിഷ്‌പക്ഷവുമായി നടന്ന തെരഞ്ഞടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചത്‌, എല്ലാ കക്ഷികളെയും പോലെ തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത ഇസ്‌ലാമിസ്റ്റ്‌ കക്ഷിക്കായിരുന്നു. വിജയിച്ച മറ്റു കക്ഷികള്‍ക്കും വേണ്ടത്ര പ്രാതിനിധ്യം നല്‍കി തങ്ങളുടെ നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ രൂപവത്‌കരിച്ച്‌്‌ അറുപത്‌ വര്‍ഷത്തോളമായി രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക-സാമ്പത്തിക-രാഷ്‌ട്രീയ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള തയ്യാറെടുപ്പിലുമായിരുന്നു ഭരണാധികാരികള്‍. എന്നാല്‍ അധികാരത്തിലേറാനിരിക്കുന്നത്‌ ഇസ്‌ലാമിസ്റ്റുകള്‍ ആണെന്ന ഒറ്റക്കാരണത്താല്‍ ഈ മുന്നണിയെ കളങ്കപ്പെടുത്താനും അസ്ഥിരപ്പെടുത്താനും അട്ടിമറിക്കാനും എല്ലാ ഹീനമാര്‍ഗങ്ങളും ഉപയോഗിക്കുകയായിരുന്നു അവര്‍.
ജനാധിപത്യ സംവിധാനങ്ങളിലൂടെ പൊതുജനഹിത പ്രകാരം തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട്‌ മുഹമ്മദ്‌ മുര്‍സിയെ പുറത്താക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത്‌ എബ്രഹാം ലിങ്കന്റെ പിന്‍തലമുറക്കാര്‍ ആയിരുന്നുവെന്നത്‌ വലിയ വൈരുധ്യമായി തോന്നാമെങ്കിലും അദ്ദേഹത്തിന്റെ പിന്മുറക്കാര്‍ ഇപ്പണി തുടങ്ങിയിട്ട്‌ നാളുകളേറെയായി എന്നത്‌ ചരിത്രസത്യമാണ്‌. അതുകൊണ്ടാണ്‌ ജനാധിപത്യത്തിന്റെ നിര്‍വചനം ഇങ്ങ്‌ മുസ്‌ലിം രാജ്യങ്ങളിലെത്തുമ്പോള്‍ കീഴ്‌മേല്‍ മറിയുന്നത്‌ നാം കാണുന്നത്‌. തങ്ങള്‍ക്ക്‌ സമ്മതരായ ഏകാധിപതികള്‍ നാടുവാഴുമ്പോള്‍ അതു പറ്റില്ലയെന്നുപറഞ്ഞ്‌ ജനാധിപത്യക്രമം നടപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്‌ ആരും കണ്ടിട്ടില്ല.

ഈ നൂറ്റാണ്ടിലെ പട്ടാള അട്ടിമറികളും അമേരിക്കയുടെ പങ്കും

ഇറാനില്‍ 1953-ല്‍ ജനാധിപത്യ മാര്‍ഗത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി മുഹമ്മദ്‌ മുസദ്ദിഖിന്റെ സര്‍ക്കാരിനെ അട്ടിമറിച്ചതില്‍ തങ്ങള്‍ക്കു പങ്കുണ്ടായിരുന്നുവെന്ന സി ഐ എയുടെ ഔദ്യോഗിക വിശദീകരണം വന്നിട്ട്‌ ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. പട്ടാള അട്ടിമറിയിലൂടെ രിസാ ശാ പഹ്‌ലവിക്ക്‌ അധികാരത്തിലേക്കു വഴിയൊരുക്കിയത്‌ അമേരിക്കയും ബ്രിട്ടനും ചേര്‍ന്നായിരുന്നു. ഇറാന്റെ അതുവരെയുള്ള രാഷ്‌ട്രീയ ചരിത്രത്തെ തിരുത്തിയെഴുതിയ സംഭവമായിരുന്നു സി ഐ എയുടെ പിന്തുണയോടെ അരങ്ങേറിയത്‌.
1964-ല്‍ ബ്രസീലില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ ജനാധിപത്യരീതിയില്‍ അധികാരത്തില്‍ വന്ന ജാവോ ഗൗലാര്‍ട്ടിന്റെ സര്‍ക്കാരിനെ അട്ടിമറിച്ചതിനു പിന്നില്‍ അമേരിക്കയുടെ കരങ്ങളായിരുന്നുവെന്നത്‌ ഇന്ന്‌ ചരിത്രരേഖയാണ്‌്‌. ശീതയുദ്ധക്കാലത്ത്‌, ബ്രസീലിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭത്തിന്റെ ഒരുപങ്ക്‌ രാജ്യവാസികള്‍ക്ക്‌ ലഭ്യമാക്കുന്ന പരിഷ്‌ക്കരണ നടപടികള്‍ക്ക്‌ ജാവോ ഗൗലാര്‍ട്ട്‌ തുടക്കം കുറിച്ചതാണ്‌ അമേരിക്കയെ അന്ന്‌ ചൊടിപ്പിച്ചത്‌. ബ്രസീലിയന്‍ ജനഹിതവും ജനാഭിലാഷവും അമേരിക്കയുടെ താല്‍പ്പര്യത്തിനു മുമ്പില്‍ ചവിട്ടി മെതിക്കപ്പെട്ടു. ഇന്ന്‌ മുസ്‌ലിം ബ്രദര്‍ഹുഡിനും മുര്‍സി അനുകൂലികള്‍ക്കുമെതിരില്‍ ഭീകരവാദത്തിന്റെ ഭീതിപരത്തിയതു പോലെ ജാവോ ഗൗലാര്‍ട്ടയുടെ പരിഷ്‌ക്കരണ സംരംഭങ്ങളെ `സോഷ്യലിസ്‌റ്റ്‌ ഭീഷണി' എന്നുകാട്ടി പേടിപ്പിക്കുകയായിരുന്നു അമേരിക്ക. ഒരു ജനകീയ സര്‍ക്കാരിനെ മീഡിയ പ്രൊപഗണ്ടയിലൂടെ വികൃതമായി ചിത്രീകരിച്ചുകൊണ്ടായിരുന്നു ബ്രസീലിലെ ജനാധിപത്യ സര്‍ക്കാരിനെ അമേരിക്ക അട്ടിമറിച്ചത്‌. അതേതുടര്‍ന്ന്‌ ബ്രസീല്‍ നീണ്ട പതിറ്റാണ്ടുകള്‍ പട്ടാളബൂട്ടുകള്‍ക്കടിയില്‍ പെട്ട്‌ ഞെരിഞ്ഞമര്‍ന്നു.
1980-ല്‍ തുര്‍ക്കിയില്‍ ഇസ്‌ലാം അനുകൂലികള്‍ അധികാരത്തില്‍ എത്തുന്ന സാഹചര്യം ഒഴിവാക്കാന്‍ തുര്‍ക്കി സൈന്യത്തോടൊപ്പം ചേര്‍ന്ന ചരിത്രമുണ്ട്‌ അമേരിക്കക്ക്‌. അന്ന്‌ അമേരിക്ക ഡോളറുകള്‍ മാത്രമല്ല, 3000 അമേരിക്കന്‍ സൈനികരെക്കൂടി നല്‍കികൊണ്ടാണ്‌ തുര്‍ക്കിപട്ടാളത്തെ സഹായിച്ചത്‌. ഗവണ്‍മെന്റിനെ പുറത്താക്കിയതിന്‌ ശേഷം മാത്രമാണ്‌ അട്ടിമറിയില്‍ അമേരിക്കയുടെ പങ്ക്‌ പുറംലോകമറിഞ്ഞത്‌. ജനാധിപത്യ മൂല്യങ്ങളെ പിന്താങ്ങുകയായിരുന്നില്ല അമേരിക്ക; ജനാധിപത്യത്തെ അട്ടിമറിക്കുകയായിരുന്നു.
1991-ല്‍ അല്‍ജീരിയയില്‍ ഇസ്‌ലാമിക്‌ സാല്‍വേഷന്‍ ഫ്രണ്ട്‌ എന്ന, ജനപ്രീതി നേടിയ അല്‍ജീരിയന്‍ ഇസ്‌ലാമിസ്റ്റ്‌ രാഷ്‌ട്രീയപാര്‍ട്ടി വന്‍ഭൂരിപക്ഷത്തോടെ തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ പാര്‍ലമെന്റില്‍ എത്തിയതോടെ അല്‍ജീരിയന്‍ പട്ടാളം തെരഞ്ഞെടുപ്പ്‌ റദ്ദാക്കിയതായി പ്രഖ്യാപിച്ച്‌ ജനാധിപത്യത്തെ അട്ടിമറിച്ചു. അന്ന്‌ ഇസ്‌ലാമിക്‌ പാര്‍ട്ടിയെ പിന്തുണച്ച പതിനായിരങ്ങളെ പട്ടാളം നേരിട്ടത്‌ സഹാറാ മരുഭൂമിയില്‍ പീഡനപര്‍വങ്ങളുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളൊരുക്കിയാണ്‌. അമേരിക്കന്‍ -ഫ്രഞ്ചു പിന്തുണയോടെ പട്ടാളം അധികാരം പിടിച്ചടക്കുകയും ജനാധിപത്യത്തെ കുഴിച്ചുമൂടുകയും ചെയ്‌തു. പട്ടാളം നടത്തിയ അട്ടിമറിയില്‍ അന്ന്‌ ജീവന്‍ നഷ്‌ടപ്പെട്ടത്‌ 60,000 പേര്‍ക്കാണ്‌. അല്‍ജീരിയന്‍ പട്ടാളത്തെ അട്ടിമറിയില്‍ സഹായിച്ച അമേരിക്കന്‍ ചാരസംഘടനയായ സി ഐ എയുടെ പങ്ക്‌ പുറത്തുവരാന്‍ അധികനാള്‍ കാത്തിരിക്കേണ്ടിവന്നില്ല. സൈനിക അട്ടിമറിയോടെ അല്‍ജീരിയയില്‍ സാന്നിധ്യമുറപ്പിച്ച സി ഐ എ സമാന്തര മിലീഷ്യാസംഘങ്ങളെ ഉണ്ടാക്കുകയും ഇസ്‌ലാമിക സംഘടനകള്‍ക്കെതിരെ പ്രചാരണയുദ്ധം ആരംഭിക്കുകയും ചെയ്‌തു. അങ്ങനെ സി ഐ എ യുടെ സാന്നിധ്യത്തിനുശേഷം രാജ്യം ആഭ്യന്തര കലാപങ്ങളുടെ തീച്ചൂളയിലേക്ക്‌ വലിച്ചെറിയപ്പെടുകയായിരുന്നു. അമേരിക്കന്‍ പിന്തുണയോടെ പട്ടാള അട്ടിമറികള്‍ അരങ്ങേറിയ രാജ്യങ്ങള്‍ ഇനിയുമേറെയുണ്ട്‌. റഷ്യ (1944,1989), ഗ്വാട്ടിമാല (1954), തിബത്‌(1955), ക്യൂബ (1959), കോംഗോ(1960), ചിലി (1970) തുടങ്ങിയ രാജ്യങ്ങളും അമേരിക്ക പിന്തുണച്ചു നടപ്പാക്കിയ പട്ടാള അട്ടിമറിയുടെ കയ്‌പൂനീര്‍ രുചിച്ചിട്ടുണ്ട്‌.
2006-ല്‍ ഗസ്സയില്‍ ഹമാസ്‌ ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ ഭൂരിപക്ഷം നേടി അധികാരത്തിലേറിയപ്പോഴും അമേരിക്കന്‍ ജനാധിപത്യത്തിന്റെ ഇരട്ടത്താപ്പ്‌ ലോകം കണ്ടു. ഹമാസിനെ തീവ്ര-ഭീകരവാദ സംഘടനയാക്കി ചിത്രീകരിച്ചുകൊണ്ട്‌, ജനം ഞെങ്ങിഞെരുങ്ങി താമസിക്കുന്ന ഗസ്സ മുനമ്പിനെ ഉപരോധത്തിലൂടെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുകയാണ്‌ അമേരിക്കയിപ്പോഴും. ഇതര രാജ്യങ്ങളില്‍ അമേരിക്ക നടത്തുന്ന രാഷ്‌ട്രീയ-സാമ്പത്തിക-സൈനിക ഇടപെടലുകള്‍ ഇതിനു പുറമെയാണ്‌.
ജനാധിപത്യത്തെയും ജനാധിപത്യമൂല്യങ്ങളെയും പിന്തുണക്കുന്ന സംസ്‌കൃതചിത്തരും പരിഷ്‌കൃതരുമായ ഉയര്‍ന്ന സമൂഹം എന്ന അമേരിക്കന്‍ ഭരണകൂടത്തിന്റെ അവകാശവാദങ്ങളെ നീതീകരിക്കുന്ന പ്രവര്‍ത്തനങ്ങല്ല ആ രാജ്യം ചെയ്‌തുകൊണ്ടിരുന്നതെന്ന്‌ അതിന്റെ ചരിത്രം തെളിയിക്കുന്നു. ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുകയും ജനാധിപത്യമൂല്യങ്ങളെ നിരാകരിക്കുകയും ചെയ്‌ത പാരമ്പര്യമാണ്‌്‌ അതിനുള്ളത്‌. അതു തന്നെയാണ്‌ അതു തുടര്‍ന്നുകൊണ്ടിരിക്കുന്നതും. റെഡ്‌ ഇന്ത്യന്‍സിനെ കൊന്നും ആഫ്രിക്കന്‍ വന്‍കരകളില്‍ നിന്ന്‌ ലക്ഷക്കണക്കിനാളുകളെ അടിമകളാക്കി പിടിച്ചുകൊണ്ടുവന്നും ആയുധകച്ചവടവും പ്രകൃതിവിഭവ ചൂഷണവും പരിപോഷിപ്പിക്കാന്‍ യുദ്ധങ്ങളഴിച്ചുവിട്ടും രാഷ്‌ട്രം പടുത്തുയര്‍ത്തിയവര്‍ ഒരിക്കലും ജനാധിപത്യത്തിന്റെ സംരക്ഷകരായിരുന്നിട്ടില്ല. എന്നല്ല പലപ്പോഴും അതിന്റെ ധ്വംസകരായിരുന്നുവെന്നതാണ്‌ ചരിത്രം.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: