നവോത്ഥാനവഴിയില്‍ യുവത്വം കാത്തുവെച്ച്‌ ശബാബ്‌

  • Posted by Sanveer Ittoli
  • at 9:40 AM -
  • 0 comments

നവോത്ഥാനവഴിയില്‍ യുവത്വം കാത്തുവെച്ച്‌ ശബാബ്‌

 വായനാനുഭവം -
ചെറിയമുണ്ടം അബ്‌ദുര്‍റസ്സാഖ്‌

നിലനില്‍പില്‍ ഏറെ പ്രയാസങ്ങളുമായി അല്‍മനാര്‍ എന്നൊരു പ്രസിദ്ധീകരണം മുമ്പിലുണ്ടായിരിക്കെ പുതുതായി മറ്റൊന്നുകൂടി എന്ന ആശയം സ്വാഭാവികമായും നേതൃത്വത്തില്‍ പലരെയും ആശങ്കാകുലരാക്കി. പലയിടങ്ങളില്‍വെച്ച്‌ നടന്ന ശബാബ്‌ തുടക്കചര്‍ച്ചകള്‍ വഴിമുട്ടി പ്രസാധനം നീണ്ടുപോയത്‌ നിലനിറുത്താനുള്ള സാമ്പത്തികപ്രയാസത്തിന്റെ പേരിലുള്ള ആശങ്കയായിരുന്നു. എന്നാല്‍ ശബാബ്‌ ലക്ഷ്യമാക്കുന്ന- അല്‍മനാറിന്റെ ലക്ഷ്യത്തില്‍നിന്നു ഭിന്നമായ- ആശയത്തിന്റെ പ്രസക്തി ഇസ്വ്‌ലാഹി ആദര്‍ശത്തിന്റെയും സംഘടനകളുടെയും ഗമനത്തിനുമുമ്പില്‍ കൂടുതല്‍ കൂടുതല്‍ തെളിഞ്ഞുവന്നത്‌ ശബാബിന്റെ അനിവാര്യത ഉറപ്പുവരുത്തിക്കൊണ്ടിരുന്നു.
വൈജ്ഞാനികതലത്തില്‍ ഊന്നിനില്‍ക്കുന്നു അല്‍മനാര്‍. എങ്കില്‍ അത്‌ മാസത്തില്‍ ഒന്നുമതിതാനും. എന്നാല്‍ തൗഹീദ്‌ ആശയത്തിന്റെ പ്രചരണവ്യാപ്‌തി, ആനുകാലിക പ്രശ്‌നങ്ങളില്‍ ഇടപെട്ട്‌ ആധുനികസമൂഹത്തിന്റെ ഭാഗമാകേണ്ടതിന്റെ ആവശ്യകത, യാഥാസ്ഥിതിക ഭാഗത്തുനിന്നും സമുദായത്തിനുപുറത്തുനിന്നും ഇസ്വ്‌ലാഹീ ആശയത്തിനും സംഘടനകള്‍ക്കും നേരെയുള്ള ആക്രമണം, സംസ്ഥാനത്തിന്റെ മുക്കുമൂലകളിലും പുറത്തും വ്യാപകമായി നടക്കുന്ന ഇസ്വ്‌ലാഹീ ചലനങ്ങളെ അപ്പപ്പോള്‍ തമ്മില്‍ ബന്ധിപ്പിക്കല്‍, വാര്‍ത്തകള്‍ കൈമാറല്‍, ബൗദ്ധികമേഖലയിലെന്നപോലെ സര്‍ഗാത്മകരംഗത്തും ഇടപെട്ട്‌ തൗഹീദിന്റെ സന്ദേശം ആധുനികരായ പുറംസമൂഹത്തെ തെര്യപ്പെടുത്തല്‍, വെറും മതമേഖല- സ്വസമുദായം എന്നതിനപ്പുറം രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ സാംസ്‌കാരിക രംഗങ്ങളിലേക്കെല്ലാം നവോത്ഥാനത്തിന്റെ സന്ദേശവുമായി കടന്നുചെല്ലല്‍ തുടങ്ങി, മുന്നില്‍ കുമിഞ്ഞ പ്രശ്‌നങ്ങളും ബാദ്ധ്യതകളും അവയിലെ ഇടപെടലിനു പറ്റിയ ഒരു പ്രസിദ്ധീകരണത്തിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി. അതിനുള്ള മറുപടിയായിരുന്നു ശബാബ്‌ എന്നതിനാല്‍ അത്‌ തുടങ്ങാതിരിക്കാന്‍ നിര്‍വ്വാഹമുണ്ടായില്ല.
അങ്ങനെ 1975ല്‍ ശബാബ്‌ പിറന്നു. ആഹ്ലാദകരവും ആവേശോജ്വലവുമായിരുന്നു തുടക്കം. ലക്ഷ്യബോധവും ആത്മാര്‍ത്ഥതയും അര്‍പ്പണമനസ്സുമുള്ള ഒരുകൂട്ടം യുവാക്കള്‍. എത്ര ആവേശത്തോടെ തുടങ്ങിയാലും ഏറെക്കാലം അത്‌ കെട്ടടങ്ങാതെ നിലനില്‍ക്കുക ഒരു സംരംഭത്തെ സംബന്ധിച്ചും ഉണ്ടാകയില്ലല്ലൊ. വലിയ സാമ്പത്തികച്ചെലവിന്റെ കാര്യമാകുമ്പോള്‍ പ്രത്യേകിച്ചും വഴിമുട്ടും. ആനിലയില്‍ സ്വാഭാവികമായും ചില ബാലാരിഷ്‌ടതകള്‍ക്ക്‌ ശബാബും വിധേയമാകാതിരുന്നില്ല. (ആ തളര്‍ച്ചയും അവയില്‍നിന്നു കരയേറാനുള്ള തുടര്‍ശ്രമങ്ങളും പ്രവര്‍ത്തകര്‍ സഹിച്ച ത്യാഗങ്ങളുമെല്ലാം വിവിധ സന്ദര്‍ഭങ്ങളിലായി പലപ്പോഴും പലയിടങ്ങളില്‍ വിശദീകരിക്കപ്പെട്ടതാകയാല്‍ ആവര്‍ത്തിക്കുന്നില്ല.)
എപ്പോഴൊക്കെ ശബാബിന്‌ ക്ഷീണം നേരിട്ടുവോ അപ്പോഴൊക്കെ അതുതീര്‍ക്കാന്‍ സഹായത്തിന്റെ കരങ്ങളും ഉണ്ടായിട്ടുണ്ട്‌. നേരത്തെ പറഞ്ഞതുപോലെ പ്രവര്‍ത്തകര്‍ അക്ഷരാര്‍ത്ഥത്തില്‍ `ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും' ഉള്ളവരായിരുന്നു എന്നതുതന്നെ കാരണം. യാത്രപ്പടിയും കൂലിയും പറ്റുന്നവരായിരുന്നില്ല അവര്‍ എന്നുമാത്രമല്ല, സ്വന്തം ജോലിക്ക്‌ ശമ്പളമായി കിട്ടുന്ന പൈസയില്‍നിന്നും കുടുംബച്ചെലവു ചുരുക്കി ചെറുതല്ലാത്ത ഒരു വിഹിതം അവര്‍ പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കാറുണ്ടായിരുന്നു. കെ.വി. മൂസാസുല്ലമി, കെ.കെ. മുഹമ്മദ്‌ സുല്ലമി, ടി.പി. അബ്‌ദുല്ലക്കോയ മദനി, ഡോ. കെ.വി. കുഞ്ഞഹമ്മദ്‌ കുട്ടി മുതലായ, വീടുകഴിയാന്‍ മറ്റുവഴികള്‍ അത്യാവശ്യമുള്ള ചിലരുടെ ശമ്പളത്തിന്റെ വലിയപങ്ക്‌ ശബാബിനും ഐഎസ്‌എമ്മിനും വേണ്ടി വിനിയോഗിക്കപ്പെടുകയായിരുന്നു എന്ന വസ്‌തുത രഹസ്യമായിരുന്നില്ല.
ശബാബിന്റെ തുടക്കംതൊട്ട്‌ ഒരു ദശാബ്‌ദം പ്രതിജ്ഞാപൂര്‍വ്വം മുഖ്യ പത്രാധിപസ്ഥാനത്ത്‌ പ്രവര്‍ത്തിക്കാന്‍ എനിക്കാണ്‌ നിയോഗമുണ്ടായത്‌. എന്തുപ്രയാസം സഹിക്കേണ്ടിവന്നിരുന്നാലും പൂര്‍ണ്ണസംതൃപ്‌തിയായിരുന്നു ഞങ്ങള്‍ക്കെല്ലാം. ചെയ്‌തതെല്ലാം കലിമത്തുത്തൗഹീദിന്റെ ഉയര്‍ച്ചക്കുവേണ്ടി, `അല്ലാഹുവിന്റെ വജ്‌ഹ്‌ ഉദ്ദേശിച്ച്‌' എന്നതും, രണ്ടാമതായി ശബാബ്‌ അതിന്റെ ലക്ഷ്യം കൈവരിച്ചുകൊണ്ടു മുന്നേറുന്നു എന്ന ആശ്വാസവും ആത്മസംതൃപ്‌തിയുമായിരുന്നു ഞങ്ങള്‍ക്ക്‌.
തീര്‍ച്ചയായും നവോത്ഥാനചരിത്രത്തിലെ ജീവത്തായ ഒരേടായിത്തീര്‍ന്നു ശബാബ്‌ എന്നതില്‍ ഒരു സംശയത്തിനും ഇടയില്ല. അജ്ഞതയാലും വിശ്വാസജീര്‍ണ്ണതകളാലും ഇസ്‌ലാമിനും മുസ്‌ലിം സമുദായത്തിനും വന്നുപെട്ടിരുന്ന അപചയത്തില്‍നിന്നും അതിനെ കരകയറ്റാനും ഖുര്‍ആനും സുന്നത്തുമെന്ന ഉരക്കല്ലില്‍ ഉരച്ച്‌ അവയുടെ തനതായ അസ്‌തിത്വം തെളിയിച്ചു കാട്ടിക്കൊടുക്കാനും ശബാബിന്‌ ഏറെ കഴിഞ്ഞു. ഈ മാര്‍ഗത്തില്‍ എതിര്‍പ്രസ്ഥാനങ്ങളുടെ തന്ത്രപരമായ അടവുകളെ പരാജയപ്പെടുത്തുക എന്നതാണ്‌ പ്രധാനമായി, ഫലപ്രദമായി ശബാബ്‌ നിര്‍വ്വഹിച്ച വലിയ ദൗത്യം.
യാഥാസ്ഥിതിക ആശയങ്ങളെയും ഇസ്‌ലാമിന്റെ രാഷ്ട്രീയ വ്യാഖ്യാനമായ മൗദൂദിസത്തെയും ഭൗതികവാദ വീക്ഷണത്തിലധിഷ്‌ഠിതമായ കമ്യൂണിസത്തെയും ഖുര്‍ആനും സുന്നത്തുംവെച്ച്‌ വിമര്‍ശനാത്മകമായി വിമര്‍ശിക്കാന്‍ ശബാബിന്‌ സാധിച്ചു. അത്തരം പ്രസ്ഥാനങ്ങള്‍ക്കെതിരെ ശബാബ്‌ നിരത്തിയ തെളിവുകളും ഉദ്ധരണികളും ആവര്‍ത്തിക്കുന്നവര്‍ മാത്രമേ ഇപ്പോഴും അവയെ വിമര്‍ശിക്കുന്നവരിലുള്ളൂ.
മൂന്നു ദശകം മുമ്പുള്ള മുഖമല്ല ഇന്ന്‌ സമുദായത്തിന്റേത്‌. വിശ്വാസാചാരങ്ങള്‍ക്കൊപ്പം വിദ്യാഭ്യാസ-സാംസ്‌കാരിക-സാമ്പത്തിക-സാമൂഹ്യ രംഗങ്ങളിലെല്ലാം മാറ്റംവന്ന, തെളിച്ചമുള്ള മുഖമാണ്‌. കര്‍മരംഗത്ത്‌ കാര്യനിര്‍വഹണം ആരുടെ കയ്യാല്‍ എന്നതല്ല, പ്രണേതാക്കള്‍ ആര്‌ എന്നതാണ്‌ മര്‍മമെങ്കില്‍ ആ സ്ഥാനത്ത്‌ എന്നും ഉപവിഷ്‌ടര്‍ ഇസ്വ്‌ലാഹീ പ്രവര്‍ത്തകരും പ്രസ്ഥാനവും അതിന്റെ ജിഹ്വകളുംതന്നെ.




Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: